പൊതുവിദ്യാലയം സ്മാര്‍ട്ടാകുമ്പോള്‍

Reading Time: 3 minutes

‘പരിമിതമായ ക്ലാസ് റൂമുകള്‍, കാലൊടിഞ്ഞ ഡെസ്‌ക്കും ബെഞ്ചും, എഴുതിയാല്‍ വ്യക്തമായി കാണാത്ത ബ്ലാക്ക് ബോര്‍ഡുകള്‍, സ്ഥിരതയില്ലാത്ത അധ്യാപകര്‍, വൃത്തിഹീനമായ മൂത്രപ്പുര, ക്ലാസ് റൂമില്‍ ഒരു ഫാന്‍ സ്വപ്‌നമായി കണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍.’
ഇതൊക്കെ ആയിരുന്നു രണ്ട് പതിറ്റാണ്ട് മുമ്പ് കേരളത്തിന്റെ പൊതുവിദ്യാലയം അനുഭവിച്ചുകൊണ്ടിരുന്നത്. തികച്ചും സാധാരണക്കാരില്‍ സാധാരണക്കാരുടെ മക്കളായിരുന്നു കൂടുതലും അവിടെ പഠിച്ചിരുന്നത്. അത് കൊണ്ട് രക്ഷിതാക്കള്‍ക്ക് സ്‌കൂളിലെത്തി അധ്യാപകരോട് തന്റെ മക്കളുടെ പഠിത്തം എങ്ങനെയാണെന്ന് ചോദിച്ചറിയാനോ സ്‌കൂളിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടി പരാതി പറയാനോ സാധിച്ചിരുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ മക്കളെ പൊതു വിദ്യാലയത്തില്‍ ചേര്‍ക്കുന്നതിന് പകരം സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകെളയാണ് ആശ്രയിച്ചിരുന്നത്. അവിടെ ആവുമ്പോള്‍ നല്ല കെട്ടിടവും ക്ലാസ് മുറികളില്‍ ഫാനും സ്ഥിരതയുള്ള അധ്യാപകരും ആംഗലേയ ഭാഷയില്‍ ആശയവിനിമയവും പോരാത്തതിന് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സ്‌കൂള്‍ ബസ്/വാന്‍ സൗകര്യങ്ങളും ഉണ്ടാകും. ഈ കാരണങ്ങളൊക്കെ കൊണ്ട് ആ കാലത്ത് കൈയില്‍ കുറച്ച് പണമുള്ള സാധാരണക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആസ്തിയുള്ളവരും സമൂഹത്തില്‍ അവരുടെ സ്റ്റാറ്റസ് ആയി കണ്ട് പാവപ്പെട്ടവരുടെ മുമ്പില്‍ അഹങ്കാരം നടിച്ചു. എത്ര കാശ് മുടക്കാനും ഇവര്‍ തയാറായിരുന്നു. പാവപ്പെട്ട സാധാരണക്കാര്‍ ഒന്നും പ്രതിക്കരിക്കാനാവാതെ ഇതൊക്കെ കണ്ടും കേട്ടും നില്‍ക്കാനേ തരമുണ്ടായിരുന്നുള്ളൂ. അന്ന് ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞത്, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ കൂണ് പോലെ ഇവിടെ ഉണ്ടാകുന്നു എന്നാണ്. അത്രക്കുണ്ടായിരുന്നു ഈ കൊച്ചു കേരളത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍. നഗരത്തില്‍ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഇവര്‍ കൈയടക്കിയിരുന്നു. പക്ഷേ ഇതൊക്കെ പുറംമോടി മാത്രമാണെന്ന് തിരിച്ചറിയാന്‍ രക്ഷിതാക്കള്‍ അല്പം വൈകി. സ്വകാര്യ സ്‌കൂളുകളില്‍ അധികവും പുറമേ കാണുന്ന വലിയ കെട്ടിടം മാത്രമാണെന്നും നല്‍കുന്ന ഫീസിന് ആനുപാതികമായി കാര്യക്ഷമമായ പഠനാന്തരീക്ഷം അവിടെ ഇല്ലെന്നും രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങി. (നല്ല നിലവാരം പുലര്‍ത്തുന്ന സ്വകാര്യ സ്‌കൂളുകളെ മറന്നു പോകുന്നില്ല).

അന്താരാഷ്ട്ര നിലവാരമുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
‘എവിടെയാണ് പഠിക്കുന്നത്’ എന്ന് ബന്ധുക്കളോ മറ്റോ കുട്ടികളോട് ചോദിച്ചാല്‍, സര്‍ക്കാര്‍ സ്‌കൂളിലാണ് എന്ന് മറുപടി പറയാന്‍ ഇപ്പോ ആര്‍ക്കും മടി തോന്നില്ല. ഇന്ന് അഭിമാനത്തോടെ തന്നെ കുട്ടികള്‍ പറയും, ഞാന്‍ അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലെ ഇന്ന ക്ലാസിലെ വിദ്യാര്‍ഥിയാണ്. കാരണം, ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരുപാട് മാറിയിരിക്കുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിപ്പുറമാണ് മാറ്റങ്ങള്‍ പ്രകടമായി കണ്ടത്. ദ്രുതഗതിയില്‍ അമ്പരിപ്പിക്കുന്ന തരത്തിലായിരുന്നു ഓരോ മാറ്റങ്ങളും. ക്ലാസ് മുറികളുടെ പരിമിതികള്‍ കൊണ്ട് രണ്ട് പതിറ്റാണ്ട് മുമ്പ് ഉണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം കാലക്രമേണ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഉപേക്ഷിച്ചു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഉള്ള കുട്ടികള്‍ക്ക് രാവിലെ മുതല്‍ ഉച്ചവരെയും ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഉച്ചക്ക് തുടങ്ങി വൈകുന്നേരം നാലര വരെയുമായിരുന്നു ക്ലാസുകള്‍. ഇതുമൂലം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനറുതി വരുത്തിക്കൊണ്ട് മാറി വന്ന രണ്ട് സര്‍ക്കാറുകളും കെട്ടിട ആവശ്യങ്ങള്‍ക്കായി ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് തടസം കൂടാതെ കൈമാറി. അത് മൂലം ക്ലാസ് മുറികള്‍ ഇല്ലാതെ വീര്‍പ്പുമുട്ടി കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വലിയ ആശ്വാസമായി. കംപ്യൂട്ടര്‍ പരിജ്ഞാനം എല്ലാ വിദ്യാര്‍ഥികള്‍ക്കും അത്യന്താപേക്ഷിതമാണെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ കംപ്യൂട്ടര്‍ ലാബിന് ഫണ്ട് അനുവദിച്ചു. ഈ മേഖലയില്‍ പ്രഗത്ഭരായ അധ്യാപകര്‍ കുട്ടികളെ ആധുനിക ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയി. ഇതൊരു പ്രത്യക്ഷമായ മാറ്റമായിരുന്നു കുട്ടികളില്‍ ഉണ്ടാക്കിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ശരാശരിക്ക് താഴെയുള്ള കുട്ടികള്‍ പോലും കംപ്യൂട്ടര്‍ പരിജ്ഞാനം കരസ്ഥമാക്കി. ഇത് അവരില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

ഉയര്‍ന്ന പരിശീലനം സിദ്ധിച്ച അധ്യാപകര്‍
സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ഉയര്‍ന്ന യോഗ്യതയുള്ള അധ്യാപകരാണ്. ലോവര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപകര്‍ക്ക് വേണ്ട യോഗ്യത ടിടിസി ആണ്, കൂടാതെ കെ-ടെറ്റ് എന്ന പരീക്ഷയും പാസാകണം. അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ അധ്യാപകര്‍ക്ക് വേണ്ട യോഗ്യത ടിടിസി അല്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബി.എഡും കൂടാതെ കെ-ടെറ്റും പാസാകണം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപകര്‍ക്ക് വേണ്ട കുറഞ്ഞ യോഗ്യത ബിരുദവും ബി.എഡും, ഇവിടെയും കെ-ടെറ്റ് യോഗ്യത നേടിയിരിക്കണം. ഈ മൂന്നു വിഭാഗത്തിനു വ്യത്യസ്ത കെ-ടെറ്റ് പരീക്ഷ ആണുള്ളത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സാമൂഹ്യശാസ്ത്രം അധ്യാപകര്‍ അതുപോലെ സയന്‍സ് അധ്യാപകര്‍ ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്തിരുന്നു എങ്കില്‍ ഇന്ന് അതൊക്കെ മാറി. അതതു വിഷയങ്ങളില്‍ ബിരുദവും ബി.എഡും നേടിയവര്‍ക്കു മാത്രമേ ഹൈസ്‌കൂള്‍ തലത്തില്‍ പഠിപ്പിക്കാന്‍ അര്‍ഹതയുള്ളൂ. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് വേണ്ട യോഗ്യത ബിരുദാനന്തരബിരുദവും ബി.എഡും കൂടാതെ സെറ്റ് എന്ന പരീക്ഷയും പാസാകണം. ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍ എം-ഫില്‍, പിഎച്ച്ഡി യോഗ്യത നേടിയവരും ഉണ്ട്. കൂടാതെ എല്ലാ അധ്യാപകരും കാലഘട്ടത്തിനനുസരിച്ച് അധ്യാപക മികവ് ആര്‍ജിക്കാന്‍ വേണ്ടിയുള്ള പരിശീലനവും നേടുന്നുണ്ട്. ഇത് അധ്യാപകരില്‍ പുതിയ പഠന രീതി അവലംബിക്കാനും അതു കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കാനും അവസരം നല്‍കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിപ്പുറം സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒരുവിധം എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി മാറി. വ്യക്തതയില്ലാത്ത, ചോക്ക് പൊടി കൊണ്ട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്ന ആ പഴയ കാലം ഇന്നില്ല. ഇന്ന് എല്ലാം ഡിജിറ്റല്‍ രീതിയിലേക്ക് മാറി. അധ്യാപകര്‍ ലാപ്‌ടോപ്പിന്റെ സഹായത്താല്‍ പ്രൊജക്ടര്‍ വച്ച് ക്ലാസ് എടുക്കാന്‍ തുടങ്ങി. ഇത് അധ്യാപകര്‍ക്ക് ആ പ്രത്യേക വിഷയത്തില്‍ അധിഷ്ഠിതമായ കാര്യം വളരെ ഫലപ്രദമായി കുട്ടികളിലേക്ക് എത്തിക്കാനും, കുട്ടികള്‍ അത് വ്യക്തമായി മനസിലാക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും അവസരം ലഭിച്ചു. മുമ്പ് ക്ലാസ് റൂമില്‍ ബോറടിച്ച് താത്പര്യമില്ലാതിരുന്ന കുട്ടികള്‍ ഇന്ന് വളരെ താത്പര്യത്തോടെ ക്ലാസിലിരുന്ന് അധ്യാപകര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങി.

പാഠ്യ-പാഠ്യേതര മേഖലയിലേക്ക് നല്‍കുന്ന ഊന്നല്‍
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളും ക്ലാസ് റൂമിന് പുറത്തുള്ള ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയര്‍ത്താറുണ്ട്. എല്ലാ വിദ്യാലയങ്ങളും സ്‌കൂള്‍ കലോത്സവവും കായിക മത്സരവും നടത്താറുണ്ട്. മികവുപുലര്‍ത്തുന്ന കുട്ടികളെ സബ്ജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കുകയും, അതിലും മികവുപുലര്‍ത്തുന്ന കുട്ടികളെ ജില്ലാകലോത്സവത്തിലും അതിലും മികവുപുലര്‍ത്തുന്ന കുട്ടികളെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ അധ്യാപകര്‍ പ്രയത്‌നിക്കാറുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവം ഏഷ്യയിലെത്തന്നെ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ഉള്ള കലോത്സവമാണ്. ആ മേന്മ കേരളത്തിന് സ്വന്തം. ഇതുപോലെ തന്നെ കായിക മത്സരവും സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലത്തിലും നടക്കാറുണ്ട്. സംസ്ഥാന തലത്തില്‍ കായിക മികവു പുലര്‍ത്തുന്ന കുട്ടികളെ നാഷനല്‍ സ്‌പോര്‍ട്‌സ് മീറ്റിന് പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു. കലാ-കായിക മേഖലയില്‍ മാത്രമല്ല, ശാസ്ത്രമേഖലയില്‍ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിച്ച് ജില്ലാ ശാസ്ത്രമേളയിലും സംസ്ഥാന ശാസ്ത്രമേളയിലും അവരുടെ കഴിവുകള്‍ ലോകത്തിനു മുന്‍പാകെ തുറന്നുകാട്ടാന്‍ സര്‍ക്കാര്‍ അവസരം നല്‍കുന്നു. ഇതു കൊച്ചു ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കാനും കുട്ടികളില്‍ ചെറുപ്രായത്തില്‍തന്നെ ശാസ്ത്ര അവബോധം നിലനിര്‍ത്താനും സഹായകരമാകുന്നു.

ര@ും മൂന്നും നിലകളുള്ള കെട്ടിടങ്ങള്‍
ഒന്നര പതിറ്റാ് മുമ്പ് ഒട്ടുമിക്ക സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കെട്ടിടം ഓട് പാകിയതായിരുന്നു. ഇന്ന് അടച്ചുറപ്പില്ലാത്ത കെട്ടിടം പൊളിച്ച് പകരം കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തി. നാലുവര്‍ഷം മുമ്പ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഒരു പ്രഖ്യാപനം നടത്തി. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും ആദ്യഘട്ടം ഒരു സര്‍ക്കാര്‍ വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇത് വളരെ ശ്രദ്ധാപൂര്‍വമാണ് എല്ലാവരും കേട്ടത്. സര്‍ക്കാര്‍ വാക്കുപാലിച്ചു. ഇപ്പോള്‍ ഈ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ രാജ്യത്തിലെ മികച്ച സര്‍വകലാശാല കെട്ടിടം പോലെ ഉന്നത നിലവാരം പുലര്‍ത്തുന്നു. പണ്ട് കാലങ്ങളില്‍ ഒരു നില മാത്രമുണ്ടായിരുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇന്ന് രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങള്‍ ആയി മാറി. ബ്ലാക്ക് ബോര്‍ഡിന് പകരം പ്രൊജക്ടര്‍, എല്ലാ ക്ലാസ് റൂമുകളും ഫാന്‍ സൗകര്യം, നല്ല ബെഞ്ചും ഡെസ്‌ക്കും, എല്ലാ നിലകളിലും ഒരു അറ്റത്ത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മൂത്രപ്പുരയും. ഇതൊക്കെ സൂചിപ്പിക്കുന്നത് സര്‍ക്കാര്‍ എത്രമാത്രം ഓരോ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തുന്നു എന്നതാണ്.
ഇന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഓരോ കുട്ടിയും അവരുടെ രക്ഷിതാക്കളും ഹാപ്പിയാണ്. അവര്‍ക്ക് പരാതികളില്ല , പരിഭവങ്ങളില്ല. അഭിമാനം മാത്രം.

Share this article

About മുഹമ്മദ് നുഅ്മാന്‍

View all posts by മുഹമ്മദ് നുഅ്മാന്‍ →

Leave a Reply

Your email address will not be published. Required fields are marked *