മലയാളത്തിലെ ഓണ്‍ലൈന്‍ സാന്നിധ്യങ്ങള്‍, സാധ്യതകള്‍

Reading Time: 3 minutes

ഓണ്‍ലൈന്‍ വായനകളുടെ അനന്തമായ സാധ്യതകള്‍ ഉള്‍വഹിച്ചുകൊണ്ടാണ് മലയാളത്തില്‍ നിലവിലുള്ള ന്യൂസ് പോര്‍ട്ടലുകള്‍ മുന്നോട്ടുപോകുന്നത്. വേഗതയേറിയ പുതിയ ജീവിതക്രമത്തിലും വായനയെ അതിശക്തമായ അനുഭവമാക്കി മാറ്റാന്‍ സഹായിക്കുന്ന ധാരാളം വ്യത്യസ്തതകള്‍ വസ്തുനിഷ്ഠയോടെയും ജാഗ്രതയോടെയും അവതരിപ്പിക്കുന്ന ചില ഓണ്‍ലൈന്‍ സാന്നിധ്യങ്ങളെങ്കിലും മലയാള സാഹിത്യത്തിലെ നവഭാവുകത്വമായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. വ്യാജവാര്‍ത്തകളുടെ അതിപ്രസരത്തിനിടയിലും നിലവാരമില്ലായ്മയുടെ ബാഹുല്യത്തിനിടയിലും ഇത്തരം ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സാന്നിധ്യവും ഇടപെടലുകളും സമ്മാനിച്ച അനുഭവങ്ങള്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ രേഖപ്പെടുത്താനാണ് ഈ കുറിപ്പെഴുതുന്നത്. പരമ്പരാഗത മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ സാന്നിധ്യങ്ങള്‍, വൈബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ ഏറിയും കുറഞ്ഞും മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞെങ്കിലും സമീപകാലത്ത് മലയാളത്തിലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഗംഭീരമായ മുന്നേറ്റം രാജ്യത്തെ തന്നെയുള്ള മറ്റു ഭാഷകളിലെ ഓണ്‍ലൈന്‍ സാന്നിധ്യങ്ങളെക്കാള്‍ എത്രയോ മുകളിലാണെന്ന് ഉറപ്പിച്ചു പറയാം. ഉള്ളടക്കത്തിലും രൂപകല്‍പനയിലും സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനില്‍ക്കുന്ന ഓണ്‍ലൈന്‍ സാന്നിധ്യങ്ങള്‍. ചില പോര്‍ട്ടലുകളെങ്കിലും അന്തര്‍ദേശീയ നിലവാരം കൃത്യമായി കാത്തുസൂക്ഷിക്കുന്നു.
വിവിധ പത്രങ്ങളുടെ ഔദ്യോഗിക ന്യൂസ് വെബ്സൈറ്റുകളായി എണ്ണാവുന്ന 21 പോര്‍ട്ടലുകള്‍, ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ 12 ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവക്ക് പുറമേ വിവിധ സ്വഭാവത്തിലും നിലവാരത്തിലുമുള്ള 27 പോര്‍ട്ടലുകളും നിലവില്‍ വിവിധ തലങ്ങളില്‍ നിന്ന് മലയാളത്തെ അടയാളപ്പെടുത്തുന്നു.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 69 ശതമാനം പേരും വാര്‍ത്താധിഷ്ഠിത ഉള്ളടക്കങ്ങള്‍ ഏതെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തന്നെ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്ന് സീനബ് അനീസ്, തബ്രീസ് അഹ്മദ് നിയാസി, ആന്റണി കലേഗര്‍പോള്‍, റാസ്മു നീല്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ റോയിറ്റേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ ഡിജിറ്റല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ ഈ ശതമാനം കൂടാനാണ് സാധ്യത. 35 വയസിന് താഴെയുള്ള ഇന്ത്യന്‍ വായനക്കാരില്‍ കേവലം 16 ശതമാനം മാത്രമാണ് പത്രങ്ങള്‍, ചാനലുകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്നുള്ളൂ എന്നും ഈ പഠനം വ്യക്തമാക്കുന്നു. തൊണ്ണൂറുകളുടെ മധ്യത്തിലാണ് അന്ന് വരെ ഓണ്‍ലൈനില്‍ ഇല്ലാതിരുന്ന ചില ദേശീയ പത്രങ്ങള്‍ ഡിജിറ്റല്‍ സാന്നിധ്യം അറിയിക്കുന്നത്. അതും വേഗം കുറഞ്ഞ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ പരിമിതിക്കുള്ളില്‍. 1995 മുതല്‍ 2010 വരെയുള്ള പതിനഞ്ച് വര്‍ഷക്കാലത്തെ ഇന്റര്‍നെറ്റ് വളര്‍ച്ചയില്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനത്തിന് മാത്രമേ ഓണ്‍ലൈനില്‍ വാര്‍ത്തകള്‍ വായിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. 2019 അവസാനിക്കുമ്പോള്‍ 504 മില്യന്‍ ആളുകളാണ് ഇന്ത്യയില്‍ പതിവായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ വായിച്ചത്. 2020ല്‍ ജനസംഖ്യയുടെ നാല്‍പത് ശതമാനം ഓണ്‍ലൈനിലെത്തിക്കഴിഞ്ഞു. കേരളത്തിലെ കണക്കുകളെക്കുറിച്ച് കൂടുതല്‍ അക്കാദമിക പഠനങ്ങള്‍ വരേണ്ടതാണെങ്കിലും ഓണ്‍ലൈനില്‍ പതിവായി വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവര്‍ ദേശീയ ശരാശരിയെക്കാള്‍ എത്രയോ മുകളില്‍ വരും.
ഈയൊരു പശ്ചാത്തലത്തിലാണ് കൂടുതല്‍ നല്ല ഉള്ളടക്കവും കൂടുതല്‍ മികച്ച ദൃശ്യഭംഗിയുമായി മലയാളത്തിലെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ലോകത്തുടനീളമുള്ള മലയാളികള്‍ക്ക് നിത്യാനുഭവമായി മാറുന്നത്. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇത്രമേല്‍ മാധ്യമസാന്ദ്രതയുള്ള മലയാളത്തിലെ ഓണ്‍ലൈന്‍ സാന്നിധ്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി എനിക്ക് തോന്നിയ ന്യൂസ് പോര്‍ട്ടലുകളില്‍ ട്രൂകോപ്പി തിങ്ക്, അഴിമുഖം, ഡ്യൂള്‍ ന്യൂസ്, സൗത്ത് ലൈവ്, ഏഷ്യാവില്‍ എന്നിവ മുന്നിട്ടുനില്‍ക്കുന്നു. തീര്‍ത്തും വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണിത്. വായനക്കാരുടെ/ പ്രേക്ഷകരുടെ അഭിരുചിയും വിശ്വാസവും രാഷ്ട്രീയവുമനുസരിച്ച് തീര്‍ച്ചയായും ഇത് വ്യത്യസ്തമാകും. ഈ ന്യൂസ് പോര്‍ട്ടലുകള്‍ സമ്മാനിച്ച വായനാനുഭവമാണ് ഈ തിരഞ്ഞെടുപ്പ് സാധ്യമാക്കിയതെങ്കിലും പ്രിന്റ് മീഡിയ മലയാളികള്‍ക്ക് വര്‍ഷങ്ങളായി നല്‍കിക്കൊണ്ടിരിക്കുന്നതില്‍ നിന്ന് എത്രയോ വ്യത്യസ്തമായ അനുഭവങ്ങളാണ് ഈ പോര്‍ട്ടലുകള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.
ഈയര്‍ഥത്തില്‍ വളരെ മുന്നോട്ടുപോയ ഡിജിറ്റല്‍ അനുഭവമാണ് 2020 ഏപ്രിലില്‍ ആരംഭിച്ച ട്രൂകോപ്പി തിങ്ക്. സമകാലിക വിഷയങ്ങളെ ആഴത്തില്‍ സമീപിക്കുകയും മാസങ്ങള്‍ക്കുള്ളില്‍ മലയാള സാഹിത്യത്തെയും ഭാഷയെയും പുതിയ ഭാവുകത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്ത സമഗ്രമായ ഒരു ഓണ്‍ലൈന്‍ അനുഭവമാണ് ട്രൂകോപ്പി തിങ്ക്. പുതിയ കാലത്തെ ദൃശ്യചാരുതയും വാര്‍ത്തയും സാഹിത്യവും കലയും രാഷ്ട്രീയവും ഫിലോസഫിയും ശാസ്ത്രവും വിനോദവും ഉള്‍പ്പെടുത്തി ഗംഭീരമായ ഉള്ളടക്കം. എസ്. ഹരീഷിന്റെ മീശ എന്ന നോവലിനെ ചുറ്റിപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിനുള്ളിലുണ്ടായ വിവാദത്തെ തുടര്‍ന്ന് രാജിവെച്ച കമല്‍റാം സജീവാണ് ട്രൂകോപ്പിയുടെ തലപ്പത്ത്. ആഴ്ചപ്പതിപ്പില്‍ നിന്നിറങ്ങിയ അദ്ദേഹം വെറുതെയിരിക്കുകയായിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെഴിവ് കൂടിയാണ് ട്രൂകോപ്പി തിങ്കിന്റെ മികവ്. ആഴ്ചപ്പതിപ്പുകള്‍ വായിക്കുന്നതിനേക്കാള്‍ മികച്ച വായനാനുഭവമാണ് ഈ പുതിയ പോര്‍ട്ടല്‍ എന്ന് നിസംശയം പറയാം. എത്ര മനോഹരമായാണ് ട്രൂകോപ്പി വിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വലിയ തയാറെടുപ്പുകളോടെ, കൃത്യമായ ഗൃഹപാഠം ചെയ്ത് തുടങ്ങിയ ആവിഷ്‌കാരം. ഒരുപക്ഷേ, വലിയ ബഹളങ്ങളോടെ സംപ്രേഷണം ആരംഭിക്കുന്ന വന്‍കിട ന്യൂസ് ചാനലുകള്‍ക്ക് പോലും തരാന്‍ കഴിയാത്ത ഫീലിംഗ് ഈ പുതിയ ഓണ്‍ലൈന്‍ അനുഭവത്തിന് സമ്മാനിക്കാന്‍ ശേഷിയുണ്ട്. കഥയും കവിതയുമെല്ലാം പുതിയ കാലത്തിനനുസരിച്ച് ആവിഷ്‌കരിച്ചിട്ടുണ്ട്; കേള്‍ക്കാനും കാണാനും പാകത്തില്‍. ഒപ്പം, വൈവിധ്യമാര്‍ന്ന വിഷയങ്ങളും. മാതൃഭൂമിയില്‍ തന്നെയുണ്ടായിരുന്ന മനില സി മോഹന്‍ ആണ് ചീഫ് എഡിറ്റര്‍. അവരുടെ മുന്‍കൈയില്‍ തന്നെ തയാറാക്കുകയും അടുത്തിടെ പുറത്തുവിടുകയും ചെയ്ത മീഡിയ ക്രിട്ടിക് വായനക്കാര്‍ക്ക് തീര്‍ത്തും പുതിയ അനുഭവമായി. വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയ ഒരു റിട്രീറ്റ്. മൂന്ന് മാസക്കാലത്തെ കോവിഡ് രചനകള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഓണ്‍ലൈന്‍ പഠനത്തെക്കുറിച്ചുള്ള തിങ്ക് ബുക്ക്, സ്ത്രീകള്‍, ദളിതര്‍, കര്‍ഷകര്‍ എന്നിവര്‍ക്കൊപ്പമുള്ള ക്യാംപയിനുകള്‍, വിവിധ വിഷയങ്ങളിലുള്ള അപൂര്‍വമായ അഭിമുഖ സംഭാഷണങ്ങള്‍, സാഹിത്യ നിരൂപണങ്ങള്‍, വിമര്‍ശനങ്ങള്‍ തുടങ്ങി വായന ഗൗരവത്തോടെ സമീപിക്കുന്ന ഏതൊരു മലയാളിക്കും ഈ പുതിയയിടം ഇഷ്ടമാകും. വൃദ്ധരുടെ ജീവിതകഥകള്‍ പറയുന്ന ഗ്രാന്റ് സ്റ്റോറീസ് മികച്ചതായി തോന്നി. എല്ലാം ഒന്നിനൊന്ന് ജീവനുള്ള വിഭവങ്ങള്‍. വായനാ സുഖമുള്ള ഡിസൈനും അവതരണവും. ഒരുപക്ഷേ, സമീപഭാവിയില്‍ വിപ്ലവകരമായ പലതും മലയാളി സമൂഹത്തിന് സംഭാവന ചെയ്തേക്കാന്‍ സാധ്യതയുള്ള നവ്യാനുഭവമാണ് ട്രൂകോപ്പി തിങ്ക്.
പത്ത് വര്‍ഷത്തിലധികമായി ഓണ്‍ലൈനില്‍ നിറസാന്നിധ്യമാണ് ഡ്യൂള്‍ ന്യൂസ്. മൊബൈല്‍ ഫോണിലോ കംപ്യൂട്ടറിലോ ഓണ്‍ലൈനായാല്‍ ആദ്യം തുറക്കുന്നത് ന്യൂസ് പോര്‍ട്ടല്‍. വാര്‍ത്തകളുടെ ഏറ്റവും പുതിയ അപഡേറ്റുകള്‍, മറ്റെവിടെയും കാണാത്ത ചില എക്സ്‌ക്ലൂസീവ് ഉള്ളടക്കങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഓണ്‍ലൈന്‍ മാധ്യമം. കേരളത്തിലെ ഇടതുപക്ഷത്തോട് ഏറെ അനുഭാവം പുലര്‍ത്തുന്ന വിശകലനങ്ങളും വേറിട്ട അഭിമുഖങ്ങളും സംഘ്പരിവാര്‍ വിരുദ്ധ ലേഖനങ്ങളും കൊണ്ട് ശ്രദ്ധേയമാണ് ഡ്യൂള്‍ ന്യൂസ്. മലയാളികളുടെ ജീവിതത്തിന് നേരെ പിടിച്ച കണ്ണാടിയാണ് പലപ്പോഴും ഈ ന്യൂസ് പോര്‍ട്ടല്‍. ദളിതരെക്കുറിച്ച്, ന്യൂനപക്ഷങ്ങളെക്കുറിച്ച്, മത്സ്യത്തൊഴിലാളികളെക്കുറിച്ച്, ഓട്ടോ ഡ്രൈവര്‍മാരെക്കുറിച്ച് സംസാരിച്ചു ഡ്യൂള്‍ ന്യൂസ്. അരികുവത്കരിക്കപ്പെട്ടവരെക്കുറിച്ച് ഇത്രമേല്‍ സംസാരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അപൂര്‍വമാണ്.
ഏറെ ശ്രദ്ധേയമായ മറ്റൊരു ന്യൂസ് പോര്‍ട്ടലാണ് അഴിമുഖം. നിലവാരമുള്ള ഉള്ളടക്കവും മികച്ച വിശകലനങ്ങളും നിലപാടുള്ള ലേഖനങ്ങളും കൊണ്ട് മികച്ച വായനാനുഭവം സമ്മാനിക്കുന്ന ഓണ്‍ലൈന്‍ സാന്നിധ്യം. രാഷ്ട്രീയ വിമര്‍ശനങ്ങളാണ് ഏറെ ശ്രദ്ധേയം. പരമാവധി ലളിതമായ ഭാഷയും ശക്തമായ ഉള്ളടക്കകവും നിലനിര്‍ത്തുന്നതില്‍ അഴിമുഖം പത്രാധിപന്മാര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. എല്ലാ ജനവിഭാഗങ്ങളുടെയും ശബ്ദങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അഴിമുഖവും ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. രാജ്യം നേരിടുന്ന ജനകീയ പ്രശ്നങ്ങളെ ചര്‍ച്ചയാക്കുകയും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്യുന്നു അഴിമുഖം.
സൗത്ത് ലൈവ് ലോകത്തുടനീളമുള്ള മലയാളികള്‍ ആശ്രയിക്കുന്ന മികച്ച ന്യൂസ്പോര്‍ട്ടലാണ്. വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യം. വ്യാജവാര്‍ത്തകളുടെ പേമാരിക്കാലത്ത് ആധികാരിക വാര്‍ത്തകളുടെ കൃത്യമായ വിന്യാസമാണ് സൗത്ത് ലൈവിന്റെ പ്രത്യേകത. 65 രാഷ്ട്രങ്ങളിലായി ഇന്ത്യക്കാര്‍ നിയന്ത്രിക്കുന്ന 265 ന്യൂസ് വെബ്സൈറ്റുകളുണ്ടെന്നാണ് 2019 ഡിസംബറില്‍ ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. മലയാളത്തില്‍ ഒട്ടും കുറവല്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണക്കാനും രാഷ്ട്രീയ ശത്രുക്കളെ കരിവാരിത്തേക്കാനുമായി മാത്രം മലയാളത്തില്‍ പരശ്ശതം പോര്‍ട്ടലുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൗത്ത് ലൈവ് വ്യത്യസ്തമാകുന്നത്.
മാധ്യമപ്രവര്‍ത്തനത്തെ പുതുക്കിപ്പണിത് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ കരുത്തുറ്റ ഉള്ളടക്കത്തോടെയാണ് ഏഷ്യാവില്‍ ഓണ്‍ലൈനില്‍ സജീവമാകുന്നത്. ഏഷ്യാനെറ്റ് സ്ഥാപകനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ശശികുമാറാണ് ഏഷ്യാവില്ലിന്റെ സ്ഥാപകന്‍. തീര്‍ത്തും പുതുമയുള്ള ഉള്ളടക്കവും അവതരണവും. കീറിമുറിക്കുന്ന വിശകലനങ്ങളും രാഷ്ട്രീയ ചര്‍ച്ചയും കൊണ്ട് മറ്റുള്ള ന്യൂസ്പോര്‍ട്ടലുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തം. ഇംഗ്ലീഷ് പോര്‍ട്ടലുകളുടെ മാതൃകയില്‍ മികച്ച രൂപകല്‍പനയും വായനാസുഖവും. സക്കറിയയുടെ കോളം ഏറെ മികച്ചുനില്‍ക്കുന്നു. ഒരാഴ്ചത്തെ പ്രധാന വാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ആതിര മാധവിന്റെ എന്തുണ്ട് വിശേഷം രസകരമാണ്. രാഷ്ട്രീയത്തോടൊപ്പം വിദ്യാഭ്യാസത്തിനും വിനോദത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്നു, ഏഷ്യാവില്‍.
ചുരുക്കത്തില്‍, മികച്ച വായനാനുഭവങ്ങള്‍ സമ്മാനിച്ചാണ് ഇത്തരം ന്യൂസ് പോര്‍ട്ടലുകള്‍ ഓരോ ദിവസവും മലയാളികളുടെ മുന്നിലെത്തുന്നത്. അതേസമയം, മലയാളികള്‍ എത്രത്തോളം ഇത്തരം ഒണ്‍ലൈന്‍ പരീക്ഷണങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ ചോദ്യം.

Share this article

About യാസര്‍ അറഫാത്ത് നൂറാനി

yaazar.in@gmail.com

View all posts by യാസര്‍ അറഫാത്ത് നൂറാനി →

Leave a Reply

Your email address will not be published. Required fields are marked *