അടിത്തട്ട് നിങ്ങളുടെ കൈകളിലാണ്

Reading Time: 4 minutes

ജനകീയ ജനാധിപത്യത്തിന്റെ ഉദാത്ത മാതൃകയാണ് കേരളത്തിലെ അധികാര വികേന്ദ്രീകരണ സംവിധാനം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഞ്ചായത്ത് രാജ് അതിന്റെ സജീവതയോടെ നിലകൊള്ളുന്നു എന്നതാണ് കേരളം സാധ്യമാക്കിയ വിപ്ലവത്തിന്റെ ഏറ്റവും വലിയ സാക്ഷ്യം. നാം ഇപ്പോഴും കൊട്ടിഘോഷിക്കുന്ന കേരള മോഡല്‍ വികസനം എന്നത് ഈ അധികാര വികേന്ദ്രീകരണ മാതൃകയില്‍ നേടിയടുത്ത സവിശേഷമായ ഒരു സാമൂഹ്യ-സാമ്പത്തിക അവസ്ഥയുടെ ചുരുക്കെഴുത്ത് കൂടിയാണ്. ജനകീയാസൂത്രണം പോലെ ഒരു ക്യാംപയിന്‍ തുടക്കം വെച്ച് തന്നെ അധികാര വികേന്ദ്രീകരണ പ്രക്രിയ വിജയകരമായി നടപ്പാക്കിയ കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ട് നില്‍കുന്നതും ഇക്കാരണംകൊണ്ട് തന്നെയാണ്.
ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനവും അത് സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയ ബോധ്യങ്ങളില്‍ നിന്നുമൊക്കെയാണ് പലപ്പോഴും വ്യക്തികളുടെ രാഷ്ട്രീയവും വികസന കാഴ്ച്ചപ്പാടുമൊക്കെ രൂപപ്പെടുന്നത്. പ്രത്യേകിച്ച് സ്ത്രീസമൂഹത്തിന്റെ നിലപാടുകളെ പലപ്പോഴും നിര്‍ണയിക്കുന്നതും അടിത്തട്ടില്‍ പ്രത്യക്ഷമാവുന്ന മാറ്റങ്ങളാണ്. ഒരോ തിരഞ്ഞെടുപ്പ് കാലവും കഴിഞ്ഞുപോയ അഞ്ചു വര്‍ഷത്തെ ഭരണ പ്രവര്‍ത്തനങ്ങളുടെ ജനകീയ വിചാരണ കൂടിയാണ്. പാര്‍ലമെന്റ് അസംബ്ലി തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി പ്രദേശിക വികസനം കൂടുതല്‍ ചര്‍ച്ചയാവുന്നു എന്നതാണ് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെഏറ്റവും വലിയ പ്രത്യേകത. മാത്രവുമല്ല, കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം മത്സരാര്‍ഥികളുടെ വ്യക്തികത മികവിന് കൂടുതല്‍ പരിഗണന ലഭിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. ജനങ്ങളുമായി നേരിട്ട് ഇടപെടുന്നതിനാലും ജനജീവിതം തൊട്ടറിയുന്നത് കൊണ്ടും ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ പലയിടത്തും ജനങ്ങളുടെ അത്താണികളായി മാറാറുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനും അതു പരിഹരിക്കാനും ജനപ്രതിനിധികള്‍ക്ക് കഴിയേണ്ടതുണ്ട്. കാരണം ഘടനാപരമായി അതിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഭരണപ്രവര്‍ത്തന രീതിയാണ് ത്രിതല പഞ്ചായത്തുകളുടേത്. അയല്‍സഭകളില്‍ തുടങ്ങി ഗ്രാമസഭകളിലൂടെ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ കൃത്യവും വികേന്ദ്രീകൃതവുമായ ഒരു അധികാരം വിഭജന ഫോര്‍മുല പഞ്ചായത്ത് രാജ് ആക്ടിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുംവിധമുള്ള ചട്ടങ്ങളിലൂടെ തന്നെ കേരളത്തില്‍ നടപ്പായിട്ടുണ്ട്.

ജനകീയാസൂത്രണം ഒരു നാഴികക്കല്ല്
ആരോഗ്യം, പാര്‍പ്പിടം ശിശുവികസം, സ്ത്രീ ശാക്തീകരണം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും കേരളം കൈവരിച്ച നേട്ടങ്ങളില്‍ ത്രതില പഞ്ചായത്തുകളുടെ പങ്ക് വിസ്മരിക്കാനാവാത്തതാണ്. 1994ലെ 73, 74 ഭേദഗതികളിലുടെ കേന്ദ്ര പഞ്ചായത്ത് രാജ് നിയമം നിലവില്‍ വന്ന് രണ്ട് വര്‍ഷം കൊണ്ട് തന്നെ, നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് 1996ല്‍ ഇ എം എസ്സിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജനകീയാസുത്രണ പദ്ധതിയാണ് ഇന്ന് നാം എത്തി നില്‍കുന്ന അധികാര വിഭജന മാതൃകയുടെ ആണിക്കല്ല് എന്ന് നിസംശയം പറയാം.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ബജറ്റിന്റെ 35 ശതമാനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ചെലവിനായി മാറ്റിവെക്കുകയുണ്ടായി. സാമ്പത്തിക വികേന്ദ്രീകരണത്തിനു പുറമെ വികസനപരിപാടികള്‍ വിഭാവനം ചെയ്യാനും അവ നടപ്പിലാക്കാനുമുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെത്തിക്കുക വ ഴി സമ്പൂര്‍ണജനാധിപത്യം കൈവരിക്കുക മാത്രമല്ല,ത്രിതല പഞ്ചായത്തുകളെ യഥാര്‍ഥ സ്വയംഭരണ സ്ഥാപനങ്ങളാക്കുകയും അവയെ പ്രാദേശിക സര്‍ക്കാരുകളായി രൂപപ്പെടുത്തുകയും ചെയ്തു. ഇതോടെ അധികാരം ജനങ്ങളിലേക്ക് എത്തിത്തുടങ്ങി, ഗ്രാമസഭകള്‍ അതിന്റെ സൂക്ഷ്മ രൂപമായി മാറി. ഗ്രാമസഭകള്‍ തന്നെയാണ് ഇപ്പോഴും പ്രദേശിക വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. സ്വന്തം പ്രദേശത്തിന്റെ ആവശ്യങ്ങളും വിഭവ സാധ്യതകളും ബന്ധപ്പെടുത്തി വികസന പദ്ധതികള്‍ രൂപപ്പെടുത്താന്‍ ഗ്രാമസഭകള്‍ക്കും പഞ്ചായത്തുകള്‍ക്കും കിട്ടിയ അധികാരം വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നാളിതുവരെ വിദഗ്ധര്‍ക്കും ഉദ്യോഗസ്ഥ പ്രമാണികള്‍ക്കും മാത്രം വഴങ്ങിയിരുന്ന ആസൂത്രണപ്രക്രിയ സാധാരണ ഗ്രാമീണജനങ്ങള്‍ അസാമാന്യമായ മെയ് വഴക്കത്തൊടെ ചെയ്തു തുടങ്ങി. തങ്ങളുടെ പ്രദേശത്തെ റോഡ്, ഇടവഴികളില്‍, കുളങ്ങള്‍, തെരുവ് വിളക്കുകള്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും ഇടപെടാന്‍ കഴിയും വിധം ഗ്രാമസഭകളുടെ അധികാരം ഇപ്പോള്‍ വിപുലപ്പെട്ടിട്ടുണ്ട്.

ഗ്രാമസഭകളുടെ പ്രാധാന്യം
ആസൂത്രണ പ്രക്രിയ താഴേതട്ടിലേക്ക് വിഭജിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്ത് കേരളത്തില്‍ ഗ്രാമസഭകള്‍ കൂടുതല്‍ സജീവമാക്കുന്നത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഒരോ വാര്‍ഡിലും നിര്‍ബന്ധമായും വാര്‍ഡ് മെമ്പര്‍ കണ്‍വീനറായും പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും ഗ്രാമസഭ വിളിച്ചു കൂട്ടണം എന്നാണ് ചട്ടം. ഇത് തുടര്‍ച്ചയായി രണ്ട് തവണ ലംഘിക്കുന്ന പക്ഷം ജനപ്രതിനിധി സ്ഥാനം അയോഗ്യമാക്കപ്പെടും എന്നിരിക്കെ പലയിടത്തും ഗ്രാമസഭ ഒരു ചടങ്ങായി മാത്രം മാറുന്നുണ്ട്. 10 ശതമാനം വോട്ടര്‍മാരുടെ പങ്കാളിത്തം (ക്വാറം) നിര്‍ബന്ധമായതിനാല്‍ ആളുകളോട് ഒപ്പിട്ട് പോവാന്‍ പറയുന്നവരാണ് മിക്ക മെമ്പര്‍മാരും. മുന്‍വര്‍ഷത്തെ വികസന പരിപാടികളെയും നടപ്പുവര്‍ഷത്തില്‍ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളെയും ഇതിനുവേണ്ടിവരുന്ന ചെലവുകള്‍ സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും മുന്‍വര്‍ഷത്തെ വാര്‍ഷിക കണക്കുകളുടെ ഒരു സ്റ്റേറ്റ്‌മെന്റും ഭരണ നിര്‍വഹണാധികാരസ്ഥന്റെ (സെക്രട്ടറിയുടെ) ഒരു റിപ്പോര്‍ട്ടും ആദ്യയോഗത്തില്‍ ഗ്രാമസഭ മുമ്പാകെ വെക്കേണ്ടതുണ്ട്. വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരവും ഗ്രാമസഭകള്‍ക്കാണ്. ഗ്രാമസഭയിലൂടെയാണ് ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികള്‍ ഉരുത്തിരിയുന്നത്. പദ്ധതിയാസൂത്രണത്തിലും നിര്‍വഹണത്തിലും ഗ്രാമസഭകള്‍ക്ക് നിര്‍ണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമസഭയില്‍ പാസാക്കിയ ഒരു കാര്യം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന് പോലും അധികാരമില്ല. ഇത്രയും വിശാലമായ അധികാരങ്ങളുണ്ടായിട്ടും ഗ്രാമസഭകള്‍ പലപ്പോഴും വാര്‍ഡ് മെമ്പറുടേയും അയാള്‍ തീരുമാനിച്ചുറപ്പിച്ച അജണ്ടകളുടേയും അംഗീകാരം വാങ്ങേണ്ട വേദിയായി മാറാറുണ്ട്.
കരട് പദ്ധതിരേഖ, ഗ്രാമസഭ ചര്‍ച്ച, വികസ സെമിനാര്‍, അന്തിമ പദ്ധതി രേഖ, ജില്ലാ ആസൂത്രണ സമിതിയുടെ അനുമതി എന്നീ ഘട്ടങ്ങളിലുടെയാണ് പദ്ധതി നടപ്പാവുന്നതെങ്കിലും മരാമത്ത് പണികളില്‍ ഗുണഭോക്തൃ സമിതികളില്‍ നിന്ന് കരാറുകാരിലേക്ക് മാറിയതോടെ ജനപ്രതിനിധി-ഉദ്യോഗസ്ഥ-കാരാറുകാര്‍ അടങ്ങുന്ന അവിശുദ്ധവും അദൃശ്യവുമായ ഒരു കൂട്ടുകെട്ട് സൃഷ്ടിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. ഗുണഭോക്തൃ സമിതികളെ നിരീക്ഷക റോളിലെങ്കിലും നിലനിര്‍ത്താനുള്ള വഴികള്‍ അവഗണിച്ചതും സോഷ്യല്‍ ഓഡിറ്റിംഗിന്റെ സാധ്യതകള്‍ അടച്ചിട്ടു എന്ന് പറയാം. എന്നാല്‍ ഗ്രാമസഭകളുടെ സവിശേഷ സ്വഭാവം ഈ അഴിമതി തടയാന്‍ ഏറെക്കുറെ പ്രാപ്തമാണ്.

നോക്കുകുത്തിയായി മാറുന്ന സേവാകേന്ദ്രങ്ങള്‍
2010ലെ പഞ്ചായത്ത് ബോര്‍ഡിന്റെ അവസാന കാലത്താണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട് സേവാകേന്ദ്രങ്ങള്‍ എന്ന പേരില്‍ ഒരോ വാര്‍ഡിലും ഒരു മിനി പഞ്ചായത്ത് എന്ന ആശയം തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുവെച്ചത്. പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറങ്ങളുടെ വിതരണം, അത് സ്വീകരിക്കല്‍ നടപടികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കല്‍, നികുതികള്‍ സ്വീകരിക്കുന്നതടക്കം ഒരു പഞ്ചായത്ത് ഉപകേന്ദ്രമായി പ്രവര്‍ത്തിക്കണമെന്നും വകുപ്പ് ഉത്തരവ് ഇറക്കി. പദ്ധതി നിര്‍വഹണ ആസൂത്രണത്തിനായി ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) പരിശീലനങ്ങള്‍ നല്‍കുകയും കൈപുസ്തകമടക്കം അച്ചടിച്ച് വിതരണം ചെയ്യുകയുമുണ്ടായി. ആഴ്ച്ചയില്‍ 5 ദിവസം 3 pm മുതല്‍ 7 pm വരെ പഞ്ചായത്ത് നിയോഗിക്കുന്ന സന്നദ്ധ പ്രവര്‍ത്തരെ ഉപയോഗിച്ച് ഓഫീസ് പ്രവര്‍ത്തിക്കണം. ഗ്രാമസഭ, വാര്‍ഡ് വികസന സമിതി, കുടുംബശ്രീ എന്നിവയുടെ ആസ്ഥാനമായി സേവാകേന്ദ്രം മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. 2015ല്‍ ബോര്‍ഡ് വന്നതോടെ സേവാകേന്ദ്രങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം വെച്ച ബോര്‍ഡുകളും ഫര്‍ണിച്ചറുകളും വിതരണം ചെയ്തു. എന്നാല്‍ മിക്കയിടത്തും സേവകേന്ദ്രങ്ങള്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

കിലയുടെ പ്രവര്‍ത്തനം
കേരളസര്‍ക്കാരിന്റെ തദ്ദേശഭരണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ്കില. ഗ്രാമസഭകളുടെ പ്രചാരണം, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ജനകീയാസൂത്രണ പ്രവര്‍ത്തകരുടെയും പരിശീലനം, ഈ മേഖലയിലെ ഗവേഷണം, ഭരണ നിര്‍വഹണത്തിന് ആവശ്യമായ പ്രവര്‍ത്തന മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിലുമടക്കം കില മുഖ്യ പങ്കു വഹിക്കുന്നു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഭരണ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് കിലയുടേതിന് തുല്യമായ രീതിയില്‍ രൂപീകരിക്കപ്പെട്ട ഒരു സ്ഥാപനമില്ല. കൃത്യമായ ദിശയില്‍ അധികാര വികേന്ദ്രീകരണത്തെ നയിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ചരിത്രപരമായ പങ്കുവഹിക്കുന്ന സ്ഥാപനമായി കില ഇപ്പോഴും തല ഉയര്‍ത്തി നില്‍കുന്നു

കുടുംബശ്രീയും ദാരിദ്ര്യ നിര്‍മാര്‍ജനവും
1999ലെ കുടുബശ്രീയുടെ വരവാണ് ജനകീയാസൂത്രണത്തെ പ്രയോഗവത്കരിച്ചതില്‍ മുഖ്യ പങ്കുവഹിച്ചത്. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ചാണ് കുടുംബശ്രീ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും രാഷ്ട്രീയ സാക്ഷരത വളര്‍ത്തുന്നതിലും സ്ത്രീശാക്തീകരണത്തിലുമൊക്കെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മാതൃകയായി ഉയര്‍ത്തി കാണിക്കാവുന്ന തരത്തില്‍ 45 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗങ്ങളായ ഈ കൂട്ടായ്മ മാറിയിട്ടുണ്ട്. അയല്‍കൂട്ടങ്ങളിലൂടെ രൂപപ്പെട്ട തദ്ദേശീയമായ ചെറുകിട വികസന സംരംഭങ്ങള്‍ ഗ്രാമീണ മേഖലയില്‍ ഉണ്ടാക്കിയ ഉണര്‍വും ചെറുതല്ല. ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50% സംവരണവും കൂടി നടപ്പായതോടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അധികാരം കൂടി കൈവന്നു. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ പലയിടത്തും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി തന്നെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരകരായും ഗ്രാമസഭകളെ സജീവമാക്കുന്നതിലും കുടുംബശ്രീ ചരിത്രപരമായ സ്ഥാനം വഹിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ തന്നെ RRT വോളണ്ടിയര്‍, കമ്മ്യൂണിറ്റി കിച്ചന്‍, ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകകളുടെ പ്രവര്‍ത്തനം തുടങ്ങി എല്ലാ മേഖലകളിലും കുടുംബശ്രീ അംഗങ്ങളുടെ ഇടപെടലുകള്‍ കാണാവുന്നതാണ്. ഈ വികേന്ദ്രീകരണ മാതൃകയാണ് വലിയ ദുരന്തങ്ങളില്‍ പോലും അസാധ്യമായ അതിജീവനത്തിന് കേരളത്തെ പ്രാപ്തമാക്കുന്നത്.

ഇനിയും സാധ്യമാവാത്ത സ്വയഭരണം
ജനകീയാസൂത്രണത്തിന് കാല്‍ നുറ്റാണ്ട് തികഞ്ഞിട്ടും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയുള്ള വിഭജനത്തില്‍ നഗരസഭകളും കോര്‍പ്പറേഷനും പുറത്തായത് ജില്ലയുടെ സമഗ്രമായ വികസനാസൂത്രണത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.ഇന്നത്തെ ജില്ലാ പഞ്ചായത്തിന് ഒരു റവന്യൂ ജില്ലയെ മുഴുവന്‍ പ്രതിനിധീകരിക്കാന്‍ കഴിയുന്നില്ല. 1989 മുതല്‍ 91 വരെ നിലനിന്നിരുന്ന ജില്ലാ കൗണ്‍സില്‍ എന്ന സംവിധാനമാണ് ഏറേ അഭികാമ്യം. എന്നാല്‍ അതേ സംബന്ധിച്ച് ഗൗരവതരമായ ചര്‍ച്ചകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രാവിഷ്‌കാര പദ്ധതികളുടെ നിര്‍വാഹണ ഏജന്‍സി എന്ന നിലയിലുമാണ് ഇപ്പോഴും അറിയപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കിയ കൃഷിഭവന്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, തുടങ്ങിയ ഇടങ്ങളില്‍ ഭൗതിക സൗകര്യങ്ങളുടെ ആധുനികവത്കരണം സാധ്യമായെങ്കിലും ഫണ്ടുകളുടെ അപര്യാപ്തത ഇപ്പോഴും ദൈനംദിന പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ വിലങ്ങു തടിയായി ശേഷിക്കുന്നുണ്ട്. മാത്രമല്ല അതാത് വകുപ്പുകളുടെ വിട്ടുവീഴ്ച്ചയില്ലാ മാനദണ്ഡങ്ങളും പ്രാദേശികമായ സാഹചര്യങ്ങളില്‍ അതാത് പ്രദേശങ്ങളുടെ വിഭവശേഷി കണക്കാക്കി തിരുത്തലുകള്‍ക്ക് സാധ്യത നല്‍കുന്നുമില്ല.

പഞ്ചായത്ത്-വില്ലേജ് സംവിധാനങ്ങളുടെ ഏകോപനം
സാധാരണ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രണ്ട് സര്‍ക്കാര്‍ ഓഫീസാണ് പഞ്ചായത്തും വില്ലേജും. എന്നാല്‍ പലപ്പോഴും ഒരു വ്യക്തിക്ക് ഒരേ ആവശ്യത്തിന് വേണ്ടി രണ്ട് ഓഫീസില്‍ കയറിയിറങ്ങേണ്ട അവസ്ഥ നിലനില്‍കുന്നുണ്ട്. വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കുന്ന പല സേവനങ്ങളും തദ്ദേശ സ്ഥാപനത്തിന് നല്‍കാവുന്നതാണ് എന്നിരിക്കെ റവന്യൂ അധികാരങ്ങള്‍ക്കായി വില്ലേജ് ഓഫീസ് എന്ന സങ്കല്‍പം ബ്രട്ടീഷ് രാജ് ശൈലിയില്‍ ഇപ്പോഴും നാം അന്ധമായി പിന്തുടരുന്ന ഒരു രീതിയാണ്.
ദുരന്ത നിവാരണമടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവും വേഗതയുള്ള പ്രവര്‍ത്തനമാണ് പ്രളയം, കൊവിഡ് കാലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കാഴ്ചവെച്ചത്. ഭരണപരമായി ദുരന്ത നിവാരണം റവന്യൂ അധികാര പരിധിയില്‍ ആണെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വില്ലേജ്, താലൂക്ക്, ജില്ലാ തലം വരെയുളള ചില അധികാരങ്ങള്‍ വിട്ടുനല്‍കേണ്ടതുണ്ട്. ഇ.എം.എസ് ചെയര്‍മാനായിരുന്ന ഒന്നാം ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു പഞ്ചായത്ത്-വില്ലേജ് സംവിധാനങ്ങളുടെ ഏകോപനം. എന്നാല്‍ ജനകീയാസൂത്രണമടക്കം പല പരിഷ്‌കാരങ്ങള്‍ പില്‍കാലത്ത് വന്നെങ്കിലും അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ നിര്‍ദേശം ഇപ്പോഴും കടലാസില്‍ ഉറങ്ങുകയാണ്.

രാഷ്ട്രീയ സാക്ഷരത
പഞ്ചായത്ത് രാജ് നിയമവും കേരളത്തിലെ അധികാര വികേന്ദ്രീകരണവും മഹാത്മാഗാന്ധി മുന്നോട്ടുവെച്ച ഗ്രാമ സ്വരാജ് എന്ന സങ്കല്‍പത്തെ പരിപോഷിപ്പിക്കുന്ന സ്വാഭവ സവിശേഷതകള്‍ ഉള്ളടങ്ങിയ ഒന്നാണ്.
എന്നാല്‍ ഒരോ വോട്ടര്‍ക്കും ഇടപെടാന്‍ പാകത്തില്‍ സുതാര്യമായ ഒരു ഭരണതലമാണ് ത്രിതല പഞ്ചായത്തുകളുടേത് എന്ന തിരിച്ചറിവ് ഇപ്പോഴും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതാണ് വസ്തുത. വിവരാവകാശ നിയമത്തിന്റെ പ്രയോഗ വത്കരണവും സോഷ്യല്‍ ഓഡിറ്റിങ്ങിന്റെ രീതികളെ സംബന്ധിച്ചും ജനങ്ങളിലേക്ക് കൂടുതല്‍ വിവരങ്ങള്‍ എത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സാക്ഷരതക്കൊപ്പം നമ്മുടെ രാഷ്ട്രീയ സാക്ഷരത വളര്‍ന്നിട്ടില്ല എന്നതും ഈ സമയത്ത് അടിവരയിട്ടു പറയേണ്ട ഒന്നാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ഒരാള്‍ പോലും ഏതെങ്കിലും സേവനം ലഭിക്കാന്‍ പഞ്ചായത്തിലോ വില്ലേജ് ഓഫീസിലോ എത്തിയാല്‍ അപേക്ഷകള്‍ പൂരിപ്പിക്കാന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്നതും നമ്മുടെ രാഷ്ട്രീയ സാക്ഷരതയുടെ ഞെട്ടിക്കുന്ന വസ്തുതയാണ്.

Share this article

About ജുനൈദ് ടി പി തെന്നല

junaidthennala@gmail.com

View all posts by ജുനൈദ് ടി പി തെന്നല →

Leave a Reply

Your email address will not be published. Required fields are marked *