പ്രതീക്ഷയുടെ ആലിംഗനം

Reading Time: 3 minutes

സഊദി അറേബ്യയിലെ ചരിത്രപ്രസിദ്ധമായ അല്‍ ഉല അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷിയായിരിക്കുകയാണ്. മൂന്നര വര്‍ഷം നീണ്ട പിണക്കവും ഉപരോധവും ബഹിഷ്‌കരണവുമെല്ലാം ഗള്‍ഫ് രാജ്യങ്ങളിലെ രണ്ട് യുവ ഭരണകര്‍ത്താക്കളുടെ ആശ്ലേഷണത്തില്‍ അലിഞ്ഞില്ലാതായി. ആശ്വാസത്തിന്റെ ഒരു വലിയ നിശ്വാസം കൂടിയാണ് ഗള്‍ഫ് മേഖലക്കുണ്ടായത്. ഗള്‍ഫ് മേഖലയിലെ തദ്ദേശീയരുടെയും വിദേശീയരുടെയും ജീവിതം തന്നെ മാറിമറിയുന്നതാകും ഈ പുനഃസമാഗമം എന്നാണ് കരുതപ്പെടുന്നത്; കേരളക്കരയിലെ അടുക്കളകള്‍ക്ക് പോലും.
പൊതുവെ ഇന്ധന വിലയിലെ അസ്ഥിരതയും ജനസംഖ്യയിലെ വ്യതിയാനവും പരമ്പരാഗത സാമ്പത്തിക സ്രോതസുകളെ ആശ്രയിച്ചുള്ള ഗള്‍ഫ് സമ്പദ്ഘടനക്ക് വലിയ ആഘാതമാണ് കുറച്ചുകാലമായി സൃഷ്ടിക്കുന്നത്. ഒരു ദശകം മുമ്പുള്ള ലോക സാമ്പത്തിക പ്രതിസന്ധിയും അതിന് ശേഷമുണ്ടായ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും ഐ എസിന്റെ ആവിര്‍ഭാവവുമെല്ലാം വലിയ സാമ്പത്തിക ക്ലേശങ്ങളാണ് മേഖലയിലാകമാനം പൊതുവെയും ഗള്‍ഫ് രാജ്യങ്ങളില്‍ പ്രത്യേകിച്ചുമുണ്ടാക്കിയത്. പരമ്പരാഗത ഊര്‍ജ സ്രോതസുകളില്‍ മാത്രം അവലംബിച്ചുള്ള സാമ്പത്തിക ആസൂത്രണം മതിയാകില്ലെന്ന ക്രാന്തദര്‍ശികളായ ഭരണാധികാരികളുടെ ഉറച്ച തീരുമാനത്തിന്റെ ഫലമായി ഗള്‍ഫ് രാജ്യങ്ങളെല്ലാം നവംനവങ്ങളായ സാമ്പത്തിക സ്രോതസുകള്‍ വികസിപ്പിക്കുന്ന ഘട്ടത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അകല്‍ച്ച മറനീക്കി പുറത്ത് വന്നത്. 2017 ജൂണ്‍ അഞ്ചനായിരുന്നു ഖത്തറുമായുള്ള നയതന്ത്ര വിലക്കിന് തുടക്കം. ഗള്‍ഫ് രാജ്യങ്ങളിലെ പ്രബലരായ സഊദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള മുഴുവന്‍ ബന്ധവും വിച്ഛേദിച്ചതോടെ ജീവിതങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും നയതന്ത്ര കാര്യാലയങ്ങള്‍ക്ക് താഴ് വീഴുകയും ചരക്ക് ഗതാഗതം പോലും നിഷേധിക്കപ്പെടുകയും ചെയ്തത് വല്ലാത്തൊരു ആന്തലോടെയാണ് ഗള്‍ഫ് ജനത നോക്കിക്കണ്ടത്. ഉപരോധത്തിന്റെ തിക്തഫലങ്ങള്‍ ഖത്തര്‍ മാത്രമല്ല എല്ലാ രാജ്യങ്ങളും അനുഭവിച്ചു. കയറ്റുമതി ഇറക്കുമതി ഹബ്ബുകളായ തുറമുഖങ്ങളില്‍ ബിസിനസ് കുറഞ്ഞു. ട്രാവല്‍ ടൂറിസ്റ്റ് മേഖലക്ക് പ്രതിസന്ധി അനുഭവപ്പെട്ടു. ഖത്തറിന്റെ ഏക കരമാര്‍ഗമുള്ള അതിര്‍ത്തിയായ സല്‍വ അടച്ചതോടെ ഉംറ തീര്‍ഥാടനം പോലും നിലച്ചു. വിമാനം വഴി ഉംറ തീര്‍ഥാടനം പിന്നീട് സാധ്യമായെങ്കിലും സാധാരണ പ്രവാസികളെ സംബന്ധിച്ചിടത്തോളം അത് വിഷമകരമായിരുന്നു. 1000-1500 റിയാലിന് ഉംറ സാധ്യമായിടത്ത് കണക്ടിംഗ് ഫ്‌ളൈറ്റില്‍ ഉംറ ചെയ്യുന്നതിന് സാധാരണ പ്രവാസികള്‍ മുണ്ട് മുറുക്കിയുടുക്കേണ്ടി വന്നു. വിവിധ രാജ്യങ്ങളിലേക്ക് ചരക്ക് കൊണ്ടുപോയിരുന്ന ട്രക്കുകള്‍ക്ക് അനിശ്ചിതകാലത്തേക്ക് വിശ്രമിക്കേണ്ടതായി വന്നു. ഇത്തരം ട്രക്ക് ഡ്രൈവര്‍മാര്‍ പ്രതിസന്ധിയിലായി.
എന്നാല്‍, ഇതിനെല്ലാം അറുതിയായിരിക്കുകയാണ് ഇപ്പോള്‍. സാമ്പത്തിക രംഗം പുഷ്ടിപ്പെടുമെന്നതാണ് പ്രാഥമികമായി ഈ ഒന്നാകലിന്റെ നേട്ടം. തുറമുഖങ്ങള്‍, യാത്ര വിനോദസഞ്ചാരം, ആരോഗ്യം, ഇവന്റ് മാനേജ്‌മെന്റ് തുടങ്ങി രാജ്യങ്ങള്‍ക്കിടയിലെ സുഗമമായ സഞ്ചാരം ആവശ്യമായ വിവിധ മേഖലകള്‍ക്ക് വളര്‍ച്ചയുടെ ഊര്‍ജം സംഭരിക്കാന്‍ വഴിവെക്കും. പാതിവഴിയില്‍ നിലച്ചുപോയ പല സംരംഭങ്ങളും വീണ്ടും തളിര്‍ക്കും. പ്രത്യേകിച്ചും കൊവിഡ് 19 കാലത്ത് പ്രതിസന്ധി വരിഞ്ഞുമുറുക്കുന്ന ഘട്ടത്തില്‍. ഇന്ധനവിലയിലെ ചാഞ്ചാട്ടവും മറ്റും കാരണം പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുന്ന രാജ്യങ്ങള്‍ക്ക് ഇടിത്തീ ആയിരുന്നു കോവിഡ് മഹാമാരി. മനുഷ്യ ജീവിതം തന്നെ മാസങ്ങളോളം പാതിവഴിയില്‍ നിശ്ചലമായത് വലിയ സാമ്പത്തിക പ്രഹരമാണ് സമൂഹത്തിനും രാജ്യങ്ങള്‍ക്കും സൃഷ്ടിച്ചത്.
അത്തരം പ്രതിസന്ധികളെ കുടഞ്ഞെറിയാനുള്ള ഒരു ശ്രമം കൂടിയായി ഈ പുനഃസമാഗമത്തെ കാണാം. ജീവിതത്തെക്കാള്‍ പ്രധാനമല്ലല്ലൊ പിണക്കങ്ങള്‍. ജനതയുടെ സുഗമമായ ജീവിതം ഉറപ്പുവരുത്തേണ്ട വലിയ ബാധ്യത തങ്ങള്‍ക്കുണ്ടെന്ന ഉത്തമബോധ്യമുള്ള ഭരണകര്‍ത്താക്കള്‍ എല്ലാ സാധ്യതകളും പയറ്റുമ്പോള്‍ പിണക്കങ്ങളെ മാറ്റിനിര്‍ത്തേണ്ടതില്ലല്ലൊ. അതുകൊണ്ടുതന്നെയാണ് എല്ലാ ഭരണകര്‍ത്താക്കളും ഇതൊരു വീട്ടുകലഹം മാത്രമായി കണ്ടാല്‍ മതിയെന്ന് ആവര്‍ത്തിച്ച് പറയുന്നത്. ചില കലഹങ്ങള്‍ പെട്ടെന്ന് തീരും. മറ്റുചിലതിന് സമയമെടുക്കുമെന്ന യു എ ഇ മന്ത്രി ഡോ.അന്‍വര്‍ ഗര്‍ഗാഷിന്റെ വാക്കുകളിലുണ്ട് എല്ലാം.
അനുരഞ്ജന പ്രക്രിയകള്‍ക്കും മധ്യസ്ഥ ശ്രമങ്ങള്‍ക്കും പേരുകേട്ട ഗള്‍ഫ് രാജ്യങ്ങളുടെ യശസും തര്‍ക്കങ്ങള്‍ സ്വന്തം അതിര്‍ത്തിക്കുള്ളില്‍ തന്നെ പറഞ്ഞുതീര്‍ക്കാമെന്ന ആത്മവിശ്വാസവും ഉയര്‍ത്തുന്നത് കൂടിയാണ് അല്‍ ഉലയില്‍ കണ്ടത്. പ്രശ്‌നങ്ങളുണ്ടാകുക സ്വാഭാവികമാണ്. പക്ഷേ, അത് പറഞ്ഞുതീര്‍ത്ത് സമ്യക്കായ പരിഹാരം കൊണ്ടുവരിക പലപ്പോഴും ശ്രമകരവും കാലദൈര്‍ഘ്യമുണ്ടാക്കുന്നതുമാണ്. പ്രത്യേകിച്ച് ബന്ധങ്ങള്‍ അറുത്തുമുറിച്ചു മാറ്റുന്ന പശ്ചാത്തലത്തില്‍. കശ്മീരിനെ ചൊല്ലിയുള്ള ഇന്ത്യ- പാക് തര്‍ക്കം തന്നെ എത്ര വര്‍ഷമായി? എത്ര യുദ്ധങ്ങള്‍ നടന്നു? എത്രയെത്ര ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു? എത്ര ശതകോടികള്‍ ഒഴുക്കി? കശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ഒഴുക്കിയ ട്രില്യന്‍ കണക്കിന് പണം ഉണ്ടായിരുന്നെങ്കില്‍ ജനകോടികള്‍ മുഴുപ്പട്ടിണിയിലും അര്‍ധ പട്ടിണിയിലുമാകുമായിരുന്നോ? കൂണുപോലെ ചേരികള്‍ ഉണ്ടാകുമായിരുന്നോ? പഠിക്കേണ്ട പ്രായത്തില്‍ ചോര നീരാക്കുന്ന കുട്ടികളെ കാണേണ്ടി വരുമായിരുന്നോ? പ്രാഥമിക നിര്‍വഹണത്തിന് പോലും വെളിമ്പ്രദേശങ്ങളെ ആശ്രയിക്കേണ്ട കോടിക്കണക്കിന് ജനതയുണ്ടാകുമായിരുന്നോ? ഒരു കക്കൂസ് പോലും ജനകോടികളുടെ സ്വപ്‌നമായി അവശേഷിക്കുമായിരുന്നോ?
ചില പ്രശ്‌നങ്ങള്‍ വല്ലാതെ കാലപ്പഴക്കം നേരിട്ടാല്‍ സംഭവിക്കുന്ന ഭവിഷ്യത്തുക്കള്‍ക്ക് ഉത്തമ നിദര്‍ശനമാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും അനുഭവം. എന്നാല്‍ അത്തരത്തിലുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ നിരന്തരം പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ച കുവൈത്ത്, ഒമാന്‍ ഭരണാധികാരികളെ ഇവിടെ സ്മരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് ജാബിര്‍ അല്‍ സബാഹിന്റെ യത്‌നം. ഭിന്നത മറന്ന് ഗള്‍ഫ് ഭരണാധികാരികള്‍ വീണ്ടും മുസാഫഹത് ചെയ്യുന്നതിന് സാക്ഷിയാകാനുള്ള ഭാഗ്യം പക്ഷേ കുവൈത്ത് അമീറിനും ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനുമുണ്ടായില്ല. ഒരുവേള സൈനികമായ നടപടികളിലേക്ക് പോലും പോകുമെന്ന് ആശങ്ക ഭക്ഷിച്ചിരുന്ന ഘട്ടത്തില്‍ താമസംവിനാ മാധ്യസ്ഥ ശ്രമവുമായി ചുറുചുറുക്കോടെ ഓടിനടന്ന ഗള്‍ഫ് മേഖലയിലെ പ്രായംചെന്ന ഭരണാധികാരി കുവൈത്ത് അമീര്‍ ശൈഖ് സബാഹിനെ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും പ്രവാസികള്‍. ഇന്ത്യക്കാരെ ഖത്തറില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയിലെത്തിക്കുമെന്നും മറ്റുമുള്ള സംസാരങ്ങള്‍ സാധാരണ പ്രവാസികളുടെ തീന്‍സുപ്രയില്‍ സജീവമായിരുന്നു ആ റമസാന്‍ കാലത്ത്. വേനല്‍ക്കാലത്തിനൊപ്പം ഇത്തരമൊരു ആശങ്കയുടെ കരിമ്പടം കൂടിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുകളിലുണ്ടായിരുന്നത്. കുവൈത്ത് സിറ്റിയില്‍ നിന്ന് റിയാദിലേക്കും അബുദബിയിലേക്കും ദോഹയിലേക്കും എത്രതവണ ആ സമയങ്ങളില്‍ ശൈഖ് സബാഹ് പറന്നു. ഭരണാധികാരികളെ നേരില്‍ കണ്ട് സമാധാനദൂത് കൈമാറി. ഒരുപക്ഷേ വലിയൊരു വിള്ളലില്‍ നിന്ന് മേഖലയെ തന്നെ രക്ഷിച്ചത് അദ്ദേഹത്തിന്റെ ഇടപെടല്‍ ആയിരിക്കാം. വിടപറഞ്ഞ ഒമാന്റെ പ്രിയ സുല്‍ത്താനെയും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. അനുരഞ്ജന ശ്രമങ്ങള്‍ക്ക് പേരുകേട്ട സുല്‍ത്താന്റെ ഇടപെടല്‍ ഈ വിഷയത്തിലുമുണ്ടായി. ഒത്തുതീര്‍പ്പിന് പരമാവധി ശ്രമിച്ചു.
ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ അതിര്‍ത്തിക്കുള്ളില്‍ തന്നെ പരിഹരിക്കാനും വന്‍ശക്തികളുടെ പൂര്‍ണ ഇടപെടല്‍ ഒഴിവാക്കാനും സാധിച്ചത് നേട്ടം തന്നെയാണ്. ചേരിതിരിഞ്ഞിരിക്കുന്ന ലോക ശക്തികളുടെ കൈകളിലേക്ക് പൂര്‍ണമായും കാര്യങ്ങളെത്തുന്നത് വ്രണത്തില്‍ മുളക് പുരളുന്നതിനേ ഇടയാക്കൂവെന്നത് സിറിയ, ലിബിയ പോലുള്ള രാജ്യങ്ങള്‍ ജീവിക്കുന്ന തെളിവുകളായി മുന്നിലുണ്ട്. പ്രശ്‌ന പരിഹാരത്തെക്കാള്‍ ശക്തി തെളിയിക്കലാകും ഇത്തരം ഘട്ടങ്ങളിലുണ്ടാകുക. എന്നാല്‍, യുഎസിന്റെ പ്രത്യേകിച്ച് ട്രംപ് ഭരണകൂടത്തിന്റെ പ്രത്യേക താത്പര്യം ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിലുണ്ടായിരുന്നു എന്നുവേണം കരുതാന്‍. തിരഞ്ഞെടുപ്പായിരുന്നു ലക്ഷ്യമെന്ന ആക്ഷേപങ്ങളുണ്ടെങ്കിലും ഖത്തറുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം പൂര്‍വസ്ഥിതിയിലാകാന്‍ ട്രംപ് ഭരണകൂടം ശുഷ്‌കാന്തി പ്രകടിപ്പിച്ചിരുന്നു. ഒരുവേള യുദ്ധമുണ്ടാകുമെന്ന് കരുതിയ ഉത്തര കൊറിയക്ക് ഹസ്തദാനം ചെയ്യാന്‍ അമേരിക്കക്ക് സാധിച്ചത് ഓര്‍ക്കുക. എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ഏത് സര്‍ക്കാറായാലും അമേരിക്ക ശ്രദ്ധിക്കാറുണ്ട്. മേഖലയിലെ പലവിധ അപ്രമാദിത്വങ്ങളാണ് കാരണമെങ്കിലും അതിന്റെ നേട്ടം ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുണ്ടാകാറുമുണ്ട്. അമേരിക്കയെ പിണക്കിയുള്ള സമീപനം ജി സി സിക്കില്ല.
മേഖലയില്‍ ഒത്തൊരുമയുടെയും പങ്കുവെക്കലിന്റെയും ഭൂമിക വിശാലമാകുമോയെന്നും ലോകം ഉറ്റുനോക്കുന്നുണ്ട്. കൂടുതല്‍ രാജ്യങ്ങളുമായി കൈകോര്‍ക്കാനുള്ള സാധ്യത വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. വിദ്വേഷവും ചിരകാല ശത്രുതയും മുരടിപ്പ് മാത്രമേ നല്‍കൂവെന്നും വളര്‍ച്ചയിലേക്ക് കുതിക്കാന്‍ സൗഹൃദവും സമാധാനവും അനിവാര്യമാണെന്നുമുള്ള തിരിച്ചറിവ് കൈവന്ന ഘട്ടത്തിലാണ് ഈയൊരു ചിന്ത ഉദിക്കുന്നത്. അതിന് ഒരുപക്ഷേ ഇനിയും കാലങ്ങള്‍ വേണ്ടിവന്നേക്കാം. എങ്കില്‍ തന്നെയും ആയൊരു സാധ്യത തള്ളിക്കളയാവതല്ല. പറ്റുന്നിടത്തോളം കൈകോര്‍ക്കുക എന്ന നയം രാജ്യതന്ത്രജ്ഞതയുടെ ഡിഎന്‍എ ആയി മാറുന്ന ഒരു കാലഘട്ടം കൂടിയാണിത്. എന്തായാലും പുതിയ പുലരികള്‍ സമാധാനത്തിന്റെയും അതുവഴിയുള്ള വളര്‍ച്ചയുടേതാകുമെന്ന് ആശ്വസിക്കാം.

Share this article

Leave a Reply

Your email address will not be published. Required fields are marked *