ചരിത്രം നെയ്തുവെച്ച ചാലിയം

Reading Time: 2 minutes

കേരള മുസ്‌ലിം ചരിത്രത്തിലെ അവിസ്മരണീയ ഇടമാണ് ചാലിയം. കേരളത്തിലേക്കുള്ള ഇസ്‌ലാമിന്റെ ആഗമനത്തോളം തന്നെ പഴക്കമുണ്ട് ചാലിയത്തിന്റെ ചരിത്രത്തിന്. നെയ്ത്ത് പ്രധാന കൈത്തൊഴിലായി സ്വീകരിച്ചിരുന്ന പ്രദേശത്തുകാരെ ചാലിയന്മാര്‍, ചാലിയര്‍ എന്നിങ്ങനെ വിളിച്ചു പോന്നിരുന്നു. അതാവാം ചാലിയം എന്ന പേരിനടിസ്ഥാനം. സഞ്ചാരി ഇബ്‌നു ബത്തൂത്ത ചാലിയം സന്ദര്‍ശിച്ചിരുന്നുവത്രെ. സുലൈമാന്‍ നബിയുടെ സാമ്രാജ്യത്തില്‍ നിന്ന് വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ തുടങ്ങിയവയുമായി കപ്പലുകള്‍ ബേപ്പൂരില്‍ വന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ചെമ്പ്, സുഗന്ധദ്രവ്യങ്ങള്‍, തേക്ക് എന്നിവ കയറ്റി തിരികെപ്പോയതായും കാണാം. ബൈബിളിലെ ഓഫിര്‍ ബേപ്പൂര്‍ ആണെന്നും ഇതിന്റെ മറുകര ചാലിയമാണന്നും 1343ല്‍ ചാലിയം സന്ദര്‍ശിച്ച ഈ മൊറോക്കന്‍ സഞ്ചാരി ഇബ്‌നുബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്.
എഡി നാലാം നൂറ്റാണ്ടില്‍ യഹൂദരുമായും പിന്നീട് ഗ്രീക്കുകാര്‍, ചൈനക്കാര്‍, അറബികള്‍, പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലീഷുകാര്‍ തുടങ്ങി ഒട്ടുമിക്ക നാഗരികതകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താന്‍ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ചാലിയത്തിന് സാധിച്ചു. അബ്ദുല്‍ ഫിദയും റഷീദുദ്ദീനും ഉള്‍പ്പെടെ ഒട്ടേറെ സഞ്ചാരികള്‍ ഈ പൗരാണിക നഗരം സന്ദര്‍ശിച്ചിരുന്നു.
ഹിജ്‌റ ഇരുപത്തി രണ്ടാം വര്‍ഷമാണ് മാലിക് ബ്‌നു ഹബീബും സംഘവും ചാലിയത്ത് എത്തുന്നത്. അഞ്ചു മാസത്തോളം സംഘം ചാലിയത്ത് താമസിക്കുകയും പള്ളി നിര്‍മിക്കുകയും ചെയതു.
ഹിജ്‌റ എട്ടാം നൂറ്റാണ്ടില്‍ രചിച്ച മുഹ്‌യിദ്ദീന്‍ മാലയുടെ കര്‍ത്താവ് ഖാസി മുഹമ്മദ് ജന്മദേശമായ ചാലിയത്തെ മാലയില്‍ പരിചയപ്പെടുത്തുന്നത് ‘കോഴിക്കോട്ടത്തുറ’എന്നാണ്. കോഴിക്കോട് ഖാസിമാരുടെ ആദ്യ കാല ആസ്ഥാനം ചാലിയമായിരുന്നു. കരുവന്‍തിരുത്തി പുഴയുടെ സമീപമുള്ള ചാലിയത്തെ ഖാസിയാരകം പ്രസിദ്ധമാണ്.
ഇന്ത്യയില്‍ നിന്ന് പറങ്കികളെ തുരത്താന്‍ ഇടയാക്കിയ ആദ്യത്തെ അധിനിവേശവിരുദ്ധ യുദ്ധങ്ങളില്‍ ഒന്നാണ് 1571ലെ ചാലിയംയുദ്ധം.
കടലില്‍ സഞ്ചരിക്കുന്ന കപ്പലുകള്‍ക്കും മത്സ്യബന്ധന തൊഴിലാളികള്‍ക്കും വഴിമനസിലാക്കാന്‍ സ്ഥാപിക്കപ്പെട്ട ചാലിയത്തെ ലൈറ്റ് ഹൗസ് ശ്രദ്ധേയമാണ്. മലബാറിലേക്കുള്ള ആദ്യ റെയില്‍പാത തിരൂരില്‍നിന്നും ചാലിയം വരേയായിരുന്നു. ധര്‍മിഷ്ഠനും സിലോണിലെ വ്യാപാര ചക്രവര്‍ത്തിയുമായിരുന്ന പിബി ഇമ്പിച്ചി ഹാജി നിര്‍മിച്ചതാണ് ചാലിയം ഇമ്പിച്ചി ഹൈസ്‌കൂള്‍. വനം വകുപ്പിന്റെ കീഴില്‍ സ്ഥാപിച്ച ഔഷധസസ്യങ്ങളുടെ ഉദ്യാനം ‘സസ്യസര്‍വസ്വം’, കപ്പല്‍ രൂപകല്പനാ കേന്ദ്രമായ ‘നിര്‍ദേശി’ന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചാലിയത്തിന്റെ ചന്തം കൂട്ടുന്നു.

ചാലിയം പുഴക്കരപ്പളി
ഏറ്റവും പുരാതനവും പ്രശസ്തവുമായ പള്ളികളിലൊന്നാണ് ചാലിയം പുഴക്കരപ്പള്ളി. മാലിക് ബിന്‍ദീനാറും സംഘവും പണികഴിപ്പിച്ച പത്ത് പള്ളികളിലൊന്നാണ് ഇത്.
നിസ്‌കാര സമയമറിയുന്നതിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഇരുമ്പില്‍ തീര്‍ത്ത സമയസൂചിക ഇന്നും പള്ളിയങ്കണത്തില്‍ നിലകൊള്ളുന്നു.
ചാലിയം കോട്ട
സാമൂതിരിയുടെ നാവികശക്തിയെ പ്രതിരോധിക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് പടുത്തുയര്‍ത്തിയ കോട്ടയാണ് ചാലിയം കോട്ട. 1531ല്‍ ആയിരുന്നു കോട്ട പണിതത്. പറങ്കികള്‍ കേരളത്തില്‍ സ്ഥാപിച്ച അഞ്ചാത്തെ കോട്ട കൂടിയാണിത്. അന്നത്തെ പോര്‍ച്ചുഗീസ് സൈന്യാധിപനായ ഡയഗോഡ സല്‍വെരയായിരുന്നു കോട്ടയുടെ നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്. ചുങ്കം പപ്പാതി എന്ന വ്യവസ്ഥയിലായിരുന്നു സാമൂതിരി അവിടെ പോര്‍ച്ചുഗീസ്‌കാര്‍ക്ക് കോട്ട കെട്ടുവാന്‍ അനുവാദം നല്‍കിയത്. കോട്ടയുടെ പണി പൂര്‍ത്തിയായതോടെ പറങ്കികള്‍ സാമൂതിരിക്കെതിരെ തിരിഞ്ഞു. ചുങ്കം സാമൂതിരിക്ക് നല്‍കിയില്ല. കോട്ട തകര്‍ക്കാതെ നിലനിലനില്‍പ്പില്ലെന്ന് കണ്ട സാമൂതിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ തീരുമാനിച്ചു. പട്ടുമരക്കാരുടെ നാവികസേനയും സാമൂതിരിയുടെ നായര്‍ പടയാളികളും ചേര്‍ന്ന് കടലിലും കരയിലുമായി പറങ്കികള്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങി. നീണ്ട നാല്‍പത് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ 1571ല്‍ സാമൂതിരി കോട്ട തകര്‍ത്തു.

ശൈഖ് നൂറുദ്ദീന്‍ (റ)
അബൂബക്കര്‍ സിദ്ദീഖ് (റ) ന്റെ വംശപരമ്പരയില്‍, ഹിജ്‌റ പതിനൊന്നാം ശതകത്തില്‍ ജനിച്ചു. പൊന്നാനി മഖ്ദൂമിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ചാലിയത്തെത്തിയ അദ്ദേഹം ഹി.1041ല്‍ മരണപ്പെട്ടു.

അഹ്മദ് കോയ ശാലിയാത്തി
ശാലിയാത്തിയെ പരാമര്‍ശിക്കാതെയുള്ള ചാലിയംചരിത്രം അപൂര്‍ണമാണ്. ആധുനിക കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതപ്രതിഭയായിരുന്നല്ലോ മഹാന്‍. പണ്ഡിതനും സൂഫിയുമായിരുന്ന പിതാവ് നേപ്പാളത്ത് കുട്ടി ഹസന്‍ എന്നവരില്‍ നിന്നു പ്രാഥമിക പഠനം. സ്വതന്ത്ര്യ സമരപോരാളി കൂടിയായിരുന്ന ആലി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മദ്രാസിലെ പ്രസിദ്ധ സൂഫീ പണ്ഡിതന്‍ ശംസുല്‍ ഉലമാ മൗലാനാ മുഫ്തി മഹ്മൂദി എന്നിവരില്‍ നിന്ന് അറിവ് സമ്പാദിച്ചു. ശേഷം വേലൂര്‍ ലത്വീഫിയ്യയില്‍ ചേര്‍ന്നു. അക്കാലത്ത് തന്നെ ദാറുല്‍ ഇഫ്താഅ് എന്ന ഫത്‌വാ ബോര്‍ഡില്‍ അംഗമായിരുന്നു. ലത്വീഫിയ്യ, തിരൂരങ്ങാടി, കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സീ സേവനം ചെയ്തു. ശാലിയാത്തിയുടെ ഇരുപതിലധികം ഗ്രന്ഥങ്ങള്‍ രാജ്യത്തിന്റെ പുറത്ത് നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്ഥാപിതകാലം മുതല്‍ സമസ്തയുടെ അമരക്കാരനായിരുന്ന മഹാന്‍ ഹിജ്‌റ 1374 മുഹറം 27ന് മരണപ്പെട്ടു.
ഒഴിച്ചു കൂടാനാകാത്ത പേരാണ് ചാലിയത്തെ ഖലാസിമാരുടേത്. ഇന്ത്യക്കകത്തും പുറത്തുമുള്ള വന്‍കിട കെട്ടിടങ്ങള്‍, വ്യവസായശാലകള്‍, പാലങ്ങള്‍, അണക്കെട്ടുകള്‍, എന്നിവയുടെ നിര്‍മാണത്തില്‍ ചാലിയം ഖലാസിമാരുണ്ട്. കിഴക്ക് റെയില്‍പാത, പടിഞ്ഞാറ് അറബിക്കടല്‍, തെക്കും വടക്കും കടലുണ്ടി, ചാലിയാര്‍ പുഴകള്‍, ഇടതൂര്‍ന്ന കേരവൃക്ഷങ്ങള്‍ ഇതാണ് ചാലിയം ഭൂപ്രകൃതി.

Share this article

About ഹാഫിള്‍ മുബശ്ശിര്‍ ചാലിയം

View all posts by ഹാഫിള്‍ മുബശ്ശിര്‍ ചാലിയം →

Leave a Reply

Your email address will not be published. Required fields are marked *