പാട്ടിലൊളിപ്പിച്ച വിത്തുകള്‍

Reading Time: 2 minutes

എന്തുകൊണ്ടും സവിശേഷതകള്‍ നിറഞ്ഞ പൈതൃകമാണ് കേരളത്തിലെ മുസ്‌ലിംകളുടേത്. ചരിത്രം സാക്ഷിയാണ്. ഇതിന് സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ഇസ്‌ലാം കടന്നുവന്ന രീതി തന്നെയാണ് ഒരു പ്രധാന കാരണം. മത സന്ദേശവുമായി ഇവിടെ എത്തിയ സംഘത്തെ ആവേശപൂര്‍വുമാണ് ഇവിടെയുള്ള നാട്ടുകാരും ഭരണാധികാരികളും സ്വീകരിച്ചത്. തങ്ങളുടെ ജീവിതംകൊണ്ട് തന്നെ സത്യസന്ദേശത്തെ സ്വീകരിക്കപ്പെടുന്നതരത്തില്‍ അവതരിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇങ്ങനെ രൂപീകരിക്കപ്പെട്ട ഒരു സമൂഹം സ്വന്തം അസ്തിത്വവും വ്യക്തിത്വവും നിലനിര്‍ത്തി ജീവിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. സ്വന്തമായി രൂപപ്പെടുത്തിയ വീക്ഷണകോണിലൂടെ ലോകത്തെ ദര്‍ശിക്കുവാനും അതനുസരിച്ച് ജീവിക്കുവാനും അവര്‍ തീരുമാനിച്ചു. ജീവിതത്തിലുടനീളം തങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കാനും കഴിഞ്ഞു. ആശയവിനിമയത്തിനുള്ള ഒരു മാധ്യമംപോലും സ്വന്തമായി ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ട് തന്നെയാണ് ഒരു സാംസ്‌കാരിക പൈതൃകം മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ക്ക് അവകാശപ്പെടാനുണ്ടായത്. അറബിമലയാളം എന്ന ഭാഷയിലൂടെ വലിയ ഒരു തരംഗം തന്നെയാണ് അവര്‍ ഉണ്ടാക്കിയത്. അയ്യായിരത്തോളം ഗ്രന്ഥങ്ങള്‍ ഈ ഭാഷയില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. മലയാള ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണവും മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍ ഒ. ചന്തുമേനോന്റെ ഇന്ദുലേഖയും വരുന്ന കാലത്ത് തന്നെ ഇവിടെ “മുഹ്‌യിദ്ദീന്‍ മാല’യും ‘ചാര്‍ ദര്‍വീഷ്’ എന്ന നോവലും അറബിമലയാളത്തില്‍ വന്നു എന്നത് അത്രയേറെ ചരിത്രപ്രാധാന്യം ഈ ഭാഷക്കും സാഹിത്യ സമ്പത്തിനും ഉണ്ട് എന്നത് ശരിവെക്കുന്നു.
ഇത്തരം ഇടപെടലുകള്‍ക്കൊപ്പം ഈ നാടിനെ എല്ലാ രീതിയിലും ചേര്‍ത്തുവെക്കാന്‍ ഈ സമൂഹം ശ്രദ്ധിച്ചു. നാടിനോടുള്ള ആത്മാര്‍ഥമായ സ്‌നേഹവും ജീവിതത്തിന്റെ ഭാഗമായി കണ്ടു. ഏറെ സ്വാധീനിച്ച വിശ്വാസപരമായ ബോധ്യങ്ങളും അനുഷ്ഠാനങ്ങളും ഇതിന് പ്രേരകമായി എന്ന കാര്യത്തില്‍ സംശയമില്ല. അവരുടെ മനസില്‍ രൂപംകൊണ്ട ഇത്തരം കാര്യങ്ങളാണ് പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് തന്നെ ചെറുത്തു നില്‍പിന് കളമൊരുക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് നടന്ന എല്ലാ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിലും ഈ മനോഭാവമുണ്ടാക്കിയ ഇടപെടലുകള്‍ വലിയ ചലനങ്ങളാണുണ്ടാക്കി.
അറബിമലയാളം ഭാഷയിലെ പല സൃഷ്ടികളും ഓരോരുത്തരുടെ ജീവിതത്തെ പരുവപ്പെടുത്തുന്നതിലും മറ്റും ഉണ്ടാക്കിയ കാര്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ മേഖലയില്‍ ആദ്യകാലത്തുണ്ടായത് സ്തുതി ഗീതങ്ങളും മാലപ്പാട്ടുകളുമാണ്. രേഖകള്‍ പ്രകാരം ആദ്യത്തേതെന്ന് പറയുന്ന മൂഹ്‌യിദ്ദീന്‍ മാല 1607 മുതല്‍ ഇതിന്റെ ചരിത്രം തുടങ്ങുന്നു. അതിനു മുമ്പ് ഫത്ഹുല്‍ മുബീന്‍ തുടങ്ങിയ അറബി ഭാഷയിലെഴുതിയ കാവ്യഗ്രന്ഥങ്ങളെ ഇവിടെ ഓര്‍ക്കുന്നു. ഇന്ത്യയില്‍ സജീവമായിരുന്ന ഭക്തിപ്രസ്ഥാനം സൂഫീധാരയുമായി ചേര്‍ന്നുനിന്നിരുന്നു എന്നതിന് അറബിമലയാളത്തിലെ മാലപ്പാട്ടുകളെ കാണുന്ന പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ മാലക്കു ശേഷം വന്ന രിഫാഈ മാല, നഫീസത്തു മാല, മഞ്ഞക്കുളം മാല തുടങ്ങിയ കൃതികളും ഇതിനു ഉഭാഹരണങ്ങളാണ്. പിന്നീട് നൂറിലധികം വര്‍ഷങ്ങള്‍ക്കു ശേഷം കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കൃതികളിലൂടെയാണ് ഈ രംഗം സജീവമാകുന്നത്. പ്രവാചക പ്രകീര്‍ത്തന കാവ്യമായ നൂല്‍മദ്ഹ്, ദാര്‍ശനിക കാവ്യമായ കപ്പപ്പാട്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. മാപ്പിളപ്പാട്ടു കൃതികള്‍ക്ക് കൃത്യമായ ചിട്ടവട്ടങ്ങളും മറ്റും ഉണ്ടാവുന്ന തരത്തില്‍ രൂപപ്പെടുത്തിയത് മോയിന്‍കുട്ടി വൈദ്യരുടെ കാലഘട്ടമാണ് (1852-1892). ഇതിനിടയില്‍ ഉണ്ടായ സൃഷ്ടികളെയും അവ ഉണ്ടാക്കിയ സ്വാധീനവും ഇവിടെ കുറച്ചു കാണുന്നില്ല. 1843-47 കാലഘട്ടത്തില്‍ ചേറൂര്‍ സംഭവത്തെ അധികരിച്ച് എഴുതപ്പെട്ട ചേറൂര്‍ പടപ്പാട്ട് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ഒരുപക്ഷേ ഒന്നാം സ്വാതന്ത്ര്യ സമരം ഇന്ത്യയില്‍ അലയൊലികള്‍ ഉണ്ടാക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാര്‍ നിരോധിച്ച ചേറൂര്‍ പടപ്പാട്ടിന്റെ ചരിത്രം ആ തരത്തില്‍ ഇന്നും പരിഗണിക്കപ്പെടുന്നില്ല എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ടോ ഒരു കൃതിയും എഴുതിയിട്ടില്ല. പക്ഷേ അദ്ദേഹത്തിന്റെ ബദര്‍ പട, മലപ്പുറം പട, ഉഹദ് പട എന്നിവയെല്ലാം അധികാരിവര്‍ഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മതചരിത്രവും നാട്ടില്‍ നടന്ന ചില സംഭവങ്ങളും ഇതിവൃത്തമാക്കിയ അദ്ദേഹത്തിന്റെ കൃതികള്‍ ജനങ്ങള്‍ ആസ്വദിക്കപ്പെടുന്ന സദസുകള്‍ വലിയ തരത്തില്‍ സമര പോരാട്ടങ്ങള്‍ക്കു ആവേശമായി എന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
തുടര്‍ന്ന് നമ്മുടെ നാട്ടില്‍ നടന്ന നിരവധി സമരങ്ങളില്‍ മാപ്പിളപ്പാട്ടുകള്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അറബി മലയാളത്തിലെഴുതിയ പടപ്പാട്ടുകളുടെ കാലഘട്ടത്തിനു ശേഷം മലയാള ഭാഷയിലെഴുതിയ പാട്ടുകളും ഈ വഴി തന്നെ പിന്തുടര്‍ന്നു. കമ്പളത്ത് ഗോവിന്ദന്‍ നായരുടെ അന്നിരുപത്തൊന്നില്‍ എന്ന ഗാനം നിരോധിക്കപ്പെട്ടതും അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടതും ചരിത്രമാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഭാസ്‌കരന്‍ മാഷിന് പോലും ഒരു പാട്ട് എഴുതിയതിന്റെ പേരില്‍ നിയമനടപടികളെ പേടിക്കേണ്ടി വന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു.
വൈവിധ്യമാര്‍ന്ന നിരവധി ചരിത്രസംഭവങ്ങള്‍ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നത്തില്‍ വലിയ പങ്കുവഹിച്ച പാട്ടു കൃതികളുണ്ട്. മാപ്പിളപ്പാട്ടുകള്‍ നിര്‍വചിക്കാനാകാത്ത ഒരു അനുഭൂതിയാണ് ആസ്വാദകരുടെ മനസിന് നല്‍കുന്നത്. ചടുലമായ താളവും വശ്യമാര്‍ന്ന ഈണവും ഇതിന്റെ പ്രധാന പ്രത്യേകതകള്‍ തന്നെയാണ്. അതുകൊണ്ടുതന്നെ മനുഷ്യ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും വ്യവഹാരങ്ങളിലും ഈ പാട്ടും സാഹിത്യവും സ്വാധീനമുണ്ടാക്കി. ഭക്തി, പ്രണയം, ഉദ്‌ബോധനം, സന്തോഷം, വിരഹം, ജീവിതം, സമരം തുടങ്ങിയവ എല്ലാം മാപ്പിളപ്പാട്ടിലെ വിഷയങ്ങളാണ്. ആളുകള്‍ക്കിടയില്‍ ചരിത്രബോധം സൃഷ്ടിക്കുന്നതിന് വലിയ പങ്ക് ഇത്തരം പാട്ടുകൾക്കുണ്ട്. വെള്ളപ്പൊക്കമാല പോലെയുള്ള കൃതികള്‍ നമ്മുടെ നാട്ടില്‍ നടന്ന ദാരുണമായ സംഭവങ്ങളെയും പ്രകൃതി ദുരന്തങ്ങളെയുമൊക്കെ സാഹിത്യകൃതികളും പാട്ടുകളും രേഖപ്പെടുത്തിയതിന് ഉദാഹരണമാണ്. സമൂഹത്തിലെ അതത് കാലഘട്ടത്തിലെ പ്രശ്‌നങ്ങളാണ് പൂര്‍വികരായ കവികള്‍ ഇതിവൃത്തമായി സ്വീകരിച്ചത്.
പുലിക്കോട്ടില്‍ ഹൈദര്‍ എഴുതിയ ദുരാചാരമാലയും ടി ഉബൈദിന്റെ പാട്ടുകളുമൊക്കെ ഉണ്ടാക്കിയ സ്വാധീനം ചെറുതല്ല. സമകാലിക കേരളത്തില്‍ നടന്ന പല സംഭവങ്ങളെയും ദീര്‍ഘവീക്ഷണമുള്ളവരും ക്രാന്തദര്‍ശികളുമായ പൂര്‍വികര്‍ മുന്‍കൂട്ടിക്കണ്ടെഴുതിയ പോലെ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ത്രീധനം പോലെയുള്ള സമ്പ്രദായങ്ങള്‍ക്കെതിരെ ജനകീയമായ പാട്ടുകളുണ്ടായി എന്നത് ഇതിനോട് ചേര്‍ത്തുവായിക്കണം. അതോടൊപ്പം സാങ്കേതികവിദ്യയും സൗകര്യങ്ങളും ഏറെയുള്ള ഇന്നത്തെക്കാലത്ത് മാപ്പിളപ്പാട്ട് പുതിയ പ്രശ്‌നങ്ങളോട് എങ്ങനെ സംവദിക്കുന്നുവെന്നത് ആലോചിക്കേണ്ടതുണ്ട്. പുതിയ കവികളുടെയും കലാകാരന്‍മാരുടെയും ഗൗരവമായ ആലോചനകള്‍ ഈ വിഷയത്തില്‍ ഉണ്ടാവേണ്ടതുണ്ട് ■

Share this article

About ഫൈസൽ എളേറ്റിൽ

faisalpatturumal@gmail.com

View all posts by ഫൈസൽ എളേറ്റിൽ →

Leave a Reply

Your email address will not be published. Required fields are marked *