വാര്‍ത്തകളെ പേടിക്കണോ

Reading Time: 3 minutes

ഡോ. അബ്ദുല്‍ ഹകീം അസ്ഹരിയുടെ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള പ്രഭാഷണം കേട്ടുകൊണ്ടിരിക്കെ ഒരു സുഹൃത്ത് ചോദിച്ചു. ‘മാധ്യമ പ്രവര്‍ത്തനം’ എന്നത് ഒരു തൊഴില്‍ ആണല്ലോ. അതുകൊണ്ട് തന്റെ തൊഴില്‍ നിലനിര്‍ത്താനും അതിന്റെ നിറം കൂട്ടാനും വാര്‍ത്തകളെയും പുതിയ തരംഗങ്ങളെയും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉപയോഗപ്പെടുത്തുന്നതില്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ? ശരിയാണ്. തൊഴില്‍ എന്ന നിലയില്‍ സമ്പാദനമാര്‍ഗമായി മാധ്യമ പ്രവര്‍ത്തനത്തെ വീക്ഷിക്കുന്നവര്‍ക്ക് ഇങ്ങനെ നിഗമനത്തിലെത്താനേ കഴിയൂ. കേവലം വാര്‍ത്തകളുടെ വിതരണത്തില്‍ നിന്നും വിശകലനങ്ങളിലേക്കും അഭിപ്രായ രൂപീകരണങ്ങളിലേക്കും നയിക്കുന്ന ഗൗരവപൂര്‍ണമായ ചര്‍ച്ചാവട്ടങ്ങളായി ന്യൂസ് റൂമുകള്‍ പരിണമിക്കപ്പെട്ട പുതിയ ഡിജിറ്റല്‍ മാധ്യമ കാലഘട്ടത്തില്‍ ഇത്തരം നിഗമനങ്ങള്‍ അപകടകരമാണ് താനും. ഗാന്ധിജിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരേ കാര്യത്തെക്കുറിച്ചു തന്നെ ഒന്നല്ല, ഒരുപാടു സത്യങ്ങള്‍ പുറത്തു വരുന്ന കാലത്താണ് നാം മാധ്യമ ലോകത്തെ വീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
ലോകം മുഴുവന്‍ കോവിഡ് ബാധിക്കുകയും ആഗോള തലത്തില്‍ തന്നെ ലോക് ഡൗണ്‍ ഉള്‍പ്പടെപൊടുന്നനെയുള്ള മാറ്റങ്ങള്‍ സംജാതമാവുകയും ചെയ്തതോടെ വിരല്‍ത്തുമ്പില്‍ വിവരശേഖരണം നടത്തുന്നവര്‍ ഒന്നു കൂടി സജീവമായ വര്‍ഷമാണ് കടന്നുപോയത്. ഡിജിറ്റല്‍ മാധ്യമങ്ങളുടെ ഉദ്ഭവവും വികാസവും സാധ്യമായ മൂന്നാം വ്യവസായ വിപ്ലവത്തിന്റെ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പ്രകടമായ സാഹചര്യം. പകര്‍ച്ച വ്യാധി സൃഷ്ടിച്ച പ്രതികൂല സാഹചര്യത്തെ മുതലെടുത്ത് വാര്‍ത്താവിനിമയ രംഗത്തെ ചൂഷണം ചെയ്ത് പല ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തിയ സംഭവങ്ങള്‍ എത്രയോ പുറത്തു വന്നു. ലോകാരോഗ്യ സംഘടന പകര്‍ച്ച വ്യാധി സമയത്തുണ്ടാകുന്ന ഇത്തരം വിവരങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍, പാന്‍ഡമിക് എന്നീ പദങ്ങള്‍ ചേര്‍ത്ത് ഇന്‍ഫോഡെമിക്‌സ് എന്ന പുതിയൊരു സംജ്ഞ തന്നെ രൂപപ്പെടുത്തുകയുണ്ടായി.
അമേരിക്കയിലെ ആരോഗ്യ സംഘടനയായ Pan American Health Organisation (PAHO) ഇന്‍ഫോഡെമിക്‌സിന്റെ വ്യാപ്തി വെളിപ്പെടുത്താന്‍ ഒരു ഗവേഷണ പഠനം നടത്തി പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ പറയുന്ന കണക്കനുസരിച്ച് കോവിഡും ലോക് ഡൗണും സജീവമായിത്തുടങ്ങിയ മാര്‍ച്ച് മാസത്തില്‍ മാത്രം ‘കോവിഡ് 19’ എന്ന സൂചക പദത്തില്‍ 36 കോടി വീഡിയോകളാണ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അനൗദ്യോഗിക വിവരണങ്ങളെ പരമാവധി അകറ്റി നിര്‍ത്താനും അക്കാദമിക ധര്‍മങ്ങളെ പിന്തുടരാനും ഉദ്ദേശിച്ച് പൊതുജനം സമീപിക്കുന്ന ഗൂഗിള്‍ സ്‌കോളറില്‍ അപ്പോഴേക്കും ഇരുപതിനായിരത്തോളം ആര്‍ട്ടിക്കിളുകള്‍ സ്ഥാനം പിടിച്ചു കഴിഞ്ഞിട്ടുണ്ട്. മാര്‍ച്ചില്‍ മാത്രം കൊറോണയുമായി ബന്ധപ്പെട്ട പദസൂചികകളെ ഉപയോഗപ്പെടുത്തി 550 മില്യണ്‍ ട്വീറ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു. ക്ഷണിക സ്വഭാവമുള്ള, പെട്ടന്നൊന്നും പിടിതരാത്ത ഡിജിറ്റല്‍ മാധ്യമ ലോകത്തെ വിവരങ്ങളുടെ അതിപ്രസരണം ബോധ്യപ്പെടാന്‍ ഈ ഒരു മാസത്തെ കണക്കുകള്‍ തന്നെ ധാരാളം. പകര്‍ച്ചവ്യാധി വ്യാപകമായ കാലത്ത് ആകുലമായിരുന്ന പൊതുജന മനഃശാസ്ത്രം മേല്‍ക്കുമേല്‍ നിരന്തരം പങ്കുവെച്ചു കൊണ്ടിരുന്ന ഇത്തരം വാര്‍ത്താ പ്രളയത്തില്‍ നിന്നും ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങളെ തെരഞ്ഞെടുത്ത് നല്‍കാനും വ്യാജന്മാരെ തടഞ്ഞുവെക്കാനും ഭരണകൂടത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും തെല്ലൊന്നുമല്ല പണിയെടുക്കേണ്ടി വന്നത്.
വാര്‍ത്തകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ തന്നേ വ്യാജ വാര്‍ത്തകളും രംഗ പ്രവേശനം ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി ജേര്‍ണലിസ്റ്റുകള്‍ അല്ലാത്തവര്‍ക്കും മാധ്യമ പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യത്തോട ഇടപെടാന്‍ അവസരമൊരുക്കുന്ന സാമൂഹ്യ മാധ്യമങ്ങളുടെ ത്വരിതഗതിയിലുള്ള വളര്‍ച്ചയും വര്‍ധിക്കുന്ന ഡിജിറ്റല്‍ സാക്ഷരതയും വ്യാജ വാര്‍ത്തകളുടെയും തോത് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. പ്രൊഫഷനല്‍ മാധ്യമ പ്രവര്‍ത്തകരെ പോലെ വാര്‍ത്തകള്‍ നിര്‍മിക്കാനും പങ്കുവെക്കാനും പ്രാദേശികമായ വാര്‍ത്താ പോര്‍ട്ടലുകള്‍ സൃഷ്ടിക്കാനും എല്ലാവരും ശ്രമിക്കുന്നു. എന്നാല്‍ മാധ്യമ സാക്ഷരത ഉള്‍ക്കൊണ്ട് സമാന രൂപത്തില്‍ ആധികാരികതയെ പരിശോധിക്കാനും വൈകാരികതയെ മാറ്റി നിര്‍ത്തി ഗൗരവപൂര്‍ണമായ ആലോചനകളെ പ്രോത്സാഹിപ്പിക്കാനും ഒട്ടുമിക്ക പേരും തയാറാവുന്നില്ലതാനും. ജനാധിപത്യ സംവിധാനങ്ങളില്‍ തിരഞ്ഞെടുപ്പു പോലെയുള്ള പ്രക്രിയകളില്‍ അതി സങ്കീര്‍ണമായ സ്വാധീനമാണ് വ്യാജ വാര്‍ത്തകളും അതിവേഗം പരക്കുന്ന കിംവദന്തികളും നിര്‍വഹിക്കുന്നത്. അതുകൊണ്ടു തന്നെ വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങളെല്ലാം ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ വാര്‍ത്താ മുന്നറിയിപ്പുകള്‍ നിരന്തരം നല്‍കിക്കൊണ്ടിരിക്കുന്നു.
സൈബറിടങ്ങളിലെ വ്യക്തിഗത ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയെന്നറിയുകയും അവ ഉത്തരവാദിത്തത്തോടെ തന്നെ നിറവേറ്റുകയും ചെയ്യുക എന്ന മാധ്യമ സാക്ഷരതയുടെ ബാലപാഠം ഓരോരുത്തരും ഉള്‍ക്കൊള്ളുന്നതോടെ ഇത്തരം വ്യാജ നിര്‍മിതികളെ ഒരു പരിധി വരെ തടയിടാന്‍ സാധിക്കും. ഏറ്റവും കുറഞ്ഞത് പങ്കുവെക്കാന്‍ ഉദ്ദേശിക്കുന്ന വാര്‍ത്തകളുടെ ഉറവിട കേന്ദ്രമെങ്കിലും വെറുതെ ഒന്നു പരിശോധിക്കുന്നത് ഈ വ്യക്തിഗത ഉത്തരവാദിത്തത്തിന്റെ വലിയൊരു നിര്‍വഹണമാണ്. ‘നിങ്ങള്‍ കണ്ടാല്‍ ഞെട്ടും’ എന്നു തുടങ്ങുന്ന തലക്കെട്ടുകളില്‍ തുടങ്ങി ആകര്‍ഷിപ്പിക്കുന്ന തരത്തില്‍ സെന്‍സേഷണലിസം സംവിധാനം ചെയ്യുന്ന ക്രിയാത്മക ഇടങ്ങളെ ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നും വേറിട്ട് തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.
വസ്തുതാ പരിശോധനകള്‍ സാധ്യമാക്കുന്ന ഒട്ടേറെ നൂതന സംവിധാനങ്ങള്‍ വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങള്‍ ഉപയോഗിച്ചു വരുന്നുണ്ട്. നിര്‍മിത ബുദ്ധി അടക്കമുള്ള സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തുന്നു. പരാജയപ്പെട്ടിട്ടും സമ്മതിക്കാതെ ഞാന്‍ ജയിച്ചുവെന്ന് പറഞ്ഞു കൊണ്ടിരുന്ന ട്രംപിന്റെ ട്വീറ്റുകളിലെല്ലാം വ്യാജം എന്ന മുദ്ര കമ്പനി തന്നെ നല്‍കുകയുണ്ടായി. ദൃശ്യവത്കൃത ലോകത്തെ വ്യാജന്മാരുടെ സാന്നിധ്യം വസ്തുതാ പരിശോധന വഴി ശ്രദ്ധയില്‍ പെട്ടാല്‍ തടയാനും ആവര്‍ത്തിക്കാതിരിക്കാനും മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്ന രാജ്യങ്ങളില്‍ തന്നെ നിയമ നിര്‍മാണം നടത്തുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
വിഷയാധിഷ്ഠിതമായ ചര്‍ച്ചകളെന്ന ആലങ്കാരിക പ്രയോഗങ്ങള്‍ നടത്തി നടപടികളിലേക്ക് കടക്കും മുമ്പ് വിഷയം തന്നെ ചര്‍ച്ച ചെയ്യേണ്ടതിന്റെ സാധുത പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. സബ്ജക്ട് തന്നെ വ്യാജമാകുമ്പോള്‍ അതിനെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കുന്നതും മറുവശങ്ങള്‍ വിശകലനം ചെയ്യുന്നതും വ്യാജ വാര്‍ത്തകളെ കൂടുതല്‍ സ്വീകാര്യമാക്കാനേ സഹായിക്കുകയുള്ളൂ. സത്യവും അസത്യവും വേര്‍തിരിച്ചറിയാനാകാത്ത വിധം ഒരുപാടു സത്യങ്ങള്‍ ബഹിര്‍ഗമിക്കുന്ന സത്യാനന്തര കാലത്തെ മാധ്യമ പ്രവര്‍ത്തനം നിഷ്പക്ഷവും കൃത്യതയുമുള്ളതാക്കാന്‍ വ്യവസ്ഥാപിത മാധ്യമ സ്ഥാപനങ്ങള്‍ പോലും വിയര്‍പ്പൊഴുക്കുന്ന നവലോകത്ത് സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള പൗര മാധ്യമ പ്രവര്‍ത്തകരുടെ വാര്‍ത്താ ശേഖരണവും വിശകലനവും വിനിമയവും നിശ്ചിത അകലം പാലിക്കാതെ എങ്ങനെ ഉള്‍ക്കൊള്ളാനാകും ?
വാര്‍ത്തകള്‍ ചര്‍ച്ച ചെയ്ത് വിശകലന വിധേയമാക്കുന്ന ജനാധിപത്യ സ്വഭാവമുള്ള വേദികള്‍ എന്ന നിലയില്‍ നിന്നും അവിടെ സംഭവിക്കുന്നത് വാര്‍ത്തയാവുന്ന രൂപത്തിലേക്ക് സാമൂഹ്യ മാധ്യമങ്ങള്‍ പരിണിതപ്പെടുകയും സ്വാധീന ശക്തി കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്വാധീനം ഉപയോഗപ്പെടുത്തി പലതരം പ്രൊഫഷനുകള്‍ പുതുതലമുറയില്‍ രൂപംകൊണ്ടിട്ടുമുണ്ട്. സെന്‍സേഷനലിസത്തെ വാണിജ്യവത്കരിക്കുന്ന ഇത്തരം ന്യൂജെന്‍ ട്രെന്‍ഡുകളില്‍ നിന്നെല്ലാം വ്യത്യസ്തമായി പ്രൊഫഷനല്‍ മാധ്യമ പ്രവര്‍ത്തനം തൊഴില്‍ എന്നതിനപ്പുറം ജനാധിപത്യ വ്യവസ്ഥിതിയില്‍ പൊതുജനങ്ങള്‍ക്കിടയിലെ അവബോധ നിര്‍മിതി എന്ന വലിയ ലക്ഷ്യം മുന്നില്‍ വെച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. ഡിജിറ്റല്‍ കാലശേഷം സാങ്കേതിക വിദ്യകളുടെ പുത്തന്‍ പരീക്ഷണങ്ങള്‍ കണ്‍മുന്നിലുണ്ടായിട്ടും പലരും ഭയപ്പെട്ട പോലെ ദിനപത്രങ്ങളുടെ സ്വീകാര്യതയും ജനസമ്മതിയും ഇപ്പോഴും തെല്ലും കുറയാതെ നിലനില്‍ക്കുന്നത് ഈ അവബോധ നിര്‍മിതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുന്നതുകൊണ്ടാണ്. ക്ഷണിക സ്വഭാവത്തെക്കാള്‍ നിലനില്‍ക്കുന്നതും റഫറന്‍സ് മൂല്യങ്ങളുള്ളതും എല്ലാവര്‍ക്കും എക്കാലത്തേക്കും പ്രിയപ്പെട്ടതായിരിക്കും.
എന്തുകൊണ്ടാണ് മാധ്യമ രംഗം പലപ്പോഴും വിമര്‍ശന വിധേയമാക്കപ്പെടുന്നത് എന്ന ചോദ്യത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നല്‍കിയ മറുപടി കൃത്യമായ മാധ്യമ ധര്‍മം പാലിക്കപ്പെടാത്തതു കൊണ്ടാണ് എന്നായിരുന്നു. സത്യവും യാഥാര്‍ഥ്യവും കണ്ടെത്തി സങ്കോചമേതും കൂടാതെ വെളിപ്പെടുത്തുക എന്നതാണ് അദ്ദേഹത്തിന്റെ ഭാഷയിലെ മാധ്യമ ധര്‍മം. അസത്യം പടച്ചുവിടുക എന്നത് വിമര്‍ശിക്കപ്പെടുന്നതില്‍ സന്ദേഹമൊന്നുമില്ല. പക്ഷേ, സത്യങ്ങള്‍ തന്നെ ഒന്നിലധികം വിശ്വസിക്കപ്പെടുന്ന കാലത്ത് പറയുന്നതെല്ലാം സത്യമാവണമെന്നേ ഉള്ളൂ. എല്ലാ സത്യങ്ങളും പറയണമെന്നില്ല. നാടിനും സമൂഹത്തിനും രാഷ്ട്രീയ സാംസ്‌കാരിക സൗഹൃദങ്ങള്‍ക്കും അനുഗുണമാവുന്ന സത്യങ്ങള്‍ പറയാം. കണ്ണടച്ചു കാലം തീര്‍ക്കുന്നതിനു പകരം കൈപ്പേറിയതാണെങ്കിലും അവ പറയുക തന്നെ വേണം. ആശയപരമായി ഈ ധര്‍മം നിര്‍വഹിക്കുന്നതിനെ തടയുന്ന ഛിദ്രശക്തികള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതു മുതല്‍ ഗൗരി ലങ്കേഷിന്റെ വധം വരെ അതങ്ങനെ നീണ്ടു നില്‍ക്കുന്നു. കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം 1992 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയില്‍ 51 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് തങ്ങളുടെ ഉത്തരവാദിത്ത നിര്‍വഹണത്തിനിടയില്‍ ശത്രുക്കളാല്‍ ജീവഹാനി സംഭവിച്ചത്. അതിലും എത്രയോ പേര്‍ സത്യം പറയാന്‍ ശ്രമിച്ചതിന്റെ പേരില്‍ തടവനുഭവിക്കുന്നവരുണ്ട്. ഏറ്റവുമൊടുവില്‍ ജാമ്യം പോലും നിഷേധിക്കപ്പെട്ട സിദ്ധീഖ് കാപ്പന്റെ ചിത്രം നമുക്കു മുമ്പില്‍ തെളിഞ്ഞു നില്‍ക്കുന്നു. സങ്കുചിത രാഷ്ട്രീയങ്ങളാല്‍ അങ്ങേയറ്റം വരിഞ്ഞു മുറുകിയ മൂലധന താത്പര്യങ്ങളുടെ കടുത്ത സമ്മര്‍ദത്തിനിടയിലും പൊതു താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി സത്യത്തോടൊപ്പം നില്‍ക്കാനും ജാള്യമേതും കൂടാതെ തന്റെ ധര്‍മം നിര്‍വഹിക്കാനും സാധിക്കുക എന്നതാണ് കേവലം തൊഴിലെടുക്കുക എന്നതിനേക്കാള്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്വാതന്ത്ര്യം.

Share this article

About സാലിം കോഡൂര്‍

salimkodur57@gmail.com

View all posts by സാലിം കോഡൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *