രാഷ്ട്രം, രാഷ്ട്രീയം ഉണര്‍വു നേരങ്ങള്‍

Reading Time: 3 minutes

വൈവിധ്യങ്ങളായ ഭാഷകളുടെയും മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും കലവറയായ നാട്ടുരാജ്യങ്ങളെയും ഭരണപ്രദേശങ്ങളെയും ഏകോപിപ്പിച്ച് ഒരു രാജ്യമായി എങ്ങനെ കൊണ്ട് പോകാം എന്നതായിരുന്ന ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ രാഷ്ട്ര നേതാക്കളുടെ ചിന്ത. അങ്ങനെയാണ് നാനാത്വത്തില്‍ ഏകത്വം (Unity in Diversity) എന്ന ആശയവും മഹത്തായ ഭരണഘടനയും നിലവില്‍ വരുന്നത്. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ റിപബ്ലിക്കാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട ദിനരാത്രങ്ങളിലെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഭരണഘടന ഉണ്ടാകുന്നതും റിപബ്ലിക്കാകുന്നതും. അത് കൊണ്ടാണ് ഇന്ത്യക്ക് രണ്ടു ആഘോഷങ്ങള്‍ – സ്വാതന്ത്ര്യദിനവും റിപബ്ലിക്ക് ദിനവും. റിപബ്ലിക്കില്‍ പരമോന്നത അധികാരം ജനങ്ങളും അവരുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും വഹിക്കുന്നു. മുഴുവന്‍ ജനങ്ങളുടെ/ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ ഭരണമാണ് ജനാധിപത്യം.
ഭരണാധികാരികള്‍ നിശിതമായി വിമര്‍ശിക്കപ്പെടാം ജനാധിപത്യത്തില്‍. റിപബ്ലിക്ക് ജനാധിപത്യമെന്നത് ഭൂരിപക്ഷമല്ല; ഒരാള്‍ ആണെങ്കില്‍ പോലും അയാളെ പരിഗണിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യ മതേതരത്വത്തിലധിഷ്ഠിതമാണ്, ഭൂരിപക്ഷ മതാധിഷ്ഠിതമല്ല. എല്ലാ മതങ്ങള്‍ക്കും തുല്യ പരിഗണന. ഒരു ആനുകൂല്യവും ഒരു മതത്തിന് മാത്രമായി നിഷേധിക്കാന്‍ പാടില്ല. ഫാഷിസ്റ്റ് വ്യവസ്ഥയില്‍ പക്ഷേ ഈ മൂല്യങ്ങളൊന്നും കാണാനാകില്ല. ജനാധിപത്യത്തിന്റെ ചിട്ടവട്ടങ്ങള്‍ മാത്രം നിലനില്‍ക്കും. തിരഞ്ഞെടുപ്പും മള്‍ട്ടി പാര്‍ട്ടി സംവിധാനവുമുണ്ടായേക്കാം. തിരഞ്ഞെടുപ്പ് കമ്മീഷനും കോടതികളും ഭരണഘടനാ സ്ഥാപനങ്ങളുമുണ്ടാകാം. എന്നാല്‍ ഇവയൊന്നും പഴയതു പോലെ പ്രവര്‍ത്തിക്കില്ല. ഫാഷിസ്റ്റ് ശക്തികള്‍ ഇവയെല്ലാം കീഴടക്കും. ഇന്ത്യ ഇപ്പോള്‍ എത്തിയിരിക്കുന്നത് ഈ അവസ്ഥയിലാണ്. ഫാഷിസത്തിന്റെ കടന്നു കയറ്റം സര്‍വമേഖലയിലും പ്രത്യാഘാതങ്ങളുണ്ടാക്കി. ഭരണഘടനാ സ്ഥാപനങ്ങള്‍ അവയുടെ ചുമതല മറന്ന പോലെ പെരുമാറാന്‍ തുടങ്ങി. അതിന്റെ അലയൊലികള്‍ കോടതി വിധികളില്‍ കാണുന്നു. സുപ്രീം കോടതി, ആര്‍ ബി ഐ, സി ബി ഐ, എന്‍ ഐ എ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ മുഴുവന്‍ സംവിധാനങ്ങളിലും സര്‍ക്കാര്‍ ശക്തമായി പിടിമുറുക്കി. എല്ലാം ഭരണകൂടത്തിന് കീഴ്‌പ്പെട്ടത് റിപബ്ലിക്ക് ജനാധിപത്യത്തെ ദുര്‍ബലമാക്കി. ഏറ്റവും അവസാനമായി കര്‍ഷക ബില്ലില്‍ സര്‍ക്കാരിന്റെ താത്പര്യമായ സമിതി രൂപവത്കരണം ഇത്തരത്തിലുള്ള സമ്മര്‍ദങ്ങളുടെ ഫലമായിരിക്കാം.
ഭരണഘടനയാണ് ഇന്ത്യയുടെ ബലം. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അത് ലഭ്യമാണ്. 395 ആര്‍ട്ടിക്കിളുകളും 12 ഷെഡ്യൂളുകളും (പട്ടികകള്‍) നൂറിലധികം വരുന്ന ഭേദഗതികളും ഉള്‍പ്പെടുന്ന ഭരണഘടനയുടെ ആമുഖമാണ് പ്രിയാംബിള്‍. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ (Basic Structure) നിര്‍വചിക്കുന്നു എന്നതാണ് പ്രിയാംബിളിന്റെ പ്രത്യേകതയും ശക്തിയും. പ്രിയാംബിളിലൂടെ പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ, റിപബ്ലിക്ക് യൂനിയനായി ഇന്ത്യയെ പ്രഖ്യാപിക്കുകയും തുല്യ നീതി, സ്വാതന്ത്ര്യം, സമത്വം, അന്തസ് എന്നിവ ഓരോ പൗരനും ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയങ്ങള്‍ക്കനുസരിച്ച് 395 ആര്‍ട്ടിക്കിളുകളെ വിവിധ ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഇതിനെ Part എന്ന് വിളിക്കും. പൗരത്വം Part2ലും (Art 5 മുതല്‍ 11 വരെ), Fundamental Rights / മൗലികാവകാശങ്ങള്‍ – Part3ലുമാണ് വരുന്നത്. 14 മുതല്‍ 18 വരെയുള്ള ആര്‍ട്ടിക്കിളുകളിലൂടെ നിയമത്തിന് മുന്നിലെ സമത്വം ഉറപ്പ് നല്‍കുന്നു. 19 മുതല്‍ 22 വരെയുള്ള ആര്‍ട്ടിക്കിളിലൂടെ സ്വാതന്ത്ര്യത്തിനുള്ള അവകാശവും ആര്‍ട്ടിക്കിള്‍ 25ലൂടെ ഇഷ്ടമുള്ള മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശവും ആര്‍ട്ടിക്കിള്‍ 26 ലൂടെ മതസ്ഥാപനങ്ങള്‍ നടത്താനുള്ള അവകാശവും ഭരണഘടന നല്‍കുന്നു
1925 മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു, സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ. അങ്ങേയറ്റം ഗോപ്യമായും സൂക്ഷ്മമായും ഫാഷിസ്റ്റ് യുക്തികള്‍ വേരാഴ്ന്നിരിക്കുന്നത് കൊണ്ട് അതിനെ പിഴുതെറിയുക എളുപ്പമല്ല. പിന്നാമ്പുറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആര്‍ എസ് എസും എക്‌സിക്യൂഷന് മുന്നില്‍ നിന്ന് ബി ജെ പിയും ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഏകോപനം സാധ്യമാക്കിയിരിക്കുന്നു. സാംസ്‌കാരിക സംവിധാനങ്ങളെയും മതസൗഹാര്‍ദത്തെയും അവര്‍ തകര്‍ത്തു. ദേശസ്‌നേഹം അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വികാരം കൊള്ളല്‍ മാത്രമായി. ഹിന്ദുത്വ ശക്തികള്‍ കാലങ്ങളായി പല തലങ്ങളില്‍ നടത്തിയ ഇടപെടലിന്റെ വിളവെടുപ്പിന്റെ ഫലമാണിത്. അവര്‍ ഇടപെട്ടത് രാജ്യത്തിന്റെ സാംസ്‌കാരികതയിലാണ്. അവര്‍ക്ക് പാര്‍ലിമെന്റില്‍ സീറ്റില്ല, പഞ്ചായത്ത് മെമ്പര്‍മാരില്ല എന്ന് നമ്മള്‍ ആശ്വസിച്ചു. എന്നാല്‍ അപ്പോഴെല്ലാം അവര്‍ സാംസ്‌കാരിക അധിനിവേശവും സോഷ്യല്‍ എന്‍ജിനീയറിംഗും ഗ്രാസ് റൂട്ടില്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഏറ്റവും വലിയ ദുരന്തം നമ്മളനുഭവിച്ചു. ഗുജറാത്ത്, ഗാന്ധിവധം, ബാബരി ധ്വംസനം, മറ്റു വര്‍ഗീയ കലാപങ്ങള്‍. പശുവാദം, ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി തുടങ്ങിയ വധങ്ങള്‍, ക്യാംപസുകളിലേക്കുള്ള കടന്ന് കയറ്റങ്ങള്‍, ഐതിഹ്യത്തെയും കെട്ടുകഥകളെയും ശാസ്ത്രമായി കൊണ്ടാടുന്നത്, ചരിത്രങ്ങളെ വളച്ചൊടിക്കല്‍.
മുത്വലാഖിനെതിരായ കോടതി വിധി, ശബരിമല യുവതി പ്രവേശന വിധി, കാക്കാ കലേക്കര്‍, മണ്ഡല്‍, സച്ചാര്‍ കമ്മീഷനുകള്‍ അവതരിപ്പിച്ച വസ്തുതകളെ തള്ളി നടപ്പിലാക്കിയ സംവരണ ഭേദഗതി തുടങ്ങിയ നീക്കങ്ങളിലൂടെ മോഡി സര്‍ക്കാര്‍ ലക്ഷ്യം വെച്ചത് ഭരണ ഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനും അതിനാവശ്യമായ പൊതു സമ്മതി നിര്‍മിക്കാനും ആയിരുന്നു. മുന്നോക്ക സംവരണത്തിന് പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ലമെന്റിനു അകത്തും പുറത്തും നല്‍കിയ പിന്തുണ ഇതിന്റെ അനന്തരഫലമാണ്.
ആര്‍എസ്എസ് പോറ്റി വളര്‍ത്തിയ നരേന്ദ്ര മോദി ഒന്നാമൂഴത്തില്‍ തന്നെ 1955ലെ ഇന്ത്യന്‍ പൗരത്വ നിയമത്തെ ഭേദഗതി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ലോക്‌സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ പരിഗണനക്ക് എത്തുമ്പോഴേക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വലിയ പ്രതിഷേധമുയര്‍ന്നു. ഇതോടെ ബില്‍ ഉടന്‍ പാസാക്കുന്നതില്‍ നിന്നും പിന്നാക്കം പോയി. തല്‍ഫലമായി ബില്ലവതരണം രാജ്യസഭയില്‍ നടന്നില്ല. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്‍ അസാധുവായി. പൗരത്വ നിയമം ഭേദഗതി ചെയ്യാന്‍ ഒന്നാമൂഴത്തില്‍ സാധിച്ചില്ലെങ്കിലും വിവിധ ചട്ടങ്ങളില്‍ ഇളവ് നല്‍കിക്കൊണ്ട് ചില കാര്യങ്ങള്‍ അന്ന് തന്നെ നടപ്പാക്കി. അനധികൃതമായി രാജ്യത്തെത്തുന്നവരെ അറസ്റ്റ് ചെയ്ത് മടക്കിയയക്കണമെന്ന ഫോറീനേഴ്‌സ് ആക്റ്റിലെ ചട്ടത്തെ ഭേദഗതി ചെയ്യുകയാണ് ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ഈ ഭേദഗതിയനുസരിച്ച് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയവരെ അറസ്റ്റ് ചെയ്യുകയോ മടക്കി അയക്കുകയോ വേണ്ട. 2019 ഡിസംബറില്‍ കൊണ്ട വന്ന സിഎഎക്ക് മുമ്പായി 28.3.19 തീയതിയിലെ ആര്‍ബിഐ സര്‍ക്കുലര്‍ RBI/201819/155 പ്രകാരം ഇന്ത്യയിലെത്തിയ മുസ്‌ലിംകളല്ലാത്ത പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ബാങ്ക് അക്കൗണ്ട് സൗകര്യം രാജ്യത്തെ ബാങ്കുകള്‍ നല്‍കണം. ഇത് രണ്ടും ചേര്‍ത്ത് വെച്ചാല്‍, അനധികൃതമായി ഇന്ത്യയുടെ അതിര്‍ത്തി കടന്ന് വരുന്ന മുസ്‌ലിംകളല്ലാത്തവരെ ജയിലില്‍ അടക്കുകയോ തിരിച്ചയക്കുകയോ ചെയ്യേണ്ടതില്ലെന്നും അവര്‍ക്ക് ഇന്ത്യയില്‍ സമ്പാദ്യം ഉണ്ടാക്കി സ്വസ്ഥമായി ജീവിക്കാമെന്നും വ്യക്തം. ശേഷം സിഎഎയിലൂടെ പൗരത്വവും. എല്ലാം കൃത്യമായ പ്ലാന്‍ അനുസരിച്ച് നടപ്പാക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒന്നിച്ച് നിന്ന് ശക്തമായ പ്രതിരോധം സ്വീകരിക്കാന്‍ പ്രതിപക്ഷത്തിനോ വിവിധ സമൂഹ വിഭാഗങ്ങള്‍ക്കോ കഴിഞ്ഞില്ല. മുസ്‌ലിം സമൂഹത്തിനു പിന്തുണ നല്‍കാന്‍ സിഖ് സമുദായം മുന്നോട്ട് വന്നിട്ടും രാജ്യത്തെ പ്രബല ന്യൂനപക്ഷമായ ക്രിസ്ത്യന്‍ വിഭാഗം വിട്ടു നിന്നത് ശ്രദ്ധിക്കപ്പെട്ടു. നേരത്തെ പറഞ്ഞ സന്ദര്‍ഭങ്ങളിലൊരിക്കലും നീതിന്യായ വ്യവസ്ഥിതിയില്‍ നിന്ന് ശക്തമായ പ്രതിരോധമോ വിമര്‍ശനങ്ങളോ ഉയര്‍ന്നു വരാതിരുന്നത് ഭരണഘടനയുടെ ഫണ്ടമെന്റല്‍ റൈറ്റിനെ റദ്ദ് ചെയ്യുന്ന പൗരത്വ ഭേദഗതി നടപ്പിലാക്കാന്‍ സര്‍ക്കാറിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. ഭരണഘടന ഭേദഗതി ചെയ്യേണ്ടത് എങ്ങനെയാണെന്ന് പ്രതിപാദിക്കുന്നത് Art 368 / Part 20 ലാണ്. എന്നാല്‍ ഭരണഘടനയുടെ സ്ട്രക്ച്ചറിനെ തകര്‍ക്കുന്ന നിയമ നിര്‍മാണത്തിന് പാര്‍ലമെന്റിന് അധികാരമില്ലെന്ന 1976 ലെ സുപ്രീം കോടതിയുടെ പ്രമാദമായ വിധി നിലവിലുണ്ടായിട്ടും നീതിന്യായ സംവിധാനങ്ങള്‍ നിസംഗത പുലര്‍ത്തി. മൗലികാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ നിന്ന് പാര്‍ലമെന്റിനെയും സംസ്ഥാന നിയമസഭകളെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 വിലക്കുന്നു. അത്തരം നിയമങ്ങളും ഭേദഗതികളും സംബന്ധിച്ച് പരാതി ലഭിച്ചാല്‍ അതിന്റെ ഭരണഘടനാ സാധുതയെക്കുറിച്ച് ആലോചിക്കാനും തീരുമാനിക്കാനും ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ ജുഡീഷ്യറിക്ക് അധികാരം നല്‍കുന്നുണ്ട്. അത് കൊണ്ട് പൗരത്വ സമരം കൊടുമ്പിരി കൊള്ളുകയും മാന്യമായ പ്രതിഷേധ സമരങ്ങള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും അര്‍ധരാത്രിക്ക് പോലും ഉണര്‍ന്നിരുന്ന് ഇടപെടേണ്ടതിനു പകരം, കേസ് നീട്ടി കൊണ്ട് പോകുന്നതിലൂടെ ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ്. അപ്പോഴാണ് ഒരു രണ്ടാം സ്വാതന്ത്ര്യ സമരം ഇവിടെ പ്രസക്തമാകുന്നത്. അത് പോലെ, പ്രഥമ ദൃഷ്ട്യാ ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമായിട്ടും പ്രതിപക്ഷ കക്ഷികളുടെ മൗനവും രാജ്യത്തെ ഉല്‍ബുദ്ധരായ പൗരന്മാരോടുള്ള കടുത്ത അനീതിയായിരുന്നു. മുന്നാക്ക സംവരണമെന്ന അങ്ങേയറ്റം ചരിത്രവിരുദ്ധമായ ആശയം കൊണ്ടുവന്നപ്പോള്‍ ഇടതുപക്ഷങ്ങള്‍ക്ക് പോലും പ്രതിരോധിക്കാനാവാതിരുന്നത് ഒരു തരത്തില്‍ അവരുടെ സമര വീര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ സ്വയം മുന്നിട്ടിറങ്ങിയപ്പോഴാണ് അവരുടെ കണ്ണ് തുറന്നത്.
ആര്‍ട്ടിക്കിള്‍ 368ലെ ക്ലോസ് 2 അനുവദിക്കുന്ന ചില ഭേദഗതികളുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പ്, സംസ്ഥാനങ്ങളുടെ എക്‌സിക്യൂട്ടീവ് അധികാരത്തിന്റെ വ്യാപ്തി, സുപ്രീം കോടതിയും ഹൈക്കോടതികളും സംബന്ധിച്ച വ്യവസ്ഥകള്‍, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള നിയമനിര്‍മാണ അധികാരം, പാര്‍ലമെന്റില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം, ഭരണ ഘടന ഭേദഗതിയെ തന്നെ നിര്‍വചിക്കുന്ന ആര്‍ട്ടിക്കിള്‍ 368 തുടങ്ങിയവയാണ് അത്. ഇത് കൂടി നടപ്പിലാക്കാന്‍ അധികം കാലം കാത്തിരിക്കേണ്ടി വരില്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും റിപ്പബ്ലിക് സംവിധാനങ്ങളുടെയും ഖബറടക്കമായിരിക്കുമത്. ഭരണഘടന ഭേദഗതികളെ സംബന്ധിച്ച് ആര്‍ട്ടിക്കിള്‍ 368 അപൂര്‍ണമായതിനാല്‍ അത് സംബന്ധിച്ച് വര്‍ഷങ്ങളായി വിവിധ വാദങ്ങളും വിധികളും നിലവിലുണ്ട്. പാര്‍ലമെന്റിന് മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ അധികാരമില്ലെന്നാണ് 1967 ലെ ഗൊലക്‌നാഥ് വിധിയില്‍ കോടതി പറഞ്ഞതെങ്കില്‍ പാര്‍ലമെന്റിന് മൗലികാവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ കഴിയും; പക്ഷേ ഭരണ ഘടനയുടെ അടിസ്ഥാന ഘടനയില്‍ ഭേദഗതി വരുത്താന്‍ കഴിയില്ലെന്നായിരുന്നു 1976 ലെ കേശവനന്ദ് ഭാരതി കേസിന്റെ വിധി.
ഭരണഘടന ഭാഗികമായോ പൂര്‍ണമായോ മാറ്റിയേക്കാം, അതില്‍ കോടതിക്ക് ഇടപെടാന്‍ കഴിഞ്ഞില്ലെന്നും വന്നാല്‍, അത് ഇന്ത്യയുടെ അന്ത്യകൂദാശയായിരിക്കുമെന്നതില്‍ സംശയം വേണ്ട.

Share this article

About നൗഫല്‍ ചിറയില്‍

noufalcc@gmail.com

View all posts by നൗഫല്‍ ചിറയില്‍ →

Leave a Reply

Your email address will not be published. Required fields are marked *