നബിയോരുടെ നേതൃത്വം

Reading Time: 2 minutes

ലീഡര്‍ഷിപ്പ് പഠനങ്ങളില്‍ ഏറ്റവും ബൃഹത്തായ ഗ്രന്ഥമെഴുതിയ ജോണ്‍ മാക്‌സ്‌വെല്‍ നിഷേധിക്കാനാവാത്ത 21 നിയമങ്ങള്‍ എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്ന ഓരോ നിയമങ്ങളും മുത്ത്‌നബിയുടെ ജീവിത പഠനങ്ങള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങളില്‍ സുലഭമായി കാണാം. ഒരുപക്ഷേ പുതിയ കാലം പഠിപ്പിക്കുന്ന മിക്ക നേതൃഗുണങ്ങള്‍ക്കും ചിന്തകള്‍ക്കും പ്രചോദനങ്ങള്‍ക്കും മുഖ്യഘടകമായിട്ടുണ്ടാവുക മുത്ത്‌നബിയുടെ (സ്വ) ഹദീസുകള്‍ ആയിരിക്കും. ജീവിതം ഏതു കാലഘട്ടത്തില്‍ കടന്നുപോകുന്ന മനുഷ്യര്‍ക്കും നേതൃഗുണത്തിനും മാതൃകാജീവിതത്തിനുമുള്ള പാഠങ്ങള്‍ തിരുനബിയിലുണ്ട്. നബിയില്‍ (സ്വ) നിങ്ങള്‍ക്ക് ഉദാത്തമായ മാതൃക ഉണ്ടെന്ന് അഹ്‌സാബ് സൂറത്തിലെ ഇരുപത്തിയൊന്നാം സൂക്തം.
ബാല്യം, കൗമാരം, യൗവനം, വൈവാഹിക ജീവിതം, കച്ചവടം, സൗഹൃദം, നേതൃത്വം തുടങ്ങി ജനനം മുതല്‍ മരണം വരെയുള്ള മുഴുവന്‍ കാര്യങ്ങളിലും വൈയക്തിക-സാമൂഹിക ജീവിതങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ ഒരു മഹല്‍ ജീവിതമാണ് മുത്തുനബിയില്‍ നമുക്ക് പഠിക്കാന്‍ സാധിക്കുക.
ഉമ്മയോട്, സഹോദരന്മാരോട്, സുഹൃത്തുക്കളോട്, ഭാര്യയോട്, മറ്റു കുടുംബാംഗങ്ങളോട്, വീട്ടില്‍ മക്കളോട്, പേരമക്കളോട്, അയല്‍വാസികളോട് അതിഥികളോട്, അധികാരികളോട്, വേലക്കാരോട്, അനുയായികളോട്, ശത്രുപക്ഷത്തോട്, ബുദ്ധിമുട്ടനുഭവിക്കുന്നവരോട്, പാവങ്ങളോട്, ധനികരോട്, വിധികര്‍ത്താക്കളോട്, വൈകല്യമുള്ളവരോട്, സജ്ജനങ്ങളോട് തുടങ്ങി മനുഷ്യേതര ജീവികളോടും പ്രകൃതിയോടും മറ്റു വസ്തുക്കളോടും എന്നിങ്ങനെ ഒരു മനുഷ്യന്‍ കടന്നുപോകാന്‍ സാധ്യതയുള്ള എല്ലാ ഘടകങ്ങളെയും മനോഹരമായ മാതൃകാസൂചകമായി മുത്തുനബിയുടെ ജീവിതത്തില്‍ വരച്ചുകാട്ടുന്നുണ്ട്.
മനുഷ്യന്റെ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിലെ കര്‍മങ്ങളാണല്ലോ ജീവിച്ച അടയാളമായി സമൂഹം രേഖപ്പെടുത്തുന്നത്. മനുഷ്യ ജീവിതത്തില്‍ നന്മ മാത്രമേ വരാവൂ എന്ന പാഠമാണ് മുത്ത്‌നബി (സ്വ) ലോകത്തിനു സമര്‍പ്പിച്ചത്. നന്മയല്ലാതെ ഒരു സൃഷ്ടിക്കും ഒന്നും സംഭവിച്ചേക്കാവുന്ന ഒരു നിമിഷം പോലും നബിയില്‍ കാണാന്‍ കഴിയില്ല.
ഒരു റോള്‍ മോഡല്‍ എങ്ങനെയാകണം, അവരില്‍ സമൂഹം എന്ത് ആശിക്കണം, ഉയരത്തിലെത്താന്‍ സാധ്യത സൃഷ്ടിക്കുന്നുണ്ടോ, ഈ രൂപത്തില്‍ ആലോചിക്കുന്നവര്‍ക്കേ നബിയിലെ സമ്പൂര്‍ണ മാതൃക കാണാന്‍ കഴിയുള്ളൂ.
പുഞ്ചിരിയെ വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാന ഗുണം ആയിട്ടാണ് മോഡേണ്‍ ലീഡര്‍ഷിപ് ക്വാളിറ്റി കണക്കാക്കുന്നത്. നേതാവിനെ സുസ്‌മേരവദനനായി കാണുന്നവര്‍ക്ക് സന്തോഷവും പ്രവര്‍ത്തനോര്‍ജവും ഉണ്ടാകുമത്രെ. തിരുദൂതര്‍ പാഠങ്ങള്‍ നോക്കൂ, പുഞ്ചിരി ധര്‍മമാണ്. പാരത്രിക ലോകത്ത് പ്രതിഫലമുള്ള പ്രവര്‍ത്തനമാണ് പുഞ്ചിരി. തന്റെ സഹോദരനോട് പുഞ്ചിരിക്കുന്നത് നല്ല വിശ്വാസിയുടെ കടമയാണ്.
പുഞ്ചിരി പോലെ തന്നെ, നല്ല വാക്ക്, സ്‌നേഹം, സാന്ത്വനം, ധര്‍മം വിശ്വാസിയുടെ കടമയായി തിരുദൂതര്‍ പഠിപ്പിക്കുന്നു. ജീവിതവിജയത്തിന് ഏറ്റവും വലിയ കൂട്ടുകാരനായി മാറുന്ന ഉപദേശങ്ങളാണിവ. മഹത്തായ സ്വഭാവത്തിന് ഉടമയാണ് മുത്ത്‌നബിയെന്ന് ഖുര്‍ആന്‍ പറയുന്നു.
അവിടുന്ന് സംസാരിച്ചത്, പ്രവര്‍ത്തിച്ചത്, ചിന്തിച്ചത് എല്ലാം സമൂഹത്തെയും ലോകക്രമത്തെയും നന്മയിലേക്കും വിജയത്തിലേക്കും നയിക്കാന്‍ മാത്രം. നോക്കൂ, മുത്ത്‌നബിയെ യുവത്വത്തില്‍ നിന്ന് കുടുംബജീവിതത്തിലേക്ക്, പ്രവാചകനിലേക്ക്, ലോകനേതൃത്വത്തിലേക്ക് നാഥന്‍ ഉയര്‍ത്തിയ ഓരോ പടവുകളും എഴുതിയാല്‍ തീരാത്ത വലിയ ചരിത്രപാഠങ്ങളാണ്.
തിരുനബി(സ്വ)ക്ക് ഒന്‍പത് വര്‍ഷം സേവനം ചെയ്ത അനസുബ്‌നു മാലിക് (റ) പറയുന്നു; ഞാന്‍ സേവനം ചെയ്ത കാലത്ത് ഒരു ചെറിയ പരാതി പോലും നബിയില്‍നിന്ന് ഞാന്‍ കേട്ടിട്ടില്ല, എന്തിനു ചെയ്തു എന്നോ എന്തുകൊണ്ട് ചെയ്തില്ല എന്നോ അവിടുന്ന് ചോദിച്ചില്ല. ഒന്നിലും മറുവാക്ക് പറഞ്ഞില്ല.
ഒരിക്കല്‍ ഒരാവശ്യത്തിന് പുറത്തേക്ക് അയച്ച എന്നെ ഒരുപാട് നേരമായി കാണാതിരുന്നപ്പോള്‍ മുത്ത്‌നബി അന്വേഷിച്ച് ഇറങ്ങി. അങ്ങാടിയില്‍ കളിക്കുന്ന കൂട്ടുകാരോടൊപ്പം എന്നെ കണ്ടു. ചെറുതായി പുറകില്‍ തട്ടി പുഞ്ചിരിക്കുകയാണ് നബി. ചോദിക്കുന്നത് എന്റെ കൂടെ വരുന്നോ എന്ന്.
വ്യക്തിജീവിതത്തില്‍ ഏറ്റവും പ്രധാനമാണ് ആണ് കുടുംബത്തിലും സമൂഹത്തിലും ശ്രദ്ധിക്കേണ്ട മര്യാദകള്‍. മുത്ത്‌നബി കുടുംബത്തിലെ ആവശ്യങ്ങള്‍ക്ക് സമയം ചെലവഴിക്കുമായിരുന്നു. പേരക്കുട്ടികളായ ഹസന്‍, ഹുസൈന്‍ എന്നിവരുടെ കുഞ്ഞുകുസൃതികള്‍ ആസ്വദിക്കുമായിരുന്നു. വളരെ വാത്സല്യത്തോടെ അവരിലൊരാളായി കളികളില്‍ ഏര്‍പ്പെടുമായിരുന്നു.
മഹ്മൂദ് ബിന്‍ റബീഅ പറയുന്നു, ഞാന്‍ 5 വയസ് ഉള്ളപ്പോള്‍ മുത്ത്‌നബിയുടെ കൂടെ വുളൂഇന്റെ സമയം അടുത്തുണ്ടായിരുന്നു, കുറച്ച് വെള്ളം എന്റെ മുഖത്തേക്ക് തെറിപ്പിച്ചു. ഞാന്‍ അവിടുത്തെ വുളൂ ശരിക്കും മനസിലാക്കാന്‍ സാധിച്ചു. കുട്ടികളോട് അവിടുന്ന് കാര്‍ക്കശ്യത്തോട് ഒരിക്കലും പെരുമാറിയിരുന്നില്ല. മുത്ത്‌നബി (സ്വ) കുട്ടികളോട് കളിച്ചും ചിരിച്ചും കുട്ടികളുടെ ഭാഷയില്‍ സംസാരിച്ചും സന്തോഷത്തോടെ സംവദിക്കുമായിരുന്നു. ചെയ്യാത്ത കാര്യങ്ങള്‍ ഉപദേശിക്കാറുണ്ടായിരുന്നില്ല.
ഒരു വൃദ്ധ തന്റെ കുട്ടി കൂടുതലായി മധുരം കഴിക്കുന്നു എന്ന് പരാതി പറഞ്ഞപ്പോള്‍ ഉപദേശമൊന്നും കൊടുക്കാതെ അവരോട് പിന്നീട് വരാന്‍ പറഞ്ഞു. വീണ്ടും പരാതി പറഞ്ഞു. അപ്പോഴും പിന്നീട് വരാന്‍ പറഞ്ഞു. കുറച്ച് ദിവസം കൂടി കഴിഞ്ഞ് കുട്ടിയേയും കൂട്ടി വന്നപ്പോള്‍, സ്‌നേഹത്തോടെ, ആ കുട്ടിയെ അരികു ചേര്‍ത്തി ഉപദേശിക്കയാണ്, അമിതമായി മധുരം കഴിക്കുന്നത് നല്ലതല്ല. കുട്ടി സമ്മതിച്ചു. കഴിഞ്ഞ മൂന്നു തവണയും ഉപദേശം കൊടുക്കാതെ എന്നെ മടക്കിയത് എന്തിനായിരുന്നു. ഇപ്പോഴാണ് ആ കുട്ടിയോട് ഉപദേശിക്കാന്‍ ഞാന്‍ പാകമായത്, എനിക്ക് മധുരം കുറക്കാന്‍ സാധിച്ചപ്പോള്‍ കുഞ്ഞിനോടും ഉപദേശിച്ചു. നബി മറുപടി പറഞ്ഞു.
അവിടുത്തെ ഭാര്യമാരോടും കുടുംബത്തോടും ഏത് തിരക്കിനിടയിലും ബോധപൂര്‍വമായ സാന്നിധ്യവും സാന്ത്വനവും നല്‍കിയിരുന്നു. ആയിഷ (റ) പറയുന്നു. എനിക്ക് വേദന/രോഗം വന്നാല്‍ കാണിക്കുന്ന കാരുണ്യം മറ്റൊരു സമയത്തും ഞാന്‍ കണ്ടിരുന്നില്ല. കുടുംബത്തിലെ ആരെങ്കിലും വേദനിക്കുന്നു എന്ന് കേട്ടാല്‍ മുത്തുനബിയുടെ സാന്ത്വനം എത്താതിരുന്നില്ല.
വൃത്തി, ശുചിത്വം, അവകാശം തുടങ്ങിയ കാര്യങ്ങളിലും വീട്, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങിയ ഇടങ്ങളിലും പാലിക്കേണ്ട നേതൃഗുണമുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും സൂക്ഷ് മമായി നിരീക്ഷിക്കുന്ന നബിയെയാണ് നമുക്ക് വായിക്കാന്‍ സാധിക്കുന്നത് ■

Share this article

About കാസിം പുറത്തീൽ

kasimpt@gmail.com

View all posts by കാസിം പുറത്തീൽ →

Leave a Reply

Your email address will not be published. Required fields are marked *