ഗള്‍ഫ് ശ്വാശ്വതമല്ലാത്ത അഭയകേന്ദ്രം; പക്ഷേ പ്രവാസം തുടരും

Reading Time: 3 minutes

• ഒരു വലിയ പാഠം കൂടിയാണ് ഗള്‍ഫുകാര്‍ക്ക് ഈ കാലയളവിലെ ദുരിതപൂര്‍ണമായ അനുഭവങ്ങള്‍. ഒന്ന് ഗള്‍ഫ് ശാശ്വതമല്ല, അല്ലെങ്കില്‍ എന്നും നമ്മള്‍ക്ക് ആഗ്രഹിക്കാന്‍ പറ്റുന്ന പറുദീസയല്ല എന്ന ഓര്‍മപ്പെടുത്തല്‍. 1970കളില്‍ സിഎച്ച് മുഹമ്മദ് കോയ സാഹിബിനെ പോലെയുള്ളവര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത്‌കൊണ്ട് പറഞ്ഞിരുന്ന വാക്കുകളിതായിരുന്നു; മക്കളേ, നിങ്ങള്‍ ഗള്‍ഫ് കണ്ട് പഠിക്കാതിരിക്കണ്ട. അന്നു പറഞ്ഞത് ഒരു വേള സിലോണ്‍, സിങ്കപ്പൂര്‍, ബര്‍മ, റെങ്കൂണ്‍ എന്നീ രാജ്യങ്ങളെക്കുറിച്ചായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പ്. അന്നത്തെ ഗള്‍ഫ് അവിടെയായിരുന്നു. പക്ഷേ അതിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ട സമയത്ത് അവര്‍ക്ക് തിരിച്ചു വരേണ്ടിവന്നു. വലിയ മണിമാളികകളില്‍നിന്ന് കുഞ്ഞുങ്ങളുടെ വിശപ്പിന്റെ കരച്ചില്‍ കേള്‍ക്കേണ്ടിവന്നു. ദൈവാധീനത്താല്‍ ഇത്തവണ വിശപ്പിന്റെ കൂട്ടക്കരച്ചില്‍ കേള്‍ക്കേണ്ടി വന്നില്ലെങ്കിലും അനുഭവങ്ങള്‍ ആ ദിശയിലേക്ക് സൂചന നല്‍കുന്നതായിരുന്നു. ഒരു ഗ്രാമപ്രദേശത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്ന ആളുകള്‍ കൈമാറിയ കാര്യമുണ്ട്. ആ പ്രദേശത്തുള്ള ഏറ്റവും വലിയ വീട് ഗള്‍ഫുകാരന്റെ വീടാണ്.

• ശാശ്വതമല്ലാത്ത ഒരഭയകേന്ദ്രമാണ് ഗള്‍ഫ്. അതോടൊപ്പം തന്നെ ഏതെങ്കിലും നിര്‍മാണാത്മകമായ കാര്യങ്ങളിലാണ് നമ്മുടെ സമ്പാദ്യം നിക്ഷേപിക്കണ്ടത് എന്നകാര്യം ഈ ദുരിതപൂര്‍ണമായ കാലയളവില്‍ നമ്മള്‍ പഠിച്ചതാണ്. വലിയ ഒരു കൊട്ടാരം കെട്ടിയതുകൊണ്ടൊന്നും ജീവിക്കാനാകില്ല. വലിയ ഭവനങ്ങളില്‍നിന്ന് കൂട്ടക്കരച്ചിലുകള്‍ കേള്‍ക്കേണ്ടിവന്നു. കിറ്റ് കൊണ്ടുപോയ സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു, ആ നാട്ടിലെ വലിയൊരു മണിമാളിക, ഞങ്ങള്‍ കിറ്റ് കൊണ്ടു പോകുന്ന സമയത്ത് ആ വീടിന്റെ അരികില്‍ വൃദ്ധയായ ഒരു സ്ത്രീ നില്‍ക്കുന്നുണ്ടായിരുന്നു. തിരിച്ചുവരുന്ന സമയത്ത് അവരോട് ചോദിച്ചു, നിങ്ങള്‍ക്ക് കിറ്റ് വേണോ, വളരെ ആവേശത്തോടെ പറഞ്ഞു; ഞങ്ങള്‍ക്കുവേണം. നിങ്ങള്‍ ഞങ്ങള്‍ക്ക് തരില്ല എന്നാണ് കരുതിയത്. അതുകൊണ്ടാണിങ്ങോട്ട് വന്നത്. ഒന്നര മാസമായി ഗള്‍ഫില്‍നിന്ന് പണമിങ്ങോട്ട് വന്നിട്ട്. ഇത്തരം അനുഭവങ്ങള്‍ അതിശയോക്തപരമല്ല. ഇത്തരം ഘട്ടങ്ങൾ നമ്മളെ ജീവിതം പഠിപ്പിച്ചു. വലിയൊരു പാഠമാണിത്. അതോടൊപ്പം തന്നെ പാരസ്പര്യത്തിന്റെ, സാമൂഹിക കൊണ്ടുകൊടുക്കലിന്റെയും നല്ല പാഠങ്ങളും നമ്മള്‍ പഠിച്ചു. ഒറ്റക്കാര്‍ക്കും ജീവിക്കാന്‍ കഴിയില്ല. സ്വയമാശ്രിതമാണ് താന്‍ എന്ന തെറ്റിദ്ധാരണകള്‍ പിച്ചിച്ചീന്തിയിരിക്കുകയാണ് കാലഘട്ടം. പരസ്പരം കൊണ്ടും കൊടുത്തും ആദാനപ്രദാനങ്ങളില്‍കൂടി മാത്രമേ മുന്നോട്ടു പോകാനാകൂ എന്ന പാഠവും കൂടി ഇതുനല്‍കി. ഗള്‍ഫുകാരന്റെ പൊങ്ങച്ചത്തിനും ആഡംബരത്തിനും ഒരറുതിയുണ്ടായി. കാരണം ഒരു വര്‍ഷത്തോളം സമ്പാദ്യങ്ങളില്‍ വലിയൊരു ഇടിവുണ്ടായി. അതുകൊണ്ടുതന്നെ അവന് സാധാരണക്കാരന്റെ ജീവിതം നയിക്കേണ്ടി വന്നു. കോവിഡ് കാലം ഒരിക്കലും പ്രവാസത്തിന്റെ ചരിത്രത്തിൽ നിന്ന് മാഞ്ഞുപോകില്ല. ഒരു കണ്ണീര്‍ നിറഞ്ഞ അധ്യായമായി അതവിടെ ബാക്കി നില്‍ക്കും.

• കോവിഡ് മഹാമാരിയുടെ കാലഘട്ടം നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരാഗോള പ്രതിഭാസം എന്ന നിലക്ക് തന്നെ ഗള്‍ഫിലും അത് ബാധിച്ചു. ആ സമയത്ത് അല്‍പം കൂടെ സുരക്ഷിതത്വം കേരളത്തിലാണ്, ജന്മനാട്ടിലാണ് എന്ന ചിന്തയോടെയാണ് പലരും ഇങ്ങോട്ടേക്ക് വന്നത്. ഇവിടെയെത്തിയപ്പോള്‍ ആരും അവരെ സ്വീകരിക്കാനുണ്ടായില്ല എന്നു മാത്രമല്ല അവര്‍ക്കുമുമ്പില്‍ പല സ്ഥലത്തും വാതിലുകള്‍ കൊട്ടിയടക്കപ്പെട്ടു. ക്വാറന്റൈന്‍ കഴിയാന്‍ വേണ്ടി ആരോരുമറിയാതെ പാതിരാവില്‍ വീടിന്റെ മുകളിലേക്ക് ഏണി വെച്ച് കയറിയ കുറേ അനുഭവങ്ങളൊക്കെയുണ്ടായി. അതുമാത്രമല്ല, ഒരു കാലത്ത് ഗള്‍ഫുകാരന്‍ വരുന്ന സമയത്ത് ഇരുകരവും കാട്ടി സ്വീകരിച്ച കുടുംബക്കാര്‍, ഉറ്റവരും ഉടയവരും അവന്‍ വരുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയചകിതരായി നെട്ടോട്ടമോടിയ അവസ്ഥയുണ്ടായി. ഏറ്റവും കൂടുതല്‍ മാനസിക പീഡനം അനുഭവിച്ചിട്ടുള്ളത് ഈ കാലഘട്ടത്തിലായിരിക്കും. ക്വാറന്റൈനെല്ലാം കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് കടന്നപ്പോഴും ഗള്‍ഫുകാരന്റെ മനസില്‍ ആധി വര്‍ധിക്കുകയായിരുന്നു. പലതരത്തിലുള്ള ആധികളായിരുന്നു. ഒന്ന്, നാട്ടിലുള്ള സാമ്പത്തികസ്ഥിതി. കൈയിലൊന്നും കരുതാതെയാണ് വന്നിട്ടുള്ളത്. ഇവിടെയാണെങ്കില്‍ പതിവില്‍ കവിഞ്ഞ പ്രയാസങ്ങളും. രണ്ടാമത്തേത്, ഗള്‍ഫിലെ ജോലിയെക്കുറിച്ചുള്ള ആശങ്ക. ജോലി നഷ്ടപ്പെടുമോ എന്ന ഭീതി. പലരും ജോലി നഷ്ടപ്പെട്ടാണ് ഇങ്ങോട്ട് വന്നിട്ടുള്ളത്. മറ്റൊന്ന് തിരിച്ചുപോക്കിനെക്കുറിച്ചുള്ള അനിശ്ചിതത്വം. മാനസികമായി വളരെ പ്രയാസം നിറഞ്ഞ അവസ്ഥയിലൂടെയാണ് പ്രവാസി കടന്നുപോയത്. അതിലൊരു സംശയവുമില്ല. മാത്രവുമല്ല, ഇനിയെപ്പോൾ തിരിച്ചുപോകുമെന്നുള്ള പലരുടെയും ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോലും പറ്റാത്ത അവസ്ഥ. ഒരു വര്‍ഷമൊക്കെ താമസിച്ചാണ് പലരും തിരിച്ചുപോയത്. സഊദി അറേബ്യയിലേക്ക് തിരിച്ചുപോകേണ്ടവര്‍ അവിടത്തെ കര്‍ശന നിബന്ധന മൂലം വളരെയധികം പ്രയാസപ്പെട്ടു. നേപ്പാളിലും മാലിദ്വീപിലുമൊക്കെ പോയി അവിടന്നാണ് സൗദിയിലേക്ക് പോയത്. ദുരിതപൂര്‍ണമായ പ്രയാണങ്ങളുടെ കഥയാണ് അതെല്ലാം. അതോടൊപ്പം ചിലരെങ്കിലും ഇവിടെ പുതിയൊരു ജീവിതം തുടങ്ങാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തി. ചെറിയ ചെറിയ കച്ചവടങ്ങള്‍ തുടങ്ങാന്‍ ശ്രമിച്ചു. ചിലര്‍ സമ്പാദിച്ച പണം മുഴുവനും ചെലവഴിച്ചുകൊണ്ട് പുതിയ ബിസ്‌നസ് സംരംഭങ്ങളിലേക്ക് കടന്നു. പക്ഷേ ഒന്നും വിജയിച്ചില്ല എന്നതാണ് സത്യം. ഭൂരിഭാഗം ആള്‍ക്കാരും പരാജയമാണ് നേരിട്ടത്. അങ്ങനെ അവര്‍ തിരിച്ചുപോയി.

• ഗള്‍ഫില്‍നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള സംസാരം ഗള്‍ഫിലേക്കുള്ള കുടിയേറ്റം തുടങ്ങിയ കാലം മുതലേ ഉണ്ട്. എന്നാല്‍ കോവിഡ് കാലത്ത് വലിയ രൂപത്തില്‍ അത് യാഥാര്‍ഥ്യമായിട്ടുണ്ട്. പത്ത് ലക്ഷത്തിലധികം പേര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. അതും സാമ്പത്തികമായി വളരെയധികം പ്രയാസപ്പെടുന്ന ഒരു സമൂഹത്തിലേക്ക്. ഇക്കാലത്ത് സ്വദേശത്തെത്തുക എന്നാല്‍ വലിയൊരു ദുരന്തത്തിലേക്ക് എടുത്ത് ചാടുക എന്നാണര്‍ഥം. കോവിഡ് കാലത്ത് ഗള്‍ഫിലെ അവസ്ഥയാണ് തിരിച്ചുവരാന്‍വേണ്ടി പലരെയും നിര്‍ബന്ധിപ്പിച്ചത്. പത്തേമാരികള്‍ തിരിച്ചുവരുമെന്ന് പറയാന്‍ തുങ്ങിയിട്ട് കുറെ കാലമായെങ്കിലും യഥാര്‍ഥത്തില്‍ പത്തേമാരികള്‍ തിരിച്ചുവന്നു എന്നുള്ളതാണ്. അറുപത്, എഴുപത് വര്‍ഷത്തെ പ്രവാസജീവിതത്തിനിടയിലെ ഏറ്റവും വലിയ ഒരു ദുരന്തമാണിത്. ഗള്‍ഫ് ജീവിതത്തിന്റെ അനുകൂലവും പ്രതികൂലവുമായ കുറെ വശങ്ങളുണ്ട്. ഒന്ന് നമ്മള്‍ ഗള്‍ഫില്‍ താമസിക്കമ്പോള്‍, പിറന്ന മണ്ണിന്റെ എല്ലാ നല്ല മുഖങ്ങളും നല്ല ഗുണങ്ങളും അനുഭവിച്ചറിയുന്നതും ഒരു ഗൃഹാതുരമായി ഓര്‍ത്തെടുക്കുന്നതും. ദുബൈയുടെ അല്ലെങ്കില്‍ റിയാദിന്റെ പ്രവിശാലമായ റോഡുകളിലൂടെ നമ്മള്‍ സഞ്ചരിക്കുമ്പോഴും നമ്മുടെ മനസിലേക്കോടി വരിക നാട്ടിലെ ഒറ്റയടിപ്പാതകളും വയല്‍വരമ്പുകളുമാണ്. അത് നൊസ്റ്റാള്‍ജിയയുടെ ഒരു ഭാഗമാണ്. വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോഴും നാട്ടില്‍ ഒരുവേള രുചിച്ച് കഴിച്ച കഞ്ഞിയും ചമ്മന്തിയുമാണ് ഓര്‍ക്കുക. അത് മനുഷ്യസഹജമായ ഒരു സ്വഭാവമാണ്.

• ഒരു പക്ഷേ അറുപത് വര്‍ഷത്തെ ഗള്‍ഫ് പ്രവാസത്തിനിടയിലെ കറുത്ത അധ്യായമാണ് കോവിഡ് കാലം. അതായത് അവന്റെ ജീവിതം കശക്കിയെറിയപ്പെട്ടു എന്നുള്ളതാണ്. അതിനിടയില്‍ നിരവധി പേര്‍ മരണം കണ്ടു. ഉറ്റവരെയും ഉടയവരെയും കാണാനാകാതെ ഏതൊക്കെയോ വിജനതയില്‍ മരിച്ച് ഏതെല്ലാമോ ഖബറിടങ്ങളില്‍ അന്ത്യവിശ്രമം കൊള്ളുന്ന നമ്മുടെ സഹോദരങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക് സങ്കടം തോന്നും. മോര്‍ച്ചറിയില്‍ പോലും പോയി ആരും മയ്യിത്ത് ഏറ്റെടുക്കാനില്ലാത്ത അവസ്ഥ. ഇങ്ങോട്ട് കൊണ്ടുവരാന്‍ പറ്റാത്ത അവസ്ഥ. ഇതൊക്കെത്തന്നെ ഗള്‍ഫ് ജീവിതത്തെക്കുറിച്ച് നോവലെഴുതുന്നവര്‍ക്കുള്ള വലിയൊരു സ്‌പോട്ട് ആണ്. ഗള്‍ഫ് അനുഭവങ്ങള്‍ കോവിഡ് കാലത്ത് തീര്‍ത്തും ഭിന്നമാണ്. ചിലര്‍ സാമൂഹ്യസേവനത്തിന്റെ പാതയില്‍ പലതും ചെയ്തു. ചിലര്‍ ഒന്നും ചെയ്തില്ല. മറ്റു ചിലര്‍ നിരാശരായി. പണ്ട് ബഗ്ദാദിന്റെ തകര്‍ച്ചക്കു ശേഷം പറയാറുണ്ട്, ഒരു വലിയ വിഭാഗം ജനങ്ങള്‍ നൈരാശ്യത്തില്‍ ആണ്ട്‌കൊണ്ട് അവസാനം ഒരു സാത്വിക ജീവിതത്തിലേക്ക്/അതില്‍ നിന്ന് രക്ഷപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നുള്ളതാണ്. ഈ കോവിഡിന്റെ ദുരന്തകാലഘട്ടത്തിലും പലരും തന്നെ അത്തരം ഒറ്റപ്പെടലിലേക്ക് തിരിച്ചുപോയിട്ടുണ്ട്. അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അതിജീവനത്തിന്റെ വഴി അവരുടെ മുമ്പില്‍ തുറക്കപ്പെട്ടില്ല. അതിലെല്ലാവരും നിസഹായരായി. ഗവണ്‍മെന്റ് നിസഹായരാണ്. ഒരു മാസത്തില്‍ അയ്യായിരമോ പത്തായിരമോ കൊടുക്കുന്നതുകൊണ്ടോ മറ്റു സഹായങ്ങള്‍ കൊണ്ടോ പരിഹരിക്കുന്നതല്ല ഈ പ്രശ്‌നങ്ങള്‍. വീടുനിര്‍മാണം, മക്കളുടെ വിവാഹം പോലോത്ത വലിയ ബാധ്യതകള്‍ മുന്നില്‍ കണ്ട് ഗള്‍ഫില്‍ പോയവര്‍ വെറും കൈയോടെ തിരിച്ചുവന്ന സമയത്ത് അവരുടെ മുന്നില്‍ ആത്മഹത്യ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. പക്ഷേ ദൈവവിശ്വാസം കൊണ്ടായിരിക്കണം ആരും അതിന് മുതിര്‍ന്നില്ല. കുടുംബങ്ങളില്‍ നിന്നുള്ള സഹായഹസ്തങ്ങള്‍ വളരെ കുറവാണ്. പ്രത്യേകിച്ചും ഗള്‍ഫ് കുടുംബങ്ങളില്‍. അവന് അവന്റെ വഴിയില്‍ സഞ്ചരിച്ച് സ്വയം ആശ്രിതനാണ്. അങ്ങനെ മൊത്തത്തില്‍ ദുരന്തപൂര്‍ണമായ ഒരധ്യായമാണ് കോവിഡ് മഹാമാരി പ്രവാസിക്ക് മുന്നില്‍ തുറന്ന് വെച്ചത് ■

കാസിം ഇരിക്കൂര്‍: മുന്‍ ന്യൂസ് എഡിറ്റര്‍ ഗള്‍ഫ് മാധ്യമം ജിദ്ദ, എഴുത്തുകാരന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍

Share this article

About കാസിം ഇരിക്കൂര്‍

View all posts by കാസിം ഇരിക്കൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *