ബോട്ടണിയിലെ മുസ്‌ലിം പ്രതിനിധാനം

Reading Time: 2 minutes

സസ്യശാഖ ഭാഷാപഠനവുമായി ചേര്‍ന്നു നിലകൊണ്ട മധ്യകാലത്താണ് ബോട്ടണിയില്‍ ധാരാളം പരിഷ്‌കാരങ്ങള്‍ വരുന്നത്. എ.ഡി 828ല്‍ അന്തരിച്ച അല്‍ അസ്മാഇന്റെ (പ്രസിദ്ധമായ “കിതാബുന്നബാതി വല്‍ അശ്ജാറി’ന്റെ രചയിതാവാണ് ഇദ്ദേഹം) കാലം തൊട്ട് ചെടികളെ പഠിക്കുന്നതിനും അതിന്റെ വിവിധ ഭാഗങ്ങളെ രേഖപ്പെടുത്തുന്നതിനുമായി ഭാഷാനിപുണര്‍ ഉചിതമായ വ്യവസ്ഥകള്‍ തയാറാക്കി. ഒപ്പം, വൃക്ഷത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ക്ക് അനുയോജ്യമായ പേരുകള്‍ അവര്‍ നല്‍കുകയും ചെയ്തു. മുസ്‌ലിം സസ്യശാസ്ത്രജ്ഞരുടെ ആധികാരികമായ കണ്ടെത്തലുകളും നിഗമനങ്ങളും ചേര്‍ത്തുവെച്ച്, സമകാലീനരായ എഴുത്തുകാരുടെ സഹായത്തോടെ അനേകം കൃതികള്‍ വിരചിതമായി. ഇതില്‍ പല എഴുത്തുകളും കാലഹരണപ്പെട്ടുപോയെങ്കിലും സസ്യശാഖയില്‍ മധ്യകാലത്ത് ക്രോഡീകൃതമായ പൊതുതത്വങ്ങള്‍ പിഴവു പറ്റാതെ നിലനിന്നുപോന്നു.
ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കൂടാതെ, മധ്യേഷ്യയില്‍ നിന്ന് ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കച്ചവട യാത്രകള്‍ അധികരിച്ച സമയം. ഈ രണ്ടു കാരണങ്ങള്‍ മൂലം അറബികള്‍ രൂപപ്പെടുത്തിയ സസ്യശാഖയുടെ തത്വസംഹിതകള്‍ വന്‍കരകള്‍ കടന്ന് വ്യാപിച്ചു. തല്‍ഫലമായി, ചെടിയുടെ സംജ്ഞാന നിഘണ്ടുവിലേക്ക് ധാരാളം അറബി പദങ്ങള്‍ ചേര്‍ക്കപ്പെട്ടു.
അക്കാലത്ത് ശാസ്‌ത്രേതരമായ പല മാര്‍ഗങ്ങളിലൂടെയും സസ്യശാഖ ലോകത്തിന്റെ ശ്രദ്ധ പിടിക്കാന്‍ തുടങ്ങി. അതില്‍ അധികവും എഴുത്തിലൂടെയായിരുന്നു. അറബി ഭാഷയുടെ വ്യാകരണ ഘടനകള്‍ ശാസ്ത്രത്തെ വിവരിക്കുന്നിടത്തേക്ക് കൊണ്ടുവന്നത് ഇബ്‌നു ഹജ്ജാജാണ്. വൃക്ഷങ്ങളിലെ വിചിത്രമായ ആകാരഭംഗിയെക്കുറിച്ച് അല്‍ ജാഹിസും ഇബ്‌നു ഖുതൈബയും തങ്ങളുടെ സാഹിത്യകൃതികളില്‍ നിരന്തരം വര്‍ണിച്ചു. ശാസ്ത്രരംഗത്ത്, രോഗസംഹാരികളില്‍ ഉപയോഗിക്കപ്പെടുന്ന ചെടികളെ വിസ്തരിക്കുന്ന ഭാഗങ്ങള്‍ ജാബിര്‍ ബിന്‍ ഹയ്യാന്‍ പ്രസിദ്ധമായ തന്റെ രസതന്ത്ര ഗ്രന്ഥസമൂഹങ്ങളില്‍ ഉള്‍പ്പെടുത്തി. ബോട്ടണിയില്‍ ഏറെ തത്പരനായിരുന്ന ഇസ്‌ലാമിക സ്‌പെയിനിലെ വിഖ്യാതനായ സൈദ്ധാന്തികന്‍ ഇബ്‌നു ബജ്ജ മരങ്ങളുടെ ജീവശാസ്ത്രത്തെക്കുറിച്ച് ബൃഹത്തായ ഒരു ഗ്രന്ഥമെഴുതി. ചെടിയുടെ ധര്‍മങ്ങളും അതിന്റെ വൈവിധ്യങ്ങളും “കിതാബുന്നബാത്’ എന്ന കൃതിയില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്. പൂര്‍ണം, അപൂര്‍ണം എന്നിങ്ങനെ ചെടികളെ ഗ്രന്ഥം രണ്ടായി തരംതിരിക്കുന്നു. സസ്യങ്ങളുടെ പ്രത്യുത്പാദന ആവൃത്തിയെക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്.
മണ്ണിന്റെ സ്വഭാവത്തിനും ഭൂപ്രകൃതിയുടെ രൂപമാറ്റത്തിനും സസ്യം വിധേയപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം പണ്ഡിതര്‍ക്ക് ഉറച്ച ബോധ്യമുണ്ടായിരുന്നു. ഇത്തരത്തില്‍, മരങ്ങളെ അവയുടെ ആവാസ മേഖലകള്‍ക്കനുസരിച്ച് വേര്‍തിരിക്കാന്‍ അവര്‍ ഒരുങ്ങി. വിജനഭൂമികളിലും പര്‍വതങ്ങളിലും മഴക്കാടുകളിലും പീഠഭൂമികളിലും വളരുന്ന സസ്യങ്ങളെ ശാസ്ത്രജ്ഞര്‍ വിവിധ വര്‍ഗങ്ങളാക്കി. കൗതുകമുള്ള കാര്യം, കരയിലും കടലിലും കാണുന്ന ഏത് ചെടിയുടെ വാസസ്ഥാനവും ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രാപ്തരായവര്‍ അന്തലൂസിലെ നാട്ടിന്‍പുറങ്ങളില്‍ അന്ന് ജീവിച്ചിരുന്നുവെന്നതാണ്.
സസ്യശാസ്ത്രത്തെ ജീവിതത്തിന്റെ മറ്റുമേഖലകളുമായി തുലനം ചെയ്തു അവതരിപ്പിക്കുന്ന സമ്പ്രദായം അക്കാലത്തേ നിലനിന്നിരുന്നു. വിശ്വാസപ്രമാണങ്ങളിലും ഇതേ പ്രവണത കാണാം. സ്രഷ്ടാവിന്റെ സാമര്‍ഥ്യത്തെ പരിചയപ്പെടുത്താനായി ഈ ശാഖയെ പലരും ഉപയോഗിച്ചിരുന്നു; ഇമാം ഗസ്സാലി അല്‍ ഹിക്മയില്‍ വിശദീകരിച്ച പോലെ. ഇബ്‌നു നഫീസിന്റെ രിസാലതുല്‍ കാമിലിയ്യ മറ്റൊരു ഉദാഹരണമാണ്. വിത്തില്‍ നിന്ന് ചെടിയുടെ വ്യത്യസ്ത ഭാഗങ്ങള്‍ ഉരുവം കൊള്ളുന്നതിനെ രിസാല: സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മധ്യകാലത്തെ താത്വികര്‍ ബോട്ടണിക്ക് നല്‍കിയത് കനപ്പെട്ട സംഭാവനകളാണ്. സസ്യ ശാസത്രത്തിലെ സ്പീഷീസ് എന്ന സങ്കല്പം, ഒരു നിശ്ചിത മേഖലയിലുള്ള സസ്യസമൂഹം സ്ഥിരമോ അസ്ഥിരമോ എന്ന് നിർണയപ്പെടുത്തല്‍, കൃത്രിമമായോ യാദൃഛികമായോ ഉണ്ടാകാവുന്ന പ്രത്യുത്പാദനം, ചെടിയുടെ ഉണർവും ബോധവും, വിവിധ ഭാഗങ്ങളുടെ വിഭിന്നമായ പ്രവൃത്തികള്‍ തുടങ്ങി ബോട്ടണിയില്‍ നാം പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ താത്വികരുടെ ചിന്തകളുടെയും പരീക്ഷണങ്ങളുടെയും ശ്രമഫലമാണ്.

സഞ്ചാരികളെ ആകര്‍ഷിച്ച
സസ്യങ്ങള്‍
സഞ്ചാര സാഹിത്യം വലിയ പരിഷ്‌കാരങ്ങളാണ് ബോട്ടണിയില്‍ കൊണ്ടുവന്നത്. മുസ്‌ലിം യാത്രികര്‍ വലിയൊരളവില്‍ പ്രകൃതിയിലേക്കും സസ്യ ഇനങ്ങളിലേക്കും മാലോകരുടെ ശ്രദ്ധ ക്ഷണിച്ചു. അവരുടെ എഴുത്തുകള്‍ അമൂല്യമായ സാഹിത്യ പൈതൃകങ്ങളുടെ ശേഖരമായി മാറി. സസ്യശാസ്ത്രത്തിലെ മറ്റുള്ള സുപ്രധാന രേഖകള്‍ക്കൊപ്പം, ഇവരുടെ ഗ്രന്ഥങ്ങള്‍ ഭൂമിയുടെ സമഗ്രവും വ്യവസ്ഥാപിതവുമായ ബോട്ടണിക്കല്‍ സര്‍വേ ആയി വര്‍ത്തിച്ചു. കൊര്‍ദോവയിലെ ഭൗതിക തന്ത്രജ്ഞനായ അല്‍ ഗാഫിഖിയുടെ വടക്കന്‍ ആഫ്രിക്കയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ ശേഖരിച്ച സസ്യങ്ങളുടെ പേരുകള്‍ അറബിയിലും ലാറ്റിന്‍ ഭാഷയിലും കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ലോക സഞ്ചാരി ഇബ്‌നു ബത്തൂത്ത ഇസ്ഫഹാന്‍ പഴവര്‍ഗങ്ങളെ പറ്റിയും ഇന്ത്യയിലെ പഴം കായ്ക്കുന്ന മരങ്ങളെ പറ്റിയും അദ്ദേഹത്തിന്റെ രിഹ്‌ലയില്‍ പരാമര്‍ശിക്കുന്നു. കറുവപ്പട്ടയാണ് മലബാറില്‍ അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചത്. മാലിദ്വീപിലെ പനയും ജാവയിലെ കര്‍പ്പൂരവും അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

സസ്യ-വൈദിക സമവാക്യങ്ങള്‍
മധ്യകാലത്ത് ചെടികളെ കൂടുതല്‍ ഉപയോഗപ്പെടുത്തിയിരുന്നത് ഔഷധ നിര്‍മാണത്തിനു വേണ്ടിയായിരുന്നു. ഈജിപ്തില്‍ പ്രത്യേകിച്ചും ഇതര നാടുകളില്‍ പൊതുവായും സസ്യ ഔഷധികള്‍ മുഖേന രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന സമ്പ്രദായം നൂറ്റാണ്ടുകളായി തുടര്‍ന്നുപോന്നു. മരുന്നു വ്യാപാരത്തിനുള്ള ആവശ്യങ്ങള്‍ക്കായി സസ്യ നിയമസംഹിതകള്‍ ആദ്യം ആവിഷ്‌കരിച്ചത് അബുല്‍ അബ്ബാസ് എന്ന സെവിയ്യയിലെ ബോട്ടണിസ്റ്റായിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച അല്‍ ദിനാവരി മുസ്‌ലിം ബോട്ടണിയുടെ പിതാവായി അറിയപ്പെട്ടു. സസ്യങ്ങളെ പറ്റിയുള്ള കാവ്യസമാഹാരമായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍. രചനയിലെ കാവ്യാത്മകത പക്ഷേ ചെടിയെക്കുറിച്ചുള്ള സുപ്രധാന തത്വങ്ങളെ പറയുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയില്ല. അല്‍കിന്തിയും അത്വബ്‌രിയും ദിനാവരിയുടെ മുന്‍ഗാമികളാണ്. ത്വബ്‌രിയുടെ ബൃഹദ് രചനയായ “ഫിര്‍ദൗസുല്‍ ഹിക്മ’യുടെ നല്ലൊരുഭാഗവും ബോട്ടണിക്കു വേണ്ടി മാറ്റിവെച്ചു. അല്‍കിന്തിയാകട്ടെ, ഔഷധസസ്യങ്ങളുടെ പ്രയോഗവത്കരണത്തിൽ നിര്‍ണായക പങ്കുവഹിച്ചു ■

Share this article

About ഉവൈസ് കല്‍പകഞ്ചേരി

pkmuvais57@gmail.com

View all posts by ഉവൈസ് കല്‍പകഞ്ചേരി →

Leave a Reply

Your email address will not be published. Required fields are marked *