മറുവാക്ക് പോലും പ്രതീക്ഷിക്കാതെ

Reading Time: 4 minutes

ഏതെങ്കിലുമൊരു സഹോദരന്റെ ഒരു ആവശ്യം നിവര്‍ത്തിച്ചു കൊടുക്കാന്‍ അയാളുടെ കൂടെയുള്ള നടത്തമാണത്രെ മദീനാ മസ്ജിദില്‍ ഒരു മാസം ഭജന (ഇഅ്തികാഫ്) ഇരിക്കുന്നതിനെക്കാള്‍ മുത്തുനബിക്കിഷ്ടം.
മനസിരുത്തി അവലോകനം ചെയ്യേണ്ട വലിയ ഒരു സന്ദേശമുണ്ടിതില്‍. ആത്മശാന്തിയുടെ കേന്ദ്രങ്ങളാണല്ലോ പള്ളികള്‍. മദീനാ പള്ളിയാകട്ടെ, ലോകത്തേറ്റവും സവിശേഷമായ ആത്മശാന്തീ ഭവനവും. അല്ലാഹുവിന്റെ പള്ളി എന്നതോടൊപ്പം മുത്തുനബിയുടെ(സ്വ) അതിവിശിഷ്ട സാമീപ്യവും സാന്നിധ്യവും കൂടി ചേരുന്നുവെന്നതാണ് മദീനയുടെ ശാന്തത! അവിടെ ഇഅ്തികാഫ് ഇരിക്കുന്ന ഒരാള്‍ വെറുതെ കയറി കിടന്നുറങ്ങി സമയം കളയില്ല. പ്രാര്‍ഥനകള്‍ കൊണ്ടയാള്‍ മനസ് തണുപ്പിക്കും. ഖുര്‍ആന്‍ അയാളുടെ ഖല്‍ബില്‍ കിടന്ന് ഓളം വെട്ടും. നിസ്‌കാരത്തിലൂടെ അയാള്‍ തന്റെ നാഥനോട് സല്ലപിക്കും. അങ്ങനെ അയാളുടെ ഉള്ളം പ്രകാശിക്കുകയും ആത്മാവില്‍ വെളിച്ചം നിറയുകയും ചെയ്യും. ഒടുക്കം അയാള്‍ സ്വയം വെളിച്ചമായി ചുറ്റുമുള്ളവരുടെ ഇരുട്ടിന് കൂടി പരിഹാരമാകും. അയാള്‍ ശാന്തനായിരിക്കും.
ഈ ശാന്തിയോെട ഇഅ്തികാഫിരിക്കാനായി മദീനാ പള്ളിയുടെ കവാടത്തില്‍ കാലെടുത്തുവെക്കാന്‍ നോക്കുന്ന അവസ്ഥയില്‍ നിങ്ങള്‍ക്കൊരു വിളി വരുന്നുവെന്നിരിക്കട്ടെ. അല്ലെങ്കില്‍ സ്വന്തം വീടിന്റെ അകത്ത് ഭാര്യാസന്താനങ്ങളുമായുള്ള സല്ലാപത്തിന്റെ രസനിമിഷത്തില്‍ വീട്ടിലെ കാളിംഗ് ബെല്‍ ശബ്ദിക്കുന്നുവെന്ന് വിചാരിക്കുക. പ്രയാസങ്ങളുടെ ഭാണ്ഡക്കെട്ടുമായി നടക്കുന്ന ആവശ്യക്കാരാണ് ഫോണിലും നേരിലും സമീപിക്കുന്നതെങ്കിലോ? വിശന്നു വലയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ മുഖത്തെ ദൈന്യത.. ജയിലിലും ആശുപത്രികളിലും ജീവിതം ഒടുങ്ങിയില്ലാതാകുന്നവരുടെ കരച്ചില്‍.. രണ്ടിടങ്ങളിലായി ഒറ്റപ്പെട്ടുപോയ വേണ്ടപ്പെട്ടവരുടെ വിരഹദുഃഖം.. കടം കേറി വീട് ബാങ്ക് കൊണ്ട് പോയവന്റെ നിരാലംബത.. ഇവിടെ, മദീനാ പള്ളിയുടെ സ്വാസ്ഥ്യം തിരഞ്ഞെടുത്ത് ആനന്ദം അനുഭവിക്കുന്നവനെക്കാള്‍ ഉത്തമന്‍ മറ്റുള്ളവരുടെ ആവശ്യ പൂര്‍ത്തീകണത്തിനായി രംഗിത്തിറങ്ങി സ്വന്തം സ്വാസ്ഥ്യവും സമാധാനവും ഇല്ലായ്മ ചെയ്യുന്നവരാണെന്ന്! പടപ്പുകള്‍ക്ക് പടച്ചവനായിട്ട് തന്നെ നല്‍കിയ ദുരിതങ്ങളുടെ നിവാരണത്തിനായി സ്വന്തം സമാധാനം കളയുന്ന പടപ്പും സ്വസ്ഥത തേടിപ്പിടിച്ചു പള്ളിയില്‍ അഭയം കണ്ട് സമാധാനം പ്രാപിച്ച പടപ്പും തമ്മിലുള്ള അന്തരം!
കഴിഞ്ഞ അഞ്ച് മാസത്തോളമായി, മറ്റുള്ളവരെ ഉറക്കാന്‍ സ്വന്തം ഉറക്കം കളഞ്ഞ കുറേ നല്ല മനസുകളുടെ അതി ഗംഭീര പെര്‍ഫോമന്‍സാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒരു സംഘടനയുടെയും മേല്‍വിലാസമില്ലാതെ തികച്ചും സ്വകാര്യമായി ചില വ്യക്തികള്‍ ചെയ്യുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ തുടങ്ങി, വലിയ ആളും അര്‍ഥവുമുള്ള ഭീമന്‍ സംഘടനകളുടെ ബിഗ് ബജറ്റ് പ്രോജക്ടുകള്‍ വരെയായി പരന്നു കിടക്കുന്നു ഗള്‍ഫില്‍ നടന്ന സാന്ത്വന സംരംഭങ്ങള്‍. നാളിതു വരേ മറ്റുള്ളവരെ ആശ്വസിപ്പിച്ചും സാന്ത്വനപ്പെടുത്തിയും മാത്രം ശീലിച്ച പ്രവാസികള്‍ കോവിഡ് കാലത്ത് പരസ്പരം തലോടിയും ചേര്‍ത്തു നിര്‍ത്തിയും തീര്‍ത്ത ചരിത്രം മഹത്തരമായിരുന്നു.
അനാഥാലയങ്ങളിലെയും പള്ളി ദര്‍സുകളിലെയും ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയ പ്രവാസികളാണ്, കൊറോണ ഭീകരതാണ്ഡവമാടിയ ഏപ്രില്‍, മെയ് മാസങ്ങളില്‍ അന്നത്തിനായി ഗള്‍ഫില്‍ യാചിച്ചത്. പള്ളികളിലെ റമളാന്‍ സുപ്രകളില്‍, സമയക്കുറവ് മൂലം മാത്രം കയറിയിരുന്ന് ഭക്ഷിച്ചുപോരാറുണ്ടായിരുന്ന പ്രവാസി, ഇത്തവണ ജോലിയും കൂലിയുമില്ലാതെ, ശരിക്കും വിശന്നു തന്നെ ഭക്ഷണപ്പൊതികള്‍ക്കായി ക്യൂ നിന്നു. ആറ് രാജ്യങ്ങളിലൂടെയും ഭക്ഷണത്തിനായുള്ള തേങ്ങലുകള്‍ പരന്നു നടന്നപ്പോള്‍, കരുണ വറ്റാത്ത നല്ല മനസുകള്‍ താമസിയാതെ വെല്ലുവിളി ഏറ്റെടുത്തു പതിനായിരങ്ങള്‍ക്കാണ് ഭക്ഷണം നല്‍കിയത്. യുഎഇ ഗവണ്മെന്റിന്റെ 10 മില്യന്‍ ഫുഡ്കിറ്റ് പ്രോഗ്രാമിന്റെ വിതരണ പങ്കാളിത്തത്തിനും തിരഞ്ഞെടുക്കപ്പെട്ടു ചില മലയാളി സംഘടനകള്‍. സാന്ത്വന സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള മലയാളിമിടുക്കിനുള്ള അംഗീകാരം കൂടിയായി ഇത്. ചില രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍, ഭക്ഷണ വിതരണത്തിന് പദ്ധതിയിടുകയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ടാഴ്ചയൊക്കെ കഴിഞ്ഞ് കിറ്റ് നല്‍കുകയും ചെയ്തിടത്താണ് സന്നദ്ധ പ്രവര്‍ത്തകരുടെ ദ്രുതഗതിയിലുള്ള ഇടപെടലുകളിലൂടെ ഒരുപാട് പേര്‍ക്ക് അന്നം നല്‍കാനായത്.
കൊറോണാ കാലത്തെ ഗള്‍ഫിലെ ഹൃദയഭേദക കാഴ്ചകളിലൊന്നായിരുന്നു നിത്യരോഗികളുടെ മരുന്നിനായുള്ള പരക്കം പാച്ചിലുകള്‍. ഹാര്‍ട്ട്, കിഡ്‌നി, കരള്‍ എന്നിവയുടെ സര്‍ജറി കഴിഞ്ഞവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍, മാനസിക അസ്വാസ്ഥ്യത്തിന് മരുന്ന് കഴിക്കുന്നവര്‍, ഇവരെല്ലാം വിലകൂടിയ മരുന്നുകള്‍ നാട്ടില്‍ നിന്ന് വരുത്തി കഴിച്ചു പോന്നത്, വിമാന സര്‍വീസുകള്‍ റദ്ദായത് മൂലം നടക്കാതായി. പെട്ടെന്ന് തന്നെ മെഡിസിന്‍ ബാങ്കുകള്‍ സ്ഥാപിച്ചും മിച്ച മരുന്നുകള്‍ കൈയിലുള്ളവരില്‍ നിന്ന് ശേഖരിച്ച് നല്‍കിയും നാട്ടില്‍ നിന്ന് പാര്‍സല്‍ സര്‍വീസുകളിലൂടെ മരുന്നുകളെത്തിക്കാന്‍ സൗകര്യപ്പെടുത്തിയുമാണ് ഈ പ്രതിസന്ധിയില്‍ പ്രവാസ കേരളം പരസ്പരം തുണയായത്.
മയ്യിത്ത് സംസ്‌കരണം ഗള്‍ഫ് രാജ്യങ്ങളിലെ എക്കാലത്തെയും പ്രധാനപ്പെട്ട ഒരു സാമൂഹിക പ്രവര്‍ത്തനമാണ്. കോവിഡ് കാലത്ത് മയ്യിത്ത് സംസ്‌കരണം പോലെ ബുദ്ധിമുട്ട് നേരിട്ട മറ്റൊരു സംഗതി ഉണ്ടായിരുന്നില്ലെന്ന് പറയാം. സമ്പൂര്‍ണ കര്‍ഫ്യു നിലനിന്ന നാളുകളില്‍, മയ്യിത്ത് സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുവൈത്തിലെ ചില സഹപ്രവര്‍ത്തകരെ ആ ഘട്ടങ്ങളില്‍ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നു. കോവിഡ് വന്നു മരിച്ച ഉപ്പാന്റെ മയ്യിത്ത് സ്വന്തം മകന്‍ പോലും കൈകാര്യം ചെയ്യാന്‍ പേടിക്കുന്ന അവസ്ഥ. ചന്ദ്രനില്‍ പോകാന്‍ തയാറായി നില്‍ക്കുന്നവരെന്ന് തോന്നിപ്പിക്കും വിധം ശരീരമാസകലം മൂടുന്ന പിപിഇ കിറ്റുകള്‍ അണിഞ്ഞു, തങ്ങളുമായി ഒരു ബന്ധവുമില്ലാത്ത മനുഷ്യരുടെ ശരീരങ്ങളെ ആറടി മണ്ണിലേക്കും ആത്മാവുകളെ ഉന്നതങ്ങളിലേക്കും യാത്രയയക്കാന്‍, പൊതുവെ മൂകമായ ശ്മശാനങ്ങളില്‍, കോവിഡ് മൂകത കൂടി തളം കെട്ടിനില്‍ക്കുന്ന അന്തരീക്ഷത്തില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന ആ നല്ല മനുഷ്യരെ ഒന്ന് കാണണമായിരുന്നു. മേല്‍വിലാസത്തിന്റെ ബലത്തില്‍ സംഘടനകളുടെ തലപ്പത്ത് കയറിയിരിക്കുന്നവരുടെ ചെറുപ്പവും, ഒരു അഡ്രസും പ്രതീക്ഷിക്കാതെ നിസ്വാര്‍ഥ സേവനം ചെയ്യുന്ന സാധാരണക്കാരായ ഇത്തരം പ്രവര്‍ത്തകരുടെ വലിപ്പവും അപ്പോള്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. കോവിഡ് മരണം സംഭവിച്ചയാളുടെ ജഡം കത്തിക്കുമ്പോഴുണ്ടാകുന്ന പുക പേടിച്ച് പൊതുശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ കൂട്ടാക്കാത്തവര്‍ ഇതൊക്കെയൊന്ന് കാണണം.
കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗികളെയും ചുമന്ന്, സ്വന്തം ആരോഗ്യം വകവെക്കാതെ ആശുപത്രികളിലേക്ക് കുതിച്ചവര്‍ ധാരാളമുണ്ട് സന്നദ്ധ സേവകരില്‍. ഈ സേവനമനസുകളെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്നറിയില്ല.
ഈ കാലയളവിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ സംഘടനകളുടെ മെഡിക്കല്‍ വിങുകള്‍ സജീവമായത്. മറ്റു രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് കൂടി ഹോസ്പിറ്റല്‍ വിസിറ്റ് ഒരു പ്രശ്‌നമായി മാറിയ കൊറോണ കാലത്ത്, ടെലി മെഡിസിന്‍ പരിപാടികളിലൂടെ രോഗികളെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും സഹായിച്ചു. മാനസിക പിരിമുറുക്കത്തിനടിപ്പെട്ട ആയിരക്കണക്കിന് വിവിധ രാജ്യക്കാര്‍ക്കാണ് വിവിധ ഭാഷകളില്‍ കൗണ്‍സിലിങുകളിലൂടെ ആശ്വാസം നല്‍കാന്‍ ഇത്തരം സംവിധാനങ്ങള്‍ക്കായത്. ഇതൊന്നും ചെറിയ കാര്യങ്ങളല്ലെന്ന് ഇക്കാലയളവിലെ ഗള്‍ഫിലെ സാമൂഹിക പരിസരം നന്നായി നിരീക്ഷിക്കുന്നവര്‍ക്ക് മനസിലാകും. കോവിഡ് പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ട രോഗികള്‍ക്കുപോലും സര്‍ക്കാര്‍ ആംബുലന്‍സുകള്‍ കിട്ടാതെവരികയും ക്രിറ്റികല്‍ കണ്ടീഷനിലും ഫ്‌ളാറ്റിലെ മറ്റുള്ളവരുമായി ചേര്‍ന്നു തന്നെ ജീവിക്കുകയും ചെയ്യേണ്ടി വരികയും ചെയ്യുന്നത് പലയിടങ്ങളിലും പതിവായി. ഇത് സൃഷ്ടിക്കുന്ന അരക്ഷിതത്വബോധം എന്തു മാത്രം വലുതായിരിക്കുമെന്ന് അനുഭവിക്കുക തന്നെ വേണം. മലയാളികളില്‍ കോവിഡ് മരണങ്ങളുടെ എണ്ണം കൂടുന്നുവെന്ന വാര്‍ത്തകള്‍ കൂടി കേട്ടു തുടങ്ങിയതോടെ ശരിക്കും പകച്ചുപോയി ഗള്‍ഫിലെ മലയാളികള്‍. ആത്മഹത്യകളും മനോരോഗങ്ങളും കൂടി. ഇങ്ങനെ മാനസികമായി തകര്‍ന്ന പലരെയും സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഈ കൗണ്‍സിലിങുകള്‍ സഹായകമായിട്ടുണ്ട്.
ഈയൊരു നിര്‍ണായക ഘട്ടത്തിലാണ് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ക്കും നോര്‍മല്‍ ഷെഡ്യുളുകള്‍ക്കുമൊക്കെയായി ശക്തമായ മുറവിളികള്‍ ഉയര്‍ന്നത്. ഏറ്റവും സങ്കീര്‍ണവും വലിയ റിസ്‌കുള്ളതുമായ ഫ്‌ളൈറ്റ് ചാര്‍ട്ടറിങിനും മലയാളി സംഘടനകള്‍ സന്നദ്ധരായി എന്നത്, പ്രവാസലോകത്തെ മലയാളികളുടെ ധീരമായ ഇടപെടലുകളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടിയായി. മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി മലയാളികള്‍ ചാര്‍ട്ടര്‍ ചെയ്താണ് വിമാനങ്ങള്‍ പറന്നത്. തല്ലുകൊള്ളികള്‍, ടെന്‍ഷന്‍ തീനികള്‍ എന്നൊക്കെയുള്ള വിശേഷണങ്ങള്‍ സന്നദ്ധ സേവകര്‍ക്ക് ശരിക്കും പാകമായ നാളുകളായിരുന്നു ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന്റെ നാളുകള്‍. പറന്നുയരുമോ എന്ന് ഒരു ഉറപ്പുമില്ലാത്ത വിമാനത്തിനായി പലരില്‍ നിന്നും അഡ്വാന്‍സായി കാശ് വാങ്ങണം, അത് മുഴുവനായും മുന്‍കൂറായി എയര്‍ ലൈന്‍സിനു കൈമാറണം, ഇന്ത്യന്‍/ കേരള ഗള്‍ഫ് സര്‍ക്കാരുകളുടെ അനുനിമിഷം മാറുന്ന നിയമങ്ങള്‍ക്ക് നെഞ്ചിടിപ്പോടെ കാതോര്‍ക്കണം. ഫ്‌ളൈറ്റ് ഓരോ ദിവസം റീഷെഡ്യുള്‍ ചെയ്യുമ്പോഴും പണം മുന്‍കൂര്‍ തന്നവരെ ബോധ്യപ്പെടുത്തുകയും ചിലരുടെയെങ്കിലും വായിലുള്ളത് കേള്‍ക്കുകയും വേണം. ഇവര്‍ ഇതിനൊക്കെ ഇറങ്ങിത്തിരിച്ചിരിക്കുന്നത് ‘വെറുതെ’യല്ലെന്ന ചിലരുടെ കാര്യമറിയാതെയുള്ള കുറ്റപ്പെടുത്തലുകള്‍ കേട്ടില്ലെന്ന് നടിക്കണം. എയര്‍ ലൈന്‍സില്‍ അടച്ച നാട്ടുകാരുടെ പണത്തിന് സമാധാനം പറയേണ്ടി വരുമോ എന്ന ബേജാറിനെക്കാള്‍ വലുതല്ലല്ലോ ഈ പരിഹാസങ്ങളൊന്നും. തന്റേടമുള്ള മലയാളി പ്രവാസികള്‍ ഈ വെല്ലുവിളികളെല്ലാം ഏറ്റെടുത്ത് പതിനായിരങ്ങളെ നാട്ടിലെത്തിച്ചു. സര്‍കാരുകള്‍ക്ക് കഴിയാത്തത് കൂട്ടായ്മകള്‍ക്ക് കഴിയുമെന്നതിന്റെ മറ്റൊരു ഉദാഹരണം!
കോവിഡ് കാലത്തെ പ്രവാസീ സേവന പ്രവര്‍ത്തനങ്ങളുടെ അംബാസഡറായി ആരെ കാണണമെന്ന് വെറുതെ ആലോചിച്ചപ്പോള്‍, അറിയപ്പെടാന്‍ ആഗ്രഹിക്കാതെ അജ്ഞാതനായി മാറി നിന്ന ആ വ്യക്തിയാണ് മനസില്‍ തെളിയുന്നത്. യുഎഇയില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന പരിചയമില്ലാത്ത വ്യക്തിക്ക് ദിനേനയെന്നോണം ഭക്ഷണം എത്തിച്ച് നല്‍കി ഐഡന്റിറ്റി വ്യക്തമാക്കാതെ കടന്നു കളഞ്ഞ ആ അജ്ഞാതന്‍. ക്വാറന്റൈനില്‍ കഴിയുന്നയാള്‍ മറഞ്ഞു നിന്ന് വീഡിയോ റെക്കോര്‍ഡ് ചെയ്തപ്പോള്‍ മാത്രം പുറംലോകം അദ്ദേഹത്തെ കണ്ടു. നിങ്ങളാരാണെന്നന്വേഷിച്ചപ്പോള്‍ ഞാന്‍ ഒരു ഐസിഎഫുകാരനാണെന്ന് മാത്രം പറഞ്ഞു കടന്നു കളഞ്ഞ ആ വ്യക്തിയെ പോലുള്ള ആയിരങ്ങളാണ് പ്രവസീ സേവനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍. അവരെല്ലാം അജ്ഞാതരായി തന്നെയിരിക്കട്ടെ.
കോവിഡ് കാലത്തെ പ്രവാസീ ത്യാഗത്തിന്റെ ഐക്കണ്‍ അരായിരിക്കുമെന്ന അന്വേഷണത്തില്‍ മനസ് ചെന്നുടക്കിയത് ഒമാനില്‍ നിന്ന് നാട്ടില്‍ പോകാനൊരുങ്ങി അവസാന സമയം തന്റെ സീറ്റ് മറ്റൊരാള്‍ക്ക് വിട്ടു നല്‍കിയ ആ നല്ല മനുഷ്യനിലാണ്. തന്റെ പിതാവിന്റെ ചികിത്സക്കായി പോകുകയായിരുന്ന അദ്ദേഹം, മരിച്ചു കിടക്കുന്ന പിതാവിന്റെ ശരീരം കാണാന്‍ പോകുന്ന മറ്റൊരാള്‍ക്കായി തന്റെ അവസരം ഒഴിഞ്ഞുകൊടുത്തത് സാധാരണ നിലയില്‍ വലിയ കാര്യമായി തോന്നാനിടയില്ല. എന്നാല്‍ സ്‌ഫോടനാത്മകം എന്നു പറയാവുന്ന ഒരു കോവിഡ് അവസ്ഥ നിലനില്‍ക്കുന്ന ഒരു നാട്ടില്‍ നിന്ന് സ്വന്തം നാട്ടിലേക്ക്- അതും പിതാവിന്റെ ചികിത്സക്ക്- ഒരുങ്ങിയ പോക്ക് മാറ്റിവെച്ച് മറ്റൊരാളെ പറഞ്ഞു വിട്ടത് ഈ സാഹചര്യത്തില്‍ ത്യാഗം തന്നെയാണ്. ഒരുപക്ഷേ ജൈസല്‍ മുതുക് ചവിട്ടു പടിയാക്കി നല്‍കിയതിനെക്കാള്‍ വലിയ ത്യാഗം.
പറഞ്ഞുവല്ലോ, കോവിഡ് കാലത്തിന്റെ തീക്ഷ്ണതയെ പരസ്പരം ചേര്‍ത്ത് നിര്‍ത്തിയാണ് പ്രവാസമലയാളം അതിജയിച്ചത്. ഇവിടെയിപ്പോള്‍ സ്വസ്ഥമാണ്. നാടാണയാനുള്ള കേണപേക്ഷകളില്ല. മരണവാര്‍ത്തകളും നന്നേ കുറവ്. രോഗികള്‍ സുഖം പ്രാപിച്ചുവരുന്നു. തൊഴില്‍ ശാലകളും ഓഫീസുകളും സജീവമാണ്. ചെറുതും വലുതുമായ സംഘടനകളും ഒരു സംഘടനയിലുമില്ലാത്തവരുമായ മലയാളികള്‍, നിലനില്‍പ്പ് അപകടത്തിലായ ഘട്ടത്തെ ഒരുമയോടെ നേരിട്ടപ്പോള്‍ പിറന്നത് മറ്റൊരു അതിജീവന ചരിത്രം. ഗള്‍ഫിലെ മുന്‍നിര സംഘടനയെന്ന നിലയില്‍ ഐസിഎഫ് ഈ ദൗത്യ നിര്‍വഹണത്തില്‍ മുന്നില്‍ തന്നെയുണ്ടായിരുന്നു. ആര്‍എസ്‌സി, മര്‍കസ് തുടങ്ങിയ സംവിധാനങ്ങള്‍ കട്ടക്ക് കൂടെ നില്‍ക്കുകയും ചെയ്തു.
സംഘടനകള്‍ തമ്മില്‍ മത്സരിക്കേണ്ട ഒരു കാര്യവും ഗള്‍ഫിലില്ല. സേവനാവസരങ്ങള്‍ തുറന്ന് തന്നെ കിടക്കുന്നു. ഓരൊരുത്തരും തങ്ങളാലായത് ചെയ്യുക. ഒരു ഹൃദയത്തിലെങ്കിലും ആനന്ദം നിറക്കാനായാല്‍, ഒരു മുഖത്തെങ്കിലും ചിരി പടര്‍ത്താനായാല്‍ അത്രയും ജന്മം സഫലമായി.

Share this article

About അബ്ദുല്ല വടകര

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *