ഖുര്‍ആനിലെ ചരിത്ര വിവരണങ്ങളും ഓറിയന്റലിസ്റ്റ് സമീപനങ്ങളും

Reading Time: 5 minutes

ഇസ്‌ലാമിന്റെ പ്രഥമ പ്രമാണമായ വിശുദ്ധ ഖുര്‍ആനില്‍ പടിഞ്ഞാറിന്റെ ശ്രദ്ധ കൂടുതല്‍ പതിയുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. എഡി 1142ല്‍ റോബര്‍ട്ട് ഓഫ് കെറ്റണ്‍ (Rober of ketton) വിശുദ്ധ ഖുര്‍ആനെ ലാറ്റിനിലേക്ക് ഭാഷാന്തരം നടത്തിയത് ഒരു വിപ്ലവകരമായ തുടക്കമായി പല ഓറിയന്റലിസ്റ്റുകളും എഴുതിയിട്ടുണ്ട്. മുസ്‌ലിംകളുമായി നടന്ന നിരന്തര സംഘട്ടനങ്ങളും ബൈബിളിനെതിരെ മുസ്‌ലിംകള്‍ പ്രചരിപ്പിച്ച അനേകം ആരോപണങ്ങളും ഇസ്‌ലാമിനെയും ഖുര്‍ആനെയും വിമര്‍ശനാത്മകമായി ആഴത്തില്‍ പഠിക്കാന്‍ പടിഞ്ഞാറിന് പ്രചോദനമായിത്തീര്‍ന്നു. അങ്ങനെ, ബൈബിളിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്ക് ധൈഷണിക ബദല്‍ നിര്‍മിക്കാനും മിഷനറി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഖുര്‍ആന്‍ വിമര്‍ശന പഠനങ്ങള്‍ പടിഞ്ഞാറില്‍ സജീവമായി. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഓറിയന്റല്‍ ഖുര്‍ആന്‍ വായനകള്‍ കൂടുതല്‍ പുരോഗമിക്കുന്നത്. Gustav Weil, William Muir, Aloys Sprenger തുടങ്ങിയ ഓറിയന്റലിസ്റ്റുകളുടെ നബി ചരിത്ര പഠനങ്ങള്‍ പുറത്തിറങ്ങിയത് കൂടുതല്‍ ഗൗരവത്തോടെ ഖുര്‍ആന്‍ പഠനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് വഴിമരുന്നായി.
1860ല്‍ ജര്‍മന്‍ പണ്ഡിതനായ തിയഡോര്‍ നോള്‍ടെക് (Theodore Noldeke) എഴുതിയ ‘Geschichte de Qorans’ എന്ന ഗ്രന്ഥം ഓറിയന്റലിസ്റ്റ് ഖുര്‍ആന്‍ വായനകളില്‍ ഒരു പ്രധാന വഴിത്തിരിവായിരുന്നു. കാലഗണനാ ക്രമത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ മക്കിയ്യ്, മദനിയ്യ് എന്നിങ്ങനെ വ്യവച്ഛേദിച്ചുകൊണ്ട് (മക്കിയ്യ് തന്നെ മൂന്ന് ഉപഘടകങ്ങളായി തിരിച്ച്) ഓരോ വചനങ്ങളും നോള്‍ടെക് പഠനവിധേയമാക്കി. പുരാതന ഗ്രീക്ക് തത്വചിന്തകനായ ഡെമോക്രിറ്റസിന്റെ (Democritus) ‘Nothing has sprung from nothing’ എന്ന സിദ്ധാന്തത്തെ മുന്‍നിര്‍ത്തി ഖുര്‍ആനിനെ സ്വാധീനിച്ചേക്കാവുന്ന, തലമുറകളായി കൈമാറി വരുന്ന പൂര്‍വ സമുദായങ്ങളുടെ ചരിത്ര വിവരണങ്ങളെ പറ്റി പഠനം നടത്തുകയും ഖുര്‍ആനുമായി താരതമ്യം നടത്തുകയും ചെയ്യുന്ന പഠന രീതി അദ്ദേഹം രൂപകല്‍പന ചെയ്തു. പൂര്‍വ വേദങ്ങളില്‍ പ്രതിപാദിക്കപ്പെട്ട ചരിത്ര സംഭവങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് (സ്വ) പകര്‍ത്തി പുനരാഖ്യാനം നടത്തുകയാണെന്നു സ്ഥാപിക്കലായിരുന്നു അത്യന്തികമായി അദ്ദേഹം ലക്ഷ്യമാക്കിയത്.
തിയഡോര്‍ നോള്‍ടെകിനു ശേഷം വന്ന അനേകം ഓറിയന്റലിസ്റ്റുകള്‍, അദ്ദേഹം രൂപപ്പെടുത്തിയ വിമര്‍ശന രീതിശാസ്ത്രം പിന്തുടര്‍ന്നുകൊണ്ട് ഖുര്‍ആനിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങള്‍ പഠനവിധേയമാക്കുന്നതിനു പകരം, ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് ഖുര്‍ആനിലെ ചരിത്ര വിവരണങ്ങളെ വിമര്‍ശനാത്മകമായി സമീപിക്കുന്ന രീതി പിന്തുടര്‍ന്നു. ഇരുപതാം നൂറ്റാണ്ടിലെ രണ്ടാം പകുതി വരെ സജീവമായി നിലനിന്ന ഈ ഓറിയന്റല്‍ പഠനരീതിയിലെ വ്യത്യസ്ത സമീപനങ്ങള്‍ വിശകലനം ചെയ്യുകയാണ് ഈ കുറിപ്പ്.

ഫിനമെനോളജിക്കല്‍ സമീപനം
ഫിനമെനോളജിക്കല്‍ സമീപനത്തെ പരിചയപ്പെടുന്നതിനു മുന്നേ ആമുഖമായി ഒരു കാര്യം ഉണര്‍ത്താം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ(സ്വ) സാഹിത്യ സൃഷ്ടിയാണ് ഖുര്‍ആന്‍ എന്ന അടിത്തറയില്‍ നിന്നു കൊണ്ടാണ് ഖുര്‍ആന്‍ സംബന്ധിയായ അക്കാദമിക് സമീപനങ്ങള്‍ പടിഞ്ഞാറില്‍ രൂപപ്പെട്ടത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, പ്രവാചകരുടെ സൃഷ്ടിയാണ് ഖുര്‍ആനെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്തരം വിമര്‍ശന സമീപനങ്ങള്‍ ഓറിയന്റലിസ്റ്റുകള്‍ നടത്തിയത്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ ദൈവികമാണെന്ന ചിന്താധാരയിലുള്ളവര്‍ക്ക് അവയെ നിർമാണാത്മകമായി സമീപിക്കാന്‍ കഴിയില്ല.
വേദഗ്രന്ഥങ്ങളില്‍ കാണപ്പെടുന്ന പരസ്പര സാദൃശ്യമുള്ള (parallels) ആഖ്യാനങ്ങള്‍ ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ട് പുനര്‍വായിക്കുന്ന രീതിയാണ് ഫെനമെനോളജിക്കല്‍ അപ്രോച്. അതായത്, ചരിത്രപരമായ സാധ്യതകള്‍ മുന്‍നിര്‍ത്തി ദൈവികമെന്ന് അവകാശപ്പെടുന്ന ഒരു ഗ്രന്ഥത്തിന് പൂര്‍വ ദൈവിക ഗ്രന്ഥങ്ങളില്‍ നിന്നും അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണമാണിത്. ഖുര്‍ആനിലെ ആഖ്യാനങ്ങള്‍ ഈ രീതിയനുസരിച്ച് പഠിക്കുമ്പോള്‍ പൂര്‍വ ഇസ്‌ലാമിക് അറേബ്യന്‍ ചരിത്ര പശ്ചാത്തലങ്ങള്‍ കൃത്യമായി മനസിലാക്കേണ്ടതുണ്ട്.

അബ്രഹാം ഗീഗെര്‍
ഫെനമെനോളജിക്കല്‍ സമീപനത്തിലൂടെ ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട ആദ്യ പശ്ചാത്യ പണ്ഡിതനാണ് അബ്രഹാം ഗീഗെര്‍ (മ.1874). ജര്‍മന്‍ ജൂത പണ്ഡിതനായ ഇദ്ദേഹത്തിന്റെ ‘Mohammed aus dem Jundentume aufgenommen’ എന്ന ഗ്രന്ഥം മികച്ച ഉദാഹരണം. ഈ ഗ്രന്ഥത്തില്‍, മുഹമ്മദ് (സ്വ) തന്റെ വാദഗതികള്‍ സാധൂകരിക്കുന്നതിനായി ജൂത-ക്രൈസ്തവ വിശ്വാസ പ്രമാണങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും പലതും കടമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള ക്രൈസ്തവ സാമ്രാജ്യങ്ങളുമായി പ്രവാചക നിയോഗത്തിനു മുന്നേ തന്നെ സഞ്ചരിച്ചു വ്യാപാരം നടത്തിയിരുന്ന അറബികളിലൂടെ സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ട്, അങ്ങനെ പ്രവാചകന് അറിയാന്‍ കഴിഞ്ഞ പൂര്‍വ സമുദായങ്ങളുടെ ചരിത്ര വിവരണങ്ങള്‍ ഖുര്‍ആന്‍ വ്യാജ നിര്‍മാണം നടത്തുന്നതില്‍ പ്രവാചകനെ സ്വാധീനിച്ചു- എന്നെല്ലാം അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചു. മദീനയിലേക്കുള്ള പലായനത്തിനു ശേഷം കാലങ്ങളായി അവിടെ വസിച്ചിരുന്ന ജൂതമത വിഭാഗങ്ങളോട് പ്രവാചകന്‍ ഇടപഴകുകയും അങ്ങനെ അറിയാന്‍ കഴിഞ്ഞ ചരിത്രസംഭവങ്ങള്‍ ഖുര്‍ആനില്‍ പുനരാഖ്യാനം നടത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, HCM (Historical Critical Method) നിരൂപണ രീതിശാസ്ത്രം വഴി ഹദീസിനു നേരെ ഗോള്‍ഡ്‌സിഹറും ജോസഫ് ഷാഖ്തുമെല്ലാം അഴിച്ചുവിട്ട ആരോപണങ്ങള്‍ പോലെ തന്നെ മാരകമായിരുന്നു ഫിനമെനോളജിക്കല്‍ സമീപനത്തിലൂടെ അബ്രഹാം ഗീഗെര്‍ ഖുര്‍ആനിനു നേരെ ഉന്നയിച്ച ആരോപണങ്ങളും.
ചില ഉദാഹരണങ്ങള്‍ നോക്കാം. യൂസഫ് നബിയുടെ(അ) ചരിത്രം അധ്യായം യൂസുഫില്‍ വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നു. ഖുര്‍ആന്‍ പറഞ്ഞനുസരിച്ച്, പിതാവ് യഅ്ഖൂബ് നബി(അ)യോട് നിരന്തരം ആവശ്യപ്പെട്ടു സമ്മതം നേടിയശേഷമാണ് ചെറിയ കുട്ടിയായ യൂസഫ് (അ)നെ സഹോദരങ്ങള്‍ ഒപ്പം കൂട്ടിക്കൊണ്ടുപോകുന്നത് (ഖുര്‍ആന്‍12/12). എന്നാല്‍ ബൈബിള്‍ പറയുന്നത് പിതാവ് സ്വമേധയാ അയച്ചു എന്നാണ്. മദീനയിലെ യഹൂദരില്‍ നിന്ന് കടമെടുത്താണ് മുഹമ്മദ് (സ്വ) ഈ ചരിത്രസംഭവം പുനരാഖ്യാനം ചെയ്തതെന്ന് ഗീഗെര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
ഈ ആരോപണം അര്‍ഥശൂന്യമാണെന്ന് ഡോ. മുനീറുല്‍ ഇഖ്‌വാന്‍ (Muneerul Iqkhwan) “Western studies of Quranic narratives: from the historical orientation into the literary analysis’ എന്ന ഗവേഷണ പ്രബന്ധത്തില്‍ നിരൂപിച്ചത് ഇങ്ങനെ;
“അധ്യായം യൂസുഫ് പ്രവാചകന് (സ്വ) മക്കയില്‍ വെച്ചാണ് അവതരിക്കുന്നത്. പിന്നെയെങ്ങനെയാണ് ഈ ചരിത്രാഖ്യാനത്തില്‍ മദീനയിലെ യഹൂദ സ്വാധീനം വായിച്ചെടുക്കാന്‍ കഴിയുന്നത്?!’

വില്യം സെന്റ് ക്ലയര്‍ ടിസ്ഡല്‍
ബ്രിട്ടീഷ് ചരിത്രകാരനും ക്രൈസ്തവ പുരോഹിതനും ഇസ്ഫഹാനിലെ സജീവ മിഷനറി പ്രവര്‍ത്തകനുമെല്ലാം ആയിരുന്ന വില്യം സെന്റ് ക്ലയര്‍ ടിസ്ഡല്‍, തന്റെ മുന്നേ ഗീഗെര്‍ നടന്ന അതേ നിരൂപണ വഴിയില്‍ ഖുര്‍ആന്‍ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. തീവ്ര ക്രിസ്തീയ സ്വത്വവാദിയായ ഇദ്ദേഹം “The original source of Islam’ എന്ന ഗ്രന്ഥത്തില്‍ ഫെനമെനോളജിക്കല്‍ സമീപനത്തിലൂടെ ഖുര്‍ആനിലെ ധാരാളം ചരിത്ര കഥകള്‍ വിമര്‍ശനാത്മകമായി നിരൂപിച്ചിട്ടുണ്ട്.
ഖുര്‍ആനിലെ ഭൂരിഭാഗം കഥകളും ക്രിസ്തീയ സംസ്‌കാരത്തില്‍ നിന്ന് കടമെടുത്തതാണ് എന്നാണ് ടിസ്ഡല്‍ പ്രധാനമായും പറഞ്ഞുവെക്കുന്നത്. നജ്‌റാനിലെ ബനൂ നജ്‌റാന്‍, യമാമയിലെ ബനൂ ഹനീഫ, തൈമയിലെ ബനൂ തൈമ- തുടങ്ങിയ ക്രിസ്തീയ ഗോത്ര വിഭാഗങ്ങളുടെ സ്വാധീനത്തെയാണ് അദ്ദേഹം ആരോപിക്കുന്നത്. ദൈവനിയോഗത്തിനു മുന്നേ സിറിയയിലേക്ക് നടത്തിയ കച്ചവട യാത്രകളും ക്രൈസ്തവരുമായി കൂടുതല്‍ ഇടപഴകാന്‍ പ്രവാചകന് വഴിയൊരുക്കിയെന്ന് അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
എന്നാല്‍ നബി ചരിത്രം പഠനവിധേയമാക്കുമ്പോള്‍ പ്രവാചകന്‍ (സ്വ) ജൂത വിഭാഗങ്ങളോട് നടത്തിയ വ്യവഹാരങ്ങളെക്കാള്‍ പരിമിതമാണ് ക്രൈസ്തവരോടു നടത്തിയിരുന്നതെന്ന് സുവ്യക്തമാണ്. പലായനത്തിനു ശേഷം ധാരാളം യഹൂദരുണ്ടായിരുന്ന മദീനയില്‍ പത്തു വര്‍ഷക്കാലം പ്രവാചകന്‍ ജീവിച്ചിരുന്നുവല്ലോ. ഖുര്‍ആന്‍ വ്യാജ നിര്‍മിതിയാണെങ്കില്‍ ജൂത സ്വാധീനമായിരുന്നു ഖുര്‍ആനില്‍ കൂടുതല്‍ ഉണ്ടാവേണ്ടിയിരുന്നത്!
ഖുര്‍ആനിലെ അധ്യായം മറിയമില്‍ പ്രതിപാദിച്ച മറിയം ബീവി(റ) യുടെ ചരിത്രം പ്രവാചകര്‍(റ) ക്രൈസ്തവരില്‍ നിന്നും കടമെടുത്തതാണെന്ന് ടിസ്ഡല്‍ സമര്‍ഥിക്കുന്നത് തികച്ചും നിരാശാവഹമാണ്. ഈജിപ്തില്‍നിന്നും പ്രവാചകന് സമ്മാനമായി ലഭിച്ച അടിമസ്ത്രീ ആയിരുന്നുവല്ലോ മാരിയതുല്‍ ഖിബ്തിയ്യ (Mary of Copt), ഇവരില്‍ നിന്നാണ് പ്രവാചകന്‍ മര്‍യം ബീവിയുടെ ചരിത്രം പഠിച്ചതും ഖുര്‍ആനില്‍ എഴുതി ചേര്‍ത്തതുമെന്നാണ് ടിസ്ഡല്‍ ആരോപിച്ചത്.
എന്നാല്‍ നബി ചരിത്രം പഠനവിധേയമാക്കുമ്പോള്‍ ഈ ആരോപണം തികച്ചും മൗഢ്യമാണെന്നത് വ്യക്തം. മര്‍യം ബീവിയുടെ ചരിത്രം ഖുര്‍ആനില്‍ അവതരിച്ചത് മക്കയില്‍ വെച്ചാണ്. പിന്നീട് ഏറെക്കാലം കഴിഞ്ഞു പലായനത്തിനു ശേഷമാണ് മാരിയത്തുല്‍ ഖിബ്തിയ്യ പ്രവാചകരുമായി (സ്വ) ചേരുന്നത്.
ഖുര്‍ആനിലെ അസ്ഹാബുല്‍ കഹ്ഫിന്റെ ചരിത്രവും ഇത്തരത്തില്‍ അദ്ദേഹം വളച്ചൊടിക്കുന്നുണ്ട്. ഖുര്‍ആനില്‍ പ്രസ്തുത ചരിത്രം പ്രതിപാദിക്കപ്പെട്ട സാഹചര്യത്തില്‍ നിന്നും അടര്‍ത്തിമാറ്റി ക്രൈസ്തവതയുടെ ത്വരിത ഗതിയിലുള്ള വ്യാപനം അടയാളപ്പെടുത്തുന്ന ചരിത്രസംഭവമായാണ് പ്രസ്തുത ചരിത്രത്തെ അദ്ദേഹം വിലയിരുത്തിയത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാന കാലം മുതല്‍, പരമ്പരാഗതമായി തുടര്‍ന്നുപോന്നിരുന്നു ഓറിയന്റലിസ്റ്റ് ഖുര്‍ആന്‍ വായനകളില്‍ വലിയ മാറ്റങ്ങള്‍ പ്രകടമായി. ഖുര്‍ആനിലെ പ്രതിപാദ്യ വിഷയങ്ങളിലേക്ക് ആഴത്തില്‍ പ്രവേശിക്കാതെ ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്നുകൊണ്ടുള്ള നിരൂപണങ്ങള്‍ ആയിരുന്നു ആദ്യകാല ഓറിയന്റലിസ്റ്റുകള്‍ പ്രധാനമായും നടത്തിയിരുന്നത്. എന്നാല്‍ ഖുര്‍ആന്‍ പഠനങ്ങള്‍ക്ക് പടിഞ്ഞാറില്‍ വര്‍ധിച്ചുവന്ന സ്വീകാര്യതയും പുരോഗതിയും കൂടുതല്‍ വിഷയ ബന്ധിതമായും സാഹിത്യപരമായും ഖുര്‍ആനിനെ സമീപിക്കുന്ന പുതിയ ഗവേഷണങ്ങള്‍ക്ക് വഴിതെളിച്ചു. ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങള്‍ സംബന്ധിയായ നിരൂപണങ്ങളിലും ഈയൊരു മാറ്റം പ്രകടമായിരുന്നു.

തോഷികോ ഇഷുത്സുവും സെമാന്റിക്കല്‍ സമീപനവും
ഖുര്‍ആനിലെ പദാവലികളുടെ അര്‍ഥസാധ്യതകളെക്കുറിച്ചുള്ള അന്വേഷണം ഒരു നിരൂപണ രീതിശാസ്ത്രമായി രൂപപ്പെടുത്തിയത് ജപ്പാനിയന്‍ പണ്ഡിതനായ തോഷികോ ഇഷുത്സു (1914-1993) ആണ്. അദ്ദേഹം തന്നെ നിര്‍വചിക്കുന്നു; “ഒരു ഭാഷ സംസാരിക്കുന്ന സമൂഹത്തിന്റെ പൊതുവായ ലോക വീക്ഷണമനുസരിച്ച് പദങ്ങളുടെ യഥാര്‍ഥ അര്‍ഥ തലങ്ങളിലേക്കെത്താനുള്ള വിശകലന പഠനമാണ് സെമാന്റിക്കല്‍ അപ്രോച്.’
ഖുര്‍ആനിലേക്ക് വരുമ്പോള്‍, പതിനാല് നൂറ്റാണ്ടുകള്‍ക്കു മുന്നേ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ അറബി പദങ്ങള്‍ക്കുള്ള യഥാര്‍ഥ അര്‍ഥതലങ്ങളെക്കുറിച്ച് കൃത്യമായി പഠനം നടത്തിയാല്‍ മാത്രമേ ഖുര്‍ആനിനെ യഥാര്‍ഥ രൂപത്തില്‍ മനസിലാക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം നിരീക്ഷിച്ചു. അങ്ങനെ, ഖുര്‍ആന്‍ അവതരിച്ച കാലത്ത് മൂന്നു രൂപത്തിലുള്ള അറബി പദാവലികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. ഒന്ന്: അറബി നാടോടികളുടെ പദാവലികള്‍. രണ്ട്: അറബ് വാണിജ്യ വര്‍ഗത്തിന്റെ പദാവലികള്‍. (പ്രത്യേകിച്ചും മക്ക കേന്ദ്രീകരിച്ചുള്ളവ) മൂന്ന്: അറേബ്യയിലെ ജൂത ക്രൈസ്തവ വിഭാഗങ്ങളുടെ പദാവലികള്‍. തോഷികോ ഇഷുത്സു പറയുന്നത്, ഖുര്‍ആനില്‍ ഇവയുടെയെല്ലാം സമ്മിശ്ര പദാവലിയാണ് കാണാന്‍ കഴിയുക എന്നാണ്. അങ്ങനെ, പൂര്‍വ ഇസ്‌ലാമിക് – ഇസ്‌ലാമാനന്തര കാലഘട്ടങ്ങളിലെ അറബിപദാവലികള്‍ മുന്‍നിര്‍ത്തി ഖുര്‍ആനിനെ പഠനവിധേയമാക്കാനുള്ള ശ്രമം നടത്തുകയാണ് തോഷികോ ഇഷുത്സു. ഉദാഹരണത്തിന് അല്ലാഹു എന്ന പദം ബഹു ദൈവങ്ങള്‍ക്കിടയിലെ സമുന്നതനായവന്‍ എന്ന അര്‍ഥത്തിനാണ് പൂര്‍വ ഇസ്‌ലാമിക് കാലത്ത് പ്രയോഗിക്കപ്പെട്ടിരുന്നത്. ഇസ്‌ലാമിന്റെ വ്യാപനത്തോടെ ഏകനായ അത്യുത്കൃഷ്ടനായ ദൈവം എന്ന പുതിയ അര്‍ഥത്തിന് അല്ലാഹു എന്ന പദം ഉപയോഗിക്കപ്പെട്ടു.
ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങളിലേക്കു വരുമ്പോള്‍, അവ വിവരിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച പദങ്ങള്‍ക്ക് ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് പുതിയ അര്‍ഥസാധ്യതകള്‍ കണ്ടെത്തുകയും, ശേഷം അവയെ പൂര്‍വ വേദങ്ങളിലെ സമാനമായ ചരിത്രാഖ്യാനങ്ങളോടു തുലനപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് തോഷികോ സ്വീകരിച്ചത്. ഖുര്‍ആന്‍ അവതരിച്ചത് പ്രഥമമായി അറബ് സമൂഹത്തിലേക്കായതു കൊണ്ട്, അന്നത്തെ അവരുടെ പ്രപഞ്ച സങ്കല്‍പങ്ങളും പ്രവാചകന്‍ (സ്വ) അവതരിപ്പിച്ച അല്ലാഹുവിന്റെ ഏകത്വം, പരലോകം, പുനര്‍ജന്മം- തുടങ്ങിയ ജ്ഞാനസമസ്യകളും ചേര്‍ത്തു വെച്ചുകൊണ്ടു വേണം ഖുര്‍ആനിലെ ചരിത്രാഖ്യാനങ്ങള്‍ പഠനവിധേയമാക്കേണ്ടതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

നീല്‍ റോബിന്‍സണും ഐഡിയ ഓഫ് അഫിനിറ്റിയും
ഖുര്‍ആനിലെ ചരിത്ര വിവരണങ്ങള്‍ നിരൂപിക്കുന്നതില്‍ നീല്‍ റോബിന്‍സണ്‍ രൂപപ്പെടുത്തിയ സമീപന രീതിയാണ് Idea of affinity. ഖുര്‍ആനിലെ ചരിത്ര വിവരണങ്ങള്‍ക്കും യഥാര്‍ത്ഥ വസ്തുതകള്‍ക്കും ഇടയിലെ സാമ്യതാ സങ്കല്‍പമാണിത്. ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം.
മൂസ നബി (അ) അല്ലാഹു അയച്ച ഒരു പ്രവാചകനെന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. അപ്പോള്‍ ധാരാളം വിശേഷണങ്ങളില്‍ മുഹമ്മദ് നബിയും മൂസാ നബിയും (അ) സാദൃശ്യപ്പെടുന്നു; രണ്ടുപേരും നബിമാരാണ്, പ്രബോധന ദൗത്യം കൽപിക്കപ്പെട്ട ദൈവദൂതരാണ് (റസൂല്‍), ഏകദൈവമായ അല്ലാഹുവിന്റെ അടിമകളാണ്, മുഹമ്മദ് നബിക്ക് (സ്വ) ഖുര്‍ആന്‍ അവതരിച്ചതു പോലെ മൂസാ നബിക്ക് (അ) തൗറാത്ത് അവതരിച്ചു, ഇരു ഗ്രന്ഥങ്ങളിലും പൂര്‍വ സമുദായങ്ങളുടെ ചരിത്രമുണ്ട്, ഏകദൈവ വിശ്വാസത്തിനുള്ള ആഹ്വാനങ്ങളുണ്ട്. ഇത്തരത്തിലുള്ള സാദൃശ്യങ്ങള്‍ കണ്ടെത്തിയശേഷം, തന്റെ പുതിയ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ഉതകുംവിധം മുസാ നബിയുടെ (അ) ചരിത്രം ഖുര്‍ആനില്‍ മുഹമ്മദ് നബി(അ) എഴുതി ചേര്‍ത്തതാണ് എന്ന് സ്ഥാപിക്കാനാണ് നീല്‍ റോബിന്‍സണ്‍ ശ്രമിക്കുന്നത്.
ഖുര്‍ആനിലെ മറിയം ബീവിയുടെ (റ) ചരിത്രവും ഇത്തരത്തില്‍ അദ്ദേഹം നിരൂപിച്ചിട്ടുണ്ട്. നബി പത്‌നിയായ ആയിശ (റ) യുടെ ജീവിതത്തിലും മറിയം ബീവിയുടെ ജീവിതത്തിലും പൊതുവായി കാണാന്‍ കഴിയുന്ന സാമ്യതകള്‍ റോബിന്‍സണ്‍ കണ്ടെത്തുന്നു; രണ്ടുപേരും ലൈംഗികാരോപണം (sexual immorality accusation) നേരിട്ടു, സുന്ദരനായ യുവാവിനെ കണ്ടുമുട്ടി (മറിയം ബീവി മനുഷ്യരൂപത്തിലുള്ള ജിബ് രീലിനെ, ആയിശ ബീവി സഫ് വാന്‍(റ) വിനെ), രണ്ടുപേരെയും ദൈവിക വചനങ്ങള്‍ പരിശുദ്ധരാക്കി, ആരോപണം അഴിച്ചുവിട്ടവരെ അല്ലാഹു ആക്ഷേപിച്ചു. ശേഷം അദ്ദേഹം സ്ഥാപിക്കുന്നത്, ആയിശ (റ)യുടെ പരിശുദ്ധത സാധൂകരിക്കാന്‍ വേണ്ടി മറിയം ബീവിയുടെ ചരിത്രം മുഹമ്മദ് നബി (സ്വ) ഖുര്‍ആനില്‍ വളച്ചൊടിച്ചുകൊണ്ട് എഴുതി ചേര്‍ത്തതാണെന്നാണ്.
എന്നാല്‍, മറിയം ബീവിയുടെ ചരിത്രം പറയുന്ന ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചത് മക്കയിലാണ്. വര്‍ഷങ്ങള്‍ക്കുശേഷം മദീനാ കാലത്താണ് ആയിശ ബീവിക്കെതിരെ ആരോപണം ഉന്നയിക്കപ്പെട്ടത്. ബീവിയെ പരിശുദ്ധയാക്കികൊണ്ട് അവതരിച്ച അധ്യായം നൂറിലെ വചനങ്ങള്‍ മദീന കാലത്താണ് അവതരിച്ചത്. ഖുര്‍ആനിനോടുള്ള അന്ധമായ വിരോധം മൂലമാണ് ഇത്തരം അബദ്ധങ്ങളിലേക്ക് റോബിന്‍സണ്‍ ചെന്നു വീണതെന്നത് സുതരാം വ്യക്തം.

മൈക് ബാലും കള്‍ചറല്‍ മെമ്മറി സിദ്ധാന്തവും
ഖുര്‍ആനിലെ ചരിത്ര വിവരണങ്ങള്‍ വ്യത്യസ്തമായി നിരൂപിച്ച മറ്റൊരു ഓറിയന്റലിസ്റ്റാണ് മൈക് ബാല്‍. ഡച്ച് നിരൂപകയായ ഇദ്ദേഹം “Loving Yusuf: conceptual travels from present to the past’ പോലോത്ത ഗ്രന്ഥങ്ങളിലൂടെ ബൈബിളിലും ഖുര്‍ആനിലും പൊതുവായി പ്രതിപാദിക്കപ്പെട്ട ചരിത്രസംഭവങ്ങള്‍ ചേര്‍ത്തുവെച്ച് അവക്കിടയിലുള്ള ആഖ്യാന വൈരുധ്യങ്ങള്‍ കണ്ടെത്തുകയും ഖുര്‍ആന്‍ മുഹമ്മദ് നബി (സ്വ) വ്യാജമായി എഴുതി ഉണ്ടാക്കിയതാണെന്നുമാണ് സ്ഥാപിക്കാന്‍ ശ്രമിച്ചത്.
Cultural memory എന്ന തത്വമാണ് മൈക് ബാലിനെ വേറിട്ടുനിര്‍ത്തുന്നത്. അഥവാ, കാലം കഴിയുംതോറും സാംസ്‌കാരിക-നാഗരിക പുരോഗതികള്‍ ഉണ്ടാകുന്നതുപോലെ തലമുറകളിലൂടെ കൈമാറി പോരുന്ന ചരിത്ര വിവരണങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. അതുകൊണ്ടുതന്നെയാണ് പൂര്‍വ സമുദായങ്ങളുടെ പല ചരിത്രങ്ങളും ബൈബിളില്‍ നിന്നും വ്യത്യസ്തമായി ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നത്. യൂസുഫ് നബിയുടെ ചരിത്രം മുന്‍നിര്‍ത്തിയാണ് അദ്ദേഹം പ്രധാനമായും ഈ വാദത്തെ സാധൂകരിക്കാന്‍ ശ്രമിച്ചത് ■

അധികവായനക്ക്:
• Western studies of Quranic narratives: from the historical orientation into the literary analysis by Dr. Muneerul Iqkhwan
• Judaism and Islam by Abraham Geiger
• The original source of the Qur’an by William St. Claire Tisdall
• “The Quran: style and contents’ by Andrew Rippin
• https://wp.me/p8PvB0-4K

Share this article

Leave a Reply

Your email address will not be published. Required fields are marked *