ക്രൂരനായ വേട്ടക്കാരനും മാന്യനായ വേട്ടക്കാരനും

Reading Time: 4 minutes

ഡൊണാള്‍ഡ് ട്രംപിന്റെ പല നടപടികളെയും അവസാനിപ്പിച്ചുകൊണ്ടാണ് ബൈഡന്‍ തന്റെ വൈറ്റ്ഹൗസ് ജീവിതം ആരംഭിച്ചത്. ലോകാരോഗ്യ സംഘടനയിലേക്ക് പുനഃപ്രവേശനം നടത്തിയും ഇറാന്‍ ആണവ കരാറിലേക്ക് മനസ് തുറന്നിട്ടും വേറിട്ട സന്ദേശമാണ് ബൈഡന്‍ പറഞ്ഞുവെച്ചത്. ട്രംപ് കാലത്തെ അമേരിക്കയുടെ പ്രതിച്ഛായ വളരെ മോശമായിരുന്നു. വംശീയതയും കുടിയേറ്റ വിരുദ്ധതയും കൊണ്ട് ഫാഷിസ്റ്റ് ലോകത്തിന്റെ നേതൃത്വം അലങ്കരിക്കുകയായിരുന്നു ട്രംപിന്റെ അമേരിക്ക. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിതുകൊണ്ട് ട്രംപ് തന്റെ കുടിയേറ്റ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. 2014ല്‍ ഒബാമ പാസാക്കിയ, കുട്ടികള്‍ക്ക് അമേരിക്കയിലുള്ള കുടുംബത്തോടൊപ്പം ചേരുന്നതിനുള്ള നിയമമായ american minors programme 2017ല്‍ ട്രംപ് നിര്‍ദാക്ഷിണ്യം എടുത്ത് കളയുകയും പല കുട്ടികളെയും മാതാപിതാക്കളില്‍നിന്ന് അകറ്റുകയും ചെയ്തിരുന്നു. ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് പ്രവേശനം റദ്ദാക്കി തന്റെ കാലത്തെ അമേരിക്ക എങ്ങനെയായിരിക്കും എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്. അന്താരാഷ്ട്ര വേദികളില്‍ നിന്ന് അമേരിക്കയുടെ ഒഴിഞ്ഞു പോക്കാണ് ട്രംപ് കാലത്ത് നാം കണ്ടത്. പാരീസ് ഉടമ്പടിയില്‍ നിന്നും ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്മാറാന്‍ ട്രംപിന് വ്യക്തമായ കാരണങ്ങളൊന്നും വേണ്ടിയിരുന്നില്ല. ചൈനയുടെ വാലാകുന്നു ലോകാരോഗ്യ സംഘടന എന്ന മുടന്തന്‍ ന്യായത്തിന്റെ മേലാണ് അമേരിക്ക അതില്‍ നിന്ന് രാജി വെച്ചത്. ഫലത്തില്‍, അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ മറച്ചുവെക്കാനായിരിന്നു ഈ നീക്കം. പക്ഷേ, പ്രതീക്ഷയുടെ പുതുനാമ്പാണ് ലോകം ബൈഡനില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ കണ്ണിലെ കരടായ ആരോഗ്യ വിദഗ്ധന്‍ ആന്റര്‍ണിയോ ഫൗച്ചിയെ മേധാവിയാക്കിയുള്ള ദൗത്യ സംഘത്തെ ലോകാരോഗ്യ സംഘടനയിലേക്ക് ബൈഡന്‍ തന്റെ ആദ്യ ദിവസം തന്നെ നിയമിച്ചത് നല്ല മാറ്റത്തിലേക്കുള്ള തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ആടിയുലഞ്ഞ ഇറാന്‍-അമേരിക്ക ബന്ധം ഊഷ്്മളമാക്കാന്‍ ആണവ കരാറിലേക്ക് തുറന്ന മനസോടെയാണ് ബൈഡന്‍ നീങ്ങുന്നത്. മന്ത്രിസഭയില്‍ മുസ്‌ലിംകളെയും കറുത്ത വംശജരെയും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് സാര്‍വത്രികമായ ഭരണരീതിയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.
ബൈഡന്റെ വരവോടെ കുടിയേറ്റ വിരുദ്ധതയിലും വിദേശ നയത്തിലും വ്യാപകമായ ദിശാമാറ്റം തന്നെ സംഭവിക്കുമെന്ന് പരക്കെ വ്യാഖ്യാനിക്കപ്പെട്ടെങ്കിലും സിറിയയില്‍ വ്യോമാക്രമണം നടത്തിയതിലൂടെ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണോ ബൈഡന്‍? ട്രംപായാലും ബൈഡനായാലും അമേരിക്ക അമേരിക്ക തന്നെയാണെന്നാണോ ഈ നീക്കം വിളിച്ചുപറയുന്നത്? സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ശേഷം ഉയര്‍ന്നുവന്ന അമേരിക്കന്‍ ഏകാധിപത്യത്തിന് ഭംഗം വരുത്തുന്ന ഒന്നും തന്നെ ആരില്‍ നിന്നും അമേരിക്ക അനുവദിക്കില്ല. തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍, താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ രക്തപങ്കിലമായ യുദ്ധങ്ങളുടെ തുടർക്കഥ തന്നെ ആ രാജ്യത്തിന്റെ ഏടുകളില്‍ എമ്പാടുമുണ്ട്. അതില്‍ റിപ്പബ്ലികനെന്നോ ഡെമോക്രാറ്റെന്നോയുള്ള വ്യത്യാസത്തിന് പ്രസക്തിയേയില്ല. ഒബാമയുടെ കാലത്തെ പശ്ചിമേഷ്യന്‍ നയവും 2014ലെ ഇസ്രയേല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ അദ്ദേഹമെടുത്ത നിലപാടും ട്രംപ് കാലത്തെ പശ്ചിമേഷ്യന്‍ നിലപാടും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഒന്നും തന്നെയില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങള്‍ സ്ഥിതിചെയ്യുന്ന പശ്ചിമേഷ്യന്‍ മേഖലകളില്‍ നിന്നും അമേരിക്കയുടെ പൊടുന്നനെയുള്ള നയവ്യതിയാനം വലിയൊരു മണ്ടത്തരമായാണ് അവര്‍ കാണുന്നത്. അത് കൊണ്ട് തന്നെ ട്രംപില്‍ നിന്നും അതിവിദൂരമല്ലാത്ത രാഷ്ട്രീയ നയം തന്നെയാകും ബൈഡന്റേതും. സഊദിയില്‍ നിന്നും മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നും അമേരിക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന എണ്ണസമ്പത്തിനുള്ള എല്ലാ സുരക്ഷയും ഒരുക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടുതന്നെ ഇറാന്‍ ഭീഷണിയെ നേരിടുകയും സഊദി ഭരണകൂടത്തെ സുസ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യുക അമേരിക്കയുടെ കൂടി താല്പര്യമാണ്. സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ലാഭം കൊയ്യുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമാണ്. ഐഎസ് മുതലുള്ള എല്ലാവിധ വിധ്വംസക പ്രസ്ഥാനങ്ങളും സിഐഎയുടെ സൃഷ്ടിയാണെന്ന് പരക്കെ പറയപ്പെടുന്നുണ്ടല്ലോ. ക്രമസമാധാനമെന്ന ന്യായം ഉയര്‍ത്തിക്കാട്ടാനാണ് ഇത്തരം സായുധ വിഭാഗങ്ങളെ അണിയിച്ചൊരുക്കുന്നത്. അതിലൂടെ വ്യാപകമായ ആയുധ വില്‍പനയും മുറപോലെ നടക്കുന്നു. തികഞ്ഞ സാമ്രാജ്യത്വവിരുദ്ധരായ സദ്ദാമിനെയും ഗദ്ദാഫിയെയും താഴെയിറക്കുക വഴി പാവ സര്‍ക്കാരിനെ ഉപയോഗിച്ച് എണ്ണ കൊള്ളയടിക്കുകയായിരുന്നു അമേരിക്ക. 9/11 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ഇറാഖിന്റെ എണ്ണ ശേഖരങ്ങളുടെ മേല്‍ നിയന്ത്രണം ലഭിക്കുന്നതിനും മധ്യപൂര്‍വ മേഖലയില്‍ അമേരിക്കന്‍ താവളമാക്കാനും, കാസ്പിയനില്‍ നിന്നുള്ള പുതിയ എണ്ണക്കുഴലിനായി അഫ്ഗാനെ വരുതിയിലാക്കാനുമുള്ള നാടകമായിരുന്നല്ലോ. ഇനിയും ഇത്തരം നാടകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കില്ല എന്ന് എന്ത് ഉറപ്പാണുള്ളത്! ഖാസിം സുലൈമാനിയുടെ വധത്തിനുശേഷം ഇറാഖി സര്‍ക്കാരിന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ പുതിയ എണ്ണപ്പാടങ്ങള്‍ തേടിയുള്ള യാത്രകള്‍ക്ക് അമേരിക്കയെ നിര്‍ബന്ധിതരാക്കാം. അടിക്കടി ഉയര്‍ന്നു വരുന്ന എണ്ണയുടെ ഉപഭോഗവും സൈനിക ഉപയോഗവും പുതിയൊരു എണ്ണ നിലയത്തെ ആവശ്യമായിത്തീർന്നിരിക്കുന്നു. ഒന്നുകില്‍ ഇറാഖിനെ മേലുള്ള സമ്പൂര്‍ണ നിയന്ത്രണം, അല്ലെങ്കില്‍ ഇറാഖ് പോലെ മറ്റേതെങ്കിലും രാജ്യത്തെ അധിനിവേശം. അമേരിക്കക്ക് മുമ്പിലുള്ള പോംവഴി ഇതാണ്. ചെങ്കടലിലെ എണ്ണ നിക്ഷേപത്തെ ചൊല്ലി ഗ്രീസിനും തുര്‍ക്കിക്കുമിടയില്‍ ഉടലെടുത്ത തര്‍ക്കത്തില്‍ അമേരിക്ക ഇടപെടുന്നതും, നിരന്തരമായി തുര്‍ക്കി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള വാഷിങ്ടണിന്റെ പരിശ്രമവും, പരാജയപ്പെട്ട 2016ലെ തുര്‍ക്കി അട്ടിമറിയും, സദ്ദാമിന് സമാനമായ ഉര്‍ദുഗാനെ നോക്കിക്കാണുന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം. വൈറ്റ് ഹൗസിന്റെ ദൃഷ്ടിയില്‍ ഇറാനും സിറിയയുമാണ് ഇറാഖിന് ശേഷമുള്ള അടുത്ത ലക്ഷ്യങ്ങള്‍. കിഴക്കന്‍ ആഫ്രിക്ക, കാസ്പിയന്‍ ലാറ്റിനമേരിക്ക, ദക്ഷിണ ചൈന കടല്‍ എന്നിവയാണ് മറ്റു പ്രമുഖ എണ്ണ ഉത്പാദന മേഖലകള്‍. ഇവയും ഭാവിയില്‍ യുദ്ധത്തിന്റെ ഉഷ്ണ മേഖലകളാകാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആന്‍ഡി സ്റ്റേണ്‍ തന്റെ “എണ്ണ യുദ്ധങ്ങളുടെ രാഷ്ട്രീയം’ എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
ഇസ്രയേലുമായുള്ള നയതന്ത്ര നിലപാടുകളാണ് എന്നും പശ്ചിമേഷ്യന്‍ നയങ്ങളില്‍ അമേരിക്കയുടെ കാതലായി വര്‍ത്തിക്കാറുള്ളത്. 1948ല്‍ ജൂതരാഷ്ട്രം രൂപീകരിക്കപ്പെട്ടത് മുതല്‍ ഇന്നേവരെ അവിശ്വസനീമായ നീക്കുപോക്കുകളാണ് ഇരു രാഷ്ട്രങ്ങളും തമ്മില്‍ നടത്തുന്നത്. അറബ് രാജ്യങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്നു എന്നതുകൊണ്ടുതന്നെ ഇസ്രയേലിന്റെ സുരക്ഷയും മുസ്‌ലിം രാജ്യങ്ങളിലെ അസ്ഥിരതയും അമേരിക്കക്ക് നിര്‍ണായകമാണ്. 1960 മുതല്‍ അമേരിക്കയുടെ പ്രധാന പങ്കാളിയാണ് ഇസ്രയേല്‍. വര്‍ഷം മൂന്ന് ബില്യണ്‍ ഡോളര്‍ അമേരിക്ക ഗ്രാന്‍ഡായും മറ്റും ഇസ്രയേലിന് നല്‍കിപ്പോരുന്നു. 1976 മുതല്‍ 2004 വരെയുള്ള, കണക്കില്‍പെടുന്ന അമേരിക്കന്‍ സഹായം 146 ബില്യണ്‍ ഡോളറോളം വരും. വര്‍ഷം കഴിയുന്തോറും സൈനിക സഹകരണവും നയതന്ത്ര ബന്ധവും കൂടുതല്‍ മികച്ച രീതിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. 2019ല്‍ ട്രംപ് സര്‍ക്കാര്‍ 3.8 ബില്യണ്‍ ഡോളറാണ് സൈനിക സഹായമായി മാത്രം നല്‍കിയത്. കൂടാതെ എട്ടു ബില്യൻ ഡോളറിന്റെ വായ്പയും നല്‍കുന്നു. ഇത്രയും കണക്കുകള്‍ ഔദ്യോഗികമായ വിവരങ്ങള്‍ ആണെന്നത് പ്രത്യേകം ശ്രദ്ധിക്കണം. അനൗദ്യോഗികമായ സഹായങ്ങള്‍ ഇതിലും ഇരട്ടി വരും. തങ്ങളുടെ ജാരസന്തതിയുടെ നിലനിൽപിന് അറബ് നിലപാടുകള്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നത് കൊണ്ടുതന്നെ അമേരിക്ക പരമാവധി അറബ് രാഷ്ട്രങ്ങളെ ഇസ്രയേലുമായുള്ള നയതന്ത്ര സൗഹൃദ ബന്ധങ്ങളിലേക്ക് നയിക്കുന്നു. അബ്രഹാം ഉടമ്പടിയുടെ ഫലമായി യുഎഇ, മൊറോക്കോ, ബഹ്‌റൈന്‍, സുഡാന്‍ തുടങ്ങിയ അറബ് രാജ്യങ്ങള്‍ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത് അമേരിക്കയുടെ ശ്രമഫലമായാണ്. വൈകാതെ സഊദിയും ഇസ്രായേലുമായി ഊഷ്മള ബന്ധം സ്ഥാപിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തന്റെ ഏറ്റവും വലിയ നേട്ടമായി ട്രംപ് ചൂണ്ടിക്കാട്ടുന്നതും ഈ സൗഹൃദത്തെയായിരുന്നു. ബൈഡനും ഈ പ്രതിച്ഛായ നിലനിര്‍ത്താന്‍ തന്നെയാകും ഫലത്തില്‍ ശ്രമിക്കുക. അറബ്-ഇസ്രായേല്‍ കൂട്ടുകെട്ടും ഇറാന്‍ വിരുദ്ധതയും സുന്നി -ശിയാ സംഘട്ടനവും മുതലെടുത്ത് മേഖലയിലെ സമ്പത്ത് ചൂഷണം ചെയ്യുക എന്നത് തന്നെയാവും ബൈഡന്റെയും നയം. അമേരിക്കയുടെ മേധാവിത്വം തിരിച്ചുപിടിക്കലാണ് തന്റെ ലക്ഷ്യം എന്ന് ആണയിട്ട് പറയുമ്പോള്‍ ഏതു കടുംകൈയും നടത്താന്‍ ഒരുമ്പെട്ട് തന്നെയാണ് ഞങ്ങള്‍ എന്ന സൂചനയാണ് നല്‍കുന്നത്. റഷ്യന്‍ മധ്യസ്ഥതയില്‍ നടക്കുന്ന താലിബാന്‍ അഫ്ഗാന്‍ സമാധാന ശ്രമങ്ങള്‍ക്ക് കല്ലുകടിയാണ് ബൈഡന്റെ നിലപാടുകള്‍. ബൈഡന്റെ സമാധാനദൂതിനെക്കുറിച്ച് വാചാലരായവര്‍ അമേരിക്കയുടെ ചരിത്രം മറന്നതാണ് പ്രശ്‌നം. മെയ് ഒന്നിന് അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറുമെന്ന ട്രംപിന്റെ ഉറപ്പിനെ തള്ളിക്കളയുകയാണ് ബൈഡന്‍. തങ്ങളുടെ നിരവധി സൈനികരെ കൊലക്കു കൊടുത്തിട്ടും ഇനിയും അഫ്ഗാനില്‍ തുടരുന്നതിന് പിന്നില്‍ എണ്ണയാണ് ലക്ഷ്യം. വളര്‍ച്ചയുടെ കേന്ദ്രബിന്ദുവായി എണ്ണ മാറിയത് മുതല്‍ തന്നെ സംഘട്ടനങ്ങളുടെ ചോരച്ചാലുകള്‍ ലോകത്ത് ഒഴുകിയിട്ടുണ്ട്. ആച്ചയിലും ബികുവിലും വീഴ് ത്തിയ ദശലക്ഷം പേരുടെ ജീവനുകള്‍ക്ക് സമാനമായി പശ്ചിമേഷ്യന്‍ മേഖലകളില്‍ കൂട്ടക്കുരുതികള്‍ നടത്തിയാകും അമേരിക്ക തങ്ങളുടെ മേധാവിത്വം ഊട്ടിയുറപ്പിക്കുക.
സൈനിക, സാമ്പത്തിക ശക്തിയായുള്ള ചൈനയുടെ വളര്‍ച്ച വാഷിങ്ടണിനെ ആശങ്കപ്പെടുത്തുന്നുണ്ട്. നേരിട്ടുള്ള യുദ്ധത്തെക്കാള്‍ അയല്‍ രാജ്യങ്ങളെ ഉപയോഗിച്ച്, പ്രത്യേകിച്ച് ഇന്ത്യ, ജപ്പാന്‍ എന്നിവരെ ഉപയോഗിച്ചാണ് യുഎസ് ചൈനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുമായുള്ള അമേരിക്കന്‍ ബന്ധത്തിന്റെ കാതലായ ഉദ്ദേശ്യവും ഇതുതന്നെയാണ്. ട്രംപ് -മോദി ദ്വയങ്ങള്‍ക്കിടയിലുള്ള ബന്ധത്തിന് ഇസ്‌ലാമിക വിരുദ്ധതയും ഫാഷിസ്റ്റ് നിലപാടുകളും ഊഷ് മളത നല്‍കിയെങ്കിലും ബൈഡന്‍ കാലത്തും ന്യൂഡല്‍ഹി-വാഷിങ്ടണ്‍ കൂട്ടുകെട്ട് കൂടുതല്‍ മെച്ചപ്പെടാന്‍ തന്നെയാണ് സാധ്യത. ഈ ദ്വയം അമേരിക്കയെ സംബന്ധിച്ച് തങ്ങളുടെ വളര്‍ച്ചക്ക് അത്യന്തം ആവശ്യമാണുതാനും. ഉയ്ഗൂര്‍ മുസ്‌ലിം വിഷയത്തില്‍ അമേരിക്കയുടെ കടുത്ത നിലപാടും വാവേക്കെതിരെയുള്ള(huwai )സാമ്പത്തിക ഉപരോധവും രാഷ്ട്രീയ നീക്കുപോക്കായി മാത്രമേ കാണാന്‍ കഴിയൂ. കാരണം ഫലസ്തീന്‍ വിഷയത്തിലുള്ള നിശബ്ദതയും അമേരിക്കന്‍ എണ്ണ കമ്പനികളുടെ ചൂഷണത്തിനെതിരെ കണ്ണടക്കുന്നതും ഇതിന് അപവാദമാണ്. എണ്ണ ഉപഭോഗത്തില്‍ അമേരിക്കക്ക് ശേഷം രണ്ടാം സ്ഥാനത്താണ് ചൈന. ഞൊടിയിടയില്‍ വളര്‍ന്നുവരുന്ന ബീജിങിന്റെ വ്യവസായ വളര്‍ച്ച എണ്ണ ഉപയോഗത്തിന്റെ വളര്‍ച്ചാനിരക്കില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ദക്ഷിണ ചൈന കടലിടുക്കിലെ എണ്ണ സംബന്ധിച്ചുള്ള ചൈനയും അയല്‍ രാജ്യങ്ങളായ വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്‌വാന്‍, ബ്രൂണെ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇടയിലെ തര്‍ക്കത്തില്‍ അമേരിക്ക വളരെ കരുതലോടെയാണ് ഇടപെടുന്നത്. മൊത്തം 7.5 ബില്യൻ വീപ്പ എണ്ണയും പ്രതിദിനം 13 ലക്ഷം വീപ്പ എണ്ണയും ഉത്പാദിപ്പിക്കപ്പെടുമെന്ന് കരുതപ്പെടുന്ന സമ്പന്നമായ ഈ മേഖലയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ പലപ്പോഴും ഫിലിപ്പീന്‍സുമായി കൂട്ടുകൂടി ചൈനയെ എതിര്‍ക്കാന്‍ അമേരിക്ക മുതിര്‍ന്നിട്ടുണ്ട്. 1995 മിസ് ചീഫ് റീഫിനെ സംബന്ധിച്ചും 96ല്‍ കാംപോണ്‍സ് ദ്വീപിനെകുറിച്ചും 97ല്‍ സ്‌കാര്‍ബൊരോ ഷോവലിനെപറ്റിയും ചൈനയും ഫിലിപ്പീന്‍സും തമ്മില്‍ കലഹം ഉണ്ടായപ്പോള്‍ അമേരിക്ക ഈ ഒരു നയമാണ് സ്വീകരിച്ചത്. ചൈന കൈയേറിയ സ്പാര്‍ട്ടി ദ്വീപും അമേരിക്ക വളരെയേറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. ഭാവിയില്‍ ഒരു യുദ്ധം ഉണ്ടായാല്‍ പേള്‍ ഹാര്‍ബര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൂടിയാണിത്. വ്യാപാരയുദ്ധമാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ചൈനയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന വണ്‍ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യയെ ഉപയോഗിച്ച് തടയാന്‍ ശ്രമിക്കുന്നതും യുദ്ധമുറയുടെ തന്ത്രമാണ്. ട്രംപിന്റെ നയങ്ങള്‍ തന്നെയായിരിക്കും ബൈഡനും പിന്തുടരുക. ട്രംപ് രൂപീകരിച്ച ഇന്ത്യ-ജപ്പാന്‍ ആസ്‌ട്രേലിയ സഖ്യം “ക്വാഡ്’ തുടര്‍ന്നുകൊണ്ടുപോകുവാനും അസ്ഥിരമായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കിയമായിരിക്കും ബൈഡന്‍ അമേരിക്കയുടെ നയം രൂപീകരിക്കുക.
വിദേശ നയങ്ങള്‍ ട്രംപില്‍ നിന്ന് അപ്പടി പകര്‍ത്താന്‍ ബൈഡന്‍ തയാറാവില്ലെങ്കിലും അമേരിക്കയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന മുസ്‌ലിം വിരുദ്ധത തുടരുക തന്നെ ചെയ്യും. ക്രൂരനായ വേട്ടക്കാരനില്‍ നിന്ന് മാന്യനായ വേട്ടക്കാരനിലേക്കുള്ള മാറ്റം, അത് മാത്രമാണ് അമേരിക്കയുടെ മാറ്റം! ■

Share this article

About മുഹമ്മദ് സിറാജുദ്ദീൻ ഇ കെ

sirajudheenrazak41@gmail.com

View all posts by മുഹമ്മദ് സിറാജുദ്ദീൻ ഇ കെ →

Leave a Reply

Your email address will not be published. Required fields are marked *