അതിരുകളില്ലാത്ത ആതുരസേവനം

Reading Time: 2 minutes


രാജ്യം, മതം, രാഷ്ട്രീയം, ജാതി, ഭാഷ എന്നീ വേര്‍തിരിവുകളില്ലാതെ ലോകത്തുള്ള എല്ലാ മനുഷ്യര്‍ക്കും ആതുരസേവനം ലഭ്യമാക്കണമെന്ന് ഫ്രാന്‍സിലെ ഏതാനും ഡോക്ടര്‍മാരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്ന് ആലോചിച്ചതിനെത്തുടര്‍ന്ന് 1971ല്‍ രൂപംകൊണ്ട അന്താരാഷ്ട്ര സംഘടനയാണ് Medecins Sans Frontieres (MSF) ഇംഗ്ലീഷില്‍ Doctors Without Borders എന്ന പേരിലാണറിയപ്പെടുന്നത്. അന്താരാഷ്ട്ര തലങ്ങളില്‍ ഏറ്റവും അറിയപ്പെടുന്ന ഹ്യൂമാനിറ്റേരിയന്‍ സംഘടനയായ റെഡ് ക്രോസിനു മറ്റൊരു രാജ്യത്തിനകത്തു ഇടപെടുന്നതില്‍ പരിമിതികളുണ്ട്, അത് എങ്ങനെ മറികടക്കാം എന്ന ആലോചനയില്‍ നിന്നാണ് എംഎസ്ഫിന്റെ പിറവിക്ക് വഴി വെച്ചത്. വ്യക്തികളില്‍ നിന്നും മറ്റും ലഭിക്കുന്ന സംഭാവനകളാണ് സാമ്പത്തിക സ്രോതസ്. എന്നാല്‍ കോര്‍പറേറ്റുകളെ ആശ്രയിക്കാത്തത് കൊണ്ട് തന്നെ പരിമിതികളില്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എംഎസ്എഫിന് കഴിയുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനെ സഹായിക്കുന്നുണ്ട്. എംഎസ്എഫിന്റെ നയതീരുമാനങ്ങളെടുക്കുന്നതില്‍ ഒരാള്‍ക്കും പങ്കില്ല. എവിടെ, എപ്പോള്‍, എങ്ങനെ ഇടപെടണമെന്ന് സംഘടനതന്നെയാണ് തീരുമാനിക്കുന്നത്. ഏതാണ്ട് 1.63 ബില്യന്‍ യുഎസ് ഡോളറാണ് വാര്‍ഷിക ബജറ്റ് കണക്കാക്കപ്പെടുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയിലാണ് ഹെഡ് ഓഫീസ് നിലകൊള്ളുന്നത്. വിവിധ രാജ്യങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നത് ഇവിടെ നിന്നാണ്. നിലവില്‍ 70 രാജ്യങ്ങളില്‍ എംഎസ്എഫ് ആതുര സേവനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
എംഎസ്ഫിനു 28 രാജ്യങ്ങളില്‍ ഓഫിസുകളുണ്ട്. ഡോക്ടര്‍മാര്‍ക്ക് പുറമെ നേഴ്‌സുമാര്‍ തുടങ്ങി വിവിധ മേഖലകളിലുമുള്ള ജോലിക്കാരായി മുപ്പത്തിനായിരത്തില്‍ പരം ആളുകള്‍ സേവനം ചെയ്യുന്നു. ഇവിടെ ശ്രേദ്ധേയമായത് യാതൊരുവിധ സൗകര്യങ്ങളും പ്രതീക്ഷിക്കാതെയാണ് തങ്ങളുടെ ദൗത്യങ്ങള്‍ക്കായി പുറപ്പെടുന്നത്, കൃത്യമായ ഭക്ഷണമോ താമസ സൗകര്യങ്ങളോ ലഭിക്കണമെന്നില്ല. പരിമിതമായ സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി അരികുവത്കൃത സമൂഹത്തിനു വേണ്ട എല്ലാ ആതുര സേവനവും നല്‍കുന്നു. ഓരോ വര്‍ഷവും ജോലിക്ക് വേണ്ടിയുള്ള ആയിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുന്നുണ്ടെങ്കിലും പരിമിതമായ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സ്വയം സമര്‍പണം തന്നെയാണ് അടിസ്ഥാന മാനദണ്ഡമായി കണക്കാക്കുന്നത്.
ആഭ്യന്തര യുദ്ധങ്ങള്‍, പ്രാദേശികയായി പ്രത്യേകം കാണപ്പെടുന്ന പകര്‍ച്ച വ്യാധികള്‍, ഭൂചലനം, പ്രേകൃതി ക്ഷോഭങ്ങള്‍ തുടങ്ങി ആതുര സേവനം അടിയന്തരമായി ആവശ്യമുള്ള മേഖലകളില്‍ ഏറ്റവും വേഗതയില്‍ എത്തിപ്പെടുന്ന സംഘമാണ് എംഎസ്എഫ്. ലോകത്ത് രണ്ടു ബില്യനിലധികം ആളുകള്‍ക്കു അനിവാര്യമായ ആതുര സേവനം ലഭിക്കാത്തിടത്താണ് ഓരോ വര്‍ഷവും പത്തു മില്യനിലധികം ആളുകളെ ഇവര്‍ പരിചരിച്ചു കൊണ്ടിരിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് എംഎസ്എഫിന്റെ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ വ്യാപിച്ചു കിടക്കുന്നത്. ആരോഗ്യ പരിപാലനം, ഭക്ഷണം, വെള്ളം എന്നിവ അവിടെ സൗകര്യപ്പെടുത്തി കൊടുക്കുന്നു. ആഫിക്കന്‍ നാടുകളിലെ പ്രയാസങ്ങളെ, ദൗര്‍ബല്യങ്ങളെ മാധ്യമങ്ങള്‍ വഴി പുറംലോകത്തെത്തിച്ചു ആവശ്യമായ അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് കളമൊരുക്കി കൊടുക്കുന്നുണ്ട്. അഭ്യന്തര യുദ്ധങ്ങള്‍ നടക്കുന്ന പ്രദേശങ്ങളില്‍ താത്കാലിക ആശുപത്രികള്‍ സ്ഥാപിച്ചു പരിമിതമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഡോക്ടര്‍മാര്‍ തങ്ങളുടെ ദൗത്യം നിര്‍വഹിക്കുന്നത്. പലപ്പോഴും തങ്ങളുടെ ജീവന് തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ രാഷ്ട്രീയമായ കാരണങ്ങളാല്‍ സംഘര്‍ഷഭരിതമാണ് എല്ലായിപ്പോഴും, ആവശ്യ സാധനങ്ങളുടെ ദൗര്‍ബല്യവും പോഷക ആഹാരങ്ങളുടെ കുറവും കാരണം ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും മരിച്ചുവീഴുന്നത്. ഇവിടങ്ങളിലെല്ലാം ചെറിയ മാറ്റങ്ങളുണ്ടാക്കാന്‍ എംഎസ്എഫ് ഒരു നിമിത്തമായിട്ടുണ്ട്.
പ്രാദേശികമായ രാഷ്ട്രീയ കാരണങ്ങളാല്‍ എംഎസ്എഫ് സന്നദ്ധ പ്രവര്‍ത്തകര്‍ പലപ്പോഴും ആക്രമണങ്ങള്‍ക്കും കിഡ്‌നാപ്പിങിനും വിധേയമാകാറുണ്ട്. സംഘര്‍ഷഭരിതമായ ഇടങ്ങളില്‍ രണ്ട് ചേരികളിലെ ആളുകള്‍ക്കും മെഡിക്കല്‍ എമര്‍ജന്‍സി നല്‍കിയില്ലെങ്കില്‍ എതിര്‍ചേരികളിലെ ആയുധധാരികള്‍ സന്നദ്ധ സേവകരെ അക്രമിക്കാറുണ്ട്. അഫ്ഗാനിസ്ഥാനില്‍ അഞ്ചു സന്നദ്ധ സേവകരെയാണ് എം എസ്ഫിനു നഷ്ടപ്പെട്ടത്. ഉടനെ തന്നെ അവിടെ നിന്ന് പിന്മാറുകയും ചെയ്തു. ഇത്തരം പ്രദേശങ്ങളില്‍ നിന്നും സന്നദ്ധ സേവകര്‍ക്ക് തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കാതെ മടങ്ങേണ്ടി വന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യയിലും എംഎസ്എഫ് സാന്നിധ്യമുണ്ട് മണിപ്പൂര്‍, മഹാരഷ്ട്ര, ജാര്‍ക്കന്‍ഡ്, ജമ്മു കശ്മീര്‍, ബീഹാര്‍, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഓരോ പ്രദേശത്തെയും സാഹചര്യമനുസരിച്ചുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന വെള്ളപ്പൊക്കങ്ങളില്‍ എംഎസ്എഫിന്റെ സഹായം ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറാണ് കേരളത്തില്‍ നിന്നുള്ള ഏക അംഗം. വിവിധ രാജ്യങ്ങളില്‍ ഒരുപാട് ദൗത്യങ്ങളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കോവിഡ് കാലത്ത് ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും സന്നദ്ധ സേവനങ്ങളുമായി ഈ സംഘം സജീവമായി ഗ്രൗണ്ടിലുണ്ടായിരുന്നു.

Share this article

About സുജീര്‍ പുത്തന്‍പള്ളി

View all posts by സുജീര്‍ പുത്തന്‍പള്ളി →

Leave a Reply

Your email address will not be published. Required fields are marked *