കൊല്ലത്ത് കോഴിക്കോട്, കോഴിക്കോട്ട് കൊല്ലം

Reading Time: 2 minutes

നമ്മുടെ നാടിന്റെ പേരിനോട് സാമ്യമുള്ള വേറെയും സ്ഥലങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും. ചെറിയ ഗ്രാമങ്ങള്‍ ആണെങ്കില്‍ ഇത്തരം പ്രദേശങ്ങള്‍ നമ്മുടെ നാടിന്റെ അടുത്തുതന്നെ ഉണ്ടാകും. പട്ടണങ്ങളുടെ പേരിനോട് സാമ്യമുള്ള പ്രദേശങ്ങളുമുണ്ട്. കോട്ടയം ഒരു ജില്ലാ സ്ഥാനവും വലിയമുനിസിപ്പാലിറ്റി യുമാണ്. കണ്ണൂര്‍ ജില്ലയില്‍ കോട്ടയം എന്ന് പേരുള്ള ഒരു പഞ്ചായത്തുണ്ട്. ആന്ധ്രപ്രദേശില്‍ ചിറ്റൂര്‍ എന്ന ജില്ലയുണ്ട്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഒരു നിയമസഭാ മണ്ഡലം എന്ന പേരിലും മുനിസിപ്പാലിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. എന്നാല്‍ കൊല്ലം ജില്ലയിലെ കോഴിക്കോടും കോഴിക്കോട് ജില്ലയിലെ കൊല്ലവും നിരവധി സാമ്യതകള്‍ നിറഞ്ഞ രണ്ടു ചെറുഗ്രാമങ്ങളാണ്. കടല്‍തീരപ്രദേശങ്ങളിലാണ് രണ്ട് ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ടു ഗ്രാമങ്ങളും നഗരപ്രദേശത്തോടും ഹൈവേയോടും അടുത്തു നില്‍ക്കുന്നവയാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരത്തില്‍ നിന്നും ഏകദേശം 3 കിലോമീറ്റര്‍ അകലെയാണ് കൊല്ലം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊയിലാണ്ടി നഗരവും കൊല്ലം നഗരവും തമ്മില്‍ വേറെയും ബന്ധമുള്ളതായി കരുതപ്പെടുന്നു. കൊല്ലം ജില്ലയില്‍ നിന്നും കുടിയേറിയ കുറേ പേര്‍ ഇന്നും കൊയിലാണ്ടിയില്‍ ഉണ്ട്. കൊയിലാണ്ടിക്കടുത്ത കൊല്ലം എന്ന പേരും ഇങ്ങനെ വന്നതാണെന്നു കരുതുന്നു. പേരുകളില്‍ കൊല്ലം ജില്ലയിലേതിനു സാമ്യമുള്ള നിരവധി ഗ്രാമങ്ങളും ഇവിടെ കാണുന്നു.
ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് കൊയിലാണ്ടിക്കടുത്ത പന്തലായനി (കൊല്ലം). അറബി വ്യാപാരികളുടെ ഒരു പ്രധാനതാവളമായിരുന്നു. ധാരാളം അറബി വ്യാപാരികള്‍ പണ്ടു കാലത്ത് കൊയിലാണ്ടിയില്‍ വ്യാപാരാവശ്യാത്തിനായി എത്തിച്ചേരുകയും തദ്ദേശീയരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
കൊയിലാണ്ടിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കൊല്ലത്തെ പാറപ്പള്ളി ബീച്ച്. പാറക്കെട്ടുകള്‍ കൊണ്ട് നിറഞ്ഞ ഈ മനോഹര തീരം ഒരുപാടു സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഏറെയും സ്വദേശികള്‍ തന്നെയാണ് ഇവിടെ എത്താറ്. പുരാതന കാലത്തു ഇവിടം ഒരു തുറമുഖം ആയിരുന്നത്രെ.
കൊയിലാണ്ടിയിലെ കൊല്ലത്ത് പാറപ്പള്ളി കടപ്പുറത്തുള്ള മുസ്‌ലിം പള്ളി (പാറപ്പള്ളി മഖാം) ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളികളില്‍ ഒന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.കേരളത്തിന്റെ പലഭാഗത്തു നിന്നും ഇവിടെ സന്ദര്‍ശകരും വിശ്വാസികളും എത്തിച്ചേരാറുണ്ട്. അറബിനാടുകളില്‍ നിന്നും വരുന്ന ചരക്കുകപ്പലുകള്‍ ഈ തുറമുഖത്തു വരാറുണ്ടായിരുന്നു. ഇവിടം വ്യാപകമായി കണ്ടു വരുന്ന ചെളിത്തിട്ടകളില്‍ കപ്പലുകള്‍ സുരക്ഷിതമായി കയറ്റിവെക്കാന്‍ കഴിയുമായിരുന്നു എന്ന കാരണത്താലാണ് പല ചരക്കുകപ്പലുകളും ഇവിടം തൊടാറുണ്ടായിരുന്നത് എന്നു പറയപ്പെടുന്നു.
ചരിത്രപരമായി ഏറെ ആഴമുള്ള ഒരു തീരമാണിവിടം. ഒമ്പതാം നൂറ്റാണ്ടില്‍ വൈദേശികര്‍ കച്ചവടത്തിനായി ഈ തീരത്ത് എത്തിയിരുന്നത്രെ. ചൈനക്കാരും അറബികളുമാണ് അവരില്‍ പ്രമുഖര്‍. കെ വി കൃഷ്ണ അയ്യരുടെ ‘ഹിസ്റ്ററി ഓഫ് കേരള’ എന്ന ഗ്രന്ഥത്തില്‍ പൗരാണിക കാലത്ത് ഇവിടെ നിന്നും മുത്തു വാരിയിരുന്നതായി പറയപ്പെടുന്നു. ഇവിടം ഒരുപാടു മുത്തു ചിപ്പികളുണ്ടായിരുന്നു. AD 68 കാലത്ത് തന്നെ ഇവിടെ ജൂതന്മാരുണ്ടായിരുന്നതായും ഇതേ പുസ്തകത്തില്‍ കാണുന്നു. ഇബ്‌നു ബത്തൂത്ത (1343), സൈനുദ്ദിന്‍ മഖ്ദൂം1540-1580 എന്നീ ചരിത്ര ഗ്രന്ഥങ്ങളിലും പന്തലായനി കൊല്ലത്തെ ഈ ബീച്ചിനെക്കുറിച്ചി പരാമര്‍ശമുണ്ട്. തമീമുല്‍ അന്‍സാരി എന്ന സ്വഹാബിവര്യന്റെ ഖബറിടം ഇവിടെ ആണെന്നാണ് കരുതുന്നത്. ഈ പള്ളിക്ക് സമീപമുള്ള മനോഹരമായ കടല്‍തീരം നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.
ആര്‍ത്തിരമ്പുന്ന കടല്‍. കടലിനോട് ഓരം ചേര്‍ന്ന് കിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്പള്ളി. വെള്ളാരന്‍ കല്ലുകളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന മനോഹരമായ കടലോരം. കൊയിലാണ്ടി കൊല്ലം പാറപ്പള്ളി കടലോരത്തെക്കുറിച്ചാണ് പറഞ്ഞത്. ലാസ്യമായ പ്രകൃതിഭംഗിയും അതിലേറെ ചരിത്ര പ്രാധാന്യവുമുള്ള ഈ കടലോരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര-തീര്‍ഥാടന കേന്ദ്രമാണ്. അവധിദിനങ്ങളിലും മറ്റും നൂറു കണക്കിനാളുകള്‍ ഇവിടെയെത്താറുണ്ട്
കൊല്ലം ജില്ലയില്‍ കരുനാഗപ്പളളി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള അയണിവേലിക്കുളങ്ങര വില്ലേജിലെ ഒരു ഗ്രാമമാണ് കോഴിക്കോട്. കരുനാഗപ്പളളി ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ പടിഞ്ഞാറായിട്ടും അറബിക്കടലിന്റെ തീരങ്ങള്‍ക്കും മധ്യേയാണ് ഈ നാട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ കോഴിക്കോട് ജില്ലയുമായി പ്രാദേശിക സാദൃശ്യമുണ്ടായത് കൊണ്ടാണ് ഈ പേരിന് കാരണം എന്നാണ് പറയപ്പെടുന്നത്.
തീരപ്രദേശമായ വെള്ളനാതുരത്തിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന എസ് വി മാര്‍കറ്റ് ബോട്ട് ജെട്ടി ഇവിടുത്തെ പ്രശസ്തമായ തുറമുഖങ്ങളില്‍ ഒന്നായിരുന്നു. കാലക്രമേണ റോഡ് ഗതാഗതം സുലഭമായത് കൊണ്ട് അധികമായുള്ള ജലമാര്‍ഗം ചുരുങ്ങി. കടല്‍ തീരവും ബോട്ട് ജെട്ടിയും തീരങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുന്ന തെങ്ങിന്‍തോപ്പും അവിടെയുള്ളവര്‍ക്കും സഞ്ചാരികള്‍ക്കും ഒരു പോലെ നയന മനോഹര കാഴ്ച യാണ് സമ്മാനിക്കുന്നത്.
കരുനാഗപ്പള്ളിയിലെ കോഴിക്കോട് കച്ചവട സ്ഥാപനങ്ങള്‍ക്ക് പ്രശസ്തമായിരുന്നു. ശ്രീ വര്‍ദ്ധനം മാര്‍കറ്റ് എന്നാണ് ഔദ്യോഗിക പേര്. നാട്ടുകാര്‍ സ്‌നേഹപൂര്‍വം എസ് വി മാര്‍കറ്റ് എന്ന് വിളിക്കും. ആ പേരിലാണ് പോസ്റ്റാഫീസും.
കൊപ്ര, കശുവണ്ടി, കയര്‍ തുടങ്ങിയ സാധനങ്ങള്‍ കയറ്റിയ കൂറ്റന്‍ കേവ് വള്ളങ്ങള്‍ കൊല്ലം-ആലപ്പുഴ ഭാഗത്തേക്ക് പോകുന്നവ വിശ്രമിക്കാന്‍ ഇടം കണ്ടെത്തുന്നിടം. യാത്രാബോട്ടുകളും സ്വാകാര്യ യാത്രാബോട്ടുകളും നങ്കൂരമിടുന്ന കോഴിക്കോട് ജെട്ടി. തുടങ്ങിയവ കൊല്ലം കോഴിക്കോടിന്റെ പ്രത്യേകതകളാണ്.
സമുദ്രനിരപ്പില്‍ നിന്നും 20 അടി താഴെയാണ് ഈ പ്രദേശം നിലനില്‍ക്കുന്നത്. ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും തിങ്ങിപ്പാര്‍ക്കുന്ന കൊല്ലം കോഴിക്കോട് മതസൗഹാര്‍ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതിന്റ അടയാളങ്ങളാണ് ഈ തീരപ്രദേശത്തു ഉയര്‍ന്നു നില്‍ക്കുന്ന കോഴിക്കോട് മുസ്‌ലിം ജമാഅത്ത് പള്ളിയും ശാസ്താംനട ശ്രീ ധര്‍മശാസ്ത്രാ ക്ഷേത്രവും മാര്‍ത്തോമ കത്തോലികേറ്റ് ചര്‍ച്ചും.

Share this article

About അലി കട്ടയാട്ട്

alicheruvadi@gmail.com

View all posts by അലി കട്ടയാട്ട് →

Leave a Reply

Your email address will not be published. Required fields are marked *