കാത്തിരിക്കുന്നത് കാല്‍പനിക ലോകം

Reading Time: 2 minutes

മുന്‍ അനുഭവങ്ങളില്‍നിന്നു വ്യത്യസ്തമായി മനുഷ്യകുലത്തിന്റെ മുഴുവന്‍ ജീവിത വ്യവഹാരത്തിലും വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഈ കോവിഡ് ദുരന്തത്തിനായിട്ടുണ്ട്. സാമ്രാജ്യത്വത്തിന്റെ പതനത്തിന്ന് ശേഷം ലോക രാഷ്ട്രീയം പൊതുവെ പടിഞ്ഞാറന്‍ കേന്ദ്രീകൃതമായിരുന്നു. ലോകം അമേരിക്കന്‍ കേന്ദ്രീകൃതത്തിലേക്ക് ചുരുങ്ങി എന്നും പറയാം. ഈ അന്താരാഷ്ട്രീയ നടപ്പു രീതിയില്‍ കോവിഡ് വഴിത്തിരിവ് സൃഷ്ടിച്ചു. കോവിഡ് പ്രതിരോധത്തിലൂടെ മരിച്ചു പോയ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളുടെ ധാര്‍മിക ഉയര്‍ത്തെഴുന്നേല്‍പ്പിന് ലോകം സാക്ഷിയായി.
തീവ്രദേശീയതയോടുളള ആഭിമുഖ്യം ദീര്‍ഘകാലം നീണ്ട് നില്‍ക്കില്ല. കൂടുതല്‍ പ്രായോഗികമായ ഇന്റര്‍നാഷനലിസം ഉരുത്തിരിയുകയും അതിരുകളെ അപ്രസക്തമാക്കുന്ന സ്വാതന്ത്ര്യം മനുഷ്യന്റെ മുന്‍ഗണനയില്‍ ഇടംപിടിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ ശക്തി പടിഞ്ഞാറുനിന്നും കിഴക്കിലേക്ക് മാറും. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സാമ്പത്തിക ശക്തികളെന്ന പദവി വെസ്റ്റേണ്‍ യൂറോപ്പ്, യു എസ് എന്നിവിടങ്ങളില്‍നിന്ന് അതിവേഗം ഇന്ത്യക്കും ചൈനക്കും ലഭിക്കുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. ചൈനയുടെ സംസ്‌കാരം ആഗോള ദേശീയതയുടെ മുന്‍നിരയിലേക്ക് കയറിവരും. ഇന്ത്യയുടെയും ചൈനയുടെയും ലീഡര്‍ഷിപ്പ്, മാനേജ്‌മെന്റ് തത്വങ്ങള്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാകുകയും അവ അംഗീകരിക്കപ്പെടുകയും ചെയ്യും.

നവനിര്‍മാണ ബദല്‍
സാമ്പത്തിക ആഗോളവത്കരണം നല്‍കുന്ന സൗകര്യങ്ങളെ മനുഷ്യര്‍ ഒരു മഹാമാരികൊണ്ട് ഉപേക്ഷിക്കില്ല. സാമ്പത്തിക വ്യവസ്ഥയുടെ അടിസ്ഥാനസ്വഭാവം തുടര്‍ന്നേക്കാമെങ്കിലും ശ്രേണി പുതുക്കിപ്പണിയപ്പെടും. പതിറ്റാണ്ടുകളായി തുടരുന്ന അമേരിക്കന്‍ സെന്‍ട്രിക് ഗ്ലോബലൈസ്ഡ് ഇക്കോണമി എന്നത് ചൈനീസ് സെന്‍ട്രിക് ആകാനുള്ള സാധ്യതകള്‍ ശക്തിപ്പെടുകയാണ്. സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനഘടന തന്നെ മാറും. ഉത്പാദനക്ഷമതയും മൂല്യവര്‍ധനയും സൃഷ്ടിക്കുന്ന മേഖലകള്‍ സമ്പദ് വ്യവസ്ഥയുടെ ശക്തികേന്ദ്രമാകും. പ്രത്യേകിച്ച് സേവനമേഖല വികസിക്കും. കൃഷിയില്‍ കൂടുതലായി ഓട്ടോമേഷനും സാങ്കേതികവിദ്യയും ഉപയോഗിക്കപ്പെടും. സാമ്പത്തിക വളര്‍ച്ചയുടെ മൊത്തത്തിലുള്ള ആശയങ്ങള്‍ മാറേണ്ടതുണ്ട്. ജി ഡി പിക്ക് പുതിയതും കൂടുതല്‍ സമഗ്രവുമായ നിര്‍വചനം സ്വീകരിക്കപ്പെടും. വരുമാനത്തിലും സമ്പത്തിലുമുള്ള അസമത്വം കുറക്കുന്നതിനായി പുതിയ സാമ്പത്തിക മാതൃകകള്‍ നിലവില്‍ വരും. പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകും. ജനങ്ങളുടെ അവസാനത്തെ ആശ്രയദാതാവ് എന്ന സര്‍ക്കാരിന്റെ റോള്‍ മാറും. പ്രധാന ഉത്തരവാദിത്ത മേഖലകള്‍ തിരിച്ചറിയുന്നതിനോടൊപ്പം അപ്രധാന മേഖലകള്‍ ഒഴിവാക്കും. ബജറ്റില്‍ പരോക്ഷനികുതികളുടെ വിഹിതം കൂടും.

സാങ്കേതിക തലമുറ
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, റിമോട്ട് സെന്‍സിംഗ്, സാറ്റലൈറ്റ്, ഡ്രോണ്‍ സര്‍വീലിയന്‍സ് തുടങ്ങിയ സംവിധാനങ്ങള്‍ സംയോജിപ്പിച്ച് സാങ്കേതിക വൈദഗ്ധ്യങ്ങള്‍ ഭരണരംഗത്തും രോഗപ്രതിരോധ, സൈനിക മേഖലയിലും കൂടുതലായി ഉപയോഗിക്കും. വിവിധ ലോകരാജ്യങ്ങള്‍ ഇതിനകം ഈ സന്ദശം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. എ ഐ, റോബോട്ടിക്‌സ്, അനലിറ്റിക്‌സ് തുടങ്ങിയവ എല്ലാ മേഖലകളിലേക്കും വ്യാപിക്കും. അവ വിവിധ മേഖലകളെ കീഴ്‌മേല്‍മറിക്കും. ലോക് ഡൗണ്‍ കാലത്ത് സേവന മേഖലയില്‍ വന്ന വന്‍ സാങ്കേതിക സ്വാധീനം ഇന്ത്യയുടെ രണ്ടാമത്തെ ഐറ്റി വിപ്ലവത്തിന് വഴിതുറക്കും. ഹാര്‍ഡ് വെയര്‍, സോഫ്റ്റ് വെയര്‍, എഐ, റോബോട്ടിക്‌സ് എന്നീ മേഖലകള്‍ അതിവേഗം വളരും.
ഓണ്‍ലൈന്‍, വെര്‍ച്വല്‍ ആയി ജോലി ചെയ്യുന്നത് സാധാരണമായി മാറും. വലിയ കേന്ദ്രീകൃത ഓഫീസുകളുടെ കാലം കഴിഞ്ഞു. എല്ലാ ഡോക്യുമെന്റുകളും പ്രോസസുകളും ഡിജിറ്റലാകും. ജോലികള്‍ വെര്‍ച്വല്‍ ആകും. വെര്‍ച്വല്‍ വര്‍കിംഗ്, ഓണ്‍ലൈന്‍ സ്‌കില്‍ എന്നിവയില്‍ ഓരോരുത്തരും അടിസ്ഥാനപരമായ കഴിവ് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം ലോകത്തിന് പുതു അനുഭവമെങ്കിലും സങ്കേതികതയുടെ സുതാര്യതയെ സമ്പൂര്‍ണമായും തിരിച്ചറിഞ്ഞു. ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഗവണ്‍മെന്റുകള്‍ തന്നെ വീട്ടില്‍ നിന്ന് ജോലി ചെയ്യുക എന്ന നിലപാടെടുത്തു. ഇതോടെ കൂടുതല്‍ സോഫ്റ്റ് വെയര്‍ സൗകര്യങ്ങള്‍ നിത്യജോലിക്കായി ഉപയോഗിച്ചു. സൂം മീറ്റിംങ് ആപ്പിനു മാത്രം ലോക്ക് ഡൗണില്‍ പത്തുകോടി ഡൗണ്‍ലോഡ് ഉണ്ടായി. വീഡിയോ കോണ്‍ഫറന്‍സിംഗ്, എഐ, അനലിറ്റിക്‌സ് ടൂളുകള്‍ വഴി കോടതികളുടെ കാര്യക്ഷമത വര്‍ധിക്കുകയും കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്യും. ഇതുവഴി ഇന്റര്‍നെറ്റ് മേഖല ശക്തമായ തിരിച്ചുവരവ് നടത്തും.
ബാന്‍ഡ് വിഡ്ത്ത് ആണ് എല്ലാം. കണക്റ്റിവിറ്റിയും അതിന്റെ വേഗതയും വിശ്വാസ്യതയും മെച്ചപ്പെടും. ഇന്റര്‍നെറ്റും ബാന്‍ഡ്വിഡ്ത്തും അടിസ്ഥാനസൗകര്യവും അവശ്യസേവനമാകും.
ഇതോടൊപ്പം ഏറ്റവും പ്രധാനമായ പരിണാമം സംഭവിക്കുന്നത് ജനങ്ങളുടെ ജീവിത ശൈലിയിലാണ്. സപ്ലൈ ചെയ്‌നുകളും ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കുകളും ടെക്‌നോളജി അധിഷ്ഠിതമാകുകയും കൂടുതല്‍ കാര്യക്ഷമമാകുകയും ചെയ്യും. പ്രാദേശിക ഗ്രോസറി, ഫുഡ് ഔട്ട്‌ലെറ്റുകള്‍ വരെ ഓണ്‍ലൈന്‍ ഇടപാടുകളിലേക്കു വരും. കോവിഡിനൊപ്പം സൈബര്‍ ഇടങ്ങള്‍ കൂടുതല്‍ സംവാദാത്മകമാവുന്നു. ഒപ്പം കൂടുതല്‍ കുറ്റകൃത്യങ്ങളും ഓണ്‍ലൈനാകുന്നതോടെ സൈബര്‍ സെക്യൂരിറ്റിക്ക് കൂടുതല്‍ പ്രാമുഖ്യം കൈവരും. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും തര്‍ക്കവിഷയമാകുകയും ചെയ്യും.

പ്രകൃതിയും മനുഷ്യരും
കോവിഡിന് ശേഷം ലോകം പ്രകൃതി സംരക്ഷണത്തിനും ജൈവ സുരക്ഷാ സംവാദങ്ങള്‍ക്കുമെല്ലാം പ്രാമുഖ്യം നല്‍കും. പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുന്നതിന് എല്ലാ സര്‍ക്കാരുകളും സമൂഹവും പ്രാധാന്യം കൊടുക്കും. പ്രകൃതിസംരക്ഷണം ആഗോള ജനസഞ്ചയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വമെന്ന തിരിച്ചറിവ് ജനിപ്പിക്കാന്‍ കോവിഡിനായി. മനുഷ്യകുലം പ്രകൃതി വിഭവങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയത് മുതലാണ് വൈറസുകള്‍ വില്ലനാവാന്‍ തുടങ്ങിയത്. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ വലിയ സംവാദത്തിന് കളമൊരുക്കും. ലോകം നിശ്ചലമായപ്പോള്‍ അന്തരീക്ഷ മലിനീകരണവും പ്രകൃതി ചൂഷണവുമെല്ലാം ഗണ്യമായി കുറഞ്ഞു. അന്തരീക്ഷ മലിനീകരണ നഗരമായ ഡല്‍ഹിയില്‍ 60 ശതമാനത്തോളം കാര്‍ബണ്‍ അളവ് കുറഞ്ഞു. മെട്രോപൊളിറ്റന്‍ സിറ്റിയായ മുംബൈയിലും പൂനയിലുമെല്ലാം മാറ്റമുണ്ടായി. പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള അന്തര്‍ദേശീയ ആവശ്യങ്ങള്‍ ഉയരുമ്പോള്‍ സാധാരണ പുറകോട്ട് നില്‍ക്കുന്ന മുതലാളിത്ത ബ്ലോക്കിന് ഇത്തവ പിന്മാറാനാകില്ലെന്ന് ചുരുക്കം.
മനുഷ്യസമൂഹം മൊത്തത്തില്‍ കൂടുതല്‍ അനുകമ്പയും സഹാനുഭൂതിയും ഉള്ളവരാകും. പ്രതിസന്ധികള്‍ പരിധികള്‍ ദേദിച്ച് മനുഷ്യനെ ഏകശിലയിലേക്ക് കേന്ദ്രീകരിക്കാന്‍ സഹായിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളും അസമത്വം കുറക്കലും നയനിര്‍മാതാക്കളുടെയും സംരംഭകരുടെയും മുഖ്യവിഷയമായി മാറും. ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തിന്റെ പ്രാധാന്യം കൂടുകയും ശുചിത്വം ഉയര്‍ന്ന നിലവാരം കൈവരിക്കുകയും ചെയ്യും. ഭക്ഷണക്രമം, വ്യായാമം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിഞ്ഞതിനാല്‍ ലോക്ഡൗണ്‍ സമയത്ത് ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടും. ആതുര ബോധം ജനങ്ങളില്‍ വര്‍ധിക്കും. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് കേരളത്തില്‍ മാത്രം പ്രതിമാസം 900 കോടി രൂപക്കായിരുന്നു മെഡിസിന്‍ വ്യാപാരം നടന്നിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്ന് ശേഷം ഇത് 10 കോടിയായി കുറഞ്ഞത് സൂചനയാണ്.

ക്ലാസ് മുറികളിലെ സിലബസ്
അക്കാദമിക്ക് രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ തന്നെയുണ്ടാകും. ഔപചാരിക പഠനങ്ങളുടെ രീതികള്‍ മാറും. ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്ലാസ്‌റൂം സൗകര്യം പ്രൈമറിതലം മുതല്‍ ലഭ്യമാകും. മെറ്റീരിയലുകള്‍ ഡിജിറ്റല്‍വത്കരിക്കപ്പെടും. എല്ലാ വിദ്യാര്‍ഥികളും ഉന്നതപഠനത്തിനായി കോളജില്‍ വരുന്ന രീതിയില്‍ മാറ്റം വരുകയും ഉന്നതവിദ്യാഭ്യാസ മേഖല ഓണ്‍ലൈന്‍ മോഡലിലേക്ക് മാറുകയും ചെയ്യും. ക്ലാസുകളിലെത്തി പഠനം നടത്തുന്നവരുടെ എണ്ണം കുറയും. ടീച്ചിംഗില്‍നിന്ന് ലേണിംങിലേക്ക് വിദ്യാഭ്യാസരീതി മാറും. ലൈബ്രറികളും റിസര്‍ച്ചുമെല്ലാം ഓണ്‍ലൈന്‍ ആകും. ദുരന്തം എന്നതിനപ്പുറത്തേക്ക് കോവിഡ് ലോകത്തെ വഴി നടത്തും.

Share this article

About ഇന്‍സാഫ് എ കെ കൊളപ്പുറം

View all posts by ഇന്‍സാഫ് എ കെ കൊളപ്പുറം →

Leave a Reply

Your email address will not be published. Required fields are marked *