നേതാവും അനുയായിയും: സാമൂഹ്യക്രമത്തിന്റെ ഇസ്‌ലാമിക മനഃശാസ്ത്രം

Reading Time: 2 minutes

“ഞാനൊരു തോല്‍വിയായിരുന്നു, എപ്പോഴും കെണിയിലകപ്പെട്ട്, വീഴ്ച രുചിച്ചങ്ങനെ, ഇന്ന്, എനിക്ക് പിറകില്‍, എന്റെ പിതാവ് അടിതെറ്റുന്നു ദൂരെയെങ്ങും പോവാനാകാതെയങ്ങനെ…’
ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ഐറിഷ് കവി സാമുവല്‍ ഹെനിയുടെ അനുയായി (Follower) എന്ന കവിതയുടെ അവസാന ശകലത്തിന്റെ ഭാഷാന്തരമാണിത്. നേതാവും അനുയായിയും തമ്മിലുള്ള വൈകാരിക വ്യവഹാരത്തിനുള്ളിലെ ഒരു പിതാവിന്റെയും പുത്രന്റെയും അനുഭവതലത്തെ തീക്ഷ്ണമായി ആവിഷ്‌കരിക്കുകയാണ് കവി. സമൂഹമെന്ന സംവിധാനത്തിലെ അനുപേക്ഷണീയമായ രണ്ട് ഘടകങ്ങളാണ് നേതാവും അനുയായിയും. പക്വവും ദീര്‍ഘവുമായ ദൃഷ്ടിശേഷിയുള്ള (Vision) നായകനു കീഴില്‍ വിധേയത്വസ്വഭാവമുള്ള (Subjection) ഒരുകൂട്ടം അനുയായികള്‍ ഉള്‍ച്ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സമൂഹം ഉത്കൃഷ്ഠമായിത്തീരുന്നു. എന്നാല്‍ സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കുന്ന വ്യക്തികളിലൂടെ സാമൂഹിക ലക്ഷ്യസാക്ഷാത്ക്കാരം ദുഷ്‌കരമാകുന്നു. പ്രവാചകര്‍ (സ്വ) പറഞ്ഞു: നിശ്ചയം ഒറ്റപ്പെട്ടത് ചെന്നായക്ക് ഇരയാകും, ആയതിനാല്‍ നിങ്ങള്‍ സംഘം ചേരുവീന്‍ (അബൂദാവൂദ്). അധികാര ദുര്‍വിനിയോഗിയായ നേതാവോ വിധേയത്വബോധമില്ലാത്ത അനുയായികളോ ആയ ഏതൊരു സമൂഹവും അക്കാലത്തോ പില്‍ക്കാലത്തോ പരാജയപ്പെട്ടു പോകുമെന്നതാണ് ചരിത്ര സാക്ഷ്യം. ഭൂതകാല ചരിത്രം വര്‍ത്തമാനത്തിന്റെ കൂടി ചരിത്രമാണ് എന്ന കോളിന്‍വുഡിന്റെ (R.G Collingwood) വാചകം ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്. സമുന്നതനായ നേതാവും അനുസരണയുള്ള അനുയായികളും ഇല്ലാത്ത സമൂഹം അലക്ഷ്യമായി ജീവിതം തള്ളിനീക്കുന്നുവെന്ന് സാരം. “The Courageous Follower’ എന്ന പുസ്തകത്തില്‍ ചാലെഫ് നിരീക്ഷിക്കുന്നു: പൊതുവായ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി ലീഡറും ഫോളോവേഴ്‌സും പാരസ്പര്യത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് സുസ്ഥിരമായ സാമൂഹിക വിജയം സാധ്യമാകുന്നത്.
ഇവിടെയാണ് ഒരു സമൂഹത്തിന്റെ അധികാരശ്രേണിയിലെ (Hierarchy) മുഴുവന്‍ ഗുണകത്തിന്റെയും സവിശേഷതകളും അവകാശ-അധികാര വികേന്ദ്രീകരണത്തിന്റെ അനിവാര്യതയും ചര്‍ച്ചയാകുന്നത്. ഓരോ സമുദായത്തിനും ജ്ഞാനം, പ്രതാപം, സൗന്ദര്യം തുടങ്ങിയ നേതൃഗുണങ്ങളില്‍ ഏറ്റവും ഉന്നതിയിലുള്ള വ്യക്തിയെ പ്രവാചകനാക്കുന്നതിലൂടെ ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നതും ഈ ആശമാണ്. കാലാനുസൃതമായ വൈജാത്യങ്ങളിലൂടെയും മനുഷ്യാര്‍ജിത ഭൗതികതയുടെ തോതനുസരിച്ചും പ്രവാചക പരമ്പരയിലെ നേതാവിനെയും അവരുടെ ദിവ്യഗ്രന്ഥങ്ങളിലെ വിധിവ്യത്യാസങ്ങളെയും സ്രഷ്ടാവ് ക്രമീകരിച്ചിട്ടുണ്ട്. ഫലപ്രദമായ നേതൃത്വം (Effective Leadership) സാധ്യമാകാന്‍ ഈ അന്തരം അനിവാര്യമാണെന്നത് റൊണാള്‍ഡ് ഹംഫ്രെയടക്കം ആധുനിക മനഃശാസ്ത്ര ഗവേഷകരും അംഗീകരിക്കുന്ന വസ്തുതയാണ്.

ഫലപ്രദമായ നേതൃത്വം
ഒരര്‍ഥത്തില്‍ ഓരോ വ്യക്തിയും അധികാരസ്ഥനാണ്. ഭരണകര്‍ത്താവ് തന്റെ പ്രജകളുടെ നേതൃപദവി അലങ്കരിക്കുന്നു, ഗൃഹനാഥന്‍ കുടുംബാംഗങ്ങളില്‍ വിധി തീര്‍പ്പാക്കുന്നു, ഭാര്യ ഭര്‍തൃഭവനത്തിനും സ്വത്തിനും പരിപാലന, ഉത്തരവാദിത്വം നിര്‍വഹിക്കുന്നു. അതായത് ഒരു സമൂഹം അത്യന്തിക ഉത്കര്‍ഷപ്രാപ്തി കൈവരിക്കണമെങ്കില്‍ സാമൂഹ്യ ശ്രേണിയിലെ ഓരോ വ്യക്തിയും തന്റെ അവകാശ, അധികാര നിര്‍വഹണങ്ങള്‍ കുറ്റമറ്റതാക്കണം. നിങ്ങളോരോരുത്തരും ഉത്തരവാദിയാണ്, ഉത്തരവാദിത്തങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടുവരാണ്’ (ബുഖാരി) എന്ന പ്രവാചക വചനത്തിന്റെ സാരാംശമിതാണ്. സമൂഹത്തിന്റെ അത്യുന്നത പദവിയലങ്കരിക്കുന്ന വ്യക്തി എന്ന അടിസ്ഥാനത്തില്‍ ഒരു നേതാവ് ഉള്‍വഹിക്കേണ്ട സ്വഭാവവിശേഷങ്ങള്‍ ഏറെയാണ്. അവന്‍ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയുടെ ജയ-പരാജയ പരിതസ്ഥിതികളില്‍ നേതാവ് തന്നെയാണ് പ്രധാന ഉത്തരവാദി. റൂം ജാഗോ (Vroom and Jago 2017-18) സിദ്ധാന്തമനുസരിച്ച് വിശ്രുതമായ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാനുള്ള പ്രചോദനത്തെയാണ് യഥാര്‍ഥ നേതൃത്വമായി വിശേഷിപ്പിക്കുന്നത്. തിരുദൂതര്‍ പറഞ്ഞതായി ആയിശ ബീവി ഉദ്ധരിക്കുന്നു, ഖിയാമത്ത്‌നാളില്‍ അര്‍ഷിന്റെ തണലിലേക്ക് ആദ്യമായി ക്ഷണിക്കപ്പെടുന്നത് അപരന്റെ സ്ഥാനത്ത് സ്വന്തത്തെ പ്രതിഷ്ഠിച്ച് വിധി നടപ്പിലാക്കിയ ഭരണാധികാരിയാണ് (മുസ്‌നദ്). നേതാക്കളോട് സാരോപദേശിക്കുന്ന മറ്റൊരു സന്ദര്‍ഭത്തില്‍ പ്രവാചകര്‍ ഉണര്‍ത്തി, നിങ്ങള്‍ സുവിശേഷവാഹകരാവുക, പ്രജകളെ പ്രയാസപ്പെടുത്തരുത്.സമാധാനപ്രേമികളാവുക, അരക്ഷിതാവസ്ഥക്ക് അവസരമൊരുക്കരുത് (ബുഖാരി, മുസ്‌ലിം). ഔഫ് ബ്‌നു മാലികുല്‍ അശ്ജഇയെ ഉദ്ധരിച്ച് മുസ്‌ലിം നിവേദനം ചെയ്യുന്നു, നേതാവ് അനുചരര്‍ക്ക് വേണ്ടിയും അനുയായികള്‍ തിരിച്ചും നന്മക്കുവേണ്ടി പ്രാർഥിക്കുന്ന സമുദായത്തിനാണ് വിജയം. അനുയായികളോടുള്ള മൃദുസമീപനമാണ് നേതൃവിജയത്തിന്റെ അന്തസത്ത എന്നാണ് ഉപര്യുക്ത വചനങ്ങളിലൂടെ ഉദ്‌ബോധനം ചെയ്യപ്പെടുന്നത്. ചുരുക്കത്തില്‍, നീതിദായകമായ സാമൂഹ്യാന്തരീക്ഷ സ്ഥാപനത്തില്‍ മൂല്യമുള്ള നേതാവ് അനുവര്‍ത്തിക്കേണ്ട അടിസ്ഥാനതത്വങ്ങള്‍ ബ്രെന്‍ ബ്രൗണ്‍ “ലീഡര്‍ഷിപ് മാനിഫെസ്റ്റോ’ തയാറാക്കുന്നതിനും ശതാബ്ദങ്ങള്‍ മുമ്പ് പ്രവാചകാധ്യാപനങ്ങള്‍ പകര്‍ന്നുനല്‍കിയ ഉള്‍സാരങ്ങളില്‍ സ്പഷ്ടമാണ്. ഒരു സന്ദര്‍ഭത്തില്‍ പ്രവാചകര്‍ (സ്വ) അബൂദര്‍റ് (റ) നെ അടുത്ത് വിളിച്ച് പറഞ്ഞു: ആറു ദിവസത്തിനുശേഷം എനിക്കൊരു കാര്യമുണര്‍ത്താനുണ്ട്, ഏഴാം ദിവസം നബിയരുളി: ഓ അബൂദര്‍റ്, രഹസ്യ-പരസ്യ ഇടപെടലുകളില്‍ നീ അതീവസൂക്ഷ്്മാലുവാവാന്‍ ജാഗ്രത കാണിക്കണം, സാധ്യമായതെല്ലാം തനിച്ച് തന്നെ ചെയ്യണം, നിശ്ചയം ഞാന്‍ നിന്നെ ദുര്‍ബലനായി (ഭരണകാര്യങ്ങളില്‍) ഭാവിക്കുന്നു. ആയതിനാല്‍ നീ അധികാരം ആഗ്രഹിക്കുകയേ അരുത്. രണ്ടു പേര്‍ക്കിടയില്‍ പോലും തീര്‍പ്പ് പറയാന്‍ തുനിയരുത്. (മുസ്‌ലിം) അധികാരസ്ഥാനങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി സാമൂഹികാന്തരീക്ഷത്തില്‍ നിന്ന് ഭ്രഷ്ടനാവാനല്ല നബിവചനത്തിന്റെ ധ്വനി. പ്രത്യുത ലക്ഷ്യ സാധൂകരണത്തില്‍ അനുയായികള്‍ക്ക് മുമ്പേ നടക്കാന്‍ പ്രാപ്തിയും ശേഷിയും (Supervising Ability) സന്നിവേശിപ്പിക്കപ്പെട്ടവനായി ആത്മവായന നടത്തുന്ന വ്യക്തിക്ക് അധികാരമോഹമാവാം. “നിശ്ചയം അധികാരമോഹികള്‍ പിന്നീട് (പരലോകത്ത്) ഖേദിക്കേണ്ടി വരും, മുലയൂട്ടുന്നവളെന്തു ഭാഗ്യവതിയാണ്, മുലകുടി നിര്‍ത്തിയാലെത്ര ദുഷ്‌കരം!’ (ബുഖാരി). അഥവാ അധികാരലബ്ധി വരെ മാത്രമേ പ്രസ്തുത ആനന്ദത്തിന് അസ്ഥിത്വം ഉള്ളൂ.
പ്രവാചകരുടെ ജീവിതംപ്രതി പരിചിന്തനം ചെയ്യുമ്പോള്‍ വാക്കുകള്‍ക്കപ്പുറം പ്രവര്‍ത്തന മണ്ഡലത്തില്‍ സ്്ഫുരിച്ച് നില്‍ക്കുന്ന നേതൃപാടവങ്ങള്‍ കാണാന്‍ കഴിയും. അനസ് (റ) പറയുന്നു: “അനസേ.. നീ എന്തിനിത് ചെയ്തു/ചെയ്തില്ല?’ എന്ന് ഒരു തവണ പോലും പ്രവാചകര്‍ ആകുലപ്പെട്ടില്ല. ശാസനകളും ദണ്ഡനങ്ങളും ഭയന്ന് വിധേയപ്പെട്ട് കൊടുക്കേണ്ടി വന്ന അടിമത്തവല്‍കരണത്തിന്റെ ഇരുണ്ടയുഗത്തില്‍ പ്രവാചകര്‍ക്കൊപ്പമുണ്ടായിരുന്ന പത്ത് വര്‍ഷക്കാലത്തെ ദീര്‍ഘമായ സേവന ജീവിതത്തിനുശേഷമാണ് അനസ് (റ) ഇപ്രകാരം നിരൂപിച്ചത്. അധികാരമേറ്റെടുത്ത ശേഷം ന്യൂനപക്ഷങ്ങള്‍ക്കും ഇരകള്‍ക്കും അവകാശങ്ങള്‍ നിഷേധിക്കുന്ന, നിരാലംബരെ പരിഗണിക്കാത്ത ഭരണകര്‍ത്താവിന്റെ മുന്നില്‍ സ്വര്‍ഗീയ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുമെന്നാണ് പ്രവാചക പൊരുള്‍. അനുയായികളോട് കണ്ണുരുട്ടുക പോലും പാതകമാണെന്നാണല്ലോ തിരുവചനം (മിഷ്‌കാതുല്‍ മസ്വാബീഹ്) ■

Share this article

About ഇയാസ് അലി ആതവനാട്

View all posts by ഇയാസ് അലി ആതവനാട് →

Leave a Reply

Your email address will not be published. Required fields are marked *