മലയാളി ജീവിതത്തിന്റെ ഉയര്‍ച്ചയും ഉലച്ചിലും

Reading Time: 3 minutes

ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ സവിശേഷമായ വളര്‍ച്ചയും മുന്നേറ്റവും ഏറ്റവുമധികം സാധ്യമാകുന്നത് കേരളത്തിലും മലയാളികളിലുമാണെന്നത് കാലങ്ങളായുള്ള പൊതുധാരണയാണ്. ഒരുപരിധി വരെ ശരിയുമാണത്. സാക്ഷരതയിലൂന്നിയ വിദ്യാഭ്യാസക്രമങ്ങളും സാമൂഹികാന്തരീക്ഷവുമാണ് ഈയൊരു ഉത്തമസൃഷ്ടിക്കു പിന്നിലെ പ്രധാനവര്‍ത്തി. ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ സാമൂഹിക വിഷയങ്ങളില്‍ മലയാളികള്‍ കൈക്കൊള്ളുന്ന പക്വതയും നിലപാടും ഇക്കാര്യം വിളിച്ചറിയിക്കുന്നുണ്ട്.
തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും ചിന്തകള്‍ക്കും കേരളത്തില്‍ അത്രമേല്‍ ലളിതമായി വേരോട്ടം സാധ്യമാകാത്തതും അതുകൊണ്ടാണ്. കാലങ്ങളായി കേട്ടുപോരുന്ന, മലയാളി ജീവിതം മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്ന വാദഗതിയുടെ ബഹുതലങ്ങള്‍ ചെറുരീതിയില്‍ പരിശോധിക്കുന്നതാണീ കുറിപ്പ്.

കേരള മോഡല്‍ വികസനം
മലയാളികള്‍ ഏറ്റവുമധികം അഹങ്കാരത്തോടെ പലപ്പോഴും ഉപയോഗിക്കുന്ന ഒരു പദമാകും കേരള മോഡല്‍ വികസനമെന്നത്. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, കുറഞ്ഞ ജനനനിരക്ക് എന്നീ സാമൂഹിക സൂചകങ്ങളില്‍ കേരളം സാധ്യമാക്കിയ നേട്ടമാണ് കേരള മോഡല്‍ വികസനമെന്ന പേരില്‍ അറിയപ്പെട്ടത്. പ്രതിശീര്‍ഷ വരുമാനം കുറവാണെന്ന വസ്തുത മാറ്റിനിര്‍ത്തിയാല്‍ തന്നെ സാമൂഹിക വികസനത്തിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങളോടൊപ്പമെത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. സാക്ഷരതയുടെ കാര്യത്തിലാണ് ഏറ്റവുമധികം കേരളം മുന്നിട്ടുനില്‍ക്കുന്നത്. നല്ലൊരു ശതമാനം സ്ത്രീകളും സാക്ഷരരാണ്. കുറഞ്ഞ ശിശുമരണനിരക്ക് ആരോഗ്യ രംഗത്തെ മികച്ച നിലവാരത്തെ കുറിക്കുന്നു. സ്ത്രീകളും ഉന്നതമായ സാമൂഹിക നിലവാരം പുലര്‍ത്തുന്നുണ്ടിവിടെ. രാജ്യത്തെ ഏറ്റവും കുറഞ്ഞ ബാലവേല നിരക്ക് ഇവിടെയാണെന്നതു പോലെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ഇടം കൂടിയാണ് കേരളം. എഴുപതുകള്‍ മുതല്‍ കേരളത്തിലെ വരുമാന സ്രോതസിലെ നിര്‍ണായകശക്തിയാണ് പ്രവാസികള്‍. അപ്പോഴും സുതാര്യമായ വ്യാവസായിക വളര്‍ച്ച നേടാനോ കൃത്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ മാറിവന്ന സര്‍ക്കാരുകള്‍ക്കൊന്നും സാധിച്ചിട്ടില്ലെന്നത് ഒരു പരമസത്യമാണ്.
വൈദ്യശാസ്ത്രരംഗത്ത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവിനു മുമ്പുതന്നെ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ കേരളത്തില്‍ നിലവിലുണ്ട്. 1879ല്‍ നടന്ന നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിളംബരം ഇതിന്റെ മികച്ചൊരു ഉദാഹരണമാണ്. കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം മാറിവന്ന സര്‍ക്കാരുകള്‍ മുഴുവന്‍ ഇക്കാര്യത്തില്‍ സജീവശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. ഈ നേട്ടങ്ങള്‍ക്കെല്ലാം വലിയയളവില്‍ സഹായകമായത് കേരളജനതയുടെ സാക്ഷരത തന്നെയാണ്. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും കണക്കുകള്‍ പ്രകാരം ലോകത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനമാണ് കേരളം. സജീവസാന്നിധ്യങ്ങളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പെയ്ന്‍& പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്കും കേരള ജനത നല്‍കുന്ന ശ്രദ്ധയാണ് ഈയൊരു സ്ഥിതിവിശേഷത്തിന് കൂടുതല്‍ സഹായകമായത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നു വിഭിന്നമായി നഗര- ഗ്രാമങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസങ്ങളില്ല എന്നതും എല്ലായിടങ്ങളിലും മാർകറ്റ്, സ്‌കൂളുകള്‍, പോസ്‌റ്റോഫീസുകള്‍, ആശുപത്രികള്‍, പൊതുകിണര്‍, പ്രാര്‍ഥനാകേന്ദ്രങ്ങള്‍ എന്നിവ ലഭ്യമാണെന്നതുമാണ് കേരളത്തെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു സവിശേഷത. രാഷ്ട്രീയബോധത്തിന്റെ വിഷയത്തിലും പത്ര- ആനുകാലികങ്ങളടക്കമുള്ളവയുടെ വായനയുടെ വിഷയത്തിലും കേരളം പുലര്‍ത്തുന്ന കണിശതയും കൃത്യതയും ഈയൊരു വളര്‍ച്ചയുടെ ഫലമാണ്. ഡിജിറ്റല്‍ വായനയും സജീവമാണ്.
ചുരുക്കത്തില്‍, സാമ്പത്തിക പുരോഗതി പൂര്‍ണാര്‍ഥത്തില്‍ കൈവരിക്കാതെ സാമൂഹിക പുരഗോതി നേടിയെന്നതാണ് കേരള മോഡല്‍ വികസനത്തിന്റെ ആകെത്തുക. പ്രധാനമായും ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമാണ് ഈ പുരോഗതി സാധ്യമായിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളീയര്‍ ആരോഗ്യസമ്പന്നരും സാക്ഷരരുമാണ്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ രണ്ടു സൂചകങ്ങളാണ് മൊത്തത്തില്‍ കേരള വികസത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നത്.

കേരള മോഡലിലെ പരിമിതികള്‍
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുമ്പോഴും കേരളം സാധ്യമാക്കിയ മെച്ചപ്പെട്ട സാമൂഹ്യവ്യവസ്ഥയാണ് കേരള മോഡലെന്ന പേരില്‍ പ്രസിദ്ധമായതെന്നു നാം മനസിലാക്കി. പിന്നീട് വരുമാനത്തില്‍ കാര്യമായ വര്‍ധനവില്ലാതെ, ആവശ്യത്തിനു പോലും പണം മുടക്കാന്‍ സര്‍ക്കാരിന് കഴിയാത്ത അവസ്ഥ വന്നപ്പോഴാണ് സ്വയം നിലനില്‍പില്ലാത്ത ഒരു മാതൃകയാണ് കേരള മോഡലെന്നു തെളിഞ്ഞത്. ഉത്പാദന മേഖലകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കേരള മോഡല്‍ വികസനം യൂറോപ്പിലെ സ്‌കാന്റിനേവിയന്‍ രാജ്യങ്ങളുടെ മാതൃകയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു. ഉത്പാദന മേഖലകളെ മാറ്റിനിര്‍ത്തി സേവനമേഖലകളെ സംരക്ഷിക്കല്‍ ഒരിക്കലും സാധ്യമല്ലെന്ന ലളിതപാഠം കേരളമോഡലില്‍ അന്യമായിരുന്നുവെന്ന് സാരം. ആവശ്യത്തിനു പോലും പണമില്ലാത്തവിധം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരുകള്‍ നേരിട്ടത് ഈയൊരു മോഡലിന്റെ ഗതിവിഗതികളെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണം നടത്തിയില്ല എന്നതുകൊണ്ടുതന്നെയാണ്.
സമാനമായി ജനദ്രോഹപരമായ പല ധാരണപ്പിശകുകളും സര്‍ക്കാരുകള്‍ ഏറ്റുപിടിച്ചതായും കാണാം. തൊഴില്‍ നഷ്ടപ്പെടുമെന്ന പേരില്‍ ബോധപൂര്‍വം യന്ത്രവത്കരണം മാറ്റിനിര്‍ത്തപ്പെട്ടത് ഇതിന്റെ ഉദാഹരണമാണ്. ഫലത്തില്‍ ഉള്ള തൊഴില്‍പോലും ഇല്ലാതാക്കുകയായിരുന്നു ഇത് ചെയ്തത്. കാര്‍ഷികമേഖലയിലും പരമ്പരാഗത വ്യവസായ മേഖലയിലും യന്ത്രവത്കരണം തടയപ്പെട്ടത് ഇത്തരത്തില്‍ വലിയ വിപരീത ഫലങ്ങളുണ്ടാക്കി. ആലപ്പുഴയില്‍ കയര്‍വ്യവസായ മേഖലയില്‍ നടത്തിയ യന്ത്രവത്കരണ പരീക്ഷണം വിജയകരമായത് ഇക്കാര്യത്തില്‍ സര്‍ക്കാരുകള്‍ പരാജയമായിരുന്നു എന്നതിന്റെ ഉദാഹരണമാണ്. അപ്പോഴും കേരള മോഡലിന്റെ സ്തുതിഗീതങ്ങള്‍ മാത്രം പാടുകയും വിമര്‍ശനാത്മകമായ ഒന്നിനെയും ഉള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.
ഈയൊരു വൈകിച്ചിന്തിക്കലിന്റെ ഫലമായി കാര്‍ഷിക മേഖലകളില്‍ മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി ഏറെ വൈകിയാണ് യന്ത്രവത്കരണം കേരളത്തില്‍ നിലവില്‍വരുന്നത്. മറ്റിടങ്ങളില്‍ 50കളില്‍ നിലവിലുള്ള ഈ രീതി കേരളത്തില്‍ ഭാഗികമായിട്ടെങ്കിലും അനുവദിക്കപ്പെടുന്നത് 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്. പുരോഗമനമെന്നു പറയുന്ന സംഘശക്തികള്‍ പലതും പണിമുടക്കുകളുടെയും ഹര്‍ത്താലിന്റെയും പേരില്‍ നിരന്തരം ജനങ്ങളെ ദ്രോഹിക്കുന്ന, യന്ത്രവത്കരണം കൊണ്ട് തൊഴിലില്ലാതാവുന്നവര്‍ക്ക് നഷ്ടപരിഹാരമെന്ന നിലക്ക് ആരംഭിച്ച നോക്കുകൂലി പണിയെടുക്കാതെ പണമുണ്ടാക്കാനുള്ള കൊള്ളമാര്‍ഗമായി മാറിയ ഒരു പ്രത്യേക പരിതസ്ഥിതിയിലാണിന്ന് കേരളം. എല്ലാവിധ വികസനങ്ങളുടെ കാര്യത്തിലും സമ്പൂര്‍ണ വിജയം അവകാശപ്പെടുമ്പോഴും ദാരിദ്ര്യമാണ് എല്ലായിപ്പോഴും സര്‍ക്കാരുകളെ അലട്ടുന്ന ഒരു പ്രധാന സാമൂഹ്യവിഷയമായി ഉയര്‍ന്നുവരാറുള്ളത്.

പ്രവാസം പെയ്ത മണ്ണില്‍ വിരിഞ്ഞ പൂക്കള്‍
പ്രവാസത്തിന്റെ ചിറകിലേറി മലയാളി കണ്ട സ്വപ്‌നങ്ങളും നേട്ടങ്ങളും അതുല്യമാണ്. കേരളം ഇന്ന് കൈവരിച്ച വളര്‍ച്ചയില്‍ വലിയൊരളവ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന് അവകാശപ്പെട്ടതാണ്. കുടിയേറ്റമില്ലെങ്കില്‍ കേരള മോഡല്‍ വികസനം സമ്പൂര്‍ണ പരാജയമാണെന്നു തന്നെ പറയാം. 1960കളില്‍ മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കായി നടന്ന ആഭ്യന്തരകുടിയേറ്റമാണ് കേരളത്തിന്റെ കുടിയേറ്റ ചരിത്രത്തിലെ ആദ്യദശ. തുടര്‍ന്നാണ് ഗള്‍ഫ് കുടിയേറ്റം സംഭവിക്കുന്നത്. വലിയൊരളവില്‍ വികസനം സാധ്യമായത് ഈ കുടിയേറ്റത്തിന്റെ ചുവടുപിടിച്ചായിരുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗള്‍ഫ് കുടിയേറ്റക്കാരെ അപേക്ഷിച്ച്, മലയാളിയുടെ ഗള്‍ഫ് കുടിയേറ്റവും അതിന്റെ ഫലങ്ങളും കൃത്യമായി വിനിയോഗിക്കാന്‍ കഴിഞ്ഞു എന്നത് ഏറെ എടുത്തു പറയേണ്ടതാണ്. വിവിധ മത രാഷ്ട്രീയ സാമൂഹിക സംഘടനകളും കൂട്ടായ്മകളും ഇതിന് നേതൃപരമായ പങ്ക് വഹിക്കുകയും അവരെ ഓര്‍ഗനൈസ് ചെയ്യുകയും ചെയ്തു. തത്ഫലമായി കേരളത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍, വിദ്യാഭ്യാസം, സാമൂഹിക സാമ്പത്തിക ജീവിതങ്ങള്‍ പുതിയ മേഖലകളിലേക്ക് വികസിച്ചു.
വിദേശത്തു നിന്നു വരുന്ന തുക സാമൂഹികസ്ഥിതിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തി. പ്രാഥമിക സ്‌കൂള്‍ പഠനം മാത്രമുള്ളവരുടെ മക്കള്‍ ബിരുദവും ബിരുദാരനന്തരബിരുദവും നേടുന്ന, വിദേശസര്‍വകലാശാലകളില്‍ പഠനം നടത്തുന്ന അവസ്ഥ സംജാതമായി. കുടിയേറ്റം വഴി എല്ലാ സമുദായങ്ങള്‍ക്കും വികസനം സാധ്യമായെങ്കിലും മുസ്‌ലിംകള്‍ക്കാണത് കൂടുതല്‍ ഗുണപരമായി ബാധിച്ചത്. ഭാര്യമാരെയും മക്കളെയും കുടുംബത്തെയും നാട്ടില്‍ ഉപേക്ഷിച്ച് തനിച്ചാണ് മലബാറിലെ മുസ്‌ലിംകള്‍ ഭൂരിപക്ഷവും കുടിയേറ്റം നടത്തിയിരുന്നത് എന്നതാണ് ഇതിനുള്ള പ്രധാന കാരണം.
പട്ടിണിമരണങ്ങള്‍ പോലോത്ത ദുരനുഭവങ്ങള്‍ പോലും കുടിയേറ്റമില്ലെങ്കില്‍ കേരളക്കാര്‍ അനുഭവിക്കേണ്ടി വരുമായിരുന്നുവെന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫ. ഇരുദയ രാജന്‍ നിരീക്ഷിക്കുന്നുണ്ട്. മുസ്‌ലിംകളും കുടിയേറ്റവും എന്ന വിഷയത്തില്‍ പുതിയൊരു പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണദ്ദേഹം. എണ്ണത്തില്‍ കുറവുണ്ടായേക്കാമെങ്കിലും ഒരു മുപ്പതു വര്‍ഷത്തോളം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇനിയുമുണ്ടാവുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന കേരള മോഡല്‍ വികസനവും മലയാളി ജീവിതത്തിന്റെ ഉയര്‍ച്ചയും പരിമിതികള്‍ക്കകത്തു നിന്നുള്ള സംസാരമാണെന്നു ചുരുക്കം. ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നീ രണ്ടു മേഖലകള്‍ മാറ്റിനിര്‍ത്തിയാല്‍ ഫലപ്രദവും ഉത്പാദനക്ഷമവുമായ കാര്യമായതൊന്നും ഇവിടെയുണ്ടായിട്ടില്ല. വിജയകരമായ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കാതെയുള്ള കേരള വികസനത്തെക്കുറിച്ചുള്ള സംസാരങ്ങള്‍ സുഖകരവുമല്ല.


പാരസ്പര്യത്തിന്റെ സാമൂഹിക അടരുകള്‍
സ്വസ്ഥമായ സാമൂഹികാന്തരീക്ഷം ഏതൊരു സമൂഹത്തിന്റെയും മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക ജീവിതത്തില്‍ മലയാളികള്‍ പുലര്‍ത്തുന്ന പാരസ്പര്യവും സഹവര്‍ത്തിത്വവും എടുത്തു പറയേണ്ടതാണ്. ജീവിത തുറകളില്‍ വ്യത്യസ്തമായ വിശ്വാസ ആദര്‍ശങ്ങള്‍ പിന്തുടരുമ്പോഴും സാമൂഹിക ജീവിതത്തിന്റെ വിവിധ അടരുകളില്‍ ചേര്‍ന്നിരിക്കാനും ചേര്‍ത്തുപിടിക്കാനും നമുക്ക് സാധ്യമാകുന്നു. മലയാളിയുടെ ഉത്സവങ്ങളും പൂരങ്ങളും നേര്‍ച്ചകളും ഇത്തരത്തില്‍ മാനവ സൗഹൃദത്തിന്റെ ഉദാത്തമായ മാതൃകയാണ്. പ്രതിസന്ധിക്കാലത്ത് ചേര്‍ത്ത് പിടിക്കാനും പരസ്പരം പങ്കുവെക്കാനുമുള്ള ഹൃദയ വിശാലതയാണ് കഴിഞ്ഞ പ്രളയ കാലത്ത് നമ്മള്‍ കണ്ടത്. ആ ഒരുമക്കും അറ്റമില്ലാത്ത മാനുഷിക സ്‌നേഹത്തിനും മുന്നില്‍ പ്രളയം പോലും തോറ്റു എന്നത് ചരിത്രം! ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇന്നും വ്യാപകമായി നിലനില്‍ക്കുന്ന ജാതീയവും വംശീയവുമായ വേര്‍തിരിവുകളുടെ അതിരുകള്‍ ഭേദിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. “മലയാളിത്വം’ എന്ന അടിസ്ഥാന ചോദന ഇവിടുത്തെ മുഴുവന്‍ മനുഷ്യരെയും ജപമാലയിലെ മുത്തുകളെ പോലെ കോര്‍ത്ത് ചേര്‍ത്ത് നിര്‍ത്തുന്നു. ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്ന് നില്‍ക്കുന്ന, അതിന്റെ പ്രകൃതി സൗന്ദര്യം പോലെ സുന്ദരമായ ഒരു സാംസ്‌കാരിക തനിമ സൂക്ഷിക്കുന്ന അക്ഷയഖനിയാണത്. ലോകത്തിന്റെ ഏത് ദിക്കിലും മലയാളി കുടിയേറിപ്പാര്‍ത്തതിലും മലയാളികളെ വിദേശികള്‍ സ്വീകരിച്ചതിലും ഈ സാംസ്‌കാരിക മുഖമുദ്ര സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ് ■

Share this article

About മെഹബൂബ് സി കെ

mehbinthaliparamba@gmail.com

View all posts by മെഹബൂബ് സി കെ →

Leave a Reply

Your email address will not be published. Required fields are marked *