നിക്കക്കള്ളിയില്ലാത്ത മലയാളിക്ക് നില്‍ക്കാനൊരു കള്ളിയാണ് ഗള്‍ഫ്‌

Reading Time: 3 minutes

• ഗള്‍ഫ് പ്രവാസം എന്നൊക്കെ പറയുമ്പോള്‍ ഇതൊരു സ്വയം നാടുകടത്തലായിട്ടാണ് ഞാന്‍ കണ്ടത്. നമ്മളെ നിര്‍ബന്ധിച്ച് സൈനിക സേവനത്തിനയക്കുകയോ പുറംരാജ്യങ്ങളില്‍ പോയി പണിയെടുത്ത് പണമുണ്ടാക്കി നാട്ടിലേക്കയക്കാൻ വിടുകയോ ചെയ്യുന്ന നിര്‍ബന്ധിതമായ ഒരു നാടുകടത്തലല്ല ഇത്. സ്വയം തീരുമാനിച്ച് നാടു കടക്കുന്നതാണ്. അതായത്, ജീവസന്ധാരണത്തിനുള്ള വഴി തേടി കുറച്ചുകൂടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം, സ്വന്തമായി വീട്, വരുമാനം, വിശപ്പില്ലാത്ത കുടുംബാന്തരീക്ഷം ഇതെല്ലാം മോഹിച്ചു തന്നെയാണ് ആള്‍ക്കാര്‍ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. അല്ലാതെ ഇവിടത്തെ യുദ്ധഭീതിയില്‍നിന്ന് ഒളിച്ചോടുന്ന അഭയാര്‍ഥികളൊന്നുമല്ലല്ലോ.
സ്വാഭാവികമായും പണമുണ്ടാക്കാന്‍ വേണ്ടി തന്നെയാണ് മനുഷ്യന്‍ ഗല്‍ഫില്‍ വരുന്നതും പ്രവാസിയാകുന്നതും. അല്ലാതെ നാട് നന്നാക്കാനല്ല എന്നാദ്യം മനസിലാക്കുക. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാനും വന്നത് അങ്ങനെത്തന്നെയാണ്. കട്ടിട്ടും പിടിച്ചു പറിച്ചിട്ടുമൊന്നുമല്ല. വലിയ പണമില്ലെങ്കിലും അത്യാവശ്യം ഒരു മനുഷ്യന്‍ നാട്ടില്‍ കച്ചവടം ചെയ്യുന്നത് കുടുങ്ങിയവന്റെ കടം വീട്ടാനും മറ്റുമാണ്. അധ്വാനിച്ചിട്ട് നമുക്കെന്തെങ്കിലും സമ്പാദിക്കാന്‍ പറ്റിയ രാജ്യമാണ് ഗള്‍ഫ് എന്നതില്‍ സംശയമില്ല. ചീത്തപ്പേര് ഉണ്ടാക്കാൻ വേണ്ടി നമ്മുടെ തന്നെ കുറേ ആളുകൾ അവിടെയുണ്ട്. അത് ആര്‍ത്തി കൊണ്ടാണ്. പെട്ടെന്ന് പണക്കാരാനവാനുള്ള തീവ്ര മോഹത്തിന്റെ ഭാഗമായി പല അഭ്യാസങ്ങളും ചെയ്യുകയും ചിലരൊക്കെ അതില്‍ പെടുകയും ചിലര്‍ രക്ഷപ്പെടുകയും ചെയ്യുന്നു എന്ന് മാത്രം. മനഃസമാധാനമില്ലാത്ത ഏര്‍പ്പാടായതുകൊണ്ട് എനിക്കതില്‍ താത്പര്യമില്ലായിരുന്നു. അപ്പോള്‍, പ്രവാസജീവിതം ഞാനങ്ങനെ എന്റെ കടബാധ്യതകളിൽ നിന്നു മുക്തിനേടാനും മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാനും എനിക്കും ഭാര്യക്കും സ്വസ്ഥമായി കഴിയാനുമൊക്കെയാണ് തിരഞ്ഞെടുത്തത്. ഒട്ടുമിക്ക മലയാളികളും അങ്ങനെയത്തന്നെയാണ്. നിക്കക്കള്ളിയില്ലാത്ത മലയാളിക്ക് നില്‍ക്കാനൊരു കള്ളിയാണ് ഗള്‍ഫ്.

• പ്രവാസി മലയാളികളാണ് കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. കാരണം നമ്മള്‍ക്ക് കയറ്റുമതിയിലൂടെ ലഭിക്കുന്ന വിദേശനാണ്യം വളരെ കുറവാണ്. പണ്ടൊക്കെ കയറ്റുമതിയില്‍ മുന്നിലായിരുന്ന നമ്മളെ മറികടക്കുന്ന രീതിയില്‍ ഫ്രീട്രേഡും മറ്റും തുടങ്ങിയതിനുശേഷം, കൃത്യമായി പറഞ്ഞാല്‍ ആഗോളവത്കരണത്തിനുശേഷം മറ്റു രാജ്യങ്ങള്‍ മത്സരിക്കുകയും മാർകറ്റുകള്‍ കീഴടക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. നമ്മുടെ ഉത്പന്നങ്ങള്‍ക്കങ്ങനെ വലിയ വിദേശ മാർകറ്റൊന്നുമില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ തന്നെ കഴിഞ്ഞ ദിവസം വന്ന കണക്കനുസരിച്ച് 17ല്‍ നാലെണ്ണമൊഴികെ ബാക്കിയെല്ലാം വന്‍ നഷ്ടങ്ങളിലാണ്. സ്വന്തക്കാരെ തിരുകിക്കയറ്റാനും പാര്‍ട്ടിക്കാരെ കീഴ്‌പോസ്റ്റുകളില്‍ ചേര്‍ക്കാനും കട്ടുമുടിക്കാനും വേണ്ടി മാത്രമുള്ളതാണല്ലോ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍. ഈ സ്ഥാപനങ്ങളിലേക്ക് പിഎസ്‌സി മുഖേനയാണ് നിയമനം നടത്തുക എന്നു പറഞ്ഞാൽ തന്നെ കേരളം ഒരു വിധത്തില്‍ രക്ഷപ്പെടും. കാരണം വിവരവും വിദ്യാഭ്യാസവുമുള്ളവരല്ല പലതിന്റെയും തലപ്പത്ത്. വിദേശത്തുനിന്നും വരുന്ന പണം നമ്മള്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത് ആ വിദേശികളുടെ തന്നെ റിയല്‍ എസ്റ്റേറ്റിലാണ്. നമുക്കൊരു വ്യവസായം തുടങ്ങാന്‍ പേടിയാണ്. പ്രധാന കാരണം രാഷ്ട്രീയക്കാര്‍തന്നെ. അവരെ പേടിച്ചാണ് പല പ്രവാസികള്‍ക്കും ഒന്നും തുടങ്ങാന്‍ സാധിക്കാത്തത്. ഒരു വര്‍ക്‌ഷോപ്പ് തുടങ്ങിയാല്‍ പ്രശ്‌നം, ഓഡിറ്റോറിയം തുടങ്ങിയാല്‍ ആത്മഹത്യ ചെയ്യേണ്ടിവരിക.. ഇത്തരത്തില്‍ ചുവപ്പുനാടകളുടെ പുറകെ, അതായത് ഗള്‍ഫില്‍നിന്ന് വരുന്നവരോടുള്ള പരമപുച്ഛമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്.
ഗള്‍ഫിലൊക്കെ പണിയെടുക്കുന്നത് നന്നായി ബുദ്ധിമുട്ടിയാണ്. നല്ല ചൂടും വെയിലും കൊണ്ടാണ് നാലു മുക്കാല് ഉണ്ടാക്കുന്നത്. എന്നിട്ട് നാട്ടില്‍ വന്ന് വല്ല സര്‍ക്കാരാഫീസിലും പോയാല്‍ ഗള്‍ഫുകാരനാണല്ലേ എന്ന ഒരു ചോദ്യവും പുച്ഛവും. അതല്ല വേണ്ടത്, ഗള്‍ഫുകാരന്‍ വന്നാല്‍ അവന് ഇരിക്കാനുള്ള കസേരയാണ്ടാകണം ആദ്യം. സര്‍ക്കാര്‍ ഓഫീസുകളില്‍ അവര്‍ക്കു പ്രയോരിറ്റി കൊടുക്കണം. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒരു കടലാസും കൊണ്ടുവന്നാല്‍ പ്രയോരിറ്റി വിന്‍ഡോ വേണം. അത് റെഡിയാക്കിക്കൊടുക്കാന്‍ സന്മനസ് കാണിക്കണം. മറിച്ച് ഇവിടെ ഗ്ലോബല്‍മീറ്റ് നടത്തും. അതില്‍ ഏറ്റവും വലിയ പണക്കാരെ മാത്രം പങ്കെടുപ്പിക്കും. നമ്മള്‍ കണ്ടതാണല്ലോ അതെല്ലാം. പലതും ഇനിയും കാണാന്‍ കിടക്കുന്നു.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിനിയോഗിക്കുന്ന പ്രവാസികളുടെ പണംകൊണ്ടാണ് ഇവിടെ കളി നടക്കുന്നത്. റിയല്‍എസ്റ്റേറ്റില്‍ ഇന്‍വെസ്റ്റ് ചെയ്താല്‍ അതുമുഖേന കുറേ പേര്‍ക്ക് ജീവിക്കാന്‍ സാധിക്കും. പക്ഷേ അതൊന്നുമത്ര പ്രൊഡക്ടീവ് അല്ല എന്നതാണ് സത്യം. അതിനുകാരണം രാഷ്ട്രീയക്കാരുടെ പിടിപ്പുകേടും ആസൂത്രണം ചെയ്യുന്നതിലെ വിവരക്കേടുമാണ്. പിന്നെ, പണം സമ്പാദിക്കുകയും കേരളത്തില്‍ കൊണ്ടുവന്ന് റിയൽ എസ്‌റ്റേറ്റില്‍ മാത്രം ഇന്‍വെസ്റ്റ് ചെയ്യുകയും ചെയ്യുന്ന മണ്ടത്തരങ്ങളുടെയും.
• ഗള്‍ഫ് പ്രവാസം വളരെ മോശമായ സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളാണ് ഉണ്ടാക്കിയത്. ടെക്‌നോളജിക്കല്‍ ഡെവലപ്‌മെന്റ് ഗള്‍ഫ് പ്രവാസം കൊണ്ടല്ല കേരളത്തില്‍ വന്നത്. അത് ലോകത്തെല്ലായിടത്തും ഒരേ സമയത്ത് സംഭവിക്കുന്നതാണ്. കേരളത്തില്‍ ഗള്‍ഫ് പ്രവാസംകൊണ്ട് സംഭവിക്കുന്നത് മതം മദംപൊട്ടി ഒഴുകാന്‍ തുടങ്ങി എന്നുള്ളതാണ്. പണം ഒരുപാട് വന്നപ്പോള്‍ അത് വിവിധ മതക്കാര്‍ അവരുടെ ആരാധനാലയങ്ങള്‍ക്കുവേണ്ടിയും അവരുടെ മികവ് കാണിക്കാനും മറ്റുള്ളവരേക്കാള്‍ ഗംഭീരമായിട്ട് നമ്മള്‍ ഉത്സവവും പൂരവും പെരുന്നാളും നടത്താന്‍ പൈസ ചെലവാക്കും എന്ന രീതിയിലേക്ക് മാറുകയും ചെയ്തു. കുറേക്കൂടി ചരിത്രത്തെയും ശാസ്ത്രബോധത്തെയും പുറകോട്ട് വലിക്കലാണ് ഗള്‍ഫ് പ്രവാസംകൊണ്ട് കേരളത്തിലുണ്ടായത്.

ഗള്‍ഫിലേക്കോ മറ്റു വിദേശരാജ്യങ്ങളിലേക്കോ ആരും പോയില്ല, കേരളത്തിലുള്ളവര്‍ ഇവിടെത്തന്നെ കഴിഞ്ഞു കൂടുകയായിരുന്നുവെങ്കിലോ എന്ന് ആരും വ്യാമോഹിക്കേണ്ട. കാരണം ചരിത്രപരമായി നോക്കിയാല്‍, മറ്റെവിടേക്കെങ്കിലും പോയി പണം സമ്പാദിച്ചു വന്നേ പറ്റൂ. മാത്രമല്ല, ആഗോള വ്യവസായത്തിന്റെ ഒരു പ്രധാന കണ്ണിയായ എണ്ണ ഉത്്പാദനവുമായി ബന്ധപ്പെട്ട് ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ തീര്‍ച്ചയായും അവിടേക്ക് എത്തിപ്പെടാന്‍ എല്ലാ രാജ്യക്കാരും ശ്രദ്ധിക്കും. പ്രത്യേകിച്ച് മലയാളികള്‍. കാരണം മലയാളികള്‍ പണ്ട് ചൈനയിലേക്കും ബര്‍മയിലേക്കും അതുപോലെ മറ്റു രാജ്യങ്ങളിലേക്കുമൊക്കെ ജീവസന്ധാരണത്തിനു വേണ്ടി പോയവരാണ്. പ്രവാസ ജീവിതം കഴിഞ്ഞു തിരിച്ചുവരുന്നവര്‍ സാംസ്‌കാരികമായ ഒരു മുന്നേറ്റമല്ല ഉണ്ടാക്കിയിട്ടുള്ളത്. നേരെ മറിച്ച് വളരെ ഇടുങ്ങിയ ഒരു ചിന്താഗതിയുടെ വികാസമാണ് ഉണ്ടാക്കിയിട്ടുള്ളത്.

• കോവിഡ് വന്നതോടെ മലയാളികള്‍ തത്കാലത്തേക്ക് മടങ്ങി എന്നേയുള്ളൂ. കോവിഡ് കഴിഞ്ഞാല്‍ വീണ്ടും തിരിച്ചു പോകും. ഗള്‍ഫില്‍ ജീവിച്ച് ഗള്‍ഫില്‍ ജോലിയെടുത്ത ആള്‍ക്കാര്‍ അവിടെത്തന്നെ പോകും. അവര്‍ വരുത്തിവെച്ച ബാധ്യതകള്‍ ഒരുപാടുണ്ടാകും. അവിടത്തെ ജോലി സ്ഥിരമാണെന്ന് ധരിക്കുകയും കോവിഡ് പോലൊരു മഹാമാരി വരികയില്ലെന്ന് കരുതിയിരിക്കുകയും ചെയ്തവർക്ക് മേലാണല്ലോ ഇടിത്തീ പോലെ കോവിഡ് വന്നത്. അപ്പോള്‍ അവര്‍ ഇവിടെ തുടങ്ങി വെച്ച വീടുപണി തീര്‍ക്കണം. മക്കളുടെ വിദ്യാഭ്യാസം പോലെയുള്ള നിരവധി ബാധ്യതകള്‍ അവര്‍ക്കുണ്ടാകും. വീണ്ടും അവര്‍ ഗള്‍ഫില്‍ പോകും. പണമയക്കും. കേരളത്തില്‍ തന്നെ ചുറ്റിപ്പറ്റി നില്‍ക്കാനുള്ള ശ്രമം നടത്തും. അതുകൊണ്ട് പ്രവാസികളുടെ മടക്കം വന്‍തോതില്‍ വര്‍ധിച്ചു എന്നതുകൊണ്ട് കേരളത്തിന്റെ ഭാവിക്കൊന്നും ഒരു തകരാറും സംഭവിക്കില്ല. റിയല്‍എസ്‌റ്റേറ്റ് ബിസിനസുകള്‍ പൊളിയും. കൈയൂക്കുള്ളവന്‍ കാര്യക്കാരനാകും. വസ്തുവകകളെല്ലാം വിറ്റു തുലക്കാന്‍ ആഗ്രഹിക്കും. ഒക്കെ വാങ്ങിക്കൂട്ടാന്‍, കാശുള്ളവന്‍ തയാറാകും. അതായത് ഉള്ളവന്‍ വീണ്ടും സമ്പന്നനാവുകയും ഇല്ലാത്തവന്‍ കൂടുതല്‍ ഇല്ലാത്തവനാകുകയും ചെയ്യും. പിന്നെ മറ്റെല്ലാ വ്യാപാരങ്ങളിലും മറ്റുള്ളവര്‍ക്ക് സംഭവിക്കുന്നത് പോലെത്തന്നെയുള്ള പ്രതിഫലനമുണ്ടാകും. കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വെറും രണ്ടു വര്‍ഷം കൊണ്ട് തകര്‍ന്ന് തരിപ്പണമാകും. സാധാരണക്കാര്‍ എങ്ങനെ അതിജീവിക്കുമെന്ന ആശങ്ക നന്നായുണ്ട്.

• നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി സര്‍ക്കാരാഫീസില്‍ പോയാല്‍ ഒരു കാരുണ്യവുമുണ്ടാകില്ല. പുച്ഛമായിരിക്കും. അസൂയയാണല്ലോ മലയാളികളുടെ സ്ഥായീഭാവം. അതോണ്ട് ഇനിയവന്‍ കൂടുതല്‍ സമ്പാദിക്കില്ലല്ലോ, അവന് ജോലി പോയല്ലോ എന്നുള്ള ചിന്താഗതിയിലായിരിക്കും ഇടപെടുക.

• അവസരം കിട്ടുക എന്നതല്ല, അവസരം തേടിപ്പോകുകയാണ് വേണ്ടത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ നില്‍ക്കക്കള്ളിയില്ലെങ്കില്‍ ഇനിയും പ്രവാസിയാകും. കാരണം, താനും തന്റെ മക്കളും പട്ടിണിയാവരുത്, കടക്കാരനാകരുത്, മോഷ്ടാവാകരുത് എന്നൊക്കെയുള്ള ബോധമുള്ളതുകൊണ്ട്. സെലിബ്രിറ്റി സ്റ്റാറ്റസൊന്നും ഒരു പ്രശ്‌നമല്ല. അതൊക്കെ നാട്ടുകാര്‍ കല്‍പിച്ചു തരുന്നതാണ്. രണ്ടു വര്‍ഷം തുടര്‍ച്ചയായി സിനിമ ഇല്ലാതെയായാല്‍ പല ആള്‍ക്കാരും പ്രേക്ഷകരുടെ മനസില്‍നിന്നും മറഞ്ഞുപോകും. അതുകൊണ്ട് ഞാന്‍ അതിലൊന്നും അഭിരമിക്കുന്ന ആളല്ല. ദുബൈ അല്ലെങ്കില്‍ മറ്റൊരു സ്ഥലത്ത് എനിക്ക് ജീവിക്കണമെങ്കില്‍ ഞാന്‍ എത്തിപ്പെടും. എന്തായാലും, പണമില്ലാത്തതുകൊണ്ടും ദാരിദ്ര്യംകൊണ്ടും ആത്മഹത്യ ചെയ്യുന്ന പ്രശ്‌നമുദിക്കുന്നില്ല. നമ്മള്‍ പ്രയത്‌നിക്കാന്‍ വേണ്ടി തീരുമാനിച്ചവരാണ്. ജീവിതം ഒന്നല്ലേയുള്ളൂ. പരലോകമൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഈ ഭൂമിയില്‍ മാത്രമേ ജീവിതമുള്ളൂ. അതുകൊണ്ട് വ്യാമോഹങ്ങളൊന്നുമില്ലാതെ എവിടെപ്പോയിട്ടും ആരോഗ്യമുള്ള കാലത്തോളം ജോലി ചെയ്യും. അതിന് അവസരം വേണമെന്നില്ല. അവസരം ഞാന്‍ തേടിയുണ്ടാക്കും. ഗള്‍ഫില്‍ അവസരമുണ്ടായിട്ട് വന്നതല്ല. അവസരം തേടി വന്നതാണ്. പക്ഷേ ഗള്‍ഫ് ഇരു കൈകളും നീട്ടി എന്നെ സ്വീകരിച്ചു. അതുപോലെ പണിയെടുക്കാന്‍ തയാറുള്ളവര്‍ക്ക് ഏത് രാജ്യത്തായാലും പണി കിട്ടും. ജോലി സാധ്യതയുമുണ്ട് ■

ജോയ് മാത്യു: മുന്‍ മിഡില്‍ ഈസ്റ്റ് ന്യൂസ് ഹെഡ് അമൃത ടിവി, എഴുത്തുകാരന്‍, നടന്‍, സംവിധായകന്‍.

Share this article

Leave a Reply

Your email address will not be published. Required fields are marked *