ഈ വേവുന്നത് ഹലാലോ ഹറാമോ?

Reading Time: 2 minutes

മലയാളി മുസ്‌ലിം സമൂഹം ആര്‍ക്കും അപരിചിതമായ ദുരൂഹ ഘടനയല്ല. അവരുടെ പ്രധാന കാര്യങ്ങളും രീതികളും അവസ്ഥകളും ഇതരസമൂഹങ്ങള്‍ക്കും ആദരണീയമാണ്. ബാങ്കുകളില്‍ പലിശ ചേരാത്ത അക്കൗണ്ടുകള്‍ തുടങ്ങിയത് മുസ്‌ലിംകളെ ഉദ്ദേശിച്ചാണ്. അനര്‍ഹമായതെന്തും മുസ്‌ലിംകള്‍ക്ക് ഹറാമാണ് എന്നറിയാത്തവരുണ്ടോ ഇതര സമൂഹങ്ങളില്‍. ഇല്ല. ഉണ്ടെങ്കില്‍ അത്തരക്കാരുള്ളത് മണ്ണിലിറങ്ങാതെ സോഷ്യല്‍ മീഡിയയില്‍ മാത്രമിരിക്കുന്നവരുടെ കൂട്ടത്തിലാണ്. ഷൈജി എന്റെ വീട്ടില്‍ കുറിചേര്‍ക്കാന്‍ വരുന്ന ചേച്ചിയാണ്. പലിശ ചേരാത്ത കുറിയും കൊണ്ടേ ഷൈജി വരൂ. കുറി തുടങ്ങി തീര്‍ക്കാനൊരുങ്ങുമ്പോള്‍ ഷൈജിക്ക് ഒരു സര്‍വീസ് ചാര്‍ജുണ്ട്. അതുതന്നെ പൊരുത്തപ്പെട്ട് കൊടുത്താലേ ഷൈജിക്ക് വേണ്ടതുള്ളൂ. ഇല്ലെങ്കില്‍ വേണ്ട. പൊരുത്തപ്പെടാതെ ശാപം നിറഞ്ഞ പണം കിട്ടിയിട്ട് നമുക്കെന്താ. അത് മക്കളെ വയറ്റിലാകില്ലേ-ഒരു വിശ്വാസിയായ സ്ത്രീയുടെ ഉത്കണ്ഠയാണ് ഷൈജിക്ക്. ഇതവര്‍ക്ക് എവിടെ നിന്ന് കിട്ടിയതാണ്. അത് മുസ്‌ലിം സമൂഹത്തോട് ചേര്‍ന്നു നിന്നപ്പോഴുണ്ടായ ഗുണാത്മകമാറ്റമാണ്. ബോധമാണ്. രാജ്യത്തൊട്ടാകെ ബാങ്കുകളില്‍ മുസ്‌ലിംകള്‍ ഉപേക്ഷിച്ച് പോകുന്ന പലിശപ്പണം റിസര്‍വ് ബാങ്കിന്റെ പ്രത്യേക പരിരക്ഷയുള്ള അക്കൗണ്ടാണ്. മുസ്‌ലിംകളുടെ ഹലാല്‍ ഹറാം വീക്ഷണങ്ങളുടെ വിശ്വാസ്യതയും ശുദ്ധിയും അതിന്റെ ശാശ്വത സമാധാനവും അറിഞ്ഞതിന്റെയും അനുഭവിച്ചതിന്റെയും പ്രതിഫലനമാണത്. ഹലാല്‍ ഹറാമുകള്‍ വാളെടുത്ത് പഠിപ്പിച്ചതല്ല ഇവിടെ എന്നോര്‍ക്കുക. മലബാറിൽ ഹിന്ദു വീടുകളിലെ കല്യാണത്തിനൊക്കെ മുസ്‌ലിംകളുടെ ഹലാലും ഹറാമും നോക്കിയാണ് കാര്യങ്ങള്‍ നടത്തുക. ഹലാല്‍ രീതിയില്‍ ബിസ്മി ചൊല്ലി കോഴിയെ അറുത്ത് മുസ്‌ലിം പാചകക്കാരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കും. ഇതും വാളെടുത്ത്, തോക്കെടുത്ത് ചെയ്യിക്കുന്നതല്ല. അവര്‍ ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. അത് ആദരവാണ്. നല്ല രീതിയാണ് എന്ന് കണ്ട് അവര്‍ അനുവര്‍ത്തിക്കുന്നതാണ്. മുസ്‌ലിം വീടുകളില്‍ ആണ്ടറുതികള്‍ക്ക് വരുന്ന ഇതര സമൂഹങ്ങളുണ്ട്. അവര്‍ക്ക് വീട്ടില്‍ ഭക്ഷണം കഴിക്കാനില്ലാഞ്ഞിട്ടോ ഉടുക്കാനില്ലാതായിട്ടോ അല്ല ഈ വരവ്. മുസ്‌ലിംകള്‍ക്ക് അതിഷ്ടമാണ് എന്നവര്‍ക്കറിയാം. മുസ്‌ലിംകള്‍ക്ക് അന്ന് ദാനം പുണ്യമാണെന്നറിയാം. അന്നവര്‍ വരും. ചീര്ണി വാങ്ങി ലോഹ്യം പറഞ്ഞ് പോകും. ആ വീട്ടിലെ ഏതാണ്ടെല്ലാ അംഗങ്ങളും അന്നവിടെ ഉണ്ടാകും. എല്ലാവരുമായും അവര്‍ സംസാരിക്കും. വിവരങ്ങള്‍ ചോദിച്ചറിയും. ആ സമയത്ത് ബാങ്ക് വിളിച്ചാല്‍ അവരും സംസാരം നിര്‍ത്തും. ദൈവകൃപ അവരും ആഗ്രഹിക്കുന്നു. അന്യോന്യം ആദരിക്കുന്നത് ഒരു കുഴപ്പമില്ലാതാക്കാനോ വലിയ മര്യാദക്കാരനാണ് എന്ന കീര്‍ത്തി കിട്ടാനോ അല്ല. അത് കറയറ്റ സ്‌നേഹമാണ്. ബാങ്കില്‍ വാഴ്ത്തപ്പെടുന്ന ദൈവത്തിന്റെ കൃപാകടാക്ഷം മോഹിച്ചാണ്. സ്‌നേഹമുള്ള സമൂഹത്തില്‍ ജീവിക്കുമ്പഴേ ഇതൊക്കെ അറിയാനാകൂ. പാതിരാ പ്രഭാഷണങ്ങളുണ്ടായിരുന്നു പാരമ്പര്യ മുസ്‌ലിംസമൂഹത്തില്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വമ്പിച്ച മതപ്രസംഗ പരമ്പരകള്‍. അവയിലേക്ക് ലേലം ചെയ്യാന്‍ കോഴികള്‍, കോഴിമുട്ടകള്‍, ബിസ്‌കറ്റ്പാക്കുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ അങ്ങനെ പലതും വരും. സംഘാടകരുടെ കൗണ്ടറിലെ മേശപ്പുറത്ത് ലേല വസ്തുക്കളുടെ കൂമ്പാരം കാണാം. ഇതില്‍ നല്ലൊരു ഭാഗം ലേലവസ്തുക്കള്‍ ഇതര സമൂഹങ്ങളില്‍ നിന്നുള്ളതാണ്. കണ്ണന്‍കുട്ടിയും ഗോപാലനും ചിരുതയും കൊണ്ടുവന്നത്. പള്ളിയോ മദ്‌റസയോ നിര്‍മിക്കാനുള്ള ധനശേഖരണാര്‍ഥം നടത്തുന്ന ഈ പരിപാടികളില്‍ വരുന്ന ഇത്തരം ഇതര സമൂഹ പങ്കാളിത്തം മുസ്‌ലിം സമൂഹത്തിന്റെ രീതികളോട് ഒത്തിരിക്കാന്‍ ഇതര സമൂഹങ്ങള്‍ കാണിക്കുന്ന താത്പര്യമാണ്. വ്യഭിചാരം, മദ്യപാനം, പലിശ തുടങ്ങി ഇസ്‌ലാമില്‍ നിഷിദ്ധം (ഹറാം) അല്ലാത്ത കാര്യങ്ങളെയാണ് പൊതുവില്‍ ഹലാല്‍ എന്ന് വ്യവഹരിക്കുന്നത്. ഹറാം ചെയ്താല്‍ പരലോകശിക്ഷ ഉറപ്പാണ്. ഒഴിവാക്കിയാല്‍ പ്രതിഫലവും ഉറപ്പാണ്. അറിഞ്ഞ് കൊണ്ട് ചെയ്താലേ ഹറാം ശിക്ഷാര്‍ഹമാകുന്നുള്ളൂ. ദൈവേഛയോര്‍ത്ത് ഒഴിവാക്കുമ്പഴേ ഹറാം നിരസിക്കുന്നതിന്റെ പ്രതിഫലം ഉറപ്പാകുന്നുള്ളൂ. നല്ലത് ചെയ്യുമ്പോഴും നിഷിദ്ധം വെടിയുമ്പോഴും ദൈവേഛയോടൊപ്പം നില്‍ക്കാന്‍ ബാധ്യസ്ഥനാണ് താന്‍ എന്ന ബോധ്യത്തില്‍ നിലപാടെടുക്കുമ്പഴേ അത് പ്രതിഫലാര്‍ഹമാകുന്നുള്ളൂ. നല്ലത് – ഹലാല്‍ ചെയ്യുമ്പോഴും ചീത്ത – ഹറാം വെടിയുമ്പോഴും സ്വമനസാലെയാണ് ഒരാള്‍ ദൈവേഛയോടൊപ്പം നിന്നതെങ്കില്‍ അത് പ്രതിഫലാര്‍ഹമാണ്. മനസില്ലാതെ സമ്മര്‍ദത്താലോ ജനകീര്‍ത്തി ലക്ഷ്യമിട്ടോ ആണ് ഒരാള്‍ നല്ലതിനോടും ചീത്തയോടും നിലപാടെടുക്കുന്നതെങ്കില്‍ അത് പ്രതിഫലാര്‍ഹമല്ല. മുസ്‌ലിം സമൂഹത്തെ അടുത്ത് നിന്ന് വീക്ഷിക്കുന്നവര്‍ക്ക് /കണ്ടവര്‍ക്ക് ഇതിന്റെ ആത്മാര്‍ഥത ഏറെ ബോധ്യപ്പെടും. അങ്ങനെയാണ് ഇതര സമൂഹങ്ങള്‍ മുസ്‌ലിം രീതികളോട്/നിലപാടുകളോട് എളുപ്പത്തില്‍ ഒത്ത് നില്‍ക്കാന്‍ ഉത്സുകരാകുന്നത്.
മുസ്‌ലിം സമൂഹത്തോടൊപ്പം ഇരിക്കാനുള്ള ഈ ആഗ്രഹങ്ങള്‍ പുതിയ തലമുറയിലും ഏറെ ദൃശ്യമാണ്. റമളാന്‍ നോമ്പെടുക്കുന്ന കൂടുതല്‍ അമുസ്‌ലിം കൂട്ടുകാര്‍ ഇപ്പോള്‍ പൊതു വിദ്യാലയങ്ങളിലെയും കലാലയങ്ങളിലേയും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കുണ്ട്. ഹലാല്‍ തിന്നണം. ഹലാല്‍ വില്പന നടത്തണം. ഹലാല്‍ ഉപയോഗിക്കണം എന്ന തോന്നല്‍ അമുസ്‌ലിം സമൂഹങ്ങളില്‍ ശക്തമാണ്. ആല്‍ക്കഹോള്‍ ചേരാത്ത പെര്‍ഫ്യൂംസ്, പന്നിയിറച്ചിയില്ലാത്ത ഭോജനശാല, മദ്യം വിളമ്പാത്ത ഹോട്ടല്‍ എന്നിവയൊന്നും മുസ്‌ലിം നിര്‍ബന്ധത്താല്‍ വരുന്നതല്ല. ഒരു സൊസൈറ്റിയില്‍ ജീവിക്കുമ്പോള്‍, വ്യവഹാരം നടത്തുമ്പോള്‍, അവിടെ ജീവിക്കുന്നവരുടെ കൂടി നിലപാടുകളെ വിലമതിക്കുന്നതാണിത്. അതു മാത്രമല്ല, റമളാന്‍ വ്രതത്തിന്റെയൊക്കെ കാര്യമെടുക്കുമ്പോള്‍ മുസ്‌ലിംകളോട് താദാത്മ്യപ്പെടുക എന്നതില്‍ കവിഞ്ഞ് ആത്മീയ സാധനയും ആത്മീയ ശാന്തതയും മറ്റ് സമൂഹങ്ങള്‍ അതില്‍ കാണുന്നുണ്ട്. പലപ്പോഴും ഇതര സമൂഹത്തില്‍ നിന്നുള്ള നല്ല കൂട്ടുകാര്‍ ഹലാല്‍ ഹറാമുകളെക്കുറിച്ച് മുസ്‌ലിം സുഹൃത്തുക്കളെ ഓര്‍മപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ പോലുമുണ്ട്. ഒരു പാർട്ടിയില്‍ പങ്കുകൊള്ളുമ്പോള്‍ അവിടെ മദ്യം വിളമ്പുന്നുണ്ടെങ്കില്‍ മുസ്‌ലിം സുഹൃത്ത് ഇരിക്കുന്ന വട്ടത്തില്‍ മദ്യം വിളമ്പുന്നത് ഒഴിവാക്കാന്‍ അമുസ്‌ലിം സുഹൃത്തുക്കള്‍ കാണിക്കുന്ന ശുഷ്‌കാന്തിയെ എത്ര വണങ്ങിയാലും മതിയാകില്ല. ഈ നിലയില്‍ നമ്മുടെ ബഹുസ്വര സമൂഹത്തില്‍ മുസ്‌ലിം രീതികളോട് ചിട്ടകളോട് അകൈതവമായ ആദരവ് നിലനില്‍ക്കുന്നുണ്ട്.
മുസ്‌ലിം ജീവിതത്തിന്റെ ജൈവ താളമാണ് അതിനെ മറ്റുള്ള സമൂഹങ്ങള്‍ക്ക് പ്രാപ്യമാക്കിയത്.
പുലര്‍ക്കാലത്തിന് മുമ്പേ തുടങ്ങുന്നു മുസ്‌ലിം ജീവിതത്തിന്റെ മൃദുമന്ത്രണം. അഗാധ നിദ്രയുടെ അചിന്ത്യമായ ലഹരിയില്‍ ലോകം മുങ്ങിത്താഴുമ്പോഴാണ് മുസ്‌ലിം വിശ്വാസി അടുത്ത ദിവസത്തിലേക്ക് സ്‌ത്രോത്ര മന്ത്രണങ്ങളോടെ ഉണരുന്നത്.
ഉണര്‍ന്ന ഉടനെ കൈ വൃത്തിയാക്കുന്നു. നാമിപ്പോള്‍ ആളുകളെക്കൊണ്ട് ഇടക്കിടെ കൈ കഴുകിക്കാന്‍ പണമിറക്കി പരസ്യം ചെയ്യുമ്പോഴാണ് മുസ്‌ലിം ജീവിതത്തിന്റെ ജൈവതാളത്തില്‍ ഈ കൈകഴുകല്‍ ചിരപുരാതനമായ ആചാരവിശേഷമായി തലമുറകളിലേക്ക് ഒഴുകുന്നത്. സമൂഹോപരിതലത്തെ ഇളക്കിമറിക്കുന്ന ഏതുതരം ഭൂകമ്പങ്ങളുണ്ടായാലും ഒരന്തര്‍ധാരയായി ഈ ജൈവതാളം എപ്പോഴുമുണ്ടാകും. സ്വഛമായ ഒരരുവി പോലെ ഇത് വിശ്വാസികളെയും അവരോടടുത്ത് നില്‍ക്കുന്ന ഇതര സമൂഹങ്ങളെയും തഴുകി ഈ മണ്ണിന്റെ ധമനികളെ സചേതനമാക്കുന്നുണ്ട്. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ലക്ഷ്യമിട്ട് വരുന്ന എല്ലാതരം വെല്ലുവിളികള്‍ക്കുമിടയില്‍ അതിനെ വീഴാതെ നിലനിര്‍ത്തുന്ന ജൈവതാളമാണിത്.
ഒരിളം തണ്ടുള്ള ചെടി പോലെയാണ് ഇസ്‌ലാമിന്റെ ഈ ജൈവതാളം. ഇളം കാറ്റുകളിലും കൊടുങ്കാറ്റിലും അത് നൃത്തമാടും. ഒടിഞ്ഞു വീഴില്ല. അതൊടിഞ്ഞു വീഴുമോ എന്ന് തോന്നുമാറ് ഉലയും. കാറ്റ് നിലച്ചാല്‍ അത് പിന്നെയും നിവര്‍ന്നു നില്‍ക്കും; വിനയപുരസ്സരം. അന്ത്യ പ്രവാചകന്റെ ഉപമയാണിത് ■

Share this article

About ടി കെ അലി അഷ്റഫ്

aliasraftk@gmail.com

View all posts by ടി കെ അലി അഷ്റഫ് →

Leave a Reply

Your email address will not be published. Required fields are marked *