സംഗതി സീന്‍ ആയി

Reading Time: < 1 minutes

മലയാളത്തിലെ വാക്കുകളെ പിടിച്ച് തോന്നിയ അര്‍ഥം നല്‍കി മാര്‍കറ്റിലിറക്കുന്നേടത്ത് അവസാനിക്കുന്നില്ല, ഭാഷക്ക് നമ്മുടെ പിള്ളേര്‍ നല്‍കുന്ന സേവനം. ഇംഗ്ലീഷില്‍ നിന്ന് വാക്കുകള്‍ കടമെടുത്ത് ഇഷ്ടാനുസരണം അര്‍ഥം നല്‍കി രംഗത്തിറക്കി, ഈ കലാപരിപാടിക്ക് ഒരു അന്താരാഷ്ട്ര നിലവാരം കൂടി നല്‍കുന്നുണ്ട് കക്ഷികള്‍.
അങ്ങനെ കടം കൊണ്ട വാക്കാണ് ‘സീന്‍’ (scene) എന്നത്. ടരലില എന്ന ഇംഗ്ലീഷ് വാക്കിന്റെ നേരര്‍ഥം രംഗം, കാഴ്ച, അരങ്ങ് എന്നൊക്കെയാണെങ്കില്‍, ന്യൂ ജെന്‍ മലയാള നിഘണ്ടുവില്‍ സീന്‍ ഉപയോഗിക്കുന്നത് അലമ്പ്, കച്ചറ, ചൊറ എന്നൊക്കെയുള്ള അര്‍ഥത്തിലാണ്. ഏതൊരു അലമ്പും അരങ്ങേറുന്ന ഒരു രംഗമുണ്ടാകുമല്ലോ. ആ ഒരു പശ്ചാത്തല ബന്ധത്തില്‍ നിന്നാവാം അലമ്പിനു സീന്‍ എന്ന പ്രയോഗം വന്നത്. സംഗതി ഇപ്പൊ സംശയം തീര്‍ക്കാന്‍ ആരോടും ചോദിക്കാനൊന്നുമില്ലാത്തതിനാല്‍ അങ്ങനെ തന്നെ എന്നു കരുതി സമാധാനിക്കുക തന്നെ.
പുതിയാപ്പിളയുടെ കൂടെ പെണ്ണു വീട്ടില്‍ ചെന്ന് ചങ്ക്സ് കാണിച്ചു കൂട്ടുന്ന വേലത്തരങ്ങള്‍ അതിരു വിടുകയും നാട്ടുകാര്‍ ചങ്ക്സിനെ പെരുമാറുകയും ചെയ്താല്‍ സംജാതമാകുന്ന ഒരവസ്ഥയുണ്ടല്ലോ, അത്തരം അവസ്ഥകളെ സൂചിപ്പിക്കാനാണ് സിമ്പിളായി സംഗതി സീന്‍ ആയെടാ എന്ന് പ്രയോഗിച്ചു വരുന്നത്.
പൂരപ്പറമ്പിലും ഉത്സവസ്ഥലങ്ങളിലുമൊക്കെ സ്വാഭാവികമായുണ്ടാകുന്ന കശപിശകള്‍, ചെറിയ അടിപിടികള്‍ എന്നിവ പിടിച്ചേടത്തു നില്‍ക്കാതെ വലിയ പ്രശ്‌നങ്ങളായി മാറുമ്പോഴും സംഭവം സീന്‍ ആയി മാറും.
ഒളിപ്പിച്ചു വെച്ച കള്ളത്തരങ്ങളോ വേലത്തരങ്ങളോ അധ്യാപകരുടെയോ രക്ഷിതാക്കളുടെയോ നാട്ടുകാരുടെയോ മുമ്പില്‍ പിടിക്കപ്പെട്ടുവെന്നും വഷളായി എന്നുമിരിക്കട്ടെ, അത്തരം സാഹചര്യത്തെ സൂചിപ്പിക്കാനും ഗാംങ് തമ്മില്‍ പറയുക ആകെ സീന്‍ ആയി എന്ന് തന്നെയായിരിക്കും. ചുരുക്കത്തില്‍ സീന്‍ ആള് അലമ്പാണ്.
പുതിയ വ്യവഹാര രീതികളോട് ഇനിയും പൊരുത്തപ്പെടാന്‍ കഴിയാത്ത വല്ല ഓള്‍ഡ് ഫാഷന്‍ഡ് കാരണവന്മാരും കേള്‍ക്കുന്നുണ്ടെങ്കില്‍ മനസിലാവാതിരിക്കണ്ട എന്നു കരുതിയാകും, ചില ഘട്ടങ്ങളില്‍ പിള്ളേര്‍ സീന്‍ എന്ന് മാത്രം പറഞ്ഞു നിര്‍ത്താതെ ‘അലമ്പ് സീന്‍’ എന്നു തീര്‍ത്ത് പ്രയോഗിക്കും. ഔദാര്യം എന്നല്ലാതെന്തു പറയാന്‍?

Share this article

About അബ്ദുല്ല വടകര

enpee_sa@yahoo.com

View all posts by അബ്ദുല്ല വടകര →

Leave a Reply

Your email address will not be published. Required fields are marked *