മടങ്ങിവരുന്നവരെയും കാത്ത് ഒരു നഗരം

Reading Time: 5 minutes

ഓഗസ്റ്റ് 25 ബുധനാഴ്ച പുലര്‍ച്ച അഞ്ചരക്കാണ് മര്‍കസ് നോളജ് സിറ്റിയില്‍ എത്തുന്നത്. പ്രധാന കവാടം കടന്ന് നേരെ സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോയി. വുളൂഅ് എടുത്ത് വന്നപ്പോഴേക്കും അവസാനത്തെ റക്അത്തില്‍ എത്തിയിരുന്നു. നോളജ് സിറ്റിയുടെ മാനേജിങ് ഡയറക്ടറും ഗുരുവുമായ ഡോ. അബ്ദുല്‍ഹകീം അസ്ഹരി തന്നെയാണ് പ്രാര്‍ഥനക്ക് നേതൃത്വം. ജമാഅത്ത് നിസ്‌കാരത്തിന് നോളജ് സിറ്റിയില്‍ താമസമാക്കിയ നിരവധി പേരുണ്ട്. എല്ലാവരും ഒരുമിച്ച് പ്രഭാത നിസ്‌കാരം നിര്‍വഹിച്ചു. ശേഷം കൂടിയിരുന്ന് ഖുര്‍ആന്‍ പാരായണവും നടത്തി. പ്രാര്‍ഥനകള്‍ക്ക് ശേഷം പുറത്തിറങ്ങി. ജമാഅത്തിന് വന്നവര്‍ എല്ലാവരും നടക്കാനുള്ള ഒരുക്കത്തിലാണ്. രണ്ട്, മൂന്ന് ആളുകളുള്ള ചെറിയ സംഘങ്ങളായി തിരിഞ്ഞ് എല്ലാവരും ഓരോ ഭാഗത്തേക്ക് നടക്കാനിറങ്ങി. ശരീഅ വിഭാഗത്തിലെ അധ്യാപകനായ സുഹൈല്‍ സഖാഫിയുടെ കൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് ഞാനും നടക്കാനിറങ്ങി. ചുറ്റിലും മനോഹരമായ വയനാടന്‍ മലനിരകള്‍. പച്ചപ്പ് നിറഞ്ഞ മലകള്‍ക്കിടയിലൂടെ ചെറിയ വെള്ളക്കെട്ടുകളുടെ കാഴ്ച അതിമനോഹരമാണ്. നല്ല തണുത്ത പ്രഭാതം. മഞ്ഞ് പുതച്ചുറങ്ങുന്ന മലകള്‍ക്കിടയിലാണ് ഈ മഹത്തായ നഗരം നിലകൊള്ളുന്നത്. പലരും ഇവിടെ വന്ന് താമസം തുടങ്ങിയിട്ടുണ്ട്. അതിലേറെയും പ്രവാസ ജീവിതം അവസാനിപ്പിച്ച് കുടുംബവുമായി മാറിത്താമസിക്കുന്നവരാണ്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാന്‍, മികച്ച ആരോഗ്യജീവിതം നയിക്കാന്‍ തുടങ്ങിയ ഉദ്ദേശ്യത്തില്‍ വന്നവരുണ്ട്. പ്രഭാത നിസ്‌കാരവും നടത്തവും കഴിഞ്ഞപ്പോള്‍ തോന്നിയത്, ഉപരി സൂപിച്ചിപ്പ കാര്യങ്ങളേക്കാള്‍ ഏറ്റവും ആകര്‍ഷണീയത പശ്ചിമഘട്ടത്തിന്റെ മഞ്ഞ് പുതപ്പിനിടയിലൂടെ ശുദ്ധവായു ശ്വസിച്ചുള്ള ഈ പ്രഭാതത്തിനായിരിക്കും എന്നാണ്. ഉള്ള് തണുക്കുന്ന ഒരു സന്തോഷകരമായ ദിവസത്തെ ഹൃദയം തുറന്ന് ആരംഭിക്കാനുള്ള ആവാസ വ്യവസ്ഥയാണ് കോഴിക്കോട് നഗരത്തിലെ മര്‍കസ് നോളജ് സിറ്റി എന്ന വിജ്ഞാന നഗരത്തിനുള്ളത് എന്ന് പൂര്‍ണമായും ഈ പ്രഭാതത്തോടെ ബോധ്യമായി.
ഡോ. അസ്ഹരി ഉസ്താദും പ്രഭാത നടത്തം കഴിഞ്ഞിട്ടുണ്ട്. രാവിലത്തെ വ്യായാമവും ശുദ്ധിയാകലുമാണ് അടുത്തത്. എല്ലാം കഴിഞ്ഞ ശേഷം മുറിയിലേക്ക് കടന്നു. സലാം പറഞ്ഞ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. സമയം ഏകദേശം 7:30 ആയിട്ടുണ്ട്. 7:45 ആകുമ്പോഴേക്കും മര്‍കസിന്റെ ആവശ്യാര്‍ഥം തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലേക്ക് പോകാനുണ്ട്. നോളജ് സിറ്റിയിലെ ഇസ്‌ലാമിക പഠനകേന്ദ്രമായ വിറാസിന്റെ മൂന്നാം നിലയിലാണ് മുറി. മുറിയില്‍ നിന്ന് ഉസ്താദിന്റെ കൂടെ താഴേക്ക് നടന്നു. പ്രാതല്‍ തയാറായിട്ടുണ്ട്. പ്രാതലിന്റെ സമയത്ത് സംസാരിക്കാമെന്ന് തീരുമാനിച്ചു. ഇറച്ചിയും പുട്ടും ചായയും ഉണ്ട്. കൂടെ ഒരല്‍പം കഞ്ഞിയും. അവിടത്തെ മൊത്തം പ്രാതല്‍ ആണ്. ഓരോ നേരത്തെ ഭക്ഷണവും കൃത്യമായ ആരോഗ്യ പരിപാലനത്തിനുതകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ചായയിലോ കാപ്പിയിലോ പഞ്ചാസര ഉണ്ടാകില്ല. നോളജ് സിറ്റിയിലെ തന്നെ വിദഗ്ധരായ ആരോഗ്യപരിശീലകര്‍ നിര്‍ദേശിക്കുന്ന ഭക്ഷണമാണ് മിക്കതും. അതുകൊണ്ട് തന്നെ കൃത്യമായ ആരോഗ്യജീവിതം ചിട്ടപ്പെടുത്താന്‍ സാധിക്കും. ഉസ്താദിനോട് പ്രവാസ ലോകത്തുള്ള ആശങ്കകളെക്കുറിച്ചും മര്‍കസ് നോളജ് സിറ്റി പ്രവാസികള്‍ക്ക് നല്‍കുന്ന സാധ്യതകളെക്കുറിച്ചും സംവദിച്ചു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരുപാട് ആശ്വാസങ്ങളും ശുഭപ്രതീക്ഷകളുമുണ്ടെന്ന് തോന്നി.
ഉസ്താദ് പറഞ്ഞു തുടങ്ങി: ‘പ്രവാസികളാണ് ഈ നഗരം നിര്‍മിക്കുന്നത്. അവരുടെ വിയര്‍പ്പിന്റെ അംശം ഇതിന്റെ ഓരോ ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ നഗരത്തിലേക്ക് അവരെ പ്രത്യേകമായി സ്വാഗതം ചെയ്യേണ്ട കാര്യമില്ല. ഇതിന്റെ വാതിലുകള്‍ അവര്‍ക്കു മുമ്പില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. തൊഴില്‍, സംരംഭകത്വം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ നിരവധി മേഖലകളില്‍ ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍ പ്രവാസികള്‍ ഭാഗഭാക്കായിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ഉന്നത സ്ഥാപനങ്ങളിലും സര്‍ക്കാറുകളിലും ജോലി ചെയ്തിരുന്ന നിരവധി പേര്‍ ഇന്ന് മര്‍കസ് നോളജ് സിറ്റിയുടെ വളര്‍ച്ചക്കായി കൂട്ടായിട്ടുണ്ട്. ഇതിന്റെ സിഇഒ ഡോ. അബ്ദുല്‍സലാം, സിഎഒ അഡ്വ. തന്‍വീര്‍ ഉമര്‍, ഫെസ് ഇന്‍ ഹോട്ടലിന്റെ എംഡി ശൗകത്തലി, അലിഫ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍ അലികുഞ്ഞി മൗലവി തുടങ്ങിയ നിരവധി പേര്‍ നിരവധി ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്തവരും സംരംഭങ്ങള്‍ നടത്തിയവരുമാണ്. ഇങ്ങനെ നിരവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ പ്രവാസം മതിയാക്കി ആളുകള്‍ ഇങ്ങോട്ട് വരുന്നുണ്ട്. നോളജ് സിറ്റിയില്‍ നിരവധി സാധ്യതകള്‍ ഇനിയുമുണ്ട്. നമ്മളുദ്ദേശിക്കുന്ന ഒരു ആവാസ വ്യവസ്ഥിതി ഇവിടെ രൂപപ്പെട്ടുവരാന്‍ ഇനിയും ഒരുപാട് പദ്ധതികള്‍ നമുക്ക് ആരംഭിക്കാനുമുണ്ട്. അത്തരം പദ്ധതികളിലേക്കായി പ്രവാസികള്‍ക്ക് തൊഴിലിനും സംരംഭകത്വത്തിനുമെല്ലാം ഇങ്ങോട്ട് വരാന്‍ സാധിക്കും. അതോടൊപ്പം തന്നെ ഇവിടെ സ്ഥിരതാമസമാക്കിയവരും അടുത്തായി ഇങ്ങോട്ട് കുടുംബസമേതം മാറാന്‍ കാത്തിരിക്കുന്നവരും ഒരുപാട് പേര്‍ ഉണ്ട്. അത്തരം ഉദ്ദേശ്യങ്ങള്‍ക്കും മര്‍കസ് നോളജ് സിറ്റി ഒരു വലിയ സാധ്യതയാണ്. ഇത്രയും മനോഹരമായ ഒരു അന്തരീക്ഷത്തില്‍ ശുദ്ധവായു ശ്വസിച്ച് നല്ല ഭക്ഷണവും നല്ല ആരോഗ്യവും മികച്ച ആത്മീയാന്തരീക്ഷവും ആസ്വദിച്ച് ഇവിടെ തന്നെ ജീവിതകാലം കഴിച്ചുകൂട്ടാം. മക്കള്‍ക്ക് ലോകോത്തര വിദ്യാഭ്യാസം നല്‍കാനും പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം മുതല്‍ ഉന്നത പഠന-ഗവേഷണ സ്ഥാപനങ്ങള്‍ വരെ നമുക്ക് ഇവിടെയുണ്ട്. ആരോഗ്യപരിപാലനത്തിന് മികച്ച ആതുരാലയങ്ങളുമുണ്ട്. മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദിന്റെ പണി പൂര്‍ത്താകുന്നതോടെ വലിയ മജ്‌ലിസുകള്‍ നടത്തുന്ന ഒരു കേന്ദ്രം കൂടിയായി ഇത് മാറും. ഇത്തരം നിരവധി പ്രതീക്ഷാവഹമായ കാര്യങ്ങള്‍ ഇവിടെയുണ്ട്.
മറ്റൊന്ന് ഇവിടത്തെ സംരംഭകത്വ സംവിധാനങ്ങളാണ്. ആരോഗ്യം, വിനോദം, സഞ്ചാരം, ശാസ്ത്ര സാങ്കേതികത്വം, ഭക്ഷണം തുടങ്ങിയ മേഖലകളില്‍ നിരവധി സംരംഭകത്വ അവസരങ്ങള്‍ നമുക്കുണ്ട്. അത്തരം സംരംഭങ്ങള്‍ക്കുള്ള പരിശീലനം, പുതിയ സംരംഭം ആരംഭിക്കാനുള്ള സാങ്കേതിക സഹായം എന്നിവ നല്‍കാന്‍ മര്‍കസ് നോളജ് സിറ്റിയില്‍ സംവിധാനങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ സംരംഭകത്വത്തിന് ആശങ്കകളുള്ളവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ മര്‍കസ് നോളജ് സിറ്റിയിലെ ആളുകള്‍ തയാറാണ്. അതായത്, ഇവിടെ നിന്ന് പുതിയ മേച്ചില്‍പുറങ്ങള്‍ തേടി പ്രവാസ ലോകത്തേക്ക് പോയവരുടെ തിരിച്ചുവരവും കാത്ത് ഇവിടെ ഒരു നഗരം കാത്തിരിക്കുന്നുണ്ട് എന്ന് ചുരുക്കം.
പ്രവാസ ലോകത്ത് നിരവധി ആശങ്കകള്‍ ബാക്കിയാണ്. തൊഴിലിലെയും വ്യവസായത്തിലെയും സ്ഥിരത തന്നെയാണ് പ്രാഥമികം. സന്തോഷകരമായ കുടുംബജീവിതം, ആരോഗ്യകരമായ ചുറ്റുപാടുകള്‍ എന്നിവയെല്ലാം മിക്ക പ്രവാസികള്‍ക്കും ഒരു സ്വപ്‌നമാണ്. വീടും നാടും കുടുംബവും വിട്ട് വര്‍ഷങ്ങളോളം കഷ്ടപ്പെട്ട് അധ്വാനിച്ച് സമ്പാദിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിലൂടെ ആസ്വദിക്കാന്‍ പലര്‍ക്കും കഴിയാറില്ല. ഈ പ്രതിസന്ധികള്‍ക്ക് മര്‍കസ് നോളജ് സിറ്റിയുടെ ജീവിത വീക്ഷണത്തില്‍ പരിഹാരങ്ങളുണ്ട് എന്നാണ് ഡോ. അസ്ഹരി ഉസ്താദ് പങ്കുവെച്ചത്.
പ്രാതല്‍ കഴിച്ച് ഉസ്താദ് കാറില്‍ കയറി യാത്ര തിരിച്ചു. പാത്രത്തില്‍ ബാക്കിയുള്ള പുട്ടും ചായയും നിലത്തിരുന്ന് തന്നെ ഭക്ഷിച്ചു. മറ്റൊരു കാര്യം. ഇവിടെ ഭക്ഷണം കഴിക്കാന്‍ മേശയും കസേരയുമില്ല. ആരോഗ്യകരമായ ഭക്ഷണശീലത്തില്‍ പെട്ടതാണത്രെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കല്‍. ചായയില്‍ മധുരമില്ല. പൊതുവെ പഞ്ചസാരയില്ലാത്ത ചായ ഒരിറക്ക് പോലും ഇറങ്ങാറില്ല. പക്ഷേ അതൊരു സംസ്‌കാരത്തിന്റെയും ശീലത്തിന്റെയും ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഉള്ളില്‍ നല്ല മധുരം!
2014ലാണ് ഡോ. അബ്ദുല്‍സലാം മര്‍കസ് നോളജ് സിറ്റിയുടെ സിഇഒ ആയി നിയമിതനാകുന്നത്. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനും, അറേബ്യന്‍ ഗള്‍ഫിലെ മക്ക, മദീന, അബൂദാബി, ദോഹ തുടങ്ങിയ നഗരങ്ങളുടെ പ്ലാനിങ് ഉപദേഷ്ടാവാവുമായിരുന്നു അദ്ദേഹം. ലോകോത്തരമായ നിരവധി സര്‍ക്കാര്‍, സര്‍ക്കാറേതര സ്ഥാപനങ്ങളുടെയും അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഡോ. സലാം തന്റെ ദീര്‍ഘമായ പ്രവാസം അവസാനിപ്പിച്ചാണ് മര്‍കസ് നോളജ് സിറ്റിയിലെത്തുന്നത്. ഇന്ന് ഈ പദ്ധതിയുടെ കടിഞ്ഞാണ്‍ വലിക്കുന്ന സുപ്രധാന വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. രണ്ട് പതിറ്റാണ്ടിലധികവും വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളില്‍ ഉന്നത പദവികളില്‍ ഇരുന്നതിന്റെ പരിചയസമ്പത്തും സാങ്കേതിക മികവും ധൈഷണിക കാഴ്ചപ്പാടുകളുമുള്ള അദ്ദേഹത്തെ കാണാനാണ് അടുത്തതായി ചെന്നത്. മര്‍കസ് നോളജ് സിറ്റിയുടെ സാധ്യതകളിലേക്ക് ഒരു പ്രവാസി ഒരുങ്ങേണ്ടതിന്റെ രീതികളെക്കുറിച്ചാണ് അദ്ദേഹം കൂടുതല്‍ സംസാരിച്ചത്. അതോടൊപ്പം തന്നെ മാറുന്ന കാലത്തെ പ്രവാസിയുടെ പരമ്പരാഗത ചിന്താബോധത്തില്‍ നിന്ന് എടുത്തു മാറ്റേണ്ട ചില തെറ്റിദ്ധാരണകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു:
“ദിവസവും മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തീര്‍ത്തും സ്വകാര്യമായ മേഖലയുടെ ആനുകൂല്യങ്ങള്‍ മാത്രം ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ നടക്കുന്ന ഈ പദ്ധതിയെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകള്‍ അദ്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയില്‍ 2004 മുതല്‍ സര്‍ക്കാറുകള്‍ തന്നെ സ്മാര്‍ട്ട്‌സിറ്റികള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇപ്പോഴും അത് യാഥാര്‍ഥ്യമായിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ന്യൂനപക്ഷ മുസ്‌ലിം വിഭാഗങ്ങളില്‍ നിന്ന് വളരെ ഇന്‍ക്ലൂസീവ് ആയ ഒരു വിഭാഗം സമഗ്ര വൈജ്ഞാനിക നഗരം എന്ന ആശയം ഉയര്‍ന്നുവരുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ മര്‍കസ് നോളജ് സിറ്റിയുമായി ബന്ധപ്പെട്ടിരുന്നു. അതില്‍ സര്‍ക്കാര്‍ പ്രതിനിധികളും സര്‍ക്കാറേതര പ്രതിനിധികളുമുണ്ട്. മര്‍കസ് നോളജ് സിറ്റി മാതൃകയില്‍ അവരുടെ നാട്ടിലും സംവിധാനങ്ങള്‍ ഒരുക്കാന്‍ സഹായിക്കണം എന്നതാണ് അവരുടെ ആവശ്യം. അവര്‍ എല്ലാവരും എല്ലാത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരെ ഏര്‍പെടുത്തിത്തരാനും സന്നദ്ധരായിട്ടുണ്ട്. പറഞ്ഞുവരുന്നത് ഇത്രയുമാണ്. മര്‍കസ് നോളജ് സിറ്റി എന്നത് സമാനതകളില്ലാത്ത ഒരു യാഥാര്‍ഥ്യമാണ്. ലോകം മുഴുവന്‍ നോളജ് സിറ്റിയിലേക്ക് വളരെ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പക്ഷേ ഇനിയും ചില മേഖലകളിലേക്ക് നമുക്ക് കടന്നുചെല്ലാനായിട്ടില്ല. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട താഴേക്കിടയില്‍ നിന്നു സംരംഭകത്വം വികസിപ്പിക്കുക എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു കാര്യം. രണ്ട്, നൈപുണ്യമുള്ള പ്രഗദ്ഭരായ മാനുഷിക വിഭവങ്ങളുടെ വളര്‍ച്ചയും. ഈ രണ്ട് മേഖലകളിലും പ്രവാസികള്‍ക്ക് വലിയ പ്രതീക്ഷകളുണ്ട് എന്നതാണ് പറഞ്ഞുവരുന്നത്.
പ്രവാസികള്‍ പൊതുവെ കഠിനാധ്വാനശീലരാണ്. ഊണും ഉറക്കവുമൊഴിച്ച് ഏത് ജോലിയും ആത്മാര്‍ഥതയോടെ ചെയ്തുതീര്‍ക്കാനുള്ള അവരുടെ മിടുക്ക് അപാരമാണ്. ആ കഴിവ് തന്നെയാണ് പ്രാഥമിക ഘട്ടത്തില്‍ മര്‍കസ് നോളജ് സിറ്റിയുടെ പ്ലാനിങിലും നിര്‍മാണത്തിലും മുതല്‍കൂട്ടായത്.
നിരവധി തൊഴില്‍ സംരംഭകത്വ അവസരങ്ങള്‍ പ്രവാസികള്‍ക്കുണ്ട്. നൂറു ശതമാനം സ്വയംപര്യാപ്തത എന്നതാണ് നമ്മുടെ ലക്ഷ്യം. ഭക്ഷണം, പാര്‍പ്പിടം, വിനോദസഞ്ചാരം തുടങ്ങി ചെറുതും വലുതുമായ നിരവധി വ്യാവസായിക അവസരങ്ങള്‍ മര്‍കസ് നോളജ് സിറ്റിയില്‍ നേരിട്ടും അല്ലാതെയുമുണ്ട്. വിദേശത്ത് ജോലിയും സംരംഭകത്വവും പരിചയമുള്ളവര്‍ക്കാണ് നമ്മള്‍ മുന്‍തൂക്കം നല്‍കുന്നത്. അത് മാത്രമല്ല, നേരത്തെ സൂചിപ്പിച്ച പോലെ സമാനമായ നിരവധി പദ്ധതികള്‍ നമുക്കുണ്ട്. അതിലേക്കെല്ലാം അത്യാവശ്യമായത് വിദഗ്ധരായ തൊഴിലാളികളെയും സംരംഭകരെയുമാണ്. കേരളത്തിലെ സുന്നികള്‍ എന്നത് മുമ്പൊരു പ്രശസ്തനായ സംരംഭകന്‍ പറഞ്ഞതു പോലെ, ഒരു വലിയ “സ്വര്‍ണഖനിയാണ്’. അതിനെ നമ്മള്‍ തന്നെ അധികം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് സത്യം. മര്‍കസ് നോളജ് സിറ്റി തന്നെ ഒരു കളക്ടീവ് ആയിട്ടുള്ള പരിശ്രമമാണ്. ഒരു വലിയ നേതൃത്വത്തിനു മുന്നില്‍ ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന ഒരു സമ്പ്രദായത്തിന്റെ കൂട്ടായ പരിശ്രമമാണ് ഇതിന്റെ വിജയം.
അതുകൊണ്ടു തന്നെയാണ് മറ്റാരെക്കാളും കൂടുതല്‍ നമുക്ക് ഈ പദ്ധതി ഇത്രയും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത്. ഈ കൂട്ടായ്മയുടെ ഭാഗമാകാന്‍ പ്രവാസികള്‍ക്ക് മുമ്പില്‍ മര്‍കസ് നോളജ് സിറ്റിയുടെ കവാടങ്ങള്‍ എന്നും തുറന്നിട്ടിരിക്കുന്നതും. സംസാരത്തിനിടക്ക് പലരും അദ്ദേഹത്തിന്റെ റൂമിലേക്ക് കടന്നുവരുന്നുണ്ട്. മേശപ്പുറത്ത് വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ അപേക്ഷകളുണ്ട്. തിരക്കുകള്‍ക്കിടയിലും അദ്ദേഹം തന്റെ മുറിയിലുള്ള ഡിജിറ്റല്‍ ബോര്‍ഡില്‍ എല്ലാം വരച്ചുകാണിച്ചു തന്നു. അതിന്റെ വിശദമായ കാര്യങ്ങള്‍ മറ്റൊരവസരത്തില്‍ വിശദമായി എഴുതാം.
മര്‍കസ് നോളജ് സിറ്റിയിലെ ഫെസ് ഇന്‍ ഹോട്ടലിന്റെ മാനേജിങ് ഡയറക്ടറാണ് ശൗകത്തലി എം കെ. ദുബൈ ഭരണാധികാരിയുടെ പിആര്‍ഡി ഡിപാര്‍ട്‌മെന്റ്, യുഎഇയിലെ മലേഷ്യന്‍ കോണ്‍സുലേറ്റിന്റെ പ്രധാന തസ്തികയിലൊക്കെ പ്രവര്‍ത്തിച്ച് പരിചയമുള്ള അദ്ദേഹം മര്‍കസ് നോളജ് സിറ്റി പ്രൊജക്ടിന്റെ ജനറല്‍ മാനേജറായിട്ടാണ് പ്രവാസത്തില്‍ നിന്ന് തിരിച്ചുവരുന്നത്. ആറു വര്‍ഷം ആ പദവി തുടരുകയും, ശേഷം ഫെസ് ഇന്‍ ഹോട്ടല്‍ പ്രൊജക്ട് ഏറ്റെടുത്ത് നടത്തുകയുമായിരുന്നു. ഇന്ന് മര്‍കസ് നോളജ് സിറ്റിയിലുള്ള ഒരു പ്രധാന സംരംഭകനാണ് ശൗകത്തലി. ഹോട്ടലിനു പുറമെ നിരവധി പദ്ധതികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഒരുക്കുന്നുണ്ട്. ഇതിലെ കൗതുകകരമായ ഒരു കാര്യം എന്തെന്നാല്‍ ഈ പദ്ധതികളിലെ നല്ലൊരു ശതമാനം ആളുകളും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുവന്നവരാണ് എന്നതാണ്. തന്റെ സംരംഭകത്വ അനുഭവത്തിലേക്ക് അദ്ദേഹം വെളിച്ചം വീശുന്നത് ഇങ്ങനെയാണ്:
“ആദ്യത്തെ ആറു വര്‍ഷം ഒരു അച്ചടക്കമുള്ള ജോലിക്കാരനായിട്ടാണ് ഞാനിവിടെ ഉണ്ടായിരുന്നത്. ഗള്‍ഫില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഇവിടുത്തെ കാര്യങ്ങള്‍. ആ ആറ് വര്‍ഷവും ഞാന്‍ ഒരു വിദ്യാര്‍ഥിയെപ്പോലെ ജീവിക്കുകയായിരുന്നു. അതിനെക്കാളുപരി പ്രവാസത്തില്‍ നിന്ന് ലഭിച്ച ഓരുപാട് അറിവുകള്‍ ഈ പദ്ധതിയിലേക്ക് ഉപയോഗിക്കാനും സാധിച്ചു. ഇന്ന് വളരെ നല്ല നിലയില്‍ ഫെസ് ഇന്‍ ഹോട്ടല്‍ തുറന്നു. നിരവധി ആളുകള്‍ ഇവിടേക്ക് വരുന്നു. നോളജ് സിറ്റിയുടെ ആതിഥേയനായി നില്‍ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. വലിയ ഉത്തരവാദിത്തമാണ് തലയിലുള്ളത്. എങ്കിലും നിറഞ്ഞ സന്തോഷമുണ്ട്. ഇവിടെ തന്നെയാണ് ഇപ്പോള്‍ കുടുംബസമേതം താമസം. ഇവടുത്തെ ഓരോ ദിവസത്തെയും ജീവിതം അത്രയും പോസിറ്റീവാണ്. ഒരുപാട് പ്രവാസികള്‍ ഇതിന്റെ ഭാഗമായിട്ടുണ്ട്. ഞങ്ങള്‍ ഇനിയും ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. എപ്പോഴും പ്രവാസികള്‍ക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കും മുന്‍തൂക്കം നല്‍കാറുമുണ്ട്. കാരണം അവര്‍ എപ്പോഴും കഠിനാധ്വാനശീലരും ആത്മാര്‍ഥതയുള്ളവരും എന്തിനും സന്നദ്ധരുമായിരിക്കും. എന്ത് കാര്യവും കൃത്യമായ ഉത്തരവാദിത്വത്തോടെ അവര്‍ക്ക് ഭംഗിയായി ചെയ്യാനാവും. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള ഈ മനക്കരുത്തുള്ളവരുണ്ടെങ്കില്‍ പ്രവാസികള്‍ക്ക് മര്‍കസ് നോളജ് സിറ്റി വലിയൊരു സാധ്യതയാണ്. ഞങ്ങള്‍ പഴയ പ്രവാസികള്‍ ആ സാധ്യതയെയാണ് ഇവിടെ ഉപയോഗപ്പെടുത്തിയത്. ഇവിടെ എല്ലാറ്റിനും നമുക്ക് ആത്മീയവും ഭൗതികവുമായ പിന്തുണയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെനിന്ന് നമ്മുടെ സ്വപ്‌നത്തെ നെയ്‌തെടുക്കുക അനായാസമാണ്.’
സംസാര ശേഷം അദ്ദേഹവും, ഫെസ് ഇനിന്റെ മറ്റു ഡയറക്ടര്‍മാര്‍ കൂടിയായ റിയാസും സര്‍ഫറാസും കൂടെ യാത്ര അയക്കാന്‍ കൂടെ വന്നു. മൂന്നാം നിലയില്‍ നിന്ന് താഴെ വരെ അവര്‍ കൈപിടിച്ച് കൂടെ നടന്നു. തങ്ങളെ സന്ദര്‍ശിക്കാന്‍ വന്ന ഒരു അതിഥിയെ അവര്‍ യാത്രയാക്കുന്നു രീതി ആധുനികകോര്‍പറേറ്റ് സംസ്‌കാരത്തിന്റെ റെഫെറന്‍സില്‍ നിന്നുള്ളതല്ല. അത് ഒരു സവിശേഷമായ സംസ്‌കാരത്തില്‍ നിന്ന് മാത്രം അവര്‍ക്ക് ലഭിച്ചതാണ്. അതാണ് മര്‍കസ് നോളജ് സിറ്റിയുടെ ആത്മാവ്.
മര്‍കസ് നോളജ് സിറ്റിയില്‍ ഒരുപാട് പ്രവാസികളുണ്ട്. എല്ലാവരെയും നേരിട്ട് കാണാന്‍ സാധിച്ചില്ല. പോരാന്‍ നേരത്ത് ഒരാളെ കൂടി കണ്ടു. മലേഷ്യയിലെ മലബാര്‍ മസ്ജിദിലെ ഇമാമായിരുന്ന അബ്ദുല്‍ റഷീദ് സഖാഫി. 2020ലെ ലോക്ഡൗണ്‍ സമയത്ത് നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വന്നതാണ്. ഇന്ന് നോളജ് സിറ്റിയിലെ കൃഷിയെല്ലാം നോക്കി നടത്തുന്നത് അദ്ദേഹമാണ്. ചെടികള്‍, ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മര്‍കസ് നോളജ് സിറ്റി തനിക്കിന്ന് സ്വന്തം വീടു പോലെയാണെന്നും ഇനിയൊരു പ്രവാസത്തെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും അദ്ദേഹം സൂചിപ്പിച്ചു.
എല്ലാം കഴിഞ്ഞ് പ്രധാന കവാടത്തിലൂടെ തന്നെ തിരിച്ചുപോന്നു. എപ്പോഴും തുറന്ന് വെച്ചതാണ് മര്‍കസ് നോളജ് സിറ്റിയുടെ കവാടങ്ങള്‍. നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിക്കാന്‍ അവിടെ ഒരുപാട് പേരെ കാണും. എല്ലാവരും കൂടിയിരുന്നാണ് ഓരോ സ്വപ്‌നനങ്ങളും നെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരു നഗരത്തോടൊപ്പം സംസ്‌കാര സമ്പന്നമായ ഒരു നാഗരികത കൂടി അവിടെ വളര്‍ന്ന് വരുന്നുണ്ട്‌ ■

Share this article

About നൂറുദ്ദീന്‍ മുസ്തഫ

noorudeen.pat@gmail.com

View all posts by നൂറുദ്ദീന്‍ മുസ്തഫ →

Leave a Reply

Your email address will not be published. Required fields are marked *