ഏറ്റുപറച്ചിലിന്റെ ആത്മബോധ്യങ്ങള്‍

Reading Time: 2 minutes

മറവികള്‍ക്കെതിരെ ഓര്‍മകളുടെ സമരമാണ് രാഷ്ട്രീയം – മിലന്‍ കുന്ദേര. ഓര്‍മകളെ രാഷ്ട്രീയ പ്രവര്‍ത്തനമായി കാണുക എന്നാല്‍ ഭൂതകാലത്തിന്റെ ചൂടുംചൂരും ആവോളം ചേര്‍ത്ത് വെക്കുക എന്നതാണ്. മറവിയുടെ ഇരുട്ടുമുറിയില്‍ നിന്നും ഒരാള്‍ അനുഭവിച്ച കാലത്തെ /നേരത്തെ /സന്ദര്‍ഭത്തെ വെളിച്ചത്തിന്റെ തുണ്ടമായി കണ്ടെടുക്കുക അത്രയൊന്നും എളുപ്പമല്ല. ഇനി കണ്ടെടുക്കപ്പെട്ടാലും ഭാഷയുടെ മൂശയിലിട്ട് അതിനെ മെരുക്കുക ഏറെ പ്രയാസകരമാണ്. ഓര്‍മകളുടെ ഭാഷ്യവും ഭാഷയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ചുരുക്കം. ഇത്തരത്തില്‍ സ്ഥൂലവും സൂക്ഷ്മവുമായ തന്റെ ഓര്‍മകളെ ഭാഷയുടെ സ്മൃതിഞരമ്പുകളാല്‍ ആവിഷ്‌കരിക്കുകയാണ് അനിലേഷ് അനുരാഗ് ‘നിമിഷാര്‍ദ്ധത്തില്‍ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകള്‍’ എന്ന കൃതിയിലൂടെ.
‘ആത്മബോധ്യങ്ങള്‍’ എന്നാണ് തന്റെ എഴുത്തുകളെ അനിലേഷ് അനുരാഗ് വിശേഷിപ്പിക്കുന്നത്. കഥയോ കവിതയോ നോവലോ പഠനമോ പോലെ മലയാളത്തില്‍ തന്റേതായ ഒരു ‘രചനാസംജ്ഞ’ സംഭാവന ചെയ്യുകയാണ് എഴുത്തുകാരന്‍. ആത്മകഥ തന്നെയല്ലേ ആത്മബോധ്യങ്ങള്‍ എന്ന സംശയം വായനക്കാര്‍ക്ക് ഉടലെടുത്തേക്കാം. നോവലും നോവലൈറ്റും തമ്മിലുള്ള ചേര്‍ച്ചയും തോര്‍ച്ചയും പോലെയാണ് ആത്മകഥയും ആത്മബോധ്യങ്ങളും തമ്മിലുള്ളത്. ആത്മവും അപരവും ഇതര ചരാചരങ്ങളും ഒരുമിക്കുന്ന കുറിപ്പുകള്‍ എന്ന് ഇതിനെ വിളിക്കാം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള നൈതികമായ ബന്ധത്തിന്റെ അകവും പുറവും അന്വേഷിക്കുന്ന ആത്മായനങ്ങളുടെ നേരുകളാണ് ഈ കുറിപ്പുകള്‍ക്ക് ആധാരം. അത് മനുഷ്യനെ പ്രപഞ്ചത്തിന്റെ അംശമായി ചേര്‍ത്തുവെക്കുന്നു; അധികാരത്തിന്റെയും അഹന്തയുടെയും തലത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു. കരുണയുടെ കടലാഴങ്ങളാണ് മനുഷ്യജീവിതത്തിന്റെ ഉത്കൃഷ്ടമായ ബോധവും ബോധ്യവുമെന്ന് ഈ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഒരു മനുഷ്യന്‍ എഴുതുന്നത് എന്തിന്? എന്ന ചിന്തയിലൂടെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. എഴുത്ത് ആഘോഷിക്കപ്പെടാനും ബാലിശതക്കും വേണ്ടി മാത്രമുള്ളതല്ല എന്ന തത്വത്തെ അനിലേഷ് ബോധ്യപ്പെടുത്തുന്നു. ഒരു ഭാഗം നോക്കാം – ‘ഒരാളുടെ എഴുത്ത് ഏറ്റവും കൂടുതല്‍ സംവദിക്കുന്നത് അയാളോട് തന്നെയാവും എന്നെനിക്കു തോന്നുന്നു. മറ്റൊരു വിധേന അപ്രാപ്യമായ തനിക്കുള്ളിലെ അധോലോകത്തോടുള്ള കാരുണ്യവും കലഹവുമൊക്കെയാണ് എഴുത്തിലൂടെ അയാള്‍ മോചിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ ഏറ്റുപറയപ്പെടുന്ന ഓര്‍മകളാണ് എഴുത്തുകള്‍.’ ഒരു മനുഷ്യന്റെ ഏറ്റുപറച്ചിലുകളാണ് എഴുത്തുകളുടെ പിറവിക്കു പിന്നില്‍ എന്ന ആശയത്തെ തുറന്നുപറയുന്നു എഴുത്തുകാരന്‍. ആഘോഷിക്കപ്പെടാനല്ലാത്ത എഴുത്തുജീവിതത്തിന് വാക്കുകളോളം അക്ഷരങ്ങളോളം ആഴമുണ്ടാകും എന്ന ആത്മപരിശോധനയാണ് ഇതിലെ എല്ലാ കുറിപ്പുകളും. ഇന്ത്യന്‍ ദാര്‍ശനികതയുടെ തലമാണത്. രൂപപ്പെട്ട എല്ലാ ദര്‍ശനങ്ങളും കൃതികളും വെറുതെ ആഘോഷിക്കപ്പെടേണ്ടതല്ലെന്ന ഉത്തമ ബോധ്യത്തോടെയാണ് നിലനിന്നത്. ആഘോഷങ്ങളുടെ മുഴക്കങ്ങള്‍ക്കു പകരം ധ്യാനത്തിന്റെ സൂക്ഷ്മവാഹിനിയായി അത് വളര്‍ന്നു വികസിച്ചു. ലോകത്തിന്റെ സത്താപരമായ ഉറവിടങ്ങളെയും ഉറവകളെയും നിര്‍മിച്ചെടുത്തു. ‘നിമിഷാര്‍ദ്ധത്തില്‍ കൊഴിഞ്ഞ് ദൃശ്യമാകുന്ന ഇലകളും’ ധ്യാനത്തിന്റെ ഗരുഡ ചിറകുകളാണ്. അത് സ്വാതന്ത്ര്യത്തിന്റെ ഗഗന നീലിമയില്‍ സൂക്ഷ്മതയുടെ മിഴിയാഴവുമായി സഞ്ചരിക്കുന്നു.
ഏകാന്തതയോളം വലിയ ആള്‍ക്കൂട്ടമില്ല എന്ന വിചാരത്തെ ഭാവനയുടെ അതിരിനപ്പുറം നിന്നുകൊണ്ട് തൊടുന്നുണ്ട് അനിലേഷ് – ‘രാത്രി മൂക്കുന്നതിനു മുമ്പ് അധികം വേഗതയില്ലാതെ നാട്ടിന്‍പുറത്തുകൂടി തീവണ്ടി പോകുമ്പോള്‍ ഒറ്റക്കുള്ള, സൈഡ് സീറ്റിലിരുന്ന് പാതയോളം മാത്രം വെളിച്ചം കാട്ടുന്ന വീടുകള്‍ നോക്കിയിരിക്കാന്‍ എന്തൊരു രസമാണ്’ എന്നെഴുതുമ്പോള്‍ നാടും വീടും നടപ്പാതകളും വെളിച്ചവുമെല്ലാം ഓര്‍മകളുടെ ശബ്ദം മുഴക്കിക്കൊണ്ട് തീവണ്ടിയോടൊപ്പം ചൂളംവിളിക്കുന്നത് വായനക്കാര്‍ക്കും കേള്‍ക്കാം. ഒറ്റയില്‍ വന്നുചേരുന്ന അനേകായിരം വസ്തുക്കളുടെ ഹൃദയമിടിപ്പാണ് ഏകാന്തതയുടെ വിശാലത എന്ന് ഉറപ്പിച്ചെടുക്കുന്നു; ഏകാകിയാകുക എന്നാല്‍ ഒറ്റക്ക് ആകാതിരിക്കുക എന്നതത്രെ അര്‍ഥം. ഒറ്റയല്ലാത്ത ഈ നിമിഷങ്ങളെയാണ് ഓരോ മനുഷ്യനും കൊതിക്കുന്നതും.
അനിലേഷ് പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ അത് വിമോചനമായി പരിണമിക്കുന്നു. പ്രപഞ്ചത്തോളം വിശാലമായ വിമോചനമത്രെ പ്രണയത്തിന്റെ വാഗ്ദാനം. അത് സഞ്ചാരസ്വാതന്ത്ര്യത്തിന്റെ അസാധ്യ സാധ്യതയാണ്. പ്രയാണങ്ങളെല്ലാം ഒരര്‍ഥത്തില്‍ പ്രണയത്തില്‍ അവസാനിക്കുന്നു. എന്നാല്‍ രതിയെക്കുറിച്ച് എഴുതുമ്പോള്‍ വശ്യതയുടെയും ആരവങ്ങളുടെയും പ്രതീകമായി മാറുന്നു. ആരവങ്ങളും ആത്മരതിയുമടങ്ങുമ്പോഴാണ് ഒരു പുരുഷന്റെ കണ്ണില്‍ മനുഷ്യസ്ത്രീ തെളിയുകയെന്നും. സ്ത്രീ-പുരുഷ ബന്ധത്തിലെ മഹാനദികള്‍ അത്രയും ഈയൊരു ബോധ്യത്തില്‍ /തിരിച്ചറിവിലായിരിക്കണം ഒഴുകിത്തുടങ്ങിയത് എന്നും അനിലേഷ് എഴുതുന്നു. രതിയുടെ പൂര്‍ണത സങ്കീര്‍ണതകളുടെയെല്ലാം അവസാനത്തിലായിരിക്കുമെന്ന് വാക്കുകളില്‍ തെളിയുന്നു –
”പ്രണയ ഋതുവില്‍ ശരീരം
ആത്മാവായി മാറുന്നു
തിരിച്ചുവരവ് അസാധ്യമായ യാത്ര”
എന്ന വരിയില്‍ നശ്വരതയുടെ ഭൗതിക വ്യവഹാരത്തില്‍ നിന്നും അനശ്വരതയുടെ ആത്മതത്വമായി ശരീരം പരിണമിക്കുന്നു. ശരീരത്തിന്റെ ആത്മതെളിച്ചം പ്രണയ രതിയുടെ ഋതു കാലത്തിലാണെന്ന് തെളിയിക്കുന്നു ഈ എഴുത്തുകള്‍. ഇപ്രകാരം പ്രണയം, ശരീരം, ആത്മബോധം, പ്രകൃതിവിചാരം, ചരിത്രം, ദര്‍ശനം തുടങ്ങി അനേകം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായ കുറിപ്പുകളും കാവ്യ വിചാരങ്ങളും ചേര്‍ന്നതാണ് ഈ പുസ്തകം. തീര്‍ച്ചയായും മലയാളിയുടെ എഴുത്ത് / വായനാ ലോകത്തെ പുതിയ ദിശയിലേക്ക് അത് വഴി നടത്തും.

Share this article

About ബിനീഷ് പുതുപ്പണം

View all posts by ബിനീഷ് പുതുപ്പണം →

Leave a Reply

Your email address will not be published. Required fields are marked *