മിസ്റ്റര്‍ മുസ്‌ലിം, നിങ്ങള്‍ക്ക് ജനങ്ങളെ ഒന്നായി കാണാന്‍ സാധിക്കുമോ?

Reading Time: 2 minutes

മിസ്റ്റര്‍ റസൂല്‍, നിങ്ങള്‍ക്ക് വിശ്വാസം പരിഗണിക്കാതെ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ഒരു അമേരിക്കന്‍ മുസ്‌ലിം ജനപ്രതിനിധിയോട് ഇക്കഴിഞ്ഞ ദിവസം നടന്ന സംവാദത്തിനിടെ ചര്‍ച്ച നയിച്ച ടെലിവിഷന്‍ ആങ്കര്‍ ഉന്നയിച്ച ചോദ്യമാണിത്. വെള്ളക്കാരുടെ അടിവയറ്റില്‍ കട്ടപിടിച്ചൂറിക്കിടക്കുന്ന വംശീയത ഇങ്ങനെ ഛര്‍ദിക്കപ്പെടുമെന്നതിന്റെ പുതിയ ഉദാഹരണം. അന്താരാഷ്ട്ര മാധ്യമങ്ങളിലും മനുഷ്യാവകാശ വേദികളിലും ചൂടുപിടിച്ച ചര്‍ച്ചയായ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കപ്പെട്ടു. എങ്കിലും വംശവെറിയുടെയും ഇസ്‌ലാംപേടിയുടെയും പ്രതീകങ്ങള്‍ വെളിച്ചപ്പെടുകയും ചെയ്തു.
അമേരിക്കയുടെ തെക്കുകിഴക്കന്‍ സ്റ്റേറ്റായ വിര്‍ജിനിയ ജനറല്‍ അസംബ്ലിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മുസ്‌ലിം പ്രതിനിധിയായ സാം റസൂലാണ് വംശീയ അധിക്ഷേപത്തിനിരയായത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന ആറു സ്ഥാനാര്‍ഥികളുമായി ജോര്‍ജ് മാസന്‍ യൂനിവേഴ്‌സിറ്റിയാണ് സംവാദം സംഘടിപ്പിച്ചത്. ടിവി ആങ്കര്‍ ഡേവ് ലൂക്കാസാണ് റസൂലിനോട് നേരിട്ട് ചോദ്യമെറിഞ്ഞത്. താങ്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാ വിര്‍ജിനിയന്‍ ജനതയെയും പ്രതിനിധീകരിക്കുമെന്ന് ഉറപ്പിക്കാനാകുമോ എന്നായിരുന്നു ചോദ്യം. തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നു ചോദ്യം. താന്‍ എല്ലാ വിര്‍ജിനിയന്‍സിനെയും പ്രതിനിധീകരിക്കും എന്നു റസൂല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. അതിനോടുള്ള പ്രതികരണമായായിരുന്നു വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന ഒരു വാര്‍ത്ത ഉദ്ധരിച്ച് ലൂക്കാസ് ചോദ്യം ഉന്നയിച്ചത്. റസൂലിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സ്റ്റേറ്റിനു പുറത്തുള്ള മുസ്‌ലിം അഡ്വക്കസി ഗ്രൂപ്പാണ് ഫണ്ടിങ് നടത്തുന്നതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ലൂക്കാസിന്റെ ചോദ്യം വിവാദമായതോടെ സംവാദം സംഘടിപ്പിച്ച വജ്‌ല ടിവിയുടെ മേധാവി ഖേദപ്രകടനവുമായി രംഗത്തുവന്നു. സംവാദത്തിനിടെ തീര്‍ത്തും അനുചിതവും അനാദരവുള്ളതുമായ ചോദ്യമാണ് ആങ്കര്‍ ലൂക്കാസ് ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ചോദ്യത്തില്‍ ഖേദം പ്രകടിപ്പിച്ച് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സിലിന് ടെലിവിഷന്‍ വൈസ് പ്രസിഡന്റ് ബില്‍ ഫന്‍ഷാവി ഇ മെയില്‍ സന്ദേശം അയക്കുകയും ചെയ്തു. ലൂക്കാസിന്റെ ചോദ്യം വിവാദമായതിനെത്തുടര്‍ന്ന് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് പൗരാവകാശങ്ങള്‍ ഉറപ്പു നല്‍കണമെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സംവാദത്തിനിടെ തനിക്കുനേരെ വന്ന ചോദ്യത്തെത്തുടര്‍ന്ന് പുറകോട്ട് പോകാതെ പിടിച്ചുനിന്ന റസൂലിന് പിന്തുണയുമായി സ്ഥാനാര്‍ഥികളിലൊരാളായ സേവ്യര്‍ വാറന്‍ അപ്പോള്‍ തന്നെ രംഗത്തുവന്നു. മുസ്‌ലിംകളും ഏഷ്യക്കാരും കറുത്തവരുമൊക്കെയായ ഇവിടെയുള്ള മനുഷ്യര്‍ക്ക് മികച്ച ജോലി നേടുന്നതിനും തങ്ങളുടെ സ്വപ്‌നങ്ങള്‍ സ്വന്തമാക്കാനും വിര്‍ജിനിയയില്‍ അവസരമുണ്ടെന്നും റസൂലിനും അദ്ദേഹത്തിന്റെ കുടുംബത്തിനും തന്റെ പിന്തുണയുണ്ടെന്നും സേവ്യര്‍ പറഞ്ഞു. സംവാദത്തിനുശേഷം മറ്റൊരു ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സീന്‍ പാരിമാനും ആങ്കറുടെ ചോദ്യം തെറ്റായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. റസൂലിനെക്കൂടാതെ സംവാദത്തില്‍ പങ്കെടുത്ത മറ്റു അഞ്ചു സ്ഥാനാര്‍ഥികള്‍ക്കും വിശ്വാസി എന്ന നിലയില്‍ എല്ലാ വിര്‍ജിനിയന്‍സിനെയും പരിഗണിക്കാനാകുമോ എന്ന ചോദ്യം ആങ്കറില്‍ നിന്നും നേരിടേണ്ടിവന്നില്ല. കാരണം അവരാരും മുസ്‌ലിം ആയിരുന്നില്ല. ഇക്കാര്യം സ്ഥാനാര്‍ഥിയായ സീന്‍ പാരിമാന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ എഴുതുകയും ചെയ്തു. വിര്‍ജിനിയ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായ സൂസന്‍ സ്വീക്കര്‍ പാരിമാന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തു വന്നു. നമ്മള്‍ ക്രിസ്യാതനികളോടും ജൂതന്‍മാരോടും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്ന് അവര്‍ ട്വീറ്റ് ചെയ്തു. ഫണ്ടിങിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താം. എന്നാല്‍ അത് വിവേചനപരവും നീതീകരിക്കാനാകാത്തതുമായ ചോദ്യങ്ങളുന്നയിക്കാനുള്ള ന്യായമല്ല. ഇത് ലൂക്കാസിന്റെ ഭാഗത്തു സംഭവിച്ച വലിയ പിഴവാണെന്നും അവര്‍ പറഞ്ഞു. വിര്‍ജിനിയ ഡെമോക്രാറ്റിക് പാര്‍ട്ടിയും ജോര്‍ജ് മാസന്‍ യൂനിവേഴ്‌സിറ്റിയുമാണ് സംവാദം സ്‌പോണ്‍സര്‍ ചെയ്തിരുന്നത്.
രാഷ്ട്രീയ രംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നടുവില്‍നിന്ന് ഈ കാലത്തെ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം എന്ന അതിശയത്തിലാണ് മാധ്യമങ്ങളും സാംകാരിക സമൂഹവും ഈ സംഭവം ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ സമൂഹത്തില്‍ ഒഴിയാബാധയയായി തുടരുന്ന വംശീയവും മുസ്‌ലിം വിരോധവും ഇടക്ക് പുറത്തുചാടുന്നത് ഈ ദിശയിലുള്ള സംവാദങ്ങള്‍ വികസിപ്പിക്കാനും മാനസിക വളര്‍ച്ചയെത്തിയിട്ടില്ലാത്തവരെ തിരുത്താനും സഹായകമാകുമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അഭിപ്രായപ്പെടുന്നു.
പതിനൊന്നാമത് ജില്ലയില്‍നിന്നും വിര്‍ജിനിയ ഹൗസ് ഓഫ് ഡെലിഗേറ്റ് അംഗമായി പ്രവര്‍ത്തിക്കുന്ന സാം റസൂല്‍ വിര്‍ജിനിയ ജനറല്‍ അസംബ്ലിയിലെ ആദ്യത്തെ മുസ്‌ലിം അംഗമാണ്. ഏപ്രിലില്‍ ആരംഭിച്ച് നവംബറില്‍ അവസാനിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പിലാണ് ഡമോക്രാറ്റായ അദ്ദേഹം മത്സരിക്കുന്നത്. ജയിച്ചാല്‍ വിര്‍ജിനിയയിലെ ആദ്യത്തെ മുസ്‌ലിം ലഫ്റ്റനന്റ് ഗവണര്‍ ആകുന്ന വ്യക്തിയാകും റസൂല്‍. ഈ സാധ്യതയുടെ പരിസത്തുകൂടിയാണ് ലൂക്കാസിന്റെ ചോദ്യം ക്രൂരമാകുന്നത് ■

Share this article

About അലി അക്ബര്‍

taaliakbar@gmail.com

View all posts by അലി അക്ബര്‍ →

Leave a Reply

Your email address will not be published. Required fields are marked *