താലിബാന്‍ ആരെയാണ് പേടിപ്പിക്കുന്നത്?

Reading Time: 3 minutes

“താലിബാന്റെ നാളുകള്‍ എണ്ണപ്പെട്ടു’ എന്നായിരുന്നു 2001 ഒക്ടോബര്‍ ഏഴിന് യുഎസ് അഫ്ഗാനിസ്താന്‍ കീഴടക്കിയപ്പോള്‍ അന്നത്തെ ടൈം മാഗസിന്‍ കവര്‍. പിന്നീട് ശക്തി ക്ഷയിച്ച സോവിയറ്റ് യൂനിയന്റെ സ്ഥാനത്ത് ആഗോള ഭീഷണിയായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമം ആരംഭിച്ചത് “ഭീകരതക്ക് നേരെയുള്ള യുദ്ധം’ എന്ന പേരിലാണ്. അതേവര്‍ഷം ഡിസംബറില്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സൈനിക നടപടികള്‍ നിരീക്ഷിക്കാനും അഫ്ഗാന്‍ നാഷനല്‍ സെക്യൂരിറ്റി ഫോഴ്‌സിന് പരിശീലനം നല്‍കാനും ഇന്റര്‍നാഷനല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്‌സ് സ്ഥാപിച്ചു. അവിടം മുതല്‍ അമേരിക്ക 2 ട്രില്യന്‍ ഡോളര്‍ ചെലവഴിച്ചു. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ 241,000 ജനങ്ങള്‍, 2448 അമേരിക്കന്‍ സൈനികര്‍, 454 ബ്രിട്ടീഷ് സൈനികര്‍ എന്നിങ്ങനെ കൊലചെയ്യപ്പെട്ടു. ഇപ്പോളിതാ 20 വര്‍ഷങ്ങള്‍ക്കു ശേഷം താലിബാന്‍ അധികാരം പിടിച്ചെടുത്തിരിക്കുകയാണ്.
2001ല്‍ ഏകദേശം 84,000 ഹെക്ടറുകളിലെ കറുപ്പ് കൃഷി യു എസ് ഉന്മൂലനം ചെയ്തു. പക്ഷേ 2017ല്‍ അത് 328,000 ഹെക്ടറുകളായി വര്‍ധിപ്പിച്ചു. യുദ്ധത്തോട് അടുക്കുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക വഴി കറുപ്പായിമാറി. യുഎസ് പ്രധാനമായി ഉദ്ദേശിച്ചത് താലിബാനെ ചെറുത്തുനില്‍ക്കാന്‍ അഫ്ഗാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുക എന്നതായിരുന്നു.
ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനലിന്റെ കണക്കുകള്‍പ്രകാരം, സാമ്പത്തിക സഹായത്തിലെ ബില്യനുകള്‍ യുഎസ് അപഹരിച്ചു. രോഗികള്‍ ഇല്ലാതെ ആശുപത്രികളും വിദ്യാര്‍ഥികള്‍ ഇല്ലാതെ സ്‌കൂളുകള്‍ നിര്‍മിച്ചു. വ്യാപകമായ ദാരിദ്ര്യം, ലോകത്ത് എല്ലായിടത്തെക്കാളും കൂടുതലായി മരണനിരക്ക് തുടര്‍ന്നു, അഴിമതിയില്‍ മുന്നില്‍.
കഴിഞ്ഞയാഴ്ച ബിബിസി വെബ്‌സൈറ്റില്‍ പറഞ്ഞത്, കഴിഞ്ഞ 20 വര്‍ഷത്തെ അധിനിവേശത്തിനിടയില്‍, വിശ്വാസത്തെയും അടിസ്ഥാനപരമായ വിവരശേഖരണത്തെയും വെല്ലുവിളിച്ചുകൊണ്ട് “യുഎസും സഖ്യകക്ഷികളും അവിടുത്തെ തിരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുകയും സെക്യൂരിറ്റി ഫോഴ്‌സ് സ്ഥാപിക്കുകയും ചെയ്തു. പക്ഷേ താലിബാന്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു കൊണ്ടേയിരുന്നു.’ യു എസ് ലോകത്തെ കവളിപ്പിക്കുകയായിരുന്നോ?

പടിഞ്ഞാറിന്റെ പതനം
പശ്ചിമേഷ്യയിലും മധ്യപൗരസ്ത്യ നാടുകളിലും പടിഞ്ഞാറന്‍ ഉദാരവത്കരണം തുടരാന്‍ ശ്രമിക്കുന്ന സാങ്കല്‍പികയിടം ഇപ്പോഴും ഒരു സൂചകം മാത്രമാണ്. അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്തിന്റെ മനഃശാസ്ത്രം ഇത് കൂടുതല്‍ വ്യക്തമാകുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ മുതിര്‍ന്ന മുന്‍ യുഎസ് കമാന്‍ഡര്‍ ഡേവിഡ് പിട്രോസ് (David Petraeus), യുകെയുടെ പ്രതിരോധ സ്റ്റാഫ് മേധാവി ജനറല്‍ സര്‍ നിക്ക് കാര്‍ട്ടറും (General Sir Nick Carter), അവിടെ സേവനം ചെയ്ത യുഎസ്, ബ്രിട്ടീഷ് ജനറല്‍മാരും അഫ്ഗാന്‍ ജനത ഒരിക്കലും ആഗ്രഹിക്കാത്ത യുദ്ധത്തിന്റെ ഉത്തരവാദിത്ത ഭാരം പേറുന്നുണ്ട്.
അവരില്‍ ഒരാളും ഇതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാനോ അഫ്ഗാന്‍ ജനതയോട് മാപ്പ് പറയാനോ തയാറല്ല. എന്നാല്‍ രാഷ്ട്രീയ വഞ്ചനയാണ് സംഭവിച്ചതെന്നും തന്റെ നേതൃത്വത്തിലുള്ള മറ്റൊരു ദശകത്തില്‍ ഇതിന് പരിഹാരം കാണാനാകുമെന്നാണ് പിട്രോസ് വിലപിക്കുന്നത്. അതേ, അവരുടെ വ്യോമശക്തി പ്രയോഗം ഹിതകരമായിരുന്നില്ല. അഫ്ഗാന്‍ സ്ത്രീകളുടെ അവകാശങ്ങളെ അവ മെച്ചപ്പെടുത്തിയതുമില്ല. കേവലമൊരു “കില്ലിംങ് മെഷീന്‍’ ആയിരുന്നുവത്.
2017നും 19നും ഇടയില്‍ പെന്റഗണ്‍ വ്യോമാക്രമണത്തിന്റെ നിയമങ്ങള്‍ ഉദാരവത്കരിച്ചു. അതിനെ തുടര്‍ന്ന് സിവിലിയന്‍മാരുടെ മരണം വലിയതോതില്‍ ഉയര്‍ന്നു. 2019 ഓടെ 700 അഫ്ഗാന്‍ സിവിലിയന്മാര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ എയര്‍ ഫോഴ്‌സ് (AAF) സമാനമായരീതി സ്വീകരിച്ചു. 2020ന്റെ ആദ്യപകുതിയില്‍ എഎഎഫ് 86 അഫ്ഗാനികളെ കൊല്ലുകയും 103 ആളുകള്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു. അടുത്ത മൂന്നു മാസങ്ങളില്‍ ഈ തോത് ഇരട്ടിയായി വര്‍ധിക്കുകയും 70 സിവിലിയന്മാരെ കൊല്ലുകയും 90 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
അവിടെ പടിഞ്ഞാറന്‍ ഗവണ്‍മെന്റ് സ്ഥാപിച്ച പാവഭരണകൂടങ്ങള്‍ കൂടുതല്‍ ശ്രദ്ധപിടിച്ചുപറ്റി. രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ അധികാരം കേവലം 5 ആഴ്ച മാത്രമാണ് നിലനിന്നത്.

പരാജയത്തിന്റെ സൂചകങ്ങള്‍
ചുരുങ്ങിയത് നാല് യുഎസ് പ്രസിഡന്റുമാര്‍ക്ക് പങ്കുള്ള ഒരു ദുരന്തമാണിത്. രണ്ട് രാഷ്ട്രീയകക്ഷികളുടെ താത്പര്യത്തിനനുസരിച്ചാണിത് നടന്നത്. അഫ്ഗാനിസ്ഥാനിലെ പരാജയത്തിന്റെ സൂചകങ്ങള്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തുണ്ടെന്ന് പറഞ്ഞാലത് അധികപ്പറ്റാകില്ല.
32 വര്‍ഷങ്ങള്‍ക്ക് മുമ്പ് സോവിയറ്റ് പതനം സോവിയറ്റ് സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ തുടക്കമായും, 2015 വരെ സിറിയയിലേക്ക് റഷ്യ നടത്തിയ സൈനിക നീക്കമുള്‍പ്പെടെ മുഴുവന്‍ സേനാ മുന്നേറ്റങ്ങളുടെയും അന്ത്യമായും വിലയിരുത്തപ്പെട്ടിരുന്നുവെങ്കില്‍, ഈ പരാജയം വലിയ സൈനികശക്തിയായും സാമ്പത്തിക രംഗം നിയന്ത്രിക്കുകയും ചെയ്യുന്ന പടിഞ്ഞാറന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ തുടക്കമായിട്ടാണ് കണകാക്കപ്പെടുന്നത്.
അഹങ്കാരം, ധിക്കാരം, അധിവസിക്കുന്ന ഇടങ്ങളിലെ ജനങ്ങളെ അപഗ്രഥിക്കാനും മനസിലാക്കുന്നതിനുമുള്ള അപര്യാപ്തത എന്നിവയില്‍ നിന്നാണ് ആ പതനം. “ആഗോള ശക്തി’ ഉപയോഗിക്കാനുള്ള മേല്‍ക്കോയ്മ, അന്താരാഷ്ട്ര ശക്തി ഉപയോഗിക്കുന്നതിനുള്ള കുത്തക ഇവ കൃത്യമായി അമേരിക്കയെ നശിപ്പിച്ചു. സോവിയറ്റ് യൂനിയനെ പോലെ അത് പൊട്ടിപ്പൊളിഞ്ഞു. അതിലെ നേതൃത്വത്തിലുള്ള വിശ്വാസവും നഷ്ടപ്പെട്ടു.
വിറങ്ങലിച്ച സന്ദേശം
യു.എസ് തങ്ങളുടെ ശക്തികളെയോ സൈനിക പിന്തുണയെയോ പിന്‍വലിച്ചാല്‍ കേവലം 5 മാസം മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മധ്യേഷ്യയിലെ ജനറലുകള്‍ക്കും പ്രിന്‍സുകള്‍ക്കും ഒരു വിറങ്ങലിച്ച സന്ദേശമാണിതെല്ലാം അയച്ചുകൊണ്ടിരിക്കുന്നത്. അറബ് ദേശങ്ങൾ കലാപം തുടങ്ങിയാല്‍ എത്ര ആഴ്ച തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും? യുഎസ് പിന്‍വാങ്ങിയാല്‍ സഊദി അറേബ്യ രണ്ട് ആഴ്ച മാത്രമേ നിലനില്‍ക്കുകയുള്ളൂ എന്നാണ് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്പ് പ്രസ്താവിച്ചത്. അദ്ദേഹം തമാശ പറയുകയായിരുന്നില്ല.
സഊദി രാഷ്ട്രീയ നിരീക്ഷകനും അക്കാദമിക്കുമായ ഖാലിദ് അല്‍ ദാഖില്‍ ട്വീറ്റ് ചെയ്തത് ഇങ്ങനെ, “കാബൂള്‍ താലിബാനിലേക്ക് വഴി മാറുന്നതോടെ അവിടേക്ക് ഇസ്‌ലാമി തിരിച്ചുവരുമെന്നാണ് പലരും ഭയപ്പെട്ടത്. ഭയപ്പെടുന്നതും മുന്‍കൂട്ടി കാര്യങ്ങള്‍ കാണുന്നതും ജാഗ്രതയും സന്നദ്ധതയുമാണ്. പക്ഷേ, ദശകങ്ങളോളം ഭയപ്പെട്ട് കഴിയുന്നത് ഭീരുത്വവും ഉള്‍ക്കാഴ്ചക്കുറവുമാണ്.
അല്‍ദാഖില്‍ വിവരിക്കുന്നത്, മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ മുൻ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ ഒഴിവാക്കിയപ്പോള്‍ സംശയിച്ചതാണ് അമേരിക്കക്കാരും ഇസ്‌ലാമിസ്റ്റുകളും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ഥത്തില്‍ യുഎസും ഇസ്‌ലാമിസ്റ്റുകളും തമ്മിലുള്ള ബന്ധം സ്വേച്ഛാധിപതികളും മതേതരവാദികളും മത വിഭാഗങ്ങളും തമ്മിലുള്ളതിനേക്കാള്‍ മികച്ചതാണ്.
ഹമാസ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ തങ്ങള്‍ യുഎസുമായല്ല പോരാടുന്നത് എന്നും ഒരു യുഎസ് സൈനികനെയും ഇതുവരെ കൊന്നിട്ടില്ലെന്നും പ്രസ്താവിക്കുമ്പോള്‍, വാഷിംങ്ടന്‍ ഹമാസ് ദീര്‍ഘമായ വെടിനിര്‍ത്തല്‍ വാഗ്ദാനം ചെയ്തതായി പരിഗണിക്കാതെ അതൊരു തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രഖ്യാപിച്ച് അവിടെയൊരു സഹകരണ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ പോലും സമ്മതിക്കാതെ കൂടുതല്‍ ഉപരോധങ്ങളിലൂടെ ഗാസയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു.
ജനാധിപത്യത്തെ നശിപ്പിക്കുന്നു, എന്നിട്ട് യുഎസ് മറ്റുവഴികള്‍ ആലോചിക്കുന്നു, ആയുധം എടുക്കുക, പിന്നീട് ചര്‍ച്ച ചെയ്ത് പിന്‍വാങ്ങുന്നു, യുഎസ് സ്വതന്ത്രമായി കാര്യങ്ങള്‍ തുടങ്ങുന്നു. കമ്പോളങ്ങളിലെ ജൈവരക്തം മുഴുവന്‍ ഊറ്റിയെടുക്കുന്നു, നിങ്ങളുടെ ബാങ്കുകളും ബിസിനസുകളും അംഗീകരിക്കപ്പെടുന്നു, നിങ്ങളുടെ ആണവ ശാസ്ത്രജ്ഞര്‍ കൊലചെയ്യപ്പെടുന്നു.
പടിഞ്ഞാറിന് നേതൃത്വം നല്‍കാനുള്ള ധാര്‍മികമായ അവകാശമുണ്ടെന്ന ധാരണയില്‍ വിശ്വാസ്യത നഷ്ടപ്പെടുന്നു എന്ന പ്രശ്‌നം മാത്രമല്ല, തികഞ്ഞ ദുരന്തമാണത്. ട്രംപിന്റെ കീഴില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വേഗത്തില്‍ ബൈഡന്റെ കീഴിലുള്ള യുഎസിന് സ്വാധീനം നഷ്ടപ്പെടുന്നു. കാരണം കാതലായ മാറ്റങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ല.

മുനയൊടിഞ്ഞ സത്യം
യുഎസ് അഫ്ഗാന്‍ വളർച്ചക്ക് വേണ്ടി രണ്ട് ട്രില്യന്‍ ഡോളര്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ എന്ന് ചിന്തിച്ചുനോക്കൂ. താലിബാന്‍ പോലെയുള്ള വിഭാഗങ്ങളോട് യുദ്ധത്തിന്റെ മാര്‍ഗമല്ലാതെ, ഡ്രോണുകളിലൂടെയല്ലാതെ ഡയലോഗുകളിലൂടെ, പരസ്പര നിശ്ചയത്തിലൂടെ അവരെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന് ആലോചിക്കൂ.
അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ എവിടെയെത്തുമായിരുന്നു എന്നും യുഎസിനിപ്പോള്‍ എത്രത്തോളം സോഫ്റ്റ് പവര്‍ ഉണ്ടെന്നും വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ.
യുഎസ് പിന്‍വാങ്ങുന്നയിടത്തെ ജനങ്ങളെ അവര്‍ അധികാരം നിലനിര്‍ത്തുന്ന ഇടത്തിലെ ജനങ്ങളുടെ അത്രയും പരിഗണിക്കുന്നില്ല. കാബൂള്‍ എയര്‍പോര്‍ട്ടിലെ കൂട്ടപലായനം എവിടെയാണ് അവസാനിക്കുക?
തീര്‍ച്ചയായും വളരെ ചെറിയ ഒരു വിഭാഗം മാത്രമേ യുകെയിലും യുഎസിലും എത്തുകയുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ അവര്‍ ചെയ്തതുപോലെ തുര്‍ക്കിയിലേക്കും യൂറോപ്പിലേക്കും അവര്‍ ചെന്നെത്തും. അതോടെ ഇസ്‌ലാമിസ്റ്റുകളുടെ അടിച്ചമര്‍ത്തലുകള്‍ക്ക് കീഴില്‍ നിന്ന് അഭയാര്‍ഥികളായി ഒളിച്ചോടുന്ന ആര്‍ക്കും ആവശ്യമില്ലാത്ത കുടിയേറ്റക്കാരായി പടിഞ്ഞാറന്‍ ലിബറല്‍ ചിന്താഗതിക്കാരുടെ മനസില്‍ അവര്‍ ഇടംപിടിക്കും.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാന്വല്‍ മാക്രാന്‍ “അനധികൃതമായ കുടിയേറ്റത്തെ യൂറോപ്പ് മുന്‍കരുതലുകളോടെ സംരക്ഷിക്കണമെന്നാണ്’ പ്രസ്താവിച്ചത്. അഞ്ച് മില്യന്‍ ആളുകള്‍ അഫ്ഗാനില്‍ നിന്ന് പലായനം ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്നാണ് ജര്‍മന്‍ അഭ്യന്തരമന്ത്രി ഹോസ്റ്റ് സിഹോഫര്‍ പറഞ്ഞത്.
ജര്‍മനി ആയിരക്കണക്കിന് അഭയാര്‍ഥികളെ 2015ല്‍ സ്വീകരിച്ചിരുന്നു. ജര്‍മന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് നേതാവ് അര്‍മിന്‍ ലാസ്വച്ച് “2015 ഒരിക്കലും ആവര്‍ത്തിക്കരുതെന്ന്’ നിര്‍ബന്ധപൂര്‍വം വിളിച്ചുപറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യുദ്ധം തോറ്റത്, അതിന്റെ ചരിത്രം, ഭാഷ, അവിടെത്തെ ജനങ്ങളെ പഠിക്കാതെ, അഹങ്കാരത്തോടെയുള്ള പടിഞ്ഞാറന്‍ സഖ്യം താലിബാനെ തകര്‍ത്തുകൊണ്ട് പുതിയൊരു രാജ്യം രൂപപ്പെടുത്താമെന്ന ചിന്തയില്‍ നിന്നാണ്.
യുദ്ധത്തിന്റെ കെടുതികളും പ്രയാസങ്ങും രണ്ടു ദശകങ്ങളായി വ്യാപിപ്പിക്കുന്നതില്‍ പടിഞ്ഞാറ് വിജയിച്ചിരിക്കുന്നു. അതില്‍ ഭൂരിഭാഗവും സഹിക്കേണ്ടിവന്നത് അഫ്ഗാനികള്‍ തന്നെയാണ്. ഈ ഇടപെടലിന്റെ വില നാം കണക്കാക്കുമ്പോള്‍ യുഎസിലേയും യുകെയിലേയും സൈനികരുടെ ജീവിതം നോക്കിയാല്‍ മതി. നാമിന്ന് നശിച്ചുകൊണ്ടിരിക്കുന്ന ഒരു നാഗരികതയാണെതിന് മറ്റു തെളിവുകള്‍ ആവശ്യമില്ല.
യുഎസ് പിന്‍വാങ്ങുമ്പോള്‍, സൈനിക ശക്തികൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും തങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശക്തിയാണെന്നും മനസിലാകില്ല എന്നതാണ് ഇവിടത്തെ ദുരന്തം. കഴിഞ്ഞകാലങ്ങളിലേത് പോലെ ഇരയാക്കപ്പെട്ട നിലയില്‍ ഏകാന്തതയിലേക്ക് ഉള്‍വലിയും. ലോകം ഒരു നന്ദിയില്ലാത്ത ഇടമാണെന്നതായിരിക്കും പിന്നീടുള്ള വിവരണം. തങ്ങളുടെ സൈനിക പരാജയങ്ങളുടെ പാഠങ്ങള്‍ അവര്‍ പഠിച്ചിരുന്നുവെങ്കില്‍ ലോകമിന്ന് പൊതുവേ അനുഭവിച്ചുകൊണ്ടിരിക്കുന്ന അസ്തിത്വപരമായ ഭീഷണിയെ നേരിടാനുള്ള ഉചിതമായ കാര്യങ്ങള്‍ അവര്‍ ചെയ്തു തുടങ്ങിയേനെ ■

Share this article

About ഡേവിഡ് ഹെയ്സ്റ്റ്, മൊഴിമാറ്റം: ലുഖ്മാന്‍ ബുഖാരി എടപ്പാള്‍

View all posts by ഡേവിഡ് ഹെയ്സ്റ്റ്, മൊഴിമാറ്റം: ലുഖ്മാന്‍ ബുഖാരി എടപ്പാള്‍ →

Leave a Reply

Your email address will not be published. Required fields are marked *