അയാ സോഫിയ മടങ്ങിയെത്തുമ്പോള്‍

Reading Time: 3 minutes

വര്‍ത്തമാന ലോകരാഷ്ട്രീയ ചര്‍ച്ചകളില്‍ സജീവ ശ്രദ്ധ കേന്ദ്രീകരിക്കപെട്ട വിഷയമാണ് ഹഗിയ സോഫിയ. നൂറ്റാണ്ടുകളായി കൈമാറ്റം ചെയ്യപ്പെട്ട മത, സാംസ്‌കാരിക പൈതൃകങ്ങളുടെ സംഗമസ്ഥാനമായ ഈ നിര്‍മിതിയെ സംബന്ധിച്ച തുര്‍ക്കി ഗവണ്മെന്റിന്റെ പുതിയ നിയമ ഭേദഗതിയാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നിദാനമായത്. വിവിധ കാലങ്ങളിലായി സംഭവിച്ച നിര്‍ണായകമായ മാറ്റിതിരുത്തലുകളുടെ പുതിയൊരധ്യായമായിട്ടാണ് ഇതിനെ നോക്കിക്കാണേണ്ടത്.

വിസ്മയനിര്‍മിതി
വാസ്തുവിദ്യാ വിസ്മയങ്ങളും നിര്‍മാണചാരുതയും സമ്മേളിച്ച അതുല്യമായ കേന്ദ്രമാണ് തുര്‍ക്കിയിലെ ഹഗിയ സോഫിയ. അയാ സോഫിയ എന്നും പറയപ്പെടുന്നു. ‘മിനാരങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന ഇസ്താംബൂളിലെ പ്രധാന കൗതുകസ്ഥാനമാണിത്. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്രാജ്യങ്ങളായിരുന്ന ബൈസാന്റിയന്‍, ഓട്ടോമന്‍ നിര്‍മാണ കലയുടെ സംഗമസ്ഥാനം എന്നതാണ് ഹഗിയ സോഫിയയെ വ്യത്യസ്തമാക്കുന്നത്.
ഈജിപ്ത്, ഗ്രീസ്, സിറിയ തുടങ്ങിയ പല ഭാഗങ്ങളില്‍ നിന്നായി കൊണ്ടുവന്ന അമൂല്യ മാര്‍ബിളും മൊസൈക്കും നിറഞ്ഞ ചുമരുകള്‍ ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. കത്തീഡ്രല്‍ ആയിരുന്ന കാലത്ത് നിര്‍മിക്കപ്പെട്ട പ്രധാന കലാസൃഷ്ടികള്‍ ഭൂരിഭാഗവും കിഴക്കുഭാഗത്താണ്. പള്ളിയായിരിക്കെ ഖിബ്‌ലയുടെ ഭാഗവും അങ്ങോട്ടാണ് എന്നതുകൊണ്ടുതന്നെ മുസ്‌ലിം ക്രിസ്ത്യന്‍ കലാവൈഭവങ്ങളുടെ സമ്മിശ്ര കേന്ദ്രമായി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. ഭൗമോപരിതലത്തില്‍ നിന്ന് 55 സെന്റീമീറ്റര്‍ ഉയരത്തിലായി 21 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങള്‍ ഇന്നും ഹഗിയ സോഫിയയുടെ കൗതുകകരമായ കാഴ്ചയാണ്. ‘റോമന്‍ അദ്ഭുതങ്ങളില്‍ ഏറ്റവും വലുതും ഭംഗിയേറിയതുമായ നിര്‍മിതി എന്നാണ് ഹഗിയ സോഫിയയെ ഇബ്‌നുബത്തൂത്ത വിശേഷിപ്പിച്ചത്. തുര്‍ക്കിയുടെ താജ്മഹല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇതിനെ 1931ല്‍ ലോകാദ്ഭുതങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുര്‍ക്കിയിലെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന രണ്ടാമത്തെ കേന്ദ്രമായ ഹഗിയ സോഫിയയില്‍ പ്രതിവര്‍ഷം 35 ലക്ഷത്തോളം സന്ദര്‍ശകരാണ് എത്തുന്നത്.

അയാ സോഫിയ:
ചരിത്രം
നിലവിലുള്ള അയാ സോഫിയയുടെ കെട്ടിടം ബൈസാന്റിയന്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയനാണ് പണികഴിപ്പിച്ചത്. എഡി 532 ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മാണം 537 ഡിസംബറിലാണ് പൂര്‍ത്തിയായത്. അയാ സോഫിയയുടെ സ്ഥാനത്ത് അതിന് മുമ്പ് തന്നെ വലിയ രണ്ട് നിര്‍മിതികള്‍ പണികഴിപ്പിച്ചിരുന്നു. കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്നകോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ്ആദ്യ കെട്ടിടത്തിന്റെ ശില്പി.എഡി 360ലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മിച്ച ആ കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു.എഡി 440ലുണ്ടായകലാപ പരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചു.തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405ഒക്ടോബര്‍ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിക്കപ്പെട്ടു.
തല്‍സ്ഥാനത്തു തന്നെ യൂറോപ്പിലെ അതുല്യമായ ഒരു നിര്‍മിതി സ്ഥാപിക്കണമെന്നത് ജസ്റ്റീനിയന്റെ അഭിലാഷമായിരുന്നു. അക്കാലത്തെ വിദഗ്ധരായ ശില്‍പികളെയും എന്ജിനീയര്‍മാരെയും അദ്ദേഹം ഒരുമിച്ചുകൂട്ടി. ആയിരത്തിലേറെ ജോലിക്കാര്‍ ആറ് വര്‍ഷത്തിലധികം ജോലിയെടുത്താണ് സോഫിയ പുനസ്ഥാപനം നടത്തിയത്.
ആയിരം വര്‍ഷത്തോളം ക്രിസ്ത്യന്‍ ദേവാലയമായ സോഫിയ പലപ്പോഴായി അക്കാലത്തെ മത, രാഷ്ട്രീയ പോരാട്ടങ്ങളുടെ ഭാഗമായി ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വിഭാഗത്തിലെയും റോമന്‍ കത്തോലിക്ക സഭയുടെയും ആസ്ഥാനമായി രൂപാന്തരപ്പെട്ടിട്ടുണ്ട്. 1261 മുതല്‍ 1453 വരെ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രയാര്‍ക്കേസിന്റെ കേന്ദ്രമായിട്ടും മാറിയിരുന്നു. അക്കാലത്തെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായിരുന്നു ഇത്.
മഹത്തായ ക്രിസ്തീയ ദേവാലയം എന്നതിലുപരി ബൈസാന്റിന്‍ സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരുടെയും പുരോഹിതന്മാരുടെയും സ്ഥാനാരോഹണ ചടങ്ങുകളും സുപ്രധാന മതകീയ ചര്‍ച്ചകളും നടന്നിരുന്ന കേന്ദ്രം എന്ന നിലക്ക് പണ്ടുമുതലേ വലിയതോതിലുള്ള പ്രശസ്തിയും ജനസമ്മതിയും ഇതിന് ലഭിച്ചു. ക്രിസ്ത്യാനിറ്റിയുടെ അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട മതകേന്ദ്രമായിരുന്നു അയാ സോഫിയ.

ഓട്ടോമന്‍
കാലം
1453ലാണ് ഹഗിയാ സോഫിയുടെ മറ്റൊരു അധ്യായം ആരംഭിക്കുന്നത്. ദീര്‍ഘകാലം ഭരണം നടത്തിയ ബൈസാന്റിയന്‍ സാമ്രാജ്യത്തെ നിലംപരിശാക്കി ഉസ്മാനിയ ഖിലാഫത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയ തോടെയായിരുന്നു ഇത്. 21കാരനായ സുല്‍ത്താന്‍ മുഹമ്മദ് ഫാതിഹ് (മുഹമ്മദ് രണ്ടാമന്‍)ആയിരുന്നു ഈ ചരിത്ര പോരാട്ടത്തിന് കാര്‍മികത്വം വഹിച്ചത്. വൈവിധ്യങ്ങളായ കാരണങ്ങളാല്‍ പ്രാധാന്യമേറിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ അന്നത്തെ ചക്രവര്‍ത്തിമാരുടെയും അധികാരികളുടെയും ലക്ഷ്യകേന്ദ്രമായിരുന്നു. അതുകൊണ്ടുതന്നെ സുല്‍ത്താന്‍ മുഹമ്മദ് ഇസ്താംബൂളിനെ തങ്ങളുടെ ഭരണ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രം ആക്കുകയും അയാ സോഫിയ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പള്ളിയാക്കി മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് ക്രിസ്തീയ നേതാക്കളോടും മറ്റുമുള്ള ചര്‍ച്ചകള്‍ നടത്തി സംയമനത്തിലെത്തിയിരുന്നുവെന്നാണ് ചരിത്രം.
ക്രിസ്ത്യന്‍ദേവാലയമായിരുന്ന ഹഗിയ സോഫിയയില്‍ വ്യത്യസ്തങ്ങളായ നിര്‍മിതികളും പെയിന്റിങുകളും ഉണ്ടായിരുന്നു. അവയില്‍ പലതും അതേപടി നിലനിര്‍ത്തുകയും ചിലത് മാര്‍ബിള്‍ കൊണ്ട് മറക്കുകയുമാണ് ചെയ്തത്. നിലവിലുള്ള കെട്ടിടത്തെ അതേപടി നിലനിര്‍ത്തി കഅ്ബയിലേക്ക് അഭിമുഖമായി ഒരു മിഹ്‌റാബും മറ്റു അനുബന്ധ നിര്‍മിതികളും പൂര്‍ത്തിയാക്കുകയും ഒരു ജുമുഅക്ക് സുല്‍ത്താന്‍ പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ഥനകളില്‍ പങ്കെടുത്ത് ആരാധനക്കായി വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കുകയുമാണ് ചെയ്തത്. പിന്നീടുള്ള 500 വര്‍ഷം മുസ്‌ലിം ആരാധനാലയമായും ഉസ്മാനിയ ഖിലാഫത്തിലെ സുപ്രധാന കേന്ദ്രങ്ങളിലൊന്നുമായി അയാ സോഫിയ നിലനിന്നു. മിഹ്‌റാബിന്റെ ഇരുഭാഗങ്ങളിലുമായി അല്ലാഹു, മുഹമ്മദ്, നാല് ഖലീഫമാര്‍, ഹസന്‍, ഹുസൈന്‍ എന്നിവരുടെ പേരുകള്‍ ഭിത്തികളില്‍ ഉല്ലേഖനം ചെയ്തു. ഓട്ടോമന്‍ സാമ്രാജ്യത്തിലെ പ്രശസ്ത കാലിഗ്രാഫറായിരുന്ന മുസ്തഫ ഇസ്സത് എഫന്തിയാണ് ഇതിനു നേതൃത്വം കൊടുത്തത്. 1847 ഓടുകൂടി വലിയ പുതിയ മിനാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

പാഷയുടെ
പരിഷ്‌കരണം
1930ഓടെയുള്ള ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തോടെ അയാ സോഫിയയുടെ ചരിത്രം മറ്റൊന്നാവുകയായിരുന്നു. സാമ്രാജ്യത്വത്തിന്റെ അസ്തമയ ശേഷം തുര്‍ക്കിയെ ഒരു സ്വതന്ത്ര റിപബ്ലിക് രാഷ്ട്രമാക്കാനുള്ള നടപടികള്‍ മുസ്തഫ കമാല്‍ പാഷയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. അത്താതുര്‍ക്കിന്റെ ‘അള്‍ട്രാ മതേതരത്വ’ നയം തുര്‍ക്കിയുടെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും തുര്‍ക്കിയെ അമിതമായി യൂറോപ്യന്‍വത്കരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി രാജ്യത്തെ മതപാഠശാലകള്‍, ആരാധനാലയങ്ങള്‍, സൂഫിപര്‍ണശാലകള്‍ തുടങ്ങിയവ അടച്ചു. പര്‍ദ്ദ, നിഖാബ്, ഹിജ്‌റകലണ്ടര്‍, ബാങ്ക് തുടങ്ങിയ മതചിഹ്നങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് 1931ല്‍ ആയാ സോഫിയയിലെ ആരാധനാ കര്‍മങ്ങളും മറ്റും നിര്‍ത്തലാക്കുകയും പള്ളി അടച്ചിടുകയും ചെയ്തു. പിന്നീട് 1934ല്‍ സര്‍ക്കാര്‍ ഇത് മ്യൂസിയമാക്കി പ്രഖ്യാപിക്കുകയും 35ല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു. ആയിരം വര്‍ഷം നിലനിന്നിരുന്ന ക്രിസ്ത്രീയ ഓര്‍മകളും 500 വര്‍ഷത്തെ ഇസ്‌ലാമികാന്തരീക്ഷവും ഇതോടെ ചരിത്രവുകയായിരുന്നു.
ഉര്‍ദുഗാനും
അയാ സോഫിയയുടെ
വിമോചനവും
കമാല്‍ പാഷയുടെ നടപടിക്കെതിരെ പലപ്പോഴായി വിശ്വാസികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് തുര്‍ക്കിയുടെ മതേതരത്വത്തിന്റെ ചിഹ്നമാണെന്നും ഈ രീതിയില്‍ തന്നെ നിലനിന്നാല്‍ മതിയെന്നും മറ്റു ചിലരും വാദിച്ചു. പല രാഷ്ട്രീയ പാര്‍ട്ടികളും അയാസോഫിയയുടെ മോചനവുമായി രംഗത്തുവന്നെങ്കിലും അവരുടെ ആഗ്രഹം സഫലമാക്കാനായില്ല.1970ലും പിന്നീട് 2005ല്‍ ഠവല മീൈരശമശേീി ീള ളീൗിറമശേീി െമിറ ലെൃ്ശരല ീേ വശേെീൃശരമഹ മൃലേളമരെേ മിറ ലി്ശൃീിാലി േഎന്ന ഒരു എന്‍ജിഒയുടെ കീഴിലും പലപ്പോഴായി നിയമ പോരാട്ടങ്ങള്‍ നടന്നെങ്കിലും മ്യൂസിയം നിയമം മാറ്റണമെന്ന അവരുടെ വാദം ചേംബര്‍ ഓഫ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എന്ന പരമോന്നത നീതിപീഠം തള്ളുകയായിരുന്നു.
പിന്നീട് പട്ടാള ഭരണത്തെ അട്ടിമറിച്ച് അധികാരത്തിലേറിയ ഉര്‍ദുഗാനാണ് അയ സോഫിയയുടെ വിമോചനം എന്ന പുതിയ ചര്‍ച്ചകള്‍ക്ക് നാന്ദികുറിച്ചത്. ഉര്‍ദുഗാന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഇതിനെത്തുടര്‍ന്ന് 2020 ജൂലൈ 11ന് തുര്‍ക്കി കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് പാഷയുടെ നിയമം നിര്‍ത്തലാക്കുകയും കോടതി വിധിയെ തുടര്‍ന്ന് ഉര്‍ദുഗാന്‍ പുതിയ പാര്‍ലമെന്റ് നിയമം പാസാക്കുകയും മുസ്‌ലിം ആരാധനാലയമാക്കി മടക്കിക്കൊണ്ട് വരികയുമാണ് ചെയ്തത്. ജൂലൈ 24നു ജുമുഅയോടെ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു.

അയാസോഫിയയിലെ
രാഷ്രീയം
തുര്‍ക്കിയുടെ പുതിയ നിയമ ഭേദഗതിയും നടപടിയും ലോക രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമാകുംവിധം കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഉര്‍ദുഗാന്റെ ഈ നീക്കത്തെ തുടര്‍ന്ന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രസ്താവനകളും രാഷ്ട്രീയ ഇടപെടലുകളും പുറത്തുവന്നിരിക്കുകയാണ്. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പ്രതാപവും സൗന്ദര്യവും വിളിച്ചോതുന്ന കേന്ദ്രമാണ് എന്ന നിലക്ക് അതിനെ മുസ്‌ലിം ആരാധനാലയമാക്കിയുള്ള തിരിച്ചുപോക്ക് അഭിനന്ദനാര്‍ഹമാണെന്നും മുസ്‌ലിം പ്രതാപത്തിന്റെ വീണ്ടെടുപ്പാണെന്നുമുള്ള ചര്‍ച്ചകളും അഭിപ്രായങ്ങളും സജീവമാണ്. മറുവശത്ത്, തുര്‍ക്കിയുടെ ഈ രാഷ്ട്രീയനീക്കം തീര്‍ത്തും പക്ഷപാതിത്വമാണെന്നും മതേതരത്വത്തെ പൊളിച്ചെഴുതുന്നതുമാണെന്ന എതിര്‍ശബ്ദങ്ങളും വളരെ കൂടുതലാണ്. യുനെസ്‌കോ, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി ലോക സംഘടനകളും റഷ്യ, അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളും ഇതിനെ അപലപിച്ചിരുന്നു. 2019 ഓടെ വ്യത്യസ്ത രാഷ്ട്രീയ കാരണങ്ങളാല്‍ നിറംമങ്ങിയ ഉറുദുഗാന്റെ മുഖം മിനുക്കാനുള്ള പുതിയ തന്ത്രമാണിതെന്നും വിവാദങ്ങളുയരുന്നുണ്ട്. അയാ സോഫിയ വിഷയത്തെ ഇന്ത്യയിലെ ബാബരി മസ്ജിദുമായി താരതമ്യപ്പെടുത്തി ചര്‍ച്ച ചെയ്യുന്നവരും വിരളമല്ല.
വിവാദങ്ങളോട് പ്രതികരിച്ച ഉര്‍ദുഗാന്‍ ഇത് തുര്‍ക്കിയുടെ ആഭ്യന്തര കാര്യമാണെന്നും ഇതില്‍ മറ്റുള്ളവരുടെ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും വ്യക്തമാക്കിയിരുന്നു. സുല്‍ത്താന്‍ മുഹമ്മദ് ഇസ്താംബൂളിനെ തങ്ങളുടെ ഭരണ പ്രദേശങ്ങളിലെ പ്രധാന കേന്ദ്രം ആക്കുകയും അയാ സോഫിയ മുസ്‌ലിം പള്ളിയാക്കി മാറ്റാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. പള്ളിയാക്കി മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് ക്രിസ്തീയ നേതാക്കളോടും മറ്റുമുള്ള ചര്‍ച്ചകള്‍ നടത്തി സംയമനത്തിലെത്തിയിരുന്നുവെന്നാണ് ചരിത്രം.
ഏതായിരുന്നാലും ഈ നിയമനടപടി തുര്‍ക്കിയുടെ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിം ലോകത്തോടുള്ള യൂറോപ്പിന്റെ എതിര്‍പ്പിനും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തുര്‍ക്കിയുടെ അകല്‍ച്ചയ്ക്കും തുര്‍ക്കിയിലെ ഉര്‍ദുഗാന്റെ തുടര്‍രാഷ്രീയപ്രക്രിയകളിലും അയാ സോഫിയയുടെ വിധി നിര്‍ണായകമാകും.

Share this article

About മുജ്തബ സി.ടി കുമരംപുത്തൂര്‍

View all posts by മുജ്തബ സി.ടി കുമരംപുത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *