‘പണി’ കിട്ടാതിരിക്കാന്‍

Reading Time: 2 minutes

ഒരു പണിയുമില്ലാതെ അങ്ങാടികളില്‍ ചൊറി കുത്തിയിരിക്കുന്നവരും എല്ലാവര്‍ക്കും ‘പണി’ കൊടുക്കാന്‍ നടക്കുന്നുവെന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ തമാശ. ജോലി, വേല, അധ്വാനം തുടങ്ങിയ മഹത്തായ അര്‍ഥങ്ങള്‍ ഉള്ള പണി എന്ന വാക്ക്, ന്യൂജെന്‍ വ്യവഹാരികളുടെ കൈയിലെത്തിയപ്പോള്‍ നേരെ തിരിഞ്ഞു ഒരു അലമ്പ് സംഭവമായി മാറിയിരിക്കുകയാണ്.
പെട്ടുപോവുക, ആപ്പിലാവുക, കുടുങ്ങുക, പെടുത്തുക, ശല്യം ചെയ്യുക തുടങ്ങിയ അര്‍ഥങ്ങള്‍ക്കാണ് ‘പണി’ എന്ന വാക്ക് ഇപ്പോള്‍ പ്രയോഗത്തിലിരിക്കുന്നത്.
അപ്രതീക്ഷിതമായി എതെങ്കിലുമൊരു വയ്യാവേലിയില്‍ ചെന്ന് പെടുകയോ ഗുണം കിട്ടുമെന്ന് വിചാരിച്ച് ചെയ്ത ഒരു കാര്യം ഉപദ്രവമായി മാറുകയോ ചെയ്യുമ്പോള്‍ അങ്ങനെ പെടുന്നയാള്‍ തനിക്ക് ‘പണി കിട്ടി’യാതായി തിരിച്ചറിയുന്നു. ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയെടുക്കണ്ട എന്ന ജേഷ്ഠ സഹോദരന്റെ ഉപദേശം കേള്‍ക്കാതെ, ബൈക്കുമായി ടൗണിലിറങ്ങി നേരെ ട്രാഫിക് പോലീസിന്റെ മുമ്പില്‍ പെടുന്ന ചെറുപ്പക്കാരന്റെ ‘പണി കിട്ടി’ എന്ന ആത്മഗതം ഇപ്പോള്‍ നിങ്ങള്‍ക്ക് കേള്‍ക്കാനാകുന്നുണ്ടാകും. പെറ്റിയടച്ച റസീപ്റ്റ് പോക്കറ്റിലിടുന്നതോടെ ആ കിട്ടിയ പണി അവിടെ തീര്‍ന്നുകിട്ടുകയും ചെയ്യും.
‘പണി കൊടുക്കാ’നായി നടക്കുന്നവരുണ്ട് നാട്ടിലെമ്പാടും. എല്ലായിടത്തും കയറി വിളയാടുന്നവരുടെ കൊമ്പൊടിക്കാന്‍ നാട്ടുകാര്‍ സംഘം ചേര്‍ന്നും, സൗഹൃദത്തിന്റെ പേരില്‍ അടുത്ത കൂട്ടുകാര്‍ കൂട്ടം ചേര്‍ന്നുമൊക്കെ ‘പണി’ കൊടുക്കാറുണ്ട്. നാടായ നാട് മുഴുവന്‍ നടന്ന് കല്യാണം മുടക്ക് ഹരമാക്കി മാറ്റിയവര്‍ക്ക് നാട്ടില്‍ നിന്നോ പരിസരത്തു നിന്നോ പെണ്ണ് കിട്ടാതാവുന്നത് കാണാം. ഓരു പാട് അലഞ്ഞ ശേഷമായിരിക്കും തനിക്കിട്ടാരോ ‘പണി തന്നതാണെന്ന്’ മനസിലാവുക. ഒടുവില്‍ നാട്ടുകാര്‍ക്കു മുമ്പില്‍ വന്ന് മാപ്പിരക്കുകയും നാട്ടുകാര്‍ വിധിക്കുന്ന ലളിതമായ ശിക്ഷ എറ്റുവാങ്ങുകയും ചെയ്യുന്നതോടെ കക്ഷിക്ക് പെണ്ണ് കിട്ടിക്കോളും. വിളിക്കാത്തേടത്തൊക്കെ കയറി ചെന്ന് കല്യാണമുണ്ണുന്നതും തിന്നുമുടിക്കുന്നതും ശീലമാക്കിയവന്റെ കല്യാണത്തിന്, അടുത്ത നാട്ടില്‍ നിന്ന് പോലും ലോറിയില്‍ ആളെയിറക്കി സദ്യ കുളമാക്കുന്നതും പണി കൊടുക്കലിന്റെ ഭാഗം തന്നെ. സുഹൃത്തുക്കളിലൊരാളെ അറിയിക്കാതെ എല്ലാവരും ചേര്‍ന്ന് ഹോട്ടലില്‍ കയറി വയറു നിറയെ കഴിച്ച്, ബില്ലടക്കാനുള്ള സമയമാകുമ്പോഴേക്കും അയാളെ മാത്രം തനിച്ചാക്കി കടന്നുകളയുന്നത് സൗഹൃദത്തിന്റെ പരിമളമുള്ള പണി കൊടുക്കലാണ്!
ഇത്തരത്തില്‍ കിട്ടുകയും കൊടുക്കുകയും ചെയ്യുന്ന പണികളെ ‘മുട്ടന്‍ പണി’ എന്നും ‘എട്ടിന്റെ പണി’ എന്നുമൊക്കെ തരംതിരിക്കാറുണ്ട്. നേരത്തെ ചായക്കടയില്‍ ഒറ്റപ്പെട്ടുപോയ സുഹൃത്തിന്റെ കൈയില്‍ പൈസയൊന്നും ഇല്ലാതിരിക്കുകയും, അപഹാസ്യനായി കൈയിലുള്ള വിലപിടിപ്പുള്ള മൊബൈല്‍ ഫോണോ വാച്ചോ ഒക്കെ അവിടെ പണയപ്പെടുത്തുകയും ചെയ്യേണ്ടി വരുന്നുവെങ്കില്‍ അതൊരു മുട്ടന്‍ പണി തന്നെയായിരിക്കും. കല്യാണം മുടക്കിക്ക് തിരിച്ചുകൊടുത്ത പണിയില്‍ അയാള്‍ കൊല്ലങ്ങളോളം വലയുകയും പെണ്ണ് കിട്ടാതെ വീട്ടിലിരുന്നു പോവുകയും ചെയ്താല്‍, ആ പണിയാണ് എട്ടിന്റെ പണി. അക്കങ്ങള്‍ 1 മുതല്‍ 9 വരേയുണ്ടായിട്ട് ഇവക്ക് എട്ടിന്റെ പണിയെന്നു തന്നെ പേര് വരാനിടയായതിനെ പറ്റിയും ‘പഠനം’ നടന്നിട്ടുണ്ട്. ബാക്കി എല്ലാ അക്കങ്ങള്‍ക്കും ഒരു സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും ഉള്ളപ്പോള്‍ 8നു അങ്ങനെ ഒന്നു ചൂണ്ടിക്കാണിക്കാന്‍ ഇല്ലാത്തതു പോലെ, എവിടെ തുടങ്ങി എവിടെ ഒടുങ്ങും എന്നറിയാത്തതിനാലാണത്രെ ഇത്തരം പണികള്‍ എട്ടിന്റെ പണികളായത്! ഓരോരോ ഗവേഷണങ്ങളേയ്…
‘പണി പാളുക’ എന്ന ഒരു പണി പ്രയോഗം കൂടിയുണ്ട്. മറ്റാര്‍ക്കെങ്കിലും വെച്ച പണി ചെയ്തയാളിലേക്ക് തിരിച്ചുവരികയോ നന്മ ഉദ്ദേശിച്ചു ചെയ്ത ഒരു കാര്യം വിപരീത ഫലം വരുത്തുകയോ ഒക്കെ ചെയ്യുമ്പോള്‍ ആണ് ‘പണി പാളുന്നത്.’ തൊഴിലിടത്തിലെ സമര്‍ഥനായ ഒരു സഹപ്രവര്‍ത്തകന്റെ അടിക്കടിയുള്ള വളര്‍ച്ചയില്‍ അസൂയ പൂണ്ട്, അയാള്‍ക്കെതിരെ മാനേജ്‌മെന്റിനു മുന്നില്‍ ചെറിയ വീഴ്ചകള്‍ കുത്തിപ്പൊക്കി ചെല്ലും ചിലര്‍. മാനേജ്മന്റ് നന്നെങ്കില്‍ ഇങ്ങനെ പരാതിയുമായി ചെന്നവനാണ് പെടുക. ചിലപ്പോള്‍ ജോലി തന്നെ തെറിച്ചേക്കും. അതാണ് പണി പാളല്‍.
ഏതായാലും ‘പണി’ അന്വേഷിച്ച് ഇനി ആരും വിയര്‍ക്കേണ്ടതില്ല. കിട്ടാതിരിക്കാന്‍ നോക്കിയാല്‍ മതി. ഇനി പഴയതും പുതിയതുമായ പണികള്‍ ചേര്‍ത്ത് ഒരു കാര്യം പറയാം. തേരാ പാരാ നടക്കുന്ന ചെറുപ്പക്കാരോടാണ്. നന്നായി പഠിച്ച് പാസായാല്‍ പണി കിട്ടും. അല്ലെങ്കില്‍ ‘പണി’ കിട്ടും. പറഞ്ഞേക്കാം.

Share this article

About അബ്ദുല്ല വടകര

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *