ഒന്നിന്റെ മഹത്വം

Reading Time: < 1 minutes

മനുഷ്യന്‍ നീതി പുലര്‍ത്തണം. നീതിപൂര്‍വക ജീവിതമാണ് മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന ഏറ്റവും വലിയ സമ്മാനം. കാരണം ദൈവം നീതിയാണ്. അടിമകളോട് നീതി പുലര്‍ത്തുന്നവനും അടിമകളില്‍ നിന്ന് നീതി തേടുന്നവനുമാണ് അല്ലാഹു. ലോകാവസാന നാളുകളെ നീതിയുടെ ദിവസമെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
നീതിയും അനീതിയും വേര്‍തിരിക്കുന്നതിനാണ് അവന്‍ മതത്തെ സംവിധാനിച്ചിരിക്കുന്നത്. നീതി നിര്‍വഹണത്തിന്റെ ഭാഗമായി മനുഷ്യന്‍ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു.
നാലു ഘട്ടങ്ങളിലൂടെ മനുഷ്യ ജീവിതം കടന്നുപോകുന്നു. ആലമുല്‍ അര്‍വാഹ്, ആലമുല്‍ അര്‍ഹാം, ആലമുദ്ദുന്‍യാ, ആലമുല്‍ ബര്‍സഖ്. ഈ ഘട്ടങ്ങളിലെല്ലാം മനുഷ്യന്‍ നീതിപൂര്‍വകമായിരുന്നോ എന്നാണ് നീതിയുടെ നാളില്‍/ യൗമുല്‍ ഖിയാമയില്‍ പരിശോധിക്കുന്നത്.
വിവാഹ സംബന്ധമായ ഒരാലോചനയില്‍ നീതിയെ ഇത്ര ഗൗരവത്തോടെ ആമുഖത്തില്‍ അവതരിപ്പിച്ചതിന് കാരണമുണ്ട്.
നാല് ഭാര്യമാരെ വരെ സ്വീകരിക്കാനുള്ള അനുവാദം ഇസ്‌ലാമില്‍ പുരുഷനുണ്ട്. വിവാഹം അതീന്ദ്രിയമായ, ആരാധനാ ബന്ധിതമായ അനുഭവമാണ്. വാരിയെല്ലില്‍ നിന്ന് പടക്കപ്പെട്ട പെണ്‍കൊടി പുരുഷനിലും തിരിച്ചും തീര്‍ക്കുന്ന സമാധാനത്തിന്റെ, ആനന്ദത്തിന്റെ ആകാശം ചെറുതല്ല.
നീതി സസൂക്ഷ്മം ജീവിതത്തില്‍ തെളിയിച്ചവര്‍ക്കാണ് രണ്ടാം കെട്ടിന് അനുവാദമുള്ളൂ. അതില്ലാത്തവര്‍ക്ക് ഏകപത്‌നീവ്രതം തന്നെയാണ് കരണീയം. മനുഷ്യചരിത്രത്തിലിന്നോളം നീതിയും നന്മയും ചെയ്തതു കൊണ്ടു മാത്രം ജയിച്ചവനാണെന്ന് ഉറപ്പുപറഞ്ഞ വിശ്വാസിയുണ്ടോ? ഇലാഹീ കൃപകൊണ്ട് രക്ഷപ്പെട്ടു പോകുന്നതാണ് എന്നല്ലേ എല്ലാവരും പറയുക. അതിനാല്‍ ഏകപത്‌നീവ്രതം തെറ്റിക്കാന്‍ തെല്ലൊന്നുമല്ല പണി.
ജീവിതത്തില്‍ ഹൃദയശാന്തത പ്രധാനമാണ്. വിവാഹം ഈ ധര്‍മം നിറവേറ്റുന്നു. ദാമ്പത്യം കൂടുതല്‍ അശാന്തി പടര്‍ത്തുമ്പോഴാണ് വിവാഹപാശം പൊട്ടുന്നത്, പൊട്ടിക്കുന്നത്. പരസ്പരം ധാരണയോടെ മുന്നോട്ട് പോകാനാണ് മതം ദമ്പതികളോട് ആവശ്യപ്പെടുന്നത്. അനുവദിക്കപ്പെട്ടതാണെങ്കിലും അല്ലാഹുവിന് ദേഷ്യമാണ് വിവാഹമോചനം. ബന്ധവിഛേദനത്തിന് മതിയായ കാരണങ്ങള്‍ വേണം. ആ കാരണങ്ങള്‍ തന്റെ ഇണയില്‍ തേടി നടക്കുകയല്ല, മുറിവുകളെ കൂടുതല്‍ പിളര്‍ത്തുകയല്ല വേണ്ടത്, പകരം മുറിവുകൂട്ടുന്ന മരുന്ന പ്രയോഗിക്കുകയാണ് ചെയ്യേണ്ടത്. അതാണ് ദാമ്പത്യ ജീവിതം. ഓരോ കാരണങ്ങളില്‍ തട്ടി ബന്ധം ദുര്‍ബലപ്പെടുമ്പോള്‍ മക്കളുടെയും ഇതര കാര്യങ്ങളെയും ഓര്‍ത്ത് ഒന്നിച്ചു നില്‍ക്കുന്നതാണ് പലപ്പോഴു ഉചിതം. മനസും ശരീരവും ഉടഞ്ഞുനില്‍ക്കുമ്പോഴേക്ക് ഇനി മറ്റൊന്നാകാം എന്ന് എളുപ്പം ചിന്തിക്കുകയും നീതിയെപ്രതി ആലോചിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വാസിക്ക് ഭൂഷണമല്ല, ശുദ്ധ അസംബന്ധമാണ്. നമ്മെ ആത്മാര്‍ഥമായി പ്രണയിക്കുന്ന പെണ്ണ് നമുക്ക് മറ്റൊരു ഭാര്യയുണ്ടാകുന്നത് എത്ര ഇഷ്ടപ്പെടും. മറ്റൊരു വേളിക്ക് സമ്മതം തന്നാലും അവളുടെ ഉള്ളില്‍ ഒരു തരി കനല്‍ പുകഞ്ഞുകിടക്കില്ലേ. നമ്മുടെ പൂര്‍വികരുടെ ചരിത്രത്തില്‍ ഏകപത്‌നീ വ്രതവും നീതി തുളുമ്പുന്ന ബഹുഭാര്യത്വ രീതിയുമാണ് കാണാന്‍ കഴിയുക. ഇബ്‌റാഹീം നബി (അ) ദീര്‍ഘകാലം സന്താനലബ്ധി ഉണ്ടായില്ല. പക്ഷേ മറ്റൊരു വിവാഹം അപ്പോഴൊന്നും ചെയ്തില്ല. പിന്നീട് മറ്റൊരു ഭാര്യയുണ്ടായി. രണ്ടു പേരിലും പിന്നീട് കുഞ്ഞുങ്ങളുണ്ടായി. ഇസ്മായീല്‍, ഇസ്ഹാഖ്(അ). ഇതാണ് മാതൃക.
ഹൃദയശാന്തതയും സൈ്വര്യവും വിവാഹത്തിന്റെ പ്രേരകം, ധര്‍മം. ഇതിന് തുരങ്കം വെക്കുന്ന ഇണയില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി ഓരോരുത്തര്‍ക്കുമുണ്ട്. അതിന് ചില മാര്‍ഗങ്ങളിലൂടെ മാത്രമേ ചെല്ലാവൂ. സ്വേഛ മാത്രമാകരുത് വഴിയും മാര്‍ഗവും. വിശ്വാസിയുടെ പ്രമാണം സ്വേഛയല്ല.

Share this article

About ഇ.വി അബ്ദുറഹ്മാന്‍

evrahman@gmail.com

View all posts by ഇ.വി അബ്ദുറഹ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *