കേരളവികസനം തട്ടിനില്‍ക്കുന്നതെവിടെ?

Reading Time: 3 minutes

മലയാളികള്‍ നാടിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നില്ലെന്നു വേണം കരുതാൻ. അവർ മറുനാടുകളില്‍ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നു.കേരളത്തെ എന്ത് മാത്രം സുന്ദരമാക്കി എടുക്കാന്‍ കഴിയും എന്ന ചര്‍ച്ചയാണ് ഇപ്പോൾ നന്നായി വികസിച്ചുവരേണ്ടത്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹമസൃണമായ പെരുമാറ്റവും ബഹുസ്വരതയെ അംഗീകരിച്ചുള്ള സംവാദാത്മകതയും വേണം. അതിനു വിചാര തലത്തില്‍ നല്ല വിപ്ലവ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നമ്മൾ മുന്‍കൈ എടുക്കണം. എന്നാല്‍ സമാന്തരമായി നടക്കേണ്ട മറ്റൊന്ന്, കേരളത്തിന്റെ കടലും കരയും, ആവാസകേന്ദ്രങ്ങളും, വിദ്യാലയങ്ങളും, നാടും നഗരവും, ഗ്രാമങ്ങളും എല്ലാം ഉന്നതമായ നിലവാരത്തിലെത്തിക്കുന്ന വികസന ചര്‍ച്ചകള്‍ക്ക് വളരെ പ്രാമുഖ്യം കൊടുക്കുന്ന ചര്‍ച്ചകള്‍ക്കും മുന്‍കൈ എടുക്കണം.
കേരളത്തിന്റെ ഓരോ ഭൂപ്രദേശത്തിനും അതിന്റേതായ ചരിത്രവും സാംസ്കാരിക മഹിമയുമുണ്ട്. അതാത് പ്രദേശങ്ങളിലെ നമ്മുടെ നഗരങ്ങള്‍ ആ പ്രദേശത്തിന്റെ സാംസ്‌കാരിക തനിമയെ ഭംഗിയായി എടുത്ത് കാണിക്കണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര, കൊയിലാണ്ടി താലൂക്കുകളും വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കും കൂടാതെ പോണ്ടിച്ചേരിയിലെ മാഹി ജില്ലയും ചേര്‍ന്ന ഉത്തര മലബാറിനുവടക്കേ കേരത്തിന്റെ ഒരു സാംസ്‌കാരിക തലമുണ്ട്. അവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആസൂത്രണം നഗരങ്ങളില്‍ കൊണ്ടുവരണം. ഇതേപോലെ മധ്യ കേരളത്തിനും തെക്കേ കേരളത്തിനും ചരിത്രപരവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങള്‍ ഉണ്ട്. അതൊക്കെയും വരും തലമുറകള്‍ക്കും നമ്മെ അറിയാന്‍ വരുന്ന സഞ്ചാരികള്‍ക്കും കൈമാറാന്‍ വിധത്തില്‍ ആസൂത്രണം വഴി പ്രാപ്തമാക്കേണ്ടതുണ്ട്.
മള്‍ട്ടി സ്‌പെഷാലിറ്റിഹോസ്പ്പിറ്റലുകളും ഷോപിങ് മാളുകളും ജനസേവകേന്ദ്രങ്ങളും നഗരഭാഗത്ത് തിങ്ങിക്കൂടുന്നത് ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍, വ്യാപാര-വ്യവസായ കേന്ദ്രങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍, ഗതാഗതസൗകര്യങ്ങള്‍, കൃഷിസ്ഥലങ്ങള്‍.. ഇതൊക്കെ ആസൂത്രണ ഭംഗിയോടെ സംവിധാനിക്കുന്നതില്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ വലിയ ഇച്ഛാശക്തി കാണിക്കണം. ഇത്തരം മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ജനകീയ ഉദ്‌ബോധനപദ്ധതികള്‍ ഉയര്‍ന്നുവരികയും വേണം.
ഒരു നഗരത്തെ, ഒരു ഗ്രാമത്തെ മനോഹരമാക്കുന്ന വിവിധ ഘടകങ്ങളെ ചെലവ് കുറഞ്ഞ രീതിയിലും ഭംഗിയിലും ആസൂത്രണമികവോടെ ക്രമീകരിക്കാന്‍ കഴിയുമ്പോഴാണ് നമ്മുടെ നാടിനും അന്താരാഷ്ട്ര നിലവാരത്തോടെ ലോകഭൂപടത്തില്‍ ഇടംനേടാന്‍ കഴിയൂ. മലയാളികള്‍ മറ്റു നാടുകളില്‍ മഹാ സംഭവങ്ങള്‍ വളരെ കെങ്കേമമായി ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. പലയിടങ്ങളിലും മലയാളികളുടെ കൈയൊപ് പതിഞ്ഞട്ടുണ്ട്. പക്ഷേ ഈ നാടിനെ വേണ്ടവിധം ചമയ്‌ച്ചൊരുക്കുന്നതില്‍ മലയാളി അത്രകണ്ടു വിജയിച്ചിട്ടില്ല എന്ന് പറയേണ്ടിവരും. നമ്മുടെ നഗരങ്ങളും ഗ്രാമങ്ങളും തികവാര്‍ന്ന പ്ലാനിങ് നടക്കാത്തത് കൊണ്ട് തന്നെ തെരുവോരങ്ങള്‍ വളരെ മലിനമാണ് പലപ്പോഴും. സുശക്തമായ മാലിന്യ സംകരണ പദ്ധതികള്‍ ഇല്ല പലയിടത്തും. ഉള്ളിടത്ത് തന്നെ കൃത്യമായി പാലിക്കാനുള്ള അവബോധം ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. വേസ്റ്റ്മാനേജ്മ്ന്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കേണ്ടിവരും ഇനിയുള്ള കാലങ്ങളില്‍.
മാലിന്യങ്ങള്‍ ഡമ്പ് ചെയ്യാനും സംസ്‌കരിക്കാനും വിപുലമായ പദ്ധതികള്‍ വേണം. റീ-യൂസ് ചെയ്യാന്‍ പറ്റുന്ന വ്യവസായങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരണം. ബയോഗ്യാസ് പ്ലാന്റുകള്‍ ലാഭകരമായും ചെലവ് കുറഞ്ഞ രീതിയിലും സ്ഥാപിക്കപ്പെടണം. കേരളത്തെ സമ്പൂര്‍ണമായും മാലിന്യമുക്തമാക്കാന്‍ വേണ്ടതെന്തൊക്കെ എന്ന് ആലോചിച്ചു നടപ്പിലാക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധപാലിക്കണം.
വിജയിക്കാന്‍ വിജയിച്ചവരെ കണ്ടു പഠിക്കുക എന്നതില്‍ കവിഞ്ഞ് വലിയ സിദ്ധാന്തങ്ങളൊന്നും നിലവിലില്ല.
ലോകം കണ്ട മഹാ നഗരങ്ങള്‍ മുഴുവനും ഇച്ഛാ ശക്തിയുള്ള മനുഷ്യര്‍ നേടിയെടുത്ത വിജയങ്ങളാണ്. പാരിസ്, സിംഗപ്പുര്‍, ടോക്കിയോ, വാഷിങ്ടണ്‍ ഡി സി, ലണ്ടന്‍ തുടങ്ങിയ മഹാനഗരങ്ങള്‍ ഇങ്ങനെയാണ്ചരിത്രത്തിലുംവര്‍ത്തമാനത്തിലും ഇടം നേടിയത്.
ഇന്റര്‍നെറ്റില്‍ ആസൂത്രിത നഗരങ്ങൾ പരതിയാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ലിസ്റ്റുകള്‍ കാണാം. ഇന്ത്യയില്‍ തന്നെ നിരവധി പ്ലാന്‍ഡ് സിറ്റികള്‍ ഉണ്ട്. പക്ഷേ കേരത്തില്‍ ഒരേ ഒരു സിറ്റി മാത്രമാണ് അങ്ങനെ പ്ലാന്‍ ചെയ്തു വന്നതായികാണിക്കുന്നത്. അത് കോഴിക്കോടാണ്. പക്ഷേ കോഴക്കോടിനെ അടുത്തറിയുന്നവര്‍ക്കറിയാം അതെത്രമാത്രം എടുത്ത് പറയാന്‍ മാത്രം വളര്‍ന്നിട്ടുള്ള ഒരു സിറ്റി അല്ല എന്നുള്ളത്.
ഒരു പ്രദേശത്തിന്റെ വ്യാവസായികവും വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യപരവുമായ വികസനത്തിന്റെ ഏറ്റവും പ്രധാന ഘടകങ്ങളില്‍ ഒന്ന് ആ പ്രദേശത്തിന്റെ സുഗമമായ പൊതുഗതാഗതം തന്നെയാണ്. ചൈനയുടെ മെഗാഹൈവെകള്‍ അനുകരണീയമാണ്. പക്ഷേ കേരളത്തിന്റെ ഭൂപ്രകൃതിയിലേക്കു അഡാപ്റ്റ് ചെയ്യുന്നത് ഇത്തിരി ശ്രദ്ധയോടെയും പ്രായോഗിക ബുദ്ധിയോടെയും ആയിരിക്കണം.നമ്മുടെ നാട്ടിലേക്ക് ഇന്‍വെസ്റ്റ്മെന്റും ടൂറിസവും കൊണ്ടുവരാന്‍ ഏറ്റവും ആവശ്യമായത് വികസിത റോഡുകളും ഗതാഗത മാര്‍ഗങ്ങളും തന്നെയാണ്.
ഗതാഗത സംവിധാനങ്ങള്‍ എത്രത്തോളം മെച്ചപ്പെടുത്താന്‍ സാധിക്കുന്നുവോ അത്രയും ലാഭമേ ഉള്ളൂ. നഷ്ടങ്ങള്‍ അശേഷമില്ല. നഗരങ്ങള്‍ നരക തുല്യമാവുന്നത് കൃത്യമായ പ്ലാനിങ് ഇല്ലാത്ത ഗതാഗതരീതികള്‍ പിന്തുടരുന്നത് കൊണ്ടാണ്. സ്വകര്യ ബസുകളും സര്‍ക്കാര്‍ ബസുകളും ഓരങ്ങളില്‍ നടക്കുന്നവരുടെ ദേഹത്തിലും വസ്ത്രത്തിലും തട്ടി ചീറിപ്പായുന്ന കാഴ്ച കാണാം. സംരംഭക സൗഹൃദ സംസ്ഥാനമായി ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് ഇവിടെയുള്ള ഗതാഗതങ്ങള്‍ക്കുണ്ട്. ഗതാഗതകുരുക്കുകള്‍ക്ക് സ്ഥായിയായ പരിഹാരം കണ്ടേ മതിയാവൂ. നഗരങ്ങളിലേക്ക് യഥേഷ്ടം പോവാനും അവിടെ നിന്ന് മടങ്ങാനും ഗതാഗതകുരുക്കുകളില്‍ നിന്ന് സമ്പൂര്‍ണമായും മുക്തമാകേണ്ടതുണ്ട്. നഗര മധ്യത്തിലുള്ള സഞ്ചാരം കാല്‍നടയോ സൈക്കിള്‍ സഞ്ചാരമോ ഒക്കെ ആക്കി എടുക്കുന്നത് നഗരഭംഗിവര്‍ധിപ്പിക്കുമെന്നാണ് വലിയ നഗരങ്ങളിലെ കാഴ്ചകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങള്‍ ഹൃദ്യമാക്കുന്നതു ഗതാഗതമാര്‍ഗങ്ങള്‍ മനോഹരമാവുമ്പോഴാണ്. നമ്മെ അറിയാന്‍ വരുന്ന സഞ്ചാരികള്‍ വന്നിറങ്ങുന്നതും രാപ്പാര്‍ക്കുന്നതും നഗരങ്ങളിലാണ്. അവിടം സുന്ദരമാക്കുന്നതും വൃത്തിയോടെസൂക്ഷിക്കുന്നതിനും വളരെ കൂടുതല്‍ഇച്ഛാശക്തിയോടെയുള്ള പ്ലാനിങ് തന്നെ വേണം.
ഫലപ്രദമായ നാഗരാസൂത്രണം വഴി മെച്ചപ്പെട്ട ജീവിതസൗകര്യം പ്രദാനം ചെയ്യത്തക്ക രീതിയില്‍ നഗരഘടകങ്ങളുടെ ക്രമീകരണം മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പിലാക്കാന്‍ നമ്മുടെ സര്‍ക്കാറുകള്‍ക്ക് കഴിയണം.നാഗരാസൂത്രണങ്ങളുടെ പാഠങ്ങള്‍ പഠിക്കാന്‍, വിജയിച്ച നഗരങ്ങളെ പഠിക്കാനും അതനുസരിച്ചുപദ്ധതി തയാറാക്കാനും കമ്മീഷന്‍ ആവശ്യമാണ്. ഇച്ഛാശക്തിയോടെ അത് നടപ്പിലാക്കുന്ന സര്‍ക്കാറുകള്‍ക്കു മാത്രമേ ആളുകള്‍ പിന്തുണ നല്‍കാന്‍ പാടുള്ളൂ.വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനപ്പെടുത്തിയുള്ള നഗരങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.
ചരിത്ര സ്മാരകങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. ഇടിഞ്ഞു പൊളിഞ്ഞുവീഴാനായത് ഭംഗയിയായി പുനര്‍ നിമിക്കുകയോ പൊളിച്ചു മാറ്റുകയോ ആവാം.
ഓരോ ഗ്രാമത്തേയും സ്വയം പര്യാപ്തതയിലേക്ക് കൊണ്ട് വരാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാകണം. ഓരോ ഗ്രാമത്തിനും ഇണങ്ങുന്ന വ്യവസായങ്ങളും ഉത്പന്നങ്ങള്‍ക്ക് പറ്റിയ വിപണിയും സംഘടിപ്പിക്കാന്‍ ഭരണ കേന്ദ്രങ്ങള്‍ പ്രത്യേകം കമ്മീഷനെ നിയമിക്കണം. ജന സാന്ദ്രത കൂടിയ കേരളത്തിന്റെ അന്തരീക്ഷത്തിനു പറ്റിയ വ്യവസായ സംരഭങ്ങള്‍ക്ക് മാത്രമേ കേരള മണ്ണില്‍ അനുമതി കൊടുക്കാവൂ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള വലിയ വലിയ വ്യവസായ സംഭരംഭകര്‍ക്ക് ഇന്ത്യയില്‍ തന്നെയുള്ള ജന സാന്ദ്രത കുറഞ്ഞ എന്നാല്‍ വ്യവസായത്തിന് പറ്റിയ സ്ഥലങ്ങള്‍ പാട്ടത്തിനെടുക്കുകയോ കച്ചവടമാക്കിയോ സര്‍ക്കാരുകള്‍ക്കു സ്വീകരിക്കാവുന്നതാണ്. യുവ തലമുറക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മികച്ച സംരംഭങ്ങള്‍ കേരളത്തിനുപുറത്തും അകത്തും പ്രചോദിപ്പിക്കേണ്ടതുണ്ട്.
കേരളം കടലോര സമ്പന്നമാണ്. കടല്‍ ജലം ശുദ്ധീകരിച്ചെടുക്കുകയും ഫലപ്രദമായ ജലസേചനം വഴി സംസ്ഥാനത്തിന് വേണ്ട വിഷലിപ്തമല്ലാത്ത പച്ചക്കറികളും ധാന്യങ്ങളും രൂപപ്പെടുത്തുന്നത്തിലേക്ക് നാം സ്വയംപര്യാപ്തത നേടണം. ശുദ്ധ ജല സംഭരണികള്‍ കൂടുതല്‍ സമ്പന്നമാണ്. മാമലകളില്‍ പെയ്തിറങ്ങുന്ന മഴവെള്ളം കുറഞ്ഞ സമയം കൊണ്ട് കടലിലൊടുങ്ങുന്നതാണ് കാണുന്നത്. സമർഥമായി സംവിധാനിച്ച തടയണകള്‍ കൂടുതല്‍ സൃഷ്ടിക്കപ്പെടട്ടെ.
ഇങ്ങനെയൊക്കെവേണം എന്നത് ഏറെക്കുറേ എല്ലാ സാമൂഹ്യ ബോധമുള്ളകേരളീയനും പറയും. പക്ഷേ നടപ്പില്‍ വരുത്തുന്നതിന് സാങ്കേതികമായ ഒരായിരം പരിമിതികളായിരിക്കും രാഷ്ട്രീയ മേലാളന്മാരില്‍ നിന്നും ശിങ്കിടികളില്‍ നിന്നും കേള്‍ക്കേണ്ടി വരിക. ഈ സാങ്കേതികത്വങ്ങളില്‍ നിന്ന് നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്.സിവില്‍ പൊളിറ്റിക്‌സിലെ ആദ്യ മുദ്രാവാക്യം അഴിമതിമുക്തമായ ഭരണാധികാരികളും ഉദ്യോഗസ്ഥരും എന്നതാവണം.
പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ബലിയാടായി മാറിയിരിക്കുകയാണ് നമ്മുടെ വികസന സ്വപ്‌നങ്ങള്‍. എന്റെ നാട്ടില്‍ സ്ഥാപിച്ച ഒരു സ്ട്രീറ്റ് ലൈറ്റില്‍ അതിന്റെ മൊത്തം ചെലവ് രേഖയായി കൊത്തിവെച്ചിട്ടുണ്ട്. അതിന്റെ സാമഗ്രികളുടെയും പണിക്കാരുടെയും തുക കണക്കാക്കിയാല്‍ അതിന്റെ മൂന്നോ നാലോ ഇരട്ടി രൂപ വരുന്ന മൊത്തം തുകയാണ് അവിടെ പരസ്യമായി എഴുതി വെച്ചിട്ടുള്ളത്. ആര്‍ക്കും പരിഭവമില്ല. അത് സ്ഥാപിക്കാന്‍ ചുക്കാന്‍ പിടിച്ച പാര്‍ട്ടിക്കാരോട് ഇത്രയും തുക വരാനുള്ള കാരണം ചോദിച്ചാല്‍ വളരെ ഒഴുക്കന്‍ മട്ടില്‍, വ്യത്യസ്ത ഗവണ്മെന്റ് സ്ഥാപനങ്ങളില്‍ വലിയ തുക ഒടുക്കിയാണ് ഇതിങ്ങനെ സ്ഥാപിച്ചത് എന്നാണ് മറുപടി കിട്ടുക. ഇതിനെതിരെ വസ്തുതാപരമായി ഒരു അന്വേഷണം നടത്തി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ എതിര്‍ പാര്‍ട്ടിക്കാര്‍ക്കും വലിയ താത്പര്യമില്ല. കാരണം ഇതൊക്കെ തന്നെയാണ് ഇത്തരം കാര്യങ്ങള്‍ അവര്‍ നടപ്പിലാക്കുമ്പോഴും നടക്കാനുള്ളത് എന്ന ഉത്തമ ബോധ്യമാണ് അവരെ നയിക്കുന്നത്.
പ്രബുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനവും സുതാര്യമായ ജനസേവന ഭരണ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്താന്‍പോന്ന പദ്ധതികള്‍ നമ്മുടെ നാട്ടില്‍ വേണ്ടത്ര പോരാ എന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. റോഡും പാലവും മറ്റു വികസന പ്രവര്‍ത്തനങ്ങളും കുത്തക മുതലാളിമാര്‍ കനിഞ്ഞാല്‍ മാത്രമാണ് കൊട്ടേഷന്‍ പോവുകയുള്ളൂ എന്ന ദുര്‍ഗതിയില്‍ നിന്നും മാറി, കൂടുതല്‍ ജന പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നേരിട്ട് പദ്ധതി പൂര്‍ത്തിയാക്കുന്ന അവസ്ഥയുണ്ടാകുകയാണെങ്കില്‍ ഇടനിലക്കാരും അഴിമതിക്കാരും അനര്‍ഹമായി സമ്പാദിക്കുക വഴിയുണ്ടാവുന്ന വികസന ഫണ്ട് ചോര്‍ച്ച ഫലപ്രദമായി ഇല്ലാതാക്കാന്‍ പറ്റും ■

Share this article

About അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം

abdullakbukhari@gmail.com

View all posts by അബ്ദുല്ല ബുഖാരി കുഴിഞ്ഞൊളം →

Leave a Reply

Your email address will not be published. Required fields are marked *