കോവിഡ് ലോംഗ്‌ ബെല്ലടിച്ചപ്പോൾ

Reading Time: 3 minutes

കോവിഡ് മഹാമാരി ലോകമെങ്ങും മനുഷ്യരുടെ സമസ്ത വ്യവഹാരങ്ങളെയും പിടിച്ചുലച്ച ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. പലരെ സംബന്ധിച്ചും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം തന്നെ മാഞ്ഞു പോയി എന്നും പറയാം. അടുക്കള മുതല്‍ ആഗോള ബിസിനസ് ഭീമന്‍മാരെ വരെ കോവിഡ് പിടിച്ചുലച്ചു. മനുഷ്യന്‍ പുതിയ രീതികളും ശീലങ്ങളും പഠിച്ചു. സ്വപ്‌നങ്ങളും മനക്കോട്ടകളും തകര്‍ന്നടിഞ്ഞു. അതിജീവനത്തിന്റെ പുതിയ പാതകള്‍ തേടിയിറങ്ങി.
കോവിഡ് കാലം അടിമുടി പിടിച്ചുലച്ചൊരു മേഖലയാണ് വിദ്യാഭ്യാസം. വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ ഒന്നാകെ അടച്ചിടുകയും ക്ലാസ് മുറികള്‍ക്കു പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമാവുകയും ചെയ്തു. ലോക്ഡൗണിന്റെ ആദ്യനാളുകളില്‍ ലോകമെങ്ങും വിദ്യാഭ്യാസരംഗം കടുത്ത അമ്പരപ്പില്‍ ആയി. പതുക്കെ പതുക്കെ കാര്യങ്ങള്‍ മാറി വന്നെങ്കിലും പൂര്‍ണാര്‍ഥത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നു തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഇപ്പോഴും പറയാറായിട്ടില്ല. തുറന്നാല്‍ തന്നെയും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ പ്രക്രിയയും ഒട്ടേറെ മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും എന്നതുമുറപ്പാണ്.
സ്‌കൂളടച്ചതും കൂട്ടുകാരെ കാണാനാകാത്തതും വീട്ടില്‍ അടച്ചുപൂട്ടിയിരുന്നതും ഓണ്‍ലൈന്‍ ക്ലാസുകളും ടെക്‌നോളജിയുടെ അമിതോപയോഗവും ഡിജിറ്റല്‍ ഡിവൈസുമെല്ലാം കുട്ടികളിലുണ്ടാക്കുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങളും അരക്ഷിതാവസ്ഥയുമൊക്കെ ഒട്ടേറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കഴിഞ്ഞു. മാറ്റങ്ങളെ ഇഷ്ടപ്പെടുന്നവരെന്ന നിലക്ക് പുതുതലമുറ കുട്ടികളിലെ ഭൂരിഭാഗത്തിനും ഈ മാറ്റങ്ങളോട് എളുപ്പം പൊരുത്തപ്പെടാന്‍ കഴിയും. എന്നാല്‍ വിദ്യാലയങ്ങളടച്ചതോടെ പ്രതിസന്ധിയിലായിപ്പോയ വേറെയുമനേകമാളുകളുണ്ട്. അവരില്‍ പലരെപ്പറ്റിയും ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നതാണ് സത്യം.

മണി മുഴങ്ങാത്ത വിദ്യാലയങ്ങള്‍
സ്‌കൂളിലെ മണിമുഴക്കം നിലച്ചതോടൊപ്പം അനേകം മനുഷ്യരുടെ ജീവിതങ്ങളും നിലച്ചു പോയിട്ടുണ്ട്. സ്‌കൂള്‍ ബസുകളിലെ ജീവനക്കാര്‍, ആയമാര്‍, പാചകക്കാര്‍, സെക്യൂരിറ്റി ജീവനക്കാര്‍, കാന്റീന്‍ തൊഴിലാളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിച്ച് നിലനിന്നിരുന്ന കച്ചവട സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്റ്റോറുകള്‍, ബുക്സ്റ്റാളുകള്‍, കലാ-കായിക പരിശീലകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍… അവരുടെ പട്ടിക അനന്തമായി നീളും. സ്‌കൂളിലെ മണിക്കൊപ്പം ജീവിതം ചിട്ടപ്പെടുത്തിയതായിരുന്നു അവരെല്ലാം. കുട്ടികളുടെ നഷ്ടങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയും മറ്റും ഒരു പരിധി വരെ നികത്താനായെങ്കിലും ഇത്തരക്കാരിലധികവും ജീവിതം വഴിമുട്ടിയിരിക്കുകയാണിപ്പോഴും.

കുട്ടികളെ കാണാതെ കളിചിരികളില്ലാതെ
കോവിഡ് കാലത്ത് കുട്ടികളെപ്പോലെത്തന്നെ ഒരുപക്ഷേ അതിലധികവും പ്രതിസന്ധിയിലായവരാണ് അധ്യാപകര്‍. സ്വന്തം കുട്ടികളോടൊത്ത് ചെലവിടുന്നതിനേക്കാള്‍ സമയം വിദ്യാര്‍ഥികളോടൊത്ത് ചെലവിടുന്നവരാണവര്‍. വിദ്യാലയങ്ങള്‍ പെട്ടെന്നടച്ചതോടെ ഒരു പെരുമഴ പെട്ടെന്ന് തോര്‍ന്നുപോയ പ്രതീതിയായിരുന്നു അധ്യാപകര്‍ക്ക്. വര്‍ഷാവസാനത്തെ ഓട്ടപ്പാച്ചിലുകള്‍ക്കിടയിലാണ് പെട്ടെന്ന് ലോക്ഡൗണ്‍ വന്നത്. അവസാന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് ഒരു യാത്രയയപ്പ് നല്‍കാന്‍ പോലുമാകാതെ ഒരു വര്‍ഷം കടന്നുപോയി. പുതിയ വര്‍ഷം പ്രവേശനം നേടിയ കുട്ടികളെ ഒന്നു കാണാന്‍പോലും അധ്യാപകര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നത് മറ്റോരു നോവ്. സാങ്കേതിക വിദ്യ ഒരു പരിധി വരെ കൂടിക്കാഴ്ചകള്‍ സാധ്യമാക്കിയെങ്കിലും അധ്യാപകര്‍ക്കും കുട്ടികള്‍ക്കുമിടയിലുണ്ടായ വിടവ് വളരെ വലുതാണ്.

കളിയില്ല, കാര്യവും
വിദ്യാലയങ്ങളിലെ കളിചിരികളും ആരവങ്ങളുമൊക്കെയാണ് കുട്ടികളെപ്പോലെ അധ്യാപകരെയും ജീവിപ്പിക്കുന്നത്. കലോത്സവങ്ങളും കായിക മത്സരങ്ങളും ക്ലബ്ബുകളും സന്നദ്ധ സേവനവും എന്‍എസ്എസും എന്‍സിസിയും പോലീസും തുടങ്ങി അനേകം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് വിദ്യാലങ്ങള്‍. ഒരു സുപ്രഭാതത്തില്‍ എല്ലാം നിലച്ചുപോയപ്പോള്‍ ഭൂരിഭാഗം അധ്യാപകരും പകച്ചുപോയി എന്നതാണ് വസ്തുത. പ്രൈമറി തലങ്ങളില്‍ കുട്ടികളോടൊപ്പം കളിച്ചും ആടിയും പാടിയും അധ്യാപകരും കുട്ടികളായി മാറുന്നതാണ് രീതി. കുട്ടിക്കുറുമ്പുകളും വാശിയും വികൃതിയുമെല്ലാം നിറഞ്ഞ ആ ലോകം നഷ്ടപ്പെടുന്നത് അധ്യാപകര്‍ക്ക് ഉള്‍ക്കൊള്ളാനാകാത്തതാണ്.

അധ്യാപകര്‍ വിദ്യാര്‍ഥികളാകുന്നു
ലോക്ഡൗണ്‍ കാലത്തിന്റെ തുടക്കത്തില്‍ എല്ലാവരെയും പോലെ അധ്യാപകരും പകച്ചിരുന്നിട്ടുണ്ടെന്നതു നേര്. എന്നാല്‍ എല്ലാവരെക്കാളും മുന്നില്‍ ആ പ്രതിസന്ധിയെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവരേര്‍പ്പെടുന്നതാണ് പിന്നീട് കണ്ടത്. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളുപയോഗിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ടയിടം തിരിച്ചുപിടിക്കാന്‍ അവര്‍ പരിശ്രമിച്ചു. പുത്തന്‍സാങ്കേതിക വിദ്യകള്‍ പഠിച്ചെടുക്കാനായി അവരെല്ലാം പെട്ടെന്ന് വിദ്യാര്‍ഥികളായി പരിണമിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളും വീഡിയോ എഡിറ്റിങും ഓഡിയോ എഡിറ്റിങും ഓണ്‍ലൈന്‍ പരീക്ഷയും തുടങ്ങി അനേകം സങ്കേതങ്ങള്‍ അവര്‍ ഉപയോഗിച്ച് തുടങ്ങി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു പരിശീലനവും കൂടാതെ ലോക്ഡൗണിന്റെ പിറ്റേന്ന് തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
ലോക്ക്ഡൗണ്‍ കാലം അധ്യാപകരേറെയും ചെലവഴിച്ചത് പുതിയ സാങ്കേതിക വിദ്യകള്‍ പഠിച്ചെടുക്കാനും അതുവഴി തങ്ങളുടെ കുട്ടികളുമായി സംവദിക്കാനുമാണ്. പലരും വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്തു. തങ്ങളുടെ വിഷയ മേഖലയിലും അല്ലാതെയുമുള്ള അറിവുകളും കഴിവുകളും മെച്ചപ്പെടുത്താന്‍ ശ്രമിച്ചു. പഠന-പരിശീലന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. യൂട്യൂബില്‍ തങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്തു.

രക്ഷിതാക്കള്‍ അധ്യാപകരാകുന്നു
അധ്യാപകരെയും അധ്യാപകവൃത്തിയെയും ജനങ്ങള്‍ നന്നായി മനസിലാക്കിയ ഒരു കാലം കൂടിയാണിത്. വീട്ടില്‍ അടച്ചുപൂട്ടപ്പെട്ട കുട്ടികളുടെ വാശികളിലും വികൃതികളിലും സഹികെട്ട് ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരെ നമിച്ചിട്ടുണ്ടാകും. സ്‌കൂളൊന്ന് തുറന്നുകിട്ടിയാല്‍ മതിയായിരുന്നു എന്ന് മിക്കവരും പലവട്ടം ചിന്തിച്ച് കാണും, പ്രൈമറി, പ്രി-പ്രൈമറി തലത്തിലൊക്കെ പ്രത്യേകിച്ചും. ‘ഒന്നിനെ നോക്കാന്‍ ഇത്രയും പാടാണെങ്കില്‍ അന്‍പതെണ്ണത്തെ നോക്കുന്ന ആ ടീച്ചര്‍മാരെ സമ്മതിക്കണം’ എന്ന് മിക്ക രക്ഷിതാക്കളും മനസിലെങ്കിലും പറഞ്ഞു കാണും.
ടീച്ചറുടെ സ്ഥാനം രക്ഷിതാക്കളേറ്റെടുക്കേണ്ടി വന്നത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്. കുട്ടികളുടെ മനഃശാസ്ത്രമോ ബോധനശാസ്ത്രമോ ഒന്നും പഠിച്ചിട്ടില്ലാത്ത രക്ഷിതാക്കള്‍ അധ്യാപകരായി മാറുമ്പോള്‍ അടിയും വഴക്കും സാധാരണമായിരിക്കുമെന്നുറപ്പ്. അത് കുട്ടികളില്‍ വലിയ സമ്മര്‍ദങ്ങളുണ്ടാക്കും. തങ്ങള്‍ക്ക് നേരത്തെയില്ലാതിരുന്ന ഒരു ഉത്തരവാദിത്വം കൂടിവന്നു ചേര്‍ന്നത് രക്ഷിതാക്കളിലും ഒട്ടധികം പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. പല വിഷയങ്ങളിലും കുട്ടികളുടെ സംശയങ്ങള്‍ തീര്‍ക്കാനാകാത്തത്, പുതിയ സാങ്കേതിക വിദ്യയിലുള്ള പരിചയക്കുറവ് തുടങ്ങിയവയെല്ലാം അധ്യാപകരായി മാറേണ്ടിവന്ന രക്ഷിതാക്കളെ പ്രയാസപ്പെടുത്തി.

വീട്ടിലെ ടീച്ചര്‍
വിദ്യാലയങ്ങള്‍ പൂട്ടിയപ്പോള്‍ അധ്യാപകരെ സംബന്ധിച്ചുണ്ടായ ഏറ്റവും നല്ല കാര്യം അവര്‍ക്ക് സ്വന്തം കുട്ടികളെയും കുടുംബത്തെയും കൂടുതല്‍ ശ്രദ്ധിക്കാനായി എന്നതായിരിക്കും. സ്‌കൂളിലെ കുട്ടികളുടെ കാര്യങ്ങള്‍ക്കിടക്ക് സ്വന്തം കുട്ടികളുടെ പഠനവും മറ്റു കാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിയാതിരുന്ന അധ്യാപകര്‍ക്ക് അവരുടെ മക്കളെ നന്നായി നോക്കാനും മനസിലാക്കാനും കിട്ടിയ അവസരമായി ലോക്ഡൗണ്‍ കാലം. കുറേ പേര്‍ക്കെങ്കിലും സ്വന്തം കുട്ടികളെ പഠിപ്പിച്ചും അവരോടൊപ്പം കളി ചിരികളിലേര്‍പ്പെട്ടും സ്‌കൂളിന്റെ നഷ്ടം നികത്താനായിട്ടുണ്ടാകും.

പണിയില്ലാത്തവരെന്ന പഴി
ലോക്ഡൗണ്‍ കാലം ഏറ്റവുമധികം പഴികേട്ട ഒരു വിഭാഗം കൂടിയാണ് അധ്യാപകര്‍. പണിയെടുക്കാതെ വീട്ടിലിരുന്ന് ശമ്പളം വാങ്ങിക്കുന്നവര്‍ എന്ന് രഹസ്യമായും പരസ്യമായും ആളുകള്‍ അധ്യാപക സമൂഹത്തെ കുറ്റം പറഞ്ഞു. എന്നാല്‍ ആദ്യത്തെ കുറച്ചു സമയത്തെ അമ്പരപ്പിന് ശേഷം അധ്യാപകര്‍ പഴയതിലേറെ പണിയെടുത്തിട്ടുണ്ടെന്നതാണ് വസ്തുത. സ്‌കൂളില്‍ പോവുക എന്നതൊഴിച്ച് അവരുടെ ഡ്യൂട്ടികളെല്ലാം അവര്‍ ചെയ്യുന്നുണ്ടായിരുന്നു. മിക്കവരും പല ആവശ്യങ്ങള്‍ക്കായി ഇടക്കിടെ സ്‌കൂളുകളിലെത്തുന്നുണ്ടായിരുന്നു. സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും ലോക്ഡൗണിന്റെ ആദ്യനാളുകളില്‍ത്തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നു. വലിയ സാങ്കേതിക പരിജ്ഞാനമില്ലാത്ത അധ്യാപകരെ സംബന്ധിച്ച് ഇതാവട്ടെ സാധാരണ ക്ലാസുകളെക്കാള്‍ അനേകമിരട്ടി ഭാരമുണ്ടാക്കുന്നതായിരുന്നു.
കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തല്‍, ഗൃഹസന്ദര്‍ശനം, പരീക്ഷാനടത്തിപ്പ്, മൂല്യനിര്‍ണയം, പ്രവേശന നടപടികള്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളെല്ലാം മുറപോലെ ചെയ്തതിനു പുറമെ അധ്യാപകരില്‍ ഭൂരിഭാഗത്തിനും കോവിഡുമായി ബന്ധപ്പെട്ട അധിക ഡ്യൂട്ടികളും കിട്ടിയിട്ടുണ്ട്. എന്നാലും ബാക്കിയായത് പണിയെടുക്കാത്തവരെന്ന പഴി!

പട്ടിണി, തൊഴിലില്ലായ്മ, അനിശ്ചിതത്വങ്ങള്‍
കോവിഡ് കാലം ഏറ്റഴും ഭീകരമായി ബാധിച്ചത് സ്വകാര്യ സ്ഥാപനങ്ങളിലെയും പാരലല്‍ കോളേജുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയുമൊക്കെ അധ്യാപകരെയാണ്. സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്ക് ശമ്പളം മുടങ്ങാതെ കിട്ടിയെങ്കിലും ഇതര മേഖലകളിലെ സ്ഥാപനങ്ങള്‍ പലതും അക്ഷരാര്‍ഥത്തില്‍ പൂട്ടിപ്പോയി. കുട്ടികളുടെ ഫീസിനെ മാത്രം ആശ്രയിച്ചു നിലനിന്നിരുന്ന അത്തരം സ്ഥാപനങ്ങള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാനാകാതെ പ്രതിസന്ധിയിലായി. ഉയര്‍ന്ന ഫീസ് വാങ്ങുന്ന നല്ല സാമ്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങള്‍ ശമ്പളം വെട്ടിക്കുറച്ചും മറ്റും പിടിച്ചു നിന്നെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ ശരിക്കും പൂട്ടിപ്പോയി. അധ്യാപകരും ഇതര ജീവനക്കാരും ബസ് തൊഴിലാളികളുമൊക്കെ പട്ടിണിയറിഞ്ഞു. ഉയര്‍ന്ന ബിരുദങ്ങള്‍ ഉള്ള അധ്യാപകര്‍ എന്ന കുപ്പായത്തിനുള്ളില്‍ മാത്രം സമൂഹത്തിനു മുന്‍പില്‍ ചെല്ലാറുള്ള അവരില്‍ പലര്‍ക്കും മറ്റൊരു ജോലിക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥയുണ്ടായി. കോവിഡ് നമ്മെ വിട്ടുപോയാലും അത്തരം സ്ഥാപനങ്ങള്‍ക്കിനി പച്ചപിടിക്കാന്‍ കുറെ സമയം എടുക്കും. ഓണ്‍ലൈന്‍ ക്ലാസുകളും പുതിയ സാങ്കേതികവിദ്യകളും അവര്‍ക്കുമുന്നില്‍ വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യും.

വരാനിരിക്കുന്നത് വെല്ലുവിളികളുടെ കാലം
കോവിഡാനന്തരം അധ്യാപകരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. വീട്ടിലിരുന്ന് മടിയന്മാരായിപ്പോയ കുട്ടികളെ ട്രാക്കിലേക്ക് കൊണ്ടുവരിക എന്നത് വലിയ വെല്ലുവിളിയാണ്. കോവിഡുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി കുറേയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലെത്തിക്കും. കുറേപ്പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. ഓണ്‍ലൈന്‍ ക്ലാസുകളുടെ പെരുപ്പം ഇനി കൂടുതല്‍ അധ്യാപകര്‍ വേണ്ട എന്ന നിലപാടിലേക്കെത്തിക്കും. കഴിവുള്ളവര്‍ മാത്രം അതിജീവിക്കും. പുതിയ സാങ്കേതിക വിദ്യകളോടൊപ്പം ഓടാന്‍ കഴിയാത്തവര്‍ പുറത്തായിപ്പോകും. വിദ്യാഭ്യാസത്തില്‍ അധ്യാപകന്‍ അത്ര പ്രധാനമല്ല എന്ന അവസ്ഥ വരും. അധ്യാപകര്‍ നന്നായി ഓഡിറ്റ് ചെയ്യപ്പെടും. മത്സരങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് പുതിയ, നല്ല വിദ്യാഭ്യാസക്രമം നിലവില്‍ വരുമെന്ന് പ്രത്യാശിക്കാം.

Share this article

About റഹീം പൊന്നാട്

raheemponnad@gmail.com

View all posts by റഹീം പൊന്നാട് →

Leave a Reply

Your email address will not be published. Required fields are marked *