2020: പ്രവാസ വര്‍ഷം

Reading Time: 5 minutes

‘മതിയായി, ഇനി ഈ വാസം അവസാനിപ്പിക്കുകയാണ്. ബാക്കിയുള്ള കാലം കുടുംബത്തോടൊത്ത് ഉള്ള കഞ്ഞിയും കുടിച്ച് കഴിയണം’, എന്നത് ഓരോ അവധിക്കാലമടുക്കുമ്പോഴും മനസിലൂടെ മിന്നായം തീര്‍ക്കാത്ത ഗള്‍ഫുകാരനുണ്ടാകില്ല. ചിലരത് പറഞ്ഞു കൊണ്ടേയിരിക്കും. പലരും നിവൃത്തികേടുകൊണ്ട് ഉള്ളിലൊതുക്കി തുടരും. എന്നാല്‍ ഇങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞ് അവസാനം ഉറപ്പിച്ചൊരു തീരുമാനവും എടുത്ത് സുഹൃത്തുക്കളെയും കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞിറങ്ങിയവര്‍ അധികം വൈകാതെ തിരിച്ചു വരുന്ന കാഴ്ചയും പ്രവാസ ലോകത്ത് സാധാരണമാണ്. പറഞ്ഞു വരുന്നത് അതല്ല, ഇത്തരം അഭിശപ്തതയുടെ ജീവിതാവസ്ഥകളിലൂടെ കടന്നു പോകാത്തവര്‍ പോലും ഒരോ പുതുവര്‍ഷം സമാഗതമാകുമ്പോഴും ഒരു നിശ്വാസം പോലെ ഉരുവിടുന്ന ഒന്നുണ്ട്. ജീവിതത്തിലെ ഓരോ പുതുവര്‍ഷവും പ്രവാസിയായി പുലരുമ്പോള്‍ അടുത്ത കൊല്ലമെങ്കിലും നാട്ടില്‍ ഒരു നല്ല വര്‍ഷത്തെ വരവേല്‍ക്കാനാകുമോ എന്ന വിചാരമാണത്. ആഘോഷങ്ങളുടെ പൊലിമക്ക് വേണ്ട നിറച്ചാര്‍ത്തുകള്‍ നാട്ടിലായത് കൊണ്ടല്ല, മറിച്ച്, പ്രവാസിയുടെ മനസും നാടും തമ്മില്‍ അത്രമേല്‍ ബന്ധപ്പെട്ട് കിടക്കുന്നു എന്നത് കൊണ്ടാണത്. ആ തോന്നലിന് ശക്തി പ്രാപിച്ച കാലമായിരുന്നു ഇക്കഴിഞ്ഞ വര്‍ഷം. എങ്ങനെയെങ്കിലും ഒന്ന് നാട്ടിലെത്തിയെങ്കില്‍ എന്ന് ആരും ആഗ്രഹിച്ച കാലം.
ആയുസിലെ ഓരോ വര്‍ഷം തീരുമ്പോഴും അവ ജീവിതത്തില്‍ തങ്ങി നില്‍ക്കുക പല കാരണങ്ങള്‍ കൊണ്ടാകും. എന്നാല്‍ മനുഷ്യന്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത വര്‍ഷമായിരിക്കും 2020. കോവിഡെന്ന മഹാമാരി വരിഞ്ഞുമുറുക്കിയ പരിസരങ്ങളില്‍ ശരിക്കും ജീവനും മരണത്തിനുമിടയില്‍ എന്തുചെയ്യണമെന്നറിയാതെ കുടുങ്ങിപ്പോയ അവസ്ഥയാണ് പ്രവാസിക്ക് ഉണ്ടായത്. സകല സാങ്കേതിക സംവിധാനങ്ങളും പകച്ചു നില്‍ക്കുകയോ നിലക്കുകയോ ചെയ്ത വല്ലാത്ത സമയം. ഇന്നും പൂര്‍ണമായി അതിജീവനം സാധ്യമായിട്ടില്ല. എന്നാല്‍ ജനം പതിയെ പുതുസാധാരത്വത്തെ ഉള്‍ക്കൊണ്ടതോടെ ഒരു താദാത്മ്യം സാധ്യമാകുകയും യാഥാര്‍ഥ്യ ബോധത്തിലേക്ക് പൊതുവേ തിരിച്ചുവരുകയും ചെയ്തിട്ടുണ്ട്.
പോയവര്‍ഷം എല്ലാവരും എടുത്തു പറയുകയും, തീരാതെ തുടരുകയും ചെയ്യുന്ന കോവിഡനുഭവങ്ങളുടെ വെറുങ്ങലിപ്പുകള്‍ക്കൊപ്പം പ്രവാസിയുടെ ജീവിതത്തില്‍ ഉണ്ടായ ഒരു മറുവശമുണ്ട്. അത് പുതിയ തലമുറയിലെ പ്രവാസികള്‍ പറഞ്ഞു കേട്ട ആദ്യകാല പ്രവാസ അനുഭവങ്ങളുടെ പുനര്‍ജനി ഉണ്ടായി എന്നതാണ്. നേരെ ചൊവ്വെ പറഞ്ഞാല്‍ ഗള്‍ഫിനെക്കുറിച്ചു തഴമ്പിച്ച കുറെയധികം കഥകള്‍ യാഥാര്‍ഥ്യത്തില്‍ പുതിയ കാലത്തെ കൂടി അനുഭവമായി. പഴയ ഗള്‍ഫ് അനുഭവങ്ങളില്‍ നിരന്തരം നിറഞ്ഞു നിന്നിരുന്ന വിരഹത്തിന്റെയും, അരക്ഷിതാവസ്ഥയുടെയും, കരുതിയ പോലെ യാത്ര ചെയ്യാന്‍ കഴിയാത്തതിന്റെയും, ഒരു വേള പട്ടിണിയുടെയും. രോഗാവസ്ഥയുടെയും, എപ്പോള്‍ നാടണയാന്‍ കഴിയുമെന്ന ആധിയുടെയും, ഒറ്റപ്പെടലിന്റെയും ഒക്കെ വര്‍ഷമാണ് കഴിഞ്ഞു പോയത്. ഇതായിരുന്നു പഴയ പ്രവാസ ജീവിതത്തിലും മുന്തി നിന്നത്. ഗള്‍ഫ് പ്രവാസം ശക്തിപ്പെട്ട കാലത്തേക്കുള്ള ശരിയായ മടങ്ങിപ്പോക്ക്.. കണ്ണകന്നിരിക്കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദമൊന്ന് കേള്‍ക്കാന്‍ പുലര്‍ച്ചക്ക് മുമ്പേ എഴുന്നേറ്റ് ടെലിഫോണ്‍ ബൂത്തുകള്‍ക്ക് മുന്നില്‍ ഊഴം കാത്ത് വരി നില്‍ക്കേണ്ട അവസ്ഥ ഉണ്ടായില്ലെന്ന് മാത്രം. സമ്പര്‍ക്കങ്ങള്‍ വിലക്കപ്പെട്ടപ്പോഴും നാട്ടില്‍ പോക്കിന്റെ ഇടവേളകളില്‍ അനിശ്ചിതത്വം നിറഞ്ഞപ്പോഴും ആധുനിക സാങ്കേതിക വിദ്യയുടെ ബലത്തില്‍ വീഡിയോ കോളുകളിലാണ് പിന്നെയവര്‍ ജീവിച്ചത്.
ഈ അവസ്ഥ ചെറുതായൊന്നുമല്ല പ്രവാസിയെ അലട്ടിയത്. ഒരു ചെറിയ സംഭവം പറയാം. കോവിഡിനോട് പൊരുത്തപ്പെടാന്‍ തുടങ്ങി, വിപണിയും തെരുവും തൊഴിലിടങ്ങളും ഉണര്‍ന്നൊരു സായാഹ്നം കൂട്ടുകാരോടൊത്ത് ഒരു മരുഭൂസംഗമം നടക്കുകയാണ്. ഉല്ലാസവും കളിയും ഗൃഹാതുര വര്‍ത്തമാനങ്ങളും ഭക്ഷണവും ഹരം പിടിച്ചിരിക്കുമ്പോഴാണ് ഒരാളുടെ ചോദ്യം, അടുത്ത അവധിക്ക് എന്തായാലും നമുക്കെവിടെയെങ്കിലും ഇതുപോലെ പോയാലോ എന്ന്. കട്ടിയുള്ള കുപ്പായങ്ങള്‍ തുളച്ചു തണുപ്പ് ശരീരത്തിലേക്ക് അരിച്ചെത്തുന്ന നേരത്ത് മരുഭൂമിയിലെ താത്കാലിക ഖൈമയില്‍ കഴിയാനുള്ള അനുഭൂതി അക്ഷരാര്‍ഥത്തില്‍ നുകര്‍ന്നുകൊണ്ടിരിക്കുന്ന ഓരോ പ്രവാസിയും, അതിനെക്കാള്‍ നന്നായി ആസൂത്രണം ചെയ്‌തൊരു യാത്രക്ക് നൂറുവട്ടം സന്നദ്ധമാകേണ്ടതാണ്. അതും ഏറ്റവും പ്രിയപ്പെട്ട കൂടുകാരോടൊത്ത്. എന്നാല്‍ ‘ഇനിയൊരൊഴിവ് കിട്ടുന്ന ആദ്യഘട്ടത്തില്‍ എങ്ങനെയെങ്കിലും നാടുപിടിക്കാന്‍ നോക്കുകയല്ലാതെ നിന്റെയൊരു ട്രിപ്പും പരിപാടിയും!’ എന്ന തിരിച്ചുള്ള മറുപടിയില്‍ എന്തുമാത്രം വ്യഥകളും നാടയാനാകാത്തതിലെ വേദനയും ഒളിഞ്ഞിരിപ്പുണ്ടെന്നോ?
മലയാളിയുടെ പ്രവാസത്തിന് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. ജീവിതമാര്‍ഗം തേടി പോയവരും ഇറങ്ങിപ്പുറപ്പെട്ടവരും ആഗ്രഹിക്കാതെ എത്തിപ്പെട്ടവരും ഈ കൂട്ടത്തിലുണ്ടാകും. പ്രവാസം ശക്തിപ്പെട്ട കാലത്ത് അത്ര കരുതിയല്ലാതെ കൈമാറപ്പെട്ട ചില അനുഭവങ്ങളോ വിവരങ്ങളോ കേട്ടറിവുകളോ ഒക്കെയാണ് സാഹിത്യത്തിലും സിനിമയിലും ഗള്‍ഫ്കാണാത്ത ഒരു ശരാശരി മലയാളിയുടെയും ഒക്കെ മനസിലുള്ള പ്രവാസം. അതിനപ്പുറം ഒരു പുനര്‍ജനി 2020 ല്‍ ഉണ്ടായി, അല്ല കൊറോണ ഉണ്ടാക്കി എന്ന് പറയുന്നതാകും ശരി.
നാടുപേക്ഷിച്ച് പുറപ്പെട്ട് പോന്ന നിരവധി പേരുടെ വിയര്‍പ്പും സ്വപ്‌നവും അധ്വാനവും ചേര്‍ന്ന് കെട്ടിപ്പടുക്കപ്പെട്ടതാണ് ഇന്നത്തെ ഗള്‍ഫ്. ഇവിടെയുള്ള ഭരണ കൂടത്തിന്റെയും തദ്ദേശീയരുടെയും കരുണയും കരുതലും സഹകരണവും സ്‌നേഹവും കൊണ്ട് അനേകം കാലങ്ങളുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക പരിവര്‍ത്തനങ്ങളിലൂടെയാണ് അത് സാധ്യമായത്. എന്നാല്‍ ഇതിന് പിന്നാമ്പുറത്തെ സമഗ്രതയൊട്ടും ഇല്ലാത്ത തിക്തമായ ചില കഥകളിലൂടെയാണ് പലരുടെയും മനസില്‍ പ്രവാസം എന്ന പ്രതിഭാസം വികാസം പ്രാപിച്ചത്. അത് നാട്ടിലെയും ഇവിടയുമുള്ള ഓരോ ജീവിതങ്ങളുടെ അവസ്ഥയനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്ന് മാത്രം. ഉപ്പ ഗള്‍ഫിലാണ് എന്ന് പറയുന്ന ചെറിയ കുട്ടിയുടെ മാനസികാവസ്ഥയായിരുന്നില്ല ഒരു പുതുപെണ്ണിന്റെ വിരഹ നോവിനുണ്ടായിരുന്നത്. മക്കളുടെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയാതിരുന്ന മാതാപിതാക്കളുടെ അകം വായിച്ചാലുള്ള നീറ്റല്‍ കടുത്തതാകും. നാടും രാജ്യവും പ്രവാസിയെ വിലയിരുത്തുക സാമ്പത്തിക മാനദണ്ഡങ്ങളോടെയാകാനേ തരമുള്ളൂ. ഇത്തരം പലമാതിരി പ്രതീക്ഷയുടെയും നിസംഗതയുടെയും നിസഹായതയുടെയും നടുവില്‍ ഉലഞ്ഞൊഴുകുന്ന നിര്‍ബാധ ജലധാരയായി പ്രവാസം ആര്‍ക്കും പിടിതരാതെ അങ്ങനെ നീങ്ങുകയാണെന്ന് 2020 ഇതാ പുതുതലമുറക്കും തെളിയിച്ച് കൊടുത്തിരിക്കുന്നു.
യാത്രാ ദുരിതങ്ങളും ടിക്കറ്റ് നിരക്കും പ്രവാസം തുടങ്ങിയ കാലം തൊട്ടേ അവന്റെ ജീവല്‍ പ്രധാന പ്രശ്‌നമാണ്. സീസണുകളില്‍ ഏല്‍ക്കുന്ന പള്ളക്കടിയും കത്തിയറവും സഹിച്ചാണ് ഓരോ പ്രവാസിയും സ്വന്തക്കാരെ തേടി പത്രാസില്‍ കൂടെക്കൂടെ പറന്നിറങ്ങിയിരുന്നതും, അവരെ മാത്രം കരുതി തിരിച്ചു പോന്നിരുന്നതും. തത്സമയത്ത് വിമാനങ്ങള്‍ റദ്ദ് ചെയ്യപ്പെടുകയോ അവിചാരിതമായി വിമാനം വഴിതിരിച്ച് വിടുകയോ ചെയ്ത് യാത്ര മുടങ്ങുകയും നീളുകയും ചെയ്തപ്പോള്‍ പ്രവാസി അവയൊന്നും അത്ര പ്രശ്‌നവത്കരിച്ചതായി കണ്ടിട്ടില്ല. യാത്രയുടെ ഭാഗമായി മാത്രം കണ്ടു. ഒരു വിധം യാത്രാ ദുരിതങ്ങളും സാമ്പത്തിക നഷ്ടവും പ്രവാസത്തിന്റെ ഭാഗം തന്നെയാണ് എന്നവന്‍ ഉള്‍ക്കൊള്ളാന്‍ പഠിച്ചിരുന്നു എന്നതാണ് സത്യം. എന്നാല്‍ സ്വാഭാവിക സന്ദര്‍ഭങ്ങള്‍ക്കപ്പുറം ഒരു അണു പ്രവാസിയുടേത് മാത്രമായ ഇത്തരം വിഷയങ്ങളിലെ അവരുടെ സഹന ശക്തി അളക്കപ്പെട്ട കാലയളവായിരുന്നു 2020 തുടക്കം മുതല്‍ ഉണ്ടായത്. പുതിയ കാലത്ത്, രാജ്യാന്തര വിമാനങ്ങള്‍ ഒരു നിമിഷമെങ്കിലും പൂര്‍ണമായും നിലക്കുമെന്ന് ആരെങ്കിലും നിനച്ചിരുന്നതാണോ? ഗള്‍ഫില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും നിലച്ച കാലം കൂടി ഇതാ കടന്ന് പോയിരിക്കുന്നു. ഇനിയും അവ പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടു എന്ന് പറയാനാകില്ല. താത്കാലിക-അടിയന്തിര കരാറുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന പരിമിത സര്‍വീസുകളാണ് ഇപ്പോഴും അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രക്കുള്ള ആശ്രയം. അതിനിടക്കാണ് ജനിതക മാറ്റം സംഭവിച്ച വൈറസ് വകഭേദം വീണ്ടും ആകാശത്തിന് പൂട്ടിട്ടത്. അത് പക്ഷേ രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടു നിന്നില്ല എന്നത് പ്രവാസത്തിന്റെ മാത്രം ഭാഗ്യം. ഇതെഴുതുമ്പോള്‍ ഇന്നത്തെ ഇന്ത്യയില്‍ നിന്ന് സഊദിയിലേക്ക് നേരിട്ട് പ്രവേശം ആരംഭിച്ചിട്ടില്ല.
പ്രവാസ മണ്ണ് ഇത്രത്തോളം വികസിതമാകുകയും സാങ്കേതികമായി വളരുകയും ചെയ്യാത്ത കാലത്ത് ഗള്‍ഫിലേക്ക് വിസ ശരിയാകുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്ത കടമ്പ ടിക്കറ്റ് ശരിയാക്കുക എന്നതായിരുന്നു. മിക്കവാറും മുംബൈ വഴിയാണ് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. ഇന്ന് ടിക്കറ്റ് ഇഷ്യു ചെയ്യുക എന്നത് ഗള്‍ഫില്‍ പോക്കിന്റെ ഒരു ചടങ്ങേയല്ല. എന്നാല്‍ ഈ പരാധീതന കൊറോണക്കാലത്ത് പ്രവാസി അറിഞ്ഞു. വീട്ടില്‍ നിന്ന് ഗള്‍ഫിലേക്കിറങ്ങിയാല്‍ ബോംബെയിലേക്കോ മദ്രാസിലേക്കോ ഉള്ള നീണ്ട തീവണ്ടിയാത്ര, അവിടെയുള്ള ദിവസങ്ങളുടെ കാത്തിരിപ്പ്. പിന്നെ മണിക്കൂറുകളോളമുള്ള ആകാശ സഞ്ചാരം. എതിരേല്‍ക്കാന്‍ ആരും ഇല്ലാത്ത അന്യതാ ബോധത്തോടെയുള്ള വന്നിറങ്ങല്‍, ബന്ധങ്ങളൊന്നുമില്ലാത്ത ജീവിതം, തുടര്‍ച്ചയായി ദീര്‍ഘകാലത്തെ വാസം. തൊഴിലന്വേഷണം, ദുരിതം, പട്ടിണി, ഒരു മലയാളിയെ കണ്ടിരുന്നെങ്കില്‍ എന്ന ആഗ്രഹം, ഉറക്കമില്ലായ്മ, വിരഹം, പിരിമുറുക്കം ഇങ്ങനെ പോകുന്നു അന്നത്തെ അനുഭവങ്ങള്‍. ഇവയെല്ലാം കോവിഡ് കാലത്ത് ഓരോ പ്രവാസിയും ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു വിധം അനുഭവിക്കേണ്ടി വന്നു.
പട്ടിണി സഹിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലെ നൂലില്‍ ഉലഞ്ഞാടിയ കപ്പല്‍ യാത്ര പ്രവാസത്തിന്റെ തുടക്ക കാലത്തെ യാത്രാനുഭവമാണ്. ഇന്ത്യയില്‍ നിന്ന് സഊദിയിലേക്കും കുവൈത്തിലേക്കും ഇപ്പോഴും വരുന്നത് സ്വന്തം രാജ്യത്ത് നിന്ന് പുറപ്പെട്ടതിന് ശേഷം ആ രാജ്യങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ വാസം കഴിഞ്ഞാണ്. നാട്ടിലെത്തിയാലും ഇതേ അവസ്ഥ. ഒന്ന് മയങ്ങി കണ്ണ് തുറക്കുന്നതിന് മുമ്പ് ഇഷ്ടമുള്ള വിമാനത്താവളത്തില്‍ പറന്നിറങ്ങുകയും പരിവാരങ്ങളുമായി വന്ന് സ്വീകരിച്ചാനയിക്കുകയും ചെയ്തിരുന്നത് പഴയ കാലം. അതേ കൊറോണക്ക് മുമ്പുള്ള കാലം. ഇനി കപ്പല്‍ യാത്രകളിലെ സാഹസങ്ങളിലൊന്നായ ‘കപ്പലിരുത്തില്‍’ ഇരുന്നേ മുന്നോട്ട് പോകാവൂ എന്ന 2020 അങ്ങ് തീരുമാനിച്ചു.
അവശ്യ സാധനങ്ങളോ ഭക്ഷണമോ വസ്ത്രമോ ഒരു കത്തോ ഫോട്ടോയോ കാസറ്റ് റെക്കോഡോ എത്തിക്കാന്‍ ഗള്‍ഫിലേക്ക് ആരെങ്കിലും പോകുന്നുണ്ടോ എന്ന അന്വേഷണമാണ് നാട്ടിലും ഇവിടെയും നടന്നിരുന്നത്. തന്റെ മകനോ/ഭര്‍ത്താവിനോ ഇഷ്ടപ്പെട്ട പലഹാരം അല്ലെങ്കില്‍ ഒരു തോര്‍ത്തുമുണ്ടോ കള്ളിത്തുണിയോ കൊടുത്തു വിടാനാണ് വീട്ടുകാരുടെ പരക്കം പാച്ചില്‍. സ്വന്തക്കാര്‍ക്ക് മറുപടി എഴുതാനും അവരുടെ ആഗ്രഹങ്ങള്‍ക്കൊത്ത സാമഗ്രികള്‍ എത്തിക്കാനുമുള്ള വെമ്പലാണ് ഗള്‍ഫുകാരന്‍ നാട്ടിലേക്ക് പോകുന്നവരെ തേടുന്നത്. ആരെങ്കിലും പോകുന്നവരുണ്ടോ എന്ന മുറവിളി 2020ലും ഉയര്‍ന്നുകേട്ടു. സ്ഥിരം കഴിക്കുന്ന മരുന്ന് നാട്ടില്‍ നിന്ന് എത്തിക്കാന്‍ നിര്‍വാഹമില്ലാതെ ബന്ധുക്കള്‍ കുഴങ്ങി. നാട്ടില്‍ നടന്ന ഒരു അത്യാഹിതത്തിന് വീട്ടില്‍ എത്താനാകാതെ പ്രവാസിയും വിഷമത്തിലായി. അവിടെയും ഇവിടെയും ജനനവും മരണവും പെരുന്നാളും നോമ്പും ആണ്ടറുതികളും ഒരാരവും ഉണ്ടാക്കാതെ കടന്നു പോയി.
രാഷ്ട്രീയമായി ഉയര്‍ന്ന അവകാശങ്ങളെ ചൊല്ലിയുള്ള ആവശ്യങ്ങളും നിഷേധങ്ങളെക്കുറിച്ചുള്ള മുറവിളികളും രക്ഷപ്പെടുത്തല്‍ ഉദ്യമങ്ങളും പഴയ കാലത്തെ അനുസ്മരിപ്പിക്കുന്നത് തന്നെയായിരുന്നു. മൊത്തത്തില്‍ പ്രവാസത്തിന്റെ അവസ്ഥാന്തരങ്ങളിലൂടെ ഒരിക്കല്‍ കൂടി ആധുനിക പ്രവാസിക്ക് സഞ്ചരിക്കാന്‍ അവസരം ഒരുക്കുന്നതായി 2020 ഉം അതിലെ സവിശേഷമായ കൊറോണയും. ടെലിഫോണ്‍ ആവിഷ്‌കാരം നടന്നില്ലെന്ന് പറഞ്ഞത് പോലെ ലോഞ്ചും ഉരുവും ഒന്നും ഉണ്ടായില്ലെങ്കിലും വിമാനയാത്ര വ്യാപകമായതിന് ശേഷം ഇങ്ങനെയൊരു കാലം ചിത്രത്തിലില്ല.
ഇനി എങ്ങനെയെങ്കിലും നാട്ടിലെത്തിയാലത്തെ അവസ്ഥ, ഗള്‍ഫില്‍ പ്രവാസി അനുഭവിച്ച ദുരിതങ്ങളുടെ നൂറിരട്ടി ഉള്ളുലക്കുന്നതായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നാട്ടിലെത്തുന്നവരെ കുടുംബങ്ങളും ബന്ധുക്കളും സമീപിച്ച രീതികള്‍ പലപ്പോഴും വാര്‍ത്തയായി. ഇരുണ്ട വഴികളിലൂടെ പ്രവാസം പലപ്പോഴും സഞ്ചരിച്ചിട്ടുണ്ട്. ഗള്‍ഫ് യുദ്ധം അതില്‍ പ്രധാനമായിരുന്നു.അതിനേക്കാള്‍ ഭീകരമായി കുറെയധികം സഹൃദയര്‍ ആട്ടിയകറ്റലിനും തിരസ്‌കാരത്തിനും വിധേയമായി. ഈ അവസ്ഥ ശരിക്കും പ്രതിഫലിപ്പിക്കുന്നതായിരുന്നു ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ ഈസ എന്ന കഥ. പ്രവാസലോകത്ത് നിന്ന് ഗത്യന്തരമില്ലാതെ ഉയിരോടെ എത്തിയ ഈസയെ ‘മരിച്ചതായി’ കൂട്ടി ബന്ധുക്കള്‍ നടത്തുന്ന ദയയില്ലായ്മയുടെ നേര്‍ചിത്രമായിരുന്നു അത്. കയറിയിരിക്കാന്‍ ഇടമില്ലെന്ന് മാത്രമല്ല മനുഷ്യ സാന്നിധ്യം പോലും അനുഭവിക്കാനാകാതെ വിറങ്ങലിച്ച് അട്ടത്ത് കൂനിക്കൂടി അന്തി കഴിക്കേണ്ടി വന്ന പ്രവാസിയുടെ നിസഹായാവസ്ഥയുടെ കഥ, അല്ല ജീവിതം. മരിച്ചിട്ടും മരിക്കാത്ത ഈസമാര്‍ നാട്ടുകാരുടെ ജീവിതസ്വാസ്ഥ്യം ‘താറുമാറാക്കുന്ന’ വിധി വൈപരീത്യമാണ് പൊയ്ത്തുംകടവ് അവതരിപ്പിച്ചത്. ഇതായിരുന്നു പ്രവാസിയുടെ എല്ലാ കാലത്തെയും അവസ്ഥയും ഗതിയുമെന്ന് പറഞ്ഞു കേട്ടിരുന്നിടത്ത് അവ പുലരുന്ന കാലം കൂടിയായി 2020.
ആദ്യകാലത്ത് ഗള്‍ഫുകാരന്‍ നാട്ടിലെത്തിയാല്‍ പിന്നെ കുറച്ചു ദിവസം സന്ദര്‍ശക പ്രവാഹമാണ്. ചെറുതെങ്കിലും എല്ലാവര്‍ക്കും വേണ്ടി കരുതിയ ഒരു സമ്മാനവും നല്കാനുണ്ടാകും. അത്തര്‍ കുപ്പിയും കുപ്പായ ശീലയും സോപ്പും ഈ തരത്തില്‍ കൂടിയാണ് ഗള്‍ഫ് പെട്ടികളില്‍ അനിവാര്യ വസ്തുവായി മാറിയത്. പക്ഷേ പ്രവാസിക്കൊരു കൈ സഹായത്തിന് പലപ്പോഴും ഒച്ചയുണ്ടാക്കേണ്ടി വന്നു. ഇതും ഒരാവര്‍ത്തനം മാത്രമാണ്. കാരണം, പല സംഗതികളാല്‍ നിശബ്ദരാക്കപ്പെട്ട വിഭാഗമാണ് പ്രവാസികള്‍. പ്രവാസികളുടെ യാതനകളും വേദനകളും എവിടെയും രേഖപ്പെടുത്തപ്പെട്ടില്ല എന്നത് എന്നത്തേയും ആക്ഷേപങ്ങളില്‍ ഒന്നാണ്. നിറം പിടിപ്പിച്ചതോ അവ്യക്തമായതോ ആയ കഥകളില്‍ മെനഞ്ഞുണ്ടാക്കുന്ന സാങ്കല്പികങ്ങള്‍ നിറഞ്ഞതാണ് പലപ്പോഴും പ്രവാസിയനുഭവങ്ങള്‍. എന്നാല്‍, നേര്‍ചിത്രങ്ങളെ പകര്‍ത്തുകയോ ജീവിതം അപ്പടി എഴുതുകയോ ചെയ്തവര്‍ പ്രവാസി എഴുത്തുകാര്‍ എന്ന മട്ടില്‍ ലേബല്‍ വെക്കപ്പെടുകയും ചെയ്തു. കൂടുതല്‍ വായനക്കാരോ പഠനമോ ചര്‍ച്ചയോ നടന്നില്ല. ഇത്തരം സന്ദിഗ്ധങ്ങളെ നേരിട്ട് ബോധ്യപ്പെടുത്താന്‍ ഒരളവുവരെ കൊറോണക്കായി. ഇതൊരു മേന്മയോ പ്രസാദാത്മക കാര്യമോ അല്ലെങ്കിലും ഇനിയെങ്കിലും ഈ പ്രതിഭാസത്തിന്റെ മായാത്ത ചിത്രങ്ങള്‍ ഉണ്ടായേ തീരൂ എന്ന തീര്‍പ്പിലെത്താന്‍ ആയെങ്കില്‍ അതിലൊരു പോസിറ്റീവ്‌നസ് ഇല്ലാതില്ല.
ഗള്‍ഫ് തുമ്മുമ്പോള്‍ പനിക്കുന്ന കേരളം എന്നൊരു ചൊല്ലുണ്ട്. അവ എല്ലായിപ്പോഴും ഓര്‍മയിലുണ്ടാകണം എന്നില്ല. ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മാത്രം ഇടപെടുകയും മാധ്യമങ്ങളില്‍ ആഘോഷിക്കുകയും ചെയുന്ന ഒന്നായി സര്‍ക്കാര്‍ സമീപനം പോലും മാറ്റപ്പെട്ടത് പലകാര്യങ്ങളിലും ഈ കാലം കാണിച്ചുതന്നു. അങ്ങനെയല്ലെങ്കില്‍ പ്രവാസം തുടങ്ങിയപ്പോള്‍ തുടങ്ങിയ ആവലാതികളുടെ പതിവ് തോറ്റങ്ങള്‍ അവന് ഇപ്പോഴും ആവര്‍ത്തിക്കേണ്ടി വരില്ലല്ലോ.
കഴിഞ്ഞ ഒരു വര്‍ഷം പ്രവാസിക്ക് എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, ജോലി നഷ്ടം കൂടി, തൊഴില്‍ സുരക്ഷ നഷ്ടപ്പെട്ടു, വേതനം പാടേ കുറച്ചു, സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി, തിരിച്ചു പോക്കുകള്‍ ശക്തിപ്പെട്ടു, തിരിച്ചെത്തിയവര്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി.. ഇങ്ങനെ പോകും ആ പട്ടിക. അവ കാല ചാക്രികതകളുടെ വികൃതികളില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സമയം വരെ പ്രവാസിക്ക് ക്ഷമിക്കാനാകും. അതല്ലെങ്കില്‍ മറ്റൊരു സാധ്യത തേടി ജീവിതത്തോട് അവന്‍ പിന്നെയും മല്ലിടും. എന്നാല്‍ പ്രവാസിയുടെ കഴിഞ്ഞ വര്‍ഷം സാധ്യമാക്കിയത് ഇതിനേക്കാളേറെ പ്രവാസി എന്ന പദം ഉള്‍വഹിക്കുന്ന എല്ലാ തരാം അനുഭവങ്ങളുടെയും പുനഃസൃഷ്ടി ആയിരുന്നു എന്നത് സംഭവിച്ച് പോയതാണെങ്കിലും അടയാളപ്പെടുത്തേണ്ടവയാണ്.

Share this article

About ലുഖ്മാന്‍ വിളത്തൂര്‍

luqmanvilathur@gmail.com

View all posts by ലുഖ്മാന്‍ വിളത്തൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *