ഇന്ത്യന്‍ സൂഫിസത്തിന്റെ ബഹുസ്വരത

Reading Time: 2 minutes

പരസ്യ, പരോക്ഷ, പ്രതിലോമ അധിനിവേശ ശക്തികളെയല്ലാം തുരത്തിയ ചരിത്ര സ്മരണയുടെ മണ്ണാണ് ഇന്ത്യ. വിവേകപൂര്‍വ പ്രവര്‍ത്തനങ്ങളിലൂടെ വിജയം കൈവരിച്ച ബഹുസ്വര സമൂഹമാണ് നാം. മതമൈത്രി, സ്നേഹം തുടങ്ങിയവയായിരുന്നു പ്രതിരോധ ആയുധങ്ങള്‍. ഇത് മാറ്റിനിര്‍ത്തിയുള്ള ഇന്ത്യന്‍ ചരിത്രം ഒരിക്കലും പൂര്‍ണമാവുകയില്ല. മതപണ്ഡിതന്‍മാരുടെ, സൂഫിവര്യരുടെ രീതിശാസ്ത്രങ്ങള്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യാനികളടങ്ങുന്ന മനുഷ്യ സൗഹാര്‍ദം കരസ്ഥമാക്കി. ഈയൊരു സൗഹൃദമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയിലെ അഭിവാജ്യഘടകം എന്ന് ചരിത്രം വിളിച്ചുപറയുന്നുണ്ട്.
‘പിറന്ന മണ്ണിന് മോചനം’ എന്നതായിരുന്നു സ്വാതന്ത്ര്യസമരകാലത്തെ സൂഫികളുടെ മുദ്രാവാക്യം. ലോകത്തുടനീളം ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ത്യയിലും പ്രത്യേകിച്ചും കേരളത്തിലും കാണാന്‍ സാധിക്കും.
ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അബ്ദുല്‍കലാം ആസാദ് ജനിക്കുന്നത് മക്കയിലാണ്. സമ്പന്നവും പ്രസിദ്ധ കുടുംബവുമായിരുന്നു കലാമിന്റേത്. അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ഖുര്‍ആനിന് വ്യാഖ്യാനം എഴുതിയ വിജ്ഞാനശാലിയാണ്. അബ്ദുല്‍ കലാം ആസാദ് പറയുന്നു: ‘മാനത്തുനിന്ന് മാലാഖകള്‍ വന്നു ഖുതബ്മിനാറിന്റെ മുകളില്‍നിന്ന്, ഓ കലാം അങ്ങേയ്ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യമാണോ ഹിന്ദു-മുസ്‌ലിം മതമൈത്രിയാണോ വേണ്ടത് എന്ന് ചോദിച്ചാല്‍ ഞാന്‍ മതമൈത്രി തെരഞ്ഞെടുക്കും.’ എത്ര സുന്ദരമായ വാക്യങ്ങള്‍!
‘സന്യാസം മതത്തിലില്ല’, സമൂഹത്തിലിറങ്ങി ജനങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കുന്ന യഥാര്‍ഥ വിശ്വാസിക്ക്, സമൂഹത്തില്‍ നിന്ന് അകന്ന് അല്ലാഹുവിന് ആരാധിക്കുന്ന വിശ്വാസിയെക്കാള്‍ പ്രതിഫലമുണ്ട് എന്ന പ്രവാചകന്റെ വാക്കുകളുണ്ട്. മാതൃക എന്നോളം തന്റെ വാക്കുകളെ ജീവിതത്തില്‍ പകര്‍ത്തി സമുദായത്തിന് കാണിച്ചുതന്നതുമാണ് എല്ലാ പണ്ഡിതന്മാര്‍ക്കും പ്രചോദനം. ഖാജാ മുഈനുദ്ദീന്‍ ശൈഖും നിസാമുദ്ദീന്‍ ഔലിയയുമെല്ലാം കാണിച്ച ഉദാത്ത മാതൃകകള്‍ ആലങ്കാരികങ്ങളല്ല. അവര്‍ ജനമനസിനെ സ്വാധീനിച്ചു. പിന്നീട് വന്ന തലമുറകളില്‍ അത് പ്രതിഫലിച്ചു.
ഒരിക്കല്‍ നിസാമുദ്ദീന്‍ ഔലിയ യമുനാ നദീ തീരത്തിലൂടെ നടന്നുപോവുകയായിരുന്നു. ധാരാളം ഹൈന്ദവ പുരുഷന്മാര്‍ പുഴയില്‍ കുളിക്കുന്നത് ദൃഷ്ടിയില്‍പെട്ടു. ഇങ്ങനെ ചെയ്താല്‍ അവരുടെ പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന ഹൈന്ദവവിശ്വാസത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അവിടുത്തെ മറുപടി ഇങ്ങനെയായിരുന്നു: ഹര്‍ ഖൗമേം റോഹസ്ത്, ഹര്‍ ഖൗമ് മേം ഖിബ്‌ലസ്ത്, അവനവന്റെ മതവും ആചാരവുമാണത്. തന്റെ ജീവിതകാലത്ത് പ്രയാസങ്ങളും സങ്കടങ്ങളും പറഞ്ഞുവരുന്ന ജനങ്ങളെ മതം നോക്കാതെ പരിപാലിക്കുന്ന രീതി കാണിച്ച് ജനങ്ങളുടെ മനസിനെ പാകപ്പെടുത്തിയ വ്യക്തിയായിരുന്നു നിസാമുദ്ദീന്‍ ശൈഖ്. അതിന്റെ നേര്‍സാക്ഷ്യമെന്നോളം ഇന്നും ജാതിമതഭേദമന്യേ തങ്ങളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ ആ ചാരത്ത് എത്തുന്നത് എത്രയെത്ര ആളുകളാണ്. ഇതുപോലെ തന്നെയാണ് അജ്മീര്‍. ഖാജ ഇന്ത്യയിലേക്ക് വന്ന സമയത്ത് തങ്ങളെ സ്വീകരിച്ചവരില്‍ ഹൈന്ദവരും മറ്റു മതസ്ഥരുമടങ്ങിയിരുന്നു. ജനങ്ങളെ എല്ലാവരെയും ഒന്നിച്ച് നിര്‍ത്തി രാജ്യത്തിന്റെ ശത്രുപക്ഷത്തെ നേരിട്ട സംഭവങ്ങളുണ്ട്.
അലിയ്യുല്‍ കൂഫി തങ്ങളുടെ ചരിത്രം പ്രസിദ്ധമാണല്ലോ, തനിക്ക് നാട്ടില്‍ ആരാധനാലയം നിര്‍മിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഹൈന്ദവ സമൂഹം തങ്ങളുടെ ക്ഷേത്രഭൂമി ദാനം ചെയ്യാമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ വലിയ്യ് അത് തമസ്‌ക്കരിച്ചു. കാരണം, അത് ഒരു ആരാധനാലയമാണല്ലോ. പകരം അവരില്‍നിന്ന് സംഭാവനകള്‍ സ്വീകരിച്ചു. ഇങ്ങനെ മതത്തിന്റെ സൗന്ദര്യങ്ങള്‍ പ്രകടമായിരുന്നു അവരുടെ ജീവിതങ്ങള്‍ മുഴുക്കെയും.
അക്ബര്‍ ചക്രവര്‍ത്തിയുടെ ദീനേ ഇലാഹീ ഇന്ത്യന്‍ മതേതര മുദ്രയായാണ് വായിക്കപ്പെടുന്നത്. ഡല്‍ഹിയില്‍ മത വര്‍ഗീയ വാദികള്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകിയപ്പോള്‍ അതിനെ നേരിടാന്‍ ഗാന്ധിജി സത്യാഗ്രഹം എന്ന ആയുധത്തെ ഉപയോഗിച്ചു. ഇതിനെ നീചമായി പരിഹസിച്ച വ്യക്തി ആയിരുന്നല്ലോ മൗണ്ട് ബാറ്റണ്‍. പക്ഷേ ഒടുവില്‍ ഗാന്ധിജി വിജയം കണ്ടപ്പോള്‍ മൗണ്ട് ബാറ്റണ്‍ എഴുതിയ കത്ത് ഇങ്ങനെയായിരുന്നു: ‘അമ്പതിനായിരം സൈനികരുടെ പ്രവര്‍ത്തനം ഒരൊറ്റ വ്യക്തിയില്‍ ഒതുങ്ങി.’ പക്ഷേ ഗാന്ധിജിയുടെ മറുപടി കത്ത് മതമൈത്രിയുടെ ഉദാത്തമായ ഉദാഹരണമായിരുന്നു. അത് ഇങ്ങനെയാണ്: ഈ പ്രശംസാ ഞാന്‍ ഏറ്റെടുക്കണം എങ്കില്‍ എന്നെയും എന്റെ സുഹൃത്ത് സുഹര്‍വര്‍ദിയെയും നിങ്ങള്‍ വിമര്‍ശിക്കരുത്. ഗാന്ധിജിയും മുഹമ്മദലിയും നെഹ്റുവും ആസാദും കെട്ടിപ്പടുത്ത സൗഹാര്‍ദ്ദത്തിന്റെ അനന്തരഫലമാണ് നമ്മുടെ സ്വാതന്ത്ര ലബ്ധി.

കേരള മോഡല്‍
മമ്പുറം തങ്ങള്‍, ഖാളി മുഹമ്മദ്, വെളിയങ്കോട് ഉമര്‍ ഖാളി തുടങ്ങിയവര്‍ കേരളത്തിലെ മുസ്‌ലിം വ്യവഹാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ്. കീഴാള ജാതിവിഭാഗങ്ങള്‍ക്ക് പല ആനുകൂല്യങ്ങളും ഇവര്‍ മുഖേന കിട്ടിയിട്ടുണ്ട്. കോന്തുണ്ണി നായര്‍ ആയിരുന്നല്ലോ മമ്പുറം തങ്ങളുടെ ഒരു സേവകന്‍. ഹൈന്ദവ വീടുകളില്‍ വിവാഹം നിശ്ചയിച്ചതില്‍ വരെ തങ്ങള്‍ പങ്കെടുത്തിരുന്നു. മുന്നിയൂര്‍ കളിയാട്ടു മഹോത്സവം തങ്ങളുടെ ഓര്‍മകള്‍ പുലര്‍ത്തുന്നുണ്ട്. ജന്മിമാര്‍ക്ക് എതിരെയും മറ്റും പോരാടുമ്പോള്‍ മതവും ജാതിയും നോക്കാതെ മനുഷ്യന്‍ എന്ന പരിഗണനയോടെ എല്ലാവരെയും ഒരുമിച്ച് നിര്‍ത്തിയായിരുന്നു തങ്ങളുടെ ശത്രുക്കളെ നേരിട്ടത്. അഹിംസക്ക് എതിരെ പോരാടാന്‍ എന്നും കേരള സൂഫിവര്യന്മാരുണ്ടായിരുന്നു.
ഹിജ്റ 977-ാം വര്‍ഷം സഫര്‍ 24നാണ് മുസ്‌ലിം, നായര്‍ പടയാളികള്‍ ചാലിയം കോട്ട ഉപരോധിച്ചത്. ചാലിയം പള്ളി കേന്ദ്രീകരിച്ചായിരുന്നു ഈ തീരുമാനമെടുത്തത്. നാലുമാസം ഉപരോധം നീണ്ടുനിന്നു. ജമാദുല്‍ ആഖിര്‍ 16 നു കോട്ട കീഴടക്കി. പൊളിച്ച് മാറ്റിയ ആ കോട്ടയുടെ കല്ലും മരങ്ങളും കൊണ്ടാണ് മിസ്‌കാല്‍ പള്ളിയും ചാലിയം പള്ളിയും മറ്റും പുതുക്കിപണിതത്. സാമൂതിരി ഇവയെല്ലാം മുസ്‌ലിംകള്‍ക്ക് വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മലബാറിലെ നായന്മാരും മുസ്‌ലിംകളും നേടിയ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. അതിലെ മറച്ചുവെക്കാനാവാത്ത ഒരു സൗഹാര്‍ദ രംഗമായിരുന്നു സാമൂതിരിയുടേത്. സാമൂതിരി ഭരണം നന്മയാര്‍ന്ന രൂപത്തില്‍ ഇവിടെ നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു കേരളീയ മുസ്‌ലിം പണ്ഡിതന്മാര്‍. മലബാര്‍ സാമൂതിരി രാജ കുടുംബത്തിനെതിരെ പോര്‍ച്ചുഗീസുകാരുടെ പടയോട്ടം തുടങ്ങിയപ്പോള്‍ അതിനെ എതിര്‍ക്കാന്‍ മുന്നിലുണ്ടായിരുന്നത് ഈ സൂഫിവര്യന്മാരായിരുന്നു. 1921 ഖിലാഫത്ത് പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ വ്യക്തിയായിരുന്നു മഹാത്മാഗാന്ധിജി. ഖിലാഫത്ത് പ്രസ്ഥാനത്തെ കേരളത്തില്‍ സ്വീകരിച്ച വ്യക്തികളില്‍ പ്രധാനിയാണ് മാധവന്‍നായര്‍. പക്ഷേ തൃശൂര്‍ ഭാഗത്തുള്ള ചില ക്രിസ്തീയര്‍ ഖിലാഫത്തിനെ എതിര്‍ത്തപ്പോള്‍ അവര്‍ക്കെതിരെ പോരാടാന്‍ തിരുവമ്പാടി ക്ഷേത്രമുറ്റത്ത് വെച്ച് മുസ്‌ലിംള്‍ക്ക് ഭക്ഷണം കൊടുത്ത ചരിത്രമുള്ള നാടാണ് കേരളം. പൊന്നാനി വലിയ പള്ളിയില്‍ പണി പൂര്‍ത്തിയാക്കാന്‍ വന്ന ഹൈന്ദവ ആശാരി, ആശാരി തങ്ങളായി മാറിയ കഥ നമുക്ക് പറയാനുണ്ട്.
കേരളത്തിന്റെ മതമൈത്രിയുടെ അടയാളങ്ങള്‍ വായിച്ചെടുക്കാന്‍ എമ്പാടുമുണ്ട്.

Share this article

About മുഹമ്മദ് റാഫി കെ പി മാനിപുരം

View all posts by മുഹമ്മദ് റാഫി കെ പി മാനിപുരം →

Leave a Reply

Your email address will not be published. Required fields are marked *