പ്രവാസികളില്‍ സൗഹൃദമുണ്ട്, അറബികള്‍ കരുതലുള്ള മനുഷ്യര്‍

Reading Time: 3 minutes

• 21 വര്‍ഷം മുമ്പ് 1999 ജൂലൈയില്‍ സഊദി അറേബ്യയിലെ ജിദ്ദയില്‍ ചെന്നിറങ്ങിയപ്പോള്‍ ഒരുമാസം കഴിയാന്‍ പറ്റില്ലെന്നു തോന്നിയ സ്ഥലമാണ്. പത്തും ഇരുപത്തിയഞ്ചും വര്‍ഷം പ്രവാസ ലോകത്ത് കഴിഞ്ഞു തിരിച്ചു പോകുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ പത്രം ഓഫീസിലെത്തുമ്പോഴൊക്കെ അദ്ഭുതപ്പെടാറുണ്ടായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ മലയാളംന്യൂസ് പത്രം സഊദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരണമാരംഭിച്ച വേളയില്‍ മലയാളം ടെലിവിഷന്‍ ചാനലെന്ന് പറയാന്‍ ഏഷ്യാനെറ്റ് മാത്രം. നാട്ടില്‍ നിന്നെത്തുന്ന ഏതാനും മലയാള പത്രങ്ങളും. സോഷ്യല്‍ മീഡിയയൊന്നുമില്ല. ഇ-മെയിലും ഇന്റര്‍നെറ്റ് പോലും പരിമിതം. അറബി ടെലിവിഷന്‍ ചാനലുകളില്‍ വരുന്ന തമാശ പരിപാടികളും ഈജിപ്ഷ്യന്‍ സിനിമകള്‍പോലും മലയാളി ബാച്ച്‌ലര്‍ റൂമുകളിലെ ഇഷ്ട വിഭവങ്ങളായിരുന്നു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഏറ്റവും വലിയ നഷ്ടം മലയാളി കൂട്ടായ്മകളില്‍നിന്ന് അകന്നുവെന്നത് തന്നെ. വിവിധ പാര്‍ട്ടികളുടേയും സാമുദായിക സംഘടനകളുടേയും പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ധാരാളം സംഘടനകള്‍ പ്രവാസ ലോകത്തുണ്ട്. ഇവയെല്ലാം വളരെ സൗഹൃദത്തോടെയാണ് വര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റും ലീഗും കോണ്‍ഗ്രസും വേദികള്‍ പങ്കിടുന്നു. സമൂഹ നന്മയ്ക്കായി കൈകോര്‍ക്കുന്നു. അത്യാവശ്യക്കാരനെ കണ്ടെത്തി സഹായിക്കുക ജീവിത വ്രതമായി കാണുന്ന ധാരാളം സാമൂഹിക പ്രവര്‍ത്തകരെ സഊദിയില്‍ കണ്ടുമുട്ടി. ഗള്‍ഫ് മലയാളികള്‍ ഓരോ നിമിഷവും ജീവിക്കുന്നത് കേരളത്തിലാണ്. വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്റര്‍നെറ്റ് കോളുകളും അത്രയ്ക്ക് പ്രവാസികളേയും നാടിനേയും അടുപ്പിച്ചിരിക്കുന്നു.
സഊദി അറേബ്യ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഏറ്റവും മികച്ച സവിശേഷത അവിടങ്ങളിലെ പൗരന്മാരെപ്പോലെ വിദേശികളെയും പരിഗണിക്കുന്നുവെന്നതാണ്. കൊറോണ പടര്‍ന്നു പിടിച്ചപ്പോള്‍ പ്രവാസികളുടെ കാര്യത്തില്‍ മികച്ച കരുതലാണ് ഭരണാധികാരികള്‍ പ്രകടിപ്പിച്ചത്. സഊദിയിലെ ഏറ്റവുംവലിയ വിദേശസമൂഹം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരാനാണെന്നത് പലേടത്തും പരിഗണന ലഭിക്കാന്‍ കാരണമാവുന്നു. എല്ലാ മലയാളി പ്രവാസി കുടുംബങ്ങളും വിസിറ്റ് വിസയെടുത്തെങ്കിലും കുടുംബത്തെ കുറച്ചു കാലം ഗള്‍ഫില്‍ താമസിപ്പിക്കണം. അവരും അനുഭവിക്കട്ടെ ഗള്‍ഫ് ജീവിതം.

• കേരളമെന്നത് ഒരു മണിഓര്‍ഡര്‍ ഇക്കോണമിയാണെന്ന് പറയാറുണ്ട്. മനുഷ്യവിഭവമാണ് നമ്മുടെ പ്രധാന കയറ്റുമതി. ഇതിലൂടെ നേടുന്ന കോടിക്കണക്കിന് ഡോളറാണ് കേരള സമ്പദ്ഘടനയക്ക് കരുത്ത് പകരുന്നത്. ഇത്രയേറെ വിദേശ പണം പ്രവഹിക്കുന്ന ഒരു സംസ്ഥാനം ഇന്ത്യയില്‍ വേറെ കാണില്ല. കേരളത്തിലെ ചില എന്‍ആര്‍ഐ പോക്കറ്റുകളിലാണ് ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപം രാജ്യത്തുതന്നെ ഉയര്‍ന്നു നില്‍ക്കുന്നത്. പ്രവാസി നിക്ഷേപം ലോക്കല്‍ ഇക്കോണമിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ബഹ്‌റൈനിലെ പ്രവാസിയായ തോമസ് കുട്ടി പത്തനംതിട്ടയില്‍ പുതിയ വീട് പണിയുന്നുവെന്നരിക്കട്ടെ. എസിറ്റിമേറ്റ് ഒരുകോടി രൂപയാണെന്ന് സങ്കല്‍പിക്കുക. എന്‍ജിനിയര്‍മാര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, ആശാരിമാര്‍, പ്ലംബര്‍മാര്‍, പെയിന്റര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ക്ക് ഈ പ്രോജക്റ്റ് തൊഴിലവസരം സൃഷ്ടിക്കുന്നു. നിര്‍മാണ സാമഗ്രികള്‍ പര്‍ച്ചേസ് ചെയ്യുന്നത് പ്രാദേശിക സമ്പദ്ഘടനക്കും ഊര്‍ജം പകരുന്നു. ലക്ഷക്കണക്കിന് പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്‌നം സ്വന്തമായി വീട് പണിയുകയെന്നതാണ്. പ്രതിവര്‍ഷം ഗള്‍ഫ് മലയാളികള്‍ നാട്ടിലേക്ക് പമ്പ് ചെയ്യുന്ന പണം വേണ്ടവിധത്തില്‍ വിനിയോഗിക്കുന്ന കാര്യത്തില്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം പരാജയപ്പെടുകയാണ്. കേരളം ഒരു സ്വിറ്റ്‌സര്‍ലന്റായി മാറാന്‍ ആവശ്യമായ അത്രയും വിദേശ കറന്‍സിയാണ് പതിറ്റാണ്ടുകളായി ഇവിടേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഗള്‍ഫ് പ്രവാസികളുള്ള മലപ്പുറം ജില്ലയുടെ കാര്യം തന്നെയെടുക്കാം. എടുത്തു പറയാവുന്ന ഏതെങ്കിലും ഒരു വ്യവസായം ജില്ലയിലുണ്ടോ? കോണ്‍ക്രീറ്റ് കാടുകള്‍ നിറഞ്ഞ പുതിയ കുറേ നഗരങ്ങളും പ്രവാസി മലയാളിയുടെ സൃഷ്ടിയാണെന്ന് പറയാം.

• മലയാളികള്‍ പൊതുവേ അലസരാണെന്നും വാളയാര്‍ ചുരം കഴിഞ്ഞാലേ അവര്‍ അധ്വാനിക്കുകയുള്ളുവെന്നും പറയാറുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ സ്ഥാപനങ്ങളിലെ പ്രമുഖ സ്ഥാനങ്ങളില്‍ മലയാളി സമൂഹം എത്തിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം അവരുടെ കഠിനാധ്വാനം മാത്രമാണ്. ആദ്യകാല പ്രവാസികള്‍ ജീവിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. അവരില്‍ താരതമ്യേന വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവര്‍ക്ക് ചെറിയ ജോലികളാണ് ലഭിച്ചത്. ഗള്‍ഫില്‍ സൗകര്യങ്ങളോടെ ജീവിക്കുന്നവരില്‍ പലരും വിദ്യാസമ്പന്നരാണെന്ന തിരിച്ചറിവ് ഈ വിഭാഗത്തെ ഏറെ സ്വാധീനിച്ചു. തങ്ങള്‍ക്ക് അനുവഭിക്കാന്‍ കഴിയാതെ പോയ ജീവിത സൗഭാഗ്യങ്ങള്‍ അടുത്ത തലമുറകള്‍ക്ക് ലഭിക്കട്ടെയെന്ന ധാരണയോടെ മക്കളുടെ വിദ്യാഭ്യാസത്തിന് മികച്ച പരിഗണന നല്‍കി. അരിഷ്ടിച്ച് ജീവിച്ചും നാട്ടിലേക്കുള്ള അവധിക്കാല യാത്ര രണ്ടുംമൂന്നും വര്‍ഷത്തിലൊരിക്കലാക്കിയും സ്വരൂപിച്ച പണം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ വിനിയോഗിച്ചു. അതിന്റെ ഗുണഭോക്താക്കളാണ് ഗള്‍ഫിലെ രണ്ടുംമൂന്നും തലമുറ പ്രവാസികള്‍. മലബാര്‍ പ്രദേശത്ത് കൂടുതല്‍ പ്രൊഫഷനല്‍ കോളജുകള്‍ വന്നത് കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലാണ്. പ്രവാസികളുടെ മക്കള്‍ പേയ്‌മെന്റ് സീറ്റുകളില്‍ വരെ പഠിക്കാനെത്തി. ഇന്ത്യയിലെ ഏത് പ്രമുഖ ഐഐടികളിലും ഐഐഎമ്മുകളിലും എയിംസുകളിലും പഠിക്കാനെത്തുന്ന മലബാര്‍ പ്രദേശത്തുനിന്നുള്ള മുസ്‌ലിം വിദ്യാര്‍ഥികളെ ഇപ്പോള്‍ കാണാനാവും. ഗള്‍ഫ് പ്രവാസമുണ്ടാക്കിയ ഏറ്റവും വലിയ സാമൂഹ്യമാറ്റം വിദ്യാഭ്യാസ രംഗത്താണ്. വിദ്യാഭ്യാസം നേടിയാലേ അഭിവൃദ്ധിപ്പെടാനാവൂ എന്നത് വലിയ തിരിച്ചറിവ് തന്നെയാണ്. സാമ്പത്തിക അഭിവൃദ്ധിക്കൊപ്പം വിരുന്നെത്തിയ ധൂര്‍ത്തും അനാചാരങ്ങളും സമൂഹത്തിന് ശാപമാണ്. ഇതിനെതിരെ വ്യാപകമായ ബോധവല്‍ക്കരണം നടക്കുന്നുണ്ടെന്നത് ആശ്വാസമാണ്.

• ഗള്‍ഫ് മലയാളികള്‍ക്ക് മറ്റു പല കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടുന്നതിനിടെയാണ് കോവിഡും വന്നത്. സ്വദേശിവത്കരണം, നിതാഖാത് പോലുള്ള നിയമങ്ങള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. പ്രവാസികളുടെ വരുമാനമില്ലാതാകുമ്പോള്‍ ചെലവുകള്‍ക്ക് കര്‍ശന നിയന്ത്രണം വരും. ഇത് സമ്പദ്ഘടനയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ തിരിച്ചു വന്ന പ്രവാസികളുടെ തൊഴില്‍ വൈദഗ്ധ്യത്തെ ചെറുതായി കാണേണ്ടതില്ല. ഏഴാംക്ലാസും എട്ടാംക്ലാസും കഴിഞ്ഞ് പതിനാറാം വയസില്‍ നല്ല മീശയും വരച്ച് പാസ്‌പോര്‍ട്ടും ഒപ്പിച്ച് ഗള്‍ഫില്‍ പോയി മൂന്നും നാലും പതിറ്റാണ്ട് ചെലവഴിച്ച് തിരിച്ചെത്തിയ സാധാരണ പ്രവാസി പോലും ഇതിനിടക്ക് പല ജോലികളിലും വൈദഗ്ധ്യം നേടിയിട്ടുണ്ടാവും. ഇത് അവര്‍ക്കും നാട്ടിനും പ്രോയജനപ്പെടുത്താവുന്നതേയുള്ളു. സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും പടിപടിയായി ഉയര്‍ന്നു വന്ന അവിദഗ്ധ തൊഴിലാളികളായ പ്രവാസികള്‍ കംപ്യൂട്ടര്‍ സാക്ഷരതയുടെ കാര്യത്തില്‍ എന്‍ജിനിയര്‍മാരോട് കിടപിടിക്കാന്‍ പോന്ന അറിവുള്ളവരാണ്. അതുപോലെ അക്കൗണ്ടിങില്‍ പ്രാഗത്ഭ്യം തെളിയിച്ചവരും ഓട്ടോമൊബൈല്‍ എക്‌സ്പര്‍ട്ടുകളും ഈ കൂട്ടത്തിലുണ്ട്.
സ്‌പോക്കണ്‍ അറബിക്കിന്റെ കാര്യം തന്നെയെടുക്കാം. രണ്ട് കൂട്ടരാണ് വളരെ പെട്ടെന്ന് അറബി സംസാരിക്കാന്‍ പഠിക്കുന്നത്. മധ്യ തിരുവിതാംകൂറില്‍ നിന്നെത്തിയ മലയാളി നഴ്‌സുമാരും സാധാരണ തൊഴിലെടുക്കുന്ന പ്രവാസികളും. കേരളത്തിന്റെ ടൂറിസം മേഖല ഭരണാധികാരികള്‍ കണക്കുകൂട്ടുന്നത് പോലെ കുതിച്ചുയരുമ്പോള്‍ അറബി സംസാരിക്കാന്‍ കഴിവുള്ള മുന്‍ പ്രവാസികളെ ഗൈഡായി ഉപയോഗപ്പെടുത്താന്‍ കഴിയും. പ്രവാസികളുടെ മടക്കമെന്നത് ഒരു താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് തോന്നുന്നത്. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കും. പണ്ട് മലബാറിലെ പ്രവാസികള്‍ ചെന്നിരുന്നത് സിലോണ്‍, ബര്‍മ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കാണല്ലോ. ഗള്‍ഫ് കുടിയേറ്റത്തിന് അര നൂറ്റാണ്ടായപ്പോള്‍ മലയാളി ചെന്നെത്താത്ത ഇടം ലോകത്ത് ഇല്ലെന്നായിരിക്കുന്നു. കാനഡ പോലെ വിസ്തൃതമായ രാജ്യങ്ങള്‍ പ്രവാസികള്‍ക്കായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. അമേരിക്കയും യൂറോപ്പും അവസരങ്ങളുടെ അക്ഷയ ഖനിയാണ്. ഗള്‍ഫ് കഴിഞ്ഞു, ഇനി എല്ലാം തീര്‍ന്നുവെന്ന വിലാപങ്ങള്‍ക്ക് പ്രസക്തിയില്ല. പുത്തന്‍ സാധ്യതകള്‍ക്കായി നമ്മള്‍ മാറുകയാണ് വേണ്ടത്.

• വര്‍ഷങ്ങളോളം നാട്ടിലില്ലാത്ത ആളോടുള്ള സമീപനം എന്നും കാണുന്നവരോടുള്ളത് പോലെ ആയിരിക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിന് സവിശേഷതകള്‍ വേറെയുമുണ്ട്. നീണ്ട ലോക്ക്ഡൗണുകള്‍ക്കിടയില്‍ ആളുകള്‍ പരസ്പരം കണ്ടുമുട്ടുന്നത് തന്നെ അപൂര്‍വമാണ്. സാധാരണ അവധിക്കെത്തിയ പ്രവാസിയോട് എല്ലാവരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. എപ്പഴാണ് തിരിച്ചു പോക്ക്, ലീവ് കുറേയുണ്ടോ? ഈ വക ചോദ്യങ്ങളൊന്നും കേള്‍ക്കാനേയില്ല. തിരിച്ചെത്തിയ പല പ്രവാസികളും കാണിക്കുന്ന അബദ്ധം ധൃതി പിടിച്ച് സമ്പാദ്യമത്രയും നിക്ഷേപിക്കുക എന്നതാണ്. സംരംഭങ്ങള്‍ തകരുന്നതും പ്രവാസി കബളിപ്പിക്കപ്പെടുന്നതും പതിവാണ്. അനിശ്ചിതത്വത്തിന്റെ ഈ കാലം നിക്ഷേപിക്കാന്‍ അത്ര നല്ല സീസണല്ലെന്ന് ആദ്യം മനസിലാക്കണം. കുറച്ചു കാത്തിരുന്ന് കാര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ ജീവിത കാലത്തെ സമ്പാദ്യങ്ങള്‍ നേട്ടമുണ്ടാക്കുന്ന സാധ്യത തിരിച്ചറിഞ്ഞ് നിക്ഷേപിക്കാമല്ലോ. പ്രവാസികള്‍ ചെറുകിട വാണിജ്യ സംരംഭങ്ങള്‍ തുടങ്ങി പെട്ടെന്ന് തിരശ്ശീല വീഴുന്നതും പതിവാണ്. അതേ സ്‌പോട്ടില്‍ മറ്റൊരു പ്രവാസി ഏതാനും നാളുകള്‍ക്കകം സമാന സംരംഭം തുടങ്ങുമ്പോഴും ഉദ്ഘാടകനും ക്ഷണിതാക്കള്‍ക്കും മാറ്റമില്ല. ഓരോ പ്രദേശത്തിന്റേയും സാധ്യത നോക്കി നല്ല ഗൃഹപാഠം നടത്തി വേണം പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍.

• ഗള്‍ഫുകാരെക്കുറിച്ച്, പണം കായ്ക്കുന്ന നാട്ടില്‍ നിന്നെത്തുന്ന ആള്‍ എന്ന കാഴ്ചപ്പാടിന് കാര്യമായ മാറ്റമില്ല. സ്‌കൂള്‍ പ്രവേശനം മുതല്‍ ആശുപത്രികളിലെ ചികിത്സകളില്‍ വരെ ഇത് പ്രകടമാണ്. പ്രവാസി എന്തു തുടങ്ങുമ്പോഴും ഇത്തരമൊരു മനോഭാവം ആളുകളില്‍ നിന്ന് പ്രതീക്ഷിക്കാം. കുറച്ചുകാലം ഗള്‍ഫില്‍ കഴിഞ്ഞ് പണമുണ്ടാക്കിയ പ്രവാസി ഒരു ഷോപ്പ് തുടങ്ങുമ്പോള്‍ അവന്റെ മനസിലുള്ളത് ഗള്‍ഫിലെ സാഹചര്യമാണ്. ഇതേ മനോഭാവവുമായി കേരളത്തില്‍ കട തുടങ്ങിയാല്‍ എപ്പോള്‍ പൂട്ടിയെന്ന് ചോദിച്ചാല്‍ മതിയാവും. ഉദ്യോഗസ്ഥരുടെ ഭയപ്പെടുത്തലൊന്നും ഗള്‍ഫ് പ്രവാസിയ്ക്ക് ശീലമില്ലാത്തതല്ലേ? നാട്ടില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും പ്രവാസി അനുഭവിച്ച കരുതലിന്റെ കുറവ് നാട്ടിലുണ്ടെന്നതാണ് സത്യം. പ്രവാസികളുടെ പ്രയാസങ്ങളില്‍ കണ്ണീരൊപ്പാന്‍ അവിടെ എത്രയെത്ര കൂട്ടായ്മകളായിരുന്നു? ഒരു കാര്യം ഉറപ്പിച്ചു പറയാം. ഗള്‍ഫ് മലയാളി അനുഭവിച്ച ഇന്റിമസി നാട്ടില്‍ കിട്ടില്ല.

• ഗള്‍ഫിലേക്കു ഇനിയൊരു മടക്കം ഇപ്പോള്‍ ഏതായാലും ഉദ്ദേശിച്ചിട്ടില്ല. നാട്ടിന്റെ ഹരിത ഭംഗിയൊക്കെ ആസ്വദിച്ച് സൃഷ്ടിപരമായ കാര്യ
ങ്ങളിലേര്‍പ്പെടാനാണ് കൂടുതല്‍ ഇഷ്ടം ■

സിഒടി അസീസ്: സഊദി മലയാളം ന്യൂസ് മുന്‍ എഡിറ്റര്‍. കോളമിസ്റ്റും പരിശീലകനുമാണ്. ടൈംസ് ഓഫ് ഇന്ത്യ ഗള്‍ഫ് ലേഖകന്‍ ആയിരുന്നു.

Share this article

About സി ഒ ടി അസീസ്

View all posts by സി ഒ ടി അസീസ് →

Leave a Reply

Your email address will not be published. Required fields are marked *