താജ്മഹലുകള്‍ ഉണ്ടാകുന്നത്

Reading Time: 2 minutes

ജീവിതത്തിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരം എന്നോണം രാജ്യത്തെ ഏറ്റവും വലിയ അവാര്‍ഡ് സ്വീകരിക്കുന്ന ഒരു രംഗം. അവാര്‍ഡിനര്‍ഹമായ വ്യക്തിയെ വാനോളം പുകഴ്ത്തി. തുടര്‍ന്ന് മനോഹരമായ സംഭാവനകള്‍ കൊണ്ട് ജീവിതം ധന്യമാക്കിയ വ്യക്തി വേദിയിലേക്ക് ക്ഷണിക്കപ്പെട്ടു. അദ്ദേഹം രണ്ടു വാക്ക് ആമുഖമായി പറഞ്ഞുവെച്ചു. എല്ലാവരും സാകൂതം അത് കേട്ടു. അവാര്‍ഡ് ദാതാക്കള്‍ക്ക് നന്ദി അര്‍പ്പിച്ചു. പക്ഷേ ഈ അവാര്‍ഡ് സ്വീകരിക്കാന്‍ ഒരാളുടെ സാന്നിധ്യം അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ജീവിതത്തെ ഇത്രമേല്‍ ധന്യമാക്കിയ, ഉയര്‍ച്ചകള്‍ക്ക് കാരണമായ, പരീക്ഷണങ്ങളുടെ അഗ്‌നിപര്‍വങ്ങളിലൂടെ കൈപിടിച്ച് നടത്തിച്ച ആ വ്യക്തി ഈ സദസില്‍ തന്നെയുണ്ട്. അതാരാവും? എല്ലാവരിലും കൗതുകമുണര്‍ന്നു. അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റപ്പെട്ടു. ആ കിങ്‌മേക്കറെ എല്ലാവരും കണ്ടു. അത് അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.
ഇത് സാങ്കല്‍പികമോ യഥാര്‍ഥ്യമോ ആവാം. പക്ഷേ ഇതൊരു ജീവിത പരിഛേദമാണ്. ജീവിതത്തിന്റെ വഴിവക്കുകളില്‍ പകച്ചു പോയേക്കാവുന്ന നമ്മെ ജീവിതവഴിയിലേക്ക് തന്നെ തിരിച്ചുവിടുന്ന കൂട്ടാണ് നമ്മുടെ ഭാര്യയെന്ന് തിരിച്ചറിയുന്ന നേരം. നല്ല പാതി എന്നത് വെറും വാചകമല്ല. നമ്മുടെ ഉടലും മനസും എന്നും ശുഭമായിരിക്കാന്‍ സ്വന്തത്തെ ത്യജിച്ചവളാണ് ഓരോ നല്ലപാതിയും. അതാണാ പേരിന്റെ പൊരുള്‍.
മനുഷ്യ ജീവിതത്തിന്റെ ആദ്യ ബിന്ദുവില്‍ തന്നെ ഇത് കാണാനാകും. സര്‍വ ഗുണസമ്പന്നമായ, സര്‍വത്ര വിഭൂഷിതമായ സ്വര്‍ഗീയാരമത്തില്‍ ആദം(അ) ന് വേണ്ടി സൃഷ്ടിപൂണ്ട ഇണക്കുരുവിയാണല്ലോ ഹവ്വ. ഹവ്വയിലൂടെ ആദ്യ മനുഷ്യന്‍ സജീവത പ്രാപിച്ചു. സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായിരുന്നു ആ ഇണക്കുരുവി. താന്‍ കാണാത്ത ഒരു ശക്തി തന്നിലുണ്ടെന്ന് ആദം(അ) അതിലൂടെ തിരിച്ചറിഞ്ഞു. ആദം – ഹവ്വ മിഥുനങ്ങളുടെ സ്‌നേഹസങ്കലനമാണ് ഈ ഭൂമിയെ ധന്യമാക്കിയത്.
ടുഗെദര്‍നെസ് എന്നാല്‍ ഒന്നാവുക എന്നാണ്. ഒന്നാവാനുള്ള അടിസ്ഥാന രൂപങ്ങളൊക്കെ മനുഷ്യനിലുണ്ട്. അതിലൂടെ പരമാവധി ഒന്നാനാവാണ് നാം ശ്രമിക്കേണ്ടത്. ഒന്നാകുമ്പോഴാണ് സംഗീതമുണ്ടാകുന്നത്. സംഗീത ഉപകരണം ഭാവനാപൂര്‍ണമായ മനസോടെ വിദഗ്ധമായ വിരലുകളില്‍ മീട്ടുമ്പോഴാണ് വശ്യമനോഹരമായ സംഗീതം പിറക്കുന്നത്. സ്‌നേഹോഷ്മളതയുടെ താളം പൊഴിക്കുന്ന സംഗീതോപാധികളാണ് ദമ്പതികള്‍. ആ താളശ്രുതിയില്‍ ലോകം സന്തോഷിക്കുന്നു. നമ്മളും അതില്‍ ആനന്ദിക്കുന്നു. നമ്മുടെ ആനന്ദം അപരനിലെത്തുന്നു. അത് നമ്മെ കൂടുതല്‍ ഹരമുള്ളവരാക്കുന്നു. ഈ ഊര്‍ജപ്രവാഹം ആരംഭിച്ചത് ആദം-ഹവ്വ തിരുദമ്പതികളില്‍ നിന്നാണ്.
ദമ്പതികള്‍ ഒന്നാവുന്നു എന്ന പറച്ചിലിന് വലിയ ആഴമുണ്ട്. ഇഷ്ടാനിഷ്ടങ്ങളിലും അഭിരുചികളിലും ആഗ്രഹങ്ങളിലും രണ്ടു പേര്‍ ഒന്നാവുകയാണ്. അവരില്‍ അതിരുകള്‍ ഓരോന്നായി മാഞ്ഞില്ലാതാവുന്നു. ഇരു ശരീരങ്ങളും ഒറ്റ മനസുമായി അവര്‍ മാറുന്നു. ഇത് പരക്കേ തെളിയിക്കപ്പെട്ടതാണ്. തിരുനബിയും മഹതിഖദീജയും അത് തെളിയിച്ച് തന്നു. തിരുനബിജീവതത്തിലേക്ക് ഖദീജ ഇണയായി വരുമ്പോള്‍ ശത്രുകുബേരര്‍ ഉന്നയിച്ച ആരോപണം നബി സമ്പന്നലല്ല എന്നായിരുന്നു. ഇതറിഞ്ഞ ഖദീജ(റ) ശത്രുകുലീനരുടെ മുന്നില്‍ ആ പ്രഖ്യാപനം നടത്തുന്നു, സമ്പത്ത്, പ്രതാപം എന്നുവേണ്ട എനിക്കുണ്ടായിരുന്നതെല്ലാം ഇനി ഈ പ്രവാചകന് സ്വന്തമാണ്. ഇതാണ് ഒന്നാവലിന്റെ ഒന്നാംതരം മാതൃക.
നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സമര്‍പ്പിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ‘ബിര്‍റ്’ എത്തിച്ചേരുന്നത് എന്നാണ് ഖുര്‍ആന്‍ സൂക്തം. ബിര്‍റ് എന്നാല്‍ ദൈവത്തിങ്കല്‍ നിന്നുള്ള ഗുണം.
ഖദീജമഹതി ഈ മാതൃകയിലാണ്. തനിക്കിഷ്ടപ്പെട്ടതെല്ലാം അവര്‍ നബിക്ക് നല്‍കി. ജീവതകാലം മുഴുക്കെയും തിരുനബി അത് ഓര്‍ത്തുകൊണ്ടേയിരുന്നു. ആഇഷബീവിയുടെ കൗശലവും കുസൃതിയും നിറഞ്ഞ പെരുമാറ്റങ്ങളോട് എത്ര മനോഹരമായാണ് മുത്ത്‌നബി ഇടപെട്ടത്.
ഫാത്വിമ ബീവിയും ആഇഷ ബീവിയും തമ്മില്‍ ഒരു സംസാരം നടന്നു. കൗതുകം ജനിപ്പിക്കുന്ന ഒരുപാട് സംസാരങ്ങള്‍ സമപ്രായക്കാരായ അവര്‍ക്കിടയിലുണ്ടായിട്ടുണ്ട്. നബിക്ക് കന്യകാത്വത്തിന്റെ അനുഭൂതിയും ശുദ്ധിയും അനുഭവിക്കാന്‍ ഞാനാണ് ആദ്യം അവസരമൊരുക്കിയത്. അതിനാല്‍ ഭാര്യമാരില്‍ ഒന്നാമത് ഞാനാണ്. എന്നാണ് ആഇഷ ബീവി പറഞ്ഞത്. ഖദീജ ബീവിയുടെ മകള്‍ക്കിത് പിടിക്കുമോ? അവര്‍ തമ്മിലെ സംസാരം നബിയിലെത്തി. നബിയുടെ വാക്ക് അവരെ സമാധാനിപ്പിച്ചു. ‘എന്നിലെ കന്യകാത്വം ആദ്യം അനുഭവിച്ചത് ആരാണെന്ന് നോക്കൂ.’ ഇതായിരുന്നു നബിയുടെ വാക്ക്. കന്യകാത്വം എന്ന നബിവാക്കിന്റെ താത്പര്യം വ്യക്തമാണല്ലോ? ആദ്യം മധുവിധു പങ്കിട്ടത്, ആദ്യരാത്രിയെ ആദ്യം സ്വീകരിച്ചത് എല്ലാം ഖദീജയുമായിട്ടായിരുന്നല്ലോ. ഇതൊന്നും അത്ര ചെറുതല്ലല്ലോ.
പ്രണയം പോലെ പൊട്ടിപ്പോകുന്ന നൂലല്ല ദാമ്പത്യം. കളങ്കമില്ലാത്ത ജീവിതാവിഷ്‌കാരമാണത്. താജ്മഹല്‍ ഒരു ഭാര്യക്ക് വേണ്ടി ഭര്‍ത്താവ് സമര്‍പ്പിച്ച സ്മാരകമാണല്ലോ. ഷാജഹാന്‍ മുംതാസിന് വേണ്ടി. ഷാജഹാന് മൂന്ന് മക്കളെ നല്‍കിയ പത്‌നിക്ക് നല്‍കിയ ആ സമ്മാനം ലോകാദ്ഭുതമായി പരിണമിച്ചു. നിഷ്‌കാമ സ്‌നേഹത്തിന് ലോകം നല്‍കിയ അംഗീകാരമാണത്. പ്രണയത്തിന് ഇത്ര പ്രൗഢിയും പ്രശസ്തിയും കിട്ടിയ മറ്റൊരടയാളം ഉലകത്തിലില്ല. പെട്ടെന്ന് മാഞ്ഞുപോകുന്ന മുദ്രയല്ലിത്. സ്‌നിഗ്ധസ്‌നേഹത്തിന്റെ വാങ്മയചിത്രം പോലെ ഉയര്‍ന്ന് നില്‍ക്കുന്ന താജ്മഹല്‍ നല്ല ഭാര്യഭര്‍തൃബന്ധത്തിന്റെ കൊടിപ്പടം കൂടിയാണ്. ഭഗ്‌നപ്രണയത്തില്‍ നന്മകളില്ല, ചങ്ങമ്പുഴയുടെ രമണന്‍ പോലെ വിഷാദത്തിന്റെ ക്ഷണക്കത്തുകള്‍ മാത്രമാണത്.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *