പൂക്കോട്ടൂര്‍ സമരവും ചരിത്രവും

Reading Time: 4 minutes

ചരിത്രഗ്രന്ഥങ്ങളില്‍ വളരെ പ്രാധാന്യപൂര്‍വം പരാമര്‍ശിക്കപ്പെട്ട നാമമാണ് പൂക്കോട്ടൂര്‍. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ച 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന പ്രധാന സൈനിക ഏറ്റുമുട്ടലായിരുന്നു പൂക്കോട്ടൂര്‍ സമരം. ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസ് പ്രസിഡന്‍സിയുടെ അണ്ടര്‍ സെക്രട്ടറിയായിരുന്ന ജിആര്‍എഫ് ടോട്ടന്‍ഹാം “മാപ്പിള റിബല്യന്‍’ എന്ന പുസ്തകത്തില്‍ “പൂക്കോട്ടൂര്‍ ബാറ്റില്‍’ എന്നാണ് പൂക്കോട്ടൂരിലെ മാപ്പിളമാരുടെ ചെറുത്തുനില്‍പ്പിന് പേരിട്ടിരിക്കുന്നത്. ബ്രിട്ടീഷ് ചരിത്രമെഴുത്തുകാര്‍ക്കുപോലും അത് ഒരു യുദ്ധമാണെന്ന് സമ്മതിക്കേണ്ടിവന്നുവെന്നാണ് ഇത് തെളിയിക്കുന്നത്.
പൂക്കോട്ടൂര്‍ യുദ്ധമടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളും അതിന്റെ വീര്യവും അടുത്ത തലമുറയിലേക്ക് പകരാന്‍ അനുവദിക്കരുതെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍ പോരാളികളേയോ പോരാട്ടങ്ങളെയോ അനുസ്മരിക്കാനുള്ള സാഹചര്യം കൂടി ഇല്ലായ്മ ചെയ്യുന്നതിനവര്‍ യത്‌നിച്ചിരുന്നതിന് ചരിത്രം സാക്ഷിയാണ്. സാമ്രാജ്യത്വവിരുദ്ധ വികാരങ്ങള്‍ക്ക് തീ പകരുന്ന ഗ്രന്ഥങ്ങള്‍, പടപ്പാട്ടുകള്‍ എന്നിവ നിരോധിച്ചതിലെ താത്പര്യവും അതായിരുന്നു.
പൂക്കോട്ടൂര്‍ യുദ്ധത്തെ പില്‍കാലത്ത് അനുസ്മരിക്കാനിടവരികയാണെങ്കില്‍ അത് വിചിത്രമായ ചരിത്രമായിരിക്കണമെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നു. അതിനാലാണ് മലബാറിലെ മാപ്പിളമാരെ അടിച്ചമര്‍ത്തുന്നതിന് നേതൃത്വം കൊടുത്തിരുന്ന ഹിച്ച്‌കോക്കിനെ തന്നെ യുദ്ധത്തിന്റെ ചരിത്രമെഴുതാന്‍ നിയോഗിച്ചത്. മലബാര്‍ സമരകാലത്തെ പ്രധാന കോണ്‍ഗ്രസ് നേതാവായിരുന്ന കെ.മാധവന്‍ നായരുടെ പേരില്‍ അദ്ദേഹത്തിന്റെ വിയോഗത്തിന് 30 വര്‍ഷം കഴിഞ്ഞ് ഇറങ്ങിയ പുസ്തകത്തിന്റെ പേര് തന്നെ മലബാര്‍ “കലാപം’ എന്നാണ്. മലബാര്‍ സമരത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമം പുസ്തകത്തിലൂടെ ശ്രമിച്ചിട്ടുണ്ട്. ഗുരുതരമായ പരാമര്‍ശങ്ങളുള്ള പ്രസ്തുത പുസ്തകത്തില്‍ പൂക്കോട്ടൂരിലെ ധീരയോദ്ധാക്കളെ നേരിട്ട ബ്രിട്ടീഷ് പട്ടാളത്തെ സ്തുതിക്കുന്നുപോലുമുണ്ട്.
പൂക്കോട്ടൂരിലെ ജന്മികുടുംബമായിരുന്ന കോവിലകത്തു നിന്ന് തോക്ക് കളവുപോയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. തോക്ക് മോഷ്ടിച്ചത് ഖിലാഫത് പ്രസ്ഥാനക്കാരണെന്ന് കോവിലകത്തെ തിരുമുല്‍പാട് മഞ്ചേരി പോലിസിന് പരാതി നല്‍കി. (ഈ പരാതി തിരുമുൽപാട് കൊടുത്തിട്ടില്ല എന്നും ഇംഗ്ലീഷിലുള്ള എഴുത്തിന് ഒപ്പ് വെക്കുകയായിരുന്നു ചെയ്തതെന്നും ബ്രിട്ടന്റെ ചതിയാണിതെന്നും തിരുമുല്‍പാടിന്റെ കുടുംബം വ്യക്തമാക്കുന്നുണ്ട്.)
മാപ്പിളമാരെ അടിച്ചൊതുക്കാന്‍ തക്കം പാര്‍ത്തിരുന്ന പോലീസ് തിരുമുൽവാടിന്റെ പരാതിയെ തുടര്‍ന്ന് പൂക്കോട്ടുരിലെ ഖിലാഫത് നേതാവ് വടക്ക് വീട്ടില്‍ മമ്മദിന്റെ വീട് പരിശോധിക്കാന്‍ എത്തിയെങ്കിലും നാട്ടുകാരും ഖിലാഫത് പ്രവര്‍ത്തകരും തടഞ്ഞത് മൂലം പോലീസ് സംഘത്തിനു തിരിച്ചുപോകേണ്ടി വന്നു. അന്നു രാത്രി തന്നെ കോവിലകത്തെ ചിന്നനുണ്ണി തമ്പുരാന്‍ കേയത്ത് മരക്കാരുട്ടിയുടെ സഹായത്തോടുകൂടി നിലമ്പൂരിലേക്ക് രക്ഷപ്പെട്ടു.
1921 ആഗസ്ത് 20ന് തിരുരങ്ങാടി പള്ളിക്ക് ബ്രിട്ടീഷ് പട്ടാളം വെടിവെച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെ പരന്നു. ഈ വാര്‍ത്ത അതിവേഗം പൂക്കോട്ടൂരിലുമെത്തി. കിട്ടിയ ആയുധങ്ങളുമായി തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അവര്‍ തീരുമാനിച്ചു. ഒന്നുകില്‍ വെള്ളപ്പട്ടാളത്തെ തകര്‍ക്കുക അല്ലെങ്കില്‍ പൊരുതി മരിക്കുക. വാര്‍ത്തയറിഞ്ഞു കോണ്‍ഗ്രസ്-ഖിലാഫത് നേതാക്കള്‍ പൂക്കോട്ടൂരില്‍ കുതിച്ചെത്തി. അബ്ദുറഹിമാന്‍ സാഹിബ്, എം.പി നാരായണമേനോന്‍, ഇ മൊയ്തു മൗലവി, ഗോപാലമേനോന്‍ എന്നിവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌നേഹസമ്പന്നനും പൂക്കോട്ടൂരിലെ മാപ്പിളമാരുടെ ഉറ്റമിത്രവുമായിരുന്ന എംപി നാരായണമേനോനും അബ്ദുറഹ്മാന്‍ സാഹിബും സമരഭടന്‍മാരോട് തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തന്റെ കാളവണ്ടിയില്‍ കയറിനിന്ന് ചെയ്ത പ്രസംഗം സ്‌നേഹസാന്ദ്രവും വികാരതരളിതവുമായിരുന്നുവെന്ന് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. “പ്രിയപ്പെട്ട സഹോദരന്‍മാരെ നമ്മുടെ ഉമ്മമാരെയും സഹോദരിമാരെയും വീട്ടില്‍ തനിച്ചാക്കി തിരൂരങ്ങാടിയില്‍ പോയി യുദ്ധക്കളത്തില്‍ മരിച്ചാല്‍ നിങ്ങളുടെ ആത്മാവിന് ശാന്തി കിട്ടുമോ? വെള്ളപ്പട്ടാളവും സാമൂഹിക ദ്രോഹികളും അവരെ കടിച്ചുകീറുകില്ലേ?’ എന്നു തുടങ്ങിയ അബ്ദുറഹ് മാന്‍ സാഹിബിന്റെ പ്രസംഗം അവരുടെ കണ്ണുകളെ ഈറനണിയിച്ചു. നേതാക്കളുടെ ഉപദേശം കേട്ട അവര്‍ തങ്ങളുടെ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞു.
പിന്നീടവര്‍ നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിനോട് പകരം ചോദിക്കണമെന്ന ഉദ്ദേശ്യത്തോടെ നിലമ്പൂരിലേക്ക് പോയി. അവര്‍ എടവണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് തോക്കുകള്‍ കരസ്ഥമാക്കി. വഴിയിലാരെയും അവര്‍ ഉപദ്രവിച്ചിരുന്നില്ല.
കോവിലകത്തെത്തിയപ്പോള്‍ പടിക്കല്‍ കാവല്‍ നിന്നിരുന്നവര്‍ വെടിവെച്ചു. കാവല്‍ക്കാരില്‍ കുറേ മാപ്പിളമാര്‍ ഉണ്ടായിരുന്നുവെന്നതിനാല്‍ തമ്പുരാന് മാപ്പിളമാരോടോ മാപ്പിളമാര്‍ക്ക് തമ്പുരാനോടോ സാമുദായിക വിദ്വേഷമുണ്ടായിരുന്നില്ല എന്നു മനസിലാക്കാമെന്ന് “മലബാര്‍ സമരം എംപി നാരായാണമേനോനും സഹപ്രവര്‍ത്തകരും’ എന്ന ഗ്രന്ഥത്തില്‍ പ്രൊഫ. എംപിഎസ് മേനോന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പൂക്കോട്ടൂര്‍ മാപ്പിളമാര്‍ക്ക് തമ്പുരാനോടുണ്ടായിരുന്ന പകക്ക് കാരണം തമ്പുരാന്റെ കുടിയാന്‍ ദ്രോഹവും വടക്കേ വീട്ടില്‍ മമ്മദിനെ കള്ളക്കേസില്‍ കുടുക്കിയതും മാത്രമായിരുന്നു. ആറാം തിരുമുൽവാട് സ്ഥലത്തില്ല എന്നു മനസിലാക്കിയ മാപ്പിളമാര്‍ അവിടെയുണ്ടായിരുന്ന രേഖകളും റിക്കാര്‍ഡുകളും നശിപ്പിച്ചു. കോവിലകത്തുണ്ടായിരുന്ന സ്ത്രീകളും കുട്ടികളടക്കമുള്ള ആരേയും അവര്‍ ഉപദ്രവിച്ചിരുന്നില്ല എന്ന് എംപിഎസ് മേനോന്‍ രേഖപ്പെടുത്തിയിട്ടൂണ്ട്.
തിരുരങ്ങാടി സംഭവത്തിനു ശേഷം മാപ്പിളമാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തീരുമാനിച്ചു. പട്ടാളക്കാര്‍ മലപ്പുറത്തേക്ക് വരുന്ന വിവരമറിഞ്ഞ് മാപ്പിളമാര്‍ വിവിധ ഭാഗങ്ങളില്‍ സംഘടിച്ചു. 1921 ആഗസ്റ്റ് 20ന് കണ്ണൂരില്‍ നിന്നും കോഴിക്കോട് വഴി ഒരു സംഘം പട്ടാളക്കാര്‍ പുറപ്പെട്ടിരിക്കുന്നു എന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പൂക്കോട്ടൂരില്‍ വിവരമറിയിച്ചു. വിവരം കിട്ടിയ ഉടന്‍ യുദ്ധകാഹളം മുഴങ്ങി ഒരുക്കങ്ങള്‍ തകൃതിയായി നടന്നു. വടക്കുവീട്ടില്‍ മമ്മദുവും കാരാട്ട് മൊയ്തീന്‍ കുട്ടി ഹാജിയും സജീവമായി നേതൃത്വം കൊടുത്തു. പൂക്കോട്ടൂര്‍ അംശക്കാര്‍ക്ക് പുറമേ പൊടിയാട്, മേല്‍മുറി, പുല്ലാര, വീമ്പൂര്‍, പാപ്പിനിപ്പാറ, മലപ്പുറം, ഇരുമ്പുഴി, ആനക്കയം, പന്തല്ലൂര്‍ മുതലായ പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ സംഘമായി പൂക്കോട്ടൂരില്‍ എത്തി. ആദ്യത്തെ പരിപാടി പട്ടാളത്തെ തടയാന്‍ പാലങ്ങള്‍ പൊളിക്കല്‍ ആയിരുന്നു. കോഴിക്കോട് മലപ്പുറം റോഡില്‍ നിരവധി സ്ഥലത്ത് പാലങ്ങള്‍ പൊളിച്ചുമരങ്ങള്‍ വെട്ടിയിട്ടും റോഡ് തടസങ്ങള്‍ ഉണ്ടാക്കി.
തന്നിമിത്തം പട്ടാളക്കാര്‍ക്ക് യാത്ര വളരെ വിഷമകരമായി തീര്‍ന്നു. എങ്കിലും 1921 ആഗസ്റ്റ് 25ന് പട്ടാളം അറവങ്കര എത്തി. അറവങ്കരയിലുള്ള പാലം പൊളിച്ചത് കാരണം അവര്‍ കൊണ്ടോട്ടിയിലേക്ക് മടങ്ങിപ്പോയി. ആഗസ്റ്റ് 26ന് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് സമര സന്നദ്ധരായ നാട്ടുകാര്‍ മുന്‍തീരുമാനപ്രകാരം പൂക്കോട്ടൂര്‍ പിലാക്കല്‍ എന്ന സ്ഥലത്ത് ഇടക്കുള്ള പാടത്തിന്റെ കരയിലും പിന്നെ കിഴക്കുഭാഗത്തുള്ള തോട്ടിലും വടക്കുകിഴക്കായി കൂട്ടിയിട്ടിരുന്ന മണല്‍ക്കൂനക്ക് പിന്നിലും മറഞ്ഞു പട്ടാളക്കാരെ കാത്തിരുന്നു. ചിങ്ങമാസത്തില്‍ കതിരുവരുന്ന നെല്‍ച്ചെടികളും മാപ്പിള യോദ്ധാക്കള്‍ക്ക് ഒളിച്ചിരിക്കാന്‍ സൗകര്യമായി. പട്ടാളത്തിന്റെ മുന്‍നിര പിലാക്കല്‍ എത്തുമ്പോള്‍ മുന്നിലെ ലോറിയുടെ ടയറില്‍ വെടി വെക്കാനും അതോടൊപ്പം നാലുഭാഗത്തുനിന്നും വളയാനുമായിരുന്നു പരിപാടി. പക്ഷേ അവസാനം എത്തിച്ചേര്‍ന്ന പറഞ്ചിരി കുഞ്ഞറമുട്ടിയും അയമുവും ഈ തീരുമാനം അറിഞ്ഞിരുന്നില്ല. ഇവര്‍ വടക്ക് കിഴക്ക് ഉണ്ടായിരുന്ന മണല്‍ക്കൂനക്ക് പിന്നിലാണ് ഇരുന്നിരുന്നത്. രണ്ടോ മൂന്നോ ലോറി പാടത്തേക്ക് കടന്നതോടെ കുഞ്ഞറമുട്ടി ലോറിക്ക് വെടിവെച്ചു. വെടി പൊട്ടിയതോടെ ലോറികള്‍ പിന്നോട്ടുപോയി. പൂക്കോട്ടൂര്‍ ഭാഗത്ത് നിര്‍ത്തി. പിന്നീട് പട്ടാളക്കാര്‍ ഇറങ്ങി പുക ബോംബെറിഞ്ഞു. ഇതോടെ ആകെ പുകമൂടി. സമരക്കാരുടെ പക്കല്‍ കുറച്ചു തോക്കുകളേ ഉണ്ടായിരുന്നുള്ളൂ. ഉള്ളത് നാടന്‍തോക്കുകളും പുക നിറഞ്ഞതോടെ മാപ്പിള യോദ്ധാക്കള്‍ക്ക് തങ്ങളുടെ തോക്കുകള്‍ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവര്‍ പട്ടാളത്തിന് പരമാവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. പട്ടാളക്കാര്‍ യന്ത്രത്തോക്കുകള്‍ റോഡില്‍ നിരത്തി. പുക അടങ്ങിയ ശേഷം പത്തോളം പട്ടാളക്കാര്‍ നിരായുധരായി പിലാക്കല്‍ ഭാഗത്തേക്ക് നടക്കാന്‍ തുടങ്ങി. തങ്ങളെ കുടുക്കാനുള്ള വഞ്ചനയാണെന്ന് അറിയാതെ പതിയിരുന്ന മാപ്പിളയോദ്ധാക്കള്‍ ഇവരെ പിടിക്കാന്‍ ആഞ്ഞടുത്തു.
അവരെ കണ്ടപാടെ പിന്നോട്ടോടി പട്ടാളക്കാര്‍ യാന്ത്രത്തോക്കിന്റെ പിന്നിലെത്തി. ഉടന്‍ യന്ത്രത്തോക്ക് പ്രവര്‍ത്തിപ്പിച്ചു. പിന്തുടര്‍ന്ന പടയാളികളെ എല്ലാവരെയും കൊല്ലുകയും ചെയ്തു. ഇത് രണ്ട് പ്രാവശ്യം ആവര്‍ത്തിച്ചു. പൂക്കോട്ടൂരില്‍ കൂടുതല്‍ മരണമുണ്ടായത് ഇങ്ങനെയാണ്. ആദ്യം വെടിവെച്ച കുഞ്ഞറമ്മുട്ടിയും അയമുവും കൈയിലുണ്ടായിരുന്ന നൂറില്‍പരം തിരകള്‍ തീര്‍ന്നശേഷം രക്തസാക്ഷികളായി. വടക്ക് വീട്ടില്‍ മമ്മദുവും യുദ്ധത്തില്‍ രക്തസാക്ഷിയായി. മണിക്കൂറിലധികം നീണ്ട യുദ്ധത്തില്‍ 257 പേര്‍ രക്തസാക്ഷികളായി എന്ന് വാമൊഴികളുടെ അടിസ്ഥാനത്തില്‍ കോയട്ടി മൗലവി 1949ല്‍ ഇറങ്ങിയ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിട്ടുണ്ട്. ഇവര്‍ക്കൊക്കെ നെഞ്ചിനാണ് വെടി കൊണ്ടിരുന്നത്. മരണപ്പെട്ടവരില്‍ 60 പെരെ പട്ടാളക്കാര്‍ വലിച്ചിഴച്ച് ചെറുകാവില്‍ മൂസക്കുട്ടി എന്ന ആളുടെ പുരയില്‍ കൊണ്ടുപോയിട്ട് പുരക്ക് തീകൊടുത്തിരുന്നെങ്കിലും മയ്യിത്തുകള്‍ക്ക് കാര്യമായ കേടൊന്നും സംഭവിച്ചില്ല. ബ്രിട്ടീഷ് സൈന്യത്തിനും വന്‍നാശ നഷ്ടങ്ങളുണ്ടായതായി ബ്രിട്ടീഷ് രേഖകളില്‍ കാണുന്നു.
പൂക്കോട്ടൂര്‍ യുദ്ധം കഴിഞ്ഞ് നാലാം ദിവസം (1921 ആഗസ്റ്റ് 29ന്) അമേരിക്കയിലെ ന്യൂയോര്‍ക് സംസ്ഥാനത്തെ ബഫലോ നഗരത്തില്‍ നിന്നുള്ള “ബഫലോടൈംസ്’, പെന്‍സല്‍വേനിയ സംസ്ഥാനത്തെ യോര്‍കില്‍ നിന്നുള്ള “ദ യോര്‍ക് ഡെസ്പാച്’ പത്രങ്ങള്‍ ഒന്നാം പേജിലും മസാചൂസറ്റ്‌സ് തലസ്ഥാനമായ ബോസ്റ്റണില്‍ നിന്നുള്ള “ബോസ്റ്റണ്‍ ഗ്ലോബ്’ പത്രത്തിന്റെ രണ്ടാം പേജിലും പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രകാരം പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ഒട്ടെറെ യൂറോപ്യന്മാര്‍ കൊല്ലപ്പെട്ടതായും ലെയിന്‍സ്റ്റര്‍ റെജിമെന്റിലെ 70 പട്ടാളക്കാരെയും 17 ഇന്ത്യന്‍ പൊലീസുകാരെയും കാണാതായതായും വ്യക്തമാകുന്നു. പിറ്റേന്ന് (1921 ആഗസ്റ്റ് 30ന്) പെന്‍സല്‍വാനിയയിലെ വില്‍ക്‌സ് ബാരിയില്‍നിന്നിറങ്ങിയ “വില്‍ക്‌സ് ബാരി റെക്കോഡ്’ പത്രത്തിന്റെ ഒന്നാം പേജിലും സമാനമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം, ആഗസ്റ്റ് 31ന്ആസ്‌ട്രേലിയയിലെ സിഡ്‌നിയില്‍നിന്നുള്ള “സിഡ്‌നിമോണിങ് ഹെറാള്‍ഡ്’ പത്രം ബ്രിട്ടീഷ് ഔദ്യോഗിക ഭാഷ്യമനുസരിച്ച് എഎസ്പി ലങ്കാസ്റ്റര്‍ ഉള്‍പ്പെടെ രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
നാലു ദിവസം കൊണ്ടാണ് മയ്യിത്ത് മറവുചെയ്തതെന്ന് പാലക്കന്‍ കുഞ്ഞാലന്‍കുട്ടി ഹാജി ഓര്‍ക്കുന്നുണ്ട്. (1996 ല്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്) 258 പേരെ അന്നുതന്നെ പൂക്കോട്ടൂരിലും പിലാക്കലിലുമായി മറവു ചെയ്തു. ആഗസ്റ്റ് 27-ാം തീയതി രാവിലെ പൂക്കോട്ടൂരില്‍ ബ്രിട്ടീഷുകാര്‍ വന്നപ്പോള്‍ കണ്ടത്, ഉപേക്ഷിച്ചുപോയ അവരുടെ മോട്ടോര്‍ വാഹനങ്ങളും മറ്റും തീയിട്ട് നശിപ്പിച്ചതാണ്. യുദ്ധഭൂമിയില്‍ ബ്രിട്ടീഷുകാരുടെ അടയാളങ്ങള്‍ പോലും ബാക്കിവെക്കാന്‍ ജീവിച്ചിരുന്നവര്‍ തയാറായില്ല. യുദ്ധം കഴിഞ്ഞ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചുപോകാന്‍ കഴിയാത്തവിധത്തില്‍ വഴിയില്‍ മാപ്പിളമാര്‍ അവര്‍ക്ക് തടസങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നും രേഖകളില്‍ കാണാം.
ഇതിനുശേഷം കൊല്ലപ്പറമ്പില്‍ അബ്ദുഹാജിയുടെയും മറ്റും നേതൃത്വത്തില്‍ പാലാമല, കോട്ടമല, പോത്ത് വെട്ടിപ്പാറ എന്നീ സ്ഥലങ്ങളിലും പട്ടാളക്കാരെ പ്രതിരോധിച്ചു. മഞ്ചേരി ഭാഗത്തുനിന്നും വള്ളുവമ്പ്രത്തേക്ക് പട്ടാളം വരുന്നുണ്ടെന്ന് അറിഞ്ഞു. വായിലാറ എന്ന സ്ഥലത്തേക്ക് അബ്ദു ഹാജിയും സംഘവും എത്തുകയും അവിടെ പട്ടാളക്കാരുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇതിന്റെ ഫലമായി കൊല്ലപ്പറമ്പല്‍ വടക്കീല്‍ മമ്മൂ, മണക്കോടന്‍ അഹമ്മദ് എന്നിവരടക്കം നാലു പേര്‍ മരണപ്പെട്ടു. പരിക്കുപറ്റിയ കോണോംപാറക്കാരനായ ഒരാളെ പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോയി.
പിറ്റേദിവസം മലപ്പുറത്തു നിന്നും ഒരു സംഘം പട്ടാളം മേല്‍മുറി കോണോംപാറയില്‍ എത്തി ആലി അധികാരിയുടെ സഹായത്തോടെ വീടുകള്‍ കൈയേറുകയും കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയും ചെയ്തു. ഈ നരനായാട്ടില്‍ രണ്ട് സ്ത്രീകളടക്കം 88 പേര്‍ മരിക്കുകയുണ്ടായി 100 വീടുകള്‍ അഗ്‌നിക്കിരയാക്കി.
മോങ്ങം കൊണ്ടോട്ടി റോഡില്‍ സഞ്ചരിച്ചിരുന്ന പട്ടാളക്കാരുമായി പോത്ത് വെട്ടപ്പാറയില്‍ വെച്ച് ഏറ്റുമുട്ടിയ മാപ്പിള സേനകളില്‍ 16 പേര്‍ മരണപ്പെട്ടു. ഇവിടെ പട്ടാളക്കാര്‍ പിന്‍ഭാഗത്ത് കൂടി വന്നാണ് മുസ്‌ലിംകളെ വെടിവെച്ചത്. ഈ സംഭവത്തിനുശേഷം പാപ്പിനിപുറത്തുവച്ച് പട്ടാളക്കാര്‍ നരനായാട്ട് നടത്തിയതിന്റെ ഫലമായി 13 പേര്‍ മരിക്കുകയും ഒട്ടേറെ വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. ഇതോടെ യുദ്ധം ഏതാണ്ട് കെട്ടടങ്ങി. പിന്നീട് നടന്നത് പട്ടാളക്കാരുടെ അഴിഞ്ഞാട്ടം ആയിരുന്നു. എല്ലാ സ്ഥലങ്ങളിലും വീടുകള്‍ അവര്‍ കൊള്ള ചെയ്തു. അറവങ്കര പൂക്കോട്ടൂര്‍ വരെയുള്ള 300 ഓളം വീടുകള്‍ അഗ്‌നിക്കിരയാക്കി. കണ്ണില്‍ കണ്ടവരെയെല്ലാം വെടിവെക്കുകയോ പിടിച്ചു കൊണ്ടുപോവുകയോ ചെയ്തു. പിടിച്ചുകൊണ്ടുപോയവരില്‍ ചിലരെ അന്തമാനിലേക്ക് നാടുകടത്തി. കുറേ പേരെ തൂക്കിക്കൊന്നു. ഏതാനും പേരെ ബെല്ലാരി, സേലം, തൃഷ്ണപള്ളി, ജയിലുകളിലേക്ക് അയച്ചു. മലബാറിലെ സ്വാതന്ത്ര്യ സമരപോരട്ടങ്ങളില്‍ തുടക്കം തൊട്ട് അവസാനം വരെ ബ്രിട്ടീഷ് വാഴ്ചയോടുള്ള അടങ്ങാത്ത അമര്‍ഷവും അവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കി നാടിന് സ്വാതന്ത്രയാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു എന്നുള്ളതിനു യാതൊരു സംശയവും ഇല്ല.
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ അധ്യായങ്ങളിലൊന്നാണ് 1921. ആഗസ്റ്റ് 26ലെ പൂക്കോട്ടൂര്‍ യുദ്ധം. മലബാര്‍സമരങ്ങളിലെ പോരാളികളുടെ പേരുകള്‍ മറക്കാന്‍ സാധിക്കില്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ധീരദേശാഭിമാനികളുടെ ഓര്‍മകള്‍ മരിക്കുന്നില്ല ■

Share this article

About ശാഹിദ് ഫാളിലി കൊന്നോല

Shahidkonnola786@gmail.com

View all posts by ശാഹിദ് ഫാളിലി കൊന്നോല →

Leave a Reply

Your email address will not be published. Required fields are marked *