പതുക്കെ ചവിട്ടാവൂ പച്ചമണ്ണിനെ

Reading Time: 2 minutes

പുതിയ കാലത്തെ വലിയ പ്രശ്നങ്ങളിലൊന്നാണ് പ്രകൃതി സംരക്ഷണം. പുതിയ കാലം എന്നത് വെറുംവാക്കല്ല. മുന്നേ കഴിഞ്ഞവര്‍ക്ക് പ്രകൃതി സംരക്ഷണം പ്രത്യേക അജണ്ടയാക്കേണ്ടിയിരുന്നില്ല. അവരുടെ ജീവിതംതന്നെ പ്രകൃതി സംരക്ഷണമായിരുന്നു. സകലജൈവാജൈവങ്ങളോടുള്ള അവരുടെ സമീപനം മാന്യമായിരുന്നു.
ഭൂമിക്ക് കാവലാകേണ്ട മരങ്ങള്‍, മലകള്‍, തോടുകള്‍, എല്ലാം വെട്ടിമുറിച്ചും മണ്ണിട്ടുനിരത്തിയും മനുഷ്യര്‍ ഭൂമിയെ കൈയടക്കി. മരങ്ങള്‍ നട്ടുവളര്‍ത്താന്‍ പുറകിലായി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റ് പറഞ്ഞുവത്രെ, മക്കളില്ലാത്ത മനുഷ്യജീവിതം എത്ര നിരര്‍ഥകമോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും. വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി മുറിച്ചുകൂട്ടിയ മരങ്ങള്‍ക്ക് പകരം മറ്റൊരു മരം നട്ടു വളര്‍ത്തുന്നുണ്ടോ നമ്മള്‍?
പെണ്‍കുട്ടി ജനിച്ചാല്‍ നൂറ്റിപ്പതിനൊന്ന് മര ത്തൈകള്‍ നടുന്നുണ്ട് രാജസ്ഥാനിലെ വില്പന്ത്രി എന്ന ഗ്രാമത്തില്‍. മുപ്പതു കോടി മരങ്ങള്‍ വെച്ചു പിടിപ്പിച്ച് 2004ല്‍ നോബല്‍ നേടിയിട്ടുണ്ട് വന്‍ഗാരി മുതമാതായ് എന്ന കെനിയന്‍ സ്ത്രീ. നമുക്ക് കഴിയുമെന്നതിന്റെ അടയാളങ്ങളാണിവ.
പ്രകൃതി/പരിസ്ഥിതി സംശുദ്ധമായും തനിമയോടെയും സൃഷ്ടിക്കപ്പെട്ടു. പ്രയോജനാത്മകമായി പ്രകൃതിയെ മനുഷ്യന് വിധേയമാക്കിക്കൊടുത്തു. അതുകൊണ്ട് തന്നെ പ്രകൃതിയുടെ സംരക്ഷണം മനുഷ്യന്റെ ഉത്തരവാദിത്വമാണ്. ഏറ്റവും ഉല്‍കൃഷ്ടമായ രീതിയില്‍ സംവിധാനിക്കപ്പെട്ട പ്രകൃതിയിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് മനുഷ്യന്റെ പൂര്‍ണതയാണ്.
അല്ലാഹു പറയുന്നു, ‘ഇവരൊരിക്കലും മുകളിലുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ, നാം അത് എവ്വിധം സംവിധാനിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല. ഭൂമിയെ നാം വിസ്തൃതമാക്കി. അതില്‍ പര്‍വതങ്ങളുറപ്പിച്ചു. അഴകാര്‍ന്ന സകല സസ്യങ്ങളും മുളപ്പിക്കുകയും ചെയ്തു. ഈ സംഗതികളെല്ലാം സത്യത്തിലേക്കു മടങ്ങുന്ന സകല ദാസന്മാര്‍ക്കും ഉള്‍ക്കാഴ്ചയും ഉദ്ബോധനവും നല്‍കുന്നതാകുന്നു.
വിണ്ണില്‍നിന്ന് നാം അനുഗൃഹീതമായ തണ്ണീരിറക്കി; എന്നിട്ടതുവഴി തോട്ടങ്ങളും ധാന്യവിളകളും, പഴങ്ങള്‍ തിങ്ങിയ കുലകള്‍ അടുക്കടുക്കായി തൂങ്ങുന്ന നീണ്ടുയര്‍ന്ന ഈത്തപ്പനകളും മുളപ്പിച്ചു. ഇത് അടിമകള്‍ക്ക് ആഹാരം നല്‍കാനുള്ള ഏര്‍പ്പാടാകുന്നു. നാം നിര്‍ജീവമായ ഭൂമിക്ക് ജലത്താല്‍ ജീവനരുളുന്നു. ഉയിര്‍ത്തെഴുന്നേല്‍പും ഇതേപ്രകാരമാകുന്നു.’
ഇന്നു നമ്മുടെ പരിസ്ഥിതി പലവിധത്തില്‍ മലിനമായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ മനുഷ്യവാസമായ ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങളുടെ കേന്ദ്രമായി മാറുകയാണ്. പ്രകൃതി സംരക്ഷണത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും ഉതകുന്ന പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക എന്നതാണു പ്രധാനം. പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ വശം മാലിന്യങ്ങളാണ്. മാലിന്യങ്ങളും വിസര്‍ജ്യങ്ങളും ഉണ്ടാകുക സ്വാഭാവികം. പക്ഷേ അവയെ വേണ്ടവിധത്തില്‍ സംസ്‌കരിക്കുകയാണുവേണ്ടത്. വേസ്റ്റ് മാനേജ്‌മെന്റ് സംസ്‌കാരം പരിശീലിക്കുക. യൂറോപ്പിലും മറ്റു വിദേശ രാജ്യങ്ങളിലും അറേബ്യന്‍ നാടുകളിലും ഇത്തരത്തില്‍ മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമായും വിജയപ്രദമായും നിര്‍വഹിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ മാത്രം അതു ഫലപ്രദമാകുന്നില്ലെന്നോ? മാലിന്യം സംസ്‌കരിച്ച് അതിലൂടെ ഊര്‍ജവും വളവും ഉത്പാദിപ്പിക്കാവുന്ന ആധുനിക സാങ്കേതികവിദ്യകളുണ്ട്.
മഹാമാരികാലത്ത് നമ്മളെടുത്ത തീരുമാനങ്ങളും ശുചിത്വവും ഏറെ ശ്രദ്ധേയമാണ്. പൊതുയിടങ്ങളില്‍ തുപ്പരുത്, പരിസരം വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിക്കരുത്, തുടങ്ങി ഒത്തിരി രീതികള്‍. കൊറോണക്ക് ശേഷവും തുടരാവുന്ന മാതൃകകള്‍.
വായുവും വെള്ളവും വരെ ഇന്ന് ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഒരുങ്ങിയെ മതിയാകൂ. പച്ചപ്പുകള്‍ വെച്ചു പിടിപ്പിക്കണം. വേനല്‍കാലത്ത് ജലം ലഭിക്കാന്‍ മഴവെള്ള സംഭരണികള്‍ ഒരുക്കണം. കീട നാശിനികളെ ഇല്ലായ്മചെയ്ത് നല്ല കൃഷികള്‍ വിളവെടുക്കണം. ഇത്തരത്തില്‍ ഒരുപാട് പ്രകൃതി നിര്‍മിത പരിപാടികള്‍ നമ്മള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.

വെള്ളം സര്‍വതിനും
ജലാംശമില്ലാതെ ഭൂമിയില്‍ ഒരു ഘന സെന്റീമീറ്റര്‍ വയുവോ ഒരു ഗ്രാം മണ്ണോ ഇല്ല. സകല ജീവികളുടെയും അവിഭാജ്യ ഘടകമാണ് ജലം. കരയിലെ സസ്യങ്ങളുടെ 60 ശതമാനവും മത്സ്യങ്ങളുടെ 80 ശതമാനവും മനുഷ്യന്‍ ഉള്‍പ്പെടെ കര ജന്തുക്കളുടെ 60 ശതമാനവും മൊത്തം ഭൗമോപരിതലത്തിന്റെ ഏതാണ്ട് 75 ശതമാനവും ജലമാണെന്ന് കണക്കാക്കപെടുന്നു.
മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ജലമാണ്. നവജാതശിശുവില്‍ 77 ശതമാനത്തോളവും പ്രായപൂര്‍ത്തിയായ ഒരാളില്‍ 65 ശതമാനത്തോളവും പ്രായം ചെന്നവരില്‍ 50 ശതമാനത്തോളവും ജലമുണ്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജനും പോഷകഘടകങ്ങളും എത്തിക്കുക എന്നതാണ് പ്രധാനധര്‍മം. അതോടൊപ്പം ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. ഇപ്രകാരം ശരീരോഷ്മാവ് നിയന്ത്രിക്കുക, ഉപാപചയപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക എന്നിവയും ജലത്തിന്റെ ധര്‍മമാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ 35 ലിറ്ററോളം ജലം ആവശ്യമാണ്. നിങ്ങളിലെ വെള്ളം വറ്റി പോയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവുവെള്ളം തരിക? (മുല്‍ക്-30)
പ്രപഞ്ച നാഥന്റെ വലിയ അനുഗ്രഹമാണ് ജലം. ജീവന്റെ അടിസ്ഥാനമാണത്. ഖുര്‍ആനില്‍ അല്ലാഹു വെള്ളത്തെ പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്. അല്ലാഹുവിനെ പരിചയപ്പെടുത്തുനിടത്ത് ജലം സംവിധാനിച്ചവന്‍ എന്ന് അഭിസംബോധന ചെയ്യുന്നത് കാണാം. മനുഷ്യനെ എന്നല്ല ലോകത്തെ സര്‍വതിനെയും ജീവസുറ്റതാക്കിയത് വെള്ളത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍. ജലത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു എന്ന ഖുര്‍ആനിക അധ്യാപനങ്ങള്‍ ധാരാളമുണ്ട്. ‘മനുഷ്യനെ ജലത്തില്‍ നിന്നും സൃഷിടിച്ചത് അവനാണ്. അങ്ങനെ അവന്‍ മനുഷ്യനെ വംശബന്ധവും വൈവാഹിക ബന്ധവും ഉള്ളവനാക്കി. താങ്കളുടെ രക്ഷിതാവ് സര്‍വശക്തനാണ്.(അല്‍ഫുര്‍ഖാന്‍ 54)
‘മനുഷ്യന്‍ ശപിക്കപ്പെടട്ടെ!എന്താണവനെ ഇത്ര നന്ദി കെട്ടവനാക്കിയത്? എന്ത് വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ഇന്ദ്രിയത്തുള്ളിയില്‍ നിന്നും അവനെ സൃഷ്ടിച്ചു. എന്നിട്ട് അവനെ വേണ്ടവിധം തരപ്പെടുത്തി.’ (സൂറത്തുല്‍ അബസ 17-19). മനുഷ്യന്‍ മാത്രമല്ല ലോകത്തെ സര്‍വ ജീവികളും ജലത്തില്‍ നിന്നാണ് ജീവന്‍ പ്രാപിക്കുന്നത്. ‘സത്യ നിഷേധികള്‍ അറിഞ്ഞിട്ടില്ലേ നിശ്ചയമായും ആകാശങ്ങളും ഭൂമിയും അടഞ്ഞു നില്‍ക്കുന്നവയായിരുന്നു. എന്നിട്ട് നാം അതിനെ രണ്ടിനെയും പിളര്‍ത്തി. എല്ലാ ജീവനുള്ള വസ്തുക്കളെയും നാം ജലത്തില്‍ നിന്ന് സൃഷ്ടിക്കുകയും ചെയ്തു എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (അല്‍അമ്പിയാഅ്). അല്ലാഹു പറയുന്നു, ‘ആകാശത്തു നിന്ന് വെള്ളം ഇറക്കിയവനാണവന്‍. മഴക്കു മുമ്പ് സന്തോഷം അറിയിക്കുന്ന കാറ്റിനെയും അയച്ചവനാണവന്‍. കാറ്റ് മേഘത്തെ വഹിക്കുന്നു; നിര്‍ജീവമായ ഭൂമിയിലേക്ക് നാമതിനെ നീക്കി കൊണ്ടുപോകുന്നു. എന്നിട്ട് നാമവിടെ മഴ വര്‍ഷിപ്പിക്കുകയും അതുമൂലം പലവിധ പഴവര്‍ഗങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. എത്ര ജീവികളാണ് ഭുജിക്കുന്നത്. എത്ര പറവകളാണ് കൂടുക്കൂട്ടുന്നത്. എത്ര മരങ്ങളാണ് ലോകര്‍ക്ക് തണലും അഭയവും ആശ്വാസവും നല്‍കുന്നത്. എല്ലാത്തിന്റെയും പുറകില്‍ ജലം ഉറവ പൊട്ടിയതിന്റെ കഥയുണ്ട്.

Share this article

About മുഹമ്മദ് സിനാന്‍ കല്‍പ്പള്ളി

View all posts by മുഹമ്മദ് സിനാന്‍ കല്‍പ്പള്ളി →

Leave a Reply

Your email address will not be published. Required fields are marked *