നൊബേല്‍ സമ്മാനങ്ങളിലെ സ്ത്രീ സാന്നിധ്യങ്ങള്‍

Reading Time: 4 minutes

ലോകത്തിലെ ഏറ്റവും മികച്ച പുരസ്‌കാരമായ നൊബേല്‍ സമ്മാനം സ്വീഡിഷിലെ ഗവേഷകനായ ആല്‍ഫ്രഡ് നൊബേലിന്റെ നാമത്തിലാണ് അറിയപ്പെടുന്നത്. 355 പേറ്റന്റുകള്‍ നേടിയ ഗവേഷകനാണ് ആല്‍ഫ്രഡ് നൊബേല്‍. അദ്ദേഹത്തിന്റെ സഹോദരന്‍ മരണപ്പെട്ടപ്പോള്‍ ഒരു ഫ്രഞ്ച് പത്രം നല്‍കിയ തെറ്റായ വാര്‍ത്തയാണ് നൊബേല്‍ പുരസ്‌കാരത്തിന് കാരണമെന്ന് കരുതുന്നു. ഡൈനമൈറ്റ് കണ്ടത്തിയ നൊബേലാണ് മരിച്ചതെന്ന് കരുതി ‘മരണത്തിന്റെ മൊത്ത വ്യാപാരി അന്തരിച്ചു’ എന്നാണ് പത്രത്തില്‍ വാര്‍ത്ത വന്നത്. തുടര്‍ന്ന് എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും ലോകം ഡൈനമൈറ്റിന്റെ പേരിലായിരിക്കും തന്നെ ഓര്‍മിക്കുക എന്ന് മനസിലാക്കിയ അദ്ദേഹം തന്റെ സമ്പാദ്യം കൊണ്ട് നൊബേല്‍ പുരസ്‌കാരം സംവിധാനപ്പെടുത്തി. സമാധാനം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, ഭൗതികശാസ്ത്രം തുടങ്ങിയവയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ് ആദ്യകാലത്ത് നൊബേല്‍ നല്‍കിയിരുന്നത്. 1968ല്‍ സ്വീഡനിലെ സ്വറിഗെസ് റിക്‌സ്ബാങ്ക് അദ്ദേഹത്തിന്റെ മുന്നൂറാം വാര്‍ഷികത്തില്‍ ആല്‍ഫ്രഡ് നൊബേലിനോടുള്ള ആദരസൂചകമായി സാമ്പത്തിക ശാസ്ത്രത്തിനു കൂടി നോബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തി. ആല്‍ഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍10ന് സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്കോമില്‍ വെച്ചാണ് എല്ലാ വര്‍ഷവും സമാധാനത്തിനൊഴികെയുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക. നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെച്ചാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കുന്നത്. 53 വനിതകളാണ് ഇതുവരെ നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ളത്.

ഭൗതികശാസ്ത്രം
മൂന്നു വനിതകളാണ് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹരായിട്ടുള്ളത്. ആദ്യമായി നൊബേല്‍ നേടിയ വനിത മേരി ക്യൂറി ആണ്. റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചതിന് ഭര്‍ത്താവ് പിയറി ക്യൂറിക്കും ഹെന്റി ബെക്കറേലിനുമൊപ്പം 1903ലാണ് ഇവര്‍ക്ക് ഭൗതികശാസ്ത്രത്തില്‍ നൊബേല്‍ ലഭിച്ചത്. ശേഷം പോളോണിയം റേഡിയം എന്നീ മൂലകങ്ങള്‍ കണ്ടുപിടിച്ചതിന് 1911ല്‍ രസതന്ത്രത്തിലും നൊബേലിന്‍ അര്‍ഹതനേടി. ഭൗതികശാസ്ത്രത്തില്‍ രണ്ടാമതായി നൊബേല്‍ നേടിയ വനിത മരിയ ഗെപ്പര്‍ട്ട് മയെറാണ്. ന്യൂക്ലിയസിന്റെ ഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് 1963ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഡോണ സ്ട്രീക് ലന്‍ഡിന് അര്‍ബുദ ചികിത്സാരംഗത്തും നേത്ര ശാസ്ത്രക്രിയയിലും ഒരുപാട് മാറ്റങ്ങള്‍ സൃഷ്ടിച്ച ഒപ്റ്റിക്കല്‍ ലേസര്‍ സാങ്കേതിക വിദ്യയിലെ പുതിയ നേട്ടങ്ങള്‍ക്കാണ് 2018ല്‍ നൊബേല്‍ സമ്മാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്.

രസതന്ത്രം
രസതന്ത്രത്തില്‍ അഞ്ചു വനിതകളാണ് നൊബേല്‍ സമ്മാനം നേടിയത്. രസതന്ത്രത്തിലും ആദ്യമായി നൊബേല്‍ ലഭിച്ച വനിത മേരി ക്യൂറി ആണ്. പോളോണിയം, റേഡിയം എന്നീ രണ്ടു മൂലകങ്ങള്‍ കണ്ടുപിടിച്ചതിന് 1911ലാണ് ഈ നേട്ടം. രണ്ടാമതായി ഐറിന്‍ ജൂലിയറ്റ് ക്യൂറി എന്ന മേരി ക്യൂറിയുടെ മകളാണ് ഇതിന് അര്‍ഹത നേടിയത്. ഗവേഷണത്തിന്റെ ഭാഗമായി നവ റേഡിയോ ആക്റ്റീവ് മൂലകങ്ങളെ കൃത്രിമമായി നിര്‍മിച്ചതിനാണ് 1935ല്‍ ഭര്‍ത്താവ് ഫെഡ്രിക്ക് ജൂലിയറ്റിനൊപ്പം ഇവര്‍ നൊബേല്‍ സ്വന്തമാക്കിയത്. രസതന്ത്രത്തിലെ പ്രധാന ശാസ്ത്രജ്ഞരിലൊരാളായ ഡൊറോത്തി ക്രോഫൂട്ട് ഹോജ്കിന് 1964ല്‍ എക്‌സ്‌റെ ക്രിസ്റ്റലോഗ്രാഫി എന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ പെനിസിലിന്‍, വൈറ്റമിന്‍ ബി 12, ഇന്‍സുലിന്‍ തുടങ്ങി നിരവധി ബയോകെമിക്കല്‍ തന്മാത്രകളുടെ ഘടന കണ്ടത്താന്‍ നടത്തിയ ഗവേഷണങ്ങള്‍ക്കാണ് നൊബേല്‍ ലഭിച്ചത്.
പ്രോട്ടീന്‍ നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന റൈബോസോമുകളുടെ ഘടനയും ധര്‍മവും കണ്ടെത്തുന്നതിനായുള്ള ഗവേഷണത്തിനാണ് 2009ല്‍ അദ ഇ യൊനാതിന് ഇന്ത്യന്‍ വംശജനായ വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍, തോമസ് സ്‌റ്റൈറ്റ്‌സ് എന്നിവര്‍ക്കൊപ്പം നോബേലിന് അര്‍ഹത നേടിയത്. 2018ല്‍ നോബേലിന്‍ തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സെസ് അര്‍നോള്‍ഡിന് ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ച് ലബോറട്ടറിയില്‍ പ്രോട്ടീനുകള്‍ നിര്‍മിച്ചതിനാണ്. അമേരിക്കകാരിയായ ഫ്രാന്‍സെസ് ജോര്‍ജ് സ്മിത്ത്, ഗ്വിഗറി വിന്റര്‍ എന്നിവര്‍കൊപ്പമാണ് നൊബേല്‍ ലഭിച്ചത്.
വൈദ്യശാസ്ത്രം
12 വനിതകള്‍ക്കാണ് വൈദ്യശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുള്ളത്. ആദ്യമായി നേടിയ ഗെര്‍ട്ടി തെരേസാ കോറി മനുഷ്യശരീരത്തിലെ ഊര്‍ജസംഭരണികളില്‍ പെടുന്ന ഗ്ലൈക്കോജന്റെ രൂപമാറ്റവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് 1947ല്‍ അര്‍ഹരായത്. പെപ്റ്റയ്ഡ് ഹോര്‍മോണുകളുമായി ബന്ധപ്പെട്ട ‘റേഡിയോ ഇമ്മ്യുണോഅസെ’ എന്ന പ്രക്രിയയുടെ കണ്ടെത്തലിനാണ് 1977ല്‍ റോസലിന്‍ യാലോ നൊബേല്‍ ജേതാവായത്. വൈദ്യശാസ്ത്ര നൊബേലിന്റെ ചരിത്രത്തില്‍ ആരുമായും പങ്കുവെക്കാതെ ഒറ്റക്ക് അര്‍ഹതനേടിയ വനിതയാണ് ബാര്‍ബറാ മക്ലിന്റോക്. 1983ല്‍ ചലിക്കുന്ന ജനിതക ഘടകങ്ങളെക്കുറിച്ച് ചോള ധാന്യത്തില്‍ നടത്തിയ പരീക്ഷണമാണ് നൊബേലിന്‍ അര്‍ഹരാക്കിയത്. ന്യൂറോ ബയോളജിയിലെ ഗവേഷണമികവിന് 1986ല്‍ നൊബേല്‍ നേടിയ വനിതയാണ് റിത ലെവി മൊന്റാല്‍സിനി. 1988ല്‍ രോഗചികിത്സയുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടുപിടിത്തങ്ങള്‍ നടത്തിയതിനാണ് ജെര്‍ട്രൂഡ് ബി എലിണിനെ നൊബേല്‍ പുരസ്‌കാരം തേടിയത്തിയത്. ഭ്രൂണവളര്‍ച്ചയുടെ തുടക്കത്തിലെ ജനിതക നിയന്ത്രണത്തെകുറിച്ചുള്ള നിര്‍ണായക പഠന ഗവേഷണത്തിനാണ് 1995ല്‍ ക്രിസ്റ്റ്യാന്‍ നാസ്ലെയ്ന്‍ വോള്‍ഹാര്‍ഡ് നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. ഗന്ധമറിയാനുള്ള മൂക്കിന്റെ സവിശേഷ കഴിവുകളുമായി ബന്ധപ്പെട്ട ജീന്‍കോഡുകളെക്കുറിച്ചുള്ള പഠനമാണ് റിച്ചാര്‍ഡ് ആക്‌സലിനൊപ്പം 2004ലെ വൈദ്യശാസ്ത്ര നൊബേലില്‍ ലിന്‍ഡ ബി ബക്ക് അര്‍ഹത ലഭിച്ചത്. മനുഷ്യരാശിക്ക് ഭീഷണിയായി പടര്‍ന്നു പിടിച്ച ഐയ്ഡ്‌സിന് ‘ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ്’ (എച്ച്‌ഐവി) എന്ന രോഗാണുവാണ് കാരണമെന്ന് തിരിച്ചറിഞ്ഞതിനാണ് ഫ്രന്‍സ് വാസ് ബാരെ സിനോസിക്ക് 2008ല്‍ നൊബേല്‍ സമ്മാനം ലഭിച്ചത്. 2009ലെ വൈദ്യശാസ്ത്ര നൊബേല്‍ ലഭിച്ച മൂന്നു പേരില്‍ രണ്ടു പേരും വനിതകളാണ്. ക്രോമോസോമുകളുടെ ഘടന സംരക്ഷിക്കുന്ന ടെലോമിയര്‍ എന്ന ഭാഗത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ടെലോമറെസ് എന്ന എന്‌സൈമിനെക്കുറിച്ചുമുള്ള പഠനത്തിനാണ് കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകയായ എലിസബത്ത് ബ്ലാക്ക്‌ബേണിനും കരോള്‍ ഗ്രീഡറിനും നോബേല്‍ ലഭിച്ചത്. 2014ല്‍ വൈദ്യശാസ്ത്രത്തില്‍ നോബേലിന്‍ അര്‍ഹത നേടിയത് മെയ്ബ്രിറ്റ് മോസര്‍ എന്ന വനിതയാണ്. തലച്ചോറിലെ കോശങ്ങള്‍ ദിശാനിര്‍ണയം നടത്തുന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്കാണ് ഇവര്‍ ഭര്‍ത്താവ് എഡോഡ് മോസറിനൊപ്പം നൊബേല്‍ കരസ്ഥമാക്കിയത്. മലേറിയ ചികിത്സയുമായുള്ള പ്രധാന കണ്ടെത്തലിനാണ് വില്യം സി കാബല്‍, സതോഷി ഒമുറ എന്നിവര്‍ക്കൊപ്പം 2015 ലെ വൈദ്യശാസ്ത്ര നൊബേല്‍ ചൈനീസ് വംശജയായ യുയുതുവിനെ തേടിയെത്തിയത്.

സമാധാനം
ഏറ്റവും കൂടുതല്‍ നോബേല്‍ സമ്മാനത്തിന് വനിതകള്‍ അര്‍ഹരായിട്ടുള്ള വിഭാഗമാണ് സമാധാനം. 17 വനിതകളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയത്. ആദ്യമായി സമാധാന നൊബേല്‍ നേടിയ വനിത ബെര്‍ത്ത വോണ് സട്‌നര്‍ ആണ്. ആല്‍ഫ്രഡ് നോബേലിന്റെ സുഹൃത്തായിരുന്ന ഇവരുടെ യുദ്ധവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് 1905ല്‍ സമാധാന നൊബേല്‍ കരസ്ഥമാക്കിയത്. ‘പൊതുപ്രവര്‍ത്തനങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന അമേരിക്കന്‍ വനിതയാണ് ജെയിന്‍ ആഡംസ്. പൊതുപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇവര്‍ക്ക് 1931ലാണ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹത ലഭിച്ചത്. 1946ല്‍ ബാലവേല, അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ എന്നിവയിലെ സജീവമായ ഇടപെടലിനാണ് എമിലി ഗ്രീന്‍ ബാള്‍ക്കിന് നൊബേല്‍ സമ്മാനം ലഭിച്ചത്. അയര്‍ലാന്റിലെ സ്വാതന്ത്ര്യ സമരപ്രക്ഷോഭങ്ങള്‍ക്ക് പരിഹാരം കാണാനായി സ്ഥാപിച്ച ‘കമ്മ്യൂണിറ്റി ഓഫ് പീസ് പീപ്പിള്‍’ എന്ന സഘടനയുടെ സ്ഥാപകാരായ ബെറ്റി വില്യംസിനും മെയ്‌റീഡ് മഗ്വയറിനും 1976 സമാധാന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി നൊബേല്‍ ലഭിച്ചു.
സമാധാന നൊബേല്‍ നേടിയ ഇന്ത്യക്കാരിയാണ് മദര്‍ തെരേസ. ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസിനിസഭക്ക് രൂപം നല്‍കി പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിച്ചതിന് 1979ലാണ് നൊബേല്‍ കരസ്ഥമാക്കിയത്. 1982ല്‍ നിരായുധീകരണത്തിനായി നടത്തിയ പ്രവര്‍ത്തനത്തിനാണ് നായതന്ത്രജ്ഞയും പൊതുപ്രവര്‍ത്തകയുമായ ആല്‍വ മിര്‍ദാലിന്‍ നൊബേലിന് അര്‍ഹയാക്കിയത്. 1962 മുതല്‍ മ്യാന്‍മറില്‍ നിലനിന്നിരുന്ന പട്ടാളഭരണത്തിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കി ‘നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി’ (എന്‍ എല്‍ ഡി) എന്ന രാഷ്ട്രീയ സംഘടനയുടെ അഹിംസയിലൂന്നിയ സമരമാര്‍ഗത്തിലൂടെ മ്യാന്‍മറിലെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നേതൃത്വം നല്‍കിയതിനാണ് 1991ല്‍ ഓങ് സാന്‍ സൂചിക്ക് നൊബേല്‍ ലഭിച്ചത്. നോബേല്‍ പ്രഖ്യാപിക്കുമ്പോഴും ഇവര്‍ പട്ടാളഭരണത്തിലെ വീട്ടുതടങ്കലില്‍ ആയിരുന്നു. ആഭ്യന്തര പ്രശ്‌നങ്ങള്‍ നിറഞ്ഞ ഗ്വാട്ടിമാലയില്‍ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ക്കെതിരെ പോരാടിയതിനാണ് 1992ല്‍ റിഗോബെര്‍ത്ത മെഞ്ചുവിനെ സമാധാന നോബേലിനായി തിരഞ്ഞെടുത്തത്. മനുഷ്യ നാശത്തിന് കാരണമാകുന്ന കുഴിബോംബുകള്‍ക്കെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളും ബോധവല്‍ക്കരണത്തിനുമാണ് അമേരിക്കക്കാരിയായ ജോഡി വില്യംസിനെ 1997ല്‍ നൊബേല്‍ സമ്മാനം തേടിയെത്തിയത്. അഭിഭാഷകയും ജഡ്ജിയും അധ്യാപികയുമായിരുന്ന ഷിറിന്‍ എബാദിക്ക് മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് വേണ്ടി ‘അസോസിയേഷന്‍ ഫോര്‍ സപ്പോര്‍ട്ട് ഓഫ് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് ഇന്‍ ഇറാന്‍’ എന്ന സംഘടന രൂപീകരിച്ചതിനാണ് 2003ല്‍ സമാധാന നൊബേല്‍ ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി കൊണ്ടുവന്ന ‘ഗ്രീന്‍ ബെല്‍റ്റ്’ പ്രസ്ഥാനത്തിന്റെ സ്ഥാപകയായ വങ്കാരി മാതായിക്ക് 2004ലാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചത്. സ്ത്രീ സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന തവക്കുല്‍ കര്‍മന്‍, എലന്‍ ജോണ്‌സന്‍ സര്‍ലീഫ്, ലെയ്മ ബോവി എന്നീ മൂന്നു വനിതകളാണ് 2011ലെ നൊബേല്‍ സമ്മാനം നേടിയത്. പാകിസ്ഥാനിലെ പെണ്‍കുട്ടികളുടേയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്തുകയും അതിനെ എതിര്‍ത്ത താലിബാന്‍ തീവര്‍വാദികളെ തന്റേടത്തോടെ നേരിടുകയും ചെയ്തതിനാണ് 2014ല്‍ മലാല യൂസുഫ്‌സായിയെ സമാധാന നൊബേലിന് തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ മനുഷ്യകടത്തിനും വംശഹത്യക്കുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നാദിയ മുറാദിന് സമാധാന നോബേല്‍ ലഭിച്ചത്.

സാഹിത്യം
സാഹിത്യ വിഭാഗത്തില്‍14 വനിതകള്‍ക്കാണ് നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 1909ല്‍ സ്വീഡിഷ് എഴുത്തുകാരിയും അധ്യാപികയുമായ സെല്‍മാ ലാഗര്‍ലോഫിനാണ് ആദ്യ സാഹിത്യ നൊബേല്‍ ലഭിച്ചത്. ‘ഗോസ്റ്റ ബെര്‍ലിങ്സ് സാഗ’യാണ് സല്‍മയുടെ ആദ്യ നോവല്‍. 1926ല്‍ സാഹിത്യത്തിനു നൊബേല്‍ നേടിയ ഇറ്റലികരിയാണ് ഗ്രാസിയ ദിലേദ. ആഫ്റ്റര്‍ ദി ഡിവോയിസ്, ആഷസ് തുടങ്ങിയവയാണ് ഗ്രസിയയുടെ പ്രധാന രചനകള്‍. 1928ല്‍ സാഹിത്യ നോബേല്‍ നേടിയ വനിതയാണ് നോര്‍വീജിയന്‍ നോവലിസ്റ്റായ സിഗ്രിദ് അണ്‍സെറ്റ്. ക്രിസ്റ്റിന്‍ ലൗറന്‍സ് ഡാറ്ററാണ് പ്രധാന കൃതികളില്‍ ഒന്ന്. നൊബേല്‍ കരസ്ഥമാക്കിയ ആദ്യ അമേരിക്കന്‍ വനിതയാണ് പേള്‍ എസ് ബക്ക്. 1938ലാണ് ഈ നേട്ടത്തിന് അര്‍ഹരായത്. ദ ഗുഡ് എര്‍ത്ത്, സാണ്‌സ്, എ ഹൗസ് ഡിവൈഡഡ് എന്നിവയാണ് മികച്ച രചനകള്‍. നോബേല്‍ നേടിയ ആദ്യ ലാറ്റിനമേരിക്കന്‍ എഴുത്തുകാരിയാണ് ഗബ്രിയേല മിസ്ട്രല്‍. 1945ലാണ് സാഹിത്യത്തിനുള്ള നോബേലിന്‍ അര്‍ഹരായത്. ഡ്രീംസ്, ഇന്‍ഡിമേറ്റ് ലെറ്റര്‍, പൈന്‍ ഫോറസ്റ്റ് തുടങ്ങിയവയാണ് പ്രധാന രചനകള്‍. സ്വീഡിഷ് കവിയത്രിയും നാടക കൃത്തുമാണ് 1966ല്‍ നൊബേല്‍ നേടിയ നെല്ലി സാക്സ്. യു ഹാവ് ലോസ്റ്റ് യുവര്‍ നെയിം, ജോബ് എന്നിവ സാക്‌സിന്റെ പ്രധാന കവിതകളാണ്. 1991ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമാണ് നദീന്‍ ഗോള്‍ഡിമര്‍. ഒക്കേഷന്‍ ഫോര്‍ ലീവിങ്, ദി ഹൗസ് ഗണ് തുടങ്ങിയവ ഗോള്‍ഡിമറുടെ പ്രമുഖ രചനകളാണ്. എഡിറ്റര്‍, അധ്യാപിക എന്നീ മേഖലകളില്‍ പ്രശസ്തയായ അമേരിക്കന്‍ നോവലിസ്റ്റാണ് 1993ല്‍ സാഹിത്യ നോബേല്‍ നേടിയ ടോണി മോറിസണ്. സോങ് ഓഫ് സോളമന്‍, ടാര്‍ ബേബി, ഹോം എന്നിവയാണ് ടോണിയുടെ പ്രധാന രചനകള്‍. കവിതകളെ യുദ്ധത്തിനും ഭീകരവാദത്തതിനും എതിരെയുള്ള ആയുധമാക്കിയ പോളിഷ് കവിയത്രിയാണ് വിസ്ലാവ സിംബോര്‍സ്‌ക്ക.1996ല്‍ നൊബേല്‍ നേടിയ ഇവരുടെ മികച്ച കവിതകളാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്, നതിങ് ടൈ്വസ് എന്നിവയെല്ലാം.
2004ല്‍ സാഹിത്യത്തില്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച വനിതയാണ് എല്‍ഫ്രീദ് യെലിനെക്. വന്ദര്‍ഫുള്‍ ടൈമ്‌സ്, ദി പിയാനോ ടീച്ചര്‍ തുടങ്ങിയവ പ്രമുഖ രചനകളാണ്. 2007ല്‍ നൊബേല്‍ ഏറ്റുവാങ്ങിയ വനിതയാണ് ഡോറിസ് ലസിങ്. ആണവായുധങ്ങള്‍ക്കും വര്‍ണവിവേചനങ്ങള്‍ക്കുമെതിരെയായിരുന്നു ലീസിങിന്റെ രചനകളെല്ലാം. 2009ല്‍ നൊബേല്‍ നേടിയ വനിതയാണ് ജര്‍മന്‍ നോവലിസ്റ്റും കവിയത്രിയുമായ ഹെര്‍ത്ത മുള്ളര്‍. ദി പാസ്‌പോര്‍ട്ട്, ദി ഹംഗര്‍ എയ്ഞ്ചല്‍ തുടങ്ങിയവ ഇവരുടെ പ്രധാന കൃതികളാണ്. 2013ലെ നൊബേലിന്‍ അര്‍ഹത നേടിയ കനേഡിയന്‍ ചെറുകഥാകൃത്താണ് ആലീസ് മണ്‌റോ. ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്, ലൈവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമണ്‍ തുടങ്ങിയവ പ്രധാന കഥാസമാഹാരമാണ്. 2015ല്‍ നൊബേലിന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബെലറസുകാരിയാണ് സ്വെറ്റ്‌ലാന അലക്‌സീവിച്ച്. ഇവരുടെ ആദ്യ പുസ്തകമായ ‘വാര്‍സ് അണ് വുമണ്‍ലി ഫേസ്’ ഇരുപതു ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിഞ്ഞത്. എന്‍ ചാന്‍ഡ്‌സ് വിത്ത് ഡെത്ത്, ചെര്‍നോബില്‍ പ്രയര്‍ തുടങ്ങിയവ സ്വെറ്റ്‌ലാനയുടെ മറ്റു രണ്ടു പ്രധാന കൃതികളാണ്.

സാമ്പത്തികശാസ്ത്രം
സാമ്പത്തികശാസ്ത്രത്തില്‍ രണ്ടു വനിതകള്‍ക്കാണ് നൊബേല്‍ ലഭിച്ചിട്ടുള്ളത്. അമേരിക്കന്‍ രാഷ്ട്രീയ സാമ്പതികശാസ്ത്രജ്ഞയായ എലിനോര്‍ ഒസ്ട്രനാണ് ഇതിലെ ആദ്യ വനിത. പൊതുമുതലിന്റെ ഉപയോഗത്തെക്കുറിച്ചുള്ള പഠനത്തിനാണ് 2009ലെ നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. കെനിയ, ഇന്ത്യ, നേപ്പാള്‍ എന്നിവിടങ്ങളാണ് തന്റെ സാമ്പത്തിക പഠനത്തിന് എലിനോര്‍ തിരഞ്ഞെടുത്തിരുന്നത്. 2019ല്‍ സാമ്പത്തിക ശാസ്ത്രത്തിലെ നോബേല്‍ നേടിയ വനിതയാണ് എസ്തര്‍ ദഫ്ളോ. ലോക വ്യാപകമായ ദാരിദ്ര്യത്തെ എങ്ങനെ അഭിമുഖീകരിക്കാം എന്ന പഠനത്തിനാണവര്‍ക്ക് നോബേല്‍ ലഭിച്ചത്.

Share this article

About മുബഷിര്‍ മഞ്ഞപ്പറ്റ

mubashirbinu1@gmail.com

View all posts by മുബഷിര്‍ മഞ്ഞപ്പറ്റ →

Leave a Reply

Your email address will not be published. Required fields are marked *