ചെറുകിട ബിസിനസുകാര്‍ അതിജീവിക്കണം

Reading Time: 3 minutes

കോവിഡ് സാഹചര്യം ഗള്‍ഫ് നാടുകളില്‍ ഒറ്റക്കും കൂട്ടായും സംരംഭങ്ങളിലേര്‍പ്പെട്ടവരെ ആശങ്കയിലാക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തെ ജോലി ഉപേക്ഷിച്ച് സ്വയം സംരംഭത്തിലേക്കു പ്രവേശിക്കാന്‍ തീരുമാനിച്ചവരും അടുത്തിടെ മാറിയവരും മനോവിഷമത്തിലാണ്. അടുത്തിടെ മാത്രം ബിസ്‌നസ് മേഖലയിലേക്കു ചുവടുവെച്ചവര്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെയോ നഷ്ടം അനുഭവിച്ചോ മുന്നോട്ടുപോകുന്ന സ്ഥിതിയാണ്. കോവിഡ് പ്രതിസന്ധി എത്രകാലം എന്നതു സംബന്ധിച്ച് പ്രവചനങ്ങള്‍ക്കു സമയമായിട്ടില്ലെങ്കില്‍പോലും ഇതൊരു താത്കാലിക പ്രശ്‌നമാണ്. വര്‍ഷങ്ങളെടുത്തെങ്കിലും ലോകം തിരിച്ചുവരും. ഓരോ രാജ്യവും മേഖലയും അതതു പ്രദേശങ്ങളുടെ സാഹചര്യം പരിഗണിച്ച് സാധാരണ നിലയിലേക്കു വരും. എന്നാല്‍ ആഗോളാടിസ്ഥാനത്തില്‍ സാധാരണ നില കൈവരിക്കാന്‍ കൂടുതല്‍ സമയമെടുക്കും. സാധാരണ അവസ്ഥയിലേക്കുള്ള മടക്കം എളുപ്പമല്ലെന്നും പുതിയ സാധാരണത്വത്തിനൊപ്പം (ന്യൂ നോര്‍മല്‍) സഞ്ചരിക്കാനാണ് ശീലിക്കേണ്ടതെന്നുമുള്ള നിരീക്ഷണങ്ങള്‍ വന്നുകൊണ്ടിരിക്കേ ബിസിനസ് സംരംഭകരും പങ്കാളികളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നിതാന്ത ജാഗ്രത വേണം
ബിസിനസ് തുടര്‍ച്ച എങ്ങനെ സംരക്ഷിക്കാം, അഭിവൃദ്ധിപ്പെടുത്താം എന്നതു സംബന്ധിച്ചുള്ള നയങ്ങള്‍ ഓരോകച്ചവടക്കാരനും അവരുടെ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് മാറ്റംവരുത്താന്‍ ശ്രമിക്കേണ്ടി വരും. ചെറുകിട, ഇടത്തരം സംരംഭകര്‍ (SME) ഉടമകള്‍ക്ക് അവരുടെ ബിസിനസിനെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായേക്കാം. എങ്കിലും ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ സഹായിക്കുന്നതിനും ഉപദേശം തേടുന്നതിനും വിദഗ്ധരുടെയും പരിചയസമ്പന്നരുടെയും സേവനങ്ങള്‍ സ്വീകരിക്കാന്‍ സന്നദ്ധമാകണം. കൃത്യമായ സാമ്പത്തിക, കച്ചവട പ്രവചനങ്ങളും ആസൂത്രണങ്ങളും ഈ ഘട്ടത്തില്‍ അത്രമേല്‍ പ്രധാനമാണ്.
കോവിഡ് പ്രതിസന്ധി ഉടലെടുക്കുന്നതിനു മുമ്പുള്ള അവസ്ഥയിലെ കരുതല്‍ധനവും ബിസിനസ് പ്രകടനവും സാധാരണ കച്ചവട സാധ്യതകളും കോവിഡിനു ശേഷം വിശദമായി പഠിക്കുകയും കോവിഡിന് ശേഷം എന്തൊക്കെ മാറ്റങ്ങള്‍ വരുന്നുവെന്നും അത് ബിസിനസ് മേഖലയില്‍ എന്തുമാറ്റം കൊണ്ടുവരണമെന്നതു സംബന്ധിച്ചും മതിയായ ഗൃഹപാഠം നടത്താന്‍ ഓരോരുത്തരും സന്നദ്ധമാകണം. അഥവാ ജാഗ്രതയോടെയും സൂക്ഷ്മതയോടെയും മാത്രമേ ഈ ഘട്ടത്തില്‍ ബിസിനസ് മേഖല കൈകാര്യം ചെയ്യാവൂ. നേരത്തേ സ്വീകരിച്ചിരുന്ന ആലസ്യവും സാവകാശവുമൊന്നും അനുഭവിക്കരുത്. എങ്കിലേ പുതിയ വെല്ലുവിളിയെ അനായാസേനെ കൈകാര്യം ചെയ്യാന്‍ സാധിക്കൂ.
ഒരു രണ്ടു വര്‍ഷക്കാലത്തേക്കെങ്കിലും അതിജീവനം മുഖ്യ അജണ്ടയാക്കണം. അതിന് റിസ്‌കുകള്‍ കുറക്കുകയും ഉണ്ടാകുന്നവ അതിവേഗം കൈകാര്യം ചെയ്യുകയും വേണം. റിസ്‌കുകള്‍ മറികടക്കുന്നതിനു വേണ്ടി സ്വീകരിക്കാവുന്ന ഉചിതമായ നടപടികള്‍ പഠിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും വേണം.

കസ്റ്റമര്‍ ഡാറ്റാബേസ്
ഗള്‍ഫിലും നാട്ടിലും മിക്ക സ്ഥാപനങ്ങളും ഇപ്പോള്‍ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഒരു കസ്റ്റമര്‍ ഡാറ്റാ ബേസ് കൂടി രുപപ്പെടുത്താന്‍ സാധിച്ചാല്‍ ഓരോ കസ്റ്റമേഴ്‌സിന്റെയും താത്പര്യങ്ങളും ആവശ്യങ്ങളും മനസിലാക്കുന്നതിനും അതനുസരിച്ച് സര്‍വീസുകളും സ്റ്റോക്കും ക്രമീകരിക്കാനും നിയന്ത്രിക്കാനും സാധിക്കും. പുരോഗമനത്തെക്കാള്‍ അതിജീവനമാണ് ഇന്ന് ലോകം പരിചയപ്പെടുത്തുന്നത്. ഇപ്പോള്‍ ഓണ്‍ലൈന്‍ ഡെലിവറി വളരെ ലളിതവും സൗകര്യപ്രദവുമായിമാറിയിട്ടുണ്ട്. വാട്‌സാപ്പ് ഉപയോഗിച്ച് കസ്റ്റമര്‍ സര്‍വീസ് കൈകാര്യം ചെയ്യാം. സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ചുള്ള പരസ്യങ്ങളിലൂടെ കസ്റ്റമറെ ആകര്‍ഷിക്കുകുയം ചെയ്യാം.

ഓണ്‍ലൈന്‍ സേവനം
ഓണ്‍ലൈന്‍കച്ചവടവും പുതിയ കാലത്തെ വലിയ സാധ്യതകളാണ്. ആമസോണ്‍, നൂര്‍, അവോക് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റുഫോമുകളില്‍ സെല്ലെര്‍ അക്കൗണ്ട് ഉണ്ടാക്കിയാല്‍ അതുവഴിയും ബിസിനസുകള്‍ സാധ്യമാകും. സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സാധ്യതകള്‍ നന്നായി ഉപയോഗിക്കാനാകണം.

മുന്‍ഗണനകള്‍
ആവശ്യങ്ങളുടെ സമഗ്രമായ ചെക്ക്‌ലിസ്റ്റ് തയാറാക്കി വേണം ഓരോ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍. അത്യാവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിവേണം പര്‍ച്ചേസ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിനിയോഗങ്ങള്‍. മുന്‍ഗണനകള്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. സാമ്പത്തിക മാനേജ്‌മെന്റ് ടാസ്‌ക് തയാറാക്കി നിരന്തരം അപ്‌ഡേറ്റ് ചെയ്തു വേണം പ്രവര്‍ത്തിക്കാന്‍.

മാറ്റങ്ങള്‍ അനിവാര്യം
ഓരോ സംരംഭകനും പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ ഈ ഘട്ടത്തില്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. ഉദാഹരണമായി, കാലങ്ങളായി സപ്ലേ ചെയ്തുകൊണ്ടിരിക്കുന്ന ഉത്പാദകനോ വിതരണക്കാരനോ ആയ കമ്പനി, അല്ലെങ്കില്‍ ഫാക്ടറി അവരുടെ ഉത്പന്നങ്ങള്‍ ഏതെങ്കിലും കാരണങ്ങളാല്‍ തരാന്‍ സാധിക്കില്ലെന്ന് പറയുമ്പോള്‍ നമ്മുടെ കസ്റ്റമേഴ്‌സ് മറ്റുസ്ഥാപനങ്ങള്‍ തേടിപ്പോകും. അതിന് അവസരം നല്‍കാതെ ബദല്‍ സംവിധാനം തയാറാക്കാന്‍ സാധിക്കണം. സേവനങ്ങള്‍ ഔട്ട് സോഴ്‌സ് ചെയ്യുന്നതിനും മടി കാണിക്കേണ്ടതില്ല. സര്‍വീസായാലും പര്‍ച്ചേസായാലും കൃത്യസമയത്തെ ഡെലിവറി ഒരു സ്ഥാപനത്തിന്റെ മേല്‍വിലാസം സൃഷ്ടിക്കുന്നതില്‍ പ്രധാനഘടകമാണ്.

വിശ്വസ്തത
ഉപഭോക്തൃ സ്വീകാര്യതയുടെ പ്രധാന ഘടകമാണ് വിശ്വസ്തത. ഉപഭോക്തൃ/ചെറുകിട പലചരക്ക് ഭക്ഷണ വിതരണ കടകളില്‍ വിശ്വസിക്കുക എന്നതിനര്‍ഥം, ഉത്പന്നങ്ങള്‍ അടുക്കി വെക്കുന്ന ട്രേ, ഷെല്‍ഫുകള്‍, സെയില്‍സ്മാന്‍, സഹായികള്‍ തുടങ്ങിയവരിലെല്ലാം സുരക്ഷിതമായ സമീപനം നിലനിര്‍ത്തുക, ശുചിത്വം പാലിക്കുക തുടങ്ങിയവകൂടിയാണ്. കോവിഡിനു മുമ്പ് മാസ്‌ക് / ഗ്ലൗസ് ഉപയോഗിക്കണമെന്നോ കൈ കഴുകണമെന്നോ ഉള്ള ചിന്തകള്‍ ഒരുപക്ഷേ കച്ചവടക്കാരനും വാങ്ങുന്നയാള്‍ക്കും ഉണ്ടായിരിക്കണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിമാറി. മുമ്പ് തട്ടുകടയില്‍നിന്നോ ഏതെങ്കിലും തെരുവ് വില്‍പനക്കാരില്‍നിന്നോ കോഫി / പ്രഭാതഭക്ഷണം കഴിക്കാന്‍ പലരും താത്പര്യപ്പെടുമായിരുന്നു. എന്നാല്‍, പോസ്റ്റ് കോവിഡില്‍ ആരും ആ ഷോപ്പുകള്‍ എളുപ്പത്തില്‍ സ്വീകരിക്കില്ല.

സുരക്ഷിതത്വം
ശുചിത്വവും സുരക്ഷിതത്വവും ഫീല്‍ ചെയ്യിക്കുന്നതായിരിക്കണം ഓരോ സംവിധാനങ്ങളും. ഉദാഹരണത്തിന് പായ്ക്ക് ചെയ്ത ചെയ്തഭക്ഷണം, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, കാണുമ്പോള്‍ കസ്റ്റമേഴ്‌സിന് സുരക്ഷിതത്വം ബോധ്യപ്പെടും. ഓഫ്‌ലൈന്‍ ഉപഭോക്താക്കള്‍ സുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് കൂടുതല്‍ ശ്രദ്ധയും മുന്‍കരുതലുകളും ഉള്ളവരാണ്. അതുകൊണ്ടുതന്നെ ഉപഭോക്താവിന്റെ വിശ്വാസ്യതയും ആത്മവിശ്വാസവും വളര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് ബിസിനസുകാരെ സംബന്ധിച്ച് നിര്‍ബന്ധമാണ്.

ആത്മവിശ്വാസം
പ്രതിസന്ധിക്കിടയിലും ആത്മവിശ്വാസം ചോര്‍ന്നുപോകാതെ നോക്കാനും തികഞ്ഞ ആത്മവിശ്വാസം മറ്റുള്ളവര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനും സംരംഭകര്‍ ശ്രദ്ധിക്കണം. തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍, വിതരണക്കാര്‍ എന്നിവരുമായി പോസിറ്റീവ് എനര്‍ജി പങ്കിടുകയും ആശയങ്ങള്‍ സ്വീകരിക്കുകയും ബിസിനസ് തുടര്‍ച്ചക്ക് ഗുണമാകുന്ന ആശയങ്ങള്‍ നടപ്പില്‍വരുത്തുകയും വേണം. എന്നാല്‍ ഉപഭോക്താക്കളും വിതരണക്കാരും ഓര്‍ഡര്‍ നല്‍കാനോ വിതരണം ചെയ്യാനോ താത്പര്യപ്പെടും. എന്നാല്‍, നിലനില്‍പ്പിനെക്കുറിച്ച് സംശയമുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ ആരും ധൈര്യപ്പെടില്ല. അതിനാല്‍ സന്ദേശം വ്യക്തവും ശക്തവുമായിരിക്കണം. ഷെയര്‍ ഉടമകള്‍ക്കും ഗുണഭോക്താക്കള്‍ക്കും ബിസിനസ് തുടരുന്നുണ്ടെന്നും ബിസിനസ് മുന്നോട്ടു കൊണ്ടുപോകുന്നതിന് സമഗ്രമായ ആസൂത്രണം നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെടുത്തുകയും വേണം. ഭയപ്പെടേണ്ടതില്ല എന്ന സന്ദേശം വളരെ പ്രധാനമാണ്.

നവീകരണം
പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ പൊതു സ്വഭാവങ്ങളും രൂപഭാവങ്ങളും ചെലവുകുറഞ്ഞ രീതിയില്‍ നവീകരിക്കാം. സ്ഥാപനം പുതിയ ഉന്മേഷത്തിലേക്കു പ്രവേശിക്കുന്നു എന്ന ധാരണ ജീവനക്കാരിലും ഉപഭോക്താക്കളിലും ഉണ്ടാക്കാന്‍ ഇതുവഴി സാധിക്കും. ബിസിനസ് സംരംഭങ്ങള്‍ പുനര്‍രൂപകല്പനക്കു വിധേയമാക്കുകയും ആകാം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍കൂടി മനസിലാക്കി വില്‍പന നടത്തുന്ന ഉത്പങ്ങള്‍ വിപണിയിലെത്തിക്കുകയും ബജറ്റ് പര്‍ച്ചേസ് പ്രോത്സാഹിപ്പിക്കുകുയം ചെയ്യുക. ചെലവു കുറഞ്ഞ ഉത്പന്നങ്ങള്‍ക്ക് ചെലവുകൂടാന്‍ സാധ്യതയുള്ള നാളുകളില്‍ അത്തരം ഉത്പങ്ങള്‍ ഷെല്‍ഫിലെത്തിക്കണം. നേരത്തേ ഉള്ള സ്റ്റോക്കുകള്‍ റീ പായ്ക്ക് ചെയ്തും മറ്റും ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കാം.

നേതൃത്വം
ബിസിനസ് ഉടമകള്‍, മുതിര്‍ന്ന മാനേജര്‍മാര്‍, ഓഹരി ഉടമകള്‍ എന്നിവര്‍ ഏത് വെല്ലുവിളികളിലും കമ്പനിയുടെ തുടര്‍ച്ചക്കു വേണ്ടിയുള്ള ശക്തി നല്‍കണം. വെല്ലുവിളികള്‍ അവസരമായി കണ്ട് ചെലവ് ചുരുക്കല്‍, പുരോഗതിക്കായുള്ള തയാറെടുപ്പ്, പുതിയ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കല്‍ എന്നിവ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. എപ്പോഴും നിലനില്‍ക്കുന്ന വ്യവസായങ്ങള്‍ക്കിടയില്‍ (ഉദാ. ഫാര്‍മസ്യുട്ടിക്കല്‍, അഗ്രികള്‍ച്ചര്‍, ഇലക്ട്രിക്, ജലം) എങ്ങനെ ചെറിയ രീതിയിലെങ്കിലും പങ്കാളിയാവാന്‍ ശ്രമിക്കാം എന്ന ആലോചനകള്‍ നടത്തണം. ബിസിനസിന്റെ സ്ഥിരത നേതൃത്വത്തിന്റെ പരിഗണനയില്‍ വരേണ്ടതാണ്. നിക്ഷേപ വൈവിധ്യവത്കരണം വരുമാനം ഉറപ്പുവരുത്താനും നഷ്ടത്തിന്റെ തോത് കുറക്കാനും ഉപകരിക്കും.
അതിജീവനം
കോവിഡ് കാലത്തെ അതിജീവനം വളരെ പ്രധാനമാണ്. ഇക്കാര്യം ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മുഖ്യമായി പരിഗണിച്ചിട്ടുണ്ട്. യുഎഇ, സൗദി ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ ഫീസുകള്‍ കുറച്ചും പിഴകള്‍ ഒഴിവാക്കിയും വായ്പാ തിരിച്ചടവുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുമൊക്കെ സംരംഭകരോട് അനുഭാവം പുലര്‍ത്തുകയും പിന്തുണ അറിയിക്കുകയും ചെയ്യുന്നുണ്ട്. വൈദ്യുതി, വെള്ളം, കസ്റ്റംസ് തീരുവ, പ്രവാസികളുടെ റെസിഡന്‍സി ഫീസ് തുടങ്ങിയവക്കുള്ള ചെലവു കള്‍ കുറച്ചും സര്‍ക്കാര്‍, ജനങ്ങള്‍ക്കും സംരംഭകര്‍ക്കും ആശ്വാസം പകരുന്നു.

അതിജീവനത്തിന് സംരംഭകരും സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ:

  1. സാമ്പത്തിക പ്രവചനങ്ങള്‍ മനസിലാക്കി ആസൂത്രണം ചെയ്യുക.
  2. കെട്ടിടഉടമകള്‍ ഉള്‍പ്പെടെ സ്ഥാപന നിലനില്‍പുമായി സഹകരിക്കേണ്ടവരുമായി വ്യക്തമായും കൃത്യമായും ആശയവിനിമയം നടത്തുക.
  3. കമ്പനിയെ നന്നായി അറിയുന്ന നിങ്ങളുടെ കാഴ്ചപ്പാടിനകത്തും പുറത്തും ശരിയായി മനസിലാക്കുന്ന ആളുകളുമായി സുതാര്യമായി സംസാരിക്കുക.
  4. തുറന്ന മനസുമായി മാറ്റങ്ങള്‍, പുരോഗതി, അതിജീവനം എന്നിവയെ സമീപിക്കുക.
  5. എതിര്‍ദിശയില്‍ ചിന്തിക്കുകയും എല്ലാവരും വലത്തേക്ക് പോകുമ്പോള്‍ ഇടത്തേക്ക് പോയാലെന്ത് എന്ന് ആലോചിക്കുകയും ചെയ്യുക.
  6. നിങ്ങളുടെ ബിസിനസ് മോഡല്‍ സജ്ജമാക്കുക / പരിഹരിക്കുക.
  7. ഡിജിറ്റലൈസേഷന്‍, പ്രോസസുകള്‍, ഓട്ടോമേഷന്‍ എന്നിവ സ്ഥാപിക്കുക.
  8. നിങ്ങളുടെ ടീമിനെ നിരന്തരം വിലയിരുത്തുക.
  9. ചെലവുകള്‍ കുറക്കുക (ജീവനക്കാരല്ല).
  10. പണമൊഴുക്ക് പ്രധാന വെല്ലുവിളിയാണെങ്കിലും ലാഭകരമായ ബിസ്‌നസ് ഉറപ്പുണ്ടെങ്കില്‍ പരിചയസമ്പന്നരായ, കടം കൊടുക്കുന്നവരുമായോ, ശരിയായ കാര്യങ്ങള്‍ മനസിലാക്കി പിന്തുണക്കുന്നവരുമായോ ബന്ധപ്പെടുക.
  11. മാന്ദ്യത്തില്‍ നിക്ഷേപിക്കുക.

ആരോഗ്യവും സുരക്ഷയും
ഇതിനെല്ലാം പുറമേ ഏതു ബിസിനസ് സംരംഭകനും അവരവരുടെ ആരോഗ്യവും സുരക്ഷിതത്വവും മുഖ്യമായി കാണണം. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് സംരംഭകനായ ജാക്മ പറഞ്ഞത്, 2020 ബിസിനസിലെ ആളുകള്‍ക്ക് അതിജീവനത്തിന്റെ ഒരു വര്‍ഷംമാത്രമാണ്. നിങ്ങളുടെ സ്വപ്‌നങ്ങളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ സംസാരിക്കരുത്, നിങ്ങള്‍ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കുക, അപ്പോള്‍ നിങ്ങള്‍ ഇതിനകം ഒരു ലാഭം നേടിക്കഴിഞ്ഞു എന്നാണ്.

Share this article

About കാസിം പുറത്തീല്‍

View all posts by കാസിം പുറത്തീല്‍ →

Leave a Reply

Your email address will not be published. Required fields are marked *