സാധാരണജീവിതം ഉലച്ചു, പ്രതിസന്ധി ഇനിയും കൂടും

Reading Time: 2 minutes

• ഗള്‍ഫുകാരെല്ലാം സമ്പന്നരാണെന്നും അവിടെയെത്തിയാല്‍ എല്ലാവരുടെയും ജീവിതം സുരക്ഷിതമായെന്നുമായിരുന്നു നാട്ടിലായിരുന്നപ്പോഴുള്ള ഗള്‍ഫ് സങ്കല്പം. അവധിക്കുവന്ന കൂട്ടുകാരും അയല്‍ക്കാരും നല്‍കിയ സമ്മാനങ്ങളും അവരുടെ സന്തോഷവും ആ സങ്കല്പത്തിന് കരുത്തേകി. പക്ഷേ അതൊരു പുറംമോടി മാത്രമാണെന്നും ബഹുഭൂരിപക്ഷവും മെച്ചപ്പെട്ട ജീവിതത്തിനും നാട്ടിലുള്ള കുടുംബത്തിനുംവേണ്ടി അവിടെ ജീവിതം വിയര്‍പ്പൊഴുക്കി ഹോമിക്കുകയാണെന്ന് തിരിച്ചറിയാന്‍ പ്രവാസജീവിതം തന്നെ വേണ്ടിവന്നു. എട്ടുംപത്തും പേരുള്ള ബാച്ചിലര്‍ മുറികളിലും ലേബര്‍ ക്യാമ്പുകളിലും പല തവണ പോകാനിടയായി. അപ്പോഴൊക്കെ ഗള്‍ഫുകാരന്റെ ജീവിതം നേരിട്ടറിഞ്ഞു. ഫ്‌ളാറ്റിലെ പങ്കിട്ടുകിട്ടിയ ഒറ്റമുറിയില്‍ ജീവിക്കുന്ന കുടുംബങ്ങളെയും കണ്ടു. സാമാന്യം ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നവരും ധാരാളമുണ്ട്. പക്ഷേ അവര്‍ മാത്രമല്ല പ്രവാസി എന്ന തിരിച്ചറിവ് ഇപ്പോഴും ഇക്കരെയിരുന്ന് ഗള്‍ഫുകാരനെ കാണുന്ന നാട്ടുകാര്‍ക്കും ഭരണാധികാരികള്‍ക്കും ഉണ്ടോ എന്ന സംശയം ബാക്കിയാണ്.

• കേരളത്തിന്റെ സാമ്പത്തിക ഘടനക്ക് ഗള്‍ഫ് പ്രവാസികള്‍ വലിയ സംഭാവന നല്‍കുന്നുണ്ട്. ഗള്‍ഫില്‍നിന്നുള്ള വരുമാനം മാത്രം കൊണ്ട് തീ പുകയുന്ന അടുപ്പുകളുള്ള വീട് കേരളത്തില്‍ എല്ലായിടത്തുമുണ്ട്. ഗള്‍ഫ് മലയാളികള്‍ അയക്കുന്ന പണം തന്നെയാണ് ഇപ്പോഴും ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവയുടെ ബിസിനസിന്റെ ഭൂരിഭാഗവും. നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രധാന ഇരകള്‍ പ്രവാസികളാണ്. ആ നിലയില്‍ നമ്മുടെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്ന് തന്നെ പറയാം. ഗള്‍ഫ്പണം തന്നെയാണ് ഇന്ന് വിപണിയെ ചലിപ്പിക്കുന്നതിലെ മുഖ്യ ഘടകവും.
എന്നാല്‍, ഇതിന്റെ മറുവശവും കാണാതെ പോകരുത്. കേരളത്തിലേക്ക് ഒഴുകിയെത്തുന്ന അതിഥി തൊഴിലാളികളുടെ ബാഹുല്യത്തിന് പ്രധാന കാരണങ്ങളിലൊന്ന് ഗള്‍ഫ് പണമാണ്. അതിവേഗം ഉയരുന്ന ബഹുനില വീടുകളും ഷോപിങ് കോംപ്ലക്‌സുകളും പണിയാന്‍ മലയാളികള്‍ ദുര്‍ലഭമാണ്. ഇവിടെയുള്ള മിക്കവരും ഗള്‍ഫിലേക്ക് പോകുമ്പോള്‍ അവര്‍ ചെയ്യേണ്ടിയിരുന്ന കായികാധ്വാനം വേണ്ടിവരുന്ന ജോലിക്ക് മറുനാട്ടുകാര്‍ എത്തുന്നു. ഗള്‍ഫില്‍നിന്ന് വരുന്ന പണത്തിന് ആനുപാതികമായി കേരളത്തിലെ പണം ഇതര സംസ്ഥാനങ്ങളിലേക്കും പോകുന്നു. ഇത്തരക്കാര്‍ക്കായി മാത്രം സായാഹ്നശാഖകളുടെ സഹകരണ ബാങ്കുകള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും വ്യാപകമായി.
വിപണിയിലെ വിലക്കയറ്റത്തിനും കൂലി കൂടുതലിനും എന്തിന് സര്‍ക്കാര്‍ ഓഫീസുകളിലെ കൈക്കൂലിക്കുംവരെ ഗള്‍ഫ്പണം വഴിതുറന്നിട്ടുണ്ട്. ചെറിയ അവധിക്ക് വരുന്നവര്‍ കുടുംബത്തിന്റെ സന്തോഷത്തിനായി കൈ മറന്ന് ചെലവിട്ടപ്പോള്‍ പകച്ചുപോയത് ഇവിടെ ജീവിച്ചുപോന്ന സാധാരണക്കാരനാണ്. നാട്ടിലെ നടപ്പുകൂലിയിലും കൂടുതല്‍ കൊടുത്ത് തൊഴിലാളികളെ കൊണ്ടുവരാന്‍ ഗള്‍ഫുകാരന്‍ ശ്രമിച്ചതും ആ മേഖലയിലെ സ്ഥിരതക്ക് ഇളക്കം തട്ടിച്ചു. കാര്യങ്ങള്‍ പെട്ടെന്ന് സാധിക്കാനായി കൈമടക്കുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പതിവായി. ഗള്‍ഫുകാരനെ ചൂഷണം ചെയ്യാന്‍ എല്ലാവരും അവിടെ മല്‍സരിച്ചു.
ഗള്‍ഫില്‍ രക്ഷിതാക്കള്‍ വിയര്‍പ്പൊഴുക്കി നേടുന്ന സമ്പാദ്യം നാട്ടിലുള്ള പുതുതലമുറക്ക് പോക്കറ്റ്മണി കൂടിയാണ്. പ്രവാസത്തിന്റെ ആദ്യതലമുറ അനുഭവിച്ച പ്രയാസങ്ങള്‍ ഇന്നത്തെ പ്രവാസികള്‍ക്കോ അവരുടെ പിന്‍മുറക്കാര്‍ക്കോ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ മനസിലാവില്ല. അവര്‍ അന്ന് അനുഭവിച്ച ചൂടിന്റെയും വെയിലിന്റെയും തണലിലാണ് ഇന്നത്തെ നമ്മുടെ എസി മുറികളിലെ ജീവിതം. ഗള്‍ഫ് നാടുകളിലെത്തുന്ന നമ്മുടെ നേതാക്കളും ജനപ്രതിനിധികളും പോലും സാധാരണ പ്രവാസിയുടെ പ്രയാസങ്ങള്‍ എത്രമാത്രം ഇപ്പോഴും ഉള്‍ക്കൊണ്ടിട്ടുണ്ട് എന്നതില്‍ സംശയമുണ്ട്. നേരത്തെ പറഞ്ഞുറപ്പിച്ച് സാമാന്യം നല്ല ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വാര്‍ത്തകളില്‍ നിറയുന്നതില്‍ കവിഞ്ഞ് എന്തെങ്കിലും അവരില്‍ നിന്ന് ഉണ്ടാകുന്നുണ്ടെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല.

• നമ്മുടെ, സാമൂഹ്യ സാംസ്‌കാരിക മേഖലകളെ കൂടുതല്‍ ചലനാത്മകമാക്കുന്നതില്‍ ഗള്‍ഫ് പ്രവാസം ഉപകരിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരുടെയും പ്രധാന വരുമാനം തന്നെ ഇടക്കാലത്ത് ഗള്‍ഫ് മണ്ണിലെ സാംസ്‌കാരിക പരിപാടികളാണ്. കോവിഡ് വന്നതോടെ അതെല്ലാം നിലച്ചത് കേരളത്തിലെ കലാകാരന്മാരെ വല്ലാതെ ബാധിച്ചു. അതേസമയം ഗള്‍ഫ്പണം തീരെ ആശാസ്യമല്ലാത്ത ചില പ്രവണതകളും സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സൃഷ്ടിച്ചു എന്നതും മറക്കാനാവില്ല. പലരുടെയും സമ്പാദ്യം സിനിമാ മോഹങ്ങളില്‍പെട്ട് നഷ്ടമായി. ചിലരാകട്ടെ അനാശാസ്യ പ്രവണതകളുമായാണ് സിനിമാ, സീരിയല്‍ മേഖലകളെ സമീപിച്ചതും. എങ്കിലും നമ്മുടെ നാട്ടിലെ ഉല്‍സവങ്ങളും ആഘോഷങ്ങും ആരാധനാലയങ്ങളുമെല്ലാം പൊലിമ കൂട്ടിയത് ഗള്‍ഫ് പണത്തിന്റെ പിന്‍ബലത്തിലാണ്. ആഘോഷം മല്‍സരത്തിന്റെ മട്ടിലേക്ക് മാറിയതും ഈ പണം തന്നെയെന്നതും മറക്കാനാവില്ല.

• കേരളത്തിലെ നിര്‍മാണ മേഖലയെയാണ് കോവിഡും പ്രവാസകളുടെ മടക്കവും വലിയ തോതില്‍ ബാധിച്ചത്. സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ചെലവിട്ടും ലോണ്‍ എടുത്തും കൂറ്റന്‍ വീടുകള്‍ നിർമിക്കാനാണ് പല പ്രവാസികളും തുടക്കം മുതല്‍ ശ്രദ്ധിച്ചത്. വിവാഹം പോലുള്ള സന്ദര്‍ഭങ്ങള്‍ മല്‍സരബുദ്ധിയോടെയാണ് ഒരു വിഭാഗം പ്രവാസികള്‍ നോക്കിക്കണ്ടത്. ഇതെല്ലാം മുന്നില്‍ കണ്ടാണ് വിവിധ സംരംഭങ്ങള്‍ നാട്ടില്‍ പച്ചപിടിച്ചുവന്നത്. പുതിയ സാഹചര്യത്തില്‍ വലിയൊരളവോളം ഇതെല്ലാം നിലച്ചു. ഇത് പ്രവാസികുടുംബങ്ങളെ മാത്രമല്ല, നാട്ടിലെ സാധാരണ ജീവിതത്തെയും വല്ലാതെ ഉലച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഇനിയും കൂടാന്‍ പോകുന്നതേയുള്ളൂ.

• കര്‍ശനമായ അച്ചടക്കവും നിയമവ്യവസ്ഥകളുമാണ് ഗള്‍ഫ് നാടുകളുടെ സവിശേഷത. അത് റോഡ് മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍വരെ പ്രകടമാണ്. അത്തരം പരിസ്ഥിതിയില്‍ ജീവിച്ചുവന്ന പ്രവാസിക്ക് ഇവിടത്തെ രീതികളോട് പൊരുത്തപ്പെടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ശുചിത്വം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളിലെല്ലാം ഇത് പ്രകടമാണ്. കാലക്രമേണ അവര്‍ ഇവിടത്തെ രീതികളോട് പൊരുത്തപ്പെടുകയും നാട്ടിലെ ശരാശരി മലയാളിയായി അതിവേഗം രൂപാന്തരം പ്രാപിക്കുകയും ചെയ്യുമെന്ന് ഉറപ്പ്. എങ്കിലും തിരിച്ചുവന്നവരില്‍ മിക്കവരും വീണ്ടും മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. അതില്‍ വരുമാനം പ്രധാന ഘടകമാണ്. അതിനൊപ്പം തന്നെ ഇവിടെ നിലവിലുള്ള സാഹചര്യങ്ങളും അവരെ തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നു.

• മടങ്ങേണ്ടി വന്ന പ്രവാസികളുടെ അവസ്ഥ നാട്ടുകാര്‍ തിരിച്ചറിയുന്നു എന്നതാണ് ഒരു ആശ്വാസം. അവരെ കൂടെ നിര്‍ത്താന്‍ ജനം മുന്നോട്ടുവരുന്നുണ്ട്. ഇത് ചൂഷണത്തിന്റെ തോത് കുറക്കും.

• പലരില്‍ നിന്നും വ്യത്യസ്തമായി അല്‍പം വൈകിയാണ് ഞാന്‍ പ്രവാസിയായത്. അതിനാല്‍ ഇനിയൊരു മടക്കയാത്ര സാധ്യമല്ലെന്നത് സാങ്കേതികമായ കാര്യം. എങ്കിലും തൊഴിലിടത്തില്‍ അവിടെ ലഭിച്ച സന്തോഷവും സംതൃപ്തിയും പകരം വെക്കാനില്ലാത്തതുതന്നെയാണ്. പരസ്പരം മല്‍സരിക്കുമ്പോഴും എല്ലാവരും തമ്മില്‍ മറ്റെങ്ങുമില്ലാത്ത വിധത്തിലുള്ള സഹകരണവും സൗഹൃദവും രൂപപ്പെട്ടിരുന്നു. അന്യനാട്ടില്‍ കൂട്ടിന് മറ്റാരുമില്ലെന്ന തോന്നലില്‍ നിന്നാവാം തൊഴിലിടങ്ങളില്‍ രൂപപ്പെട്ട ഈ കൂട്ടായ്മയും സൗഹൃദവും. പിന്നെ ആ നാട് നല്‍കിപ്പോന്ന സുരക്ഷിത ബോധവും പ്രധാനമാണ്. വിപുലമായ സൗഹൃദങ്ങളും വൃത്തിയുള്ള തെരുവുകളും പല ദേശക്കാരും മികച്ച അടിസ്ഥാന സൗകര്യങ്ങളുമെല്ലാം ഇപ്പോഴും എന്നെ അവിടേക്ക് ക്ഷണിക്കുന്നു. മനസുകൊണ്ട് വീണ്ടും പ്രവാസം മോഹിക്കുന്നു ■

പി പി ശശീന്ദ്രന്‍: മുന്‍ മിഡില്‍ ഈസ്റ്റ് ബ്യൂറോ, ചീഫ് മാതൃഭൂമി, ഡെപ്യൂട്ടി എഡിറ്റര്‍, മാതൃഭൂമി, കോഴിക്കോട്

Share this article

About പി പി ശശീന്ദ്രന്‍

View all posts by പി പി ശശീന്ദ്രന്‍ →

Leave a Reply

Your email address will not be published. Required fields are marked *