ഫാര്‍മസിസ്റ്റ് ആരോഗ്യ മേഖലക്ക് അന്യനോ?

Reading Time: 2 minutes

ഇന്ത്യയിലെ മോഡേണ്‍ മെഡിസിന്റെ ചരിത്രത്തിനു ബ്രിട്ടീഷ് അധിനിവേശത്തോളം പഴക്കമുണ്ട്. അതിനു ശേഷം പല ഘട്ടങ്ങളിലായി അത് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരുന്നു. എന്നാല്‍ മാറ്റം അനിവാര്യമായിരുന്നിട്ടും അത് ഏറെയൊന്നും അനുവദിക്കപ്പെടാതെ കിടക്കുന്ന ഒരു മേഖലയാണ് ഇന്ത്യയിലെ ഫാര്‍മസി പ്രൊഫഷന്‍. ഫാര്‍മസിസ്റ്റ് ഇല്ലാതെ ഒരു ഹെല്‍ത്ത് കെയര്‍ ടീം ഒരിക്കലും പൂര്‍ണമാവുന്നില്ല; എന്നല്ല, അത് തികഞ്ഞ പരാജയവുമായിരിക്കും. രോഗമുക്തിക്ക് മരുന്നെന്ന പോലെ അനിവാര്യമാണ് രോഗിക്ക് ഫാര്‍മസിസ്റ്റ്.
1940 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം മരുന്നുള്ളിടത്തെല്ലാം ഫാര്‍മസിസ്റ്റ് ഉണ്ടായിരിക്കുക എന്നാണ് നിയമം. ഉത്പാദനം മുതല്‍ ഉപയോഗം വരെ, അഥവാ, കൃത്യവും കണിശവുമായി അത് രോഗിയിലേക്കെത്തും വരെ.

ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നു?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഫാര്‍മസിസ്റ്റിന്റെ ഒഴിവുകള്‍ നികത്താന്‍ ഒരു റിക്രൂട്ട്‌മെന്റ് പോലും നടത്താത്ത സംസ്ഥാനങ്ങള്‍ ഉണ്ടെന്നാണ് വിവരം (കോവിഡ് പാന്‍ഡെമിക് വരെയുള്ള കാര്യമാണ്. കോവിഡ് പോരാട്ടത്തിനു ഫാര്‍മസിസ്റ്റുകള്‍ കൂടുതല്‍ ആവശ്യമായത് കൊണ്ട് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കാം എന്ന സംശയത്തിന്റെ ആനുകൂല്യം നല്‍കാം. കോവിഡ് ഫൈറ്റിന്റെ ഭാഗമായി എത്ര ഫാര്‍മസിസ്റ്റുകളെ പുതുതായി എടുത്തു എന്ന കണക്ക് ലഭ്യമല്ല). പത്ത് വര്‍ഷത്തിനിടക്ക് ഇവിടുത്തെ ജനസംഖ്യയും ആനുപാതികമായി രോഗികളും എത്രത്തോളം വര്‍ധിച്ചുവെന്നത് കണക്കാക്കുമ്പോഴാണ് ഇതിന്റെ ഭീകരത വ്യക്തമാവുന്നത്. കോവിഡ് കാലത്ത് പ്രബുദ്ധ കേരളത്തില്‍ പോലും രോഗികള്‍ക്ക് മരുന്ന് നല്‍കിക്കൊണ്ടിരുന്നതും വിതരണം ചെയ്തിരുന്നതും നഴ്‌സുമാരും ആശാ വര്‍ക്കര്‍മാര്‍ വരെയും ആയിരുന്നു എന്നത് മറ്റൊരു സത്യം.
ഫാര്‍മസിസ്റ്റിന്റെ അനേകം റോളുകളില്‍ ഡിസ്‌പെന്‍സിങ് അഥവാ മരുന്ന് വിതരണം മാത്രമാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. അഡ്മിറ്റായ രോഗികളെ സന്ദര്‍ശിക്കുന്ന റൗണ്ട്‌സ് ടീം, ഡിസ്ചാര്‍ജ് മെഡിസിന്‍ അനാലിസിസ്, രോഗികളുടെ അടുത്ത് നിന്നുള്ള വിവരശേഖരണം, അതിന്റെ വിശകലനം (പേഷ്യന്റ് മെഡിക്കേഷന്‍ ഹിസ്റ്ററി അനാലിസിസ്), ട്രീറ്റ്‌മെന്റ് അനാലിസിസ്, പേഷ്യന്റ് കൗണ്‍സിലിങ്, മെഡിസിന്‍ പ്രിസ്‌ക്രൈബിങ്, പ്രത്യേക സാഹചര്യങ്ങളില്‍ സമൂഹത്തെ ബോധവത്കരിക്കല്‍ തുടങ്ങി വിദേശ രാജ്യങ്ങള്‍ ഫാര്‍മസിസ്റ്റുകളെ ഉപയോഗപ്പെടുത്തുന്ന ഒരു മേഖലയിലും ഇവിടെ നിങ്ങള്‍ക്ക് ഫാര്‍മസിസ്റ്റിനെ കാണാന്‍ കഴിയില്ല. രോഗവും മരുന്നുകളും പ്രധാനമാവുന്ന ഇടങ്ങളില്‍ നിന്ന് അതിനെക്കുറിച്ച് ആധികാരികമായി സംസാരിക്കേണ്ടവര്‍ മാറ്റിനിര്‍ത്തപ്പെടുന്ന തീര്‍ത്തും അപകടകരമായ സാഹചര്യം. കോഴ്‌സിന്റെ 80% സമയവും മരുന്നുകളുടെ കെമിക്കല്‍ സ്ട്രക്ചര്‍ മുതല്‍ ആക്ഷന്‍, റിയാക്ഷന്‍, ഉത്പാദനം, ക്വാളിറ്റി അനാലിസിസ്, മാര്‍കറ്റിങ്, സൈഡ് ഇഫക്ട്, ഓവര്‍ഡോസിങ്, പോയ്‌സണിങ്, അതിന്റെ മാനേജ്‌മെന്റ്, കഴിക്കുന്ന മരുന്നുകള്‍ പരസ്പരമോ, മരുന്നുകളും ഭക്ഷണവും തമ്മിലോ നടക്കാനിടയുള്ള ഇന്ററാക്ഷന്‍സ്, ഡോസ് കാല്‍ക്കുലേഷന്‍, ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍.. എല്ലാമായി മല്ലിട്ട് വരുന്ന ഫാര്‍മസിസ്റ്റിനോട് ഇന്ത്യന്‍ വ്യവസ്ഥയും ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങളും ആവശ്യപ്പെടുന്നത് ഡോക്ടര്‍ വരച്ച് വെച്ചത് എടുത്ത് തന്നാല്‍ മതിയെന്നാണ്. മറ്റൊന്നിലും ഇടപെടേണ്ടതില്ലെന്നാണ്. നമ്മുടെ ആരോഗ്യ സംവിധാനം ഫാര്‍മസിസ്റ്റുകളുടെ ക്വാളിറ്റി കുറക്കാന്‍ വേണ്ടി മത്സരിക്കുകയാണെന്ന് തോന്നാറുണ്ട്.
UK, US, കാനഡ പോലുള്ള രാജ്യങ്ങളില്‍ ഫാര്‍മസിസ്റ്റുകളെ Prescribing Pharmacist പോസ്റ്റുകളില്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അത് അവരുടെ ഹെല്‍ത്ത് സ്റ്റാറ്റസിനെ കാര്യമായിത്തന്നെ മെച്ചപ്പെടുത്തിയെന്നും തെളിയിക്കുന്ന പഠനങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയില്‍ പഞ്ചാബ്, യു പി, ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഇതിന് അനുമതിയുണ്ടെങ്കിലും വേണ്ടവിധം നടപ്പിലാവുന്നില്ലെന്നാണ് അറിയുന്നത്.

എന്തുകൊണ്ട്?
എങ്ങനെ പരിഹരിക്കാം?
ഫാര്‍മസി പ്രൊഫഷനെക്കുറിച്ചുള്ള അനേകായിരം തെറ്റിദ്ധാരണകളോ ധാരണ ഇല്ലായ്മയോ ആണ് പ്രഥമവും പ്രധാനവുമായ പ്രശ്‌നം. അത് അധികാരി വര്‍ഗങ്ങളില്‍ തുടങ്ങി സാധാരണ ജനങ്ങളില്‍ വരെ വ്യാപിച്ചു കിടക്കുന്നു.
ഇന്ത്യയില്‍, ഡിപാര്‍ട്‌മെന്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ്, സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ മിനിസ്ട്രി ഓഫ് കെമിക്കല്‍സ് & ഫെര്‍ട്ടിലൈസേഴ്‌സിനു കീഴിലാണ് വരുന്നത്. നമ്മുടെ ഫാര്‍മസിസ്റ്റുകള്‍ ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷനലാവുന്നതിനു പകരം ഒരു കെമിക്കല്‍ സെല്ലറായി മാറിയതില്‍ ഇനിയും അദ്ഭുതപ്പെടേണ്ടതില്ല.
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വിപണി ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. 1990നും 2015നുമിടക്ക് ഏകദേശം 30 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇരുനൂറിലധികം രാജ്യങ്ങളിലേക്ക് നമ്മള്‍ മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്. 2011 ഡിസംബറില്‍ ചെന്നൈയില്‍ വെച്ച് നടന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കോണ്‍ഗ്രസില്‍ സംസാരിച്ചവര്‍ പറഞ്ഞത്, ഇന്ത്യന്‍ എക്കണോമിയുടെ ഡ്രൈവിങ് സീറ്റിലേക്ക് ഫാര്‍മസി കടന്നുവരുന്ന കാലം വിദൂരമല്ലെന്നായിരുന്നു. കോവിഡ് കാലത്ത് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായി പ്രവര്‍ത്തിച്ചു എന്നാണ് ഷാങ്ഹായ് കോപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ജനറല്‍ വ്‌ളിഡിമര്‍ നോര്‍ദോവ് അഭിപ്രായപ്പെട്ടത്.
വിപണിയുടെ വളര്‍ച്ചയും മാറ്റങ്ങളും പക്ഷേ, ആരോഗ്യമേഖലയില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് സത്യം. ആ വളര്‍ച്ച ജനങ്ങളിലേക്കെത്തിക്കേണ്ടവര്‍ പരാജയപ്പെടുന്നു എന്ന് കരുതാനേ നിവൃത്തിയുള്ളൂ. അതിന് വിതരണക്കാരാവേണ്ടിയിരുന്നവര്‍ തളച്ചിടപ്പെട്ടു. മോചനവും മാറ്റങ്ങളും അവിടെ നിന്ന് തുടങ്ങേണ്ടിയിരിക്കുന്നു.
വിപണിയുടെ വളര്‍ച്ച ജനങ്ങളുടെ ആരോഗ്യ നിലവാരം ആനുപാതികമായി മെച്ചപ്പെടുത്തുന്നില്ല എന്നതിന്റെ മറ്റൊരു കാരണം ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ മാര്‍കറ്റില്‍ എത്തുന്നു എന്നതാവാം. ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ടിന്റെ ചട്ടങ്ങളെ പരസ്യമായി ലംഘിച്ചു കൊണ്ട് കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന പല ഫാര്‍മ കമ്പനികള്‍ക്കും സ്വന്തമായി ഞ & ഉ ഡിവിഷനോ ക്വാളിറ്റി കണ്‍ട്രോള്‍ ഡിപാര്‍ട്‌മെന്റോ ഇല്ല എന്നത് വസ്തുതയാണ്. ഇതുകൊണ്ടാണ് പുതിയ ഡ്രഗ് കണ്‍ട്രോള്‍ ഡിപാര്‍ട്‌മെന്റും ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറികളും സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന് (IPA), ഇന്ത്യാ ഗവണ്‍മെന്റിന് കത്തയക്കേണ്ടിവന്നത്. ഇനിയും നടപടിയാവാതെ കിടക്കുന്ന ആ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത് തൊഴില്‍ രഹിതരായ അനേകം ഫാര്‍മസിസ്റ്റുകള്‍ക്ക് ജോലി ലഭിക്കാനും നിലവാരമില്ലാത്ത മരുന്നുകള്‍ മാര്‍ക്കറ്റില്‍ നിന്ന് തുടച്ചുനീക്കാനും അതുവഴി സമൂഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും സഹായിക്കും.
ഫാര്‍മസിസ്റ്റുകളും പൊതുസമൂഹവും കുറേക്കൂടി ഉത്തരവാദിത്വത്തോടെ ചിന്തിക്കേണ്ടതും നിയമങ്ങളും സംവിധാനങ്ങളും വരെ അഴിച്ചു പണിയേണ്ടതും അനിവാര്യതയായിരിക്കുന്നു. ഫാര്‍മസിസ്റ്റില്‍ നിന്ന് തങ്ങള്‍ക്ക് അര്‍ഹിക്കുന്നതെല്ലാം ലഭിക്കുകയെന്നത് രോഗിയുടെ അവകാശമാണ്. അതിനെ തടയുന്നതെന്തും അവരോട് ചെയ്യുന്ന അനീതിയും!.

Share this article

About മുഹ്‌സിന മുബാറക

muhsinamubaraka777@gmail.com

View all posts by മുഹ്‌സിന മുബാറക →

One Comment on “ഫാര്‍മസിസ്റ്റ് ആരോഗ്യ മേഖലക്ക് അന്യനോ?”

Leave a Reply

Your email address will not be published. Required fields are marked *