റൂഹ് അഫ്‌സ: ഉന്മാദത്തിന്റെ കുളിരുള്ള രുചി

Reading Time: 2 minutes

ഓള്‍ഡ് ദില്ലിയുടെ കിരീടം കണക്കെ നിലക്കൊള്ളുന്ന ജമാ മസ്ജിദ്, ഡല്‍ഹിയില്‍ പാര്‍ക്കുന്നവരും വിരുന്നെത്തുന്നവരുമായ ആയിരങ്ങളെ അതിന്റെ പടവുകളിലേക്കടുപ്പിക്കാറുണ്ട്. ആള്‍ക്കൂട്ടത്തിലും തനിച്ചിരിക്കുന്നപോലെ വന്നുമൂടുന്ന ഒരുതരം അപാരതയാണ് ജമാ മസ്ജിദ്, ഇവിടെയെത്തുന്ന മനുഷ്യര്‍ക്ക് ജമാ മസ്ജിദ് പോലെ തന്നെ പ്രിയപ്പെട്ടതാണ് ഇവിടത്തെ വിഭവങ്ങള്‍. ഡല്‍ഹിയുടെ പോയകാല മുഗള്‍ പ്രൗഢി മുഴുവന്‍ കാണിക്കവെക്കുന്ന തെരുവുകളാണവിടെയുള്ളത്, ആ തെരുവുകളിലെ ഒരു പാനീയം മനുഷ്യരെ പാട്ടിലാക്കാറുണ്ട്. റൂഹ് അഫ്‌സയുടെ മാന്ത്രികത ചേരുന്ന “ശര്‍ബത്ത് ഇ മൊഹബ്ബത്ത്’.
റൂഹ് അഫ്‌സയെന്നാല്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ആത്മാവിനെ ഉന്മേഷമാക്കുന്നത് എന്നാണര്‍ഥം. ഡല്‍ഹിയുടെ കൊടുംചൂടില്‍ മനുഷ്യരെ തളരാതെ പിടിച്ചുനിര്‍ത്തുന്ന റൂഹ് അഫ്‌സ ചരിത്രത്തില്‍ 115 വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഓള്‍ഡ് ദില്ലിയില്‍ ഒരു യുനാനി ദവാഖാനയില്‍ തുടങ്ങി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ ശീലങ്ങളിലേക്കും സാംസ്‌കാരികതയിലേക്കും വേരാഴ് ത്തി റൂഹ് അഫ്‌സ ഇന്നും നിലകൊള്ളുന്നു.
1906ലാണ് പുരാന ദില്ലിയില്‍ ഹകീം അബ്ദുല്‍ മജീദ് ഹംദര്‍ദ് ദവാഖാന സ്ഥാപിക്കുന്നത്. പാരമ്പര്യ യുനാനി വൈദ്യശാലയായി സ്ഥാപിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ നിന്നാണ് റൂഹ് അഫ്‌സ പിറവിയെടുക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഡല്‍ഹിയുടെ കൊടുംവേനലുകളില്‍ നിര്‍ജലീകരണവും സൂര്യതാപവും നിമിത്തം ദിനേനയെന്നോണം മനുഷ്യര്‍ ദവാഖാനകളില്‍ എത്തിച്ചേരുമായിരുന്നു. നൂറ് വർഷം മുമ്പ്, വടക്കേ ഇന്ത്യയില്‍ വേനലുകളില്‍ ആഞ്ഞു വീശുന്ന “ലൂ’ ചൂടുകാറ്റ്, അതിജയിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന വരേണ്യര്‍ക്കൊഴികെ ഡല്‍ഹിയിലെ മിക്ക സാധാരണ മനുഷ്യര്‍ക്കും വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെയാണ് യുനാനി വൈദ്യത്തിലെ തന്റെ അറിവ് ഉപയോഗപ്പെടുത്തി ഹകീം അബ്ദുല്‍ മജീദ് റൂഹ് അഫ്‌സ ഉത്പാദനം തുടങ്ങുന്നത്. ആദ്യ കാലത്ത് ഒരു ശീതള പാനീയം എന്നതിനെക്കാള്‍ മരുന്ന് എന്ന രീതിയിലാണ് റൂഹ് അഫ്‌സ വിപണനം നടത്തിയിരുന്നത്. പതിയെ റൂഹ് അഫ്‌സ തനത്‌രുചിക്ക് പ്രസിദ്ധി ആര്‍ജിക്കുകയും ആളുകള്‍ കൂട്ടമായി അദ്ദേഹത്തിന്റെ ദവാഖാനയില്‍ എത്തുകയും ചെയ്തു തുടങ്ങി.
1910ന് റൂഹ് അഫ്‌സ ഇന്ന് കാണുന്ന രീതിയില്‍ ബോട്ട് ലിങ് ആരംഭിച്ചു. മിര്‍സ നൂര്‍ അഹ് മദ് എന്ന കലാകാരനാണ് ഹംദര്‍ദിന്റെയും റൂഹ് അഫ്‌സയുടെയും ലേബലുകള്‍ രൂപകല്‍പന ചെയ്തത്. അധിക കാലം പിന്നിടുംമുമ്പേ റൂഹ് അഫ്‌സയും ഹംദര്‍ദും ഉത്തരേന്ത്യന്‍ വീടുകളില്‍ ഒരു പരിചിത സാന്നിധ്യമായി മാറി.
1947ല്‍ ഇന്ത്യാപാക് വിഭജനത്തില്‍ റൂഹ് അഫ്‌സക്കും വേര്‍പിരിയലിന്റെ നോവേറ്റു. വിഭജനത്തിനു മുമ്പ് തന്നെ റൂഹ് അഫ്‌സ ഒരു ബ്രാന്‍ഡ് എന്ന രീതിയിലും സംസ്‌കാരത്തിന്റെ ഭാഗമായും മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍ വിഭജനത്തില്‍ ഹകീം അബ്ദുല്‍ മജീദ് ഖാന്റെ രണ്ടു മക്കള്‍ അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തുമായി. ജേഷ്ഠസഹോദരന്‍ ഹകീം അബ്ദുല്‍ ഹമീദ് ഓള്‍ഡ് ദില്ലിയില്‍ തന്റെ പിതാവിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഇളയ സഹോദരന്‍ ഹകീം മുഹമ്മദ് സൈദ് പാകിസ്താനിലെ കറാച്ചിയില്‍ റൂഹ് അഫ്‌സയുടെ ഉത്പാദനവും വിപണനവും ആരംഭിച്ചു.
ഇന്ത്യയിലും പാകിസ്ഥാ നിലും പിന്നീട് ബംഗ്ലാദേശ് രൂപീകൃതമായത് മുതല്‍ അവിടെയും റൂഹ് അഫ്‌സ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയും ഭക്ഷണ-പാനീയ സംസ്‌കാരത്തിന്റെ ഭാഗമായി അതിനെ ഉള്‍ക്കൊള്ളുകയും ചെയ്തു. ഇന്ന് ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ ഹംദര്‍ദ് എന്ന പേരില്‍ മൂന്ന് വ്യത്യസ്ത കമ്പനികളാണ് റൂഹ് അഫ്‌സ ഉത്പാദനവും വിപണനവും കൈകാര്യം ചെയ്യുന്നത്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം ജനവിഭാഗം റമളാന്‍ ഇഫ്താര്‍ ഒരുക്കുന്നതിനായി റൂഹ് അഫ്‌സയെ മുഖ്യയിനമായി കാണുന്നു എന്നത് അതിന്റെ സാംസ്‌കാരിക മുദ്രകളുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. നോമ്പ് തുറക്കുന്നതിനായി, പ്രത്യേകിച്ച് വേനലും നോമ്പ് കാലവും ഒരുമിച്ച് വരുന്ന വേളകളില്‍ റൂഹ് അഫ്‌സ ഉണ്ടായിരിക്കുക എന്നത് നിര്‍ബന്ധമാണവര്‍ക്ക്.
2019 ഹംദര്‍ദ് ഇന്ത്യയുടെ ഉത്പാദനത്തില്‍ ഇടിവ് സംഭവിക്കുകയും നോമ്പ് കാലത്ത് ഉത്തരേന്ത്യയിലും ബംഗാളിലും റൂഹ് അഫ്‌സക്ക് ക്ഷാമം നേരിടുകയും ചെയ്ത അവസരത്തില്‍ അന്യായ വില നല്‍കി വരെ ഉപഭോക്താക്കള്‍ റൂഹ് അഫ്‌സ സ്വന്തമാക്കിയിരുന്നു. ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ലാദേശ് എന്നീ മൂന്ന് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദബന്ധത്തെ അടയാളപ്പെടുത്തുന്ന സാംസ്‌കാരിക ചിഹ്നങ്ങളില്‍ ഒന്നാണ് റൂഹ് അഫ്‌സ. ഇന്ത്യയിലെ റൂഹ് അഫ്‌സ ക്ഷാമക്കാലത്തു പാകിസ്ഥാനിലെ ഹംദര്‍ദ് അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ വാഗ അതിര്‍ത്തി വഴി റൂഹ് അഫ്‌സ ഇന്ത്യയില്‍ എത്തിച്ചുതരാം എന്ന് വരെ വാഗ്ദാനം ചെയ്തിരുന്നു. പുല്‍വാമ ഭീകരാക്രമണ ശേഷം ഇന്ത്യ-പാക് ബന്ധം തീര്‍ത്തും വഷളായ ഘട്ടത്തിലായിരുന്നു അത്തരമൊരു വാഗ്ദാനം.
ഒരു നൂറ്റാണ്ടിനുമിപ്പു റവും ഒരു വികാരമായി നില്‍ക്കുന്നു റൂഹ് അഫ്‌സ. വിശ്വാസത്തിന്റെ സുഗന്ധവും സ്‌നേഹവും ലയിച്ചുചേര്‍ന്നപോലെ. പുതിയ കാലത്ത് മില്‍ക്ക് ഷെയ്ക്ക്, ഐസ്‌ക്രീം, ഫലൂദ തുടങ്ങിയ വിഭവങ്ങളില്‍ തനത് രുചി ഒട്ടും ചോരാതെ അലിഞ്ഞുചേര്‍ന്ന് മുന്തിയ വിരുന്നൊരുക്കുന്ന റൂഹ് അഫ്‌സ പരസ്യചിത്രങ്ങള്‍ മുതല്‍ സിനിമകളില്‍ വരെ സാന്നധ്യമറിയിച്ച് കൂടുതല്‍ വിപണി സൗകര്യപ്പെടുത്തിയിരിക്കുന്നു. വേരുകളില്‍ നിന്ന് പിടിവിടാതെ ആധുനികതയിലേക്ക് കുതിക്കുന്ന ഡല്‍ഹി നഗരത്തോടൊപ്പമുണ്ട് റൂഹ് അഫ്‌സയും. റൂഹ് അഫ്‌സയുടെ ചുവപ്പ് അതിര്‍ത്തികള്‍ ഭേദിക്കുന്ന സ്‌നേഹത്തിന്റെ നിറമാണ്. ഉരുകുന്ന മനുഷ്യന് കുളിരേകുന്നതിന്റെ രുചിയാണതിന് ■

Share this article

About അസീസ് ശരീഫ്

azeezshareef17@gmail.com

View all posts by അസീസ് ശരീഫ് →

Leave a Reply

Your email address will not be published. Required fields are marked *