കര്‍ഷകസമരം ഇന്ത്യയെ വീണ്ടെടുക്കാനുള്ളതാണ്

Reading Time: 3 minutes

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ ഒന്നാകെ തിളച്ചുമറിഞ്ഞ നാളുകളെ ഓര്‍മിപ്പിച്ചുകൊണ്ട് രാജ്യതലസ്ഥാനത്ത് മറ്റൊരു സമരം അത്യുജ്വലമായി പുരോഗമിക്കുന്നു. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ കര്‍ഷകരാണ് ഇക്കുറി സമരമുഖത്ത്. പിന്തുണയുമായി സംഘ്പരിവാറൊഴികെയുള്ള മുഴുവന്‍ ഇന്ത്യക്കാരുമുണ്ട്. സമരങ്ങള്‍ക്കുനേരെ മുഖം തിരിച്ചുമാത്രം ശീലിച്ച മോദിയും അമിത്ഷായും കര്‍ഷകര്‍ക്ക് മുമ്പില്‍ മുട്ടിടിച്ചുനില്‍ക്കുന്ന കാഴ്ച ജനാധിപത്യത്തിന് കുളിര്‍മയേകുന്നതാണ്. കര്‍ഷകസംഘടനകളുടെ പ്രതിനിധികളുമായി സന്ധിസംഭാഷണത്തിന് സര്‍ക്കാരിനെ നിര്‍ബന്ധിക്കുംവിധം വലിയ പങ്കാളിത്തവും ആരുറപ്പുമുണ്ട് ഈ സമരത്തിന്. ചാണക്യന്‍ എന്ന് അനുയായികള്‍ വാഴ്ത്തിപ്പാടുന്ന അമിത് ഷാ, കര്‍ഷകസമരത്തിനു മുമ്പില്‍ അടവും ചുവടും പിഴച്ച് നിരായുധനാകുന്ന നിസഹായത ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നു. സമരം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളെല്ലാം കര്‍ഷകര്‍ തള്ളിയിരിക്കുന്നു. 2020ല്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പടച്ചുണ്ടാക്കിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സംഘടനകളുടെ നിലപാട്.
മൂന്നു കര്‍ഷകനിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഈ വര്‍ഷം പാര്‍ലിമെന്റില്‍ ചുട്ടെടുത്തത്. അതേ, ദോശ ചുടുന്ന ലാഘവത്തോടെയാണ് ആ നിയമങ്ങള്‍ ചുട്ടത്. രാജ്യസഭയില്‍ അംഗങ്ങള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും അതിനു വഴങ്ങാന്‍ കൂട്ടാക്കിയില്ല. ചട്ടപ്രകാരം പോലുമല്ല നിയമങ്ങള്‍ സഭ കടത്തിയത് എന്ന് തന്നെയാണല്ലോ ഇതില്‍നിന്നു മനസിലാകുന്നത്. അത് മാത്രമോ? കര്‍ഷക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ ‘ധൈര്യപ്പെട്ടു’. ഇത്രക്ക് തിടുക്കപ്പെട്ടും സാഹസപ്പെട്ടും നിയമം കൊണ്ടുവന്നത് കര്‍ഷക രക്ഷക്ക് വേണ്ടിയാണ് എന്ന് പറഞ്ഞാല്‍ ആരാണ് അത് മുഖവിലക്കെടുക്കുക? സ്വന്തം മുന്നണിയില്‍ ഉള്ളവരെപ്പോലും ബോധ്യപ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല എന്നോര്‍ക്കണം. അതുകൊണ്ടാണല്ലോ വിശ്വസ്ത പങ്കാളി ആയിരുന്ന ശിരോമണി അകാലി ദളിന് സഖ്യം ഉപേക്ഷിക്കേണ്ടി വന്നതും കേന്ദ്രമന്ത്രിസഭയിലെ പ്രാതിനിധ്യം വിട്ടെറിഞ്ഞതും.

എന്താണ് നിയമത്തിനു കുഴപ്പം?
ഒറ്റവാചകത്തില്‍ ഇങ്ങനെ ഉത്തരം പറയാം. മോദി സര്‍ക്കാരിന്റെ നിയമം രാജ്യത്തെ കര്‍ഷകരെ കാണുന്നതേയില്ല. പിന്നെ ആരെയാണ് കാണുന്നത്? സംശയമെന്ത്, കോര്‍പറേറ്റുകളെ തന്നെ. അപ്പോള്‍ ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതാണ് നിയമം എന്ന് പ്രധാനമന്ത്രി മുതലുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതോ? പറയാം.
ഇടനിലക്കാര്‍ എന്നത് ചൂഷകരോ ക്രിമിനലുകളോ കര്‍ഷകരുടെ ലാഭം തട്ടിപ്പറിക്കുന്നവരോ അല്ല. പിന്നെയോ? നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന, കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ ലൈസന്‍സുള്ള ആളുകളാണ്. അവര്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കുവോളം അവ കേടുകൂടാതെ സൂക്ഷിക്കുന്നു. ഇതിനു പ്രതിഫലമെന്നോണം ഇവര്‍ക്ക് വിലയുടെ നിശ്ചിതവിഹിതം കമ്മീഷനായി സര്‍ക്കാര്‍ നല്‍കും. അതിനെയാണ് ഇടനിലക്കാര്‍ എന്തോ തീവെട്ടിക്കൊള്ള നടത്തുന്നു എന്ന മട്ടില്‍ ബിജെപി കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്. മണ്ടികളിലെ (ചന്തകളിലെ) ഈ ഏജന്റുമാര്‍ക്ക് കമ്മീഷന്‍ നല്‍കുന്നത് സര്‍ക്കാരാണ് എന്നുമോര്‍ക്കണം. അപ്പോഴൊരു സംശയമുണ്ടാകാം. ഈ ഇടനിലക്കാര്‍ ഇല്ലാതാകുന്നതോടെ അവര്‍ക്ക് നല്‍കിവരുന്ന സംഖ്യ കൂടി കര്‍ഷകര്‍ക്ക് കിട്ടില്ലേ എന്ന്. കിട്ടില്ല എന്നാണ് ഉത്തരം. എന്തുകൊണ്ട്?
കര്‍ഷകര്‍ക്കും സര്‍ക്കാരിനുമിടയിലെ ഈ ഇടനില ഒരു നിയമാനുസൃത സംവിധാനമാണ്. അഥവാ സര്‍ക്കാരിന് വേണ്ടി പണിയെടുക്കുന്നവരാണ് ഈ ഇടനിലക്കാര്‍. കാര്‍ഷികവിളകള്‍ക്ക് വിലയിടിയുന്ന ഘട്ടത്തില്‍പോലും സര്‍ക്കാര്‍ നിശ്ചയിക്കുന്ന മിനിമം താങ്ങുവില നല്‍കി ഇവര്‍ കര്‍ഷകരില്‍ നിന്ന് ഉത്പന്നങ്ങള്‍ സ്വീകരിക്കും. പുതിയ നിയമം ഈ ഇടനില ഇല്ലാതാക്കുന്നു എന്നതിന്റെ നേരര്‍ഥം ഈ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുന്നു എന്നുതന്നെയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് പുതിയ വിള സംഭരണ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടില്ല എന്ന കാര്യം ചേര്‍ത്തുവായിച്ചാല്‍ തെളിമയുള്ള ചിത്രം കിട്ടും. കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ കൈയൊഴിയുകയാണ്. അപ്പോള്‍ പിന്നെ എന്താണ് ബദല്‍ മാര്‍ഗം. കച്ചവടക്കാരുമായി കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് ഇടപാട് നടത്താമെന്നാണ് കേന്ദ്രത്തിന്റെ മോഹനവാഗ്ദാനം. ഒരു സംസ്ഥാനത്തെ കാര്‍ഷികവിളകള്‍ മുഴുവന്‍ വാങ്ങിക്കൂട്ടാന്‍ ഇടത്തരം കച്ചവടക്കാര്‍ക്ക് കഴിയില്ലല്ലോ. പിന്നെ ആ സ്ഥാനം കൈയടക്കുന്നത് വന്‍കിടകളാകും. സര്‍ക്കാര്‍ നിയന്ത്രണമുള്ള മണ്ടികള്‍ ഇല്ലാതാവുകയും പകരം കോര്‍പറേറ്റുകള്‍ രംഗം കയ്യടക്കുകയും ചെയ്യുന്നതോടെ കര്‍ഷകര്‍ ഫലത്തില്‍ അടിമകളായി തീരും, വന്‍കിടകള്‍ക്ക് വേണ്ടി പണിയെടുക്കുന്ന കൂലികള്‍. അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിക്കപ്പെടും. നേരത്തെ ഉണ്ടായിരുന്ന സര്‍ക്കാര്‍ നിയന്ത്രിത മണ്ടികള്‍ ഇല്ലാതാകുന്നതിനൊപ്പം മിനിമം താങ്ങുവില സമ്പ്രദായവും ഇല്ലാതാകും. പിന്നീടങ്ങോട്ട് കാര്‍ഷികമേഖലയില്‍ സര്‍ക്കാര്‍ കാഴ്ചക്കാരന്റെ റോളിലാകും. അതും പിന്നിട്ടാല്‍ വന്‍കിടകളുടെ കാവല്‍ക്കാരാകും (ഇപ്പോള്‍ തന്നെ മറ്റു പല മേഖലകളിലും ആ നിലയായിട്ടുണ്ട്). ഈ ദുരന്തം മുന്നില്‍ കണ്ടാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ ഭരണകൂടത്തിന്റെ കണ്മുന്നില്‍ മഹാപ്രക്ഷോഭത്തിന്റെ ആരവവുമായി എത്തിയിരിക്കുന്നത്.
തങ്ങളുടെ ഭൂമിയില്‍ എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഇന്നേരം വരേയ്ക്കും കര്‍ഷകര്‍ക്കുണ്ട്. പുതിയ നിയമങ്ങള്‍ ആ നിര്‍ണയാധികാരം പോലും ഇല്ലാതാക്കിയേക്കും. കൊളളലാഭമാണ്, കൊള്ളലാഭം മാത്രമാണ് മുതലാളിത്തത്തിന്റെ മുദ്രാവാക്യം. അതുതന്നെ അവരുടെ വിശ്വാസവും പ്രമാണവും. ഏറ്റവും വേഗത്തില്‍ ഏറ്റവും ഉയര്‍ന്ന ലാഭം കിട്ടുന്ന വിളകള്‍ ഏതെന്നു അവര്‍ക്കറിയാം. അതുമാത്രമേ ഇനി തങ്ങള്‍ക്ക് വേണ്ടൂ എന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിച്ചാല്‍..? സര്‍ക്കാര്‍ പണി മതിയാക്കി കയറിപ്പോയ വിപണിയില്‍ വിസമ്മതം പറയാനാകാതെ കര്‍ഷകര്‍ കുഴങ്ങും. ഒടുവില്‍ അവര്‍ നിശ്ചയിക്കുന്ന വിളകള്‍ ഉത്പാദിപ്പിക്കാന്‍ മാത്രം വിധിക്കപ്പെട്ട അടിമകളും ആജ്ഞാനുവര്‍ത്തികളും ആയിത്തീരും കര്‍ഷകര്‍. ഇതൊന്നും വെറുതെ പറയുന്നതല്ല. കോര്‍പറേറ്റുകള്‍ കാര്യക്കാരായി മാറിയ എവിടെയും ഇതാണനുഭവം. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കിലോ? രണ്ടു കാര്യങ്ങള്‍ സംഭവിക്കും. ഒന്ന്, കര്‍ഷകരുടെ ജീവിതം മുട്ടിപ്പോകും. തരിശായിക്കിടക്കുന്ന ഭൂമിയിലേക്ക് കണ്ണും നട്ടിരുന്നാല്‍ ജീവിതം മുന്നോട്ടുപോകില്ലല്ലോ. ഉള്ള ഭൂമി വിറ്റുതുലച്ച് ഉപജീവനത്തിന് വേറെ വഴികള്‍ തിരയേണ്ടിവരും. കര്‍ഷകര്‍ കളം വിട്ടാല്‍ രാജ്യത്തിന്റെ അന്നം മുടങ്ങും. രാജ്യം പട്ടിണിയിലേക്ക് നീങ്ങും. സമ്പദ്വ്യവസ്ഥ തകരും. നമ്മുടെ അടുക്കളയില്‍ വേവിക്കാനുള്ളത് നമ്മള്‍ ഇറക്കുമതി ചെയ്യേണ്ടിവരും, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരും, സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും, കൂട്ട ആത്മഹത്യകള്‍ സംഭവിക്കും, പട്ടിണി മരണങ്ങള്‍ തുടര്‍ക്കഥയാകും.
ഇത്രയും വായിക്കുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ രണ്ടു ചോദ്യങ്ങള്‍ കിളിര്‍ക്കുന്നില്ലേ. ഏയ്, മുകളില്‍ പറഞ്ഞത് പോലെയൊക്കെ സംഭവിക്കുമോ എന്നതാണ് ഒന്നാമത്തെ ചോദ്യം. ഇങ്ങനെയൊക്കെ സംഭവിക്കും എന്നാണെങ്കില്‍ സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പടച്ചുണ്ടാക്കുമോ എന്നതാണ് രണ്ടാമത്തെ ചോദ്യം. അങ്ങനെ ചിന്തിപ്പിക്കാന്‍ കഴിയുന്നു എന്നത് ഫാഷിസത്തിന്റെയും കോര്‍പറേറ്റിസത്തിന്റെയും മിടുക്കാണ്. മുതലാളിത്തം അതിമോഹങ്ങളില്‍ അഭിരമിപ്പിക്കുന്നു; അതികഠിനമായ അവസ്ഥകളെയും ലഘൂകരിച്ചുകാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് ചിലതൊന്നും സ്വന്തം ജീവിതത്തില്‍ അനുഭവിക്കുവോളം, നമ്മുടെ വീട്ടില്‍ എത്തുവോളം നമുക്ക് ഉള്‍ക്കൊള്ളാനാകില്ല. അതുകൊണ്ട് നമ്മള്‍ എന്തുചെയ്യണം?
വരൂ, നമുക്ക് ഡല്‍ഹിയിലേക്ക് നോക്കാം, ആ തെരുവിലെ സമരം കാണാം, അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് ചെവിയോര്‍ക്കാം, ആ മനുഷ്യരോട് ചേര്‍ന്നുനില്‍ക്കാം. കാരണം അവര്‍ നമുക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. ഇന്ത്യയെ പട്ടിണിക്കിടാന്‍ ഞങ്ങള്‍ അനുവദിക്കില്ല എന്നതാണ് കര്‍ഷകസമരത്തിന്റെ ആകെത്തുക. മോഡി സര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ ഇന്ത്യയെ പട്ടിണിക്കും ദുരിതത്തിനും എറിഞ്ഞുകൊടുക്കും. അത് സംഭവിച്ചുകൂടാ. ഈ രാജ്യം കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ വിയര്‍പ്പാണ് രാജ്യത്തിന്റെ സുഗന്ധം. അവരുടെ അധ്വാനമാണ് നമ്മുടെ അന്നം. അവരുടെ സന്തോഷമാണ് ഇന്ത്യയുടെ ഉന്മേഷം. ഇന്ത്യക്ക് തിരിച്ചുവരാനുള്ള വഴിയാണ് ഡല്‍ഹി സമരം. ആ വഴിയിലെ കാവല്‍ക്കാരാണ് കര്‍ഷകര്‍. തസ്‌കരന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കൂടിയുള്ളതാണ് ആ ഐതിഹാസിക സമരം. രാഷ്ട്രീയപാര്‍ട്ടികള്‍ കൈയൊഴിഞ്ഞ തെരുവുകളിലേക്ക് ട്രാക്ടറിലും ലോറികളിലും സഞ്ചരിച്ചെത്തിയ ആ സമൂഹത്തെ, ഡിസംബറിലെ കൊടും തണുപ്പിലും വിറയ്ക്കാതെ നിലയുറപ്പിച്ച ആ കര്‍ഷകസൈന്യത്തെ അഭിവാദ്യം ചെയ്യുക. അവര്‍ക്കൊപ്പമായിരിക്കുക, ചിന്ത കൊണ്ടും പ്രവൃത്തി കൊണ്ടും. ഇത് ഇന്ത്യക്ക് ജയിക്കാനുള്ള സമരമാണ്, ഭരണകൂടത്തിന് തോല്‍ക്കാനുള്ളതും.
അധികാരം വലിയൊരു ബിസിനസാണ്. മോഹലാഭം ലഭിക്കുന്ന ഒന്ന്. ലാഭം കിട്ടുന്ന ഏത് കച്ചവടത്തിലും കോര്‍പറേറ്റുകള്‍ക്ക് താല്പര്യമുണ്ടാകും. ആ താല്പര്യമാണ് ഇടിത്തീയായി കര്‍ഷകരുടെമേല്‍ വന്നുപതിച്ചിരിക്കുന്നത്. അതിനു സമ്മതം മൂളുകയെന്നാല്‍ അന്നദാതാക്കളെ ഒറ്റുകൊടുക്കുക എന്നാണര്‍ഥം. ഊട്ടുന്ന കൈക്ക് കടിക്കുന്നതിനോളം നന്ദികേട് മറ്റെന്തുണ്ട്?

Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *