ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുണ്ട്?

Reading Time: 3 minutes

പെട്രോളിന് ലിറ്ററിന് 50 രൂപയാക്കി കുറയ്ക്കും എന്നായിരുന്നു 2014ല്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. പിന്നീട് സംഭവിച്ചതോ? പെട്രോള്‍ വില കുത്തനെ കൂടി. നൂറ് രൂപയിലേക്കെത്താന്‍ കുറഞ്ഞ ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതിയാകും എന്നതാണ് ഇപ്പോഴത്തെ വില നിലയില്‍ നിന്ന് മനസിലാകുന്നത്. ബിജെപി ഭരണകാലത്ത് തുടര്‍ച്ചയായി പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, പഴയ അമ്പത് രൂപ വാഗ്ദാനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ബിജെപി കേരള അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍ പിള്ള തിരിച്ചുചോദിച്ചത് ‘തിരഞ്ഞെടുപ്പ് സമയത്ത് നല്‍കുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോ’ എന്നായിരുന്നു. തിരഞ്ഞെടുപ്പ് വാഗ്ദാനവും യാഥാര്‍ഥ്യവും തമ്മില്‍ പൊരുത്തപ്പെടാത്തതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന താത്വികന്യായീകരണവും ചമച്ചാണ് പിള്ള അന്ന് വേദി വിട്ടത്. ബിജെപി തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പുറത്തിറക്കുന്ന പ്രകടനപത്രികകള്‍ക്കോ നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ക്കോ അധികാരം കിട്ടിയാല്‍ തരിമ്പും വില കല്പിക്കാറില്ല എന്ന് വ്യക്തമാണ്. പെട്രോള്‍ വിലയില്‍ മാത്രമൊതുങ്ങുന്നതല്ല അവരുടെ വാഗ്ദത്ത ലംഘനം. പാചകവാതക വില നിയന്ത്രണം, തൊഴില്‍ ലഭ്യത, കള്ളപ്പണം കണ്ടുകെട്ടല്‍, പൗരന്മാരുടെ അക്കൗണ്ടില്‍ 15 ലക്ഷം, കാര്‍ഷിക മേഖലയുടെ പുരോഗതി, സാമ്പത്തിക വളര്‍ച്ച തുടങ്ങി തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പാര്‍ട്ടിവേദികളില്‍ ഉയര്‍ന്നുകേട്ട മോഹനവാഗ്ദാനങ്ങളൊന്നും ഇന്നോളം ജനത്തിന് അനുഭവവേദ്യമായിട്ടില്ല. എന്ന് മാത്രമല്ല നേര്‍വിപരീത ദിശയിലുള്ള തീരുമാനങ്ങളും നിയമനിര്‍മാണങ്ങളും പ്രഖ്യാപനങ്ങളുമാണ് ബിജെപിയില്‍ നിന്നുണ്ടായത്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന് വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ബിജെപി നേതാക്കള്‍ ബൈക്ക് തള്ളി പ്രതിഷേധിച്ചതിനെ കുറിച്ച് ബിജെപിയുടെ കേരള ഘടകത്തിന്റെ ഇപ്പോഴത്തെ അധ്യക്ഷനെ മാധ്യമങ്ങള്‍ ഈയിടെ ഓര്‍മിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്; അത് പ്രതിപക്ഷത്തിരിക്കുമ്പോഴല്ലേ, ഇപ്പോള്‍ തള്ളാന്‍ വേറെ ആളുണ്ടല്ലോ എന്നാണ്. ഒരു പാര്‍ട്ടി, അതും രാജ്യം ഭരിക്കുന്ന കക്ഷി ജനങ്ങളോട് എത്രത്തോളം ഉത്തരവാദിത്വത്തോടെ പെരുമാറുന്നു എന്നതാണ് ശ്രീധരന്‍ പിള്ളയുടെയും കെ സുരേന്ദ്രന്റെയും പ്രസ്താവനകളില്‍ നിന്ന് വായിച്ചെടുക്കേണ്ടത്. പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ. അതാണ് നയം. അത് തുറന്നുപറയാന്‍ മടിയില്ലാത്ത നേതാക്കളുണ്ടാകുന്നു എന്നതാണ് അതിലേറെ ദുരന്തം!

ആരുടെ ഉത്സവം?
ജനാധിപത്യത്തിന്റെ ഉത്സവം എന്നാണ് തിരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെടാറുള്ളത്. ചിലപ്പോഴെങ്കിലും അത് നേതാക്കളുടെ ആഘോഷവും അണികളുടെ അര്‍മാദവും ആയി മാറാറുണ്ട്. ജനാധിപത്യം പണാധിപത്യത്തിനു വഴിമാറുന്ന കാഴ്ചയും തിരഞ്ഞെടുപ്പ് കാലത്ത് അപൂര്‍വമല്ല. വാഗ്ദാനപ്പെരുമഴ പെയ്യിച്ചും വിഭാഗീയത സൃഷ്ടിച്ചും വര്‍ഗീയത പറഞ്ഞും അവിഹിത സഖ്യങ്ങള്‍ രൂപപ്പെടുത്തിയും ജയിച്ചുകയറാന്‍ ചതുരുപായങ്ങളും പയറ്റുന്ന രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും കാണാം ഈ നാളുകളില്‍. വികസനം പറഞ്ഞും മൂല്യരാഷ്ട്രീയം അവതരിപ്പിച്ചും പാലം കടക്കാന്‍ കഴിയില്ലെന്ന നിലയിലേക്ക് നമ്മുടെ സാമൂഹിക മണ്ഡലം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ എതിര്‍പാര്‍ട്ടികളെ അങ്ങേയറ്റം താറടിച്ചും ജനങ്ങള്‍ക്കിടയില്‍ മത, ജാതി വികാരങ്ങള്‍ ഇളക്കിവിട്ടും സ്വന്തം നില ഭദ്രമാക്കുകയെന്ന നിലയിലേക്ക് രാഷ്ട്രീയകക്ഷി നേതാക്കളും അണികളും മാറിച്ചിന്തിച്ചു. ഫലമോ, അന്തസ്സും മാന്യതയും നിറഞ്ഞാടിയിരുന്ന രാഷ്ട്രീയരംഗം കുതികാല്‍ വെട്ടും വ്യക്തിയധിക്ഷേപങ്ങളുമായി നിലം പൊത്തി.

അതും ഒരു കാലം
1952ലെ ആദ്യപൊതുതിരഞ്ഞെടുപ്പില്‍ മീനച്ചില്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത് കോണ്‍ഗ്രസുകാരനായ പി ടി ചാക്കോ ആയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം എം പി സ്ഥാനം രാജിവെച്ചു. കാരണം കേട്ടാല്‍ പുതുതലമുറ രാഷ്ട്രീയക്കാര്‍ ഞെട്ടും. സാമ്പത്തിക ബാധ്യത ആയിരുന്നു രാജിയിലേക്ക് നയിച്ചത്. പേരെടുത്ത അഭിഭാഷകനായിരുന്നു പി ടി ചാക്കോ. ജനപ്രതിനിധി ആയതോടെ ആ പണി ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ട് സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവിക്കുന്നു എന്നാണ് സുഹൃത്തിനെഴുതിയ കത്തില്‍ രാജിക്ക് കാരണമായി ചാക്കോ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനവും എം പി സ്ഥാനവും അന്നത്തെ നേതാക്കള്‍ക്ക് ജീവിതോപാധിയോ വരുമാന മാര്‍ഗമോ ആയിരുന്നില്ല.
ചാക്കോയുടെ രാജിയെത്തുടര്‍ന്ന് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസിന് വേണ്ടി ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി ഗോദയില്‍. എതിര്‍സ്ഥാനാര്‍ഥി പഴയ കോണ്‍ഗ്രസുകാരി അക്കാമ്മ ചെറിയാന്‍. ഇടതുസ്വതന്ത്രയായി മത്സരിക്കാനെത്തുമ്പോള്‍ അക്കാമ്മ ഗര്‍ഭിണി ആയിരുന്നു. കോണ്‍ഗ്രസിന്റെ ഒരു തിരഞ്ഞെടുപ്പ് വേദിയില്‍ ഒരു പ്രഭാഷകന്‍ ‘അക്കാമ്മ ഒരു ആനക്കുട്ടിയെയാകും പ്രസവിക്കുക’ എന്നൊരു ക്രൂരഫലിതം പറഞ്ഞു. അക്കാമ്മയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ആന ആയിരുന്നു. അതിലേക്ക് ചേര്‍ത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രഭാഷകന്‍ കേള്‍വിക്കാരെ രസിപ്പിക്കാന്‍ ആ തമാശ പൊട്ടിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പക്ഷേ ആ പ്രഭാഷകനെ തിരുത്തുകയാണ് ചെയ്തത്. അക്കാമ്മ കുലീനജാതയായ സ്ത്രീയാണ്, എതിര്‍സ്ഥാനാര്‍ഥിയെങ്കിലും അവരെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന് പ്രഭാഷകനെ താക്കീത് ചെയ്തു ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി. 1957 ലെ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെതിരെ മത്സരിച്ച സോഷ്യലിസ്റ്റ് നേതാവ് കെ ബി മേനോന് തിരഞ്ഞെടുപ്പ് ചെലവിലേക്ക് അയ്യായിരം രൂപ അയച്ചുകൊടുത്തത് കോണ്‍ഗ്രസുകാരനായ പ്രധാനമന്ത്രി ആയിരുന്നു. മേനോന്റെ ആത്മസുഹൃത്തായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്‌നേഹസമ്മാനം. കെ ബി. മേനോന്‍ സ്‌നേഹപൂര്‍വം അത് നിരസിച്ചതും ചരിത്രം. രാഷ്ട്രീയത്തില്‍ ഭിന്നധ്രുവങ്ങളില്‍ ആയിരിക്കുമ്പോഴും കൈമോശം വരാതെ സൂക്ഷിച്ച വ്യക്തിബന്ധവും പരസ്പര ബഹുമാനവും ഇന്നത്തെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാമോ? മുഖ്യമന്ത്രിയുടെ കുലത്തൊഴിലിനെ പ്രശ്‌നവത്കരിച്ച് ജാതിയധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് നേതാവിന് സഹനേതാക്കള്‍ കൈയടിക്കുന്ന മണിക്കൂറുകളിലാണ് ഈ ലേഖനം തയാറാക്കുന്നത്.! അതില്‍പരം എന്തുപറയാന്‍ നടപ്പുകാല രാഷ്ട്രീയത്തെക്കുറിച്ച്?

കേരളത്തിലെ പാര്‍ട്ടികള്‍ എന്തെടുക്കുകയാണ്?
കേരളം ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എന്നത്തേയും പോലെ ഇടതു, വലത് മുന്നണികള്‍ തമ്മിലാണ് പ്രധാന മത്സരം. ക്രൈസ്തവസമൂഹത്തില്‍ ഒരു വിഭാഗത്തെ കൂട്ടുപിടിച്ച് എന്തെങ്കിലും നേടാനാകുമോ എന്ന ഭാഗ്യപരീക്ഷണത്തിന് ബിജെപിയും രംഗത്തുണ്ട്. വിദ്വേഷപ്രചാരണവും വ്യക്തിഹത്യയും കളം നിറഞ്ഞുകഴിഞ്ഞു. ഒരു പാര്‍ട്ടിയും പിന്നിലല്ല ഇക്കാര്യത്തില്‍. ഭരണപാര്‍ട്ടിയുടെ ഒരു നേതാവ് തൊട്ടതിലും പിടിച്ചതിലുമൊക്കെ വര്‍ഗീയത മണത്തു കണ്ടുപിടിക്കുന്നു. അണികള്‍ അത് സമൂഹമാധ്യമങ്ങളില്‍ ന്യായീകരിച്ച് പെടാപ്പാട് പെടുന്നു. മറ്റൊരു മുന്നണി ശബരിമലയും വിശ്വാസവും കളത്തിലിറക്കിക്കഴിഞ്ഞു. ബിജെപിയാകട്ടെ ഏറ്റുമുട്ടുന്ന മുട്ടനാടുകളില്‍ നിന്ന് ഇറ്റിവീഴാനിരിക്കുന്ന ചോരയില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്നു. ഇല്ലാത്ത ലവ് ജിഹാദ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നു. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ആര്‍ക്കും ചര്‍ച്ചയേ അല്ല.
ഡല്‍ഹിയില്‍ കര്‍ഷകസമരം രണ്ടു മാസത്തോടടുക്കുന്നു. കേരളത്തില്‍ ഉജ്ജ്വലമായ ഒരു ഐക്യദാര്‍ഢ്യം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്നുണ്ടായോ? പെട്രോള്‍ വില നിത്യേനയെന്നോണം കുതിച്ചു കയറുന്നു. പാചകവാതകത്തിന് പൊള്ളുന്ന വിലയാകുന്നു. രാജ്യത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുന്നു, കോവിഡ് കാലത്ത്. സാമ്പത്തിക തകര്‍ച്ച സാധാരണക്കാരുടെ നടുവൊടിച്ചിരിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്നു, വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ട മനുഷ്യര്‍ ഇപ്പോഴും നീതി കിട്ടാതെ അലയുന്നു, ബജറ്റ് കുത്തകപ്രിയമാകുന്നു, തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കപ്പെടുന്നു, വിദ്യാര്‍ഥികളും ആക്ടിവിസ്റ്റുകളും വേട്ടയാടപ്പെടുന്നു, മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടക്കപ്പെടുന്നു… രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ എമ്പാടും പ്രശ്‌നങ്ങള്‍, വിഷയങ്ങള്‍. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ ഇതേക്കുറിച്ചു മിണ്ടുന്നുണ്ടോ? എന്തിനും ഏതിനും സമരം ചെയ്യുന്ന രാഷ്ട്രീയ യുവജന സംഘടനകളെ ഈ വിഷയങ്ങളില്‍ പ്രതിഷേധിക്കാന്‍ നിങ്ങള്‍ തെരുവില്‍ കാണുന്നുണ്ടോ? ഒരു വരി പ്രസ്താവനയില്‍, ഒരു മീഡിയ ബൈറ്റില്‍ എല്ലാം അവസാനിക്കുന്നു; കൊടുങ്കാറ്റ് ചായക്കോപ്പയില്‍ പോലുമില്ല.!
ജാഥകള്‍, യോഗങ്ങള്‍, മന്ത്രിമാരുടെ സമ്പര്‍ക്ക പരിപാടികള്‍, യുവജന സംഘടനകളുടെ പത്രസമ്മേളനങ്ങള്‍ .. എല്ലാം മുറപോലെ നടക്കുന്നുണ്ട്. വീരസ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും ഒട്ടും കുറവില്ല. പക്ഷേ അവര്‍ക്ക് പറയാനുള്ളത് അപരന്റെ കുറ്റങ്ങളും കുറവുകളും മാത്രം. എങ്ങനെയും ഭരണം പിടിക്കാനുള്ള തത്രപ്പാടുകള്‍. പ്രളയവും നിപ്പയും ഇപ്പോള്‍ കൊറോണയും, ഒരുമിച്ചുനിന്ന് ചെറുത്ത മനുഷ്യരെ പല കള്ളികളിലാക്കി മാറ്റാനുള്ള നീക്കങ്ങളാണ് ഏറ്റം അപകടകരം. മുറിവുകള്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്, ഭേദപ്പെടുത്താന്‍ പ്രയാസവും. ജനം എല്ലാം കാണുന്നുണ്ട് എന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഓര്‍മയുണ്ടായാല്‍ നല്ലത്.

Share this article

About മുഹമ്മദലി കിനാലൂര്‍

mdalikinalur@gmail.com

View all posts by മുഹമ്മദലി കിനാലൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *