അല്‍സ്വബാഹ് സീ സിറ്റി ആസൂത്രണത്തിലെ ആശ്ചര്യം

Reading Time: 2 minutes

കുവൈത്തിലെ ഖൈറാന്‍ മരുപ്രദേശം സാംസ്‌കാരിക കേന്ദ്രമായി മാറുകയാണ്. വിശാലമായ ഈ മരുഭൂമിയില്‍ ഒരു നഗരം രൂപപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ വിവിധ സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഈ കടല്‍തീരവും നദീതീരവുമൊക്കെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മനുഷ്യനിര്‍മിത തീരദേശത്തിന് സാക്ഷ്യമാകുന്നു. ഇവിടെ കടലില്‍ നിന്ന് കരയിലേക്ക് നിരവധി കനാലുകള്‍ നിര്‍മിച്ചിരിക്കുന്നു. ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ താമസത്തിനും വിനോദത്തിനും സ്വബാഹ് അല്‍ അഹ് മദ് സീ സിറ്റി ഒരുങ്ങിക്കഴിഞ്ഞു.
1980കളുടെ മധ്യത്തില്‍ അന്തരിച്ച ഖാലിദ് യൂസഫ് അല്‍ മര്‍സൂഖിന്റെ ഒരു സ്വപ്‌നം മാത്രമായിരുന്നു സ്വബാഹ് അല്‍-അഹ് മദ് സീ സിറ്റി. കുവൈത്തില്‍ പൂവിടുമെന്ന് കരുതിയ നഗരകേന്ദ്രം. ഖാലിദ് യൂസഫ് അല്‍ മര്‍സൂഖിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത് അദ്ദേഹത്തിന്റെ മകന്‍ ഫവാസ് അല്‍ മര്‍സൂഖാണ്. അദ്ദേഹത്തിന്റെ ലാല അല്‍ കുവൈത്ത് കമ്പനിയാണ് ഈ കടല്‍ നഗരം പടുത്തുയര്‍ത്തിയത്. അതിന് സ്വബാഹ് അല്‍ അഹ് മദ് സീ സിറ്റി എന്ന പേരുവെച്ചു. കുവൈത്തില്‍ സ്വകാര്യമേഖയില്‍ നിര്‍മിച്ച ആദ്യത്തെ കടല്‍ നഗരമാണിത്. കുവൈറ്റ് തീരത്ത് സാധ്യതയുള്ള അഞ്ച് സ്ഥലങ്ങളുണ്ടായിരുന്നു. സമഗ്രമായ വിശകലനത്തിനുശേഷം, കടല്‍നഗരത്തിനു ഏറ്റവും മികച്ച സ്ഥലമാണ് ഖൈറാന്‍ എന്ന് നിര്‍ണയിച്ചു. 2009 ഡിസംബര്‍ 17ന് കുവൈത്ത് അമീര്‍ ആയിരുന്ന ഷെയ്ഖ് സ്വബാഹ് അല്‍അഹ് മദ് അല്‍സ്വബാഹ് സീ സിറ്റി ഉദ്ഘാടനം ചെയ്തതോടെയാണ് ഖാലിദ് യൂസഫ് അല്‍ മര്‍സൂഖിന്റെ സ്വപ്‌നം പൂവിട്ടത്.
സ്വബാഹ് അല്‍അഹ് മദ് സീ സിറ്റിക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും കമ്പനി ഒരുക്കി. റോഡുകള്‍, െഡ്രെനേജ്, വൈദ്യുതി വിതരണം, 132/11 കെവി, 11 കെവി / 415 വി സബ്‌സ്റ്റേഷനുകള്‍, തെരുവ് വിളക്കുകള്‍, കുടിവെള്ള വിതരണം, ജല സംഭരണ ടവറുകള്‍, പമ്പിംഗ് സ്റ്റേഷനുകള്‍, ഒപ്റ്റിക് ഫൈബര്‍ കമ്യൂനികേഷന്‍ നെറ്റ്‌വര്‍ക്കുകള്‍, സംസ്‌കരിച്ച ജലസേചന വിതരണ ശൃംഖലകള്‍.. കുവൈത്തിലെ മികച്ച നിലവാരമുള്ള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഒരുക്കുന്ന കമ്പനിയായി ലാല അല്‍ കുവൈത്ത് പ്രശംസിക്കപ്പെടുന്നു.
സഊദി അറേബ്യന്‍ ബോര്‍ഡറിനടുത്ത് ഉയര്‍ന്നുവന്ന പ്രധാന സമുദ്ര വികസന പദ്ധതിയാണ് സ്വബാബ് അല്‍ അഹ് മദ് സീ സിറ്റി. ഇവിടത്തെ മനുഷ്യനിര്‍മിത കനാല്‍ പൂര്‍ത്തിയായാല്‍ 200 കിലോമീറ്റര്‍ നീളത്തില്‍ അതുണ്ടാവും. ഏകദേശം 250,000ത്തോളം ആളുകള്‍ക്ക് ഈ നഗരത്തില്‍ താമസസൗകര്യമൊരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മള്‍ട്ടിബില്യൻ ഡോളര്‍ പദ്ധതി വേനല്‍ക്കാലത്തെ ചൂടിനു പുറമെ ഉപ്പുചതുപ്പുകളും (സബ്കകള്‍) പരിസ്ഥിതി സുസ്ഥിര കെട്ടിട നിര്‍മാണ പദ്ധതികള്‍ക്കായി ഭൂമി വികസിപ്പിക്കുന്നതു പോലുള്ള നിരവധി വെല്ലുവിളികളും പരിഹരിച്ചാണ് പണി കഴിപ്പിച്ചിരിക്കുന്നത്.
ഗള്‍ഫിലെ മറ്റ് പല തീരദേശ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി സ്വബാഹ് അല്‍അഹ് മദ് സീ സിറ്റി കടലിനെ കരയിലേക്ക് വലിച്ചുനീട്ടുന്നു. ഖനനം നടത്തി, തടാകങ്ങളും ദ്വീപുകളും സൃഷ്ടിക്കുന്നു. ഈ കൂറ്റന്‍ ജലപാത ശൃംഖല മുഴുക്കെ വേലിയേറ്റത്തിന്റെ ശക്തിയില്‍ സ്വയം ഒഴുകുകയാണ്. ഈ മനുഷ്യ നിര്‍മിത കനാലുകളോട് ചേര്‍ന്ന് റിസോര്‍ട്ട്കള്‍ പണിയുന്നു. പുറമേ കനാലുകളോട് ചേര്‍ന്ന് കൈവഴികളായി ധാരാളം ഉപ കനാലുകളും അതിന്റെ തീരത്തോട് ചേര്‍ന്ന് ആയിരക്കണക്കിന് ഷാലെകള്‍ (Chalets) നിര്‍മിച്ചു കഴിഞ്ഞു. ഷാലെ താമസത്തിനും വിശ്രമത്തിനുമുള്ള കേന്ദ്രമാണ്. നീലാകാശത്തിന്റെ ഭംഗി പതിയുന്ന ഈ തീരം അതിമനോഹരമാണ്. തീരത്തിന്റെ സൗന്ദര്യം ഒട്ടും ചോര്‍ന്നുപോകാതെ മികച്ച ആസൂത്രണത്തോടെയാണ് ഷാലെകളുടെ നിര്‍മാണം.
കുവൈത്തിന്റെ ഭാവി വികസനത്തില്‍ ഈ നഗരം വലിയ സാധ്യതയാണ്. നിലവില്‍ പണി പൂര്‍ത്തിയായ തീരവും താമസകേന്ദ്രങ്ങളും മികച്ച നിലവാരം പുലര്‍ത്തുന്നു. അവധി ദിവസങ്ങളില്‍ ഇവിടം ധാരാളം ആളുകള്‍ എത്തുന്നു. താമസകേന്ദ്രങ്ങളില്‍ നേരത്തെ ബുക്ക് ചെയ്ത് വരുന്നവരാണ് കൂടുതല്‍.
തംദീന്‍ ഗ്രുപ്പിന്റെ ഭീമന്‍ റീട്ടേയില്‍ മാള്‍ പണിപൂര്‍ത്തിയാകുമ്പോള്‍ വന്‍പുരോഗതി തന്നെ ഈ നഗരം കൈവരിക്കും. ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും ഇവിടെ ഉണ്ട്.
കുവൈത്തിലെ ഏറ്റവും പ്രശസ്ത റിസോര്‍ട്ട് ആയ ഖൈറാന്‍ റിസോര്‍ട്ട് ഈ നഗരത്തിലാണ്. ഈ നഗരത്തിന്റെ കുലീന സൗകര്യത്തിന് യോജിച്ച മികച്ച റിസോര്‍ട്ട്. കോവിഡ് മഹാമാരി ലോകം പിടിമുറുക്കിയപ്പോള്‍ കുവൈത്ത് ഈ റിസോര്‍ട്ടില്‍ ക്വാറന്റൈന്‍ സൗകര്യത്തിനായി ഉപയോഗിച്ചിരുന്നു.
സ്വബാഹ് അല്‍ അഹ് മദ് സീ സിറ്റിയില്‍ ആരാധനക്ക് ആവശ്യമായ മസ്ജിദുകള്‍, ഇ-സ്‌കൂട്ടര്‍ സഞ്ചാര സൗകര്യം, കനാലിലെ എണ്ണമറ്റ ബോട്ടുകള്‍.. ഒറ്റക്കും കൂട്ടമായും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരുകയാണ് സബാഹ് അല്‍ അഹ്മദ് സീ സിറ്റി ■

Share this article

About ശബീര്‍ വി ആര്‍ അഴിയൂര്‍

sabeervr@gmail.com

View all posts by ശബീര്‍ വി ആര്‍ അഴിയൂര്‍ →

Leave a Reply

Your email address will not be published. Required fields are marked *