സംഘടനാശാസ്ത്ര കോണ്‍ഗ്രസ്

Reading Time: 2 minutes

ആലോചനാ ശേഷിയോടെ ചിന്തകള്‍ പങ്കുവെക്കാന്‍ ഇടമൊരുങ്ങുകയും അതിന് ചരട് നല്‍കാന്‍ ആളുണ്ടാവുകയും അവ പിന്നെയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോഴാണ് ആശയങ്ങള്‍ക്ക് മൂര്‍ത്തത കൈവരിക. മനസില്‍ ഉദിക്കുന്ന ഏതൊരു ആശയത്തെയും ഇങ്ങനെ വിവിധ പ്രക്രിയകളിലൂടെ രൂപപ്പെടുത്തിയെടുക്കാന്‍ കെല്‍പുള്ള സമൂഹത്തിന്റെ ആവിഷ്‌കാരങ്ങള്‍ക്ക് പുതുമയും സ്വീകാര്യതയും ലഭിക്കും. പുതുകാല ഇസ്‌ലാമിക പ്രബോധന രംഗത്തിന് ഉപയുക്തമാകും വിധം ഇങ്ങനെ ഒരു ചിന്തോത്പാദന പദ്ധതിയുടെ വേദിയാണ് രിസാല സ്റ്റഡി സര്‍ക്കിള്‍ ആസൂത്രണം ചെയ്യുന്ന സംഘടനാശാസ്ത്ര കോണ്‍ഗ്രസ്. ഉയര്‍ന്നതും ഗൗരവതരത്തിലുള്ളതുമായ സംഘടനാ ആലോചനകള്‍ക്ക് വേദിയൊരുക്കുക എന്നതാണ് അടിസ്ഥാന ഉദ്ദേശ്യം. ഒപ്പം ചിന്തകര്‍ എന്ന പരികല്പനയില്‍ പലരും പ്രതിഷ്ഠിക്കപ്പെട്ടവര്‍ക്ക് ശരീരത്തിന്റെ ആകാരത്തിലും പ്രയോഗത്തിന്റെ മൂര്‍ച്ചയിലും ചേഷ്ടകളുടെ വിന്യാസത്തിലും വേഷത്തിലും സ്ഥാനത്തിലും ഒക്കെ വക വെച്ച് കൊടുത്ത ചില ആടകളെ പൊളിക്കുക എന്നതും കാണുന്നു. ഓരോ സാധാരണ വ്യക്തിയും അനന്യമാണ് എന്ന സങ്കല്പത്തില്‍ അവരുടെ ചിന്തകളെ കൂടി ഈ വഴിയില്‍ സമാഹരിക്കപ്പെടണമെന്ന് ഈ പദ്ധതിക്ക് ശാഠ്യമുണ്ട്. സമഗ്രവും സര്‍വതല സ്പര്‍ശിയുമായ കാഴ്ചപ്പാടും ചിന്താപദ്ധതിയും രൂപപ്പെടേണ്ടതുണ്ട് എന്ന വിശാല ലക്ഷ്യം മുന്നില്‍ വെക്കുമ്പോഴും പ്രവാസ യുവതയുടെ ബഹുമുഖ വളര്‍ച്ചയും പരിശീലനവും എന്ന ഉന്നത്തിലേക്ക് സംഘടനാ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കും.
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് കൗണ്‍സിലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അതാത് ഗള്‍ഫ് രാജ്യങ്ങളിലെ നാഷനല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടനാശാസ്ത്ര കോണ്‍ഗ്രസ് നടക്കുക. ആശയ സംവാദങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിലും ക്രമപ്പെടുത്തുന്നതിലും കൃത്യമായ പങ്കുണ്ട്. ഇത്തരം വിശാല പങ്കുവെപ്പുകളുടെ വാതിലുകള്‍ നേരത്തേ മുതല്‍ സംഘടന തുറന്നിട്ടിരുന്നു. ഈ നിലയിലേക്ക് അംഗങ്ങളെ സ്ഫുടം ചെയ്‌തെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനക്കളരിയായാണ് വാര്‍ഷിക കൗണ്‍സില്‍ മീറ്റുകളിലെ ഉള്ളടക്കം കഴിഞ്ഞ കുറേ വര്‍ങ്ങളായി രൂപപ്പെടുത്താറുള്ളത്. ഒരംഗത്തിന് തോന്നുന്ന അഭിപ്രായങ്ങളോ ആശയങ്ങളോ അതെത്ര നിസാരമാണെങ്കിലും, ഇനി വിമര്‍ശനാത്മകമാണെങ്കിലും ഉന്നയിക്കാനുള്ള വേദി കൗണ്‍സില്‍ മീറ്റുകളില്‍ മാത്രം പരിമിതമായിരുന്നു. അതല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കൗണ്‍സില്‍ മീറ്റുകള്‍ ഇതിനു വേണ്ടി മാത്രമായിരുന്നു എന്നു പറയാം. മറ്റു ആശയ ചര്‍ച്ചകള്‍ക്ക് അവിടെ കാര്യമായ ഇടം കിട്ടാറുണ്ടായിരുന്നില്ല. ചിന്തകളുടെ സമാഹരണത്തിന് യുക്തമായ ഗൗരവ വേദികളുടെ അഭാവവും നിഴലിച്ചു നിന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനാ കോണ്‍ഗ്രസിന്റെ പ്രസക്തി.
വിമര്‍ശങ്ങള്‍ ഉള്‍പ്പെടെ അംഗങ്ങള്‍ പങ്കുവെക്കുന്ന കാര്യങ്ങളിലും, ഇത്തരം സന്ദര്‍ഭങ്ങളോട് നേതൃത്വം പ്രതികരിക്കുന്ന ശൈലിയിലും സമയക്കുറവിന്റെയും വേറെ വേദികള്‍ ഇല്ലാത്തതിന്റെയും സമ്മര്‍ദങ്ങള്‍ ഉണ്ടായി. അത് അസഹിഷണുതക്കോ മേല്‍-കീഴ് ഘടകമെന്ന ക്രമ പ്രശ്‌നങ്ങളോ ഒക്കെ വഴിവെച്ചു. പലപ്പോഴും വിഷയാധിഷ്ഠിത സംവാദങ്ങളിലോ ആശയ പങ്കുവെപ്പിലോ കേന്ദ്രീകരിക്കുന്നതിന് പകരം താത്കാലിക വൈകാരിക പ്രകടനങ്ങളോ ഏകപക്ഷീയ ഇടപെടലോ ഒക്കെ നടന്നു. അച്ചടക്കത്തിന്റെ പേരില്‍ വാതിലടക്കപ്പെട്ടു. മേല്‍ ഘടകമെന്ന പരിവേഷം ഉറപ്പിക്കാന്‍, മേലെ നില്‍ക്കണം എന്ന മനോഭാവം അറിയാതെ വേരുറച്ചു. ഏറ്റെടുപ്പോ, സമ്മതിച്ചു നല്കലോ അപൂര്‍വമായി മാത്രം സംഭവിച്ചു. സാങ്കേതികവും ഔദ്യോഗികവുമായ സാഹസങ്ങളും കടമ്പകളും മുന്നില്‍ വെച്ച് പലരെയും നിശബ്തരാക്കി.
ഗള്‍ഫ് സമ്മിറ്റിന് തുടക്കം കുറിക്കുകയും ആശയനില ഭദ്രമാക്കുന്നതിന്റെ ഭാഗമായി പടിപടിയായി കൊണ്ടുവന്ന നവീകരണ ശ്രമങ്ങളും കൗണ്‍സിലുകളോടും സംവാദങ്ങളോടും ചര്‍ച്ചകളോടും വിമര്‍ശനങ്ങളോടും ഉള്ള സമീപനങ്ങളില്‍ കൃത്യമായ മാറ്റങ്ങള്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ കൊണ്ടു വന്നു. ഉപരിഘടകങ്ങള്‍ മറ്റു ഘടകങ്ങളോട് അടുത്ത് നിന്ന് ഇടപെടാന്‍ തുടങ്ങി. വ്യക്തികളും സംഘങ്ങളും കാഴ്ചപ്പാടുകള്‍ രൂപീകരിച്ചും പ്രഖ്യാപിച്ചും പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. ആശയ സംഭാവനകള്‍ക്ക് വേണ്ടി മാത്രം വേദികള്‍ ഉണ്ടായി. ഓരോ പ്രവത്തകര്‍ക്കും ഏതു സമയവും ഫീഡ്ബാക്ക് അറിയിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിലവില്‍ വന്നു.
ഒരു സാംസ്‌കാരിക അജണ്ടയുടെ ഭാഗമായി സംഘടനയെ ബലപ്പെടുത്തുകയും അംഗങ്ങളുടെ നിലപാടുകളില്‍ വ്യക്തത വരുത്തുകയും ചെയ്യുന്നതിന് ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തയാറാക്കുകയും നിരന്തരം നവീകരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം രേഖകള്‍ തന്നെയുണ്ട് സംഘടനക്ക്. സമ്മിറ്റില്‍ അവതരിപ്പിക്കുന്ന രണ്ട് വര്‍ഷത്തെ വിഷന്‍ അടങ്ങിയ സമീപന രേഖ അതില്‍ പ്രധാനമാണ്. കൂടാതെ ഭരണ ഘടനയും യൂനിറ്റിന്റെ പ്രധാന പ്രമാണമായ കര്‍മ രേഖയും, സാമ്പത്തിക ചട്ടങ്ങള്‍ അടങ്ങിയ ഇക്‌ണോതിക്‌സും, പെരുമാറ്റ രീതികള്‍ ഉള്‍ക്കൊള്ളുന്ന മാനിഫെസ്റ്റോയും, പ്രാദേശിക ഹ്രസ്വകാല വിഷന്‍ അവതരിപ്പിക്കുന്ന സംഘടനാ പ്രമേയവും, പ്രവാസി അവകാശ രേഖ, വിദ്യാര്‍ഥി അവകാശ രേഖ തുടങ്ങിയവയും എല്ലാം ഇത്തരം ധര്‍മങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ പൊതു വിഷനെ അടിസ്ഥാനപ്പെടുത്തി പ്രാദേശികവും പ്രായോഗികവുമായ പ്രത്യേക കാഴ്ചപ്പാടുകള്‍ ഉള്ളടങ്ങുന്ന രേഖയാണ് നാഷനല്‍ കമ്മിറ്റികളുടെ വിഷന്‍ റിപ്പോര്‍ട്ടുകള്‍. ഇതിനെല്ലാം പുറമെ മുഴുവന്‍ ഘടകങ്ങളിലും അതത് വാര്‍ഷിക കൗണ്‍സിലുകളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ആശയപരമായ പ്രധാന സ്രോതസായി മാറ്റി എടുക്കുന്നതില്‍ സംഘടന വിജയിച്ചു എന്ന് പറയാം.
ഇനിയും ചിന്താപരമായ മുന്നേറ്റങ്ങളുടെ അഭാവങ്ങള്‍ സംഘടയില്‍ ഉണ്ട്. തുടങ്ങി വെച്ച ശ്രമങ്ങളെ ക്രമപ്പെടുത്തുകയും പ്രയോഗവത്കരണത്തില്‍ കൃത്യത വരുത്തുകയും വേണ്ടതുണ്ട്. നവീകരണങ്ങളും ആശയങ്ങളും ഉത്പാദിപ്പിക്കപ്പെടേണ്ടതായും ഉണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടാണ് സംഘടനാ ശാസ്ത്ര കോണ്‍ഗ്രസ് എന്ന പ്രധാന ഉദ്യമത്തിന് രിസാല സ്റ്റഡി സര്‍ക്കിള്‍ തുടക്കമിടുന്നത്. ഒരു സംഘടനാ വര്‍ഷത്തിലെ ഇടക്കാല കൗണ്‍സിലുകളോടനുബന്ധിച്ച് രണ്ട് വര്‍ഷത്തിലൊരിക്കലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടക്കുക.
ചുരുക്കത്തില്‍ തെറ്റായ രീതികളെയും കീഴ്‌വഴക്കങ്ങളെയും തിരുത്തുകയും, മൂല്യാധിഷ്ഠിതവും ആശയ സമ്പുഷ്ടവുമായ മാതൃകകള്‍ ഒരുക്കുകയും ചെയ്യുന്നതിന് സംഘടനാ ശാസ്ത്ര കോണ്‍ഗ്രസിന് ആകും. തുടങ്ങിവെച്ച ശ്രമങ്ങളുടെ വികസനവും വികാസവും ഈ വ്യവസ്ഥാപിത സംഗമങ്ങളില്‍ നടക്കും. കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പുറമെ ആശയപരമായി ചിന്തകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കൂടി പങ്കാളിയാക്കിയുള്ള കൂട്ടു ശ്രമങ്ങളാകും കോണ്‍ഗ്രസ്. വാര്‍ഷിക കൗസണിലുകളോട് അനുബന്ധിച്ച് യൂനിറ്റ് തലം മുതല്‍ ഉയര്‍ന്നു വന്ന ആശയങ്ങളും ആക്ഷേപങ്ങളും കൃത്യമായ ചര്‍ച്ചക്ക് വിധേയമാക്കിയും ലക്ഷ്യാധിഷ്ഠിതമായി കൂടുതല്‍ കേന്ദ്രീകരിക്കേണ്ട മേഖലകള്‍ പ്രാപ്തര്‍ക്കിടയില്‍ വിഭജിച്ച് നല്‍കിയുമായിരുക്കും സംഘടനാ ശാസ്ത്ര കോണ്‍ഗ്രസിന്റെ സംഘാടനം. ഫലത്തില്‍ സംഘടനാ ശാസ്ത്ര കോണ്‍ഗ്രസ് വഴി, ഗള്‍ഫ് സമ്മിറ്റിലേക്ക് സമര്‍പ്പിക്കപ്പെടുന്ന ആശയങ്ങള്‍ കുറേക്കൂടി സൂക്ഷ്മവും വ്യക്തവുമാകും എന്നതിനാല്‍ ഈ ഉദ്യമം സംഘടനയിലും പ്രബോധന കാഴ്ചപ്പാടിലും വലിയ വിപ്ലവം തീര്‍ക്കും എന്നതില്‍ സംശയമില്ല.

Share this article

Leave a Reply

Your email address will not be published. Required fields are marked *