അമേരിക്കയുടെ നിറം മാറാനെന്തുണ്ട് വഴി

Reading Time: 3 minutes

ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തിന് ശേഷം ആറ് പേരെയാണ് അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ അധികൃതര്‍ ഈ മരണങ്ങളെല്ലാം അന്വേഷിക്കുകയാണ്. മിക്കവയും ആത്മഹത്യയെന്ന് പറഞ്ഞ് പോലീസ് കേസ് അവസാനിപ്പിച്ചവയാണ്. മെയ് 25ന് ശേഷം മരിച്ചവരില്‍ ഒരു സ്ത്രീയും നാല് പുരുഷന്‍മാരും ഒരു കൗമാരക്കാരനുമുണ്ട്. ഇവരെല്ലാം കറുത്തവര്‍ഗക്കാരുമാണ്. ജൂണ്‍ 10നാണ് റോബര്‍ട്ട് ഫുള്ളര്‍ എന്ന 24 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ പാംഡെല്‍ സിറ്റി ഹാളിന് പുറത്തെ മരത്തിലാണ് ഫുള്ളറുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഒരു ബുധനാഴ്ച ഫുള്ളറിന്റെ അര്‍ധ സഹോദരന്‍ ടെറണ്‍ ജെ ബൂണെ പോലീസിന്റെ വെടിയേറ്റ് മരിച്ചു. ജൂണ്‍ ഒമ്പതിന് 27കാരനായ ഡൊമിനിക് അലക്സാണ്ടറെ ഫോര്‍ട്ട് ടൈറണ്‍ പാര്‍ക്കിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മെയ് 31ന് മാല്‍കം ഹാര്‍ഷ് എന്ന 38കാരന്റെ മൃതദേഹവും മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ വിക്ടര്‍വില്ലെയിലിയാരുന്നു സംഭവം. ഹൂസ്റ്റണില്‍ 17 വയസുള്ള ഒരു വിദ്യാര്‍ഥിയെ സ്‌കൂളിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതും മെയ് മാസമാണ്.
ആഗസ്റ്റ് 25ന് ആഗോള മാധ്യമമായ സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. പോലീസ് ഇതിന് ചൂട്ടുപിടിക്കുകയും ചെയ്യുന്നു. 2018ല്‍ മാത്രം ക്രിമിനല്‍ കുറ്റങ്ങളുടെ ഇരയായിത്തീര്‍ന്നവരുടെ കണക്കുകള്‍ ഈ വാദത്തിന് കൂടുതല്‍ ശക്തി പകരുന്നു. ഇരകളില്‍ 70 ശതമാനം കറുത്തവരും 62 ശതമാനം വെളുത്തവരുമാണ്. 2018ല്‍ ബിബിസി പുറത്തുവിട്ട കണക്കനുസരിച്ച് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ 59.6 ശതമാനവും വംശ വര്‍ണങ്ങളുമായി ബന്ധപ്പെട്ടവയാണ്. 2017നേക്കാള്‍ 16% വര്‍ധനവാണ് കറുത്തവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലുണ്ടായിരിക്കുന്നത്. േെമശേേെമ.രീാ പുറത്തുവിട്ട കണക്കനുസരിച്ച് 2018ല്‍ മാത്രം 4047 കുറ്റകൃത്യങ്ങളാണ് വംശീയതയുടെ പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
അക്രമംകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കറുത്ത വര്‍ഗക്കാര്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ആഫ്രോ-അമേരിക്കന്‍ വിഭാഗക്കാര്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ രൂപപ്പെട്ട ബ്ലാക്ക് ലിവ്‌സ് മാറ്റേഴ്‌സ് എന്ന സംഘടന വലിയ പ്രചാരം നേടി. രണ്ട് കറുത്ത വര്‍ഗക്കാരെ അമേരിക്കന്‍ പോലീസ് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധത്തിനിടെ അഫ്ഗാന്‍ യുദ്ധനായകനായിരുന്ന മികാ സേവ്യര്‍ ജോണ്‍സണ്‍ അഞ്ച് പോലീസുകാരെയും, യുഎസ് നാവിക സേനാംഗമായിരുന്ന ഗാവിന്‍ ലോങ് മൂന്ന് പോലീസുകാരെയും വെടിവച്ചു കൊന്നത് വലിയ കോളിളക്കമുണ്ടാക്കി.
ജനസംഖ്യയിലെ വലിയൊരു വിഭാഗത്തില്‍ പതിയിരിക്കുന്ന വംശീയതയെ വെള്ളക്കാരായ അമേരിക്കക്കാര്‍ നിഷേധിക്കുകയാണ് പതിവ്. ചില പോലീസുകാരുമായുണ്ടാകുന്ന പ്രശ്‌നമായാണ് അവര്‍ ഇതിനെ കാണുന്നത്. വെള്ളക്കാരുടെ കുറ്റകൃത്യങ്ങള്‍ ചിലര്‍ മാത്രം നടത്തുന്നതായി മുദ്ര കുത്തുന്നു. അതേസമയം കറുത്തവര്‍ തിരിച്ചടിച്ചാല്‍ അത് വ്യക്തിഗതമായി കാണാന്‍ തയാറുമല്ല. മിനിയാപൊളിസില്‍ ജോര്‍ജ് ഫ്‌ളോയ്ഡിനെ മൃഗീയമായി കൊലപ്പെടുത്തിയ ഡെറിക് ചൗവിന്‍ എന്ന പോലീസുകാരനെതിരെയും കുറ്റകൃത്യത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തിയല്ല കേസെടുത്തിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വര്‍ണവെറിയന്മാരായ പോലീസുകാരോട് ഭരണകൂടം പുലര്‍ത്തുന്ന മൃദുസമീപനമാണ് ഇത് കാണിക്കുന്നത്.
അടിമത്തം നിരോധിച്ച് ഒന്നരനൂറ്റാണ്ട് കഴിഞ്ഞിട്ടും വംശീയതയും വര്‍ണവെറിയും അമേരിക്കന്‍ സമൂഹത്തില്‍ മഹാമാരിയായി നിലനില്‍ക്കുന്നു. പുരോഗമന ചിന്താഗതിക്കാരെന്ന് വിചാരിക്കുന്ന അമേരിക്കന്‍ ജനതയിലെ വിദ്യാസമ്പന്നരായ ഒരു വിഭാഗം ഇപ്പോഴും വര്‍ണവെറിയും വംശീയ മേധാവിത്വവും മനസില്‍ താലോലിക്കുന്നവരാണ്. വളരെ പരിമിതമായ ചരിത്രബോധമാണ് ശരാശരി അമേരിക്കക്കാരെ നയിക്കുന്നത്. ചരിത്രപരമായ ഓര്‍മകള്‍പോലും കുറവാണ്. അടിമത്തത്തിന്റെ നിരോധനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധത്തെക്കുറിച്ച് ഭൂരിപക്ഷം വെളുത്ത വര്‍ഗക്കാരും അജ്ഞത നടിക്കുന്നു. റെഡ് ഇന്ത്യക്കാരെ അതിക്രൂരമായ ഹിംസയിലൂടെ വംശീയ ഉന്മൂലനം നടത്തിയത് ലോക ചരിത്രത്തിലെ ചോരയില്‍ കുതിര്‍ന്ന അധ്യായമാണ്. എന്നാല്‍ നാഗരികതകളുടെ സംഘര്‍ഷങ്ങളെക്കുറിച്ചൊക്കെ വാചാലരാവുന്ന അമേരിക്കന്‍ ബുദ്ധിജീവികള്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ല. ഇതേ സമീപനം തന്നെയാണ് കറുത്ത വര്‍ഗക്കാരോടും സ്വീകരിക്കുന്നത്.
തൊലി നിറത്തിന്റെ പേരില്‍ വ്യക്തികളുടെ പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ അമേരിക്കയില്‍ ശക്തമായ നിയമങ്ങള്‍ പ്രാബല്യത്തിലുണ്ടെങ്കിലും അവയൊക്കെ വംശീയ വിദ്വേഷത്തിന് വഴിമാറുകയാണ്. കര്‍ശനമായ നിയമവ്യവസ്ഥകള്‍കൊണ്ടും ഭരണ സംവിധാനങ്ങള്‍കൊണ്ടും സമൂഹത്തില്‍ കാതലായ മാറ്റംകൊണ്ടുവരാന്‍ കഴിയില്ല. കറുത്ത വര്‍ഗക്കാരില്‍പ്പെട്ട ബരാക് ഒബാമയ്ക്ക് പ്രസിഡന്റാവാന്‍ കഴിഞ്ഞിട്ടും അമേരിക്കയുടെ മനസ് മാറിയിട്ടില്ല.
ചരിത്രപരമായി കറുത്തവര്‍ അമേരിക്കയില്‍ നേരിടുന്ന വിവേചനത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഓരോ സമരത്തെതുടര്‍ന്നുണ്ടാകുന്ന വ്യാപകമായ ആക്രമണങ്ങളെ വിലയിരുത്താന്‍. ഒറ്റവാക്കില്‍ അക്രമം ഒന്നിനും പരിഹാരമല്ല എന്നു വിലയിരുത്തുന്ന ചില ലിബറല്‍ അമേരിക്കന്‍ മാധ്യമങ്ങളും വിദഗ്ധരും അവകാശങ്ങള്‍ക്ക് വേണ്ടി ലോകത്ത് അരങ്ങേറിയ സമരങ്ങളുടെ നീണ്ട ചരിത്രമാണ് സൗകര്യപൂര്‍വം വിസ്മരിക്കുന്നത്. വ്യവസ്ഥിതിയെ താത്കാലികമായെങ്കിലും തടസപ്പെടുത്താതെ വിജയിച്ച സമരങ്ങള്‍ ചരിത്രത്തില്‍ വിരളമാണ്.
തങ്ങളുടെ പൗരന്മാരെ അമേരിക്കന്‍ പോലീസ് പലപ്പോഴായി ആക്രമണങ്ങള്‍ വിധേയരാക്കാറുണ്ട്. അത് മിക്കപ്പോഴും ജീവഹാനിയിലേക്കും അല്ലങ്കില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ മല്ലടിച്ച് കിടക്കേണ്ട അവസ്ഥയിലേക്കും പൗരന്മാരെ നയിക്കാറുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരായ ആക്രമണങ്ങളാണ് മിക്കതും. ഇതു തന്നെ കൂടുതലും ഇരകളാക്കപ്പെടുന്നത് ആഫ്രിക്കന്‍ അമേരിക്കക്കാരാണ്. അതായത് അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍. ചരിത്രപരമായ ചില വസ്തുതകള്‍ അതിനു പിന്നിലുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ പോലീസ് ക്രൂരത പല നഗരപ്രദേശങ്ങളിലും ഗുരുതരമായ പ്രശ്‌നമായിത്തീര്‍ന്നിരുന്നുവെങ്കിലും, 1960കളുടെ പകുതി വരെ മിക്ക വെള്ളക്കാര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു, കാരണം നഗരങ്ങളിലെ വായനക്കാരില്‍ പ്രധാനമായും വെളുത്തവരായിരുന്നു. അതു കൊണ്ട് തന്നെ അവര്‍ ഇത്തരം ആക്രമണങ്ങളെ വാര്‍ത്താപ്രാധാന്യമുള്ളതായി കണക്കാക്കിയില്ല. പക്ഷേ, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കു തന്നെ കറുത്തവരുടെ പത്രങ്ങളില്‍ പോലീസ് ക്രൂരതയുടെ വാര്‍ത്തകള്‍ പതിവായിരുന്നു. ഇടക്കിടെ ലേഖനങ്ങളും പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. അതുപോലെ, പ്രാദേശിക, ദേശീയ പൗരാവകാശ സംഘടനകള്‍ക്ക് ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ നിന്ന് നൂറുകണക്കിന് കത്തുകള്‍ ദിനംപ്രതി ലഭിച്ചു കൊണ്ടിരുന്നു. ബൈഡന് ശേഷം അമേരിക്കയുടെ നിറം മാറുമെങ്കില്‍ അതതത്രയും നല്ലത്.

പോലീസ് ക്രൂരത; രണ്ടാം ലോക മഹായുദ്ധാനന്തരം
വ്യത്യസ്ത കാരണങ്ങളാല്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ദശകങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ പോലീസ് ക്രൂരതകള്‍ രാജ്യത്തുടനീളം കൂടുതല്‍ തീവ്രമായിത്തീര്‍ന്നു. ഒന്നാമതായി, വിദേശ യുദ്ധത്തില്‍ ജനാധിപത്യശക്തികളുടെ വിജയം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കിടയില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ഒരു ജനാധിപത്യ രാജ്യവും തങ്ങള്‍ക്ക് സ്വന്തമാകുന്നുവെന്നുമുള്ള പ്രതീക്ഷ ശക്തമായി. പ്രത്യേകിച്ചും അവരില്‍ പലരും യുഎസ് സായുധ സേനയില്‍ (വംശീയമായി വേര്‍തിരിക്കപ്പെട്ട യൂണിറ്റുകളിലാണെങ്കിലും) സേവനമനുഷ്ഠിച്ചിട്ടുള്ളവരായിരുന്നു. പ്രാദേശികരായ അമേരിക്കക്കാര്‍, ജുഡീഷ്യറികള്‍, നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവരെല്ലാം തങ്ങള്‍ക്ക് അര്‍ഹമായ പരിഗണ നല്‍കണമെന്നാവശ്യപ്പെട്ട് കറുത്ത അമേരിക്കക്കാര്‍ അവരുടെ ഔപചാരിക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സ്ഥാപിക്കാനും നേടിയെടുക്കാനും തുടങ്ങിയപ്പോള്‍ വെളുത്ത പോലീസ് ഉദ്യോഗസ്ഥര്‍ വെളുത്തവരുടെ സംരക്ഷകരായി പരിവര്‍ത്തനപ്പെട്ടു തുടങ്ങി.
മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി ഗ്രാമീണരായ വെള്ളക്കാര്‍ അടുത്തുള്ള നഗരങ്ങളിലേക്ക് കുടിയേറ്റമാരംഭിച്ചു. നഗര പ്രദേശങ്ങളിലുള്ള ആഫ്രിക്കന്‍ അമേരിക്കക്കാര്‍ ഈ കുടിയേറ്റങ്ങള്‍ക്ക് വലിയൊരു തടസമായിരുന്നു. വെള്ളക്കാര്‍ തങ്ങള്‍ക്ക് കറുത്തവരോടൊപ്പം ജീവിക്കാന്‍ പ്രയാസമുണ്ടന്നും അവരെ പുറത്താക്കണമെന്നും വാദിക്കാന്‍ തുടങ്ങി. ഈയൊരവസരം കറുത്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ കൂടുതല്‍ സ്വീകാര്യമായ നിയന്ത്രണ മാര്‍ഗമായി വീക്ഷിക്കാന്‍ പോലീസിന് വഴിയൊരുക്കുകയും അവരെ അടിച്ചമര്‍ത്താനുള്ള വഴിയായി പോലീസ് സ്വീകരിക്കുകയും ചെയ്തു. ഇക്കാലയളവില്‍, വെള്ള മേധാവിത്വ തീവ്രവാദ സംഘടനകളായ കുക്ലക്സ് ക്ലാന്‍, വൈറ്റ് സിറ്റിസണ്‍സ് കൗണ്‍സില്‍ എന്നിവ തെക്കന്‍ നഗരങ്ങളില്‍ പരസ്യമായി പ്രവര്‍ത്തിച്ചു. അവിടെ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കെതിരായ പോലീസ് ക്രൂരതയില്‍ സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും ജില്ലാ അഭിഭാഷകരും ജഡ്ജിമാരും എല്ലാവരും പങ്കാളികളായി.
മറ്റു നഗരങ്ങളില്‍, പ്രത്യേകിച്ച് വടക്ക്, പ്രാന്തപ്രദേശങ്ങളിലേക്ക് വെള്ളക്കാരുടെ കുടിയേറ്റം കൂടുതലായി ഉണ്ടായിരുന്നില്ല. പക്ഷേ, അമേരിക്കയുടെ എല്ലാ ഭാഗത്തെയും പോലെ ആഫ്രിക്കന്‍ അമേരിക്കാരുടെ ജനസംഖ്യ സ്വാഭാവിക വളര്‍ച്ച കറുത്തവരെ കൂടുതല്‍ ദൃശ്യമാക്കുകയും ചെയ്തു. ഇത്തരം ജനസംഖ്യാപരമായ മാറ്റങ്ങള്‍ ആഫ്രിക്കന്‍ അമേരിക്കക്കാരെ വെളുത്ത പോലീസ് ഉദ്യോഗസ്ഥരില്‍ കൂടുതല്‍ ഭയം സൃഷ്ടിച്ചു. അവരുടെ പേറി നടക്കുന്ന മുന്‍ധാരണയുടെ വിഴുപ്പു ഭാണ്ഡങ്ങളായിരുന്നു ഇതിന് കാരണം. കറുത്തവരെ നിയന്ത്രിക്കുന്നതിനും പൊതു ഇടങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനുമുള്ള മാര്‍ഗമായി നിയമവിരുദ്ധമായ ആക്രമണങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ ന്യായീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു.
1970 കളുടെ ആരംഭത്തില്‍, ആക്രമണാത്മക നിയമനത്തിന്റെയും സ്ഥിരീകരണ പ്രവര്‍ത്തന പരിപാടികളുടെയും ഫലമായി പ്രാദേശിക പോലീസ് സേനയില്‍ അംഗങ്ങളായ ധാരാളം ആഫ്രിക്കന്‍ അമേരിക്കക്കാര്‍ തന്നെ കറുത്ത വര്‍ഗക്കാരായ സിവിലിയന്മാര്‍ക്കെതിരെ ഗുരുതരമായ ക്രൂരകൃത്യങ്ങള്‍ നടത്തി, ഭാഗികമായി ‘നല്ലവരായി’ കാണപ്പെടാന്‍ അവര്‍ ആഗ്രഹിച്ചു. വെള്ളക്കാരായ മേലുദ്യോഗസ്ഥരെ പ്രീണിപ്പിച്ച് വകുപ്പുകളിലെ സ്ഥാനക്കയറ്റിത്തിനായി സ്വന്തം സമുദായത്തെ അവര്‍ വെള്ളക്കാര്‍ക്ക് ഒറ്റുകൊടുത്തു.
1970കളിലും 80കളിലും നഗര കുറ്റകൃത്യങ്ങളുടെ വര്‍ധനവ്, പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കന്‍ മറ്റു ന്യൂനപക്ഷ അയല്‍പ്രദേശങ്ങളില്‍ വെളുത്ത പോലീസ് ഉദ്യോഗസ്ഥരും വെളുത്തവര്‍ഗക്കാരും പൊതുവെ ആഫ്രിക്കന്‍ അമേരിക്കക്കാരില്‍ അന്തര്‍ലീനമായി കുറ്റവാളികളാണെന്ന ധാരണ ശക്തിപ്പെടുത്തി. ഈ പ്രവണതയാണ് വംശീയമായി വെള്ളക്കാരില്‍ പ്രതിഫലിക്കുന്നത്. മുഖ്യധാരയില്‍ കറുത്ത ദരിദ്രരുടെയും തൊഴിലാളിവര്‍ഗത്തിന്റെയും ക്രിമിനലൈസേഷന്‍ എന്ന് നിരീക്ഷകരും ചരിത്രകാരന്മാരും പരാമര്‍ശിക്കുന്ന രാഷ്ട്രീയ, നയ വ്യവഹാരങ്ങളായി ഇത് രൂപാന്തരം പ്രാപിച്ചു.

Share this article

About ശാക്കിര്‍ കെ മജീദി

View all posts by ശാക്കിര്‍ കെ മജീദി →

Leave a Reply

Your email address will not be published. Required fields are marked *