ഒടുവില്‍ ഭവ്യതയോടെ കഅ്ബയുടെ മുറ്റത്ത്

Reading Time: 3 minutes


ചരിത്രത്തിലെ സവിശേഷ ഹജ്ജിനാണ് ഈ വര്‍ഷം ലോകം സാക്ഷ്യം വഹിച്ചത്. കഅ്ബയിലെത്താന്‍ കൊതിച്ച പരകോടി വിശ്വാസികളെ പ്രതിനിധീകരിച്ച് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ആയിരം തീര്‍ഥാടകര്‍ മാത്രം അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയില്‍ എത്തി ഹജ്ജ് കര്‍മം നിര്‍വഹിച്ച അപൂര്‍വവും വൈകാരികവുമായ രംഗം. ഇവരില്‍ എഴുപത് ശതമായാവും സഊദിയില്‍ താമസിക്കുന്ന പ്രവാസികളായിരുന്നു. സഊദിക്ക് പുറത്ത് നിന്ന് ഒരാളും ഇപ്രാവശ്യത്തെ ഹജ്ജിനെത്തിയില്ല. അവസരം ലഭിച്ചവരോ 160 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങളുമായി ബന്ധപ്പെട്ട് പല രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നതിനിടെയാണ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഹജ്ജ് നടക്കുമെന്ന സഊദിയുടെ പ്രഖ്യാപനം വരുന്നത്. പരമാവധി പതിനായിരം അഭ്യന്തര തീര്‍ഥാടകര്‍ക്ക് അവസരം നാല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനമെങ്കിലും പിന്നീടത് ആയിരമായി ചുരുങ്ങി. ഹജ്ജിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ വഴി അവസരം നല്‍കിയപ്പോള്‍ ലക്ഷക്കണക്കിനു വിശ്വാസികളാണ് അപേക്ഷിച്ചത്. കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പ് വരുത്തിയ 20നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു അവസരം. ഹജ്ജിന് മുമ്പും ശേഷവും നിശ്ചിത ദിവസം ക്വാറന്റൈനില്‍ പോകണമെന്ന കര്‍ശനമായ നിബന്ധനയും ഹജ്ജ് മന്ത്രാലയം മുന്നോട്ട് വെച്ചു.
ചരിത്രത്തില്‍ പല തവണ ഹജ്ജ് കര്‍മങ്ങള്‍ തടസപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍ പോലും തടസപ്പെട്ടിട്ടില്ലെന്നുമുള്ള രണ്ടഭിപ്രായം ചരിത്രകാരന്‍മാര്‍ക്കിടയില്‍ ഉണ്ട്. ചരിത്ര പണ്ഡിതനും ഗവേഷകനുമായ ഉമര്‍ ദീബാന്‍ പറയുന്നത് തടസപ്പെട്ടിട്ടുണ്ടെന്നാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഹജ്ജ് കര്‍മം നടക്കാതെ പോയ വര്‍ഷങ്ങളും കടന്നു പോയിട്ടുണ്ടത്രെ. എന്നാല്‍ മക്കയിലെ ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ ചരിത്ര ഗവേഷകര്‍ ഇത് നിഷേധിക്കുന്നു. ചരിത്രത്തില്‍ ഇന്നോളം ഹജ്ജ് കര്‍മം മുടങ്ങിയതായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഇവരുടെ പക്ഷം. നിരവധി ഗവേഷണം ഇതുസംബന്ധമായി നടത്തിയതായും ഹജ്ജ് കര്‍മങ്ങള്‍ മുടങ്ങിയതായുള്ള ശാത്രീയ തെളിവുകള്‍ ഇല്ലെന്നും സര്‍വകലാശാലയിലെ ഹജ്ജ് ആന്‍ഡ് ഉംറ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാണിക്കുന്നു. തടസങ്ങള്‍ ഉണ്ടായെങ്കിലും പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് എല്ലാ കാലവും ഹജ്ജ് കര്‍മങ്ങള്‍ നടന്നതായാണ് ഗവേഷകര്‍ സ്ഥാപിക്കുന്നത്.
ഉമ്മുല്‍ഖുറാ സര്‍വകലാശാലയിലെ ഹജ്ജ് ആന്‍ഡ് ഉംറ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ റിപോര്‍ട്ട് ആണ് സഊദി ആധികാരികമായി പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇത്തവണ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഹജ്ജ് കര്‍മം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നതും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചരിത്രത്തില്‍ ഇന്നോളം കാണാത്ത രീതിയില്‍ ഇത്തവണത്തെ ഹജ്ജ് കര്‍മങ്ങള്‍ പര്യവസാനിച്ചിരിക്കുന്നു. പൂര്‍ണമായും സുരക്ഷാ സേനയുടെയും ആരോഗ്യ വകുപ്പിന്റേയും ശക്തമായ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരുന്നു ഹജ്ജ്. ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിക്കാതെ, സമാധാനപരമായും സുരക്ഷിതമായും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരം ഒരുക്കിയ സഊദി ഗവണ്‍മെന്റിനെ വിവിധ ലോക രാജ്യങ്ങളും ലോകാരോഗ്യ സംഘടനയും അഭിനന്ദിച്ചു.
ഹജ്ജിന് അവസരം ലഭിച്ചവര്‍ പൂര്‍ണമായും സഊദി ഗവണ്‍മെന്റിന്റെ ചെലവിലാണ് ഹജ്ജ് നിര്‍വഹിച്ചത്. യാത്ര പുറപ്പെടും മുമ്പേ യാത്രാ വേളയില്‍ ഉപയോഗിക്കേണ്ട സാധന സാമഗ്രികളും ഹജ്ജ് വസ്ത്രവും കോവിഡ് പ്രതിരോധ വസ്തുക്കളും ഉള്‍ക്കൊള്ളുന്ന ചെറുതും വലുതുമായ രണ്ട് ബാഗുകള്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ വീട്ടില്‍ എത്തി. ദുല്‍ഹജ്ജ് 7 ആയപ്പോഴേക്കും എല്ലാ തീര്‍ഥാടകരെയും മക്കയിലെ പ്രത്യേകം സജ്ജീകരിച്ച സ്റ്റാര്‍ ഹോട്ടലുകളില്‍ എത്തിച്ച് മുന്‍കൂര്‍ ക്വറന്റീനില്‍ താമസിപ്പിച്ചു. ഹജ്ജിനെത്തിയ മുഴുവന്‍ തീര്‍ഥാടകരും ഒരൊറ്റ മീഖാത്തിലൂടെ കടന്ന് പോയ അപൂര്‍വതയും ഈ വര്‍ഷമുണ്ടായി. ഖര്‍നുല്‍ മനാസിലിലൂടെ ആയിരുന്നു ഇത്. ഇവിടെ നിന്ന് ഹജ്ജിന്റെ ഇഹ്‌റാം ചെയ്ത തീര്‍ഥാടകര്‍ മസ്ജിദുല്‍ ഹറാമിലെത്തി ഖുദൂമിന്റെ ത്വവാഫും സഅ്‌യും നിര്‍വഹിച്ചു. തുടര്‍ന്നു അബ്‌റാജ് മിന എന്ന മിനയിലെ ടവറിലേക്ക്. മിന ടെന്റുകളില്‍ ഇക്കൊല്ലം ആരും താമസിച്ചില്ല എന്നതും ശ്രദ്ധേയമാണ്. എട്ടിന് മിനയില്‍ താമസിച്ച തീര്‍ഥാടകര്‍ ഒമ്പതിന് രാവിലെ അറഫയിലേക്കും രാത്രി മുസ്ദലിഫയിലേക്കും നീങ്ങി. ഹജ്ജിനെത്തിയെ മുഴുവന്‍ തീര്‍ഥാടകരും മസ്ജിദുന്നമിറക്കകത്ത് ഇരുന്നാണ് അറഫ ഖുത്വുബ ശ്രവിച്ചത്. ആഗ്രഹിച്ചാല്‍ പോലും കാല് കുത്താന്‍ ഇടമില്ലാതിരിക്കുന്ന, 11000 ച.മീറ്റര്‍ വിസ്തൃതിയിലുള്ള നമിറാ പള്ളിയില്‍ പിന്നെയും കുറെ സ്ഥലങ്ങള്‍ ഒഴിഞ്ഞു കിടന്നു. വിവിധ സംഘങ്ങളായി അറഫാകുന്നും കയറിയിറങ്ങി. ദുല്‍ഹജ്ജ് പത്തിന് രാവിലെ മുസ്ദലിഫയില്‍ നിന്ന് മിനയില്‍ തിരിച്ചെത്തിയ ഹാജിമാര്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ച് ഹറം പള്ളിയില്‍ പോയി ഇഫാദത്തിന്റെ ത്വവാഫ് ചെയ്തു. വീണ്ടും മിനയില്‍ തന്നെ തിരിച്ചെത്തി ബലി നല്‍കി, മുടിയെടുത്ത്, സാധാരണ വസ്ത്രം ധരിച്ചു. ദുല്‍ഹജ്ജ് 10, 11, 12 തിയതികളില്‍ മിനയില്‍ താമസിച്ച് മൂന്നു ജംറകളിലും കല്ലേറ് കര്‍മം നിര്‍വഹിച്ചു. 12നുള്ള കല്ലേറ് പൂര്‍ത്തിയായതോടെ മിനയില്‍ നിന്ന് വിടപറഞ്ഞ തീര്‍ഥാടകര്‍ വദാഇന്റെ തവാഫോടെ ഹജ്ജ് പൂര്‍ത്തീകരിച്ചു.
കനത്ത സുരക്ഷാ വലയത്തില്‍ കൃത്യമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു കര്‍മങ്ങളും യാത്രയുമെല്ലാം. ഓരോ ഹാജിയിലും കണ്ണെത്തുന്ന ക്യാമറകള്‍, 50 പേര്‍ക്ക് ഒരാള്‍ എന്ന രുപത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു നിരീക്ഷകര്‍ എല്ലാം ചേര്‍ന്നുള്ള ചിട്ടയൊത്ത ഹജ്ജ്. ഒരു തീര്‍ഥാടകന് പോലും പുറത്തു പോകാനോ, പുറത്തുള്ളവര്‍ക്ക് തീര്‍ഥാടകരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്താനോ സാധിക്കുമായിരുന്നില്ല. അനധികൃതമായി ഒരാള്‍ പോലും ഹജ്ജ് നിര്‍വഹിക്കാന്‍ കഴിഞ്ഞല്ല എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
തീര്‍ഥാടകരെ 20 വീതം അംഗങ്ങള്‍ അടങ്ങുന്ന സംഘങ്ങളായി തിരിച്ചിരുന്നു. ഓരോ സംഘത്തിനും ഹജ്ജ് മന്ത്രാലയം നിയോഗിച്ച ലീഡര്‍. ലീഡറുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുന്ന തീര്‍ഥാടകര്‍. അമ്പതോളം ബസുകളായിരുന്നു പുണ്യ സ്ഥലങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഒരുക്കിയിരുന്നത്. ഓരോ ബസിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ഇരുത്തം. ഓരോ തീര്‍ഥാടകനും ബസില്‍ ആദ്യാവസാനം ഒരു സീറ്റില്‍ തന്നെ ഇരുന്നു.
ബസ് ഇറങ്ങിയ ഇടം മുതല്‍ ഹറം പള്ളിയില്‍ പ്രവേശിക്കുന്നത് വരെ തീര്‍ഥാടകര്‍ക്ക് നടക്കാനുള്ള വഴി പ്രത്യേകം ബാരിക്കേഡുകള്‍ കെട്ടി വേര്‍തിരിച്ചിരിക്കുന്നു. ശാരീരിക അകലം പാലിച്ച് ത്വവാഫ് ചെയ്യാന്‍ മത്വാഫില്‍ പ്രത്യേകം അടയാളപ്പെടുത്തിയിരുന്നു. ഒരു സംഘത്തിന് പിറകെ മറ്റൊരു സംഘമായി വരിവരിയായി തീര്‍ഥാടകര്‍ ത്വവാഫും സഅ്‌യും നിര്‍വഹിക്കുന്നു. കഅ്ബയോടടുത്ത് സ്ത്രീകള്‍ക്ക് പ്രത്യേകം ഇടം.
മിനായില്‍ ടെന്റുകള്‍ക്ക് പകരം ജംറാ പാലത്തിന് സമീപത്തുള്ള മിനാ ടവറുകളില്‍ ആണ് തീര്‍ഥാടകരെ താമസിപ്പിച്ചത്. ഒരു മുറിയില്‍ പരമാവധി 4 പേര്‍. അറഫയിലെ നമീറാ പള്ളിയിലും കൃത്യമായി അകലം പാലിച്ച് ഇരിക്കാന്‍ സൗകര്യം. മുസ്ദലിഫയിലെ ചടങ്ങിനും ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. മശ്ഹറുല്‍ ഹറാം പള്ളിക്ക് സമീപം അകലം പാലിച്ച് താമസിക്കാന്‍ ഓരോ ഗ്രൂപ്പിനും പ്രത്യേക ബ്ലോക്കുകളായി വെവ്വേറെ സൗകര്യം. ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നു തീര്‍ഥാടകര്‍ നേരിട്ടു ശേഖരിക്കുന്നത് ഒഴിവാക്കി. പകരം അണുവിമുക്തമാക്കിയ കല്ലുകള്‍ കവറിലാക്കി ഗ്രൂപ്പ് ലീഡര്‍മാര്‍ വിതരണം ചെയ്യുകയായിരുന്നു.
മിനായിലെ ജംറകളിലെ കല്ലേറ് കര്‍മത്തിലും വ്യത്യസ്തമായ കാഴ്ചകളാണ് ഇത്തവണ കണ്ടത്. തീര്‍ഥാടകര്‍ ഗ്രൂപ്പുകളായി ക്യൂ പാലിച്ച് ജംറകളില്‍ എത്തുന്നു. ഒരു സംഘത്തിന്റെ കല്ലേറ് കര്‍മം പൂര്‍ത്തിയായാല്‍ അടുത്ത സംഘം. കല്ലെറിയുമ്പോള്‍ അകലം പാലിച്ച് നില്‍ക്കാന്‍ ജംറകള്‍ക്ക് സമീപം പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു.
ചുരുക്കത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു ഹജ്ജ് നടക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ആയിരത്തോളം തീര്‍ഥാടകര്‍ ഹജ്ജ് നിര്‍വഹിച്ചപ്പോഴും അതില്‍ അവസരം ലഭിച്ചത് (ഇതുവരെയുള്ള വിവരമനുസരിച്ച്) രണ്ട് മലയാളികള്‍ക്ക് മാത്രം. മലപ്പുറം മഞ്ചേരി സ്വദേശി മുസ്‌ലിയാരകത്ത് അബ്ദുല്‍ ഹസീബും കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹര്‍ഷദുമാണ് ആ ഭാഗ്യവാന്മാര്‍.

Share this article

About ജലീല്‍ കണ്ണമംഗലം

View all posts by ജലീല്‍ കണ്ണമംഗലം →

Leave a Reply

Your email address will not be published. Required fields are marked *