മടങ്ങിയെത്തുന്ന ഗൾഫുകാരന്റെ വീടകം

Reading Time: 5 minutes

കോവിഡ് അനുബന്ധമോ കോവിഡാനന്തരമോ സമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ ആദ്യം സ്വാധീനിക്കുന്നത് കുടുംബങ്ങളെയായിരിക്കും. വ്യക്തികളില്‍ നിന്ന് തുടങ്ങി കുടുംബങ്ങളില്‍ എത്തി നില്‍ക്കുന്നതാണത്. അണുകുടുംബങ്ങളെ സംബന്ധിച്ച് ഇത് വലിയ രീതിയിലുള്ള ജീവിതപ്രയാസങ്ങള്‍ സൃഷ്ടിക്കും. കാരണം, അണുകുടുംബത്തില്‍ കുടുംബനാഥന്റെ പ്രഥമ ഉത്തരവാദിത്വമാണ് സാമ്പത്തികമായ കെട്ടുറപ്പ്. കൂട്ടുകുടുംബ വ്യവസ്ഥയില്‍ കൊടുക്കല്‍ വാങ്ങല്‍ രീതികള്‍ക്ക് അനേകം സൗകര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ അത്തരം കൂട്ടുകുടുംബ രീതി ഏതാണ്ട് അന്യം നിന്നുകൊണ്ടിരിക്കുകയാണ്. അണുകുടുംബ രീതിയെ വികസിപ്പിക്കുന്നതില്‍ ഗള്‍ഫ് സമ്പത്ത് ചെലുത്തിയ സ്വാധീനം ചെറുതല്ല. കേരളത്തിലെ 40 ശതമാനത്തോളം വരുന്ന കുടുംബ ജീവിതങ്ങളെയും നേരിട്ട് സ്വാധീനിക്കുന്നുണ്ട് ഗള്‍ഫില്‍ നിന്നെത്തുന്ന സമ്പത്ത്. നേരത്തെ ഒരു പ്രവാസി വീട് മറ്റു അഞ്ചു വീടുകളെ സ്വാധീനിക്കുന്നു എന്നതായിരുന്നു കണക്ക്. ഇന്ന് അത് മാറി. ഗള്‍ഫില്‍ ഒന്നര പതിറ്റാണ്ടിനിടയില്‍ ഉണ്ടായ തൊഴില്‍ സാഹചര്യങ്ങളും സ്വദേശിവത്കരണങ്ങളുമാണ് കാരണം. ഈ സാഹചര്യത്തിലാണ് 2019ന്റെ അവസാനത്തില്‍ സമാനതകളില്ലാത്ത സാഹചര്യങ്ങള്‍ സൃഷ്ടിച്ച കോവിഡ് ഗള്‍ഫ് കുടുംബ ജീവിത രീതികളെ തകിടം മറിക്കുന്നത്. ആ മാറ്റങ്ങള്‍ ഏതൊക്കെ തലങ്ങളിലെ ജീവിതത്തെ ബാധിക്കുമെന്നും മുന്നോട്ടുള്ള യാത്രയുടെ വേഗതയെ അത് എങ്ങനെ സ്വാധീനിക്കും എന്നതിനെക്കുറിച്ചുള്ള ആലോചനയാണ് ഈ കുറിപ്പ്.
നേരത്തെ പലരും പലവട്ടം അവതരിപ്പിച്ചത് പോലെ കേരളത്തിലെ താഴേതട്ടിലെ ജീവിതത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രവാസം വഹിച്ച പങ്ക് ചെറുതല്ല. രാഷ്ട്രീയമായി കേരളത്തിന്റെ വികസനത്തെ കൂടി അത് സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് സമ്പത്തിനെ ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ വ്യവസായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ ഭരണകൂട സംവിധാനങ്ങള്‍ക്ക് കഴിയാതെ പോയി. അഞ്ചര പതിറ്റാണ്ടായി കേരളത്തിലെത്തിയ ഗള്‍ഫ് പണത്തിന്റെ 40 ശതമാനവും ചെലവഴിക്കപ്പെട്ടത് വീട് നിര്‍മാണത്തിനും കുടുംബങ്ങളിലെ ആഡംബര ജീവിതത്തിനുമാണ്. ഇതില്‍ എടുത്തുപറയാവുന്നത് ഗള്‍ഫ് കുടുംബങ്ങളില്‍ നിന്നും വിദ്യാഭ്യാസപരമായി കഴിവും അറിവും ജോലിയും നേടിയ പുതു തലമുറ ഉണ്ടായി എന്നതാണ്. ഇതിനിടയിലും ഗള്‍ഫില്‍ ഉണ്ടാകുന്ന ഏതൊരു സാമ്പത്തികമാന്ദ്യവും കേരളത്തിലെ സാമൂഹ്യജീവിതത്തെ ബാധിക്കാറുണ്ട്. എന്നാല്‍ അതൊന്നും അത്ര പെട്ടെന്ന് ഗള്‍ഫ് കുടുംബങ്ങളുടെ ജീവിതരീതിയെ തകിടം മറിക്കാറില്ല. കാരണം, കുടുംബനാഥന്‍ ഗള്‍ഫില്‍ ജോലിയില്ലാത്ത അവസ്ഥയിലും കുടുംബത്തെ പുലര്‍ത്താന്‍ ആവശ്യമായ പണം കടം വാങ്ങിയെങ്കിലും അയക്കാറുണ്ട്. അതിനാവശ്യമായ പരസ്പരാശ്രയത്വ മനോഭാവം ഉള്ളതാണ് ഗള്‍ഫിലെ ജീവിതം. കോവിഡ് കാലം ഇത്തരം ജീവിത സാഹചര്യങ്ങളെയാണ് അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കിയത്. അതുവഴി ഇനി ഗള്‍ഫ് കുടുംബങ്ങളില്‍ ഉണ്ടാകുന്ന സഹനതകളും പൊട്ടിത്തെറികളും ചെറുതായിരിക്കില്ല. അത് വരുന്ന വഴി ഏതൊക്കെയാണെന്ന് നോക്കാം.

ഗള്‍ഫ് കുടുംബത്തിലെ ജീവിത രീതികള്‍
ഗള്‍ഫ് കുടുംബത്തിലെ ജീവിതരീതിയെ രൂപപ്പെടുത്തിയത് സമ്പത്ത് മാത്രമല്ല. മറിച്ച് സമ്പത്ത് കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീ സാന്നിധ്യങ്ങള്‍ നേടിയ അധികാരം കൂടിയാണ്. കുടുംബനാഥന്‍ പതിറ്റാണ്ടുകളായി ഗള്‍ഫില്‍ ജീവിക്കുകയാണ്. ഈ കാലത്ത് കുട്ടികളുടെ ജനനം മുതലുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് അമ്മയാണ്. വിദ്യാഭ്യാസം അവരുടെ സ്വഭാവ രൂപീകരണം, സമൂഹത്തിലെ വ്യത്യസ്ത ധാരകളുമായുള്ള ഇടപെടല്‍, കൂട്ടുകൂടല്‍, സ്വഭാവരൂപീകരണം, ചിന്താപരമായ സ്വാധീനം, മതപരവും മതേതരവുമായ കാഴ്ചപ്പാടുകള്‍, മൂല്യവും മൂല്യരഹിതവുമായ ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. ഇതൊക്കെ സാമൂഹിക സമ്പര്‍ക്കത്താല്‍ ഉണ്ടാകുന്നതാണ്. ഇവയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകുന്നത് വീടുകളില്‍ നിന്നാണ്. ഈ വീട്ടില്‍ അവരെ നിയന്ത്രിക്കുന്ന രക്ഷിതാവ് അമ്മയാണ്. അമ്മയെ സംബന്ധിച്ച് പുറംലോകത്ത് നടക്കുന്ന മാറ്റങ്ങളെ അതേ വേഗതയില്‍ അറിയാനോ ഉള്‍ക്കൊള്ളാനോ കഴിഞ്ഞെന്നുവരില്ല. വീടിനു പുറത്തെ വിശാലമായ ലോകത്ത് മക്കള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യം, അതുണ്ടാക്കുന്ന നല്ലതും ചീത്തയുമായ സ്വഭാവരൂപീകരണം ഇതൊക്കെ വളരെ വൈകിയായിരിക്കും അമ്മ അറിയുക. അപ്പോഴും മക്കള്‍ക്ക് ആവശ്യമായ പണം അമ്മ നല്‍കാന്‍ നിര്‍ബന്ധിതയാണ്. ഇത് ഗള്‍ഫിലെ ഭര്‍ത്താവില്‍നിന്ന് സ്വാഭാവികമായോ അല്ലെങ്കില്‍ നിര്‍ബന്ധാവസ്ഥയിലോ എത്തിക്കാനുള്ള മനസ് കുടുംബത്തിന്റെ നടത്തിപ്പുകാര്‍ എന്ന രീതിയില്‍ ഗള്‍ഫുകാരന്റെ ഭാര്യ നേടുന്നതാണ്. ഈ അധികാരം കുടുംബ ഉത്തരവാദിത്വമായി ഇതിനകം മാറിയിട്ടുണ്ട്.
ഇങ്ങനെ നാട്ടില്‍ എത്തുന്ന പണം ചെലവഴിക്കുമ്പോള്‍ 90% ഗള്‍ഫ് കുടുംബങ്ങളിലെ കുടുംബനാഥ ഈ പണത്തിന്റെ മൂല്യത്തെ തിരിച്ചറിയാന്‍ ശ്രമിക്കാറില്ല. പതിനായിരം രൂപ നാട്ടില്‍ അയക്കാന്‍ മൂന്നൂറ് രൂപ ഗള്‍ഫ്ക്കാരന് കടം വാങ്ങേണ്ടി വന്നു. ആ പണം ബേങ്കില്‍ നിന്ന് എടുക്കാന്‍ ഈ ഗള്‍ഫുകാരന്റെ ഭാര്യ 400 രൂപ ഓട്ടോറിക്ഷക്ക് യാത്രക്കൂലി കൊടുത്ത കഥയുണ്ട്. ഇങ്ങനെ കൈയില്‍ കിട്ടിയ പണം ചെലവഴിക്കുന്നതിന്റെ നല്ല ഉദാഹരണമാണിത്. അമിതമായ ആഡംബര ജീവിതം നയിക്കുമ്പോഴും ഗള്‍ഫിലെ കുടുംബനാഥന്‍ പരിതാപകരമായ ജീവിത പശ്ചാത്തലത്തിലായിരിക്കും. ഇങ്ങനെ നാട്ടിലെ വീടകം മാറുന്നതില്‍ പ്രവാസികള്‍ക്കു പങ്കില്ല എന്നല്ല ഈ പറഞ്ഞതിനര്‍ഥം. സാഹചര്യങ്ങളെ നോക്കി ആവശ്യത്തെയും അനാവശ്യത്തെയും തിരിച്ചറിയാന്‍ കഴിയാത്ത വിധം അനുകരണ ജീവിതത്തിന്റെ ഭാഗമായി ഗള്‍ഫ് കുടുംബങ്ങള്‍ മാറിയത് അയാളുടെ അസാന്നിധ്യത്തിലാണ്, എന്നാല്‍ അറിവോടു കൂടിയാണ്. അതില്‍ പ്രവാസിയുടെ കൂടി താത്പര്യങ്ങളുണ്ട്. ഇത് ഉണ്ടാക്കുന്നത് അയാളുടെ അധ്വാനമാണ്, പണമാണ്. ഈ പണത്തിന്റെ ഒഴുക്കാണ് പെട്ടെന്ന് ഇല്ലാതാകുന്നത്. ഏതൊരു ഒഴുക്കും പെട്ടെന്ന് നിലക്കുമ്പോള്‍ അത് ഉണ്ടാക്കുന്നത് ബൗദ്ധികമായ തടസങ്ങള്‍ മാത്രമല്ല ആത്മീയമായ ശൂന്യത കൂടിയാണ്. ഗള്‍ഫ് കുടുംബങ്ങളിലെ അകത്ത് ഉണ്ടാകാന്‍ പോകുന്നത് അതാണ്.
വീട്ടിനകത്തേക്ക് പണം വരുന്നതിന്റെ സ്രോതസ് അറിയാത്തവര്‍ക്ക് അത് ചെലവഴിക്കുമ്പോള്‍ വിഷമിക്കേണ്ടി വരുന്നില്ല. ഇന്നലെവരെ ജീവിച്ചുപോന്ന സാഹചര്യങ്ങള്‍ മാറുമ്പോഴാണ് അതിനെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നത്. ഈ മാറ്റങ്ങളില്‍ ഭക്ഷണം മുതല്‍ വസ്ത്രം വരെയും യാത്ര മുതല്‍ ഉറക്കം വരെയും ഉള്‍പ്പെടുന്നുണ്ട്. അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ ആവശ്യമായ പഴവര്‍ഗങ്ങള്‍ ചീത്തയാകുമ്പോഴും പുറത്തുപോയി ഭക്ഷണം കഴിക്കുന്നതും, ഇപ്പോള്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി അടുക്കളയില്‍ എത്തുന്നതും ഗള്‍ഫ് കുടുംബങ്ങളിലെ ശീലമായി മാറി. പബ്ലിക് ബസില്‍ നിന്നും സ്വന്തം കാറിലേക്ക് യാത്ര മാറിയവരിലും ആ യാത്രയില്‍ ഏറ്റവും വിലകൂടിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുന്നവരിലും വലിയ ശതമാനം ഗള്‍ഫ് കുടുംബങ്ങളാണ്. ഗള്‍ഫില്‍നിന്ന് മടങ്ങിയ പലരുടെയും ഉപജീവന മാര്‍ഗമായും ഇത് മാറിയിട്ടുണ്ട്. അറബിക് ഫുഡ് എന്ന ഭക്ഷണ സംസ്‌കാരത്തിലേക്ക് കേരളീയ സമൂഹത്തെ മാറ്റിയെടുക്കുന്നതില്‍ ഇത് ചെലുത്തിയ സ്വാധീനം ചെറുതല്ല. സാധാരണ ഭക്ഷണത്തിന് നല്‍കുന്ന പണത്തിന്റെ രണ്ടോ മൂന്നോ ഇരട്ടി ചെലവുണ്ട് ഇതിന്. ഇതൊക്കെ പൂര്‍ണമായി ഉപേക്ഷിക്കണം എന്നല്ല പറയുന്നത്. മറിച്ച് നമ്മുടെ ജീവിത സാഹചര്യങ്ങളെ തിരിച്ചറിഞ്ഞു വേണം ചെലവഴിക്കലും മുന്നോട്ടുള്ള യാത്രയും.
ഈ സാഹചര്യത്തിലും ഗള്‍ഫ് കുടുംബത്തിനകത്ത് പലരീതിയിലും സാമ്പത്തികമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അത് പലപ്പോഴും വീട്ടില്‍ നിന്നിറങ്ങുന്ന കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാറില്ല. അവരെ കുടുംബനാഥന്‍ അറിയിക്കാന്‍ ശ്രമിക്കാറില്ല. കാരണം, അവര്‍ ആവശ്യപ്പെടുന്ന പണം ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് കടം വാങ്ങി അയക്കാറുണ്ട്. ഈ ബാധ്യതപ്പെട്ട പണത്തെക്കുറിച്ച് സ്വന്തം ഭാര്യയോട് ഭര്‍ത്താവും പറയാറില്ല. കോവിഡ് കാലത്ത് ഇങ്ങനെ പണം കടം കിട്ടുന്ന തുരങ്കങ്ങള്‍ കോവിഡ് മണ്ണിട്ടു മൂടിയപ്പോള്‍ അത് പറയാതിരിക്കാന്‍ ഗള്‍ഫുകാരന് കഴിയില്ല. അതിന്റെ അനക്കങ്ങള്‍ കോവിഡ് കാലത്ത് ഗള്‍ഫ് കുടുംബത്തിനകത്ത് പ്രകടമാകാന്‍ തുടങ്ങിയിട്ടുണ്ട്.

കുടുംബത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍
ഓരോ കാലത്തെയും സവിശേഷമായ സാമൂഹിക സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാവണം എക്കാലത്തും മനുഷ്യരാശി മുന്നോട്ട് കുതിച്ചിട്ടുള്ളത്. കോവിഡാനന്തര കാലവും അതേ രീതിയില്‍ ഈ കാല സ്തംഭനത്തെ മറികടക്കും. ആ സമയത്ത് അതിവിശാലമായി വ്യാപിക്കപ്പെട്ട കോവിഡ് കാലത്തെ ആന്തരികവും ബാഹ്യവുമായ മാറ്റങ്ങളോട് മനുഷ്യരാശിക്ക് സമരസപ്പെടേണ്ടതുണ്ട്. ഇത് ഏതൊക്കെ ജനസമൂഹത്തിന് എന്തൊക്കെ തരത്തിലുള്ള പുതുക്കിപ്പണിയലിന്റെ അനിവാര്യതകളാണ് നല്‍കുക എന്നതാണ് പ്രധാന ചോദ്യം. ഇവിടെ വ്യക്തിയില്‍നിന്ന് തുടങ്ങേണ്ട മാറ്റവും സമരസപ്പെലും കുടുംബങ്ങളെ സ്വാധീനിക്കുന്നുണ്ട്. അത് ഗള്‍ഫ് കുടുംബങ്ങളെ മാത്രമായി ബാധിക്കുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നു വരാം. ബാധിക്കാം എന്നതാണ് വസ്തുത. അത് എങ്ങനെയൊക്കെ ആയിരിക്കും എന്നതാണ് പരിശോധനാ വിഷയം.
ഗള്‍ഫ് കുടുംബങ്ങളിലെ പ്രത്യേകത അവിടെ കുടുംബനാഥക്കുള്ള അധികാരമാണ്. കുടുംബനാഥന്റെ അസാന്നിധ്യത്തില്‍ സ്വയം ആര്‍ജിച്ച് എടുക്കുന്ന അധികാരവും നിയന്ത്രണവും കുടുംബത്തിന്റെ കെട്ടുറപ്പിന് ആവശ്യമാണ്. ഒരു കുട്ടി ജനിച്ച് നാലും അഞ്ചും വര്‍ഷത്തിനുശേഷം ആ കുട്ടിയെ കാണാനെത്തിയ എത്രയോ പ്രവാസികളുടെ കഥകള്‍ നമുക്കറിയാം. നാലും അഞ്ചും വര്‍ഷത്തിനിടയില്‍ ഒരു കുട്ടിക്ക് ആവശ്യമായ ജീവിത പശ്ചാത്തലം ഒരുക്കുന്നതിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം അമ്മയാണ് നിറവേറ്റുന്നത്. മറ്റൊരു തരത്തില്‍ ആണ്‍ അധികാരങ്ങളെ സ്വയം ഉടച്ചുവാര്‍ക്കാനും തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യത്തിലേക്ക് മക്കളെ വളര്‍ത്താനും അമ്മക്ക് കഴിയുന്നു. അതുവഴി വീടിനെ മാറ്റിപണിയാനും കുടുംബനാഥ എന്ന അധികാരത്തിലൂടെ വീടിനെ നിയന്ത്രിക്കാനും കഴിയുന്നു. അതു വഴി സാമ്പത്തിക വിനിയോഗത്തിന്റെ സ്വാതന്ത്ര്യം സ്ത്രീക്ക് ലഭിക്കുന്നു.
രണ്ടുവര്‍ഷത്തില്‍ രണ്ടുമാസം മാത്രം വീടിനകത്തു നില്‍ക്കുന്ന പുരുഷനാകട്ടെ ഇതിനിടയില്‍ ഭാര്യ നിര്‍വഹിച്ച് വിജയിപ്പിച്ച കുടുംബ ജീവിതത്തിലേക്ക് ഇടപെട്ടുകൊണ്ട് കാര്യമായി ഒന്നും ചെയ്യാനില്ല. അയാളുടെ ഉത്തരവാദിത്വം കൃത്യമായി പണം വീടുകളിലേക്ക് എത്തിക്കുക എന്നുള്ളതാണ്. ഈ പണം തന്റേതു കൂടിയായ അറിവാലും സമ്മതത്താലും വിനിയോഗിക്കപ്പെടുമ്പോഴും അനാവശ്യ വിനിയോഗത്തെ നിയന്ത്രിക്കാന്‍ പലപ്പോഴും ഗള്‍ഫ്കാരന് കഴിയാറില്ല. അതാണ് പണത്തിന്റെ വിനിയോഗ ധാരാളിത്തം ഗള്‍ഫ് കുടുംബത്തില്‍ ഉണ്ടാക്കിയത്. കോവിഡ് കാലത്ത് പല ഗള്‍ഫ് വീടുകളിലേക്കും തുറന്നുപിടിച്ച കണ്ണുകള്‍ ഇതിനകം അത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
കോവിഡാനുബന്ധ ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന വലിയ ശതമാനം പ്രവാസികളും ജോലി നഷ്ടപ്പെട്ട കുടുംബനാഥനാണ്. ഇന്നലെ വരെ എല്ലാ കാര്യങ്ങളും നിര്‍വഹിച്ചുപോന്ന കുടുംബനാഥക്ക് ഭര്‍ത്താവിന്റെ നിയന്ത്രണത്തിലേക്ക് വരേണ്ടിവരും. രണ്ടുമൂന്ന് പതിറ്റാണ്ടായി വീടിനകത്ത് ക്രമപ്പെടുത്തിയ താളക്രമം പെട്ടെന്ന് മാറുന്നതോടെ അവര്‍ക്ക് അനുഭവപ്പെടുന്നത് നിയന്ത്രണത്തിന്റെ കാഠിന്യമായിരിക്കും. കുട്ടികളിലുള്ള അമിതാധികാരവും നിയന്ത്രണവും പങ്കുവെക്കപ്പെടുന്നു.
മക്കള്‍ക്കാവട്ടെ ഇന്നലെ വരെ അദൃശ്യ സാന്നിധ്യമായിരുന്ന അച്ഛന്റെ നിയന്ത്രണങ്ങളിലേക്ക് മാറേണ്ടിവരുന്നു. അമ്മയോട് പല രീതിയിലുള്ള വിട്ടുവീഴ്ചകളും സ്വാതന്ത്ര്യങ്ങളും ചോദിച്ചു വാങ്ങാന്‍ കഴിയുമ്പോള്‍ അച്ഛനില്‍നിന്ന് അത് ലഭിക്കണമെന്നില്ല. പ്രത്യേകിച്ചും വീട്ടിനകത്ത് രൂപപ്പെട്ടുവന്ന പുതിയ രീതികളുടെ പശ്ചാത്തലത്തില്‍. എല്ലാ ആഡംബരങ്ങളും കുറയുമോ എന്ന ഭയം ഉണ്ടാകുന്നു. വീട്ടിലെ മാറ്റങ്ങളോടു അംഗങ്ങള്‍ക്ക് അത്ര പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞെന്നുവരില്ല. മാറ്റത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഗള്‍ഫില്‍ നിന്ന് തിരിച്ചുവന്ന ആളിന്റേതു മാത്രമാണെന്ന് വീടകം പറയുന്ന സമയമാണിത്! ഇന്നലെ വരെ അകന്ന് നിന്ന കുടുംബനാഥന്റെ ഇപ്പോഴത്തെ സാന്നിധ്യം അയാള്‍ ഒഴിച്ചുള്ള വീടിന് ഭാരമായിരുന്നത് ഇങ്ങനെയാണ്. ഈ സമയത്താണ് പത്ത് – ഇരുപത് വര്‍ഷത്തിനിടയില്‍ അധ്വാനിച്ചുണ്ടാക്കിയ പണത്തില്‍ ഒന്നും മിച്ചമില്ല എന്ന യാഥാര്‍ഥ്യത്തിലേക്ക് കുടുംബത്തിന് എത്തിച്ചേരേണ്ടി വരുന്നത്. ആ ചിന്ത പ്രധാനപ്പെട്ടതാണ്. കുടുംബത്തെ നിയന്ത്രിച്ചവര്‍ക്ക് അതിലെ പങ്ക് എന്താണ്? ഉത്തരം ഭാര്യക്കാണ് എന്നയാള്‍ തുറന്നുപറയുന്നതോട് കൂടി വീട് കറുത്ത് മൂടിക്കെട്ടാന്‍ തുടങ്ങുന്നു. അതോടെ ഇന്നലെവരെ അനുഭവിച്ച സാമ്പത്തിക അനുബന്ധ സ്വാതന്ത്ര്യം പുതിയ നിയന്ത്രണങ്ങളിലേക്ക് വരുന്നു. പതിയെ പതിയെ അത് വെറുപ്പായി ഗള്‍ഫ്കാരനിലേക്ക് തിരിയുന്നു. ഇതോടെ ഗള്‍ഫുകാരന് ലഭിക്കാതെ പോയ കുടുംബജീവിതത്തിലെ ആനന്ദവും സംതൃപ്തിയും അയാളുടെ മാത്രമായ നഷ്ടമാകുന്നു. ഭാര്യക്ക് ആകട്ടെ അനേക വര്‍ഷത്തെ ഒറ്റ ശരീരം കൊണ്ടുള്ള ജീവിതം സ്വാതന്ത്ര്യത്തിന്റെ ആനന്ദമായി എന്നോ മാറിയതാണ്. അവിടെ നിന്നാണ് ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ വീടിനകത്തും പുറത്തും അനുഭവിച്ച സ്വാതന്ത്ര്യം അയാളുടെ സാന്നിധ്യത്തില്‍ നിഷേധിക്കപ്പെടുകയോ, നിയന്ത്രിക്കപ്പെടുകയോ ചെയ്യുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് തിരിച്ചെത്തിയ / എത്തുന്നവര്‍ എഴുപത് ശതമാനവും അന്‍പത് വയസിനു മുകളിലുള്ളവരായിരിക്കും. അങ്ങനെയുള്ള ഒരാള്‍ക്ക് പുതിയ ജോലി കണ്ടെത്തുക ഏറെ പ്രയാസകരമാണ്. അയാള്‍ സ്വാഭാവികമായും ശാരീരികമായി ഏതെങ്കിലും തരത്തിലുള്ള ജീവിതശൈലീ രോഗബാധിതനായിരിക്കും. സ്ഥാപനങ്ങള്‍ക്ക് അയാളെ വെച്ച് മുന്നോട്ടുപോകുന്നതിനെക്കാള്‍ എളുപ്പത്തില്‍ 25/30 വയസായ ചെറുപ്പക്കാര്‍ ജോലി സന്നദ്ധരായി വരുന്നുണ്ട്. അപ്പോള്‍ ഇത്തരം ഗള്‍ഫുകാര്‍ക്ക് വീട്ടിലേക്ക് മടങ്ങുകയേ നിര്‍വാഹമുള്ളൂ. അയാള്‍ വീട്ടിലെത്തിയാല്‍ പിന്നീടുള്ള ജീവിതത്തിനാവശ്യമായ പണം അയാള്‍ തന്നെ കണ്ടെത്തേണ്ടി വരുന്നു. ആ തരത്തിലുള്ള അനുഭവങ്ങള്‍ തിരിച്ചെത്തിയ പല പ്രവാസികളും സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതുവരെ അധ്വാനിച്ചത് മുഴുവനായും വീട് നിര്‍മാണം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ചെലവഴിച്ചു. ആ ചെലവഴിക്കലില്‍ പലതും നിയന്ത്രിക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് ഈ സമയത്ത് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കൈവിട്ടുപോയ തൊണ്ണൂറ് ശതമാനം സമ്പത്തും തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം കൈവിട്ടു പോയതാണ്. പിന്നീടുള്ള പ്രതീക്ഷ മക്കളാണ്. ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ക്കൊക്കെ മക്കളുടെ തണല്‍ ലഭ്യമാകും എന്നുള്ളതും കാണേണ്ടതാണ്. കാരണം, മാറിയ കാലത്തെ ജീവിതവും സാമൂഹ്യ ചുറ്റുപാടും വീടിനകത്തെ പലരീതിയിലും പുതുക്കിപ്പണിതിട്ടുണ്ട്. ഇവിടെ ഏത് രീതിയിലാണ് ഗള്‍ഫുകാരന് കുടുംബത്തെ മുന്നോട്ടുപോകാന്‍ കഴിയുക എന്നാണ് ചിന്തിക്കേണ്ടത്.

മാറ്റി പണിയേണ്ട വീടകങ്ങള്‍
കോവിഡാനുബന്ധ കാലത്ത് വീടുകള്‍ എല്ലാം പുതുക്കിപ്പണിയലിന് വിധേയമാണ്. എന്നാല്‍ ഗള്‍ഫുകാരന്റെ വീടകങ്ങള്‍ അടിമുടി മാറ്റപ്പെടുന്നതാണ്. ആ മാറ്റത്തെ സ്വാധീനിക്കുന്ന പ്രധാന സാന്നിധ്യം ഗള്‍ഫുകാരന്റേതാണ്. അയാളില്‍ ഉണ്ടാകുന്ന ഏതൊരു പോരായ്മയും കുറ്റപ്പെടുത്തലായി മാറാനാണ് സാധ്യത. അയാളെ സംബന്ധിച്ച് രണ്ട്, മൂന്ന് പതിറ്റാണ്ടായി നാടുവിട്ടുപോയ ഒരാള്‍ക്ക് ജന്മനാട് നല്‍കിയ ശൂന്യതകളുടെ ഫലമാണ് അയാള്‍ കാണിക്കുന്ന പിഴവുകള്‍. അത് തിരിച്ചറിയാന്‍ ഭാര്യക്കും മക്കള്‍ക്കും കഴിയണം. ഗള്‍ഫില്‍ താന്‍ ഖുബ്ബൂസും പരിപ്പും കൂട്ടി മൂന്നുനേരം ഭക്ഷണം കഴിച്ച ഓര്‍മക്ക് മുന്‍പിലേക്ക് വിഭവ സമൃദ്ധമായ ഭക്ഷണം എത്തുകയാണ്. ഇതില്‍ ബാക്കിവന്നവ വലിച്ചെറിയുമ്പോള്‍ അയാള്‍ക്ക് ഉണ്ടാകുന്ന വികാര പ്രകടനത്തെ ഒരിക്കലും അസഹിഷ്ണുതയോടെ കാണരുത്. അനാവശ്യ ചെലവുകളും പാഴാക്കുന്ന ഭക്ഷ്യവസ്തുക്കളും നിയന്ത്രിക്കുന്നതോടുകൂടി ചെലവിനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിയും. അനാവശ്യ യാത്രകളും വിപണിയിലെ പരസ്യങ്ങള്‍ക്ക് അനുസരിച്ച് ജീവിതത്തെ പുതുക്കിപ്പണിയുന്ന രീതികളും മാറ്റണം. ഗള്‍ഫില്‍ ഉള്ളപ്പോള്‍ അദ്ദേഹത്തിന് കുടുംബത്തിന്റെ നിയന്ത്രണം പണംവഴിയാണ്. ഇവിടെ അയാള്‍ക്ക് സ്വന്തം ശരീരം കൊണ്ടാണ് വീടകത്തെ നിയന്ത്രിക്കേണ്ടത്. ഈ സമയത്ത് കുടുംബനാഥനെ ആദ്യം ചേര്‍ത്ത് പിടിക്കേണ്ടത് വീടാണ്. അപ്രതീക്ഷിതമായ തൊഴില്‍ നഷ്ടം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന്, ഭാവി നല്‍കുന്ന അനിശ്ചിത്വത്തില്‍ ഉഴലുന്ന ഈ മനുഷ്യനെ തിരിച്ചറിയാന്‍ വീടിന് കഴിയണം. ഇന്നലെവരെ സ്വയം തീരുമാനിച്ച എല്ലാ കാര്യങ്ങളും ഭര്‍ത്താവിനോട് കൂടി പങ്കുവെച്ച് തീരുമാനത്തിലെത്തല്‍ ഭാര്യയുടെ ഉത്തരവാദിത്വമാകുന്നു. എന്നാല്‍ വീട്ടിന്റെ നിയന്ത്രണം പൂര്‍ണമായി തന്നിലേക്ക് വരണം എന്ന ചിന്ത അയാള്‍ക്ക് സമാധാനം നല്‍കില്ല. കാരണം – അവിടെ കാലമേല്‍പ്പിച്ച വിടവ് ചെറുതല്ല. പതിയെ പതിയെ വീടിനെ പഠിക്കാന്‍ അയാള്‍ തയാറാകേണ്ടതുണ്ട്. ഇന്നലെ വരെ ഉറങ്ങിയ ഇരുമ്പുകട്ടിലില്‍ അല്ല തന്റെ ഉറക്കം എന്ന് ബോധ്യപ്പെടുത്താന്‍ കുറച്ചു സമയം എടുക്കും. ഈ സമയത്താണ് എല്ലാ പുതുക്കിപ്പണിയലിനും വീട് സാക്ഷ്യം വഹിക്കേണ്ടത്. അവിടെ മക്കള്‍ അമ്മയോട് പ്രകടിപ്പിച്ചിരുന്ന, പ്രകടിപ്പിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അച്ഛനോടും പ്രകടിപ്പിക്കാന്‍ തയാറാവണം. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അമ്മയോട് ചോദിക്കുമ്പോള്‍ തന്നെ അച്ഛനോട് പങ്കുവെക്കാന്‍ തയാറാവണം. ഇതൊക്കെ എത്ര നിസാരപെട്ട കാര്യമാണെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ദീര്‍ഘകാലം പ്രവാസിയായ പലരും പ്രവാസം മതിയാക്കി നാട്ടില്‍ പോയിട്ട് വീണ്ടും തിരിച്ചു വന്നിട്ടുണ്ട്. കാരണം, വീട്ടില്‍ കാര്യമായ പരിഗണന കിട്ടുന്നില്ല എന്നതാണ്. പ്രവാസം മതിയാക്കി പോകുന്ന ഒരാള്‍ പ്രതീക്ഷിക്കുന്നത് മക്കളുടേയും ഭാര്യയുടേയും നേരിട്ടുള്ള സ്‌നേഹവും കരുതലുമാണ്. ഇത് കിട്ടുമെന്ന പൂര്‍ണ ബോധത്തിലാണ് അയാള്‍ വീട്ടിലേക്ക് എത്തുന്നത്. അവിടെ അയാള്‍ അനുഭവിക്കുന്ന ഏതൊരു സ്‌നേഹം നിഷേധവും അയാളെ വീടും നാടുമില്ലാത്ത മനുഷ്യനാക്കി മാറ്റും. അയാള്‍ക്ക് മൂന്നു പതിറ്റാണ്ടായി ജോലി ചെയ്ത് ഗള്‍ഫ് തൊഴിലിടം മാത്രമാണ്. ജന്മബന്ധങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങിപ്പോയിട്ടില്ല. അത് സാധ്യമല്ല. തിരിച്ചു വരുന്നതാകട്ടെ പടര്‍ന്നു പന്തലിച്ച വേരുള്ള മണ്ണിലേക്ക്. അവിടെ തന്റെ വേര് മുറിച്ചു മാറ്റപ്പെടുന്നത് അയാളെ സംബന്ധിച്ച് സ്വയം ഇല്ലാതാകുന്നതിന് തുല്യമാണ്. ഈ അവസ്ഥയില്‍ കുടുംബത്തെ എത്തിക്കാതിരിക്കാനുള്ള ഉത്തരവാദിത്വത്തിലേക്ക് വീടകം മാറുന്ന കാലമാണ് ഇനിയുള്ളത്.
ഇത്തരം യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കേ ഗള്‍ഫ് വീടുകളിലെ സ്ത്രീകള്‍ പുതിയൊരു സാമൂഹിക അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ആണുങ്ങള്‍ക്ക് മാത്രമേ കുടുംബത്തെ നിയന്ത്രിക്കാന്‍ കഴിയൂ എന്ന സാമ്പ്രദായിക കുല രീതിയെ മറികടക്കാന്‍ ഗള്‍ഫ് വീടുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് സാഹചര്യങ്ങളുടെ ഫലമായിട്ട് ഉണ്ടായതാണെങ്കില്‍ കൂടി. പെണ്‍കുട്ടികളെ വളര്‍ത്തി വിദ്യാഭ്യാസം നല്‍കി വിവാഹം നടത്തി അതിന്റെ മുഴുവന്‍ ക്രെഡിറ്റും അമ്മമാര്‍ നേടിയ എത്രയോ വീട് കേരളത്തിലുണ്ട്. മനുഷ്യന് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാന്‍ കഴിയുമെന്നതിന്റെ തെളിവ് കൂടിയാണിത്. ഇങ്ങനെ ഒരേ സമയം കുടുംബനാഥയായും സ്ത്രീ അധികാര ഇടമായും മാറിയതിന്റെ ചരിത്രമുണ്ട് ഗള്‍ഫ് വീടുകള്‍ക്ക്.

Share this article

About ഇ.കെ ദിനേശന്‍

View all posts by ഇ.കെ ദിനേശന്‍ →

Leave a Reply

Your email address will not be published. Required fields are marked *