പ്രവാസം തന്നെ വലിയ രാഷ്ട്രീയ പ്രവര്‍ത്തനം

Reading Time: 5 minutes

ജോലി തേടിയുള്ള മലയാളിയുടെ പോക്കിന് വലിയ പഴക്കമുണ്ട്. നമ്മള്‍ പറയുന്നതുപോലെ ഇരുപതാം നൂറ്റാണ്ടില്‍ ആരംഭിച്ച ഒന്നല്ല അത്. ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതില്‍, പല വികസനങ്ങളും വരുന്നതിനു പിന്നില്‍ പ്രവാസത്തിന്റെ അദൃശ്യമായ സാന്നിധ്യമുണ്ട്. ജനപ്പെരുപ്പം കൂടിയ പ്രദേശം ആയതുകൊണ്ടുതന്നെ തൊഴില്‍ തേടിയുള്ള യാത്രകള്‍ക്കും കേരളത്തില്‍ നിന്ന് സാധ്യതയേറെയായിരുന്നു. ഇന്ന് ലോകത്തെവിടെ പോയാലും മലയാളിയുണ്ട്. അന്റാര്‍ട്ടിക്കയില്‍ പോയാലും ഒരു മലയാളിയുണ്ട് എന്ന് നമ്മള്‍ പറയാറുണ്ടല്ലോ. ഗള്‍ഫില്‍ തന്നെയും ഏറ്റവും ഇടുങ്ങിയ ഉള്‍ഗ്രാമങ്ങളില്‍ പോലും മലയാളിയുണ്ട്.
പ്രവാസി എന്ന് വിളിക്കുന്നത് ശരിയാണോ എന്ന തര്‍ക്കം നമ്മുടെ ഭാഷയില്‍ നടക്കുന്നുണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ നാടുവിടേണ്ടിവന്നവരെയാണ് പ്രവാസി എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. അങ്ങനെയല്ല മലയാളികള്‍ വിദേശത്തേക്ക് പോയത്. അങ്ങനെ ഉണ്ടായിട്ടുണ്ട്. അങ്ങനെ പോയവരില്‍ പലരും തിരിച്ചുവരികയും ചെയ്തു. തൊഴില്‍തേടി പോകുന്നതിന് പ്രവാസം എന്ന് വിളിക്കണോ എന്നത് ഒരു ചോദ്യമാണ്. കാരണം മലയാളിക്ക് തിരിച്ചുവരാന്‍ ഒരു സ്ഥലമുണ്ട്, കുടുംബമുണ്ട്. എങ്കിലും ഇത്തരമൊരു ചര്‍ച്ചയില്‍ താത്കാലികമായി പ്രവാസം എന്നുതന്നെ നമ്മള്‍ ഉപയോഗിക്കുന്നു.
പറഞ്ഞ് വരുന്നത് ഒരു വര്‍ഗമെന്ന നിലയില്‍ ഒരുകാലത്തും പ്രവാസികള്‍ പരിഗണിക്കപ്പെട്ടിട്ടില്ല. അങ്ങനെയൊരു വര്‍ഗീകരണത്തിന് അവര്‍ ഒരുകാലത്തും അര്‍ഹരായിട്ടുമില്ല. കാരണം പ്രവാസി എന്ന് വിളിക്കപ്പെടുന്നവരുടെ ഇത്രയും കാലത്തെ ചരിത്രമെടുത്താല്‍ അവര്‍ വോട്ടര്‍മാരായിരുന്നില്ല. ഇപ്പോള്‍ പ്രവാസികള്‍ക്ക് വോട്ട് എന്നുപറയുന്നത് പോലും തിരഞ്ഞെടുപ്പ് സമയത്ത് നാട്ടിലുള്ളവര്‍ക്കാണ്. അതുകൊണ്ട് അവരെ രാഷ്ട്രീയശക്തി എന്ന നിലയില്‍ പരിഗണിക്കേണ്ട കാര്യമില്ല എന്നാണ് കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സാമുദായിക സംഘടനകളെല്ലാം എല്ലാകാലത്തും കരുതിപ്പോന്നത്.
അതേ സമയം തിരിച്ചു ചോദിക്കാനുള്ള മറ്റൊരു പ്രധാന ചോദ്യം, പ്രവാസികള്‍ക്ക് എന്നെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനിഫെസ്റ്റോ കേരളത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറ്റിയിട്ടുണ്ടോ എന്നുള്ളതാണ്. കേരളത്തിലുള്ള മാതൃസംഘടനയുടെ പോഷകപ്രവര്‍ത്തനം മാത്രമാണ് പ്രവാസിസംഘടനകള്‍ പലതും നടത്തുന്നത്. അവര്‍ ഒരിക്കലും അവരുടെ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കണം എന്ന് പറയുന്ന ഒരു മാനിഫെസ്റ്റോ ഒരിക്കലും വെച്ചിട്ടില്ല. അതേസമയം അവര്‍ നാട്ടിലുള്ള മാതൃസംഘടനക്ക് പലതരത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നുമുണ്ട്. ഗള്‍ഫുകാര്‍ അങ്ങനെ പറയില്ല എന്ന് ഉറച്ച ബോധ്യത്തിലാണ് കേരളത്തിലെ പാര്‍ട്ടികള്‍ അവരെ കൈകാര്യം ചെയ്തത്.
പലതരത്തില്‍ പ്രവാസികള്‍ നമ്മള്‍ സഹായിക്കുന്നുണ്ട്. ചാനല്‍, സ്ഥാപനങ്ങള്‍, പാര്‍ട്ടികള്‍, ആതുരസേവനം.. പക്ഷേ പ്രവാസികളെ നാം എങ്ങനെയാണ് പരിഗണിച്ചത്? കോവിഡ് കാലത്ത് എങ്ങനെയാണ് നമ്മളവരെ സ്വീകരിച്ചത്? സാധാരണ വായ്പകള്‍ പോലും ലഭിക്കാന്‍ പ്രയാസം നേരിടുന്നവരാണ് പ്രവാസികള്‍ എന്നാണ് എന്റെ പത്രപ്രവര്‍ത്തന കാലത്തെ അനുഭവം.
അറുപതുകളിലും എഴുപതുകളിലും ദുബായ് കത്ത് പാട്ടുകള്‍ ആഞ്ഞുവീശിയിരുന്ന കാലത്ത് അവിടെ പോയി താഴേത്തട്ടുകളില്‍ ജോലി ചെയ്ത പ്രവാസികളാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയതെങ്കില്‍ പോലും അവര്‍ അവരുടെ പ്രശ്‌നങ്ങള്‍ പറയുന്നതില്‍ വിമുഖരായി പോയി. അവരെ നോക്കുന്നതില്‍ നമ്മുടെ സംഘടനകളും ശ്രദ്ധിച്ചില്ല. സമൂഹത്തിലുള്ള വിവിധ സാമ്പത്തിക വര്‍ഗങ്ങളെ വിവിധ വര്‍ണങ്ങള്‍ വെച്ചുകൊണ്ടു നാം വര്‍ഗീകരിക്കുന്നതു പോലെ, ഗള്‍ഫിലെ പ്രവാസിസമൂഹവും വിവിധ സാമ്പത്തിക വര്‍ഗീകരണങ്ങള്‍ക്ക് അര്‍ഹരാണ്. അത് 400 റിയാലിന് ജോലിചെയ്യുന്നവര്‍ മുതല്‍ തുടങ്ങുന്നു. കേരളത്തില്‍ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളില്‍ എന്തുമാത്രം പ്രാതിനിധ്യകുറവുണ്ടോ അതേ കുറവ് ഗള്‍ഫിലെ അടിത്തട്ട് പ്രവാസികളും അഥവാ തൊഴിലാളികളും അനുഭവിക്കുന്നു. അവരുടെ ശബ്ദം എങ്ങനെ കേള്‍ക്കും എന്നത് ഇപ്പോഴും ഒരു പ്രധാന പ്രശ്‌നമാണ്. പ്രവാസിയുടെ ശബ്ദം എന്ന രീതിയില്‍ നാം കേള്‍ക്കുന്നത് ഇടത്തരം പ്രവാസികളുടേതാണ്. ഗള്‍ഫ് കുടിയേറ്റത്തിന്റെ 65 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഈ അടിത്തട്ടില്‍ കിടക്കുന്ന മനുഷ്യരുടെ ശബ്ദം നമ്മള്‍ കേട്ടിട്ടേയില്ല എന്നതാണ് സത്യം. അവരുടെ ശബ്ദം നമ്മള്‍ കേള്‍ക്കാന്‍ ശ്രമിച്ചോ എന്നത് നമ്മുടെ സാമൂഹ്യപഠനം തന്നെ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഗള്‍ഫിലെ പല സംഘടനകളും നിയന്ത്രിക്കുന്ന മിഡില്‍ക്ലാസ് പ്രവാസികള്‍ക്ക് പോലും അവരുടെ പ്രശ്‌നങ്ങള്‍ കേരളസമൂഹത്തിനു മുമ്പില്‍ വെക്കാനായിട്ടില്ല. എനിക്കുതന്നെ നേരിട്ടുള്ള ഒരനുഭവം, 35 വര്‍ഷം പ്രവാസിയായ ഒരാള്‍ നാട്ടിലെത്തിയ നേരം സൗജന്യമായി വീടുവച്ചു നല്‍കുന്ന ഒരു സംഘടനയുടെ പദ്ധതിയില്‍ ചേര്‍ന്നാണ് വീട് ലഭിക്കുന്നത്. സ്വന്തമായി വീടില്ലാതെയാണ് മടങ്ങിവരുന്നത് എന്നറിഞ്ഞു കേരളത്തിലെ ഒരു സംഘടന വീടില്ലാത്തവര്‍ക്ക് വീട് വെച്ച് കൊടുക്കുന്ന കൂട്ടത്തില്‍ ഉള്‍പ്പെടുത്തി വീട് നല്‍കുകയായിരുന്നു. അയാളെയാണ് നമ്മള്‍ പ്രവാസി എന്ന് വിളിക്കുന്നത്. മലയാളിയുടെ പൊതുബോധത്തിലുള്ള ഗള്‍ഫുകാരന്‍ ആരാണ്? സമ്പന്നരായ ഗള്‍ഫ് മലയാളികളെ വെച്ചുള്ള പൊതുമാനദണ്ഡത്തിനകത്ത് നില്‍ക്കുന്നതല്ല ഗള്‍ഫുകാരന്‍ എന്നുള്ളത്.
35 വര്‍ഷം മുമ്പ് അബുദാബിയിലുള്ള ഒരു എഴുത്തുകാരന്‍ ‘കോയയുടെ ചെറിയ വസ്തുക്കള്‍’ എന്നൊരു കഥയെഴുതി. അറബിയില്‍ ആയിരുന്നു കഥ. ഒരു ഓഫീസില്‍ ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്യുന്ന അറബിയുടെ സഹായിയായി ജോലി ചെയ്യുന്ന കോയ എന്ന മലയാളിയെ കുറിച്ചാണത്. ആ കഥ എഴുതുന്നത് ഒരു അറബിയാണ്. കോയ അവധിക്ക് നാട്ടില്‍ വരുന്നു. ലീവിന് ശേഷം തിരിച്ചു പോകുമ്പോള്‍ അയാളുടെ ഭാര്യ ഗര്‍ഭിണിയാണ്. കോയ ഗള്‍ഫിലെത്തി അധികംവൈകാതെ ഭാര്യ പ്രസവിച്ചു. ആ കുഞ്ഞിന് അബുദാബിയില്‍നിന്ന് വസ്ത്രം വാങ്ങി കൊടുക്കണം എന്നയാള്‍ ആഗ്രഹിക്കുന്നു. കൈയിലാണെങ്കില്‍ പണമില്ല. മുതലാളിയായ അറബിയുടെ സഹായം ആവശ്യപ്പെടുകയും അയാളുടെ സഹായത്തോടെ ഡ്രസ് വാങ്ങുകയും ചെയ്തു. പോസ്റ്റോഫീസ് വഴി അത് നാട്ടിലേക്കയക്കാന്‍ എട്ട് ദിര്‍ഹമായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ആ ക്യാഷും അയാളുടെ കൈയിലില്ലായിരുന്നു. പരിചയക്കാരില്‍ പലരോടും ചോദിച്ചു. ആര്‍ക്കും അയാളെ സഹായിക്കാന്‍ കഴിയുന്നില്ല. ഒടുവില്‍ തന്റെ കുഞ്ഞിന് വാങ്ങിച്ച ഡ്രസ് തന്റെ വീട്ടില്‍ എത്തിക്കാന്‍ കഴിയില്ല എന്നറിഞ്ഞ് അബുദാബിയിലെ തെരുവിലിരുന്ന് കരയുന്ന ആ മലയാളിയുടെ രംഗത്തോടെയാണ് കഥ അവസാനിക്കുന്നത്. അത് മലയാളി വായിച്ചിട്ടില്ലാത്ത ഒരു കഥയാണ്. ആ അറബ് എഴുത്തുകാരന്‍ മലയാളി പ്രവാസിയോട് കാണിച്ച സാമൂഹ്യപരമായ നോട്ടം പോലും മലയാളിക്ക് നോക്കാനായിട്ടില്ല. അതുകൊണ്ട് ഗള്‍ഫുകാരന്‍ എല്ലാകാലത്തും നമുക്ക് ഒരു കഥയാണ്. ദരിദ്രനായി വിമാനം കയറി അല്ലെങ്കില്‍ കപ്പല്‍ കയറി അലാവുദ്ദീന്റെ അദ്ഭുതവിളക്കുമായി തിരിച്ചുവരുന്ന ഒരാള്‍.

പ്രവാസം, പ്രമേയം
മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ എഴുത്തുകളില്‍ പോലും പ്രവാസത്തിന്റെ എലമെന്റുകള്‍ കാണാനാകും. ഇവരെല്ലാവരും ഏതെങ്കിലും തരത്തില്‍ പുറത്തേക്കു പോയ മലയാളികളെ റിലേറ്റ് ചെയ്ത് എഴുതിയിട്ടുള്ളവരാണ്. എം.ടി വാസുദേവന്‍ നായരുടെ അച്ഛന്‍ ശ്രീലങ്ക (സിലോണ്‍)യില്‍ ജോലിക്ക് പോയ ഒരാളാണ്. ആ കണക്ഷന്‍ വെച്ചുകൊണ്ടു തന്നെ എം.ടി രണ്ടു കഥകള്‍ എഴുതിയിട്ടുണ്ട്. അതുപോലെ കേരളത്തിന് പുറത്തേക്ക് പോയ മലയാളിയുടെ ഞരമ്പ് എല്ലാ എഴുത്തുകളിലും ഉണ്ട്. വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്‍ ആസാമിലേക്ക് പണിക്കുപോയ മലയാളിക്കാലമാണ് അവതരിപ്പിക്കുന്നത്. ഇന്ന് ആസാമികള്‍ തിരിച്ചു കേരളത്തിലേക്ക് വരികയാണ് എന്നതുമുണ്ട്. യു.എ കാദറിന്റെ ഉമ്മ ബര്‍മക്കാരിയും ഉപ്പ മലയാളിയുമാണ്. അദ്ദേഹം അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഇന്ദുലേഖയിലെ മാധവന്‍ എന്ന കഥാപാത്രം മൃഗശാലയില്‍ നിന്നും പുറത്തേക്ക് ചാടുന്ന ഒരു മൃഗത്തെ വെടിവെക്കുന്ന രംഗമുണ്ട്. കല്‍ക്കട്ടയിലാണ് കഥ നടക്കുന്നത്. കുമാരനാശാനും കല്‍ക്കട്ടയിലായിരുന്ന സമയത്ത് അദ്ദേഹം നാട്ടിലേക്ക് എഴുതിയ ശ്ലോക രൂപത്തിലുള്ള എഴുത്തുകള്‍ ഉണ്ട്. അതിന് കുമാരനാശാന്‍ കൊടുത്ത തലക്കെട്ട് ‘പ്രവാസികാലത്ത് നാട്ടിലേക്ക് അയച്ച കത്തുകള്‍’ എന്നാണ്. അറബി മലയാള സാഹിത്യമെടുത്താലും കേരളത്തിന് പുറത്തേക്കുള്ള നമ്മുടെ ബന്ധങ്ങളുടെ അംശങ്ങള്‍ പലതും കാണാം. ചാര്‍ദര്‍വേശ് എന്ന നോവല്‍ എടുത്താലും അങ്ങനെയുണ്ട്. പ്രവാസമെന്ന അവസ്ഥ എല്ലാ വലിയ എഴുത്തുകളിലും സംഭവിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് ഗള്‍ഫിനെ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ നോവലുകള്‍ ഉണ്ടായി. അതില്‍ ആടുജീവിതം പോലൊരു നോവല്‍ വലിയ ശ്രദ്ധനേടി. ചങ്ങമ്പുഴയുടെ രമണന്‍ വിറ്റതിലും ഇരട്ടി വില്‍ക്കപ്പെട്ടു. അങ്ങനെയാണ് മലയാളത്തിലെ മുഖ്യധാരാ വായനാസമൂഹം ഗള്‍ഫില്‍ എന്തു സംഭവിക്കുന്നു എന്ന് അന്വേഷിച്ചു തുടങ്ങിയത്. കുറെമുമ്പ് തന്നെ സുബൈദ എന്ന പേരില്‍ എഴുതിയ അബൂബക്കര്‍ എന്ന എഴുത്തുകാരന്‍, എണ്‍പതുകളില്‍ യുഎഇയില്‍ പോയി ജോലി രേഖകളില്ലാതെ ജയിലില്‍ കിടക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ അതൊന്നും നമ്മുടെ മുഖ്യധാരാ സമൂഹം ചര്‍ച്ചക്കെടുത്തിട്ടില്ല. അതുപോലെ തന്നെ മരുഭൂമിയുടെ ഉള്‍ഗ്രാമങ്ങളില്‍ പോയി ജോലി ചെയ്തിരുന്ന ഒരു ഡോക്ടറുടെ ആത്മകഥയൊക്കെ വന്നിട്ടുണ്ട്. ടി വി കൊച്ചുബാവ ‘ഇറച്ചി’ എന്ന കഥ എഴുതിയിട്ടുണ്ട്. അത് ശരിക്കും ഗള്‍ഫിലെ കഥയാണ്. ഈ എഴുതിയതെല്ലാം ആരാണ് വായിച്ചത്? പ്രവാസികള്‍ ഇത് വായിച്ചോ? ഇത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ എന്ന അതിമഹത്തായ ഒരു പുസ്തകം എത്ര ഗള്‍ഫുകാര്‍ വായിച്ചിട്ടുണ്ട്? ഗള്‍ഫുകാര്‍, അത് ഞങ്ങള്‍ക്ക് അറിയാവുന്ന കഥയല്ലേ, അതെന്തിനാണ് ഞങ്ങള്‍ വായിക്കുന്നത് എന്ന സമീപനമാണ് സ്വീകരിക്കുന്നത്. മലയാളത്തിലെ മുഖ്യധാരാ വായനക്കാര്‍ എടുത്ത സമീപനം അതിലേറെ രസകരമാണ്. ഇത് ഗള്‍ഫിനെക്കുറിച്ചുള്ള കഥയല്ലേ അത് ഞങ്ങളെന്തിനു വായിക്കണം! ആടുജീവിതത്തിനു ശേഷം അതിനെ പകര്‍ത്താനുള്ള ശ്രമമാണ് അധികവും നടന്നത്. ‘വീണ്ടും ആടുജീവിതം’ എന്ന നോവല്‍ ഈയടുത്തു വന്നിട്ടുണ്ടല്ലോ. അങ്ങനെയല്ലാതെ വന്ന ഒരു നോവലാണ് ദീപക്ക് ഉണ്ണികൃഷ്ണന്‍ എഴുതിയ ടെമ്പററി പീപ്പിള്‍ എന്നത്. അത് ഇംഗ്ലീഷിലാണ് എഴുതപ്പെട്ടത്. ഗള്‍ഫ് മലയാളിയുടെ വിശേഷപ്പെട്ട മുഹൂര്‍ത്തങ്ങള്‍ പകര്‍ന്നുനല്‍കുന്ന നോവലാണ് ദീപക് ഉണ്ണികൃഷ്ണന്റേത്. പക്ഷേ അതിന്റെ ഒരു മലയാളപരിഭാഷ അഞ്ചു വര്‍ഷമായിട്ടും ഉണ്ടായിട്ടില്ല.

വിസിബിലിറ്റി
ടെക്‌നോളജി വികസിച്ച കാലത്ത് പ്രവാസികള്‍ കുറേക്കൂടി വിസിബിള്‍ ആയി എന്ന് നാം പറയുമ്പോള്‍ പോലും അടിത്തട്ട് പ്രവാസിയുടെ വിസിബിലിറ്റിയായി അത് മാറുന്നില്ല. ഷാര്‍ജ റോളയില്‍ 600 ദിര്‍ഹംസിന് ജോലിചെയ്യുന്ന മലയാളിയുടെ ദൃശ്യങ്ങള്‍ നിങ്ങള്‍ കാണുന്നുണ്ടാവാം. വിസിബിലിറ്റി എന്ന് നാം പറയുന്നത് എന്നെയും നിങ്ങളെയും ഉള്‍ക്കൊള്ളുന്ന മധ്യവര്‍ഗത്തിന്റെ വിസിബിലിറ്റിയാണ്. അതിനു താഴേക്ക് വിസിബിലിറ്റി കടന്നു ചെന്നിട്ടില്ല. ടെക്‌നോളജി അതൊട്ട് ആഗ്രഹിക്കുന്നുമില്ല. അതോടൊപ്പം കുടിയേറ്റം എന്നത് മനുഷ്യ വിഭവങ്ങളുടെ നഷ്ടമായി മാത്രം വിലയിരുത്തേണ്ടതില്ല. നമ്മളാരും കുടിയേറിയില്ല എന്ന് വിചാരിക്കുക, എന്താകുമായിരുന്നു കേരളം. എഴുപതുകള്‍ക്ക് ശേഷമുള്ള ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും കേരളത്തില്‍ എന്തുതരം മാറ്റങ്ങള്‍ വന്നു? ആ മാറ്റങ്ങള്‍ക്ക് പുറകിലാരായിരുന്നു? കേരളത്തില്‍ വന്ന ഏറ്റവും വലിയ മാറ്റം ഭൂപരിഷ്‌കരണമാണെന്ന് ഒരു മുഖ്യധാരാ ചരിത്രം പറയുന്നുണ്ട്. അത് ശരിയാവാം. പക്ഷേ അതിനേക്കാളെല്ലാം കേരളത്തെ വളര്‍ത്തിയത് പുറത്തുപോയ പ്രവാസികളാണ്. അതു പലപ്പോഴും അലസമായി ജീവിതക്രമത്തിലേക്ക് മലയാളികളെ തള്ളി വിട്ടിട്ടുണ്ട് എന്നതും പറയാതിരുന്നു കൂടാ. ഒന്നും രണ്ടും ലോക മഹായുദ്ധകാലത്ത് ലോകം ദാരിദ്ര്യത്തില്‍ വേവുമ്പോള്‍ മലയാളി എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത് എന്ന്‌ചോദിച്ചാല്‍ എഴുപതികളില്‍ നടന്നത് തന്നെയാണ് ഉത്തരം – പണിയെടുക്കാന്‍ പുറത്തു പോവുക, അതു മാത്രമായിരുന്നു പോംവഴി. എവിടേക്കാണ് മലയാളി പോയത് എന്നുകൂടി ആലോചിക്കണം. ഇത്രയധികം പുഴകളും പച്ചപ്പും കൃഷിയും ഒക്കെയുള്ളയിടത്തുനിന്ന് അങ്ങേയറ്റം നരച്ച സ്ഥലത്തേക്കാണ് പോകുന്നത്. ആദ്യകാലങ്ങളിലെ മരുഭൂകാഴ്ചകള്‍ ഏറെ ദയനീയമാണ്. കുബ്ബൂസ് വെള്ളത്തില്‍ നനച്ച് തിന്ന രണ്ടോ മൂന്നോ തലമുറകള്‍ക്ക് ശേഷമാണ് നമ്മളിന്ന് പറയുന്ന സുഭിക്ഷതയിലേക്ക് വന്നത്. അതുകൊണ്ട് മലയാളിയുടെ അക്കാലത്തെ തീരുമാനവും യാത്രയും ഒരുനിലക്കും പാഴായിപോയില്ല എന്ന് ഇന്നത്തെ കേരളത്തിലിരുന്ന് നമുക്ക് പറയാം. അതിന്റെ പേരില്‍ നമുക്ക് ഒരുപാട് രാഷ്ട്രീയ നേതാക്കളെ നഷ്ടപ്പെട്ടിട്ടുണ്ടാകാം. എഴുത്തുകാരെ നഷ്ട്ടപ്പെട്ടിരിക്കാം. പക്ഷേ ഒരുപാട് വയറുകള്‍ പട്ടിണി കിടക്കാതെ രക്ഷപ്പെടുന്നത് തന്നെയാണ് ഏറ്റവും വലിയ സാഹിത്യ- രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
പ്രവാസികളടക്കമുള്ളവരോടുള്ള നമ്മുടെ കുടിയേറ്റ നയം സമഗ്രമല്ല. ജോലി ചെയ്യുന്ന സ്ഥാപനവും കാലവുമെല്ലാം ഓരോര്‍ത്തരുടെയും മനസിലുണ്ട് എന്നല്ലാതെ എവിടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ സീലല്ലാതെ എംപ്ലോയ്‌മെന്റുമായി ബന്ധപ്പെട്ട ഒന്നും തന്നെ രേഖപ്പെടുത്തുന്നില്ല. ഇപ്പോള്‍ ഉണ്ട് എന്ന് പറയപ്പെടുന്നു. ജോലിയും വേതനവും യാത്രയും പീഡനവുമെല്ലാം പോയവന്റെ മാത്രം വിധി എന്നതാണ് നമ്മുടെ കുടിയേറ്റ നയം. മറ്റു രാജ്യങ്ങളില്‍ ഇങ്ങനെയല്ല. കൃത്യമായി നടപടികള്‍ എംബസികളില്‍ നിന്ന് തന്നെയുണ്ടാകുന്നു. ഇത് ഇന്ത്യന്‍ എംബസികളില്‍ സംഭവിക്കുന്നില്ല. ഇത് നമ്മുടെ കുടിയേറ്റ നയത്തിന്റെ സ്വഭാവത്തെയാണ് കാണിക്കുന്നത്. കുടിയേറ്റക്കാരന് / കുടിയേറ്റക്കാരിക്ക് ഒരു പ്രശ്‌നം ഉണ്ടായാല്‍ എങ്ങനെ പരിഹരിച്ചു കൊടുക്കണമെന്ന ഒരു കുടിയേറ്റ നയം ഇതുവരെ നമ്മുടെ നാടിന് ഇല്ല.

മലയാളിയുടെ പ്രവാസ ഭാവി
പ്രവാസത്തിന്റെ ഭാവി സങ്കീര്‍ണമായ ചോദ്യമാണ്. നമ്മളിന്നുപറയുന്ന ന്യൂ നോര്‍മല്‍ പോലും എങ്ങനെയായിരിക്കും എന്ന് വ്യക്തമല്ല. എട്ടു മാസത്തിലേറെയായി നമ്മള്‍ ആ അന്ധകാരത്തില്‍ തപ്പുകയാണ്. ലോകത്തിലെ ഒരു വലിയ എഴുത്തുകാരന്‍ പറഞ്ഞത് അമ്മയുടെ ഗര്‍ഭപാത്രത്തിലെ ഇരുട്ടും ഖബറിലെ ഇരുട്ടും ചേര്‍ന്നൊരു കൂരിരുട്ടിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത് എന്നാണ്. എനിക്ക് തോന്നുന്നത് ലോകം മുഴുവനായും അടിസ്ഥാനപരമായ ഒരു ന്യൂ നോര്‍മലിലേക്ക് തിരിച്ചു പോയേ പറ്റൂ എന്നുള്ളതാണ്. അതു സംഭവിക്കും. മനുഷ്യാവസ്ഥ പ്രത്യേകിച്ചും, പ്രവാസം പലതരം പ്രതിസന്ധികളെ കടന്നുപോയിട്ടുണ്ട്. ഇറാഖ് യുദ്ധം മുതല്‍ തുടങ്ങുന്നുവത്. ഗള്‍ഫ്, ജിയോപൊളിറ്റിക്കലി താരതമ്യേന സുരക്ഷിതമെന്ന് പറയുമ്പോഴും ചുറ്റും യുദ്ധമേഖലയായിട്ട് കുറേക്കാലമായി. അറബ് പരിസരത്ത് എവിടെ യുദ്ധം ഉണ്ടായാലും അത് എല്ലാ അറബ് രാഷ്ട്രങ്ങളെയും ബാധിക്കും. സ്വാഭാവികമായി അതു മലയാളിയെയും ബാധിക്കും. ബാഗ്ദാദില്‍ ഒരു സെല്ലു പൊട്ടിയാല്‍ അത് കൊണ്ടോട്ടി അങ്ങാടിയില്‍ പ്രതിഫലിക്കുമെന്ന് നമ്മള്‍ പറയാറുണ്ടല്ലോ. കോവിഡ് കാലം എപ്പോള്‍ കഴിയും എന്നത് ഈ നിമിഷത്തിലും പറയാനാവില്ല. ഡാന്റെയുടെ ഡിവൈന്‍ കോമഡി എന്ന പ്രസിദ്ധമായൊരു കവിതയുണ്ട്. ആ കവിതയില്‍ രണ്ടു കഥാപാത്രങ്ങള്‍ നരകത്തിലേക്ക് പോകുന്നുണ്ട്. നരകം കണ്ടു ഭയന്നുവിറച്ച് ആശ്വാസം തേടി സ്വര്‍ഗത്തിലെ പടവുകള്‍ കയറുമ്പോള്‍ ആകാശത്തേക്ക് നോക്കുന്നു. അന്നേരം നക്ഷത്രങ്ങളെ കണ്ടു. ഈയൊരു അവസ്ഥയിലാണ് ഇന്നു നമ്മള്‍. നമ്മള്‍ നക്ഷത്രങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു. ഗള്‍ഫ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പല തരത്തിലുള്ള തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൂര്‍ണമായും നിലവിലുള്ള അവസ്ഥയില്‍ നിന്ന് നമ്മള്‍ മോചിതരാവില്ല. പലതരം പരിക്കുകളോടെ മനുഷ്യാവസ്ഥ മുന്‍പോട്ടു പോകും. അങ്ങനെ വരുന്ന സമയത്ത് കൃഷി പോലെ അടിസ്ഥാന തലത്തിലേക്ക് ഗള്‍ഫും മാറും. അവിടെ മലയാളികള്‍ക്ക് അതിജീവിതം സാധ്യമാണോ എന്നതിലാണ് കാര്യം. മലയാളി സ്വയം പുനര്‍നിര്‍വചിക്കേണ്ട ഇടക്കാലമാണിത്. ഉപഭോഗ ശീലങ്ങളിലും ജീവിതക്രമത്തിലുമൊക്കെ ആ റീഡിഫൈനിംഗ് വേണ്ടിവരും. ഗള്‍ഫുകാരന്‍ മാത്രമല്ല, ലോകത്തെല്ലായിടത്തുമുള്ള മലയാളികളെ കോവിഡ് അത്തരമൊരു വിചാരണ പീഠത്തിലേക്ക് എത്തിച്ചിരിക്കുന്നു.

ബുഖാരി നോളജ് ഫെസ്റ്റില്‍ നടന്ന സംഭാഷണത്തില്‍ നിന്ന്. എഴുത്ത്: ജാബിര്‍ എം കാരേപറമ്പ്‌

Share this article

About വി. മുസഫര്‍ അഹ്മദ്

View all posts by വി. മുസഫര്‍ അഹ്മദ് →

Leave a Reply

Your email address will not be published. Required fields are marked *